Prabodhanm Weekly

Pages

Search

2024 ജനുവരി 12

3335

1445 ജമാദുൽ ആഖിർ 30

സ്വർഗവും നരകവും അടുത്ത് തന്നെയുണ്ട്

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

عَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ : قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ : الْجَنَّةُ أَقْرَبُ إلَى أَحَدِكُمْ مِنْ شِرَاكِ نَعْلِهِ ، وَالنَّارُ مِثْلُ ذَلِكَ (البخاري)

അബ്ദുല്ലാഹിബ്നു മസ്ഊദിൽനിന്ന്. നബി (സ) അരുളി: "സ്വർഗം നിങ്ങളിൽ ഓരോരുത്തരുടെയും ചെരിപ്പിന്റെ വാറിനെക്കാൾ അടുത്താണ്; നരകവും അങ്ങനെത്തന്നെ" (ബുഖാരി).

 

സ്വർഗത്തിലേക്കെത്തിക്കുന്ന പുണ്യങ്ങളോ നരകത്തിലേക്കടുപ്പിക്കുന്ന പാപങ്ങളോ ഓരോ വ്യക്തിയും നിത്യേന ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ് ഹദീസിന്റെ  പൊരുൾ. ഒരു വിശ്വാസി അവന്റെ ഈമാനിനെ നിരന്തരം  പുതുക്കിക്കൊണ്ടിരിക്കണം. അവന്റെ പ്രവർത്തനങ്ങളെ എപ്പോഴും വിലയിരുത്തണം.

ഈമാനിൽ കാപട്യവും കർമങ്ങളിൽ കുഫ്റും കടന്നുകൂടുന്നത് ജാഗ്രതയോടെ നിരീക്ഷിക്കണം. ഒരു നിമിഷത്തെ അലംഭാവവും അശ്രദ്ധയും വലിയ അപായങ്ങൾ വരുത്തിയേക്കാം; ഇഹലോകത്തും പരലോകത്തും.

കർമങ്ങളുടെ മൂല്യം നിർണയിക്കുന്നതിൽ അല്ലാഹുവിന് അവന്റേതായ മാനദണ്ഡങ്ങളുണ്ട്. അവ മനുഷ്യരുടെ കണക്ക് കൂട്ടലുകൾപോലെയാവണമെന്നില്ല.

റസൂൽ (സ) അരുളി: "അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന വാക്കുകൾ ഒരടിമ സംസാരിക്കും. അതിനെയവൻ തീരെ മുഖവിലക്കെടുത്തിരുന്നില്ല. പക്ഷേ, അതു മുഖേന അല്ലാഹു അവന് ധാരാളം പദവികൾ നൽകും. അതു പോലെ, അല്ലാഹുവിനെ അതൃപ്തിപ്പെടുത്തുന്ന വാക്കുകൾ ഒരടിമ സംസാരിക്കും. അതവൻ തീരെ മുഖവിലക്കെടുത്തിരുന്നില്ല. പക്ഷേ, അതു മുഖേന അല്ലാഹു അവനെ നരകത്തിലേക്ക് വീഴ്ത്തും" (ബുഖാരി).

ഇബ്നു ഹജർ അൽ അസ്ഖലാനി (റ) എഴുതി: "ഈ ഹദീസിലെ 'അതവൻ മുഖവിലക്കെടുത്തിരുന്നില്ല' എന്നാൽ അതിന്റെ അപകടത്തെ കുറിച്ച് അവൻ ചിന്തിച്ചില്ല, പരിണതിയെ കുറിച്ച് ആലോചിച്ചില്ല എന്നാണ് അർഥം; അതിനെന്തെങ്കിലും ഫലമുണ്ടാവുമെന്നവൻ വിചാരിച്ചില്ല എന്നും.

