ചിന്തകളെ മാറ്റാം, ജീവിതത്തെ മാറ്റിമറിക്കാം
മനുഷ്യമനസ്സിന്റെ അപാരതയെക്കുറിച്ച് ഏറെ പറയപ്പെട്ടിട്ടുണ്ട്. അതിന്റെ ഒട്ടനവധി കഴിവുകള്‍ പക്ഷേ, മനുഷ്യരില്‍ പലരും വളരെ കുറച്ച് മാത്രമേ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ എന്നതാണ് വാസ്തവം. മനസ്സിലുടലെടുക്കുന്ന ചിന്തകളെ നിയന്ത്രിക്കുകയും അതിനെ നല്ലതിലേക്കും പ്രയോജനപ്രദമായതിലേക്കും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുള്ളവരാണ് ചരിത്രത്തില്‍ അതുല്യമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളത്. എല്ലാറ്റിന്റെയും തുടക്കം മനസ്സില്‍നിന്നായിരുന്നുവെന്ന് ചുരുക്കം.
നമ്മുടെ ശാരീരികാരോഗ്യം എത്ര പ്രധാനമാണോ അത്ര തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്സ് എന്നതാണ് സമ്പൂർണ ആരോഗ്യത്തിന്റെ ലക്ഷണം. ഒരേ കുടുംബത്തില്‍ തന്നെ വിവിധ സാമ്പത്തിക നിലകള്‍ ഉള്ളതു പോലെ ആരോഗ്യ നിലവാരവും പല തലങ്ങളിൽ ആയിരിക്കും. ഇവരിലെ വിജയിച്ചവർ, മനസ്സില്‍ ക്രിയാത്മക ചിന്തകള്‍ നിറച്ച് അതിന്റെ അപാര ശക്തിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയവരാണ്. മനസ്സില്‍ മാലിന്യങ്ങള്‍ നിറയുമ്പോഴാണ് ഒരാള്‍ പരാജയം രുചിക്കുന്നത്. വിശുദ്ധ ഖുർആൻ അതിനെ വിശേഷിപ്പിക്കുന്നത് "മനസ്സിനെ പൂഴ്ത്തിയമർത്തിയവൻ പരാജയപ്പെട്ടു" എന്നാണ്.
മനസ്സിന്റെ സാധ്യതയെ ഉപയോഗപ്പെടുത്തണമെങ്കില്‍ വലിയ വലിയ സ്വപ്നങ്ങള്‍ കാണണം. അവ ഒറ്റ പ്രാവശ്യം കണ്ടാല്‍ മതിയാകില്ല. നാം താലോലിക്കുന്ന സ്വപ്നങ്ങള്‍ ആവർത്തിച്ച് കാണാൻ കഴിയണം. എങ്കില്‍ അവ യഥാർഥ ലോകത്ത് സാക്ഷാല്‍ക്കരിക്കാൻ നമുക്ക് സാധിക്കും. ഉയർന്ന ജോലി, മഹദ് ഗുണങ്ങളുള്ള വ്യക്തിത്വം, ഒരുപാട് പണം, വിജയപ്രദമായ ബിസിനസ്, പേരും പ്രശസ്തിയും തുടങ്ങിയവയൊക്കെ ചെറുപ്പം മുതലേ ധാരാളം പ്രാവശ്യം മനസ്സില്‍ കണ്ടവരാണ് പിന്നീടവ നേടിയിട്ടുള്ളത്.
ഇതിനു കാരണം മനസ്സ് ഒരു കൃഷിയിടം പോലെയാണ് എന്നുള്ളതാണ്. അവിടെ എന്താണോ വിതക്കുന്നത് അതാണ് മുളക്കുക. വിതക്കുന്നതിന് മുമ്പ് അതിലെ കള - അതായത് ദുഷ്ചിന്തകള്‍ - പറിച്ചുകളയണമെന്ന് മാത്രം. നമ്മുടെ മനസ്സിലൂടെ ഒരു ദിവസം ഏതാണ്ട് 60,000 വരെ ചിന്തകള്‍ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. അവയില്‍ 90 ശതമാനവും നമുക്ക് വേണ്ടാത്തവയാണ്. പ്രയോജനപ്രദമായ ചിന്തകളെ തടഞ്ഞുനിർത്തുകയാണ് വേണ്ടത്. അതിന് പുതിയൊരു പ്രോഗ്രാം രചിക്കണം. വേണ്ടാത്ത എല്ലാ കാര്യങ്ങളും മനസ്സില്‍നിന്ന് പുറന്തള്ളണം.
