2023 ഇസ് ലാമോഫോബിയ കേരളത്തിൽ പ്രവർത്തിച്ച വിധം
ഭക്ഷണം, വസ്ത്രം, തൊഴില്‍, അന്താരാഷ്ട്ര പ്രശ്‌നം, മാധ്യമം, വിദ്യാഭ്യാസം, പ്രദേശം, രാഷ്ട്രീയ പ്രവർത്തനം, സാമുദായിക ചിഹ്നങ്ങള്‍, ലിംഗരാഷ്ട്രീയം, സാമൂഹിക മനോഭാവം തുടങ്ങിയ വിവിധ വ്യവഹാരങ്ങളുടെ സന്ദർഭത്തില്‍ മുസ് ലിംകളെ പ്രത്യേകം അടയാളപ്പെടുത്തുകയും തുടർന്ന് മറ്റു സാമൂഹിക വിഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായി നിർവചിച്ച് വിവേചനവും ബഹിഷ്‌കരണവും ഉച്ചനീചത്വവും കല്പിക്കുകയും ചെയ്യുന്ന വംശീയതയാണ് ഇസ് ലാമോഫോബിയ. ഒരു ജനവിഭാഗം എന്ന നിലയില്‍ തങ്ങള്‍ 'വ്യത്യസ്തരാണ്' എന്ന സ്വയം നിർണയം മുസ് ലിംകളുടേതെന്നല്ല, ആരുടെയും രാഷ്ട്രീയ അവകാശമാണ്. ഈ സ്വയം നിർണയാവകാശത്തിന്റെ നിഷേധത്തിലൂടെ ബാഹ്യശക്തികള്‍ എങ്ങനെ മുസ് ലിംകളെ 'വ്യത്യസ്തരാക്കുന്നു' എന്നതാണ് ഇസ് ലാമോഫോബിയയുടെ അടിസ്ഥാന പ്രശ്‌നം. 2023 വർഷത്തിൽ കേരളീയ പൊതുമണ്ഡലത്തില്‍ നടന്ന സംഭവവികാസങ്ങളും ചർച്ചകളും പരിശോധിച്ചാല്‍ ഈ വംശീയത നിരന്തരം ആവർത്തിക്കുന്ന ഒരു സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്നുവെന്ന് കാണാം. തെരഞ്ഞെടുത്ത 19 സംഭവങ്ങളാണ് ഇവിടെ ചർച്ചക്കെടുക്കുന്നത്. അതിലേറെ വിപുലമാണ് ഈ പ്രശ്‌നമെന്ന് മറക്കുന്നുമില്ല.
മുസ് ലിം സ്വയംനിർണയാവകാശത്തിന്റെ നിഷേധമാണ് ഇസ് ലാമോഫോബിയ ലക്ഷ്യമിടുന്നത്. മുസ് ലിം സാമുദായിക/ രാഷ്ട്രീയ സംഘാടനത്തിന്റെ നിഷേധമാണ് അതിന്റെ മൂർത്ത ഇന്ത്യന്‍ സാഹചര്യം. എന്നാല്‍, ഈ ഘട്ടങ്ങളും കഴിഞ്ഞു മുസ് ലിം വ്യക്തികള്‍ മതേതരരോ ഇടതുപക്ഷ പ്രവർത്തകരോ മതനിഷേധികളോ ആയാല്‍ പോലും അവരുടെ ജീവിതത്തില്‍നിന്നു കണ്ടെടുക്കാവുന്ന ദുർബലമായ മുസ് ലിം സൂചകങ്ങള്‍ പോലും വംശീയമായി ലക്ഷ്യമിടുന്ന തരത്തില്‍ ഇസ് ലാമോഫോബിയ വികസിച്ചു കഴിഞ്ഞു.
വിവിധ വ്യവഹാരങ്ങൾക്കുള്ളില്‍ ഇസ് ലാമോഫോബിയ പ്രവർത്തിക്കുന്നത് പലതരം മാതൃകകളിലൂടെയാണ്. തീവ്രവാദ/ഭീകരതാ ആരോപണം, ഹലാൽ ഭീതി, വ്യാജപ്രചാരണം, രാഷ്ട്രീയ അവകാശനിഷേധം, ഇരട്ട നീതി, സാമാന്യവത്കരണം, പ്രദേശഭീതി, അപരവിദ്വേഷം, ന്യൂനപക്ഷ അവകാശനിഷേധം, മുസ് ലിം സ്ത്രീ അവകാശ നിഷേധം, തൊഴില്‍ വിവേചനം, ജനനംകൊണ്ട് മുസ്്ലിമായ ഒരാള്‍ പൊതുവ്യക്തിയാവുമ്പോഴുള്ള ഭീതി, പൊതുബോധത്തെ കുറ്റം ചെയ്യാനുള്ള പഴുതായി ഉപയോഗിക്കല്‍, മുസ് ലിം മൂലധനത്തോടുള്ള ഭീതി, അദൃശ്യ മുസ് ലിം ഭീഷണി, മാധ്യമപ്രചാരണം തുടങ്ങി അസംഖ്യം മാതൃകകളിലൂടെയാണ് ഇസ് ലാമോഫോബിയ ഈ വർഷം പ്രവർത്തിച്ചത്.
സംഘ് പരിവാര്‍ രാഷ്ട്രീയത്തിനു പുറത്തെന്ന് അഭിമാനിക്കുന്ന കേരളം പോലും ഇസ് ലാമോഫോബിയയുടെ പ്രവർത്തന രീതികളാല്‍ സമ്പന്നമാണ്. അതേസമയം സംഘ് പരിവാറും സംഘ് പരിവാര്‍ വിരുദ്ധരും നടത്തുന്ന ഇസ് ലാമോഫോബിയയെ വേർതിരിച്ചു കാണേണ്ടതുണ്ട്. ഉന്മൂലന സ്വഭാവമുള്ള 'സംഘ് പരിവാര്‍ ഇസ് ലാമോഫോബിയ' പ്രചാരവേലയുടെ (പ്രൊപഗണ്ട) മാതൃക സ്വീകരിക്കുമ്പോള്‍ വിവേചന (ഡിസ്‌ക്രിമിനേഷന്‍) സ്വഭാവമുള്ള 'പൊതു ഇസ് ലാമോഫോബിയ' ലക്ഷ്യത്തില്‍ വ്യത്യസ്തമെങ്കിലും മാർഗത്തില്‍ ഒത്തുചേരുന്നു. ഫാഷിസ്റ്റ് പ്രചാരവേലയുടെ പല ഘടകങ്ങളും പൊതു ഇസ് ലാമോഫോബിയയുടെ ഭാഗമാണ്.
