മസ്ഊദ് ഗാസി മുതൽ കലീം സിദ്ദീഖി വരെ
വലിയ മനുഷ്യന്റെ പേരിൽ അറിയപ്പെടുന്ന ചെറിയ ഗ്രാമമാണ് മേവാത്തിലെ സാലാർപൂർ. ഇന്ന് രാജസ്ഥാനിലെ അൽവാർ ജില്ലയിൽ, ദേശീയപാത എട്ടിന് സമീപമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സാലാർ മസ്ഊദ് ഗാസിയുടെ (1002- 1033) പേര് ചേർത്താണ് ഈ ഗ്രാമം 'സാലാർപൂർ' എന്ന് അറിയപ്പെടുന്നത്. ഉത്തർ പ്രദേശിലെ വാരാണസിയിലും അദ്ദേഹത്തിന്റെ പേരിൽ സാലാർപൂർ എന്നൊരു ഗ്രാമമുണ്ട്. ദൽഹിയോട് അടുത്ത് നോയിഡയിലും ബിഹാറിൽ പറ്റ്ന ജില്ലയിലെ ദനിയാവാനിലും സാലാർപൂർ എന്ന പേരിൽ ഗ്രാമങ്ങൾ കാണാം. ഇത്രയധികം ഗ്രാമങ്ങൾ തന്റെ പേരിൽ സ്ഥാപിതമാകാൻ മാത്രം മഹത്വവും ചരിത്ര പ്രാധാന്യവുമുള്ള ആ വ്യക്തിത്വം ആരാണ്?
മേവാത്ത് യാത്രയിൽ മനസ്സിലുടക്കിയ ചോദ്യമായിരുന്നു ഇത്. വിശദമായ ഉത്തരം ചരിത്രം പറഞ്ഞുതന്നു, വിദ്വേഷ രാഷ്ട്രീയത്തിന് അദ്ദേഹത്തോടുള്ള വെറുപ്പിനെപ്പറ്റി വർത്തമാനവും ബോധ്യപ്പെടുത്തി.
ക്രിസ്ത്വബ്ദം പതിനൊന്നാം നൂറ്റാണ്ടിൽ മേവാത്തിന്റെ മണ്ണിൽ ഇസ്ലാമിക സംസ്കാരത്തിന്റെ മഹത്വം വിളംബരം ചെയ്ത ധീരനായ പ്രബോധകനായിരുന്നു സാലാർ മസ്ഊദ് ഗാസി. ഇന്ന് ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്ന, പഴയ രജ്പുത്താന, മേവാത്ത് തുടങ്ങിയ ദേശങ്ങളിൽ പാദമുദ്ര പതിച്ച സാലാർ ഗാസിയുടെ ചിരകാല സ്മരണകൾ ഉണർത്തിയാണ് ഈ ഗ്രാമങ്ങൾ ഇന്നും നിലകൊള്ളുന്നത്. മുഹമ്മദ് ബിൻ ഖാസിമിന് ശേഷം സിന്ധിൽ വിപുലമായ ഇസ്ലാമിക ദൗത്യം നിർവഹിച്ച രണ്ടാമത്തെ വ്യക്തിത്വമായിരുന്നു അദ്ദേഹം.
മേവാത്തിലെ ഇസ്ലാമിക പ്രചാരണത്തിന്റെ വിപുലമായ രണ്ടാം ഘട്ടത്തിലാണ് സുൽത്താൻ മഹ്മൂദ് ഗസ്നവിയും സാലാർ ഗാസിയുമൊക്കെ കടന്നുവരുന്നത്. സാലാർ ഗാസിക്ക് മുമ്പ്, ഖാജ അബൂ മുഹമ്മദ് ചിഷ്തിയുടെ നിർദേശപ്രകാരം, അബ്ദുശുകൂർ സാലിമി മേവാത്തിൽ ഇസ്ലാമിക പ്രബോധനം നിർവഹിക്കുകയുണ്ടായി. അറിയപ്പെടുന്ന പണ്ഡിതനായിരുന്ന അബ്ദുശുകൂർ സാലിമി, 'തംഹീദുത്തംഹീദ്' എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. മേവാത്തിൽ താമസമാക്കിയാണ് ഇദ്ദേഹം പ്രബോധന ദൗത്യം നിർവഹിച്ചിരുന്നത്.
