വേണ്ടത് ഭാവിയിലേക്കുള്ള പ്രവർത്തന പദ്ധതികൾ
നാം ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അവയുടെ പരിഹാരത്തിനുള്ള ഏറ്റവും സുപ്രധാനമായ ചുവടുവെപ്പ്, നാം ഭാവിയെക്കുറിച്ച് ചിന്തിക്കാൻ തയാറാവുക എന്നതാണ്. എന്നാൽ, നിലവിലെ പ്രശ്നങ്ങളിൽ കെട്ടിമറിയുക എന്നതാണ് പൊതുവെ കണ്ടുവരുന്ന രീതി. നമ്മുടെ രാജ്യത്ത് പ്രശ്നങ്ങൾക്കൊന്നും ഹ്രസ്വകാല പരിഹാരങ്ങൾ ഇല്ല എന്നതാണ് നാം മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം. ദീർഘകാല പരിഹാരങ്ങളാണുള്ളത്. വരാൻ പോകുന്ന നാളെയെ മുൻനിർത്തിയാവണം പരിഹാര നിർദേശങ്ങൾ സമർപ്പിക്കേണ്ടതും കർമപദ്ധതി തയാറാക്കേണ്ടതും.
ഇന്ന് നമ്മുടെ രാജ്യത്തിന്റെയും ഇവിടെ ജീവിക്കുന്ന മുസ് ലിം സമുദായത്തിന്റെയും സ്ഥിതി വളരെ ആശങ്കാജനകമാണ്. നമുക്കറിയാവുന്നതു പോലെ, ഭരണഘടനാ മൂല്യങ്ങളുടെ അടിത്തറയിലാണ് നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ളത്. പക്ഷേ, രാഷ്ട്ര ഘടന തന്നെ അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യം, സ്വാതന്ത്ര്യം, എല്ലാ മതവിഭാഗങ്ങളോടും തുല്യ ആദരവ്, എല്ലാവർക്കും തുല്യാവസരങ്ങൾ, രാഷ്ട്രീയ- സാമ്പത്തിക - സാമൂഹിക നീതി- ഈ മൂല്യങ്ങളെക്കുറിച്ചാണ് വിവിധ ജനവിഭാഗങ്ങളെ ചേർത്തുനിർത്തുന്ന നമ്മുടെ ഭരണഘടന സംസാരിക്കുന്നത്. ആ മൂല്യങ്ങളെല്ലാം അവമതിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജനാധിപത്യത്തെ നാല് ഭാഗത്തുനിന്നും അപകടങ്ങൾ വലയംചെയ്തു നിൽക്കുന്നു. ഏകാധിപത്യമല്ല നമ്മുടെ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് ഫ്രഞ്ച് തത്ത്വചിന്തകൻ റോസൻ വെലോൺ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പോപുലിസമാണ് ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ജനങ്ങളെ കൈയിലെടുത്ത് അമ്മാനമാടുന്ന പോപുലിസ്റ്റ്, കരിസ്മാറ്റിക് നേതാക്കൻമാർ മീഡിയയെ അടക്കം വിലക്കെടുക്കുന്നു. സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി ജനവികാരങ്ങളെ ഇളക്കിവിടുന്നു.
പിന്നീട് തങ്ങളെ അധികാരത്തിലെത്തിച്ച ജനങ്ങളുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്നു. ലോകത്തെ എല്ലാ ജനാധിപത്യ സംവിധാനങ്ങളും ഈ ഭീഷണി നേരിടുന്നുണ്ട്. ഈ ഭീഷണി ഏറ്റവും ഭീമാകാരം പൂണ്ടുനിൽക്കുന്നത് നമ്മുടെ രാജ്യത്താണ്. സാമ്പത്തിക, സാമൂഹിക അസമത്വങ്ങൾ ഭീതിദമാം വിധം വർധിച്ചുവരുന്നതും ഭാവിയിൽ വലിയ ഭീഷണിയായിത്തീരും.