വിവിധ വ്യവഹാരങ്ങളിലൂടെ പ്രവർത്തിക്കുന്ന ഇസ് ലാമോഫോബിയ വ്യത്യസ്ത മാതൃകകളെ യോജിപ്പിച്ചും പിളർത്തിയും വികസിക്കുന്ന ഒന്നാണെന്ന് ഇവിടെ കൊടുത്തിരിക്കുന്ന പട്ടിക (പേജ് 18) വ്യക്തമാക്കുന്നു. ഈ വ്യവഹാര മാതൃകകളെ ഒന്നിച്ചു ചേർത്തു വിശകലനം ചെയ്യാന്‍ ഇസ് ലാമോഫോബിയ എന്ന പദം ആവശ്യമായി വരും. വംശീയ വിരുദ്ധ രാഷ്ട്രീയ പ്രതിരോധ സൂചകമെന്ന നിലയിലുള്ള അതിന്റെ പ്രസക്തിയും അതാണ്.
1. വസ്ത്രം, ഭക്ഷണം
വസ്ത്രം, ഭക്ഷണം തുടങ്ങിയവ മനുഷ്യന്റെ അടിസ്ഥാന തെരഞ്ഞെടുപ്പുകളാണ്. എന്നാല്‍ ഹിജാബ് നിരോധനം, ബീഫ് വിരുദ്ധത തുടങ്ങിയ വംശീയ പ്രയോഗങ്ങളിലൂടെ ഭരണകൂടം തന്നെ ഇവയെ ഇസ് ലാമോഫോബിയയുടെ ഉപകരണങ്ങളാക്കി മാറ്റിയെടുത്തിരിക്കുന്നു. കേരളത്തിന്റെ പൊതു സാമൂഹിക-രാഷ്ട്രീയ പ്രയോഗങ്ങളില്‍ ഈ മാറ്റത്തിന്റെ പ്രതിഫലനങ്ങള്‍ നിരവധിയാണ്.
1.1. വസ്ത്രം എന്ന വ്യവഹാരവും തീവ്രവാദ ആരോപണവും
2023 ജനുവരിയില്‍ കോഴിക്കോട് നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ പി.കെ ഗോപി രചിച്ച സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം വലിയ വിവാദമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖരുടെ മുന്നിലാണ് ഇത് അരങ്ങേറിയത്. കൂഫിയ എന്ന അറബ് പുരുഷ ശിരോവസ്ത്രം രാജ്യത്തിനു ഭീഷണിയായ ഒരു തീവ്രവാദിയെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചുവെന്നതായിരുന്നു പ്രശ്നം. വസ്ത്രമെന്ന സാമൂഹിക വ്യവഹാരത്തെ ഭീകരത, തീവ്രവാദം തുടങ്ങിയ ഇസ് ലാമോഫോബിയയുടെ മാതൃകയാക്കി മാറ്റുകയായിരുന്നു. സംഭവം സംഘ് പരിവാര്‍ 'അസംബന്ധ'മാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു (ജനുവരി 10, മലയാള മനോരമ ഓൺലൈന്‍). നടക്കാവ് പോലീസ് കേസുമെടുത്തു. 1980-കളോടെ തുടങ്ങിയതും ശീതയുദ്ധാനന്തരം ലോകത്ത് ശക്തിപ്പെട്ടതുമായ മുസ് ലിം എന്ന സാമൂഹിക/ രാഷ്ട്രീയ സ്ഥാനത്തെ ഭീകരത, തീവ്രവാദം തുടങ്ങിയ പദാവലികളിലേക്ക് കണ്ണിചേർക്കുന്ന മാതൃകക്ക് നാൽപതു വർഷത്തെ പഴക്കമുണ്ട്.
1.2. ഹലാല്‍ ഭക്ഷണവും
ഫാഷിസ്റ്റ് പ്രചാരവേലയും
ദീർഘകാലമായി കേരള സ്‌കൂള്‍ കലോത്സവത്തില്‍ വെച്ചുവിളമ്പുന്നത് പഴയിടം നമ്പൂതിരിയാണ്. സസ്യഭക്ഷണമാണ് പതിവ്. നോൺ വെജ് ഭക്ഷണം കൂടി വിളമ്പണമെന്ന ആവശ്യം പലപ്പോഴും ഉയർന്നുവന്നിട്ടുണ്ട്. എന്നാല്‍, ഇത്തവണ അതൊരു വിവാദമായി പൊട്ടിപ്പുറപ്പെട്ടു. പച്ചക്കറി മാത്രം വിളമ്പുന്നതിനെതിരെ മാധ്യമപ്രവർത്തകരടക്കമുള്ളവര്‍ രംഗത്തുവന്നു. പച്ചക്കറിയല്ലാത്തത് വിളമ്പാത്തത് ജാതീയതയുടെ ഭാഗമാണെന്നായിരുന്നു ആരോപണം. അതിനിടയില്‍, യുവജനോത്സവത്തില്‍ ബിരിയാണി കൊടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും അടുത്ത തവണ നോൺ വെജ് ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ് ബുക്കിലൂടെ അറിയിച്ചു (5 ജനുവരി 2023, ടൈംസ് ഓഫ് ഇന്ത്യ മലയാളം). ഇത്രയുമായതോടെ അടുത്ത തവണ താന്‍ പാചകത്തിനില്ലെന്ന് പഴയിടം പ്രഖ്യാപിച്ചു.
നോൺ വെജ് വേണമെന്നത് മുസ് ലിംകളുടെ മാത്രം ആവശ്യമായിരുന്നില്ല. ദലിത് പിന്നാക്ക/ക്രൈസ്തവ വിഭാഗങ്ങളും നോണ്‍ വെജ് ഭക്ഷണം കഴിക്കുന്നവരാണ്. എന്നാല്‍, വിവാദം കൊഴുത്തതോടെ പ്രശ്നത്തെ സംഘ് പരിവാര്‍ സംഘങ്ങള്‍ മുസ് ലിംഭക്ഷണവുമായി കൂട്ടിക്കെട്ടി. കലോത്സവത്തില്‍ ഹലാല്‍ ഭക്ഷണം നൽകാന്‍ മുസ് ലിംകള്‍ ആവശ്യപ്പെട്ടെന്നും അങ്ങനെ സംഭവിച്ചാല്‍ തടയുമെന്നും ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു ഭീഷണി മുഴക്കി (8 ജനുവരി, ന്യൂസ് 18 മലയാളം).
