Prabodhanm Weekly

Pages

Search

2024 ജനുവരി 12

3335

1445 ജമാദുൽ ആഖിർ 30

കെ.ടി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ 

പി.എ.എം അബ്ദുൽ ‍ഖാദര്‍ തിരൂര്‍ക്കാട്‌ 

പാണ്ഡിത്യത്തിലും മതാധ്യാപനത്തിലും പ്രാഗത്ഭ്യം കാഴ്ചവെച്ച പട്ടിക്കാട് കാരാട്ട്‌തൊടി തറവാട്ടിലെ പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ മകനും റിട്ട. അധ്യാപകനുമായ കെ.ടി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ (77) വിടപറഞ്ഞു. അറബി ഭാഷാ പണ്ഡിതനും ദീനീ സംരംഭങ്ങളില്‍ വലിയ സഹകാരിയുമായിരുന്നു.

 ശാന്തപുരം ഇസ് ലാമിയാ കോളേജിലായിരുന്നു ദീനീ പഠനം. പട്ടിക്കാട് ഗവ. ഹൈസ്‌കൂളിലും തേലക്കാട് സ്‌കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. പണ്ഡിതന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട അദ്ദേഹം ശുദ്ധമായ ഭാഷാ ശൈലിയുടെയും സംസാര രീതിയുടെയും ഉടമയായിരുന്നു. കവിതാ രചനയിലും തല്‍പരനായിരുന്നു. തിരൂര്‍ക്കാട് ഇലാഹിയ്യഃ കോളേജിലും സുഊദി അറേബ്യയില്‍ ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ജോലി ചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഡി.പി.ഇ.പി, എസ്.എസ്.എ, ക്യു.ഐ.പി തുടങ്ങിയ സംവിധാനങ്ങളില്‍ സംഭാവനകളര്‍പ്പിച്ചു. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാമ്പ്രദായിക വിദ്യാഭ്യാസ രീതികളെക്കുറിച്ച് തന്റേതായ അഭിപ്രായങ്ങള്‍ ക്ലസ്റ്റര്‍ മീറ്റിംഗുകളിലും അധ്യാപക കൂട്ടായ്മകളിലും നിര്‍ഭയം തുറന്നു പറഞ്ഞിരുന്നു. പ്രവര്‍ത്തനാധിഷ്ഠിത അധ്യയന രീതികള്‍ ക്ലാസില്‍ അവതരിപ്പിക്കുന്നതില്‍ വളരെ ശ്രദ്ധാലുവായിരുന്നു. പെരിന്തല്‍മണ്ണയില്‍  ട്രാന്‍സലേഷന്‍ സെന്ററും നടത്തിയിരുന്നു. പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് സഹായമെത്തിക്കുന്നതിലും  മുന്‍പന്തിയിലായിരുന്നു.

ഭാര്യ: പട്ടിക്കാട് പാറക്കോട് മൊയ്തീന്‍ മാസ്റ്ററുടെ മകള്‍ സുബൈദ. മക്കള്‍: അസ് ലം അല്‍ ലബീബ് എന്ന ബാബു (യു.എ.ഇ), ഇബ്‌നുല്‍ വഫ (ഇലക്ട്രോ ഗ്രൂപ്പ്, തിരൂര്‍), അബിജ് അല്‍ഖമര്‍ (ഐ.എസ്.എ ഗ്രൂപ്പ്, പന്തല്ലൂര്‍), അബുറജ (ഇലക്ട്രോ, മണ്ണാര്‍ക്കാട്), ഫുആദ് അല്‍സാക്കി (യു.എ.ഇ), ബിന്‍തുല്‍ ഹുസ് ന്‍ (തിരൂര്‍ക്കാട്), ജുമാന ശാന്തപുരം, മാജിദ മലപ്പുറം. 

 

ഫാത്തിമ പൂക്കോയ തങ്ങൾ 

ഇസ്്ലാമിക പ്രസ്ഥാന മാർഗത്തിൽ ഏറെ ത്യാഗങ്ങൾ സഹിച്ച് വിടപറഞ്ഞുപോയ മർഹൂം ദേവതിയാൽ തങ്ങൾ എന്ന എൻ.കെ.എം പൂക്കോയ തങ്ങളുടെ പത്നി ഫാത്തിമ പൂക്കോയ തങ്ങൾ (പുത്തൂർ പള്ളിക്കൽ) അല്ലാഹുവിലേക്ക് യാത്രയായി. ദേവതിയാൽ തങ്ങളുടെ പ്രസ്ഥാന ജീവിതത്തിന് താങ്ങായി വർത്തിച്ച അവർ, അദ്ദേഹം അനുവർത്തിച്ചു പോന്ന പല മാതൃകകളും ജീവിതത്തിൽ പകർത്തിയാണ് കടന്നുപോയത്.

