Prabodhanm Weekly

Pages

Search

2024 ജനുവരി 19

3336

1445 റജബ് 07

ബലാല്‍സംഗികളെ ഭരണകൂടം തിരുത്തുമോ?

ഇഹ്‌സാന്‍

ഗുജറാത്ത് വംശഹത്യാ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനു പിന്നാലെ ഇ.ഡിയെ പറഞ്ഞയച്ച് ബി.ബി.സിയെ 'വിരട്ടിയ' നരേന്ദ്ര മോദിക്ക് പിന്നീടിങ്ങോട്ട് 'ശുക്രദശ'യാണ്. 'പ്രധാനമന്ത്രി മോദിയുടെ ഓഫീസ് വിട്ടയച്ച ബലാല്‍സംഗികള്‍' എന്നാണ് ബില്‍ക്കീസ് ബാനു കേസില്‍ കോടതി വീണ്ടും ജയിലിലേക്കു തിരിച്ചയക്കാന്‍ ഉത്തരവിട്ട ആ '11 പുണ്യവാളന്‍മാരെ' കുറിച്ച വാര്‍ത്തക്ക് ബി.ബി.സി നല്‍കിയ തലക്കെട്ട്. മൂന്നു വയസ്സുകാരിയെ അടക്കം 14 പേരെ കൊല്ലുകയും ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്യുകയും ചെയ്ത കുറ്റകൃത്യത്തിന്റെ ഘോരത, ശിക്ഷിക്കപ്പെട്ട പ്രതികളുടെ മതവും രാഷ്ട്രീയ ബന്ധവും, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍, സ്വാതന്ത്ര്യത്തിന്റെ വാര്‍ഷിക മഹോല്‍സവത്തോടനുബന്ധിച്ച് നല്‍കിയ മോചനം, പ്രതികള്‍ക്ക് കിട്ടിയ പൗര സ്വീകരണം ഇതൊക്കെ ആദ്യത്തെ രണ്ടോ മൂന്നോ വാചകങ്ങളില്‍ തന്നെയുണ്ട്. ആ വാര്‍ത്തയുടെ ഓരോ വരിയിലൂടെയും കടന്നുപോകുമ്പോള്‍ നാണക്കേടു കൊണ്ട് ഇന്ത്യക്കാരന്റെ തൊലിയുരിഞ്ഞു പോകും. ആഗസ്റ്റ് 15-ലെ ചെങ്കോട്ടയിലെ പ്രസംഗത്തില്‍ സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതിനു ശേഷം, ജയിലില്‍നിന്ന് വിട്ടയക്കപ്പെടുന്ന ബലാല്‍സംഗികളെ സ്വീകരിക്കാനായി വലിയ ആള്‍ക്കൂട്ടം ഗുജറാത്തില്‍ തടിച്ചുകൂടിയതും, അന്നേ ദിവസം പുറത്തുവന്ന ഒരു വീഡിയോയിലൂടെ ഈ ദൃശ്യങ്ങള്‍ വൈറലായി മാറിയതും ചൂണ്ടിക്കാട്ടി ബി.ബി.സി മോദിയെ പരിഹസിച്ചു. അങ്ങേയറ്റം ഹീനമായ ഈ ഭീകരകൃത്യം ചെയ്ത കുറ്റവാളികളെ ശിക്ഷാ കാലാവധി തീരുന്നതിനു മുമ്പെ വിട്ടയച്ചത് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാന പ്രകാരമായിരുന്നുവെന്ന് റിപ്പോര്‍ട്ട് അടിവരയിട്ടു. 