ഓക്സ്ഫാം പോലുള്ള ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം 2014-ന് ശേഷം ഓരോ വർഷവും ഇത്തരം അസമത്വങ്ങൾ വലിയ തോതിൽ കൂടുകയല്ലാതെ കുറയുന്നില്ല. രാജ്യത്തിന്റെ സമ്പത്തെല്ലാം ഏതാനും ശതകോടീശ്വരൻമാരുടെ കൈകളിൽ കുമിഞ്ഞുകൂടുകയാണ്. ജനങ്ങൾക്കാണെങ്കിൽ തൊഴിലില്ല; വരുമാനമില്ല. തങ്ങളുടെ അത്യാവശ്യങ്ങൾ നിറവേറ്റാനുള്ള വക കണ്ടെത്താനാവുന്നില്ല. കോടിക്കണക്കിന് മനുഷ്യർ ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്.
ഈ വെല്ലുവിളികൾ ഏറ്റവും കൂടുതലായി നേരിടേണ്ടിവരുന്നത് മുസ് ലിം സമൂഹം തന്നെയാണ്. നോക്കൂ, ഇന്ത്യയിലെ പകുതിയിലധികം സംസ്ഥാനങ്ങളിൽ ഇന്ന് ഒരു മുസ് ലിം മന്ത്രി പോലുമില്ല. ഇന്ത്യൻ മുസ് ലിം ചരിത്രത്തിൽ ഇത്തരമൊരു അനുഭവം ഇതാദ്യമാണ്. എന്നു മാത്രമല്ല, മുസ് ലിംകൾക്കെതിരിലുള്ള എന്ത് അതിക്രമങ്ങളും തികച്ചും സ്വാഭാവികവൽക്കരിക്കപ്പെട്ടിരിക്കുന്നു / നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായി ഞാനിതിനെ കാണുന്നു. അതേസമയം, ഭാവിയെക്കുറിച്ച് പറയുമ്പോൾ ഇത്തരം പ്രതിസന്ധികൾ മാത്രമായിപ്പോവരുത് നമ്മുടെ സംസാരം. നമ്മൾ സ്വപ്നം കാണുന്ന, നമ്മൾ സാക്ഷാൽക്കരിക്കണമെന്ന് ആഗ്രഹിക്കുന്ന ആ ഭാവി എന്താണ്? നമ്മൾ അത് എങ്ങനെ സാക്ഷാൽക്കരിക്കും? നമ്മുടെ ചർച്ചയുടെ മർമം ഇതായിരിക്കണം. ലോക ചരിത്രം പഠിച്ചു നോക്കൂ. അതിക്രമങ്ങൾ കൊടികുത്തി വാണ സന്ദർഭങ്ങളിലാണ് നവോത്ഥാന - പരിഷ്കരണ സംരംഭങ്ങളെല്ലാം ഉണ്ടായിവന്നിട്ടുള്ളത് എന്നു കാണാം. അതിക്രമത്തിന്റെ, അനീതിയുടെ, അവകാശ നിഷേധത്തിന്റെ, ഫാഷിസത്തിന്റെ ഈ തേരോട്ടത്തിന് അന്ത്യം കുറിക്കപ്പെടുമെന്നും ശോഭനമായ ഒരു ഭാവി പുലരുമെന്നും, ഇന്ത്യൻ ജനത വലിയ മാറ്റങ്ങൾക്ക് കളമൊരുക്കുമെന്നും തന്നെയാണ് നാം പ്രതീക്ഷിക്കുന്നത്. അത്തരമൊരു മുന്നേറ്റത്തിന് ദിശ നിർണയിച്ചു കൊടുക്കാൻ മുസ് ലിം സമൂഹത്തിന് കഴിയണം. നമ്മുടെ എല്ലാ കഴിവുകളും വിഭവങ്ങളും നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ, വൈകാരിക വിഷയങ്ങളിൽ നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. നമ്മുടെ കാഴ്ച പോകേണ്ടത് വരാൻപോകുന്ന കാലത്തേക്കാണ്. ഫാഷിസാനന്തര, വർഗീയാനന്തര, ഹിന്ദുത്വാനന്തര ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ നാം നിർവഹിക്കേണ്ട റോൾ എന്ത്? ഇതാണ് നാം ചിന്തിക്കേണ്ടത്.
നാല് വിഷയങ്ങളിൽ ഊന്നി നാം മുന്നോട്ടു പോകണമെന്നാണ് എനിക്ക് നിർദേശിക്കാനുള്ളത്.