ഭക്ഷണത്തെക്കുറിച്ചുള്ള ഒരു വ്യവഹാരം ഇസ് ലാമോഫോബിയയുടെ മാതൃകയിലേക്ക് മാറുന്നതാണ് പിന്നെ കണ്ടത്. ഒരു പൊതു രാഷ്ട്രീയ പ്രശ്‌നം മുസ് ലിം പ്രശ്‌നമാക്കി മാറ്റിയാല്‍ സാമൂഹിക സ്വീകാര്യത കൂടുമെന്ന കണക്കുകൂട്ടല്‍ സംഘ് പരിവാറിനുണ്ട്. വ്യവഹാരങ്ങളിലൂടെ ഇസ് ലാമോഫോബിയയുടെ പല മാതൃകകള്‍ ഒന്നിച്ചു ചേരുകയാണ് ഇവിടെ. സംഘ് പരിവാര്‍ 'പൊതു ഇസ് ലാമോഫോബിയ'യെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിന്റെ മാതൃകയുമാണിത്.
1.3. തട്ടവും സ്വതന്ത്ര ചിന്തയുടെ അഭാവവും
2023 ഒക്ടോബറില്‍ സി.പി.എം നേതാവ് അഡ്വ. അനില്‍ കുമാര്‍ യുക്തിവാദികളുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയും, മുസ് ലിം സ്ത്രീകള്‍ തട്ടത്തില്‍നിന്ന് പുരോഗമിച്ചതിനു പിന്നില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്ന് പ്രസംഗിക്കുകയും ചെയ്തത് ഏറെ ചർച്ച ചെയ്യപ്പെട്ടു. 2023 ഒക്ടോബര്‍ 2-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സി. രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസ്സൻസ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ്'23- നാസ്തിക സമ്മേളനത്തിലാണ് അനിൽ കുമാറിന്റെ പരാമർശം. 'മലപ്പുറത്തു നിന്ന് വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങള്‍. തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികള്‍ മലപ്പുറത്തുണ്ടായത് ഈ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടു തന്നെയാണ്. വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്ര ചിന്ത വന്നതില്‍ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല.'
വലിയൊരു പ്രസംഗത്തിലെ ചെറിയൊരു ഭാഗമാണെങ്കിലും മുസ് ലിം സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച 'പുരോഗമന നാഗരിക ദൗത്യ'ത്തിന്റെ ഭാഷ ശ്രദ്ധ പിടിച്ചുപറ്റി. മലപ്പുറത്തെ മുസ് ലിം സ്ത്രീകളെ വിമോചിപ്പിക്കുകയെന്ന പരികൽപന സ്ത്രീവിരുദ്ധവും പ്രദേശഭീതിയിലധിഷ്ഠിതവുമാണെന്നതില്‍ സംശയമില്ല. ഒപ്പം സ്ത്രീ എന്ന സാമൂഹിക സ്ഥാനത്ത് മുസ് ലിംസ്ത്രീ വരുമ്പോള്‍ സ്വയംനിർണയാവകാശം സ്വാഭാവികമെന്നോണം നിഷേധിക്കപ്പെടുന്നത് ഇസ് ലാമോഫോബിയയുടെ ലക്ഷണമാണ്.
വിശ്വാസികളെയടക്കം എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് സി.പി.എം എന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദന്‍ വിശദീകരിച്ചത് അനില്‍ കുമാറിന്റെ പ്രസ്താവനയിലെ ലളിതബോധ്യങ്ങളുടെ തിരുത്തായിരുന്നു. കെ. ദിൽറുബ എഡിറ്ററായി ഈ വർഷം അവസാനം പുറത്തിറങ്ങിയ 'തട്ടവും തിട്ടൂരങ്ങളും: ഇസ് ലാമോഫോബിയ കാലത്തെ ഹിജാബനുഭവങ്ങള്‍' (പ്രൊഫൗണ്ട് ബുക്സ്) എന്ന പുസ്തകം ഇരുപതോളം മുസ് ലിം സ്ത്രീ എഴുത്തുകാര്‍ അണിനിരക്കുന്ന 'ലിംഗവത്കരിക്കപ്പെട്ട ഇസ് ലാമോഫോബിയ'ക്കെതിരായ മുസ് ലിം സ്ത്രീ രാഷ്ട്രീയ ഇടപെടലിന്റെ രേഖയാണ്.
2. പ്രദേശം
ചില പ്രദേശങ്ങള്‍ മറ്റു പ്രദേശങ്ങളെക്കാള്‍ കുഴപ്പം പിടിച്ചതാണെന്ന ധാരണ സാമൂഹിക മുൻവിധിയുടെ ഭാഗമാണ്. തൊഴിലാളികള്‍, ദലിതര്‍, ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളെക്കുറിച്ചും ഈ മുൻവിധിയുണ്ട്. മലപ്പുറം, ഈരാറ്റുപേട്ട, ബീമാപള്ളി, കളമശ്ശേരി, ആലുവ, കാസർകോട്, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലനാമങ്ങള്‍ നമ്മുടെ സിനിമകളിലും മാധ്യമങ്ങളിലും ആഖ്യാനം ചെയ്യപ്പെട്ടതെങ്ങനെ എന്ന് പരിശോധിക്കുന്ന എഴുത്തുകള്‍ ധാരാളമുണ്ട്. ഈ വർഷവും ഇതേ പ്രാദേശിക ഭീതിയുടെ ആവർത്തനമുണ്ടായി. ഇസ് ലാമോഫോബിയ മറ്റു പല മാതൃകകളും ഒത്തുചേരുന്ന ഇടമാണ് പ്രദേശം എന്ന സംവർഗം.
