Prabodhanm Weekly

Pages

Search

2024 ജനുവരി 12

3335

1445 ജമാദുൽ ആഖിർ 30

യുദ്ധ നിയമങ്ങൾ ബാധകമാകാത്ത ഗസ്സ

സി.എച്ച് അബ്ദുർറഹീം

ഗസ്സയിൽ ഇസ്രായേൽ, സഖ്യകക്ഷിയായ അമേരിക്കയുടെ പൂർണ സഹായത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രൂരമായ നരനായാട്ടിൽ സകല അന്താരാഷ്ട്ര യുദ്ധ നിയമങ്ങളും  മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഒന്നിലധികം ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങൾ വെടിനിർത്തലിന് ആഹ്വാനം ചെയ്തിട്ടും ഇസ്രായേൽ യുദ്ധ നിയമ ലംഘനങ്ങൾ തുടരുകയാണ്. ഇതിൽ ഏറ്റവും നീചമായ  ലംഘനങ്ങൾ നടക്കുന്നത് ആരോഗ്യ മേഖലക്ക് നേരെയാണ്;  പിന്നെ മാധ്യമ പ്രവർത്തകർക്ക് നേരെയും.

കാലിഫോർണിയ സർവകലാശാലാ മെഡിസിൻ വിഭാഗം പ്രഫസർ Dr. Rupa Mariya യുടേതായി ഈയിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ (Courtesy: Counter Currents.Org), ഫലസ്ത്വീനിലെ ഗസ്സയിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ജോലിക്കാർക്കെതിരെയും ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെയും ഇസ്രായേൽ സേന നടത്തിക്കൊണ്ടിരിക്കുന്ന അതിക്രൂരമായ അക്രമങ്ങളെയും യുദ്ധ നിയമ ലംഘനങ്ങളെയും കുറിച്ചും, അതിൽ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പുലർത്തിപ്പോരുന്ന നിസ്സംഗതയെയും ഇരട്ടത്താപ്പിനെയും കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. 1949-ലെ ജനീവാ കൺവെൻഷൻ ആർട്ടിക്ക്ൾ 19 പ്രകാരം; കെട്ടിടങ്ങളോ ചലിച്ചു കൊണ്ടിരിക്കുന്ന ആംബുലൻസ് പോലുള്ളവയോ ആയ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെ ഒരു സാഹചര്യത്തിലും ആക്രമിക്കാൻ പാടില്ല. അവയെല്ലാം ഏത് യുദ്ധ സാഹചര്യത്തിലും സംരക്ഷിക്കപ്പെടേണ്ടവയാണ്. International Humanitarian Law (Medical Personal) എന്ന ലോക രാജ്യങ്ങൾ അംഗീകരിച്ച മനുഷ്യാവകാശ നിയമത്തിന്റെ റൂൾ 25-ൽ പറയുന്നത് ആരോഗ്യ സംരക്ഷണത്തിന് മാത്രമായി നിയോഗിക്കപ്പെട്ട (പട്ടാളത്തിൽ പെടാത്ത) ആരോഗ്യ സംരക്ഷണ പ്രവർത്തകർ എല്ലാ യുദ്ധ സാഹചര്യങ്ങളിലും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണം എന്നാണ് (Medical Personal exclusively assigned to medical duties must be respected and protected in all circumstances – Rule 25). ഈ രണ്ടു  നിയമങ്ങളും ഒരുപോലെ ഊന്നിപ്പറയുന്ന  കാര്യമാണ് ഏത് സാഹചര്യത്തിലും എന്നത്. അതിനാൽ, യുദ്ധത്തിലെ ഏത് സാഹചര്യത്തിലും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളോ അവിടങ്ങളിലെ ജോലിക്കാരോ ഒരിക്കലും ആക്രമിക്കപ്പെടാൻ പാടില്ല. ഇതിൽ രണ്ടാമത് പറഞ്ഞ നിയമം 2002-ലെ Treaty of Rome പ്രകാരം, ലോക രാജ്യങ്ങൾ അംഗീകരിച്ചതും അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ കേസുകളിൽ ശിക്ഷ വിധിക്കാൻ ആധാരമാക്കിക്കൊണ്ടിരിക്കുന്നതുമാണ്.