വിജയാവസ്ഥ മനസ്സില്‍ സൃഷ്ടിക്കുക
ജനിച്ച ഉടനെ നടക്കാനുള്ള കഴിവോടു കൂടിയാണ് മൃഗങ്ങളുടെ കുട്ടികള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇര തേടുന്ന കാര്യത്തിലും പല മൃഗങ്ങളും അങ്ങനെത്തന്നെ. പക്ഷേ, മനുഷ്യൻ അങ്ങനെയല്ല, അവന് നടക്കണമെങ്കില്‍ ധാരാളം സമയം വേണം. സാവകാശമേ അത് സാധിക്കൂ. തുടക്കത്തില്‍ സ്വന്തം കാര്യങ്ങള്‍ നിർവഹിച്ചുകിട്ടണമെങ്കില്‍ മറ്റുള്ളവരുടെ സഹായം വേണം. ക്രമേണയാണ് സ്വയം പര്യാപ്തതയിലേക്കെത്തുക. അതിനു കാരണം, മനുഷ്യ മനസ്സിന് മറ്റു ജീവജാലങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോൾ, കോടിക്കണക്കിനിരട്ടി ശക്തിയുണ്ട് എന്നുള്ളതാണ്. അതുപയോഗപ്പെടുത്തി മാത്രമേ അവന്ന് ഇത്തരം കാര്യങ്ങള്‍ ചെയ്യാനാകൂ. അതിനാല്‍, മനസ്സിന്റെ ശക്തിയെ ഉപയോഗപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവർ അതിനെ കീഴ്പെടുത്താൻ ശീലിക്കണം. വലിയ വലിയ ആശയങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കണം. അത് ദിനേന മനസ്സില്‍ ഉറപ്പിക്കണം. എല്ലാ സമയത്തും അതവരുടെ ഇടമുറിയാത്ത ചിന്തയായി മാറണം. അവ യാഥാർഥ്യമാക്കിയെങ്കില്‍ മാത്രമേ തങ്ങൾക്ക് വിജയിക്കാൻ കഴിയൂവെന്ന അടങ്ങാത്ത ആഗ്രഹം അവർക്ക് വേണം. സ്വന്തം മനസ്സില്‍ വിജയത്തിന്റെ അവസ്ഥ സൃഷ്ടിക്കണം; അത് യഥാർഥ ലോകത്ത് നടപ്പാക്കുന്നതിന് മുമ്പ്.
നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്നത് നമ്മുടെ വിശ്വാസ സമ്പ്രദായങ്ങളാണ്. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍, നാമെന്താണോ സംഭവിക്കുമെന്ന് കരുതുന്നത് അത് ജീവിതത്തില്‍ സംഭവിക്കുന്നു. ചിന്തകളാണ് നമ്മുടെ വ്യക്തിത്വം നിർണയിക്കുന്നത്. നമ്മുടെ ഉയർച്ച-താഴ്ചകള്‍ അവയുടെ ഫലങ്ങളാണ്.
