Prabodhanm Weekly

Pages

Search

2024 ജനുവരി 12

3335

1445 ജമാദുൽ ആഖിർ 30

ശതവാര്‍ഷികം ആഘോഷിക്കുന്ന സമസ്തയിലെ പുനരേകീകരണ സാധ്യതകള്‍

എ.ആർ

1926-ല്‍ നിലവില്‍വന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ശതാബ്ധി ആഘോഷ സമ്മേളനം 2026-ല്‍ നടക്കുമെന്ന് പണ്ഡിത സംഘത്തിന്റെ ജനറല്‍ സെക്രട്ടറി ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷ ഉദ്ഘാടന സമ്മേളനം ജനുവരി 28-ന് ബംഗളൂരുവിൽ നടക്കും. കാസര്‍കോട് നടന്ന എ.പി അബൂബക്കര്‍ മുസ് ലിയാരുടെ നേതൃത്വത്തിലുള്ള സമസ്തയുടെ 100-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന് ശേഷമാണ് ഔദ്യോഗിക സമസ്തയുടെ അറിയിപ്പ് വന്നിരിക്കുന്നത്. മാത്രമല്ല, സംഘടനയില്‍നിന്ന് പുറത്തു പോയ എ.പി വിഭാഗത്തിന് 100-ാം വാര്‍ഷികം ആഘോഷിക്കാന്‍ അര്‍ഹതയില്ലെന്നു കൂടി ജിഫ്രി തങ്ങള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്കതില്‍ വിരോധമുണ്ടെന്ന കാര്യവും അദ്ദേഹം മറച്ചുവെച്ചിട്ടില്ല. അതേസമയം ഐക്യസാധ്യത അദ്ദേഹം തള്ളിക്കളഞ്ഞിട്ടുമില്ല. 1989-ല്‍ കേരളത്തിലെ ഏറ്റവും വലിയ മുസ് ലിം പണ്ഡിത സംഘടനയെ പിളര്‍ത്തിയാണ് സെക്രട്ടറി എ.പി അബൂബക്കര്‍ മുസ് ലിയാര്‍ പുതിയൊരു സമസ്തക്ക് കൂടി രൂപം നല്‍കിയത്.

മാതൃസംഘടനയില്‍നിന്ന് നല്ലൊരു വിഭാഗം മുസ് ലിയാക്കളെ തന്റെ കൂടെ കൂട്ടാന്‍ മിടുക്ക് കാട്ടിയ അദ്ദേഹം തന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ ശക്തവും ഭദ്രവുമാക്കുന്നതില്‍ വിജയിച്ചതായാണ് സാമാന്യ വിലയിരുത്തല്‍. പിളര്‍പ്പിന്റെ അടിയൊഴുക്ക് കേവലം മതപരമെന്നതിലേറെ സംസ്ഥാന രാഷ്ട്രീയം കൂടി അതില്‍ നിര്‍ണായകമായിരുന്നു എന്നതാണ് സത്യം. സയ്യിദ് അബ്ദുര്‍റഹ് മാന്‍ ബാഫഖി തങ്ങള്‍ മുസ് ലിം ലീഗിന്റെ പ്രസിഡന്റായ കാലം മുതല്‍ സമസ്തയും മുസ് ലിം ലീഗും തമ്മിലെ ബന്ധം ഇരട്ടക്കുട്ടികളുടേത് പോലെയായിരുന്നു എന്ന് പറയുന്നതാണ് ശരി. സമസ്തക്ക് അഹിതകരമായ ഒരു തീരുമാനവും ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. കെ.എം സീതി സാഹിബ്, എം.കെ ഹാജി തുടങ്ങിയ മുജാഹിദ് പശ്ചാത്തലമുള്ള നേതാക്കള്‍ മുസ് ലിം ലീഗിന്റെ ഉന്നത ശ്രേണികളില്‍ ഉണ്ടായിരുന്നിട്ടും ലീഗിനെ സമസ്തയുമായും സമസ്തയെ ലീഗുമായും ബന്ധിച്ചു നിര്‍ത്തുന്നതില്‍ ബാഫഖി തങ്ങള്‍ അസാധാരണ മിടുക്ക് കാണിച്ചു. രണ്ട് സംഘടനകളുടെയും നേതൃശ്രേണിയില്‍ അദ്ദേഹം സമചിത്തതയോടെ നിലയുറപ്പിക്കുകയും ചെയ്തു. സമസ്തയും മുജാഹിദ് വിഭാഗവും പരസ്യമായി ഏറ്റുമുട്ടിയ കാലത്തും രണ്ടിന്റെയും രക്ഷാകര്‍തൃത്വം മുസ് ലിം ലീഗിന്റെ കൈകളിലൊതുങ്ങി. 1972-ല്‍ അബ്ദുര്‍റഹ്്മാന്‍ ബാഫഖി തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളെ മുസ് ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാക്കി സി.എച്ച് മുഹമ്മദ് കോയ പാര്‍ട്ടിയെ പിടിയിലൊതുക്കിയതോടെയാണ് ഉമ്മര്‍ ബാഫഖി തങ്ങള്‍, എം.കെ ഹാജി, പി.എം അബൂബക്കര്‍, ചെറിയ മമ്മുകേയി തുടങ്ങിയ നേതാക്കള്‍ പിണങ്ങിപ്പിരിഞ്ഞു അഖിലേന്ത്യാ മുസ് ലിം ലീഗ് എന്ന പേരില്‍ പുതിയൊരു പാര്‍ട്ടിക്ക് രൂപം നല്‍കിയത്. ആ പാര്‍ട്ടി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു ഔദ്യോഗിക ലീഗിനെതിരെ പൊരുതാന്‍ തുടങ്ങിയപ്പോള്‍ അതിന്റെ അനുരണനങ്ങള്‍ സമസ്തയിലും പ്രകടമാവാന്‍ തുടങ്ങി. ഇ.കെ അബൂബക്കര്‍ മുസ് ലിയാര്‍ നയിച്ച സുന്നി പണ്ഡിത സംഘടനയുമായി എ.പി അബൂബക്കര്‍ മുസ് ലിയാര്‍ ബന്ധം വിഛേദിച്ചു സ്വന്തമായ പണ്ഡിത സഭക്ക് രൂപം നല്‍കിയതില്‍ ഈ രാഷ്ട്രീയ പശ്ചാത്തലം കൂടി പങ്ക് വഹിച്ചിരുന്നു. മുസ് ലിം ലീഗ് പത്രത്തിന്റെ രൂക്ഷമായ എതിര്‍പ്പും പരിഹാസവും എ.പി വിഭാഗത്തെ സി.പി.എമ്മിനോട് അടുപ്പിച്ചതോടെ 'അരിവാള്‍ സുന്നികള്‍' എന്ന അപരനാമവും അവരുടെ മേല്‍ പതിച്ചു നൽകപ്പെട്ടു.