ധീരനായിരുന്ന സാലാർ മസ്ഊദ് ഗാസി മുപ്പത്തിയൊന്ന് വയസ്സുവരെ മാത്രമേ ജീവിച്ചിരുന്നുള്ളൂ. ഖാദി സാലാർ സാഹുവിന്റെയും സുൽത്താൻ മഹ്മൂദ് ഗസ്്നവിയുടെ സഹോദരി സിദ്ർ മുഅല്ലയുടെയും മകനായി 1002-ലാണ് അദ്ദേഹത്തിന്റെ ജനനം. വിശ്രമരഹിതമായ പടയോട്ടങ്ങൾക്കും പ്രബോധന പ്രവർത്തനങ്ങൾക്കുമൊടുവിൽ, 1033-ൽ സാലാർ മസ്ഊദ് ഗാസി രക്തസാക്ഷ്യം വരിക്കുകയായിരുന്നു.
സരയൂ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ബഹറായിച്ച് പട്ടണത്തിന് പെരുമ നൽകുന്ന ഒരു ചരിത്ര സ്മാരകമുണ്ട്- സയ്യിദ് സാലാർ മസ്ഊദ് ഗാസിയുടെ ഖബറിടം. അന്ധവിശ്വാസങ്ങളും അയിത്താചരണവും ചൂഷണവും ഉൾപ്പെടെ മാരകമായ സാമൂഹിക രോഗങ്ങൾ ബാധിച്ച ഒരു ജനതയെ ആദർശപരമായ വിമോചനത്തിന്റെ വഴികളിലേക്ക് നയിച്ച അദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായി ദൽഹി സുൽത്താൻ ഫിറോസ് ഷാ തുഗ്ലക്ക് പണിതതാണ്
ബഹറായിച്ചിലെ ഈ സ്മാരകം. ഇവിടുത്തെ വെള്ളത്തിൽ കുളിച്ചാൽ ചർമരോഗങ്ങൾ ഭേദമാകും എന്ന് വിശ്വസിച്ച്, ഹിന്ദുക്കളും മുസ്്ലിംകളും ഒരുപോലെ പുണ്യം തേടിയെത്തുന്ന ദർഗയാണ് ഇന്നത്! സാലാർ ബാബയെയും ഈ ദർഗയെയും ചുറ്റിവരിഞ്ഞ് ഐതിഹ്യങ്ങളുടെയും കറാമത്ത് കഥകളുടെയും ഘോഷയാത്ര തന്നെയുണ്ട്. എല്ലാ വർഷവും വലിയ ഉറൂസ് ഇവിടെ നടക്കുന്നുണ്ട്. ഇത് മറ്റൊരു ദുരന്തമാണ്. പല കാരണങ്ങളാൽ,
ആദർശ വിശുദ്ധി നഷ്ടപ്പെട്ടും അടിസ്ഥാന മതപാഠങ്ങൾ പോലും അറിയാതെയും നാമമാത്ര മുസ്ലിംകളായി ജീവിക്കുന്ന വലിയൊരു വിഭാഗത്തെയും
ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കാണാനാകും. ഒരു ജനതയുടെ ദൗർബല്യങ്ങളെയും പ്രതിസന്ധികളെയും അതിജീവനത്തെയും കുറിച്ച വിചാരപ്പെടലുകളിൽ ഈ വശവും ഏറെ പ്രസക്തമാണ്.
