ഫത്്വാ രീതിശാസ്ത്രം ഖുര്‍ആനിലും സുന്നത്തിലും
പഴയതും പുതിയതുമായ മിക്ക ഫത്്വാ ഗ്രന്ഥങ്ങളും, കര്‍മശാസ്ത്ര വിധികളും ഓരോ പ്രശ്‌നത്തിലും മദ്ഹബിന്റെ ഇമാമുമാര്‍ പ്രകടിപ്പിച്ച ഭിന്നാഭിപ്രായങ്ങളും രേഖപ്പെടുത്തി വെക്കുകയാണ് ചെയ്യുന്നത്. മുഫ്തിയുടെ അഭിപ്രായത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിരീക്ഷണങ്ങളും പ്രതിപാദിച്ചെന്നിരിക്കും. ഇസ് ലാമിക ശരീഅത്തിന്റെ മര്‍മസ്പര്‍ശിയായ തര്‍ബിയത്ത് വശം അവിടെ അവഗണിക്കപ്പെടാറാണ് പതിവ് രീതി.
എന്നാല്‍, നിയമങ്ങളെ കുറിച്ച് ഖുര്‍ആന്‍ പ്രതിപാദിക്കുമ്പോള്‍ ഊന്നുന്ന മുഖ്യതലം തര്‍ബിയത്താണെന്ന് കാണാം. തഖ്്വക്ക് വേണ്ടി പ്രേരണ, അല്ലാഹുവിന്റെ നിരീക്ഷണം, ഇസ് ലാമിക മനഃസാക്ഷിയെ തൊട്ടുണര്‍ത്തല്‍, അന്തഃചോദനയുടെ നിര്‍മിതി, പ്രചോദനാത്മക ഉല്‍ബോധനം- ഇങ്ങനെ ഹൃദയങ്ങളെ സ്‌നേഹപൂര്‍വം തലോടി നിയമങ്ങളിലേക്ക് മനുഷ്യ മനസ്സിനെ സ്വമേധയാ ആനയിക്കുന്ന രീതിയാണ് ഖുര്‍ആന്‍ ഫത് വാ രംഗത്ത് സ്വീകരിച്ചതെന്ന് ബോധ്യപ്പെടും. കേവലം നിയമങ്ങള്‍ പ്രതിപാദിച്ചു പോവുകയല്ല, അവ എന്തിനു വേണ്ടി അനുശാസിക്കുന്നു എന്ന് വ്യക്തമാക്കിയിരിക്കും എന്ന് സാരം. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ആരാധനാ കര്‍മങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും വിവാഹം, വിവാഹമോചനം, അനന്തരാവകാശ നിയമം, യുദ്ധ-സമാധാന പ്രശ്‌നങ്ങള്‍ എന്നിവയെ പറ്റിയും വിധിതീര്‍പ്പുകള്‍ നല്‍കുമ്പോള്‍ ഖുര്‍ആന്‍ അവലംബിക്കുന്ന രീതിയാണ്, ഫത് വയില്‍ തര്‍ബിയത്തിന് ലഭിക്കേണ്ട സ്ഥാനത്തെക്കുറിച്ച് നമ്മെ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നത്.
മതവിധി നല്‍കുമ്പോള്‍ പ്രചോദനാത്മക സമീപനത്തിനാണ് നബി (സ) മുന്‍തൂക്കം നല്‍കിയത്. ചോദ്യകര്‍ത്താവിന്റെ അന്തരംഗത്തുള്ള ഇസ് ലാമിക വികാരത്തെയും ജ്ഞാനാന്വേഷണ ത്വരയെയും ഉജ്ജീവിപ്പിച്ചു കൊണ്ടായിരിക്കും നബി(സ)യുടെ മറുപടി. ഒരു ഉദാഹരണം: പള്ളിയിലേക്ക് വരുന്ന ഒരു സ്വഹാബി, തനിക്ക് നബിയോടൊപ്പമുള്ള നമസ്‌കാരത്തിലെ റക്അത്ത് നഷ്ടപ്പെട്ടു പോയേക്കുമോ എന്ന ഭീതിയാല്‍ റുകൂഇല്‍ പ്രവേശിച്ചു കൊണ്ടാണ് കടന്നുവരുന്നത്. അതേ നിലയില്‍ അയാള്‍ റുകൂഅ് ചെയ്തുകൊണ്ടാണ് റക്അത്ത് പൂര്‍ത്തിയാക്കിയതെന്ന് നബി ശ്രദ്ധിച്ചു. നമസ്‌കാര ശേഷം നബി അയാളെ വിളിച്ച് പറഞ്ഞു: ''നിങ്ങളുടെ ഈ ഉത്സാഹവും താല്‍പര്യവും അല്ലാഹു വര്‍ധിപ്പിച്ചു തരട്ടെ. പക്ഷേ, ഇനി മേലില്‍ ഇങ്ങനെ ചെയ്യരുത്.''