ഈ നിയമങ്ങൾക്കും മറ്റനേകം മനുഷ്യാവകാശ പ്രമാണങ്ങൾക്കും നേർ വിപരീതമായാണ് ഇസ്രായേൽ പട്ടാളം ഗസ്സയിലെ ഒരു വിധം എല്ലാ ആശുപത്രികളെയും ആക്രമിച്ചു തകർത്തത്. ഏറ്റവും പ്രശസ്തമായ അൽ ശിഫാ ആശുപത്രി,  അൽ ഖുദുസ്  ആശുപത്രി, ഇന്തോനേഷ്യൻ ആശുപത്രി മുതൽ നൂറു കണക്കിന് കിടക്കകളും അത്യാധുനിക  ചികിത്സാ  സൗകര്യങ്ങളുമുള്ള ആശുപത്രികൾ തകർക്കപ്പെട്ടതിൽ പെടും. ഗസ്സയിലെ Healthcare Workers Watch എന്ന സംഘടന പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം, ആദ്യത്തെ അഞ്ചു ആഴ്ചയിൽ തന്നെ 200-ൽ അധികം ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു.  Euro med Human Rights Monitor ന്റെ റിപ്പോർട്ട് പ്രകാരം, യുദ്ധം 60 ദിവസം പിന്നിട്ടപ്പോൾ 23 ആശുപത്രികളും 56 ക്ലിനിക്കുകളും 51 ആംബുലൻസുകളും ഇസ്രായേൽ പട്ടാളം തകർത്തു. 214 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെടുകയും 247 പേർക്ക് സാരമായ പരുക്കേൽക്കുകയും ചെയ്തു.  പിറന്നുവീണ കുട്ടികൾ കിടക്കുന്ന ഡസൻ കണക്കിന് ഇൻക്യൂബേറ്ററുകൾ, അത്യാസന്ന നിലയിൽ ഇന്റൻസീവ് വാർഡിൽ  കഴിയുന്ന രോഗികൾ വരെ ആക്രമിക്കപ്പെടുകയോ അടിയന്തരമായി ഒഴിപ്പിക്കപ്പെടുകയോ ചെയ്തു. അതിൽ അനേകം  പേർ വഴിയിൽവെച്ചു  മരണമടഞ്ഞു. അൽ ശിഫാ ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടറെ വരെ ഇസ്രായേൽ പട്ടാളം അറസ്റ്റ് ചെയ്തു കൊണ്ടുപോയി. Palestine Red Crescent society (PRCS)  യുടെ  റിപ്പോർട്ട് പ്രകാരം, അൽ ഖുദുസ് ആശുപത്രിക്കകത്തും അങ്കണത്തിലും തടിച്ചുകൂടിയിരുന്ന 14,000-ത്തോളം വരുന്ന ആളുകളെ കേവലം 20 മീറ്റർ അകലത്തു നിന്ന് ഇസ്രായേൽ പട്ടാളം   വെടിവെച്ചു വീഴ്ത്തുകയായിരുന്നു. നവംബർ 11-ന് ഇസ്രായേൽ പട്ടാളം അൽ ശിഫാ ആശുപത്രി ആക്രമിക്കുമ്പോൾ, അവിടെ ഏകദേശം 1700 രോഗികൾ ഉണ്ടായിരുന്നു. അതിനു പുറമെ, 5000-ത്തിൽ പരം ആൾക്കാർ രോഗികളുടെ കൂടെയുള്ളവരും അഭയം തേടിയവരുമായി ഉണ്ടായിരുന്നു. നിശ്ശേഷം തകർക്കപ്പെട്ട ആശുപത്രിയിൽനിന്ന് 39 നവജാത ശിശുക്കളെ ഇൻക്യൂബേറ്ററിൽനിന്ന് മാറ്റി കമ്പിളികളിൽ പൊതിഞ്ഞു മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. ആ കുഞ്ഞുങ്ങളിൽ ഭൂരിഭാഗവും വഴിയിൽവെച്ച് മരണപ്പെട്ടു. ഇസ്രായേൽ ഭരണകൂടവും പട്ടാളവും ഇതിനെയെല്ലാം ന്യായീകരിച്ചത്, ആശുപത്രി കെട്ടിടങ്ങളുടെ അടിയിൽ ഹമാസിന്റെ ഒളിത്താവളങ്ങൾ ഉണ്ട് എന്ന് പറഞ്ഞായിരുന്നു. ഡസൻ കണക്കിന് ആശുപത്രികൾ ബോംബിട്ട് നശിപ്പിച്ചിട്ടും എവിടെയും അത്തരം താവളങ്ങൾ ഉള്ളതായി വിശ്വസനീയമായ തെളിവൊന്നും അവർക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ മുമ്പാകെ ഹാജരാക്കാൻ കഴിഞ്ഞില്ല.  പിഞ്ചു കുഞ്ഞുങ്ങളെയും അവശ രോഗികളെയും അവരെ ശുശ്രൂഷിക്കുന്ന ജോലിക്കാരെയും  ദയാദാക്ഷിണ്യമില്ലാതെ കൊന്നൊടുക്കിയിട്ടും അന്താരാഷ്ട്ര ആരോഗ്യ  കൂട്ടായ്മകളോ പ്രഫഷണൽ സമൂഹമോ ഒന്ന് അപലപിക്കുക പോലും ചെയ്തില്ല.  ലോകോത്തര ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മയായ American Medical Association (AMA) ഗസ്സയിൽ യുദ്ധം തുടങ്ങി ആഴ്ചകൾ പിന്നിട്ടപ്പോൾ  അവരുടെ ആഗോള അംഗങ്ങളുടെ (House of Delegates) ഒരു യോഗം വിളിച്ചുചേർത്തു. അതിലെ 135 അംഗങ്ങൾ ഗസ്സയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റു ആരോഗ്യ പ്രവർത്തകർക്കും നേർക്ക് നടക്കുന്ന യുദ്ധ ലംഘനത്തെക്കുറിച്ചു സംസാരിക്കാനും ഉടനെ വെടിനിർത്താൻ ആവശ്യപ്പെടാനും നോട്ടീസ് നൽകിയിരുന്നു. അത്തരം നോട്ടീസ് കിട്ടിയാൽ അവരുടെ അസോസിയേഷന്റെ നിയമാവലിയിൽ തന്നെ ഏറ്റവും കുറഞ്ഞത് 90 സെക്കന്റ് എങ്കിലും സംസാരിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ട്. പക്ഷേ, അധ്യക്ഷൻ അത് നിഷേധിച്ചു. തങ്ങളുടെ അംഗങ്ങൾ പോലും ഗസ്സയിൽ ഇസ്രായേൽ പട്ടാളത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് അറിഞ്ഞിട്ടു പോലും അധ്യക്ഷൻ വഴങ്ങിയില്ല.  ഇതേ സംഘടന 2022-ൽ സമാന സാഹചര്യത്തിൽ യുക്രെയ്്നിലെ ആരോഗ്യപ്രവർത്തകർക്കു വേണ്ടി എന്ത് വില കൊടുത്തും അവരെ സംരക്ഷിക്കാൻ വേണ്ടി പ്രമേയം പാസാക്കിയിരുന്നു.

