അനീതിയെ ആഘോഷിക്കുമ്പോൾ ജനാധിപത്യം അപമാനിതമാകുന്നു
ബാബരി മസ്ജിദിനെ മുൻനിർത്തി ആലോചിക്കുമ്പോൾ 1949 ഡിസംബർ 22 - അന്നാണ് ബാബരി മസ്ജിദ് ജില്ലാ ഭരണകൂടം പൂട്ടിയിട്ടത്- മുതൽ സ്വാഭാവിക നീതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും വിരുദ്ധമായിട്ടാണ് ഇന്ത്യ എന്ന രാഷ്ട്രം സഞ്ചരിച്ചത് എന്നു പറയേണ്ടിവരും. ഏത് ഇന്ത്യ ? 'നാം ഇന്ത്യയിലെ ജനങ്ങൾ...' എന്നാരംഭിക്കുന്ന ഭരണഘടനയുടെ ആമുഖം നിർവചിക്കുന്ന അതേ ഇന്ത്യ.
ജനാധിപത്യ വ്യവസ്ഥയെ ഔപചാരികമായി രാജ്യം അംഗീകരിക്കുന്നതിന് മുമ്പ് തന്നെ എതിർദിശയിലുള്ള അതിന്റെ സഞ്ചാരം ആരംഭിച്ചിരുന്നു എന്നർഥം. അന്നത്തെ ഭരണാധികാരികളുടെ രാഷ്ട്രീയ അപക്വത മുതലെടുത്തുകൊണ്ടാണ്, രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കാൻ പ്രതിജ്ഞയെടുത്തവർ തങ്ങളുടെ ഗതിവേഗം വർധിപ്പിച്ചത്.
തുടർന്നിങ്ങോട്ട് ബാബരി മസ്ജിദ് വിഷയമാക്കിയുള്ള സംഘ് പരിവാറിന്റെ ഹിംസാത്മക തേരോട്ടത്തിൽ നിസ്സഹായരായ മനുഷ്യരുടെ ആർത്തനാദങ്ങളാണ് ഉയർന്നുകേട്ടത്. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നടന്ന അനേകം കലാപങ്ങൾ. പതിനായിരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ട ആ കലാപങ്ങൾ തീർത്തും ഏകപക്ഷീയവും മുസ്ലിം വിരുദ്ധവുമായിരുന്നു. ഭൂരിപക്ഷ മതസമൂഹത്തിന്റെ വികാരങ്ങൾ ആളിക്കത്തിക്കാൻ ആസൂത്രിത ശ്രമങ്ങൾ നടന്ന 75 വർഷങ്ങൾ. എന്തെല്ലാം ഓർക്കാനുണ്ട്! രക്തക്കളങ്ങൾ തീർത്ത്, മനുഷ്യസഹവർത്തിത്വത്തെ കലുഷമാക്കി എൽ.കെ അദ്വാനി നടത്തിയ രഥയാത്ര, രാജ്യത്തിന്റെ നാഡീ ഞരമ്പുകളിലേക്ക് വർഗീയതയുടെ കൊടുംവിഷം കയറ്റിയ മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിലുള്ള ഏകതാ യാത്ര ..... ബാബരി മസ്ജിദിനുമേൽ ഉന്നയിച്ച അവകാശവാദങ്ങളെ ഓരോന്നോരോന്നായി പൊക്കിക്കൊണ്ടു വന്നാണ് കഴിഞ്ഞ ഏഴര പതിറ്റാണ്ടിലൂടെ അധികാരത്തിലേക്കുള്ള പടവുകൾ ഹിന്ദുത്വ ശക്തികൾ ചവിട്ടിക്കയറിയത്.
മറുവശത്ത്, ഭരണകൂടവും നീതിന്യായ സംവിധാനങ്ങളും രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ ഗതിവിഗതികൾ നോക്കി അതിനനുസരിച്ച് പായ കെട്ടിയപ്പോൾ അതേ സമുദായത്തിന് ഏറ്റുവാങ്ങേണ്ടി വന്നത് തികഞ്ഞ അനീതി. ആ അനീതി നമ്മുടെ പൊതുബോധത്തെ എത്രമേൽ സ്വാധീനിച്ചു എന്നതിന്റെ മൂർത്തമായ ഉദാഹരണമാണ് ബാബരി മസ്ജിദ് വിഷയത്തിൽ പരമോന്നത നീതിപീഠം നടത്തിയ അന്തിമ വിധി.
ബാബരി പള്ളി തകര്‍ത്തത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്, ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയിട്ടില്ല എന്ന് നിരീക്ഷിച്ച കോടതിയുടെ തുടർന്നുള്ള വിധിതീർപ്പ് നീതിയുടെ വിദൂര അതിരുകളെപ്പോലും അതിലംഘിക്കുന്നതായിരുന്നു. തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു നല്‍കണം, പള്ളി പണിയുന്നതിനു മുസ് ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ പകരം ഭൂമി നല്‍കണം എന്നായിരുന്നു വിധി.