അഹ് ലുസ്സുന്നത് വൽ ജമാഅ എന്ന് സ്വയം അവകാശപ്പെടുന്ന സമസ്ത വിശ്വാസപരമായി അശ്അരി-മാതുരീദി ധാരയോടും കര്‍മശാസ്ത്രപരമായി ശാഫിഈ-ഹനഫി മദ്ഹബുകളോടും കടുത്ത പ്രതിബദ്ധത പുലര്‍ത്തുന്നു. അക്കാര്യത്തില്‍ രണ്ട് ഗ്രൂപ്പുകള്‍ക്കുമിടയില്‍ ഭിന്നതകളില്ല. ഫറോക്ക് എട്ടാം പ്രമേയം എന്ന പേരില്‍ സമസ്തയുടെ വാർഷിക സമ്മേളനം പച്ചക്കൊടി കാട്ടിയ ഉറുക്ക്, മന്ത്രം, മാല, മൗലിദ്, പരേതാത്മാക്കളെ ഇടയാളന്മാരാക്കിയുള്ള പ്രാര്‍ഥന, ജുമുഅ ഖുതുബയുടെ പരിഭാഷാ വിലക്ക് തുടങ്ങിയ ആചാരങ്ങളിലൊന്നും ഇരു സമസ്തകള്‍ക്കും അഭിപ്രായാന്തരങ്ങളില്ല; ഇപ്പറഞ്ഞതില്‍ പലതും കാലത്തിന് വഴിമാറിയെങ്കിലും. നേതൃതലത്തിലെ വ്യക്തിനിഷ്ഠമായ ഇഷ്ടാനിഷ്ടങ്ങളാണ് പലതവണ നടന്ന പുനരേകീകരണ ശ്രമങ്ങളെ വിഫലമാക്കിയതെന്നാണറിവ്. നേരത്തെ എ.പി വിഭാത്തിനുണ്ടായിരുന്ന കാര്‍ക്കശ്യത്തിന് അയവ് വന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സുന്നി ഐക്യത്തിന് അനുകൂലമായാണ് സമീപകാലത്തായി എ.പി അബൂബക്കര്‍ മുസ് ലിയാര്‍ പ്രതികരിക്കാറ്. നടേ സൂചിപ്പിച്ച ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഐക്യത്തെക്കുറിച്ച പ്രതികരണവും അയവുള്ള സമീപനത്തെ ദ്യോതിപ്പിക്കുന്നു. എങ്കില്‍ ഇരു വിഭാഗങ്ങളും ഒരുമിച്ചിരുന്ന് അര്‍ഥവത്തായ ചര്‍ച്ചകളിലൂടെ പുനരേകീകരണത്തിന് വഴിതുറക്കുകയും അങ്ങനെ 2026-ല്‍ ശതവാര്‍ഷികം ഒരേ കൊടിക്കീഴില്‍ ഒരേ നേതൃത്വത്തില്‍ ആഘോഷിക്കുന്നതുമാവില്ലേ സന്ദര്‍ഭത്തിന്റെ താല്‍പര്യം? ഒരു വശത്ത് മുസ് ലിം ലീഗും മറുവശത്ത് സി.പി.എമ്മും ഈ പുനരേകീകരണത്തിന്റെ ലാഭനഷ്ടങ്ങളെയും വരുംവരായ്കകളെയും രാഷ്ട്രീയ ലാഭക്കണ്ണിലൂടെ നിരീക്ഷിച്ചു തദടിസ്ഥാനത്തില്‍ നിലപാടുകളെടുക്കുക സ്വാഭാവികമാണ്. പക്ഷേ, ഒരു പാര്‍ട്ടിയോടും അടുപ്പമോ എതിര്‍പ്പോ ഇല്ലാത്തത് എന്നവകാശപ്പെടുന്ന സ്വതന്ത്രാസ്തിത്വമുള്ള മത പണ്ഡിത സഭക്ക് സര്‍വോപരി പരിഗണനാര്‍ഹമായിട്ടുള്ളത് സ്വന്തം ഭൂമികയുടെ നിലനില്‍പും ഭദ്രതയുമാണെന്നത് വിസ്മരിച്ചു കൂടാ.