യുദ്ധം തുടങ്ങി ആഴ്ചകൾക്കകം 60 മാധ്യമ പ്രവർത്തകരെ ഇസ്രായേൽ പട്ടാളം കൊന്നതായി ഗസ്സയിലെ Government Media Office അറിയിക്കുകയുണ്ടായി.  Euro med Human Rights Monitor ന്റെ റിപ്പോർട്ട് പ്രകാരം, 150 മാധ്യമ സ്ഥാപനങ്ങളാണ് ഗസ്സയിൽ ഇസ്രായേൽ സൈന്യം തകർത്തത്.   മാധ്യമ പ്രവർത്തകരുടെ സന്നദ്ധ സംഘടനയായ Palestine Journalist Syndicate ന്റെ ഔദ്യോഗിക വക്താവായ നാസർ അബൂബക്കറിന്റെ ഭാഷയിൽ, “ഫലസ്‌ത്വീൻ പ്രശ്നം തുടങ്ങിയതു മുതൽ ശരാശരി കൊല്ലത്തിൽ ഒരു മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നത് ഒക്ടോബർ 7-നു ശേഷം അത് ദിവസത്തിൽ ഒരാൾ എന്ന നിലക്ക് വർധിച്ചിരിക്കുന്നു”. കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരിൽ പ്രാദേശിക റിപ്പോർട്ടർമാർ മാത്രമല്ല, അന്താരാഷ്ട്ര ഏജൻസിയായ  റോയിട്ടറിന്റെ ജേർണലിസ്റ്റ് ഫോട്ടോഗ്രാഫർ ഇസ്്ലാം അബ്ദുല്ലയും പെടും.

