Prabodhanm Weekly

Pages

Search

2024 ജനുവരി 05

3334

1445 ജമാദുൽ ആഖിർ 23

ചരിത്രരചനകൾ പ്രതിരോധമാക്കേണ്ട കാലം

പി.ടി കുഞ്ഞാലി

കൊളോണിയൽ ദുഷ്ടത എഴുതിയുണ്ടാക്കിയ നികൃഷ്ട രചനയിൽനിന്നും ബ്രാഹ്മണ്യത്തിന്റെ കുടില ലക്ഷ്യത്തിൽനിന്നും ഇന്ത്യാ ചരിത്രത്തെ വിമോചിപ്പിക്കാൻ ധീരമായി ജീവിതം ബലിയാക്കിയ വ്യക്തിയാണ് ഡോ. സി കെ കരീം. ചരിത്രരചനയിൽ ആധികാരിക പീഠം കിട്ടണമെങ്കിൽ സമ്പൂർത്തിയുള്ള അക്കാദമിക യോഗ്യത വേണം. ഡോ. കരീം ആദ്യം അതത്രയും സ്വന്തമാക്കി. പിന്നീട് അദ്ദേഹം നേരെ പോയത് കൊളോണിയൽ അഹന്ത നിക്ഷേപിച്ച ചരിത്രത്തിന്റെ കുപ്പക്കൂനയിലേക്കാണ്. അവിടെ ചികഞ്ഞും ഖനിച്ചും ഡോ. കരീം കണ്ടെത്തിയ ചരിത്രത്തിന്റെ മാണിക്യ സത്യങ്ങൾ അതുവരെയും ചരിത്ര ശത്രുക്കൾ ചൊല്ലിപ്പഠിപ്പിച്ച കഥകളുടെ കള്ളക്കോട്ടകൾ ഉടക്കുന്നതായിരുന്നു. 'കേരളം, ഇന്ത്യ ചരിത്ര പഠനങ്ങൾ' ഈ തലത്തിലുള്ള ഗംഭീര ചുവടുവെപ്പാണ്.

 ഇന്ത്യാ ചരിത്രത്തിലെ നിരവധി സമീക്ഷകളെ ആർക്കൈവുകൾ പരതിയാണദ്ദേഹം പ്രത്യാഖ്യാനം നടത്തിയത്. ഔറംഗസീബിന്റെ ജീവിതവും വിമർശനങ്ങൾക്കുള്ള മറുപടിയും വിശദമായി എഴുതിയിട്ടുണ്ട് ഡോ. കരീം. കാര്യങ്ങളത്രയും വിശദീകരിച്ചു കഴിഞ്ഞിട്ട് ഡോ. കരീം തിരിച്ചൊരു ചോദ്യവും ഉന്നയിക്കുന്നുണ്ട്. മഹാനായ അശോകൻ എങ്ങനെയാണ് ചക്രവർത്തിയായതെന്നാണത്. നിരവധി നേർ സഹോദരൻമാരെ കൊന്നും കൊലവിളിച്ചും മഗധയിലും പരിസര പ്രാന്തങ്ങളിലും അശോകൻ നടത്തിയ കൂട്ട നരമേധമുണ്ട്. അതത്രയും ഒളിപ്പിച്ചുനിർത്തിയാണീ വീരാളിപ്പട്ട് ദാനമാക്കുന്നത്. ഇന്ത്യയിലെ മഹത്തായ കാലമായി ഘോഷിക്കുന്നത് ഗുപ്ത കാലത്തെയാണ്. ബുദ്ധ ജൈനമതങ്ങളെ കശാപ്പു ചെയ്തും ജാതി വ്യവസ്ഥയുടെ കാർക്കശ്യങ്ങളപ്പാടെ പുനഃസ്ഥാപിച്ചും പാലിയും അർധമഗധും പോലുള്ള ജനകീയ ഭാഷകളെ ഉൻമൂലനം ചെയ്തും വരേണ്യ സംസ്കൃതത്തെ പുനഃസ്ഥാപിച്ചും ആര്യഗോത്രങ്ങൾ മേൽക്കൈ നേടിയ കാലമാണ് ഗുപ്ത കാലം. അപ്പോൾ പിന്നെ എങ്ങനെയിത് മഹത്തായ കാലമായി എന്ന ഡോ. കരീമിന്റെ ചോദ്യം ഉള്ള് പൊള്ളിക്കുന്നത് തന്നെയാണ്.

പുസ്തകത്തിലെ പ്രധാനമായൊരു ഭാഗമാണ് കേരള ചരിത്രം. ഉപാദാനങ്ങളുടെ കുഴമറിച്ചിലാണ് കേരള ചരിത്രനിർധാരണത്തെ കുഴക്കുന്നത്. അതുകൊണ്ടുതന്നെ ചേറിയും ചികഞ്ഞും വസ്തുതകൾ കണ്ടെത്തി സത്യ ചരിത്രമെഴുതാൻ അത്യസാധാരണമായ വൈഭവം വേണം. കേരള രൂപീകരണത്തിലെ മിത്തുകളും പുരാണങ്ങളും മുതൽ ചേരമാൻ കഥകളും മാലിക് ദീനാറിന്റെ സഞ്ചാര പഥങ്ങളും വരെ പുസ്തകം വിശദമായി ചർച്ച ചെയ്യുന്നു. 

ഒരു ജീവിതകാലമത്രയും ഡോ. കരീം  ചരിത്രം ഖനിച്ചു. അങ്ങനെ സ്വരുക്കൂട്ടിയ ഖനിജങ്ങളത്രയും ധീരമായി സംസാരിക്കുന്ന രേഖകളാക്കി കാലത്തിന് സമർപ്പിച്ചു.  ഡോ. കരീമിന്റെ പ്രവർത്തനങ്ങൾ ഒരു പ്രതിരോധ ചരിത്രമാണ്. ചരിത്രത്തിൽ നടന്ന 'ചരിത്ര' യുദ്ധം.  നിരവധി കൃതികൾ, പ്രബന്ധങ്ങൾ, ഇംഗ്ലീഷിലും മലയാളത്തിലുമായി കരീം പ്രസിദ്ധീകരിച്ചു. ഇതിൽ ഏറ്റവും ശ്രേഷ്ഠമാണ് 'കേരളം ഇന്ത്യ, ചരിത്ര പഠനങ്ങൾ' എന്ന ബൃഹത് ഗ്രന്ഥം. രണ്ട് ഖണ്ഡമായാണ് ഈ പുസ്തകം സമാഹൃദമായത്; കേരള ചരിത്രവും പിന്നെ ഇന്ത്യാ ചരിത്രവും. പക്ഷേ, വർഷങ്ങളായി പുസ്തകം കമ്പോളത്തിൽ അലഭ്യമാണ്. പുതുകാല രാഷ്ട്രീയം ഏറെ ആവശ്യപ്പെടുന്ന പ്രസ്തുത പുസ്തകം കോഴിക്കോട് വചനം പബ്ലിഷിംഗ് ഹൗസ് രണ്ടാമതും പ്രസിദ്ധീകരിച്ചിരിക്കുകയാണ്.  l

Comments