ഒന്ന്: ഇന്ത്യൻ മുസ് ലിംകളുടെ ഐക്യം. ഐക്യപ്പെടുക എന്നത് നമ്മുടെ സുപ്രധാന അജണ്ടകളിലൊന്നായി മാറണം. നാം ഐക്യപ്പെടേണ്ടതുണ്ട്; കാരണം സമുദായ സുരക്ഷ അപകടത്തിലാണ്, ഫാഷിസ്റ്റു ശക്തികൾ രാഷ്ട്രത്തിന്റെ സകല മേഖലകളിലും പിടിമുറുക്കുകയാണ്, അല്ലെങ്കിൽ നമ്മുടെ വ്യക്തിനിയമങ്ങളും മസ്ജിദുകളും ഭീഷണി നേരിടുകയാണ് ..... ഇമ്മാതിരി വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടല്ല ഐക്യമുണ്ടാക്കേണ്ടത്. ഇത് നെഗറ്റീവ് അജണ്ടയാണ്. ഇത്തരം ഉദ്ദേശ്യങ്ങൾ പറഞ്ഞ് ഒരിക്കലും സ്ഥായിയായ ഐക്യം ഉണ്ടാക്കാൻ കഴിയില്ല. ഐക്യത്തിന്റെ അടിസ്ഥാനം ഒരു പ്രോ ആക്ടീവ് അജണ്ടയായിരിക്കണം. ക്രിയാത്മകമായ ഒരു വിഷന്റെയും പ്രവർത്തന പരിപാടിയുടെയും അടിസ്ഥാനത്തിൽ ഐക്യപ്പെടുക. നാം ഏത് സംഘടനയുടെ ഭാഗമാണെങ്കിലും നാലോ അഞ്ചോ മേഖലകളിൽ നമുക്കൊന്നിച്ച് ഭാവിയിലേക്ക് ഒരു പ്രവർത്തന പരിപാടി രൂപപ്പെടുത്താനാവുമെങ്കിൽ അതിനു വേണ്ടി യത്നിക്കുക. നിഷേധാത്മക അജണ്ടയല്ല, ക്രിയാത്മക അജണ്ടയായിരിക്കണം ഐക്യത്തിന്റെ ആധാരശില എന്നർഥം. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഒരു ആക് ഷൻ പ്ലാൻ ഉണ്ടാക്കി മുന്നോട്ട് പോവുക.
രണ്ട്: ഈ രാജ്യത്ത് നമ്മുടെ അജണ്ടയിൽ ഒന്നാമതായി വരേണ്ടതാണ് നീതി. ഇത് ഖുർആൻ തന്നെ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. മുസ് ലിം സമൂഹത്തിന്റെ നിയോഗ ലക്ഷ്യമായി പറയുന്നത്, അവർ തങ്ങളുടെ സുരക്ഷക്കായി നിലകൊള്ളണം എന്നല്ലല്ലോ. ജനങ്ങൾക്കു വേണ്ടി ഉയിർത്തെഴുന്നേൽപിക്കപ്പെട്ട ഉത്തമ സമുദായം എന്നതാണ് അവരുടെ വിശേഷണം. ആ സമുദായം ജനങ്ങൾക്കിടയിൽ നീതിക്കു വേണ്ടി നിലകൊള്ളുന്നവരാകണം എന്നും പറഞ്ഞിരിക്കുന്നു. ഈ അജണ്ടയുമായി നാം കർമ രംഗത്തിറങ്ങിയാൽ അത് സമുദായ ഐക്യത്തിന് നിദാനമാവുമെന്ന് മാത്രമല്ല, ഈ സമൂഹത്തിന്റെ സമകാലിക പ്രസക്തി മറ്റു ജനവിഭാഗങ്ങൾക്കെല്ലാം ബോധ്യമാവുകയും ചെയ്യും. പോലീസിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കാനും ഗവൺമെന്റ് തസ്തികകളിൽ എല്ലാ അധഃസ്ഥിത വിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യം ഉറപ്പ് വരുത്താനുമൊക്കെയുള്ള ശ്രമങ്ങൾ നീതി സംസ്ഥാപനത്തിന്റെ പരിധിയിൽ വരുന്നതാണ്. അതുകൊണ്ട് സമുദായത്തിന്റെ മുഖ്യ അജണ്ടയായി നീതിക്ക് വേണ്ടിയുള്ള പോരാട്ടം മാറേണ്ടതുണ്ട്.
