മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഭരണകൂട നീക്കങ്ങൾ
കഴിഞ്ഞ ഡിസംബർ അവസാനത്തിലാണ് അലഹബാദ് ഹൈക്കോടതി ഉത്തർ പ്രദേശിലെ പ്രമുഖ പണ്ഡിതനും മുഫ്തിയുമായ ഖാദി ജഹാംഗീർ ആലം ഖാസിമിക്ക് ജാമ്യം അനുവദിച്ചത്. 2021 ജൂണിൽ യു.പി പോലീസിലെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത ഈ പണ്ഡിതൻ കഴിഞ്ഞ മൂന്നര വർഷമായി ജാമ്യം കിട്ടാതെ ജയിലിലായിരുന്നു. സംസ്ഥാനത്ത് 'മതംമാറ്റ റാക്കറ്റ്' ഉണ്ടാക്കി ആയിരം പേരെ നിർബന്ധിച്ച് മതം മാറ്റിയെന്നാണ് അദ്ദേഹത്തിന് മേൽ കെട്ടിവെച്ച കുറ്റം. കേസിന് എരിവ് കൂട്ടാൻ, ഇങ്ങനെ മതം മാറ്റിയവരിൽ ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർഥിയുമുണ്ട് എന്നു വരെ എഫ്.ഐ.ആറിൽ എഴുതിവെച്ചു. ജയിലിൽനിന്ന് പുറത്തിറങ്ങാതിരിക്കാൻ 'സ്റ്റേറ്റിനെതിരെ യുദ്ധ പ്രഖ്യാപനം' പോലുള്ള അതീവ ഗുരുതരമായ കുറ്റങ്ങളും ചാർത്തിനൽകി. നേരത്തെ ലഖ്നൗവിലെ എൻ.ഐ.എ കോടതി ഖാദി ജഹാംഗീർ ആലം ഖാസിമിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അലഹബാദ് കോടതി തന്നെ സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാണിച്ച് ഒരിക്കൽ ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയതാണ്. അറിയപ്പെടുന്ന ഇസ് ലാമിക പ്രബോധകരിലൊരാളായ മുഹമ്മദ് ഉമർ ഗൗതം ഉൾപ്പെടെ ഇതേ കേസിൽ അറസ്റ്റിലായ പന്ത്രണ്ട് പേർക്ക് കഴിഞ്ഞ വർഷം ആഗസ്റ്റിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിൽ രണ്ട് പേർക്ക് ജാമ്യം നൽകിയത് സുപ്രീം കോടതി തന്നെയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് അലഹബാദ് കോടതിയിലെ ജഡ്ജിമാരായ രാജൻ റോയിയും അജയ് കുമാർ ശ്രീവാസ്തവും ജഹാംഗീർ ആലം ഖാസിമിന് ജാമ്യം നൽകിയത്.
യാതൊരു അടിസ്ഥാനവുമില്ലാത്ത, തികച്ചും കെട്ടിച്ചമച്ച കേസാണിതെന്ന് തുടക്കത്തിൽ തന്നെ വ്യക്തമായതാണ്. ആയിരം പേരെ നിർബന്ധിച്ച് മതം മാറ്റിച്ചിട്ടുണ്ടെങ്കിൽ അവരിലൊരാളെങ്കിലും അത് ശരിയാണെന്ന് സാക്ഷ്യപ്പെടുത്തി രംഗത്ത് വരേണ്ടതല്ലേ? അങ്ങനെ വന്നിരുന്നെങ്കിൽ ഗോദി മീഡിയ അത് എമ്മട്ടിൽ ആഘോഷമാക്കുമായിരുന്നു! 2021-ൽ യു.പി ഗവൺമെന്റ് കൊണ്ടുവന്ന നിർബന്ധിത മതംമാറ്റ നിരോധന നിയമം, ഇതര മത പ്രബോധന പ്രവർത്തനങ്ങൾ തന്നെ തടയാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണെന്ന് ഈ കേസിന്റെ നാൾവഴികൾ പരിശോധിച്ചാൽ വ്യക്തമാവും. അല്ലെങ്കിലും ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവുമുള്ള ഒരു രാജ്യത്ത് എങ്ങനെയാണ് ഒരാളെ നിർബന്ധിച്ച് മതം മാറ്റാനാവുക? അങ്ങനെ സംഭവിച്ചാൽ തന്നെ അത് വലിയ വാർത്തയാവില്ലേ? പുതിയ നിയമങ്ങൾ ഉണ്ടാക്കാതെ തന്നെ അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കാം. കാരണമത് ഭരണഘടന ഉറപ്പ് നൽകിയ മതസ്വാതന്ത്ര്യത്തിന് എതിരാണ്. ഇവിടെ കുറ്റാരോപിതർ മുസ്ലിംകളാണെന്ന പ്രത്യേകതയുമുണ്ട്. ഇസ്ലാമികാശയങ്ങൾ പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന ഖുർആൻ, ആശയ സ്വീകരണത്തിൽ ഒരു തരത്തിലുമുള്ള ബലപ്രയോഗവുമരുത് എന്ന് കർശനമായി വിലക്കുന്നുമുണ്ട്. ഇതറിയാത്തവരാവില്ലല്ലോ ഇസ് ലാമിക പണ്ഡിതരും പ്രബോധകരുമായ ജഹാംഗീർ ആലം ഖാസിമിയും മുഹമ്മദ് ഉമർ ഗൗതമും. മറുവശത്ത്, ന്യൂനപക്ഷ മതസമുദായാംഗങ്ങളെ പ്രതി ചേർത്ത് കേസ് കെട്ടിച്ചമക്കുന്ന യു.പി പോലീസ്, ഫാഷിസ്റ്റ് സംഘങ്ങൾ നടത്തുന്ന മതനിന്ദയെയും വർഗീയ വിദ്വേഷം ആളിക്കത്തിക്കാൻ അവർ നടത്തുന്ന സംഘടിത നീക്കങ്ങളെയും കണ്ടില്ലെന്ന് നടിക്കുന്നു.
എവിടെയെങ്കിലും ധർമ സൻസദ് നടത്തി ഒരു വിഭാഗത്തെ വംശീയ ഉന്മൂലനം നടത്തണമെന്ന് പരസ്യമായി ആഹ്വാനം ചെയ്താലും ഈ ഭരണകൂട സംവിധാനങ്ങൾ അനങ്ങില്ല. ഘർവാപസിയുടെ മറവിൽ ഒരു വിഭാഗത്തെ കൂട്ടത്തോടെ മതം മാറ്റുന്നുണ്ടെന്ന് കേട്ടാലും ഒരു അന്വേഷണത്തിന് പോലും തുനിയില്ല. ഈ ഇരട്ടത്താപ്പ് കൂടി ചേർത്തുവെച്ചാൽ, അഭിപ്രായസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനുമെതിരെയുള്ള നീക്കമാണ് ഇതിലൊക്കെയും കാണാനാവുക. l
Comments