ഇനി ഖുര്‍ആനിലേക്ക് വരാം. 'അവര്‍ താങ്കളോട് ഫത്്വ ചോദിക്കുന്നു' (യസ്തഫ്തൂനക), 'അവര്‍ താങ്കളോട് ചോദിക്കുന്നു' (യസ്അലൂനക) എന്നിങ്ങനെ തുടങ്ങുന്ന സൂക്തങ്ങളില്‍, ഒടുവില്‍ കാണുക തര്‍ബിയത്തിന്റെയും സ്വഭാവ നിര്‍മിതിയുടെയും വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായാണ്. പ്രശ്‌നങ്ങള്‍ എന്തുമാവാം. 'യസ്തഫ്തൂനക' (അവര്‍ താങ്കളോട് ഫത് വ ചോദിക്കുന്നു) എന്ന വാക്ക് രണ്ടിടത്താണ് ഖുര്‍ആനിലുള്ളത്. സൂറത്തുന്നിസാഇലെ 127-ാം സൂക്തം: ''സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ താങ്കളോട് ഫത് വ തേടുന്നു.'' ആ സൂക്തം വിശദമായ വിധി ഉള്‍ക്കൊള്ളുന്നതാണ്. അവസാനിക്കുന്നത് ഇങ്ങനെ: ''നിങ്ങള്‍ ചെയ്യുന്ന ഏത് നന്മയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്.''
സൂറത്തുന്നിസാഇലെ 176-ാം സൂക്തം: ''പ്രവാചകരേ, അവര്‍ താങ്കളോട് 'കലാല'യെ സംബന്ധിച്ച് വിധി തേടുന്നുവല്ലോ.'' വിശദമായ വിധിപ്രസ്താവത്തിന് ശേഷം സൂക്തം ഇങ്ങനെ അവസാനിക്കുന്നു: ''അല്ലാഹു നിയമങ്ങള്‍ വിശദീകരിച്ചു തരുന്നു- നിങ്ങള്‍ പിഴച്ചുപോവാതിരിക്കേണ്ടതിന്. അല്ലാഹു സകല സംഗതികളിലും അഭിജ്ഞനാകുന്നു.''
ഇനി 'അവര്‍ താങ്കളോട് ചോദിക്കുന്നു' (യസ്അലൂനക) എന്ന പ്രയോഗം ഖുര്‍ആനില്‍ പലയിടങ്ങളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്- നിയമ വിധികള്‍ വിശദീകരിച്ച ശേഷം തര്‍ബിയത്തിലും സ്വഭാവ-സംസ്‌കാര നിര്‍മിതിയിലും ഊന്നിയാണ് സൂക്തം അവസാനിക്കുന്നതെന്ന് കാണാം. സൂറത്തുല്‍ ബഖറയിലെ 189-ാം സൂക്തം: ''ചന്ദ്രന്റെ വൃദ്ധി-ക്ഷയങ്ങളെക്കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു.'' ആ ചോദ്യത്തിന് വിശദമായ മറുപടി നല്‍കി സൂക്തം അവസാനിക്കുന്നത് ഇങ്ങനെ: ''അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ വിജയം വരിച്ചേക്കാം.''