മിത്തും യാഥാർഥ്യവും കൂടിക്കലർന്ന വിശ്വാസ, ആചാരങ്ങളുടെ വലിയൊരു ലോകം സാലാർ മസ്ഊദ് ഗാസിയെ പൊതിഞ്ഞ് പിൽക്കാലത്ത് രൂപപ്പെട്ടിട്ടുണ്ട്. ആ തലത്തിൽ, ഹിന്ദു-മുസ്ലിം സമുദായാംഗങ്ങൾക്ക് ഒരുപോലെ പുണ്യപുരുഷനാണ് അദ്ദേഹം! വൈരുധ്യങ്ങളുടെയും വൈവിധ്യങ്ങളുടെയും നാടായ ഇന്ത്യയിലെ സമ്മിശ്ര സംസ്കാരത്തെ, ആദാന-പ്രദാനങ്ങളെ ഇത് അടയാളപ്പെടുത്തുന്നുണ്ട്. ശശി തരൂരിന്റെ 'കലാപം' എന്ന നോവലിൽ ഗാസി മിയാനും കടന്നുവരുന്നുണ്ട്. പശുക്കളുടെയും കന്നുകാലികളുടെയും സംരക്ഷകൻ, ഹിന്ദു രാജ്ഞിയുടെ സഹോദരൻ, കന്യകകളുടെ സംരക്ഷകൻ തുടങ്ങിയ തലങ്ങളിൽ ആദരിക്കപ്പെടുന്ന ആ വ്യക്തിത്വത്തെ, കൽപ്പിത കഥകളിൽനിന്ന് മോചിപ്പിച്ചെടുത്താൽ, ചരിത്രത്തിന്റെ വ്യത്യസ്തമായൊരു വായന സാധ്യമായേക്കാം. ഓറിയന്റ് ബുക്സ് പ്രസിദ്ധീകരിച്ച, പ്രഫ. ഷാഹിദ് അമീനിന്റെ 'കോൺക്വസ്റ്റ് ആന്റ് കമ്യൂണിറ്റി: ദ ആഫ്റ്റർ ലൈഫ് ഓഫ് വാര്യർ സെയ്്ന്റ് ഗാസി മിയാൻ' എന്ന പുസ്തകം അത്തരത്തിലൊരു ശ്രമമാണ്. മേവാത്തിലെ പല പ്രദേശങ്ങളിലും ജീവിച്ചിരുന്ന സാലാർ ഗാസിയുടെ കുടുംബ പരമ്പരകൾ ഇന്ത്യാ വിഭജനത്തോടെ പാകിസ്താനിലേക്ക് പോവുകയാണുണ്ടായത്.
മേവാത്തിന്റെ മണ്ണിൽ മുസ്്ലിം പാരമ്പര്യത്തിന്റെ വേരുകൾ തേടി യാത്ര ചെയ്യുമ്പോൾ സാലാർ മസ്ഊദ് ഗാസിയുടെ പേര് നാം ഓർക്കുന്നത് ചരിത്രത്തിലെ ഇടപെടലുകൾകൊണ്ടു മാത്രമല്ല, വർത്തമാനത്തിലെ വംശീയ 'ഭീഷണി'കൊണ്ടു കൂടിയാണ്. നൂഹിലെ കെട്ടിടങ്ങളിലേക്ക് നീണ്ടുവന്ന ബുൾഡോസറുകളുടെ മറ്റൊരു എപ്പിസോഡ് ബഹ്റായിച്ച് പട്ടണത്തിലും ഏതു സമയത്തും അരങ്ങേറാവുന്നതാണ്. കാരണം, ബഹ്റായിച്ചിലെ ഈ ഗാസി ബാബ ദർഗ പൊളിച്ച്, അവിടെ രാജാ സുഹൽദേവിന്റെ പേരിൽ സൂര്യ ക്ഷേത്രം നിർമിക്കണമെന്ന് വി.എച്ച്.പി കുറച്ച് വർഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അവരുടെ ആവശ്യം അംഗീകരിച്ചതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ശ്രാവസ്തിയിലെ രാജാവായിരുന്ന സുഹൽ ദേവാണ് സാലാർ മസ്ഊദ് ഗാസിയെ ഏറ്റുമുട്ടലിൽ വധിച്ചത്. അതിനാലാണ്, വി.എച്ച്.പി അദ്ദേഹത്തെ വീരനായി ഗണിക്കുന്നത്. 