2.1. എലത്തൂര്‍ ട്രെയിന്‍ ആക്രമണവും
ശാഹീന്‍ ബാഗും
ഏപ്രില്‍ 2-ന് കോഴിക്കോട്ടെ എലത്തൂരില്‍ ട്രെയിൻ യാത്രക്കിടയില്‍ മൂന്ന് യാത്രക്കാരെ തീ കൊളുത്തി കൊന്ന സംഭവം മാധ്യമങ്ങള്‍ ഏറെ മുൻവിധികളോടെയാണ് റിപ്പോർട്ട് ചെയ്തത്. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ നടത്തിയ പരാമർശങ്ങളും മുൻവിധി കലർന്നതായിരുന്നു (ഏപ്രിൽ 17, ന്യൂസ് 18 മലയാളം). പ്രതിയായ ഷാരൂഖ് സെയ്ഫി, സാക്കിര്‍ നായിക്കിനെപ്പോലുള്ളവരുടെ മതപ്രസംഗങ്ങള്‍ കേട്ട് പ്രചോദിതനായതാണെന്ന് പറഞ്ഞതും അയാള്‍ ജനിച്ചുവളർന്ന ശാഹീന്‍ ബാഗിനെ സംശയത്തിന്റെ നിഴലില്‍ നിറുത്തി സംസാരിച്ചതും വിമർശിക്കപ്പെട്ടു.
പൗരത്വ സംരക്ഷണ പ്രക്ഷോഭത്തിലൂടെയാണ് ശാഹീന്‍ ബാഗ് ലോകശ്രദ്ധ നേടിയത്. ഒരു വ്യക്തി കുറ്റകൃത്യത്തില്‍ ഏർപ്പെട്ടാല്‍ ആ വ്യക്തിയിലെ മുസ് ലിം സൂചനകള്‍ എടുത്തുപയോഗിക്കുന്ന രീതി ഇസ് ലാമോഫോബിയ ശക്തിപ്പെടാനേ ഉപകരിക്കൂ. പ്രാദേശിക ഭീതി, പ്രാദേശിക മുൻവിധി, തീവ്രവാദ ആരോപണം തുടങ്ങിയ നിരവധി മാതൃകകളിലൂടെ ഇസ് ലാമോഫോബിയ പ്രവർത്തിക്കുന്നു.
3. അദൃശ്യ ഭീഷണി
വസ്ത്രവും ഭക്ഷണവും ഇസ് ലാമോഫോബിയയുടെ നിർമിതിയില്‍ വഹിക്കുന്ന പങ്ക് പല തെറ്റിദ്ധാരണകൾക്കും കാരണമായിട്ടുണ്ട്. പലരും കരുതുന്നത് മുസ് ലിംകളുടെ പ്രവൃത്തിയും ഇസ് ലാമോഫോബിയയ്ക്ക് കാരണമാണെന്നാണ്. ഒരു പ്രദേശത്തെ മുസ് ലിംകളുടെ ചിന്ത, ഭക്ഷണം, വസ്ത്രം തുടങ്ങിയവ ഇസ് ലാമോഫോബിയയ്ക്ക് കാരണമാണെന്ന് വാദിക്കുന്നവര്‍ പക്ഷേ, മറ്റു സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇതേ നിലപാടുള്ളവരല്ല. ഉദാഹരണമായി, സ്ത്രീവിരുദ്ധതയുടെ കാരണം സ്ത്രീകളാണെന്നോ, തൊഴിലാളിവിരുദ്ധതയുടെ കാരണം തൊഴിലാളികളാണെന്നോ ആരും കരുതാറില്ല. കാരണം, തൊഴിലാളിവിരുദ്ധതയും സ്ത്രീവിരുദ്ധതയും മുതലാളിത്തം, ആൺകോയ്മ തുടങ്ങിയ ഘടനകളുടെ പ്രവർത്തനമായി വിലയിരുത്തുന്നു. അതുപോലെ ഇസ് ലാമോഫോബിയയ്ക്ക് കാരണം ഇസ് ലാമോ മുസ് ലിംകളുടെ പ്രവർത്തനങ്ങളോ അല്ല, മറിച്ച് മുസ് ലിംവിരുദ്ധ വംശീയതയിലൂന്നിയ ഇസ് ലാമോഫോബിയയാണ്. വംശീയത അതിന്റെ ഇരകളുടെ പ്രവർത്തനംകൊണ്ടല്ല സജീവമാകുന്നത്; വംശീയവാദത്തിന് പൊതു സ്വീകാര്യത ലഭിക്കുന്നതു മൂലമാണ്. അത്തരം പല സംഭവങ്ങളും കേരളത്തിലുണ്ടായി.
3.1. ശബരിമലയിലെ കുട്ടിയുടെ കരച്ചിലും അദൃശ്യ മുസ്്ലിമും
ശബരിമല കുറേ കാലമായി മുസ് ലിംവിരുദ്ധ പ്രചാരണങ്ങളുടെ കേന്ദ്രമാണ്. എല്ലാ വർഷവും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത് ആവർത്തിക്കാറുണ്ട്. ശബരിമലയില്‍ സ്വാഭാവികമായുണ്ടായ തിരക്ക് നിയന്ത്രിക്കുന്നതിലുള്ള സർക്കാരിന്റെ വീഴ്ചയെ പല മാധ്യമങ്ങളും വിമർശിച്ചിരുന്നു. എന്നാല്‍, സാമൂഹിക മാധ്യമങ്ങളും സംഘ് പരിവാര്‍ അനുകൂല സൈറ്റുകളും അതിനെ ഹിന്ദുക്കളോടുള്ള അവഗണനയായി ചിത്രീകരിച്ചു. അയ്യപ്പന്മാരെ നിറച്ചുകൊണ്ടുപോകുന്ന ഒരു കെ.എസ്.ആർ.ടി.സി ബസ്സിനെയും ഹജ്ജ് തീർഥാടകര്‍ സഞ്ചരിക്കുന്ന ഒരു വിമാനത്തിന്റെ ഉൾവശവും ഒരുമിച്ച് ചിത്രീകരിച്ചുകൊണ്ടായിരുന്നു കുപ്രചാരണം അരങ്ങേറിയത്. മുസ് ലിംകള്‍ അനർഹമായ ആനുകൂല്യങ്ങള്‍ നേടുന്നുവെന്ന ആരോപണത്തിലായിരുന്നു ഊന്നല്‍.