കർസേവകർ 1992 ഡിസംബർ ആറിന് മസ്ജിദ് തകർത്തത് ആസൂത്രിതമായിരുന്നുവെന്നും സംഘ് പരിവാർ നേതാക്കൾ അതിനുത്തരവാദികളാണെന്നും സംഭവത്തെ കുറിച്ചന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ലിബർഹാൻ കമ്മീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രസ്തുത റിപ്പോർട്ടിൻമേൽ നടപടിയെടുക്കാത്തതിന് കേന്ദ്ര സർക്കാറിനെ വിമർശിച്ചിട്ടുണ്ട്, ഇതേ നീതിപീഠം എന്നോർക്കണം.
അങ്ങനെ 2019-ൽ ഇന്ത്യയുടെ പരമോന്നത നീതിപീഠം തീറെഴുതി നൽകിയ, ബാബരി മസ്ജിദ് നിലനിന്നിരുന്ന വഖ്ഫ് ഭൂമിയിൽ 3000 കോടി രൂപ ചെലവിൽ രാമക്ഷേത്രമുയർന്നുകഴിഞ്ഞു. '2025-ൽ ഹിന്ദു രാഷ്ട്രം' എന്ന നൂറ്റാണ്ടിന്റെ സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. ഇത്രയും പറഞ്ഞത് ഉദ്ഘാടനം ചെയ്യപ്പെടാനിരിക്കുന്ന രാമക്ഷേത്രത്തിന് മതവുമായോ വിശ്വാസവുമായോ യാതൊരു ബന്ധവുമില്ല എന്നുറപ്പിച്ച് പറയാനാണ്. സംഘ് പരിവാറിന്റെ ഭീകരമായ രാഷ്ട്രീയ അജണ്ടക്കപ്പുറം ഒരു ഹിന്ദുമത വിശ്വാസിയുടെയോ ആധ്യാത്മികതയിൽ താൽപര്യമുള്ള മറ്റാരുടെയോ മനസ്സിൽ നിമിഷാർധം കുളിര് നൽകാൻ പോലും പര്യാപ്തമല്ല ഈ ഉദ്ഘാടനച്ചടങ്ങ്. എന്നാലോ, അതോർത്ത് രാജ്യത്തിന്റെ ഭാവിയിലും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും പ്രതീക്ഷയുള്ളവരുടെ നെടുവീർപ്പുയരുകയും ചെയ്യും.
സംഘ് പരിവാർ അധികാരത്തിലേറിയതിന് ശേഷമുള്ള കഴിഞ്ഞ പത്തു വർഷത്തെ അനുഭവം നമ്മോട് പറയുന്ന പോലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭഗവതും തന്നെയാണ് ഉദ്ഘാടന ചടങ്ങിന്റെ എല്ലാമെല്ലാം. ആത്മീയ വ്യക്തിത്വങ്ങളും ഹൈന്ദവ ആചാര്യന്മാരും ഉദ്ഘാടന ചടങ്ങിനില്ല. ക്ഷേത്ര ഉദ്ഘാടനത്തിന് പിന്നിൽ സമ്പൂർണമായും രാഷ്ട്രീയ അജണ്ടയാണുള്ളത് എന്നിത് വ്യക്തമാക്കുന്നുണ്ട്.
യാഥാർഥ്യം ഇതായിരിക്കെ, ചരിത്രത്തെയും വസ്തുതകളെയും പാടേ മറന്നു കൊണ്ടും, രാജ്യത്തിന്റെ ഓർമയിൽനിന്ന് ആ ചരിത്ര വസ്തുതകളെ മായ്ചുകളഞ്ഞും 'ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുന്നു' എന്ന മട്ടിലാണ് സംഘ് പരിവാറിന്റെ ആഖ്യാന നിർമിതി. നാനാ ജാതികളും മതങ്ങളും മത, ജാതി സങ്കൽപങ്ങളില്ലാത്തവരുമെല്ലാമുള്ള ഒരു നാട്ടിൽ ഒരു ഹിന്ദു ക്ഷേത്രം നിർമിക്കപ്പെട്ടിരിക്കുന്നു, അതിന്റെ ഉദ്ഘാടനം നടക്കാനിരിക്കുന്നു എന്ന നിലക്കാണ് രാമക്ഷേത്ര ഉദ്ഘാടനത്തെ സംഘ് പരിവാർ അവതരിപ്പിക്കുന്നത്. ആ ചടങ്ങിലേക്ക് രാജ്യത്തെ രാഷ്ട്രീയ കക്ഷികളെ സംഘ് പരിവാർ ക്ഷണിക്കുകയും ചെയ്യുന്നു.