പിളര്‍ന്ന ഏത് സംഘടനയുടെയും പുനരേകീകരണത്തിന്റെ മുന്നിലെ മുഖ്യ തടസ്സം, പിളര്‍പ്പിനെ തുടര്‍ന്ന് ഇരു കഷ്ണങ്ങളുടെയും ഭാരവാഹികളും വക്താക്കളുമായി ഉയര്‍ന്നുവരുന്നവരുടെ സ്ഥാനനഷ്ടത്തെക്കുറിച്ച ആശങ്കകളാണ്. ഒന്നായിരുന്നപ്പോള്‍ സംഘടനയില്‍ ഒന്നുമല്ലാതിരുന്നവര്‍, രണ്ടോ മൂന്നോ കഷ്ണങ്ങളായി സംഘടന ചിതറുന്നതോടെ അതേവരെ താഴെ തട്ടില്‍ കിടന്നവര്‍ പൊടുന്നനെ മേലോട്ട് വരുന്നു. പിന്നെ അവരാകും ഗ്രൂപ്പിന്റെ ശക്തരായ വക്താക്കളും നേതാക്കളും. അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും മാര്‍ഗത്തിലെ ഏറ്റവും വലിയ തടസ്സവും അവരായിരിക്കും. അത്തരക്കാരെ ഒതുക്കിയും അനുനയിപ്പിച്ചും മാതൃസംഘടനയെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരണമെങ്കില്‍ യഥാര്‍ഥ ഗുണകാംക്ഷികളും തന്ത്രജ്ഞരുമായ മൂന്നാം ശക്തി ഇടപെടേണ്ടി വരും. മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പും പിന്നീട് പ്രഖ്യാപിക്കപ്പെട്ട ലയനവും, വൈകാതെ മര്‍കസുദ്ദഅ്‌വയുടെ തിരിച്ചുപോക്കും അതിനിടെ പൊട്ടിമുളച്ച വിസ്ഡം ഗ്രൂപ്പുമെല്ലാം രൂപപ്പെട്ട സാഹചര്യം പരിശോധിച്ചാല്‍ വ്യക്തികളുടെ വാശിയും നടേപറഞ്ഞ നേതൃപ്രശ്‌നങ്ങളും അതില്‍ മുഖ്യ പങ്കുവഹിച്ചതായി കാണാം. പിളര്‍ന്ന ശേഷം ഓരോ ഗ്രൂപ്പും തങ്ങളുടെ വേറിട്ട അസ്തിത്വത്തിന് ന്യായീകരണമൊരുക്കാന്‍ ആദര്‍ശപരവും ആശയപരവുമായ അഭിപ്രായാന്തരങ്ങളെ ഉയര്‍ത്തിപ്പിടിക്കാറുണ്ട്. അതുപക്ഷേ, ജനദൃഷ്ടിയില്‍ സ്വന്തം നിലപാടുകളെ തത്ത്വാധിഷ്ഠിതമെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രത മാത്രമാണ്. പിളര്‍പ്പിന് മുമ്പ് സംഘടനക്കുള്ളില്‍നിന്ന് കൊണ്ടുതന്നെ ഇത്തരം ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ കാണാം. മനുഷ്യന്‍ ചിന്തിക്കുന്ന ജീവിയായിരിക്കുന്നേടത്തോളം കാലം എല്ലാ കാര്യങ്ങളിലും ഏകാഭിപ്രായം എന്ന സ്വപ്‌നം പുലരാനുള്ളതല്ല. 'ഇഖ്തിലാഫു ഉമ്മത്തീ റഹ് മതുന്‍' (എന്റെ സമുദായത്തിലെ അഭിപ്രായ ഭിന്നത അനുഗ്രഹമാണ്) എന്ന ഹദീസ് പ്രബലമല്ലെങ്കിലും സഹാബത്തിന്റെ ഭിന്നാഭിപ്രായങ്ങളെ പ്രവാചകന്‍ (സ) തള്ളിപ്പറഞ്ഞിരുന്നില്ലെന്നോര്‍ക്കണം. താന്‍ പറഞ്ഞതല്ല, ഭിന്നാഭിപ്രായമാണ് ശരി എന്ന് ബോധ്യപ്പെട്ടാല്‍ അതംഗീകരിക്കാനുള്ള ഹൃദയ വിശാലതയും സന്മനസ്സുമാണ് പ്രവാചക ശിഷ്യന്മാരില്‍നിന്നും മഹാന്മാരായ അവരുടെ പിന്‍ഗാമികളില്‍നിന്നും പഠിക്കേണ്ട പാഠം.

