ഒ.ഐ.സി ഇങ്ങനെ തുടരേണ്ടതുണ്ടോ?
ഈ തലവാചകത്തിൽ വന്ന മുഖവാക്ക് (ലക്കം 3333) ശ്രദ്ധേയമായി. 1969- ൽ ഇത്തരമൊരു വേദി രൂപവത്കരിക്കുമ്പോൾ അന്ന് ആർജവത്തോടെ കാര്യങ്ങൾ പറയാൻ ഒരു ഫൈസൽ രാജാവ് ഉണ്ടായിരുന്നു.
ഇന്ന് 57- രാഷ്ട്രങ്ങൾ ഈ വേദിയിൽ അംഗങ്ങളാണ്. എന്നിട്ടും ഏറ്റവും ചുരുങ്ങിയത് ആർജവമുള്ള ഒരു പ്രസ്താവന പോലും ആരും നടത്തിക്കാണുന്നില്ല. ഇനി ആരെങ്കിലും പ്രസ്താവന നടത്തുന്നുണ്ടെങ്കിൽ തന്നെ, അതിന് മൊട്ടു സൂചിയുടെ വില പോലുമില്ല. ഇത്തരം വേദികൾ കൊണ്ടൊന്നും ഒരു പ്രയോജനവും മുസ് ലിം സമൂഹത്തിനില്ല എന്നത് ഈ യുദ്ധത്തോടു കൂടി വ്യക്തമായിക്കഴിഞ്ഞു.
ഈ അമ്പത്തേഴ് രാഷ്ട്രങ്ങളിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധം തുടരുന്നവ ഇപ്പോഴുമുണ്ട്. അതുകൊണ്ടു തന്നെ എത്ര തവണ ഒ.ഐ.സി യോഗം ചേർന്ന് നെടുങ്കൻ പ്രസ്താവന ഇറക്കിയാലും ഇസ്രായേലിനെ അതൊന്നും ബാധിക്കാൻ പോകുന്നില്ല. അത്തരം രാഷ്ട്രങ്ങൾ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കുന്നു എന്ന ഒറ്റ വരി പ്രസ്താവന ഇറക്കി നോക്കട്ടെ, നന്നെ ചുരുങ്ങിയത് ഇസ്രായേൽ വെടിനിർത്തലിന് സന്നദ്ധമായി താനേ ഗസ്സയിൽനിന്ന് മടങ്ങും, അതിന് ഒരു മുൻകാല അനുഭവം തന്നെയുണ്ട്. 1997-ൽ ശൈഖ് യാസീന്റെ ജയിൽ മോചനത്തിനുള്ള ശ്രമങ്ങൾ ഹമാസ് നേതൃത്വം സജീവമാക്കിയ കാലത്താണ് ഹമാസ് നേതാവ് ഖാലിദ് മിശ്അലിനെതിരെ ജോർദാൻ തലസ്ഥാനമായ അമ്മാനിൽ ഇസ്രായേൽ ചാര സംഘടനയുടെ വധ ശ്രമം ഉണ്ടാവുന്നത്.
നയതന്ത്ര ബന്ധം നില നിൽക്കെ ജോർദാന്റെ മണ്ണിൽനിന്ന് ജോർദാൻ പൗരത്വമുള്ള ഖാലിദ് മിശ്അലിനു നേരെയുള്ള ആക്രമണത്തിൽ രോഷാകുലനായ ഹുസൈൻ രാജാവ്, അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ പ്രതി മരുന്ന് നൽകാനും പ്രായശ്ചിത്തമെന്നോണം ജയിലിൽ കഴിയുന്ന ശൈഖ് യാസീനെ മോചിപ്പിക്കാനും ഇസ്രായേലിനോ ട് കടുത്ത ഭാഷയിൽ ആവശ്യപ്പെട്ടു. തുടർന്നു വരുന്ന നയതന്ത്ര ബന്ധം ഇപ്പോൾ റദ്ദ് ചെയ്യുമെന്നാണ് അന്ന് ഹുസൈൻ രാജാവ് അവരെ അറിയച്ചത്. ഇതിനകം വധശ്രമത്തിന് ശ്രമിച്ച രണ്ട് മൊസാദ് ചാരന്മാരെ ജോർദാൻ ഭരണകൂടം തടവിലാക്കിയിരുന്നു.
