അന്യരെ ആശ്രയിക്കാതെ ജീവിക്കുക
عَنْ عَبْدِ اللهِ بْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ : اِسْتَغْنُوا عَنِ النَّاسِ وَلَوْ بِشَوْصِ السِّوَاكِ (الطَّبرِي وَالطَّبْرَانِي)
അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:
"നിങ്ങൾ ജനങ്ങളുടെ ഔദാര്യം പാടേ വെടിയുക; മിസ്്വാക്കിന്റെ കഷ്ണങ്ങൾ
കടിച്ചിറക്കിയിട്ടാണെങ്കിലും" (ത്വബ്്രി, ത്വബറാനി).
ശൗസ്വ് (الشَّوْصِ) എന്ന വാക്കിന്റെ ഭാഷാപരമായ അർഥം കഴുകൽ എന്നാണ്. بشَوْصِ السِّواكِ എന്നാൽ 'പല്ല് തേക്കുമ്പോൾ മുറിയുന്നത്' എന്നുമാണ് അർഥം. പല്ല് വൃത്തിയാക്കുമ്പോൾ മുറിയുന്ന മിസ്്വാക്കിന്റെ പൊട്ട്പൊടികൾ ചവച്ചിറക്കിയിട്ടാണെങ്കിൽ പോലും, അന്യരുടെ അന്നത്തെ ആശ്രയിക്കരുത് എന്ന് സാരം.
നിസ്സാര വസ്തുക്കളാൽ തൃപ്തിപ്പെട്ട് ജീവിക്കുന്നതാണ് അന്യരെ ആശ്രയിക്കുന്നതിനെക്കാൾ ഗുണകരം. എന്ത് ത്യാഗം സഹിച്ചും, യാചനയിൽനിന്നും മറ്റുള്ളവരുടെ ഔദാര്യത്തിൽ നിന്നും വിട്ടുനിന്ന് ആത്മാഭിമാനത്തോടെ ജീവിക്കണമെന്ന് റസൂൽ വിശ്വാസികളെ പഠിപ്പിക്കുകയാണ്. ദാന ധർമങ്ങൾ നൽകാനായി ഇത്തരം ആത്മാഭിമാനമുള്ള ആളുകളെ കണ്ടെത്തണമെന്ന് വിശുദ്ധ ഖുർആൻ ദായകരോട് ആവശ്യപ്പെടുന്നുണ്ട് (2: 273).
അബ്ദുല്ലാഹിബ്നു അബ്ബാസി(റ)നോട് നബി (സ) പറഞ്ഞു: "ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കണം. സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് തേടണം" (തിർമിദി).
അബൂ സഈദിൽ ഖുദ്്രിയ്യി (റ) പറയുന്നു: "ഒരിക്കൽ എന്റെ മാതാവ് എന്നെ സഹായാവശ്യവുമായി അല്ലാഹുവിന്റെ റസൂലിന്റെയടുത്തേക്ക് പറഞ്ഞയച്ചു. ഞാൻ അടുത്തെത്തിയപ്പോൾ പ്രവാചകൻ എന്റെ നേരെ തിരിഞ്ഞിരുന്നു. പിന്നീട് എന്നോട് പറഞ്ഞു: 'ആരെങ്കിലും ഐശ്വര്യം നടിച്ചാൽ അല്ലാഹു അവനെ ഐശ്വര്യവാനാക്കും. പവിത്രത നടിച്ചാൽ അവനെ പവിത്രതയുള്ളവനാക്കും. തികവ് നടിച്ചാൽ അവനെ എല്ലാം തികഞ്ഞവനാക്കും.
ഒരു ഊഖിയ കൈയിലുള്ളവൻ യാചിച്ചാൽ അവനെ ജനങ്ങളെ ശല്യം ചെയ്ത് യാചിക്കുന്നവരുടെ (مُلْحِفُون) കൂട്ടത്തിലാണ് അല്ലാഹു ഉൾപ്പെടുത്തുക.'
ഞാൻ സ്വയം പറഞ്ഞു: 'യാഖൂത് എന്ന് പേരുള്ള എന്റെ ഒട്ടകം ഒരു ഊഖിയയെക്കാൾ വിലയുള്ളതാണ്.' അങ്ങനെ ഞാൻ ഒന്നും ചോദിക്കാതെ മടങ്ങി" (അദ്ദാറഖുത്്നി).
കവി പാടി:
لاَ تَسْأَلَنَّ بُنَيَّ آدَمَ حَاجَةً
وَسَلِ الَّذِي أَبوَابُه لاَ تُحْجَبُ
اللهُ يَغْضَبُ إِن تَرَكْتَ سُؤَالَهُ
وَبُنَيَّ آدَمَ حِينَ يُسْأَلُ يَغْضَبُ
(ആദമിന്റെ മക്കളോട് നിങ്ങളൊരിക്കലും ആവശ്യങ്ങളുന്നയിക്കരുത്.
അടക്കാത്ത വാതിലുകളുടെ ഉടമയോട് ചോദിക്കുക.
ചോദിക്കാത്തവരോട് കോപിക്കുന്നവനാണല്ലാഹു.
ചോദിക്കുന്നവരോട് കോപിക്കുന്നവരാണ് മനുഷ്യർ).
ഉമർ (റ) പറഞ്ഞു: "ആർത്തി ദാരിദ്ര്യമാണ്; വിരക്തി ധന്യതയും. ജനങ്ങളുടെ കൈകളിലുള്ളതിൽ ആശയറ്റവൻ അവരെ ആവശ്യമില്ലാത്തവനാണ് " (അഹ്മദ്).
ഇമാം ഗസാലി ഇഹ്്യാഇൽ എഴുതി: "മുഹമ്മദുബ്നുൽ വാസിഅ് ഉണങ്ങിയ റൊട്ടി വെള്ളത്തിൽ മുക്കി തിന്നാറുണ്ടായിരുന്നു. പിന്നെ ഇപ്രകാരം പറയും: "ഇതിൽ തൃപ്തിപ്പെടുന്നവന് ആരെയും ആശ്രയിക്കേണ്ടതില്ല." l
Comments