പറഞ്ഞുവന്നത് ഇരു സമസ്തകളുടെ പുനരേകീകരണ സാധ്യതയെക്കുറിച്ചാണ്. രാജ്യത്തിനകത്തും പുറത്തും ഒരുപോലെ അസ്തിത്വ ഭീഷണി തന്നെ നേരിടുന്ന മുസ് ലിം സമൂഹം കടന്നുപോവുന്ന പ്രതിസന്ധികളുടെ ഗര്‍ഹണീയതയെക്കുറിച്ച് തെല്ലെങ്കിലും ബോധമുള്ളവര്‍ പഴയ മുറിവുകള്‍ ഉണക്കി അസ്തിത്വ ഭീഷണികളെ ഒറ്റക്കെട്ടായി നേരിടുന്നതിനെക്കുറിച്ചാണ് സഗൗരവം ആലോചിക്കേണ്ടത്. മുസ് ലിം വ്യക്തിനിയമത്തിനും ശരീഅത്തിനുമെതിരെ മാര്‍ക്‌സിസ്റ്റ് താത്ത്വികാചാര്യന്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് അതിശക്തമായ ആക്രമണം അഴിച്ചുവിട്ട പശ്ചാത്തലത്തില്‍, എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ് ലിം ലീഗും അഖിലേന്ത്യാ മുസ് ലിം ലീഗും കഴിഞ്ഞതെല്ലാം മറന്ന് ഒന്നായ സംഭവം നമ്മുടെ സ്മൃതിപഥത്തിലുണ്ട്. നേരത്തെ പലരും നടത്തിയ അനുരഞ്ജന ശ്രമങ്ങള്‍ പാളിയ ദുരനുഭവം നിലനില്‍ക്കെ, അടിസ്ഥാനാദര്‍ശത്തിന് നേരെ ഉയര്‍ന്ന ഭീഷണി ഒരേ ഭൂമികയില്‍ നിലയുറപ്പിച്ചുവേണം നേരിടാനെന്ന, ഇരു പക്ഷത്തെയും നേതൃത്വങ്ങള്‍ക്കുണ്ടായ തിരിച്ചറിവാണ് ഉപാധികളില്ലാത്ത ലയനത്തിലേക്ക് നയിച്ചത്. ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ചിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് മുസ് ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണെങ്കില്‍ മറുപക്ഷക്കാരനായിരുന്ന ഇ.ടി മുഹമ്മദ് ബഷീര്‍ അതിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ്. ഒരു അപശബ്ദവും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്തുനിന്നോ പുറത്തുനിന്നോ ഉയരുന്നില്ല. സമസ്തയുടെ നൂറാം വാര്‍ഷികാഘോഷം തത്തുല്യമായ പരിണതിക്ക് വഴിയൊരുക്കുമെങ്കില്‍, ഇരു കൂട്ടരും പ്രതിനിധാനം ചെയ്യുന്ന സമുദായം ആഹ്ലാദപൂര്‍വം കൈയടിക്കുമെന്ന് തീര്‍ച്ച. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 22-25
ടി.കെ ഉബൈദ്

ഹദീസ്‌

സ്വർഗവും നരകവും അടുത്ത് തന്നെയുണ്ട്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്