സൂറത്തുല്‍ ബഖറയിലെ 215-ാം സൂക്തം: ''ജനം നിന്നോട് ചോദിക്കുന്നു. അവര്‍ എന്താണ് ചെലവഴിക്കേണ്ടതെന്ന്'' - ചോദ്യത്തിന് മറുപടി പറഞ്ഞ് സൂക്തത്തിന് വിരാമമിടുന്നത് ഇങ്ങനെ: ''നിങ്ങള്‍ എന്ത് ധര്‍മം ചെയ്താലും അല്ലാഹു അത് സൂക്ഷ്മമായി അറിയുന്നുണ്ട്.''
സൂറത്തുല്‍ അന്‍ഫാലിലെ ആദ്യ സൂക്തം: ''യുദ്ധ മുതലുകളെക്കുറിച്ച് നിന്നോട് അവര്‍ ചോദിക്കുന്നു.'' വിധിപ്രസ്താവം അവസാനിക്കുന്നതിങ്ങനെ: ''നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍. പരസ്പര ബന്ധങ്ങള്‍ നന്നാക്കുവിന്‍. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുവിന്‍. നിങ്ങള്‍ വിശ്വാസികളെങ്കില്‍.''
ആഹാര പാനീയങ്ങളിലെ ഹലാല്‍-ഹറാമിനെക്കുറിച്ചും മദ്യപാനം, ചൂതാട്ടം എന്നിവയെ സംബന്ധിച്ചുമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അവസാനിക്കുന്നതും ധര്‍മബോധ നിര്‍മിതിക്ക് പ്രാമുഖ്യം നല്‍കിയാണ്. സൂറത്തുല്‍ ബഖറയിലെ 219-ാം സൂക്തം: ''മദ്യത്തെക്കുറിച്ചും ചൂതാട്ടത്തെക്കുറിച്ചും അവര്‍ താങ്കളോട് ചോദിക്കുന്നു. അവ രണ്ടിലും വലുതായ തിന്മകളാണുള്ളത് -ആളുകള്‍ക്ക് അല്‍പം പ്രയോജനം ഉണ്ടെങ്കിലും. എന്നാല്‍, പ്രയോജനത്തെക്കാള്‍ വളരെ വലുതാകുന്നു അവയുടെ തിന്മ.'' അല്‍ബഖറ 220-ാം സൂക്തം: ''തങ്ങള്‍ ദൈവ മാര്‍ഗത്തില്‍ ചെലവഴിക്കേണ്ടതെന്തെന്ന് അവര്‍ താങ്കളോട് ചോദിക്കുന്നു'' വിധി വിവരിച്ച് സൂക്തം ഇങ്ങനെ അവസാനിക്കുന്നു: ''ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് വിധികള്‍ വ്യക്തമായി വിവരിച്ചു തരുന്നു. നിങ്ങള്‍ ഇഹത്തെക്കുറിച്ചും പരത്തെക്കുറിച്ചും വിചാരമുള്ളവരാകേണ്ടതിന്.''
സൂറത്തുല്‍ മാഇദ 4-ാം സൂക്തം: ''തങ്ങള്‍ക്ക് അനുവദനീയം എന്തെന്ന് ജനങ്ങള്‍ നിന്നോട് ചോദിക്കുന്നുവല്ലോ.'' വിശദമായ നിയമ വിധികള്‍ നല്‍കി സൂക്തം അവസാനിക്കുന്നു: ''അല്ലാഹുവിന്റെ നിയമങ്ങള്‍ ലംഘിക്കുന്നതിനെ ഭയപ്പെടുവിന്‍. അല്ലാഹു അതിവേഗം വിചാരണ ചെയ്യുന്നവനാകുന്നു.''
ചുരുക്കത്തില്‍, ഖുര്‍ആന്‍ ഫത് വ നൽകുമ്പോള്‍ തര്‍ബിയത്ത് വശത്തില്‍ ഊന്നിയാണ് അവസാനിപ്പിക്കുക എന്ന് കാണാം. സൂറത്തുത്ത്വലാഖില്‍ വിവാഹ മോചനത്തെക്കുറിച്ച വിധികളില്‍ അല്ലാഹു നല്‍കുന്ന സമാശ്വാസത്തെക്കുറിച്ച സൂചനകളും തഖ് വയെക്കുറിച്ച ഉല്‍ബോധനവുമാണല്ലോ മികച്ചു നില്‍ക്കുന്നത്.
