Prabodhanm Weekly

Pages

Search

2024 ജനുവരി 05

3334

1445 ജമാദുൽ ആഖിർ 23

ഇന്ത്യ എന്ന ആശയത്തെ റദ്ദാക്കുന്ന നീക്കങ്ങള്‍

എഡിറ്റർ

അധികാരങ്ങളെ ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിങ്ങനെ വിഭജിച്ച് നിര്‍ത്തുന്നത് സ്വാതന്ത്ര്യ സംരക്ഷണത്തിനുള്ള ഗ്യാരന്റിയാണെന്നാണ് ആധുനിക രാഷ്ട്ര മീമാംസ സിദ്ധാന്തിക്കുന്നത്. നിയമങ്ങള്‍ നിര്‍മിക്കുകയാണ് ലെജിസ്ലേറ്റീവിന്റെ ചുമതല. അവ നടപ്പാക്കുക ബ്യൂറോക്രസി/ എക്‌സിക്യൂട്ടീവ് ആയിരിക്കും. നിയമനിര്‍മാണത്തിലും നിര്‍വഹണത്തിലും പൗരന്മാര്‍ക്കുണ്ടാകുന്ന ആശങ്കകള്‍ക്ക് ഗവണ്‍മെന്റിനെക്കൊണ്ട് മറുപടി പറയിക്കുന്ന ധര്‍മമാണ് ജുഡീഷ്യറി നിര്‍വഹിക്കുക. ഇതിലൊരു വിഭാഗവും അമിതാധികാര പ്രയോഗം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് മീഡിയയുടെ ചുമതല.  ജനാധിപത്യത്തിന്റെ ഈ നാല് തൂണുകളില്‍ മൂന്നിനെയും പിഴുതുമാറ്റാനുള്ള ശ്രമമാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി പല രീതിയില്‍ നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. എവിടെയും കാണുന്നത് എക്‌സിക്യൂട്ടീവിന്റെ അമിതാധികാര പ്രയോഗങ്ങളാണ്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി എക്‌സിക്യൂട്ടീവിന്റെ തേര്‍വാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം പാര്‍ലമെന്റ് മന്ദിരത്തില്‍ കണ്ടത്. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ചതിന് 146 പ്രതിപക്ഷ എം.പിമാരെയാണ് കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തത്. അന്നേ ദിവസം പാര്‍ലമെന്റില്‍ ഹാജരാകാത്ത ഒരു എം.പിയും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു എന്നതില്‍നിന്ന് ഇത് നേരത്തെ പ്ലാന്‍ ചെയ്തതാണെന്ന് വ്യക്തം.

ഒരു കൂട്ടം ബില്ലുകള്‍ ഭരണകക്ഷിക്ക് പാസ്സാക്കിയെടുക്കാനുണ്ടായിരുന്നു. അവയിലെ പല വ്യവസ്ഥകളും പൗരജീവിതത്തിന് ഭാവിയില്‍ ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുള്ളതാണ്. പ്രതിപക്ഷം അവ ചൂണ്ടിക്കാണിക്കുകയും പ്രതിഷേധിക്കുകയും ചെയ്യും. ഇതൊഴിവാക്കാനാണ് മൊത്തം പ്രതിപക്ഷത്തെയും നിഷ്‌കാസനം ചെയ്തത്. ജനാധിപത്യത്തില്‍ ഭരണപക്ഷത്തിന് മാത്രമല്ല, പ്രതിപക്ഷത്തിനും തത്തുല്യ പദവിയും റോളുമുണ്ടെന്ന വസ്തുത അംഗീകരിക്കാന്‍ സംഘ് പരിവാര്‍ ഒരുക്കമല്ല. നിലവിലുള്ള ഐ.പി.സി, സി.ആര്‍.പി.സി, എവിഡന്‍സ്് ആക്ട് എന്നിവ എടുത്തുമാറ്റി, കേന്ദ്ര ഗവണ്‍മെന്റിന് അമിതാധികാരങ്ങള്‍ നല്‍കുന്ന പുതിയ നിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം തന്നെ വേണ്ടെന്നു വെച്ചത് അതുകൊണ്ടാണ്. കൊളോണിയല്‍ ക്രിമിനല്‍ നിയമസംവിധാനത്തെയാണ് തങ്ങള്‍ നീക്കുന്നതെന്ന് ഭരണകൂടം പറയുന്നുണ്ടെങ്കിലും, ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇത്തരം നിയമങ്ങള്‍ യാതൊരു ചര്‍ച്ചയും കൂടാതെ ചുട്ടെടുക്കുന്നതിന്റെ പിന്നില്‍ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അവ പ്രയോഗത്തില്‍ വരുമ്പോഴായിരിക്കും പതിയിരിക്കുന്ന യഥാര്‍ഥ അപകടങ്ങള്‍ നാം തിരിച്ചറിയുക. സ്വതന്ത്ര ജുഡീഷ്യറി എന്ന ജനാധിപത്യത്തിന്റെ നെടും തൂണിനെ പല രീതിയില്‍ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളും ശക്തിപ്പെട്ടുവരുന്നു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്ന സമിതിയാണ് ഇതുവരെ തെരഞ്ഞെടുപ്പ് കമീഷണര്‍മാരെ നിയമിച്ചുപോന്നിരുന്നത്. പുതിയ നിയമനിര്‍മാണത്തിലൂടെ ഈ സമിതിയില്‍നിന്ന് ചീഫ് ജസ്റ്റിസിനെ പുറത്താക്കിയിരിക്കുകയാണ്. പുതിയ ബില്ല് പ്രകാരം ഈ സമിതിയിലുണ്ടാവുക  പ്രധാനമന്ത്രിയും ഒരു മന്ത്രിയും പ്രതിപക്ഷ നേതാവുമായിരിക്കും. ഫലത്തില്‍ തീരുമാനം പ്രധാനമന്ത്രിയുടേതും മന്ത്രിയുടേതുമായിരിക്കും. പ്രതിപക്ഷ നേതാവിന് ഒന്നും ചെയ്യാന്‍ കഴിയില്ല. ഈ ഭേദഗതിയിലൂടെ ഭരണപക്ഷം ഉദ്ദേശിക്കുന്ന ആരെയും ഇലക് ഷന്‍ കമീഷണറാക്കാം. ആ ഭരണഘടനാ പദവിയുടെ നിഷ്പക്ഷതയെ തന്നെയാണ് ഇതിലൂടെ അട്ടിമറിക്കാന്‍ നോക്കുന്നത്. അടുത്ത പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഇത്തരം നീക്കങ്ങള്‍ ഇന്ത്യ എന്ന ആശയത്തെ തന്നെ റദ്ദാക്കുന്നവയാണ്. l

Comments