മാധ്യമ പ്രവർത്തകരെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും ഇസ്രായേൽ പട്ടാളം തെരഞ്ഞുപിടിച്ചു കൊല്ലുന്നു. അൽ ജസീറയുടെ ഗസ്സ ചീഫ് വാഇൽ അൽ ദഹ്്ദൂഹിന്റെ ഭാര്യയും മകനും മകളും ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ അദ്ദേഹം യുദ്ധ മുഖത്ത് അൽ ജസീറക്കു വേണ്ടി തത്സമയ റിപ്പോർട്ട് നൽകുകയായിരുന്നു. തന്റെ വീട് ആക്രമിക്കപ്പെട്ടു എന്നറിഞ്ഞതോടെ ആശുപത്രിയിലേക്കു കുതിച്ച അദ്ദേഹത്തിന് കാണാൻ കഴിഞ്ഞത് തന്റെ കുടുംബം മുഴുവനും വ്യോമാക്രമണത്തിൽ മരിച്ചുകിടക്കുന്നതാണ്. ഫലസ്ത്വീൻ ഔദ്യോഗിക ന്യൂസ് ഏജൻസിയായ WAFA-യുടെ ലേഖകൻ മുഹമ്മദ് അബൂ അസീറ വധിക്കപ്പെട്ടത് നാല്പത്തിരണ്ടോളം കുടുംബാംഗങ്ങളുള്ള വീട് ഇസ്രായേൽ ആക്രമിച്ചപ്പോഴാണ്. ഫലസ്‌ത്വീൻ ടെലിവിഷൻ റിപ്പോർട്ടർ മുഹമ്മദ് അബൂ  അത്താബ് കൊല്ലപ്പെട്ടതും ഭാര്യയും മകനും സഹോദരനും അടങ്ങുന്ന 11 കുടുംബാംഗങ്ങളോടൊപ്പമാണ്. ഹമാസിന്റെ ഒളിത്താവളമാണ് ഉന്നം വെക്കുന്നത് എന്ന പച്ചക്കള്ളം പറഞ്ഞാണ് ഇസ്രായേൽ  പത്രപ്രവർത്തകരെ കൂട്ടക്കൊല നടത്തുന്നത്. ഈ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരെല്ലാം ഹമാസിന്റെ ഒക്ടോബർ 7-ലെ ആക്രമണത്തെകുറിച്ചു മുൻകൂട്ടി അറിഞ്ഞിരുന്നുവെന്നും അതു കൊണ്ടാണ് തത്സമയം അവിടെയെത്തി റിപ്പോർട്ട് ചെയ്യാൻ സാധിച്ചതെന്നുമാണ് ഇസ്രായേലിന്റെ ന്യായം. ലോകോത്തര യുദ്ധ രഹസ്യ വിഭാഗങ്ങൾ സ്വന്തമായുള്ള ഇസ്രായേലി പട്ടാളത്തിന് മുൻകൂട്ടി അറിയാൻ കഴിയാതിരുന്ന ഹമാസ് ആക്രമണം ഈ പാവം പത്രപ്രവർത്തകർ മുൻകൂട്ടി അറിഞ്ഞെന്ന്!  ഇസ്രായേലിന്റെ പ്രതിരോധ മന്ത്രിയും യുദ്ധ മന്ത്രി സഭയിലെ പ്രധാന അംഗവുമായ ബെന്നി ഗെൻസും ഇസ്രായേലിലെ ഐക്യരാഷ്ട്ര പ്രതിനിധി ഡാനി ഡാനനും അടക്കമുള്ള വളരെ ഉത്തരവാദപ്പെട്ട ഇസ്രായേൽ നേതാക്കളാണ് ഇത്തരം ബാലിശ വാദങ്ങൾ ഉന്നയിക്കുന്നത്.