2014-ലെ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സുഹൽദേവ് ക്ഷേത്ര വിഷയവും ഉന്നയിച്ചിരുന്നു. സുഹൽദേവിന്റെ ഒരു പ്രതിമ ബഹ്റായിച്ചിൽ അനാച്ഛാദനം ചെയ്തതും അദ്ദേഹത്തെക്കുറിച്ച പുസ്തകം പ്രകാശനം ചെയ്തതും ബി.ജെ.പി നേതാവ് അമിത്ഷാ ആയിരുന്നു. പിന്നീട് റാസിപൂരിൽനിന്ന് ദൽഹിയിലെ ആനന്ദ് വിഹാറിലേക്ക് സുഹൽദേവ് എക്സ്പ്രസ് ആരംഭിക്കുകയും ചെയ്തു. മാത്രമല്ല, രാജാ സുഹൽദേവ് മസ്ഊദ് ഗാസിക്കെതിരെ വിജയിച്ചതിന്റെ സ്മരണക്കായി ലഖ്നൗവിൽ വി.എച്ച്.പി ഒരു ഹിന്ദു വിജയോത്സവം സംഘടിപ്പിച്ചിരുന്നു. ഇങ്ങനെയുള്ള ആക്രോശങ്ങൾക്കിടയിലും, ഹിന്ദുക്കളെ ആക്രമിച്ചുവെന്നും മതപരിവർത്തനം നടത്തിയെന്നും ആരോപണങ്ങൾ ഉന്നയിക്കുന്ന ഈ 'ജിഹാദി യോദ്ധാവി'നെ, ഹിന്ദുക്കൾ തന്നെ പുണ്യപുരുഷനായി കാണുകയും അദ്ദേഹത്തിന്റെ ഗുണവിശേഷങ്ങളുള്ള ആൺകുട്ടിക്കായി ഹിന്ദു സ്ത്രീകൾ അദ്ദേഹത്തിന്റെ ദർഗയിൽ പ്രാർഥിക്കുകയും ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം ബാക്കിയാകുന്നു. പാടിപ്പറയപ്പെടുന്ന കഥകളിൽനിന്ന് ഇങ്ങനെയും ഒരു ഉത്തരം ലഭിക്കുന്നുണ്ട്: മസ്ഊദ് ഗാസി വിവാഹത്തിന് തയാറെടുത്തുകൊണ്ടിരിക്കെ ഒരു വാർത്ത അദ്ദേഹത്തിന്റെ ചെവിയിലെത്തി. ശ്രാവസ്തിയിലെ അധികാരിയായിരുന്ന സുഹൽദേവ് പശുക്കളെയും കൊള്ളയടിക്കാൻ എത്തുന്നു എന്നതായിരുന്നു അത്. വാർത്തയറിഞ്ഞ ഉടൻ, വിവാഹം മാറ്റിവെച്ച് അദ്ദേഹം അവരെ രക്ഷിക്കാൻ പുറപ്പെട്ടു. ഈ രക്ഷാദൗത്യത്തിനിടയിലാണ് അദ്ദേഹം രക്തസാക്ഷിയാകുന്നത്. സമത്വവും സാഹോദര്യവും സ്ത്രീ സുരക്ഷയും ഉയർത്തിപ്പിടിക്കുന്ന പ്രബോധക പോരാളികൾ, ഇരുട്ടുമൂടിയ പഴയ ജാതിഭ്രാന്തിന്റെ കാലത്ത്, എന്തു തരം പോരാട്ടമാണ് നടത്തിയിട്ടുണ്ടാവുക എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ജാതിവാദികൾ അധികാരം വാഴുന്ന ഇക്കാലത്ത്, 'ഹാഥറസു'കളിൽ പിടഞ്ഞുമരിച്ച പെൺകുട്ടികളുടെ വർത്തമാനം
സുഹൽദേവുമാരുടെ യഥാർഥ ചരിത്രത്തെക്കുറിച്ച തിരിച്ചറിവുകൾ തരുന്നുണ്ട്. വംശീയവാദികളും കൊളോണിയലിസ്റ്റുകളും ചേർന്ന് കെട്ടിയുണ്ടാക്കിയ ചരിത്രവെറികളെ വകഞ്ഞുമാറ്റി സത്യം അന്വേഷിച്ചറിയുക തന്നെ വേണം.