അത്തരമൊരു ഘട്ടത്തിൽ ഇത് കേവലമൊരു ക്ഷേത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ മതസമുദായം ആരാധന നിർവഹിച്ചിരുന്ന പള്ളി തകർത്തുകൊണ്ടാണ് ഈ ക്ഷേത്രം നിർമിക്കപ്പെട്ടിരിക്കുന്നത്, അതിന്റെ ഉദ്ഘാടനമാണ് നിർവഹിക്കപ്പെടുന്നത് എന്ന് ആവർത്തിച്ചാവർത്തിച്ച് ഉച്ചത്തിൽ വിളിച്ചുപറയേണ്ട സന്ദർഭമാണിത്. ഇതിനു സന്നദ്ധമാകാതെ തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വംകൊണ്ട് നേരിട്ടുകളയാമെന്നത് വ്യാമോഹമാണ്. അത്തരം ദുർമോഹങ്ങൾ വെച്ചുപുലർത്തിയതിന്റെ ഫലമാണ് രാജ്യം സംഘ് പരിവാറിന് കീഴിലമരാൻ മാത്രം പാകപ്പെട്ടത് എന്നോർക്കണം.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയില്ല എന്ന് ഇന്ത്യ ഒരേ ശബ്ദത്തിൽ പ്രഖ്യാപിക്കുകയാണ് വേണ്ടത്. അത് മറ്റൊന്നുകൊണ്ടുമല്ല. ഇന്ത്യൻ ഭരണഘടനാ തത്ത്വങ്ങൾക്ക് വിരുദ്ധമാണത് എന്നതു കൊണ്ടാണ്. ഒരു സമുദായത്തിന് നേരെ അനീതി തുടരുമ്പോൾ, ഈ നിലപാടിലെത്താൻ വൈകുന്നതും ഇരുട്ടിൽ തപ്പുന്നതുമെല്ലാം അക്രമിയോട് ഐക്യപ്പെടലാണ്. സംഘ് പരിവാരം ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും ഇനിയവർ ചെയ്യാനിരിക്കുന്നതുമായ അത്യന്തം ക്രൂരമായ ചെയ്തികളെ നോർമലൈസ് ചെയ്യാനാണ് അതുപകരിക്കുക. ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന് സംഘ് പരിവാരമല്ലാത്ത ആർക്കും സംശയരഹിതമായി പ്രഖ്യാപിക്കാൻ സാധിക്കണം.
ക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരിക്കുക എന്നത് ഇന്ത്യയുടെ ഭാവിയെ കൂടി നിർണയിക്കുന്ന നിലപാടാണ്. കാരണം, ഒരു നൂറ്റാണ്ട് മുമ്പ് രൂപംകൊണ്ട ആർ.എസ്.എസും അതിന്റെ വിധ്വംസക പ്രത്യയശാസ്ത്രവും ജനാധിപത്യ ഇന്ത്യയിൽ വളർന്നതും വികസിച്ചതും മുകളിൽ സൂചിപ്പിച്ച പോലെ, രാമക്ഷേത്രം ആയുധമാക്കിയാണ്. അതിന്റെ പേരിൽ തന്നെ, 2002-ൽ കലാപം നടത്തി, മുസ് ലിം സമുദായത്തിൽ പെട്ട ആയിരങ്ങളെ കൂട്ടക്കൊല ചെയ്തതിന്റെ ബലത്തിലാണ് നരേന്ദ്ര മോദി ഗുജറാത്തിൽ രണ്ടാം തവണയും മുഖ്യമന്ത്രിയാവുന്നതും ദേശീയ പുരുഷനായി അവരോധിക്കപ്പെടുന്നതും, തുടർന്ന് രാഷ്ട്ര ഭരണം തന്നെ മോദിയുടെ പിടിയിലാവുന്നതും. സുപ്രീം കോടതിയുടെ വിധി രാമക്ഷേത്ര നിർമാണത്തിന് അവസരമൊരുക്കിക്കൊടുത്തു. ഉദ്ഘാടനത്തിലൂടെ മൂന്നാമൂഴം ഉറപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അങ്ങനെ സംഭവിച്ചാൽ അത് ഇന്ത്യയുടെ അന്ത്യമായിരിക്കും. തുടർന്ന് രാജ്യത്ത് ഉൻമാദ ദേശീയതയുടെ സംഘനൃത്തമായിരിക്കും. ഇതിനെ മതിലു കെട്ടി പ്രതിരോധിക്കാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്.
അതിനാൽ ഇന്ത്യൻ ജനതയുടെ മുന്നിൽ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുന്നിൽ ഒരു സാധ്യതയേയുള്ളൂ. ക്ഷേത്ര ഉദ്ഘാടനത്തോട് പുറം തിരിഞ്ഞ് നിൽക്കുക. എങ്കിൽ ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ പോരാട്ടം ഇന്ത്യയും സംഘ് പരിവാറും തമ്മിലായിരിക്കും. ആ അങ്കത്തിൽ മനുഷ്യത്വവും നീതിബോധവുമുള്ളവർ ഇന്ത്യയോടൊപ്പം നിൽക്കും. അത് സംഘ് പരിവാറിന്റെ വർഗീയ ഭ്രാന്തിനും ഉൻമാദ ദേശീയതയ്ക്കും അന്ത്യം കുറിക്കും. l
Comments