ആസിയ ടീച്ചർ
തിരൂർ തലക്കടത്തൂർ പരേതനായ പാറാളി മൂസ മാസ്റ്ററുടെ ഭാര്യ ബംഗാളത്ത് ആസിയ ടീച്ചർ (58) അന്തരിച്ചു. പൊന്മുണ്ടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അറബിക് അധ്യാപികയായിരുന്നു.
തലക്കടത്തൂർ വനിത ഹൽഖാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. രോഗങ്ങൾ നിരന്തരം അലട്ടിയിരുന്നെങ്കിലും, അതൊന്നും വകവയ്ക്കാതെ പ്രവർത്തനങ്ങളിൽ മുഴു സമയവും പങ്കാളിയാവും. സ്ട്രോക്ക് ബാധിച്ച് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്നതിന്റെ ഒരു ദിവസം മു് സ്വന്തം വീട്ടിൽവെച്ച് നടത്തിയ ഖുർആൻ ക്ലാസ്സിൽ, പതിവിന് വിപരീതമായി കൂടുതൽ ആയത്തുകൾ പഠിപ്പിക്കുകയും, അടുത്ത യോഗത്തിൽ ഞാൻ ഇല്ലെങ്കിൽ, ആയത്തുകൾ ബാക്കി വെക്കേണ്ടതില്ല എന്ന് പറഞ്ഞ് സൂറ പഠനം പൂർത്തീകരിക്കുകയും ചെയ്തിരുന്നു.
ഖുർആൻ സ്റ്റഡി സെന്ററിന്റെയും ജി.ഐ.ഒയുടെയും ഖുർആൻ പഠന ബാച്ചുകളിൽ, ഓൺലൈനായും ധാരാളം കുട്ടികളെ ഖുർആൻ പഠിപ്പിച്ചു. പ്രമേഹം കാരണം കണ്ണിന്റെ കാഴ്ചശക്തി പകുതിയിലധികം നഷ്ടപ്പെട്ടിരുന്നതിനാൽ, വലിയ A4 ചാർട്ട് പേപ്പറുകളിൽ എഴുതി തയാറാക്കിയായിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. ടീച്ചറെ ഒരിക്കൽ പോലും നേരിൽ കാണാത്ത, അനുസ്മരണയോഗത്തിൽ പങ്കെടുത്ത വിദ്യാർഥികൾ, ടീച്ചറുടെ പഠിപ്പിക്കാനുള്ള കഴിവിനെ ഏറെ പ്രശംസിച്ചു. ലളിതമായി എടുക്കുന്ന ക്ലാസ്സുകൾ സ്ത്രീകൾക്കും കുട്ടികൾക്കും ഏറെ ആകർഷകമായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിജയഭേരിക്കും, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും വേണ്ടി ഒന്നും കൈപറ്റാതെ അധ്യാപനം നിർവഹിച്ചിരുന്നു. സ്കൂൾ കലോത്സവങ്ങളിലും മറ്റും ടീച്ചർ തന്റേതായ മുദ്ര പതിപ്പിച്ചു. അധ്യാപക കൂട്ടായ്മകളിലും സജീവമായി. കുട്ടികളുമായി ഇടപഴകാൻ ടീച്ചർക്ക് പ്രത്യേകം പ്രാവീണ്യമുണ്ടായിരുന്നു. കുട്ടികളെ എങ്ങനെ വളർത്തണം, അവരുമായി എങ്ങനെ ആശയവിനിമയം നടത്തണം എന്നതിന് ടീച്ചർ, കുടുംബത്തിലും നാട്ടുകാർക്കും മാതൃകയായിരുന്നു. സ്വന്തമായി മക്കളില്ലാത്ത ആസിയ ടീച്ചർ എല്ലാവരെയും സ്വന്തം മക്കളെ പോലെ ചേർത്തുപിടിച്ചു. നിരന്തരം നിലനിർത്തിയിരുന്ന വ്യക്തിബന്ധങ്ങളാണ് ടീച്ചറുടെ മറ്റൊരു സവിശേഷത. പഠിച്ച കോളേജുകളിലെ കൂട്ടുകാർ, വിവിധ സമയങ്ങളിൽ പഠിപ്പിച്ച വ്യത്യസ്ത സ്കൂളുകളിലെ അധ്യാപകർ, മറ്റു കൂട്ടായ്മകളിലെ വ്യക്തികൾ എല്ലാവരുമായും നിരന്തരം ഫോണിലൂടെയും വാട്സാപ്പിലൂടെയും ബന്ധം പുലർത്തി. ഓരോ ദിവസവും മണിക്കൂറുകൾ തന്നെ ഫോൺ ചെയ്യാൻ വേണ്ടി മാത്രം ചെലവഴിച്ചിരുന്നു. പ്രശ്നങ്ങൾ കേൾക്കാനും അവ പരിഹരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.
ആരോടും മുഖം കറുപ്പിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്നത് ഇതുവരെ വീട്ടുകാരോ കുടുംബക്കാരോ നാട്ടുകാരോ കണ്ടിട്ടില്ല. ഈ സ്വഭാവ നൈർമല്യം എല്ലാവർക്കും ടീച്ചറെ പ്രിയങ്കരിയാക്കി.
കെ.കെ അബ്ദുല്‍ കരീം
വലപ്പാട് പ്രാദേശിക ജമാഅത്തിലെ പ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ ഡിസംബര്‍ ഒന്നിന് നമ്മെ വിട്ടുപിരിഞ്ഞ കെ.കെ അബ്ദുല്‍ കരീം സാഹിബ്. കേരള വാട്ടര്‍ അതോറിറ്റിയില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു. 2001-ല്‍ റിട്ട. ചെയ്ത ശേഷവും അതിന് മുമ്പും പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമറിയിച്ചിരുന്നു. വലപ്പാട് ഹല്‍ഖാ സെക്രട്ടറിയായും തൃപ്രയാര്‍ സംഗമം അയല്‍ക്കൂട്ട സെക്രട്ടറിയായും തൃപ്രയാര്‍ സകാത്ത് കമ്മിറ്റി സെക്രട്ടറിയായും പള്ളി പരിപാലന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറച്ചു മാത്രം സംസാരിച്ച് കൂടുതല്‍ പ്രവര്‍ത്തിച്ച് ആരുമായും ഒരു തര്‍ക്കത്തിനും പോകാതെ എളിമയോടെ ജീവിച്ചു.
ഭാര്യ: സുബൈദ. മക്കള്‍: ജസീം, നജീം, ജസ്‌ന.
കുഞ്ഞുമൊയ്തീന്‍
പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
Comments