ചിന്തകള്‍ സെലക്ടീവാകണം
നാം കഴിക്കുന്ന ഭക്ഷണത്തിന്റെ 25 ശതമാനവും തലച്ചോറിന്റെ ഉപയോഗത്തിനാണ് മാറ്റിവെക്കപ്പെട്ടിട്ടുള്ളത്. അതായത്, ചിന്തിക്കുന്നതിന് നല്ല ഊർജം ആവശ്യമുണ്ട്. തലച്ചോറിന്റെ അമിതോപയോഗം ചിലപ്പോള്‍ ശാരീരിക അസുഖത്തിന് വരെ കാരണമാകുന്നു. അതുകൊണ്ട് ചിന്തകളുടെ കാര്യത്തില്‍ നാം വളരെ സെലക്ടീവാകണം. സ്വന്തത്തെ തന്നെ വിശ്വസിക്കാൻ കഴിയണം. കഴിവുകളില്‍ മാറ്റം വരുത്താൻ അങ്ങനെ സാധിക്കും. ചില സന്ദർഭങ്ങളില്‍ നാം വിചാരിക്കുന്ന പലതും സംഭവിച്ചുകൊള്ളണമെന്നില്ല, ചിലപ്പോഴൊക്കെ തെറ്റായ പലതും സംഭവിക്കുകയും ചെയ്യാം. പക്ഷേ, ചിന്തകളില്‍ ഫോക്കസ് ചെയ്യുമ്പോഴാണ് നാം സമൃദ്ധിയുടെ പാതയില്‍ എത്തിപ്പെടുക. പ്രകൃതിക്ക് കൊടുക്കുന്നതെന്തോ അത് തിരിച്ചു ലഭിക്കുക തന്നെ ചെയ്യും.
പ്രായോഗികമായി ഇത് എങ്ങനെ ചെയ്യുമെന്ന് ചിലർക്ക് സംശയമുണ്ടാകാം. അതിനുള്ള മറുപടി, നാം നമ്മുടെ ചിന്തകളെ തുടർച്ചയായി മൂന്ന് ദിവസം നിരീക്ഷിക്കുക എന്നതാണ്. നല്ലതും തിയ്യതുമായ ചിന്തകളെ വേർതിരിച്ച് മനസ്സിലാക്കുക, എന്നിട്ട് നല്ല ചിന്തകളെ പിടിച്ചുനിർത്തുക. നിഷേധാത്മക ചിന്തകളെ ഡിലീറ്റ് ചെയ്യുക. അല്‍പം മനസ്സുവെച്ചാല്‍ ഒരു കമ്പ്യൂട്ടർ പ്രോഗ്രാം പോലെ ഇത് ചെയ്യാൻ സാധിക്കും. ആദ്യമേ തന്നെ ജീവിതത്തിന് ഒരു വിഷൻ സെറ്റ് ചെയ്ത വ്യക്തിയാണ് നിങ്ങളെങ്കില്‍ അതുമായി യോജിച്ചുവരുന്ന ചിന്തകളെ എളുപ്പം തിരിച്ചറിയാൻ നിങ്ങള്‍ക്ക് സാധിക്കും.
ഉദാഹരണത്തിന്, ഒരു നല്ല ബിസിനസുകാരനാകാൻ ആഗ്രഹിക്കുകയും അതിനനുസരിച്ച് വിഷൻ സെറ്റ് ചെയ്യുകയും ചെയ്ത ആള്‍ക്ക് ബിസിനസുമായി ബന്ധപ്പെട്ട ചിന്തകളെ പിടിച്ചുനിർത്താം. ഒരു സിവില്‍ സർവന്റാകണമെന്ന് ആഗ്രഹമുള്ളയാള്‍ തന്റെ പൊതുവിജ്ഞാനവുമായും പ്രശ്നപരിഹാര കഴിവുകളുമായും ബന്ധപ്പെട്ട ചിന്തകളെ തടഞ്ഞുവെക്കും. ഒരു സാധാരണ വ്യക്തിയും വിജയിക്കുന്ന വ്യക്തിയും തമ്മിലുള്ള വ്യത്യാസം, ആദ്യത്തെ ആള്‍ മനസ്സില്‍ വരുന്ന എല്ലാ ചിന്തകളെയും സ്വീകരിക്കുമ്പോള്‍ രണ്ടാമത്തെ ആള്‍ തനിക്ക് വേണ്ടുന്ന ചിന്തകളെ മാത്രം ഉള്‍ക്കൊള്ളുകയും ബാക്കിയുള്ളവയെ വിട്ടുകളയുകയും ചെയ്യുന്നു എന്നതാണ്.