എന്തിനാണ് ഇവർ സയ്യിദ് സാലാർ മസ്ഊദ് ഗാസിയോട് ഇവ്വിധം വെറുപ്പ് പ്രകടിപ്പിക്കുന്നത് എന്നത് വ്യക്തമാണല്ലോ. പതിനൊന്നാം നൂറ്റാണ്ടിൽ ഒരു ജനതയുടെ വിമോചകനായി വന്ന ഇസ്ലാമിക പ്രബോധകനായിരുന്നു അദ്ദേഹം എന്നതാണ് ഒരു കാരണം. മസ്ഊദ് ഗാസിയുടെ അനുയായി
സയ്യിദ് ദമീറുദ്ദീനും ഗോട്ഖാൻവയിൽ പ്രബോധകനായി ജീവിച്ചിരുന്നു. എന്നാൽ, സയ്യിദ് അബ്ദുശുകൂർ സാലിമി ഉൾപ്പെടെയുള്ളവരുടെ പിൻമുറക്കാർക്ക് പൃഥ്വിരാജ് ചൗഹാനും രജപുത്രരും ഉയർത്തിയ എതിർപ്പു കാരണം പ്രബോധന പ്രവർത്തനങ്ങളുടെ വേഗത കുറക്കേണ്ടി വന്നു. മാത്രമല്ല, ഇസ്്ലാം സ്വീകരിക്കുന്നവരെ ക്രൂരമായി അടിച്ചമർത്തുകയായിരുന്നു അന്നത്തെ രജപുത്ര ഭരണകൂടങ്ങൾ ചെയ്തത്. ഇതിന്റെ തുടർച്ചയായാണ്, ശുദ്ധി പ്രസ്ഥാനത്തിലൂടെ മുസ്്ലിംകളെ മതപരിവർത്തനം ചെയ്ത്, 'പൂർവമത'ത്തിൽ ചേർക്കാൻ 1920-കൾ മുതൽ ശ്രമം നടന്നത്.
സയ്യിദ് സാലാർ മസ്ഊദ് ഗാസി, സയ്യിദ് അബ്ദുശുകൂർ സാലിമി, സയ്യിദ് ദമീറുദ്ദീൻ തുടങ്ങി പൂർവികരായ പ്രബോധകരും അവർ വഴി ഇസ്ലാം സ്വീകരിച്ചവരും അനുഭവിക്കേണ്ടി വന്ന ഭരണകൂട ക്രൂരതകളുടെ ചരിത്രം കേട്ട്, മേവാത്തിന്റെ മണ്ണിലൂടെ നടക്കുമ്പോൾ, എന്റെ മനസ്സിൽ തെളിഞ്ഞത് മൗലാനാ കലീം സിദ്ദീഖിയുടെ മുഖമാണ്. ഇസ്ലാമിക പ്രബോധനം നിർവഹിച്ചതിന്റെ പേരിൽ, 2021 സെപ്റ്റംബറിൽ ഉത്തർ പ്രദേശ് ഭരണകൂടം ജയിലിലടച്ച പണ്ഡിതനാണ് കലീം സിദ്ദീഖി. 'നിയമ വിരുദ്ധ മതപരിവർത്തനത്തിന്റെ ഏറ്റവും വലിയ സിണ്ടിക്കേറ്റ്' എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 590 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് 2023 ഏപ്രിലിൽ അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.
കാലമേതായാലും കർമം തുടരുവോളം ജാതിരാഷ്ട്ര വാദികളായ ഭരണകൂടങ്ങൾ ഇസ്്ലാമിക പണ്ഡിതരെ വേട്ടയാടും എന്നതിന്റെ തെളിവാണ്, സാലാർ മസ്ഊദ് ഗാസി മുതൽ കലീം സിദ്ദീഖി വരെയുള്ളവർ. l
(അവസാനിച്ചു)
Comments