ഡിസംബര്‍ രണ്ടാം വാരം നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള ബസ് യാത്രക്കിടയില്‍ ശബരിമലയിലേക്ക് പോകുന്ന സംഘത്തിലെ ഒരു കുട്ടി പിതാവിനെ കാണാതെ ആശങ്കയിലായി. ഒരു മലയാളി പോലീസുകാരനോട് ഈ വിവരം കുട്ടി കരഞ്ഞുപറഞ്ഞു. ഏറെ താമസിയാതെ പിതാവ് തിരിച്ചെത്തി. കുഞ്ഞിന് സമാധാനമായി. അവന്‍ പോലീസുകാരനോട് കൈവീശി യാത്ര ചോദിച്ചു. ഈ സംഭവത്തിന്റെ ഒരു വീഡിയോ പുറത്തുവന്നു. 'ശബരിമലയില്‍ കുട്ടി ഒറ്റപ്പെട്ടു, പോലീസ് സഹായിച്ചില്ല' തുടങ്ങിയ വ്യാജ പ്രചാരണങ്ങളും കൂടെയുണ്ടായിരുന്നു. ഏതാനും മിനിറ്റ് നീളമുള്ള വീഡിയോയിൽനിന്ന് ചില ഭാഗങ്ങള്‍ മുറിച്ചെടുത്താണ് പ്രചാരണത്തിന് ഉപയോഗിച്ചത്. യഥാർഥ വീഡിയോ പുറത്തുവന്നതോടെ പ്രചാരണങ്ങള്‍ അടങ്ങി. കേരളത്തിനെതിരായ പ്രചാരണമെന്ന നിലയില്‍ മാത്രമല്ല ഈ സംഭവത്തെ ദേശീയ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയത്. മറിച്ച്, ഈ വിഷയത്തിന് ഒരു ഇസ് ലാമോഫോബിക് സ്പിന്‍ നല്കാന്‍ അവർ ശ്രമിച്ചതായും കാണാം. ഇസ് ലാമോഫോബിയാ പ്രചാരണങ്ങള്‍ രൂപപ്പെടാന്‍ മുസ് ലിംകള്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്. മുസ് ലിംകളുടെ നല്ലതോ മോശമോ ആയ പ്രവർത്തനം കൊണ്ടല്ല ഇസ് ലാമോഫോബിയ സംഭവിക്കുന്നതെന്നും മനസ്സിലാക്കേണ്ടതുണ്ട്.
4. രാഷ്ട്രീയ പ്രവർത്തനം
ഇസ് ലാമോഫോബിയ വ്യക്തിയുടെ മനോഭാവമാണെന്ന മട്ടില്‍ ലളിതമായി കാണാവുന്ന ഒന്നല്ല. മറിച്ച്, അത് ഭരണകൂട അധികാരത്തിന്റെ ഘടനയെത്തന്നെ സ്വാധീനിക്കുകയും മുസ് ലിംകൾക്കെതിരായ വിവേചനത്തിന് കാരണമാവുകയും ചെയ്യും. അത്തരം സംഭവങ്ങളും ഈ വർഷമുണ്ടായി. ഒരു ജനവിഭാഗമെന്ന നിലയില്‍ മുസ് ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തെയും സംഘടിത മുന്നേറ്റങ്ങളെയും നിഷേധിക്കുന്നതിന്റെ ഭാഗമായാണ് ഇസ് ലാമോഫോബിയ പ്രവർത്തിക്കുന്നത്. ഇത് വിവിധ മാതൃകകളുടെ സമന്വയത്തിലൂടെ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പരിശോധിക്കാം.
4.1. ഹർത്താലും ഇരട്ട നീതിയും
പോപുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലുമായി ബന്ധപ്പെട്ട് 2023 ജനുവരി അവസാന വാരത്തില്‍ നടന്ന ജപ്തി കേരളത്തില്‍ വലിയ ചർച്ചയായി. 2022 സെപ്റ്റംബര്‍ 23-നായിരുന്നു ഹർത്താല്‍ നടന്നത്. ഹർത്താലിലെ നാശനഷ്ടത്തിന്റെ പേരില്‍ നടപടിയെടുത്തപ്പോള്‍ പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്വത്തു പോലും ജപ്തി ചെയ്ത് പിടിച്ചെടുത്തതായിരുന്നു നിയമനടപടികളെ കൂടുതല്‍ ദൃശ്യതയിലേക്കു കൊണ്ടുവന്നത്.
സംസ്ഥാനത്തെ 178 കേന്ദ്രങ്ങളില്‍ ജപ്തി നടന്നു. മലപ്പുറം ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍- 89 എണ്ണം. കോഴിക്കോട് 23, കണ്ണൂർ 9, കാസർകോട് 3, വയനാട് 14, തൃശൂര്‍ 16, കോട്ടയം 5, ഇടുക്കി 6, പത്തനംതിട്ട 2, തിരുവനന്തപുരം 5, കൊല്ലം 1 എന്നിങ്ങനെയും ജപ്തി നടന്നിരുന്നു. മലപ്പുറം ജില്ലയില്‍ 13, കോട്ടയത്ത് 4, കണ്ണൂര്‍- വയനാട് ജില്ലകളില്‍ 2 വീതം, തൃശൂര്‍, പാലക്കാട്, കാസർകോട്, ആലപ്പുഴ 1 വീതം എന്നിങ്ങനെ സംഘടനയുമായി ബന്ധമില്ലാത്ത 25 മുസ് ലിംകളുടെ സ്വത്തുക്കളും കൂട്ടത്തില്‍ തെറ്റായി ജപ്തി ചെയ്തിരുന്നു.
ജപ്തി വിവാദമായതോടെ പിടിച്ചെടുത്ത സ്വത്ത് തിരികെ നല്കിയതായി സർക്കാര്‍ ഫെബ്രുവരി അവസാന വാരം ഹൈക്കോടതിയെ അറിയിച്ചു. ഹർത്താലിലെ അക്രമങ്ങളില്‍ 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു റിപ്പോർട്ട് . കേരള ചരിത്രത്തില്‍ ഒരു ഹർത്താലിനെതിരെ നടന്ന ഏറ്റവും വ്യത്യസ്തമായ ഒരു നിയമപ്രതികരണമായിരുന്നു ഇത്. മറ്റ് ഏത് ഹർത്താലുകൾക്കെതിരെയും നടക്കാത്ത തരത്തിലുള്ള ഭരണകൂട നടപടിയാണ് ആ ജപ്തിയുടെ പേരില്‍ കേരളത്തില്‍ അരങ്ങേറിയത്. നിയമ വാഴ്ചയുടെ പേരില്‍ നടക്കുന്ന ഇരട്ട നീതി ഇസ് ലാമോഫോബിയയുടെ പ്രചാരണ ഉപാധിയായി മാറുന്നു.