അറബ്- മുസ് ലിം ലോകത്ത് അമേരിക്കയുടെ അടുത്ത സുഹൃത്തായ ജോർദാനുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാവുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നെത്യനാഹുവിന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ മുന്നറിയിപ്പ് നൽകി. ഹുസൈൻ രാജാവ് ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കുമെന്ന ഒറ്റ മുന്നറിയിപ്പിലാണ് ചട്ടമ്പി രാഷ്ട്രം മുട്ടു മടക്കിയത്.
ഇസ്രായേലിന്റെ ഈ നരനായാട്ട് അവസാനിപ്പിക്കാൻ മുസ് ലിം ലോകത്ത് ഒരു ഫൈസൽ രാജാവോ, നന്നെ ചുരുങ്ങിയത് ഒരു ഹുസൈൻ രാജാവോ ഉയർന്നു വരേണ്ടതുണ്ട്.
പഠിക്കാൻ പലതുമുണ്ട് ഈ ചരിത്ര വിവരണത്തിൽ
ഇന്നലെകളിൽ വളരെ ഉയർന്ന നിലയിൽ ജീവിച്ചിരുന്ന ഒരു ജനസമൂഹം ഇന്ന് ദയനീയാവസ്ഥയിൽ കഴിയുന്നുണ്ടെങ്കിൽ, അതിൽനിന്ന് പഠിക്കാൻ പലതുമുണ്ടാകും. മേവാത്തിന്റെ ചരിത്രവും വർത്തമാനവും വിശകലനം ചെയ്ത് സദ്റുദ്ദീൻ വാഴക്കാട് എഴുതിയ ലേഖനങ്ങൾ (ലക്കം 3333) ഈ തലത്തിൽ നാം പഠനവിധേയമാക്കേണ്ടതാണ്. മഹത്തായ ചരിത്രമുള്ളവരും നാട് ഭരിച്ചവരുമൊക്കെയായിരുന്നു മേവാത്തിലെ മുസ് ലിംകൾ. ഇന്ന് അവർ പാടേ തകർന്നടിഞ്ഞ അവസ്ഥയിലാണുള്ളത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?
എത്ര ഉന്നത നിലയിൽ ജീവിക്കുന്ന സമൂഹമാണെങ്കിലും ഒരു ഘട്ടത്തിൽ അവർ തകർന്നു പോകാം എന്ന തിരിച്ചറിവാണ് മേവാത്തിന്റെ ചരിത്രം നൽകുന്ന ഒന്നാമത്തെ പാഠം. ഇതിന്റെ കാരണങ്ങൾ മനസ്സിലാക്കി, തിരുത്താനും തിരിച്ചുവരാനും ശ്രമിക്കുക എന്നതാണ് രണ്ടാമത്തേതും ഇന്ന് പ്രധാനവുമായ വിഷയം. അതല്ലാതെ, 'ന്റുപ്പുപ്പാക്ക് ഒരു ആനണ്ടേർന്നു' എന്ന് വീമ്പ് പറയുന്നതിലും ഭൂതകാലത്തിൽ അഭിരമിച്ചിരിക്കുന്നതിലും അർഥമൊന്നുമില്ല. അതുകൊണ്ട് ഭാവിതലമുറക്ക് ഒരു പ്രയോജനവും കിട്ടുകയുമില്ല. അനുഭവിക്കുന്ന ദുരന്തങ്ങൾ പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നിട്ടും ഫലമൊന്നും ഉണ്ടാകില്ല. മാറാനും മുന്നോട്ടു പോകാനും തയാറാവുക എന്നതാണ് പ്രധാനം.
അഡ്വ. ഉമർ ഫാറൂഖ് ഖത്തർ
+974 5010 8958
മൗലവി സാറിൻ്റെ ഓഫീസായി മാറിയ ഞങ്ങളുടെ കട
1954-ലാണ് എന്റെ അച്ഛന് ശ്രീ. നാരായണ പ്രഭു, അച്ഛന്റെ മുത്തച്ഛന്റെ പേരില്‍ V Dasa Prabhu & Sons എന്ന സ്ഥാപനം തുടങ്ങിയത്. ടി.എ മുഹമ്മദ് മൗലവിയുമായി 1958 മുതലുള്ള ബന്ധമാണ് ഞങ്ങള്‍ക്ക്. ഞാന്‍ ബിസിനസ്സിലേക്ക് തിരിഞ്ഞത് 1979-ലാണ്. 1975 മുതല്‍ കോളേജ് വെക്കേഷന് സമയത്ത് തന്നെ ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അന്നൊക്കെ ചായ ലേലം വ്യാഴാഴ്ച ദിവസമാണ്. ഉച്ചക്ക് ശേഷം മൗലവി സാറിന്റെ ഓഫീസ് പോലെയായിരുന്നു ഞങ്ങളുടെ കട. അദ്ദേഹത്തെ കാണാന്‍ ഒരുപാട് ആളുകള്‍ വരും. അവര്‍ മതപരവും സംഘടനാപരവും ആയ കാര്യങ്ങള്‍ ഞങ്ങളുടെ കടയില്‍ ഇരുന്ന് സംസാരിക്കുകയും പരിപാടികള്‍ക്കായി മൗലവിയെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യും.