'നിങ്ങളത് നന്നെ നിസ്സാരമാണെന്നു കരുതി. എന്നാല്‍, അല്ലാഹുവിങ്കൽ അത് അത്യന്തം ഗുരുതരമായ കാര്യമാണ്' എന്ന അല്ലാഹുവിന്റെ വാക്യം (24: 15) പോലെയാണിത് (ഫത്ഹുൽ ബാരി).
ഇബ്നു ഉസൈമീൻ മുകളിലെ ഹദീസ് വിശദീകരിച്ചു കൊണ്ടെഴുതി: "പ്രേരിപ്പിക്കുകയും പിന്തിരിപ്പിക്കുകയും ചെയ്യുന്ന ഹദീസാണിത്. ആദ്യ വചനത്തിൽ സ്വർഗം തേടാൻ പ്രേരിപ്പിക്കുന്നു. കാരണം, ഓരോരുത്തരുടെയും ചെരിപ്പിന്റെ വാറിന്റെയത്ര അടുത്താണത്.

ഒരൊറ്റ നല്ല വാക്ക് അവനെ സ്വർഗത്തിലെത്തിക്കുന്നു. മറ്റൊരാശയം കൂടി ഈ ഹദീസിലുണ്ട്: മനസ്സ് വിശാലമായവർക്ക് ഏത് നന്മയും നിഷ്പ്രയാസം ചെയ്യാനാവുന്നു. സ്വർഗത്തിലേക്കുള്ള പാത അവർക്ക് എളുപ്പമാവുന്നു."

ഇബ്നുൽ ജൗസി (റ) പറഞ്ഞു: "ഹദീസിന്റെ ആശയമിതാണ്: സ്വർഗം നേടൽ എളുപ്പമാണ് -വിചാരം നന്നാക്കുക. പുണ്യങ്ങൾ പ്രവർത്തിക്കുക എന്നിവ മാത്രം മതി. നരക പ്രവേശവും അപ്രകാരം തന്നെ- ദേഹേഛയെ അനുഗമിക്കുക, പാപങ്ങൾ പ്രവർത്തിക്കുക. ഇവ മതി" (ഫത്ഹുൽ ബാരി).

ആളുകൾ ചെറുതെന്ന് കരുതുന്ന പല നന്മകൾക്കും അല്ലാഹുവിന്റെയടുക്കൽ വലിയ പ്രതിഫലമുണ്ടാവും. ചെറുതെന്ന് കരുതുന്ന പല തിന്മകൾക്കും അല്ലാഹുവിന്റെയടുക്കൽ വലിയ ശിക്ഷയുമുണ്ടാവും. വഴിയിലെ മുള്ളുള്ള കമ്പ് ഒഴിവാക്കിയതിന്റെ പേരിൽ മാത്രം ഒരാളുടെ പാപങ്ങൾ പൊറുക്കപ്പെട്ടുവെന്ന്  തിരുദൂതർ പറഞ്ഞു  (ഇബ്നു ഹിബ്ബാൻ).

നായക്ക് വെള്ളം നൽകിയതിന്റെ പേരിൽ സ്വർഗത്തിൽ പ്രവേശിച്ച ഒരാളെയും, പൂച്ചയെ കെട്ടിയിട്ട് ആഹാരം നൽകാതിരുന്നതിനാൽ നരകത്തിൽ പ്രവേശിച്ച മറ്റൊരു സ്ത്രീയെയും റസൂലുല്ലാഹി (സ) പരിചയപ്പെടുത്തി (ബുഖാരി, മുസ്്ലിം).

അവിടുന്ന് പഠിപ്പിച്ചു: "ഒരു നന്മയെയും നിസ്സാരമായി കാണരുത്. അത് നിന്റെ സഹോദരനെ പ്രസന്നവദനത്തോടെ നോക്കുന്നതായാൽ പോലും" (മുസ്്ലിം).

പുണ്യ-പാപങ്ങൾ എത്ര ചെറുതായാലും അവയെ നിസ്സാരമായി കാണരുതെന്നാണ് ഇവയെല്ലാം പഠിപ്പിക്കുന്നത്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 22-25
ടി.കെ ഉബൈദ്

ഹദീസ്‌

സ്വർഗവും നരകവും അടുത്ത് തന്നെയുണ്ട്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്