യുദ്ധമുഖത്തെ സത്യാവസ്ഥ പുറത്തുവരുന്നത് ഇസ്രായേല്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ സ്വതന്ത്ര സ്വഭാവമുള്ള പത്രപ്രവര്‍ത്തകരെയോ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരെയോ അങ്ങോട്ട് കടത്തിവിടുന്നില്ല. NBC, CNN പോലെയുള്ള അമേരിക്കന്‍-ഇസ്രായേലി അനുകൂല മാധ്യമങ്ങള്‍ക്കു മാത്രമേ ഗാസ്സയിലേക്ക് പ്രവേശിക്കാനുള്ള പാസ്സ് നല്‍കുന്നുള്ളൂ. അവർ തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍  ഇസ്രായേലി അധികാരികള്‍ക്ക് സമര്‍പ്പിച്ച് അനുവാദം വാങ്ങി വേണം പുറത്തുവിടാൻ. യുദ്ധം തുടങ്ങിയതിനുശേഷം വിദേശ മാധ്യമങ്ങളെ മുഴുവന്‍ വിലക്കിക്കൊണ്ട് ഇസ്രായേല്‍ ഗവണ്‍മെന്റ് അവരുടെ വാര്‍ത്താ വിനിമയ നിയമങ്ങള്‍ ദേദഗതി വരുത്തി. വിദേശ ന്യൂസ് ഏജന്‍സികളുടെ ഓഫീസ്  അടച്ചുപൂട്ടി. പത്ര-ടെലിവിഷൻ മാധ്യമങ്ങള്‍ മാത്രമല്ല, ലബനാനിൽ നിന്ന് പ്രവര്‍ത്തിച്ചിരുന്ന അല്‍ മായാദിന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയാ വെബ്സൈറ്റ് വരെ ഇസ്രായേല്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു.

ഇങ്ങനെയൊക്കെ മാധ്യമങ്ങളെ അടിച്ചമര്‍ത്തിയിട്ടും ഇസ്രായേലിന്റെ പ്രചാരണതന്ത്രം പാളുകയാണ്.  ജീവന്‍ വിലകൊടുത്തും സത്യസന്ധരായ അനേകം പത്ര പ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും  യുദ്ധമുഖത്തെത്തി റിപ്പോര്‍ട്ട് ചെയ്യുകയും സമൂഹ മാധ്യമം എന്ന ശക്തമായ സംവിധാനത്തിലൂടെ അത് ലോകജനതക്ക് എത്തിക്കുകയും ചെയ്യുന്നു എന്നതാണതിന് കാരണം. തലക്കു മുകളില്‍ ബോംബുകള്‍ വര്‍ഷിക്കുമ്പോഴും, കുടുംബങ്ങള്‍ മരിച്ചുവീഴുമ്പോഴും, കെട്ടിടങ്ങൾ തകര്‍ക്കപ്പെടുമ്പോഴും തങ്ങളുടെ നിസ്സഹായാവസ്ഥ ലോകത്തെ അറിയിക്കണം എന്ന ഏക ലക്ഷ്യത്തോടെ ഫലസ്ത്വീൻ ജനത ദൃശ്യങ്ങള്‍ ഫോണില്‍ കൂടി തത്സമയം ഒപ്പിയെടുത്ത് ലോകത്തിന് എത്തിക്കുന്നുമുണ്ട്. തൽഫലമായാണ് വിവിധ ലോക  പട്ടണങ്ങളിലും തെരുവുകളിലും ലക്ഷക്കണക്കിന് ജനങ്ങള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് തെരുവില്‍ ഇറങ്ങിയത്.