സമൂഹത്തെ മാറ്റിമറിച്ചവർ യഥാർഥത്തില്‍ നാടിനും നാട്ടുകാർക്കും നന്മ വരണമെന്ന് ആഗ്രഹിച്ചവരാണ്. സാഹചര്യങ്ങളെ നിരീക്ഷിക്കുകയും അതിനനുസരിച്ച് മാറുകയും ചെയ്യുകയെന്നതാണ് പ്രധാനം. വിജയികള്‍ തങ്ങള്‍ക്ക് വിജയിക്കാനുള്ള സാഹചര്യം സ്വയം സൃഷ്ടിക്കും. സ്ഥായിയായ വിജയം ആഗ്രഹിക്കുന്നവർ പോസിറ്റീവ് ചിന്തകള്‍ മനസ്സില്‍ നിറക്കും. നിഷേധാത്മക ചുറ്റുപാടിനെ മാറ്റാൻ സാധിക്കില്ലെങ്കില്‍ അയാള്‍ അവക്ക് ചുറ്റും ഒരു ഫയർവാള്‍ സൃഷ്ടിക്കും.
ഉപബോധ മനസ്സിന്റെ ശക്തി
ചിന്തകള്‍കൊണ്ട് മാറ്റങ്ങള്‍ വരുത്താനാഗ്രഹിക്കുന്നവർ ഉപബോധ മനസ്സിന്റെ അപാരമായ ശക്തി തിരിച്ചറിയണം. മനസ്സിന്റെ 90 ശതമാനം വരുന്ന ബോധമനസ്സ് നാം ഉണർന്നിരിക്കുമ്പോള്‍ പ്രവർത്തിക്കുന്നു. കേവലം 10 ശതമാനം മാത്രം വരുന്ന ഉപബോധ മനസ്സ് എല്ലായ്്പ്പോഴും പ്രവർത്തിക്കുന്നു. ഏറ്റവും നന്നായി ഉപബോധ മനസ്സിനെ ഉപയോഗപ്പെടുത്താൻ സാധിക്കുന്നവരാണ് യഥാർഥത്തില്‍ വിജയം വരിച്ചവർ. അത് കേവലം ഒന്നു മുതല്‍ അഞ്ച് ശതമാനം വരെ പേർ മാത്രമാണ്. ബോധ മനസ്സിനെ ധാരാളമായി ഉപയോഗിക്കുന്നവർ സാധാരണക്കാരാണ്. വിജയം കൈവരിക ഉപബോധ മനസ്സ് ഉപയോഗിക്കുന്നവർക്കാണ്. ബോധ മനസ്സ് ഉപയോഗിക്കുന്നവർ വാക്കുകളും അക്കങ്ങളും കാണുന്നു. ഉപബോധ മനസ്സ് ഉപയോഗിക്കുന്നവർ ചിത്രങ്ങളും രംഗങ്ങളും മനസ്സില്‍ കാണുന്നു. ഉദാഹരണത്തിന്, ഒരു ലക്ഷം രൂപ എന്ന അക്കമാണ് ബോധ മനസ്സ് ഉപയോഗിക്കുന്നവരുടെ മനസ്സില്‍ പതിയുക. എന്നാല്‍, ഉപബോധ മനസ്സ് ഉപയോഗിക്കുന്നവർ ആ ഒരു ലക്ഷം രൂപ കൊണ്ടുള്ള നേട്ടങ്ങളാണ് മനസ്സില്‍ കാണുക. അതുകൊണ്ട് പലതരം വസ്തുക്കള്‍ വാങ്ങുന്നതായി അവർ സ്വപ്നം കാണുന്നു. അത് ഉപയോഗിക്കുന്നത് അവർ വിഷ്വലൈസ് ചെയ്യുന്നു. മറ്റൊരർഥത്തില്‍ പറഞ്ഞാല്‍, പകല്‍ കിനാവ് ധാരാളമായി കാണുന്നവരാണ് ഉപബോധ മനസ്സിന്റെ ആളുകള്‍.