അവിടേക്ക് ഫോണ്‍ കോളുകള്‍ വരും (അന്ന് ലാന്‍ഡ് ലൈന്‍ മാത്രമേ ഉള്ളൂ, STD Call വളരെ ചുരുക്കം). കടയിലെ സ്റ്റാഫ് ഷേണായി, മൗലവിയെ കാണാന്‍ വന്നവരുടെ ഫോണ്‍ നമ്പറുകള്‍ കളക്ട് ചെയ്ത് മൗലവിക്ക് നല്‍കും. മൗലവി കടയില്‍ വരുന്നതും കാത്ത് കടയുടെ അകത്തും പുറത്തും ധാരാളം ആളുകള്‍ നില്ക്കുന്നുണ്ടാവും. എന്റെ അച്ഛന് അവര്‍ക്ക് ചായ വാങ്ങി നല്‍കും. മൗലവിയോടുള്ള ബഹുമാനവും ഇഷ്ടവുംകൊണ്ട് മൗലവിയുടെ ആളുകളെ സ്നേഹത്തോടെ അച്ഛന് പരിഗണിച്ചു. പാവപ്പെട്ടവര്‍ക്കുള്ള സാമ്പത്തിക സഹായം, മത - സാംസ്കാരിക കാര്യങ്ങള്‍ എല്ലാം കടയില്‍ ഇരുന്നു തന്നെ സംസാരിക്കും. എനിക്ക് ഇതെല്ലാം പുതിയ അനുഭവമാണ്. വളരെ സൗമ്യമായ പെരുമാറ്റം. കാര്യങ്ങള്‍ വളരെ നല്ല വിധത്തില്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പ്രത്യേക കഴിവ് എടുത്തുപറയണം.
ഏതാണ്ട് 1991-1992 വരെ അദ്ദേഹം പതിവായി ലേല ദിവസം വന്നിരുന്നു. അച്ഛനുമായി നല്ല ബന്ധം ആയിരുന്നു. തുടര്‍ന്നും ആ ബന്ധം നിലനിര്‍ത്താന്‍ എനിക്ക് സാധിച്ചുവെന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ആ നല്ല Business Relationship ഇപ്പോഴും നിലനില്‍ക്കുന്നത് ആ രണ്ടു പിതാമഹന്മാരുടെ അനുഗ്രഹം കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അനില്‍കുമാര്‍ പ്രഭു
(ചായപ്പൊടി മൊത്ത വ്യാപാരി മട്ടാഞ്ചേരി, കൊച്ചി)
തിരുത്ത്
പ്രബോധനം 2024 ജനുവരി 5 ലക്കത്തിൽ പ്രസിദ്ധീകരിച്ച '2023 ഇസ്്ലാമോഫോബിയ കേരളത്തിൽ പ്രവർത്തിച്ച വിധം' എന്ന ലേഖനത്തിലെ 3.1 ഭാഗത്തെ 'ശബരിമല കുറേ കാലമായി മുസ് ലിംവിരുദ്ധ പ്രചാരണങ്ങളുടെ 'കേന്ദ്രമാണ് ' എന്ന വാചകം 'ശബരിമല തീർഥാടനത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയെ മുൻനിർത്തി കുറച്ചു കാലമായി മുസ് ലിംവിരുദ്ധ പ്രചാരണങ്ങൾ നടക്കാറുണ്ട്' എന്ന് വായിക്കണമെന്ന് അഭ്യർഥിക്കുന്നു.
ഡോ. കെ അശ്റഫ്, ബാബുരാജ് ഭഗവതി
Comments