മൂന്ന്: മുഴുവൻ ഇന്ത്യൻ സമൂഹങ്ങളിലേക്കും ഇറങ്ങിച്ചെന്നുകൊണ്ടുള്ള ഔട്ട് റീച്ച് പരിപാടികൾ ഉണ്ടാവണം. നാം നമ്മിൽ ഒതുങ്ങിക്കൂടേണ്ടവരല്ല. ജനങ്ങളുടെ ധാരണകളും കാഴ്ചപ്പാടുകളും തിരുത്താൻ മുന്നിട്ടിറങ്ങേണ്ടവരാണ്. ഈ രാജ്യത്തിന് ശോഭനമായ ഭാവി ഉണ്ടാവണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ അതിനു വേണ്ടിയുള്ള യത്നത്തിന്റെ ഒരു മുഖ്യ ഇനം, ജനങ്ങളുടെ ധാരണകളെയും വീക്ഷണഗതികളെയും മാറ്റുക എന്നതാണ്. ജനങ്ങളുടെ ചിന്തകളും ധാരണകളും മാറ്റിമറിച്ചുകൊണ്ടാണ് ഫാഷിസ്റ്റ് ശക്തികൾ അധികാരത്തിലേറിയതെന്ന് നാം മനസ്സിലാക്കണം. അവയെ നിങ്ങൾക്ക് മാറ്റിത്തിരുത്തണമെന്നുണ്ടെങ്കിൽ നിങ്ങൾ സാധാരണക്കാരുമായി ബന്ധങ്ങൾ ഉണ്ടാക്കിയേ പറ്റൂ. എല്ലാവരും ചേർന്ന് ഈ ദൗത്യം വിപുലമായ തോതിൽ നിർവഹിക്കേണ്ടിയിരിക്കുന്നു. ഓരോ വ്യക്തിയുടെയും ഹൃദയ വാതിലുകൾ മുട്ടിവിളിക്കണം. ഇതൊരിക്കലും പെട്ടെന്ന്, എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമല്ല. അതുകൊണ്ടാണ് തുടക്കത്തിൽ പറഞ്ഞത്, നമുക്ക് ഹ്രസ്വകാല പദ്ധതികളില്ല, ദീർഘകാല പദ്ധതികളേ ഉള്ളൂ എന്ന്.
നാല്: ഈ ദൗത്യങ്ങളൊക്കെ നിർവഹിക്കാൻ മുസ് ലിംകൾ സ്വയം ശാക്തീകരിക്കേണ്ടിയിരിക്കുന്നു. സാമ്പത്തികമായി അവർ മുന്നേറണം. വിദ്യാഭ്യാസപരമായി മുൻനിരയിലെത്തണം. ബിസിനസിൽ മുൻ നിരയിലുണ്ടാവണം. അവരുടെ ധാർമിക നിലവാരം ഏറ്റവും മികച്ചതായിരിക്കണം.
ഈ നാല് പോയന്റുകളും മുൻനിർത്തി മുസ് ലിംകളിലെ എല്ലാ വിഭാഗങ്ങളും ഒത്തുചേർന്ന് കൂട്ടായി പ്രവർത്തിച്ചാലേ അവ സാക്ഷാത്കരിക്കാനാകൂ. അങ്ങനെ ചെയ്താൽ ഈ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അവർക്ക് ശ്രദ്ധേയമായ പങ്കുണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഈ അജണ്ട അനുസരിച്ചാണ് നാം പ്രവർത്തിക്കുന്നതെങ്കിൽ വെല്ലുവിളികളെല്ലാം അവസരങ്ങളായി മാറുന്നത് നിങ്ങൾക്ക് കാണാനാകും. l
(ശാന്തപുരം അൽ ജാമിഅ ബിരുദ ദാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽ ചെയ്ത പ്രഭാഷണം)
Comments