ഹിന്ദുത്വമാണ് രാഷ്ട്രീയമെങ്കില്‍ എന്തു വൃത്തികേടും ചെയ്യാം, ബഡാ ഭായിയും മോട്ടാ ഭായിയും ഉള്ളിടത്തോളം നിയമം നിങ്ങളെ തൊടില്ലയെന്ന ആ ബോധത്തിന് ചെറിയൊരു തിരുത്ത് അത്യന്താപേക്ഷിതമായിരുന്നു. ന്യൂനപക്ഷങ്ങളെ കൊല്ലാം, കൊള്ളയടിക്കാം, കത്തിക്കാം, ബലാല്‍സംഗം ചെയ്യാം, അവരുടെ കഞ്ഞിക്കലത്തില്‍ തലയിടാം, പൗരത്വം ചോദ്യം ചെയ്യാം, പള്ളി പൊളിക്കാം, സ്വത്തു വകകള്‍ക്കു മേല്‍ ഭരണകൂടത്തിന്റെ ബുള്‍ഡോസറുകള്‍ പായിക്കാം; എല്ലാറ്റിനുമൊടുവില്‍ ഒരു ഓഞ്ഞ പ്രസംഗം വെച്ചു കാച്ചിയാല്‍ ധാരാളം മതിയെന്ന ആ ധാരണക്ക് ഇതിനെക്കാള്‍ മികച്ച കൊട്ട് അടുത്തൊന്നും കിട്ടാന്‍ പോകുന്നില്ല. നിലവില്‍ 11 കിങ്കരന്‍മാര്‍ ജയിലിലേക്ക് തിരിച്ചുപോകുന്നത് അതിമഹത്തായ സംഭവമാണെന്നല്ല പറഞ്ഞുവരുന്നത്. ഗുജറാത്ത് വംശഹത്യ ഇന്ത്യയുടെ നിയമവാഴ്ചക്ക് ഇതുവരെ ഉണ്ടാക്കിയ പരിക്കുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ ജയില്‍വാസമൊന്നും ഒന്നുമല്ല. ജയില്‍ നിറക്കേണ്ടിയിരുന്ന എത്രയോ മനുഷ്യമൃഗങ്ങള്‍ പുറത്ത് പല്ലിളിച്ചു നടക്കുന്നുണ്ട്. മായാബെന്‍ കോദ്‌നാനിയെയും ബാബു ഭജ്‌രംഗിയെയും പോലെ ചിലതിനെ ആളറിഞ്ഞും, എത്രയോ എണ്ണത്തെ ആരുമറിയാതെയും രക്ഷപ്പെടുത്തി. 

ആത്മനിന്ദയുടെ അറ്റം കാണാത്ത തുരങ്കത്തിലൂടെ ഇന്ത്യ നൂറ്റാണ്ടുകള്‍ നുഴഞ്ഞും കുനിഞ്ഞും പോകേണ്ടി വരുമെന്ന തോന്നലിനിടയിലാണ് ഒരു ബില്‍ക്കീസ് ബാനുവും ഒപ്പം കുറേ വനിതകളും ചേര്‍ന്ന് പ്രത്യാശയുടെ വളരെ ചെറിയൊരു കൈത്തിരി കത്തിച്ചുതന്നത്. ഇന്ദിരാ ജയ്‌സിംഗും മഹുവ മൊയിത്രയും രേവതി ലോലും സുഭാഷിണി അലിയും  വൃന്ദ ഗോവറും ശോഭാ ഗുപ്തയും നയിച്ച ഈ പോരാട്ടം രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന, പ്രത്യേകിച്ചും മോദികാലത്ത് നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തപൂര്‍ണമായ ജീവിതത്തെ ചോദ്യം ചെയ്യുക മാത്രമായിരുന്നില്ല; രാജ്യത്തിന്റെ നിയമവാഴ്ചയുടെ ചിത്രത്തെ കൂടുതല്‍ പരിഹാസ്യമാകുന്നതില്‍നിന്ന് പിടിച്ചുനിര്‍ത്തുക കൂടിയായിരുന്നു. ഈ മഹിളാ രത്‌നങ്ങള്‍ക്കെല്ലാം നന്ദി.

3000-ത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടും കഷ്ടിച്ച് ഇരുനൂറ് കൊലപാതകങ്ങളെ ചൊല്ലി  മാത്രം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട സംസ്ഥാനമാണ് ഗുജറാത്ത് എന്നത് മറക്കരുത്. അങ്ങനെയുള്ള കേസുകളിലാണ് നീതിയുടെ കിരണം എന്നൊക്കെ പറയാവുന്ന നീക്കങ്ങള്‍ വല്ലപ്പോഴുമൊരിക്കല്‍ ബില്‍ക്കീസ് ബാനുമാര്‍ക്ക് അനുകൂലമായി മാറുന്നത്. 