നബിയുടെ സമീപനങ്ങളിലും തര്‍ബിയത്ത്- മാനവിക വശങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. ചോദ്യങ്ങള്‍ക്ക് മറുപടിയായാലും കേവല പ്രസ്താവനകളായാലും ഫത് വയായാലും ഹദീസില്‍ വായിക്കാന്‍ കഴിയുക റസൂലിന്റെ കാഴ്ചപ്പാടില്‍ അന്തര്‍ഭവിച്ച ശരീഅത്തിന്റെ സമുന്നത ലക്ഷ്യമാണ്. പള്ളിയിലേക്ക് ഓടിയണഞ്ഞ് നമസ്‌കാരത്തിന് ധൃതി കൂട്ടേണ്ടതില്ലെന്നും സാവധാനത്തില്‍ വന്നാല്‍ മതിയെന്നും നഷ്ടപ്പെട്ടത് പിന്നീട് പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും നല്‍കപ്പെട്ട നിര്‍ദേശം മറന്നായിരിക്കുമല്ലോ സ്വഹാബി ഓടിക്കിതച്ച് റുകൂഅ് ചെയ്ത് സ്വഫ്ഫില്‍ അണിചേര്‍ന്നിരിക്കുക. തിരുത്തിയപ്പോള്‍ ആ സ്വഹാബിയുടെ അന്തര്‍ഹിതത്തെ നബി മാനിച്ചു. ശേഷമാണ് തിരുത്തിയത്. ഇതാണ് സമീപനത്തിലെ മനഃശാസ്ത്രവശം.
ഇതേ സമീപനം ബലിപെരുന്നാള്‍ ദിനത്തില്‍, ബലിമാംസം മൂന്ന് ദിവസത്തില്‍ കൂടുതല്‍ സൂക്ഷിച്ചു വെക്കരുതെന്ന കല്‍പനയിലും തെളിഞ്ഞുകാണാം. കുറച്ചു കാലം പിന്നിട്ടപ്പോള്‍ നിരോധം നീക്കി റസൂൽ (സ) പറഞ്ഞു: ''ബലിമാംസം മൂന്ന് ദിവസത്തില്‍ കൂടുതല്‍ തിന്നാനായി സൂക്ഷിച്ചുവെക്കരുതെന്ന് പറഞ്ഞത്, അത് നിങ്ങള്‍ക്കെല്ലാവര്‍ക്കും ലഭിക്കാനാണ്. ഇപ്പോള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സുഭിക്ഷമായി കഴിക്കാന്‍ മാംസം വേണ്ടുവോളമുണ്ട്. തിന്നുകൊള്ളൂ. സൂക്ഷിച്ചുവെച്ചുകൊള്ളൂ. വ്യാപാരവും നടത്തിക്കൊള്ളൂ. ഈ ദിനങ്ങള്‍ തിന്നാനും കുടിക്കാനും അല്ലാഹുവിനെ ഓര്‍ക്കാനും ഉള്ളതാണ്.'' നിരോധത്തിന്റെ കാരണം വ്യക്തമാക്കിയപ്പോള്‍ സര്‍വ സമഭാവനയുടെയും ഏകയോഗ ക്ഷേമത്തിന്റെയും ഉദാത്ത മൂല്യങ്ങളാണ് എടുത്തുകാട്ടിയത്.