4.2. ആർ.എസ്.എസ്സുമായുള്ള ജമാഅത്ത് ചർച്ച
കേരളത്തില്‍ സംഘ് പരിവാറിന്റെ എതിര്‍ കക്ഷികളാണ് എല്ലാ രാഷ്ട്രീയ കക്ഷികളും. ഇന്ത്യന്‍ ഫാഷിസത്തിന്റെ പ്രാഥമിക ഇരകളായ മുസ് ലിംകളുടെ രാഷ്ട്രീയ സംഘാടനത്തെ നിഷേധിക്കാനും ഇതേ സംഘ് പരിവാര്‍ വിരുദ്ധതയുടെ പേരില്‍ ശ്രമങ്ങള്‍ നടന്നുവരുന്നു. ഇതും ഇസ് ലാമോഫോബിയയുടെ മറ്റൊരു പ്രവർത്തന മാതൃകയാണ്. രാഷ്ട്രീയം ചെയ്യാനുള്ള മുസ് ലിം ന്യൂനപക്ഷ അവകാശത്തിന്റെ നിഷേധമാണ് ഇന്ത്യന്‍ ഇസ് ലാമോഫോബിയയുടെ അടിസ്ഥാന സ്വഭാവം.
2023 ജനുവരി 14-ന് ദൽഹി മുന്‍ ലഫ്. ഗവർണര്‍ നജീബ് ജങ്ങിന്റെ വസതിയില്‍ മുസ് ലിം സംഘടനാ നേതാക്കളും ആർ.എസ്.എസ് നേതാക്കളും തമ്മില്‍ ചർച്ച നടന്നു. ആർ.എസ്.എസ് നേതാക്കളായ ഇന്ദ്രേഷ് കുമാര്‍, റാം ലാല്‍, കൃഷ്ണ ഗോപാല്‍ എന്നിവരാണ് ഒരു ഭാഗത്തുണ്ടായിരുന്നത്. മുസ് ലിം സംഘടനകളായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ് ലാമി, അഹ്്ലെ ഹദീസ്, ദാറുല്‍ ഉലൂം ദയൂബന്ദ്, ശീഈ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരായിരുന്നു മറുഭാഗത്ത്.
ഹിന്ദുത്വവക്താക്കളുടെ വിദ്വേഷപ്രസംഗം, മഥുര-കാശി മസ്ജിദുകളുടെ മേലുള്ള അവകാശവാദങ്ങള്‍, ഗോഹത്യയുടെ പേരിലുള്ള അതിക്രമങ്ങള്‍ ഇതൊക്കെയായിരുന്നു ചർച്ചാ വിഷയം.
ചർച്ച നടന്നു ആഴ്ചകള്‍ കഴിഞ്ഞശേഷം, ജമാഅത്ത് നേതാക്കള്‍ ആർ.എസ്.എസ്സുമായി ഗൂഢാലോചന നടത്തുന്നുവെന്ന വിമർശനമുയർന്നു. ഇത്തരമൊരു ചർച്ച വിലയിരുത്താനും അതിന്റെ ഫലപ്രാപ്തി പരിശോധിക്കാനും വിയോജിക്കാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാ സംഘ് പരിവാര്‍ വിരുദ്ധർക്കുമുണ്ട്. എന്നാല്‍ നടന്നത് അതായിരുന്നില്ല. ദേശീയ സ്വാതന്ത്ര്യസമരത്തോളം പാരമ്പര്യമുള്ള ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പോലുള്ള സംഘടനകള്‍ ചേർന്നാണ് ചർച്ച നടത്തിയതെങ്കിലും ആരോപണവും വിമർശനവും നേരിട്ടത് ഈ ചർച്ചയില്‍ നേരിട്ടു പങ്കെടുക്കാത്ത കേരളത്തിലെ ജമാഅത്തെ ഇസ് ലാമി ഘടകമായിരുന്നു. ഭരണകൂട അധികാരത്തിന്റെ ഭാഗമായ സംഘടനയും അതിന്റെ ഇരകളും തമ്മിലാണ് ചർച്ചയെന്നും അല്ലാതെ കേരളത്തിലെ രണ്ട് സംഘടനകള്‍ തമ്മിലല്ലെന്ന കാര്യവും പരിഗണിക്കപ്പെട്ടില്ല.
സമാനമായ സന്ദർഭത്തില്‍ ശ്രീ എം എന്ന ആധ്യാത്മ ഗുരുവിന്റെ സാന്നിധ്യത്തില്‍ സി.പി.എമ്മും സംഘ് പരിവാര്‍ സംഘടനകളും തമ്മില്‍ രണ്ടു തവണ തിരുവനന്തപുരത്തും കണ്ണൂരും ചർച്ച നടന്നിട്ടുണ്ടെന്നും ഇപ്പോഴുള്ളതുപോലുള്ള വിമർശനമായിരുന്നില്ല അന്ന് ഉയർന്നതെന്നും പലരും ഓർമിപ്പിച്ചു (കെ.എ ജോണിയുമായി ശ്രീ എം നടത്തിയ അഭിമുഖം, മാതൃഭൂമി ഓൺലൈന്‍, 1 മാർച്ച് 2021). സി.പി.എമ്മിന്റെ മധ്യസ്ഥതയില്‍ പിണറായി വിജയന്‍ ആർ.എസ്.എസ്സുമായി ചർച്ച നടത്തിയെന്ന് ഇകണോമിക് ടൈംസിന്റെ ന്യൂദൽഹി ലേഖകന്‍ ദിനേഷ് നാരായണന്‍ തന്റെ 'ദ ആർ.എസ്.എസ് ആന്റ് ദ മെയ്ക്കിങ് ഓഫ് ദ ഡീപ് നാഷന്‍' (2020 ഇൻഡ്യൻ വൈകിംഗ്) എന്ന പുസ്തകത്തില്‍ പറയുന്നു. ഉല്ലേഖ് എന്‍.പി രചിച്ച 'കണ്ണൂര്‍: ഇൻസൈഡ് ഇന്ത്യാസ് ബ്ലഡിയെസ്റ്റ് റിവഞ്ച് പൊളിറ്റിക്‌സ്' ( 2018 പെൻഗ്വിന്‍ റാൻഡം ഹൗസ്) എന്ന പുസ്തകവും ഇത്തരം ചർച്ചകളെക്കുറിച്ച് സൂചനകള്‍ നല്കുന്നുണ്ട്. കാര്യങ്ങള്‍ ഇപ്രകാരമായിരിക്കെ വസ്തുതകളെ അദൃശ്യമാക്കി നടത്തുന്ന വ്യാജ പ്രചാരണങ്ങളിലൂടെ സ്വതന്ത്ര തീരുമാനമെടുക്കാനുള്ള മുസ് ലിംകളുടെയും മുസ് ലിം സംഘടനകളുടെയും അവകാശം നിഷേധിക്കുന്നതിന്റെ പേരാണ് ഇസ് ലാമോഫോബിയ.