സഞ്ജീവ് ഭട്ടിന്റെയും ആനന്ദ് തെല്‍തുംഡെയുടെയും റോണാ വില്‍സന്റെയും ഉമര്‍ ഖാലിദിന്റെയും ഹാനി ബാബുവിന്റെയുമൊക്കെ ജയില്‍ജീവിതം അനന്തമായി തുടരുന്നതുമായി ചേര്‍ത്തുവെക്കുമ്പോഴാണ് സുപ്രീം കോടതി തിരികെ ജയിലിലേക്ക് കയറ്റിയ ആ 11 പേര്‍ നിയമവാഴ്ചയെ എത്രത്തോളമാണ് പരിഹസിച്ചതെന്ന് വ്യക്തമാവുക. പ്രധാനമന്ത്രിയെ തുറന്നു കാട്ടിയതിനും അദ്ദേഹം മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ ചോദ്യം ചെയ്തതിനുമാണ് രാജ്യത്തെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടച്ചത്. എന്നിട്ടാണ് നിര്‍ലജ്ജം, ഇന്ത്യയാണ് ലോകത്തെ 'ജനാധിപത്യം' പഠിപ്പിച്ചതെന്ന അവകാശവാദവുമായി മോദി ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ തള്ളിമറിച്ചത്. ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ട സ്വേഛാധിപത്യമാണെന്ന് സ്വീഡിഷ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വീഡെം ഇന്‍സ്റ്റിറ്റ്യൂട്ട് രേഖപ്പെടുത്തിയ അതേ വര്‍ഷമാണ് ഈ ഗീര്‍വാണം എന്നോര്‍ക്കുക. ഇന്ത്യയുടെ മൊത്ത വളര്‍ച്ചാ സൂചികയെ കുറിച്ച കണക്കുകള്‍ പോലും കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് ടൈം വാരിക ചൂണ്ടിക്കാട്ടിയത്. 

പ്രധാനമന്ത്രി വമ്പു പറഞ്ഞ ആ ജനാധിപത്യമാണ് ബില്‍ക്കീസ് ബാനു ബലാല്‍സംഗ കേസിലെ പ്രതികളുമായി ഒത്തുകളിച്ചതിനും ജയില്‍ മോചനത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ പോലും പാലിക്കാത്തതിനും സുപ്രീം കോടതിയുടെ  ശകാരമേറ്റു വാങ്ങിയത്. ഗോധ്ര ജില്ലയിലെ തടവുകാരുടെ വിമോചനം പരിഗണിക്കാനായി സര്‍ക്കാര്‍ രൂപവത്കരിച്ച, ബി.ജെ.പിക്കാർ ഭൂരിപക്ഷമുള്ള കമ്മിറ്റിയിലെ ഒരു സിറ്റിംഗ് എം.എല്‍.എ പ്രതികള്‍ ബ്രാഹ്മണരാണെന്നും അതുകൊണ്ട് അവര്‍ സംസ്‌കാരമുള്ളവരാണെന്നും വരെ വാദിക്കുകയുണ്ടായി. നടപടിക്രമങ്ങളില്‍ കോടതിയെ കബളിപ്പിക്കുന്ന രീതിയിലാണ് വിടുതല്‍ ഹരജി ജസ്റ്റിസ് ബി.വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ചിനു മുമ്പാകെ എത്തിയതെന്ന് വിധിപ്രസ്താവത്തില്‍ എടുത്തുപറയുന്നുണ്ട്. ഈ കേസില്‍ ഗുജറാത്ത് സര്‍ക്കാറിനോട് നിയമോപദേശം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടതില്‍ തെറ്റുപറ്റിയെന്ന് സുപ്രീം കോടതി തുറന്നുപറഞ്ഞു. വിട്ടയക്കുന്ന കാര്യത്തില്‍ വിചാരണാ കോടതിയുടെ അഭിപ്രായം തേടേണ്ട കാര്യമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ ബെഞ്ചിനെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടായിരുന്നു അത്. സര്‍ക്കാറിന്റെ നിലപാടാണല്ലോ സോളിസിറ്റര്‍മാര്‍ പറയേണ്ടത്. ലളിതമായി പറഞ്ഞാല്‍, ഗുജറാത്ത് സര്‍ക്കാറല്ല കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് പ്രതികളെ രക്ഷിച്ചെടുക്കാന്‍ നോക്കിയത്. തെറ്റു പറ്റിയെന്ന് സുപ്രീം കോടതി ഏറ്റു പറയുമ്പോള്‍ അത് ആരുടെ നേരെയാണ് വിരല്‍ ചൂണ്ടുന്നത്? ഒന്നുകില്‍ മാതൃകാ സംസ്ഥാനമായി ഏവരും വാഴ്ത്തുന്ന ഗുജറാത്തിലെ സര്‍ക്കാര്‍. അതല്ലെങ്കില്‍ എല്ലാമറിഞ്ഞിട്ടും ഒന്നും അറിയാത്തതു പോലെ എന്തോ ചിലത് ഒളിച്ചുകടത്താന്‍ ശ്രമിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിട്ടയക്കപ്പെടുമ്പോള്‍ ബാക്കിയുണ്ടായിരുന്ന പിഴ പ്രതികളാരും അടച്ചിരുന്നില്ല എന്നതുപോലും ഈ കേസില്‍ പരിഗണിക്കപ്പെട്ടില്ല. പിഴ അടക്കാന്‍ പ്രതി തയാറല്ലെങ്കില്‍ അതിന്റെ തടവുശിക്ഷ വേറെ അനുഭവിക്കണമെന്നാണ് ചട്ടം. ബില്‍ക്കീസ് ബാനുവിന് പിഴത്തുക കിട്ടരുതെന്ന് ബി.ജെ.പിക്ക് ആഗ്രഹമുണ്ടാവുക സ്വാഭാവികം. വംശീയ അതിക്രമ കേസുകളില്‍ ഇരകള്‍ക്ക് പ്രതികളില്‍നിന്ന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുന്നത് നിര്‍ത്തലാക്കണമെന്ന് ബി.ജെ.പിക്ക് അഭിപ്രായമുണ്ടെങ്കില്‍ ഈയിടെ പാര്‍ലമെന്റില്‍ പാസ്സാക്കിയ പുതിയ ക്രിമിനല്‍ നിയമ ഭേദഗതികളില്‍ അക്കാര്യം കൂടി ഉള്‍പ്പെടുത്താമായിരുന്നില്ലേ? അതായത്, ചില പ്രത്യേക മത വിഭാഗങ്ങളുള്‍പ്പെട്ട കേസുകളില്‍ കോടതി വിധിക്കുന്ന നഷ്ടപരിഹാരം നാടു ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കൂടി വിവേചന അധികാരത്തിന് വിധേയമായിരിക്കുമെന്ന്.