പുത്തൂർ പള്ളിക്കലിൽ അവരുടെ വീട്ടിൽ ചെല്ലുമ്പോഴെല്ലാം ആളുകളെക്കൊണ്ടുള്ള  ബഹളമായിരിക്കും അവിടെ. അതിൽ ജാതി-മത ഭേദമന്യേ എല്ലാവരും ഉണ്ടാവും. ആർക്കും എപ്പോഴും കേറിവരാവുന്ന ഒരു വീട്... പലർക്കും അതൊരു അത്താണിയായിരുന്നു. നാട്ടുകാരുടെയെല്ലാം 'എളേമ്മ'യായിരുന്ന അവർ വരുന്നവർക്ക് വാരിക്കോരി കൊടുക്കുന്ന  പ്രകൃതത്തിനുടമയായിരുന്നു. 
വറുതിയുടെ നാളുകളിൽ, ഇല്ലായ്മയുടെ കാലത്ത് ഏവർക്കും ഒരു അത്താണി തന്നെയായിരുന്നു അവർ. ഏതു ആഘോഷവേളകളിലും, പ്രത്യേകിച്ച് പെരുന്നാൾ ദിനങ്ങളിൽ സഹോദര സമുദായത്തിൽ നിന്നുള്ളവരുടെ വർധിച്ച തോതിലുള്ള സാന്നിധ്യം ആ വീട്ടിൽ ഉണ്ടാവും. വസ്ത്രങ്ങൾ വാങ്ങുമ്പോഴും  കൃഷി വിളവെടുക്കുമ്പോഴും അയൽവാസികൾക്ക്, പ്രത്യേകിച്ച് സഹോദര സമുദായാംഗങ്ങൾക്ക് ഒരു വിഹിതം എടുത്തുവെക്കുമായിരുന്നു. ദേവതിയാൽ തങ്ങളുടെ നാൾ മുതൽ തുടർന്നുവരുന്ന ഈ മാതൃക ഉമ്മ ഏറെ പ്രയാസപ്പെട്ട് കിടക്കുമ്പോഴും തുടർന്നു.

പഴയകാല പ്രസ്ഥാന നായകന്മാരുടെ യാത്രകളിൽ അവർക്കുള്ള  വിശ്രമ കേന്ദ്രം കൂടിയായിരുന്നു തങ്ങൾ മാഷുടെ വീട്.

ജമാഅത്ത് അംഗമായിരുന്ന ഉമ്മാക്ക് ജീവിതത്തിൽ  വലിയ പരീക്ഷണങ്ങളാണ് പടച്ചതമ്പുരാൻ നൽകിയത്. ഒരു ബസ് ആക്സിഡന്റും ഹജ്ജ് ചെയ്തുകൊണ്ടിരിക്കെ വന്ന സ്ട്രോക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി ഉമ്മാക്ക്. സ്ട്രോക്ക് കാരണം ഒരു കാലിന് സ്വാധീനം കുറഞ്ഞിട്ടും വേച്ച് വേച്ച് നടന്ന് രോഗികളെ കാണാനും  മറ്റും പുറത്തിറങ്ങാറുണ്ടായിരുന്നു. പലപ്പോഴും  പരസഹായമില്ലാതെ ഒറ്റയ്ക്ക് തന്നെയാകും യാത്ര.

ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ പ്രവർത്തകരായ മക്കളും മരുമക്കളും അടങ്ങുന്ന കുടുംബമാണ് ഉമ്മയുടേത്.

മക്കൾ: എൻ.കെ.എം അബ്ദുശ്ശുക്കൂർ, മർഹൂം എൻ.കെ.എം കോയ, ഷൗക്കത്ത്, ഇസ്മാഈൽ, അഫ്സൽ, ഉമ്മുസൽമ, ആയിഷ മറ്റത്തൂർ, ഹാജറ, ആയിഷാബി (ജമാഅത്തെ ഇസ്്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ), മഹബൂബ, സാജിത, ത്വയ്യിബ. 

അബ്ദുൽ വഹാബ് കൂട്ടിലങ്ങാടി

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 22-25
ടി.കെ ഉബൈദ്

ഹദീസ്‌

സ്വർഗവും നരകവും അടുത്ത് തന്നെയുണ്ട്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്