യുദ്ധരംഗത്ത് കരഛേദത്തിന് അര്‍ഹമാകുന്ന കുറ്റം ചെയ്താല്‍ കൈമുറിക്കുന്നത് നബി നിരോധിച്ചതായി കാണാം. ശിക്ഷ പിന്നീട് നടപ്പാക്കുന്ന 'സസ്‌പെന്റ് പണിഷ്‌മെന്റ്.' രീതിയാണത് -ശിക്ഷാവിധിയില്‍ ഇളവ് നല്‍കാന്‍ ഭരണാധികാരിക്ക് അവകാശമില്ലെന്ന് വ്യക്തമാക്കിയ നബി, യുദ്ധസാഹചര്യം മുന്‍നിര്‍ത്തി കരഛേദം നിര്‍ത്തിവെപ്പിച്ചതിന് പിന്നില്‍ ഒരു വലിയ തര്‍ബിയത്ത് തത്ത്വം ഉള്ളടങ്ങിയിട്ടുണ്ട്. ശിക്ഷ നടപ്പാക്കാന്‍ കുറ്റവാളിയെ തേടിപ്പിടിക്കേണ്ടി വന്നാല്‍ അയാള്‍ ശത്രുപാളയത്തില്‍ അഭയം തേടാന്‍ ഇടയാകും. ഒരുവേള യുദ്ധത്തില്‍ സജീവ പങ്കാളിത്തം വഹിച്ച് അയാള്‍ക്ക് ശഹാദത്ത് പദവി നേടുകയും ആവാമല്ലോ. അപ്പോള്‍ പിന്നെ ശിക്ഷാ നടപടിയുടെ പ്രശ്‌നമുദിക്കുന്നില്ല. ഇനി ശഹീദായില്ലെങ്കില്‍ ശിഷ്ട ജീവിതം തൗബ ചെയ്ത് നന്നാക്കുകയും ചെയ്യാനുള്ള സാധ്യത തള്ളിക്കൂടാ.
വ്യഭിചാരത്തിന് അനുവാദം ചോദിച്ച യുവാവിനെയും അരികിലിരുത്തി കുറ്റത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും അയാളുടെ മനസ്സ് നബി മാറ്റിയെടുക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണല്ലോ. ഒടുവില്‍ യുവാവിന്റെ ശിരസ്സില്‍ കൈവെച്ച് നബി പ്രാര്‍ഥിച്ചുവല്ലോ: ''അല്ലാഹുവേ, ഈ യുവാവിന്റെ പാപം നീ പൊറുക്കേണമേ, അയാളുടെ ഹൃദയം നീ വിമലീകരിേക്കണമേ, അയാള്‍ക്ക് ജീവിത വിശുദ്ധി നല്‍കേണമേ''. വ്യഭിചാരത്തിന് സമ്മതം ചോദിച്ച വ്യക്തിയോട് ഒറ്റവാക്കില്‍ നബിക്ക് പറയാമായിരുന്നല്ലോ ''അത് ഹറാമാണ്.'' അല്ലെങ്കില്‍ 'നിങ്ങള്‍ വ്യഭിചാരത്തോടടുക്കുക പോലും അരുത്' എന്ന ഖുര്‍ആന്‍ വചനം ഓതിക്കൊടുക്കാമായിരുന്നു. നബി ഈ വിഷയം കേവല കര്‍മശാസ്ത്ര ദൃഷ്ടിയിലൂടെയല്ല നോക്കിക്കണ്ടതെന്ന് വ്യക്തം. ലൈംഗിക സദാചാരത്തിന്റെയും ജീവിത വിശുദ്ധിയുടെയും പാഠങ്ങള്‍ നല്‍കി ഉദാത്തമായ ധാര്‍മിക ബോധം അയാളുടെ ഹൃദയത്തില്‍ അങ്കുരിപ്പിക്കുകയായിരുന്നു നബി. നല്‍കുന്ന ഫത് വകള്‍ക്ക് ഒരുക്കേണ്ട മാനസിക പശ്ചാത്തലത്തിലേക്കാണ് നബി വിരല്‍ ചൂണ്ടുന്നത്. കേവല വിധി പ്രസ്താവത്തില്‍ പരിമിതമാകരുത് 'ഇഫ്താഅ്' പ്രക്രിയ എന്ന് സാരം.
സ്വഹാബത്തും ഖുലഫാഉര്‍റാശിദുകളും താബിഉകളും ഫത് വകള്‍ക്ക് ഉണ്ടാവേണ്ട തര്‍ബിയത്ത് മാനങ്ങളെക്കുറിച്ചും മാനവിക കാഴ്ചപ്പാടിനെ കുറിച്ചും ബോധവാന്മാരായിരുന്നു എന്ന് അവര്‍ പുറപ്പെടുവിച്ച ഫത് വകളും തീരുമാനങ്ങളും പരിശോധിച്ചാല്‍ ബോധ്യപ്പെടും. l
Comments