Prabodhanm Weekly

Pages

Search

2024 ജനുവരി 05

3334

1445 ജമാദുൽ ആഖിർ 23

സലീം കാപ്പിൽ മുസ്തഫ

അഡ്വ. ഷാനവാസ് ആലുവ, റിയാദ് 

ഖുർആന്റെ ആഴത്തിലുള്ള പഠനം  സപര്യയാക്കിയ ജീവിതമായിരുന്നു ഡിസംബർ 20-ന് റിയാദിൽ മരണപ്പെട്ട പ്രിയ സുഹൃത്ത് സലീം കാപ്പിൽ മുസ്തഫയുടേത്. റിയാദിലെ സനയ്യയിലെ ഫാക്ടറിയിലെ ഒരുവിധം അധ്വാനമുള്ള ജോലിക്കു ശേഷം റൂമിലെത്തിയാൽ വിശ്രമിക്കാനല്ല, ഖുർആനിന്റെ ഓരോ ഭാഗങ്ങൾ കൂടുതൽ പഠിക്കാനായിരുന്നു അദ്ദേഹം സമയം ചെലവഴിച്ചിരുന്നത്. നാട്ടിൽനിന്നോ പ്രവാസ ലോകത്തുനിന്നോ ഓൺലൈനിൽ നടത്തുന്ന  ഖുർആൻ മത്സര പരീക്ഷകളിൽ പങ്കെടുക്കുകയും  സുഹൃത്തുക്കളെ പങ്കെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. മക്കളെയും ഖുർആൻ പഠന-പരീക്ഷകളിൽ പങ്കെടുപ്പിക്കാൻ പ്രോത്സാഹിപ്പിച്ചു. കാണുമ്പോഴൊക്കെ ഇത്തരം പരീക്ഷകളുടെ വിശേഷങ്ങളും, അതിൽ അദ്ദേഹവും കുടുംബവും മുഴുവൻ മാർക്ക് വാങ്ങിയതിന്റെ വിവരങ്ങളും പങ്കുവെക്കലാണ് ഇഷ്ടപ്പെട്ട കാര്യം.

പത്തു വർഷത്തിലധികമായി ന്യൂ സനയ്യയിലെ ഫാക്ടറിയിൽ വർക്ക് ചെയ്യുമ്പോഴും ജീവിത പ്രയാസങ്ങൾ ആരെയും അറിയിക്കാതെ സംതൃപ്‌തിയോടെയുള്ള ജീവിതം നയിക്കുകയായിരുന്നു. ഒരിക്കൽ പോലും ആരോടും തന്റെ പ്രാരബ്ധങ്ങളെ പറ്റി പറഞ്ഞില്ല. തന്റെ പ്രയാസങ്ങളും ഇല്ലായ്മകളും മറന്നു, പ്രയാസമനുഭവിക്കുന്നവർക്കായുള്ള സംരംഭങ്ങളിൽ തന്നെക്കൊണ്ട് കഴിയുന്നതിലും കൂടുതൽ പങ്കാളിയാകാൻ എപ്പോഴും പരിശ്രമിച്ചിരുന്നു. റിയാദിൽ തനിമയുടെ സജീവ പ്രവർത്തകനായിരുന്നു.
താൻ വിശ്വസിച്ച, പ്രവർത്തിച്ച ആദർശ പാതയിൽ തന്റെ കുടുംബവും മക്കളും ജീവിക്കുകയും ആ ആദർശത്തെ അവർ ഏറ്റെടുക്കുകയും ചെയ്യുമ്പോഴാണ് ഒരാളുടെ ജീവിതം സാർഥകമാവുക. സലീം സാഹിബ് അതിൽ എപ്പോഴും സന്തോഷം പങ്കുവെക്കാറുണ്ടായിരുന്നു. പഠനകാലത്ത് എസ്.ഐ.ഒയുടെ സജീവ പ്രവർത്തകനായിരുന്നു. താൻ പഠിച്ച വാടാനപ്പള്ളി സ്ഥാപനങ്ങളുടെ ദൈനം ദിന ചെലവുകൾക്കായി ഓരോ വർഷവും ടാർഗറ്റ് വെച്ച്, തന്റെ പരിചയങ്ങളിലുള്ളവരെയൊക്കെ സമീപിച്ചു ചെറുതും വലുതുമായ തുകകൾ സമാഹരിക്കുമായിരുന്നു. സഹപാഠികളെയും സുഹൃത്തുക്കളെയും നിരന്തരമായി ഫോൺ വിളിച്ചും മെസ്സേജുകൾ അയച്ചും ബന്ധങ്ങൾ കാത്തുസൂക്ഷിച്ചു.

ഏതാനും ആഴ്ചകൾക്ക് മുമ്പ് സ്ട്രോക്ക് വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം തുടർ ചികിത്സക്കായി നാട്ടിൽ പോകാനിരിക്കെയാണ് മരണം.
വേറിട്ട നിശ്ശബ്ദ ജീവിതം നയിച്ച് ഒരു സൂഫിയെപ്പോലെ കഴിഞ്ഞുപോയ സലീം സാഹിബിന്റെ മരണാനന്തര കർമങ്ങൾക്ക് വേണ്ടി കമ്പനിയുടെ പ്രതിനിധിയായി രേഖകൾ ശരിയാക്കുന്നതിനായി ഓഫീസുകളിലും അവസാനം ഖബറടക്കത്തിലും സജീവമായി ഉണ്ടായിരുന്ന അബ്ദുർറഹ്‌മാൻ എന്ന സുഊദി പൗരൻ ''രണ്ടു വർഷത്തെ പരിചയമേയുള്ളൂവെങ്കിലും ഇത്രയും നന്മ നിറഞ്ഞ ഒരു വിദേശിയെ ഞാൻ കണ്ടിട്ടില്ല'' എന്ന് അനുസ്മരിക്കുകയുണ്ടായി. നാല്പത്തെട്ട്‍ വർഷത്തെ ജീവിതത്തിൽ സലീം സാഹിബ് സമ്പാദിച്ചതെന്ത് എന്നതിന് ധാർമിക പാതയിൽ  ജീവിക്കുന്ന കുടുംബവും സ്വർഗവും ആണെന്നാണ് അനുസ്മരണ യോഗങ്ങൾ ഓർമിപ്പിക്കുന്നത്.

Comments