അമേരിക്കയിലെ സോഷ്യല്‍ മീഡിയയാണ് ഇസ്രായേലിന്റെ ഫലസ്ത്വീന്‍ നരമേധം ഏറ്റവും കൂടുതല്‍ പുറത്തുകൊണ്ടുവരുന്നത്. അമേരിക്കന്‍ ചെറുപ്പക്കാരുടെ ഇടയില്‍ ഏറെ സ്വാധീനമുള്ള Face book ലും Twitter ലും  “ഹിറ്റ്ലര്‍ ജൂതന്മാരോട് ചെയ്തത് ശരിയായിരുന്നു” എന്നു വരെ പോസ്റ്റിംഗ് പ്രത്യക്ഷപ്പെടുകയുണ്ടായി. Twitter ഉടമ ഇലോൺ മസ്ക് പോലും ഇതിനോട് പ്രതികരിച്ച് “നിങ്ങള്‍ പറഞ്ഞതാണ് സത്യം” എന്ന പ്രതികുറിപ്പ് ഇറക്കി; പിന്നെ മാറ്റിപ്പറഞ്ഞെങ്കിലും.  Anti Defamation League എന്ന ഒരു ഇസ്രായേല്‍ അനുകൂല സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം, ഗസ്സയില്‍ യുദ്ധം തുടങ്ങി 40 ദിവസത്തിനുള്ളിൽ ഉണ്ടായ ജൂത വിരുദ്ധ (anti semitic) പ്രതിഷേധങ്ങൾ കഴിഞ്ഞ വര്‍ഷം മൊത്തം ഉണ്ടായതിന്റെ മൂന്നിലൊന്നില്‍ കൂടുതലാണ്.  Economist മാസികയുടെ ഒരു ജൂത ലേഖികക്കെതിരെ ഒരു അമേരിക്കന്‍ വനിത ആക്രോശിക്കുകയും ജൂത മതക്കാരുടെ അമേരിക്കയിലെ  വോട്ടിംഗ് അവകാശം  പിന്‍വലിക്കണം എന്നുപോലും ആവശ്യപ്പെടുകയുമുണ്ടായി. ഇത്തരം ജൂതവിരോധം വലതുപക്ഷക്കാരില്‍ കൂടിക്കൂടിവരുന്നതായി ആധികാരിക സര്‍വേകളില്‍ കാണുന്നു.

പെൻസിൽവാനിയ സ്റ്റേറ്റിലെ പിറ്റ്സ്ബര്‍ഗില്‍ ഒരു ജൂത സിനഗോഗിന്റെ നേരെ ആക്രമണം നടത്തിയ വ്യക്തി പറഞ്ഞത്, ഇവിടത്തെ ജൂതന്മാരെ മുഖ്യധാരക്കാരായ വെള്ളക്കാരെ മറികടക്കാന്‍ ഇനി അനുവദിക്കുകയില്ല എന്നാണ്.  അമേരിക്കയിലെ തന്നെ ചാര്‍ലട്ട്സ് വില്ലയില്‍ ‘അഭിനവ നാസികള്‍’ എന്ന പേരില്‍ ചിലർ ജൂത സമൂഹത്തിനെതിരെ പ്രകടനം നടത്തുകയുണ്ടായി.

കഴിഞ്ഞ ഡിസംബർ ആദ്യത്തിൽ അമേരിക്കയിലെ പ്രസിദ്ധമായ Harvard-Haris നടത്തിയ സർവേയിൽ, 18 വയസ്സു മുതൽ 24 വരെയുള്ളവരിൽ 67%-വും 25 മുതൽ 34 വരെയുള്ളവരിൽ 44%-വും ചെറുപ്പക്കാർ, ജൂതന്മാർ ഒരു സമൂഹമെന്ന നിലക്ക് അക്രമികളാണ് എന്ന് വിശ്വസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.  ഇവരുടെ മുൻ തലമുറക്കാരിൽ വെറും 10 % മാത്രമായിരുന്നു ജൂതർക്കെതിരെ അത്തരം ധാരണകൾ വെച്ചുപുലർത്തിയിരുന്നത്. അമേരിക്കയിൽ പുതിയ തലമുറ കാര്യങ്ങൾ വേണ്ടപോലെ മനസ്സിലാക്കിയിരിക്കുന്നു എന്നർഥം.

മറ്റൊരു വാക്കിൽ പറഞ്ഞാല്‍, ഗസ്സ ലോകജനതയുടെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയിരിക്കുന്നു. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 22-25
ടി.കെ ഉബൈദ്

ഹദീസ്‌

സ്വർഗവും നരകവും അടുത്ത് തന്നെയുണ്ട്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്