5. തൊഴില്‍ - വിദ്യാഭ്യാസ അവകാശത്തിന്റെ നിഷേധം
മുസ് ലിംകളുടെ തൊഴില്‍, വിദ്യാഭ്യാസ അവകാശ നിഷേധത്തിന്റെ രൂപവും ഇസ് ലാമോഫോബിയക്കുണ്ട്. 1970-കളില്‍ ആരംഭിച്ച ഗൾഫ് കൂടിയേറ്റത്തോടെ മുസ് ലിംകളുടെ തൊഴില്‍രാഷ്ട്രീയം കേരളം ഭീതിയോടെയാണ് ചർച്ച ചെയ്തത്. പ്രവാസത്തിലൂടെ മുസ് ലിംകൾക്കു കൈവന്ന സാമൂഹിക ചലനം മതപരതയെക്കുറിച്ചുള്ള ഭീതിയായി മാറിയതോടെയാണ് അത്. തൊഴിലിടത്തിലും വിദ്യാഭ്യാസ മേഖലകളിലും മുസ് ലിംകള്‍ അനുഭവിക്കുന്ന അവകാശ നിഷേധങ്ങള്‍ തൊഴിലിടത്തിന്റെ പ്രത്യേകതയില്‍നിന്നു മാറ്റി ഇസ് ലാമോഫോബിയയുടെ മാതൃകയാക്കി പരിവർത്തിപ്പിക്കുന്ന പ്രക്രിയ വിപുലമാണ്.
5.1. ഹിജാബും സർജിക്കല്‍ മാസ്‌കും
2023 ജൂണ്‍ അവസാന വാരം ഓപറേഷന്‍ തിയേറ്ററില്‍ തലമറയും വിധമുള്ള ശസ്ത്രക്രിയാ വസ്ത്രം (സർജിക്കല്‍ ഹുഡ്) ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴു വിദ്യാർഥിനികള്‍ പ്രിൻസിപ്പലിന് കത്തു നല്കി. വിവിധ ബാച്ചുകളില്‍ പഠിക്കുന്ന ഏഴ് എം.ബി.ബി.എസ് വിദ്യാർഥികളാണ് സർജിക്കല്‍ ഹുഡും കൈ നീളമുള്ള ജാക്കറ്റും അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്കി യത്. നിലവിലെ പ്രോട്ടോകോള്‍ വിശദീകരിച്ചശേഷം, കമ്മിറ്റിയെ നിയോഗിച്ച് വിഷയം പരിശോധിച്ച് തീരുമാനിക്കാമെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. സർജന്മാരുടെയും ഇൻഫെക് ഷന്‍ കണ്ട്രോള്‍ വിഭാഗത്തിന്റെയും യോഗം വിളിച്ചിട്ടുണ്ടെന്നും ഈ യോഗത്തില്‍ അപേക്ഷ ചർച്ച ചെയ്യുമെന്നും പ്രിൻസിപ്പല്‍ പറഞ്ഞു. തികച്ചും വ്യക്തിപരവും തൊഴില്‍ സൗകര്യാർഥവും നല്കിയ ഈ കത്ത് സംഘ് പരിവാര്‍ അനുകൂലികള്‍ ദുരുദ്ദേശ്യത്തോടെ പത്രങ്ങൾക്ക് ചോർത്തി നല്കി. ദേശീയ മാധ്യമങ്ങളും വാർത്ത ഏറ്റുപിടിച്ചു.
മെഡിക്കൽ കോളേജില്‍ വിദ്യാർഥികള്‍ പ്രിൻസിപ്പലിന് നല്കിയ കത്ത് ചോർത്തിയത് ഇസ് ലാമോഫോബിയ വ്യാപിപ്പിക്കാനുള്ള ആസൂത്രിത നീക്കമായി കാണണമെന്ന് എസ്.എഫ്.ഐ പ്രസ്താവനയിറക്കി. എന്നാല്‍, ആ സമയത്തും പല മുന്‍ എസ്.എഫ്.ഐക്കാരായ സോഷ്യല്‍ മീഡിയാ പ്രവർത്തകരും ഇസ് ലാമോഫോബിയ പ്രചരിപ്പിക്കുന്ന തിരക്കിലായിരുന്നുവെന്നു ശമീര്‍ കെ. മുണ്ടോത്ത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിരുന്നു. തൊഴിലിടത്തിലെ അവകാശ നിഷേധം മാത്രമല്ല, ലിംഗ രാഷ്ട്രീയം, ഹിജാബ് വിരുദ്ധത അടക്കമുള്ള മാതൃകകളും സമന്വയിപ്പിച്ചാണ് ഇസ് ലാമോഫോബിയ വികസിച്ചിരിക്കുന്നത്.