ഇന്ത്യയെ എല്ലാ അര്‍ഥത്തിലും കുത്തഴിഞ്ഞ രാജ്യമാക്കിയെടുക്കാന്‍ 2014 മുതല്‍ അഹോരാത്രം പണിയെടുക്കുന്ന ബി.ജെ.പി സര്‍ക്കാറുകള്‍ക്ക് കിട്ടിയ ചെറിയൊരു താക്കീതു മാത്രമായേ ഈ വിധിയെ കാണേണ്ടതുള്ളൂ. സുപ്രീം കോടതിയെ ഒരു സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്ന് ജഡ്ജിമാര്‍ കുറ്റപ്പെടുത്തിയിട്ട് ഒരനക്കവും രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ല. മാലദ്വീപിലെ മന്ത്രിമാരെ രാജ്യം എന്തു ചെയ്യണമെന്ന ചര്‍ച്ചയാണ് അന്ന് രാത്രി മിക്ക ദേശീയ മാധ്യമങ്ങളിലും ഉണ്ടായിരുന്നത്. ഈ കോടതിവിധിയുടെ പാഠം അത്രയെളുപ്പം ബി.ജെ.പിയും നരേന്ദ്ര മോദിയും ഉള്‍ക്കൊള്ളുമെന്ന് ആരും കരുതേണ്ടതില്ല. ബി.ബി.സി, ഹിന്‍ഡന്‍ബര്‍ഗ്, മണിപ്പൂര്‍, ഏറ്റവുമൊടുവില്‍ ബില്‍ക്കീസ് ബാനു....ഒന്നിനു പിറകെ ഒന്നായി ലോക രാജ്യങ്ങളുടെ മുമ്പാകെ ഇന്ത്യ വിവസ്ത്രമാക്കപ്പെട്ട സ്ഥിതിക്ക് ഈ പ്രതികളെ ജയിലില്‍നിന്ന് നിയമത്തിന്റെ വഴിയിലൂടെ തന്നെ പുറത്തിറക്കിയെങ്കിലല്ലാതെ ഈ നാണക്കേട് തീരില്ല എന്നു വിശ്വസിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണത്. പ്രതികള്‍ ഇനിയൊരിക്കല്‍ കൂടി വിടുതല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുമില്ല. വിചാരണാ കോടതിയെയും ഗുജറാത്തിനെയും മഹാരാഷ്ട്രയെയും കുറിച്ച് ഇപ്പോഴത്തെ വിധിപ്രസ്താവത്തിലുള്ള നിയമ തര്‍ക്കങ്ങള്‍ ഒഴിവാക്കി ഈ കേസ് വീണ്ടും വരുമെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ പിന്നെയെന്ത് ഹിന്ദു ഹൃദയ സാമ്രാട്ട് ! l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 26-29
ടി.കെ ഉബൈദ്