6. ഫാഷിസ്റ്റ് പ്രചാരവേല
യാതൊരു മറയും കൂടാതെ വളരെ തുറന്ന രീതിയില്‍ പ്രവർത്തിക്കുന്ന ഇസ് ലാമോഫോബിയയാണ് സംഘ് പരിവാറിന്റേത്. തുടക്കത്തില്‍ പൊതു ഇസ് ലാമോഫോബിയയുടെ മാതൃകകള്‍ ഉപയോഗിച്ചു പ്രവർത്തിച്ച സംഘ് പരിവാര്‍, ഇപ്പോള്‍ നേരിട്ടുള്ള ആക്രമണത്തിലാണ് ഊന്നുന്നത്. പ്രചാരവേലയിലൂടെ ആൾക്കൂട്ടത്തെ സ്വാധീനിക്കാനാണ് ശ്രമം.
6 .1. കേരള സ്റ്റോറി എന്ന പ്രചാരവേല
2023 മെയ് മാസമായതോടു കൂടി സംഘ് പരിവാറിന്റെ മുൻകൈയില്‍ നിർമിച്ച 'ദ കേരള സ്റ്റോറി ' കേരളത്തില്‍ നടക്കുന്ന സംഭവങ്ങളെ അന്താരാഷ്ട്ര തലത്തിലുള്ള ഇസ് ലാമോഫോബിയ ആഖ്യാനവുമായി കണ്ണിചേർക്കുന്ന ഒരു പ്രധാന സംഭവമായി. വിപുല്‍ അമൃത്‌ലാല്‍ ഷാ നിർമിച്ച് സുദീപ്തോ സെന്‍ രചനയും സംവിധാനവും നിർവഹിച്ച ഒരു ഇന്ത്യന്‍ ഹിന്ദി ഭാഷാ ചിത്രമാണ് 'ദ കേരള സ്റ്റോറി.'
'കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥ' എന്നായിരുന്നു സൺഷൈന്‍ പിക്ചേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലറിനു നല്കിയിരുന്ന അടിക്കുറിപ്പ്. വ്യാജപ്രചാരണമുള്ള സിനിമക്കെതിരായ പ്രതിഷേധം ശക്തമായതോടെ അടിക്കുറിപ്പ് 'കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മൂന്ന് പെൺകുട്ടികളുടെ യഥാർഥ കഥകള്‍' എന്ന് തിരുത്തി. എങ്കിലും മെയ് ആദ്യവാരം പ്രദർശനത്തിനെത്തിയ സിനിമ ലൗ ജിഹാദെന്ന സംഘ് പരിവാര്‍ പ്രചാരണത്തെ തന്നെയാണ് ഇതിവൃത്തമായി വികസിപ്പിച്ചത്. മുസ് ലിംകളല്ലാത്ത മലയാളി പെൺകുട്ടികളെ തട്ടിയെടുത്തു തീവ്രവാദ പ്രവർത്തനത്തിലേക്കു നയിക്കുന്നുവെന്ന ആരോപണമാണ് സിനിമ ഉയർത്തുന്നത്. ലിംഗ രാഷ്ട്രീയം, മുസ് ലിം ന്യൂനപക്ഷം നിർണായക ശക്തിയായ കേരളം, തീവ്രവാദ ആരോപണം തുടങ്ങി ഇസ് ലാമോഫോബിയയുടെ വിവിധ മാതൃകകള്‍ ഒന്നു ചേർന്നു ശക്തിപ്പെട്ട ഫാഷിസ്റ്റ് പ്രചാരവേലയാണിത്. പൊതുവെ, സംഘ് പരിവാര്‍ നിർമിക്കുന്ന ഇസ് ലാമോഫോബിയയെ കുറിച്ച് വളരെയധികം ജാഗ്രതയുള്ളതിനാല്‍ 'കേരള സ്റ്റോറി' കേരളത്തിലെ എല്ലാ വിഭാഗം രാഷ്ട്രീയപാർട്ടികളും സാമൂഹിക പ്രസ്ഥാനങ്ങളും തള്ളിക്കളഞ്ഞു.
6.2. വീണ്ടും ലൗ ജിഹാദ്
ലൗ ജിഹാദ് ആരോപണത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അത് പൂർണതയിലെത്തിയത് ഹാദിയ സംഭവത്തോടെയാണ്. സ്വന്തം ഇഷ്ടപ്രകാരം ഇസ് ലാമിലേക്ക് മതംമാറിയശേഷം ഒരു മുസ് ലിം ചെറുപ്പക്കാരനെ വിവാഹം കഴിച്ചതോടെയാണ് ഹാദിയ എന്ന ഹോമിയോ വിദ്യാർഥിനി (ഇപ്പോള്‍ ഡോക്ടര്‍) വിവാദത്തിലേക്ക് തള്ളിയിടപ്പെടുന്നത്. ഹാദിയയുടെ വരന്‍ ഷെഫിന്‍ ജഹാന്‍ ഇസ് ലാമിലേക്ക് മതംമാറ്റണമെന്ന ഉദ്ദേശ്യത്തോടെ ഹാദിയയെ കുടുക്കിയതാണെന്നായിരുന്നു അന്ന് ഉയർന്ന ആരോപണം. പിന്നീട് സുപ്രീം കോടതി തന്നെ വിവാദത്തിന് തിരശ്ശീലയിട്ടു.
പക്ഷേ, ഡിസംബര്‍ ആദ്യവാരത്തോടെ വിവാദം വീണ്ടും സജീവമായി. 'കാസ'യുടെ നേതാവാണ് ഇത്തവണ തുടക്കമിട്ടത്. ഹാദിയ വിവാഹമോചിതയായി മറ്റൊരു മുസ്്ലിമിനെ വിവാഹം കഴിച്ചുവെന്ന് കാസ നേതാവ് കെവിന്‍ പീറ്റര്‍ പറഞ്ഞു. അതിനു പിന്നാലെ, തന്റെ മകള്‍ ഐ.എസിനുവേണ്ടി പൊട്ടിത്തെറിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് പറഞ്ഞ് ഹാദിയയുടെ പിതാവ് അശോകന്‍ കോടതിയെ സമീപിച്ചു. കോടതി പക്ഷേ, കേസ് കാര്യമായെടുത്തില്ല. മുസ് ലിംകളുടെ ഇടപെടലുകളില്‍ ദുരൂഹത ആരോപിക്കുക ഇസ് ലാമോഫോബിയയുടെ ലക്ഷണമാണ്. ഹാദിയ മുൻകാലങ്ങളില്‍ ഹിന്ദുവായിരുന്നുവെന്നതൊന്നും രക്ഷയായില്ല. l
(തുടരും)
Comments