ഉപബോധ മനസ്സ് ധാരാളമായി ചെയ്യുന്നത് ചിന്തിക്കുക എന്നതു തന്നെയാണ്. കാര്യങ്ങളെ ലോജിക്കലായി കാണാനും ബുദ്ധിപരമായി വിശകലനം ചെയ്യാനും അങ്ങനെ തീരുമാനങ്ങളിലേക്കെത്തിച്ചേരാനും അവസാനം അത് ഫലപ്രദമായി നടപ്പാക്കാനും ഉപബോധ മനസ്സ് നമ്മെ സഹായിക്കുന്നു. സ്വപ്നം കാണാനും ക്രിയാത്മകമായ ചിന്തകള്‍ രൂപവത്കരിക്കാനും ശാരീരിക വളർച്ചയെ നിയന്ത്രിക്കാനും പ്രതിരോധ ശക്തിയെ വളർത്താനും രോഗശമനത്തിനും ആരോഗ്യ വളർച്ചക്കും, ആസൂത്രണത്തിനും അവസരങ്ങള്‍ സൃഷ്ടിക്കാനും ഒക്കെ ഉപബോധ മനസ്സ് സഹായിക്കും. എല്ലാ സംഗതികളും കണ്ടുപിടിത്തങ്ങളും മനസ്സില്‍നിന്നാണ് രൂപപ്പെട്ടുവരുന്നത്.
മനുഷ്യോപകാരപ്രദമായ ധാരാളം കണ്ടുപിടിത്തങ്ങള്‍ നടത്തിയ തോമസ് ആല്‍വ എഡിസണ്‍ സ്വപ്നത്തിലാണ് പലതും ആദ്യമായി കണ്ടത്. പിന്നീട് യഥാർഥ ലോകത്തേക്ക് അത് പറിച്ചുനടുകയാണ് അദ്ദേഹം ചെയ്തത്.
‘ഉപബോധ മനസ്സിന്റെ ശക്തി’ (Power of Subconscious Mind) എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഡോ. ജോസഫ് മർഫി പറയുന്നത് കാണുക: “ഉപബോധ മനസ്സിന്റെ നിഗൂഢമായ ശക്തിയെ ബന്ധപ്പെടാനും ആ ശക്തിയെ പുറത്തെടുക്കാനും പഠിക്കുക മുഖേന നിങ്ങളുടെ ജീവിതത്തില്‍ കൂടുതലായി ശക്തി, സമ്പത്ത്, ആരോഗ്യം, സന്തോഷം, ആഹ്ലാദം എന്നിവ കൊണ്ടുവരാൻ നിങ്ങള്‍ക്ക് സാധിക്കും”.
എങ്ങനെ ചിന്തകളെ മാറ്റാം?
സാഹചര്യങ്ങളുടെ സ്വാധീനം നമ്മുടെ ചിന്തകളില്‍ പ്രകടമാണ്. ഉദാഹരണത്തിന്, വളരെ നിഷേധാത്മകമായ ഒരു സാഹചര്യത്തില്‍ ജോലിയെടുക്കുകയോ താമസിക്കുകയോ ചെയ്യുന്ന ആള്‍ അതിനനുസരിച്ച് മാത്രം ചിന്തിക്കും. അതിനാല്‍, സാഹചര്യം മാറ്റണം. എപ്പോഴും നിഷേധാത്മക ചിന്തകള്‍ മാത്രം തരുന്ന സുഹൃത്തുക്കളുണ്ടെങ്കില്‍ അവരെ വിട്ടു, ക്രിയാത്മക ചിന്തകളിലേക്ക് നമ്മെ നയിക്കുന്ന സുഹൃത്തുക്കളെ കണ്ടെത്തണം. നമ്മെ നിഷേധാത്മക ചിന്തയിലേക്കെത്തിക്കുന്ന ജോലിയാണെങ്കില്‍ അതും മാറുന്നതിനെ കുറിച്ച് ആലോചിക്കണം. ഒരിക്കലും വെറുതെയിരിക്കരുത്, എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം. അത് നമ്മുടെ ദീർഘകാല ലക്ഷ്യവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഏറ്റവും ഉത്തമം. പഠനം ഉഴപ്പിനില്‍ക്കുന്ന കുട്ടികള്‍ പാർട്-ടൈം ജോലി ചെയ്യണം. നമുക്ക് ഏറ്റവും പാഷനുള്ള ഒന്നിലേക്ക് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തലച്ചോറില്‍ അതുമായി ബന്ധപ്പെട്ട ന്യൂറോണുകളുടെ ഒരു ശൃംഖല രൂപപ്പെടുന്നു. അത് പിന്നെ അത്തരം ആയിരക്കണക്കിന് ന്യൂറോണുകളുടെ ശൃംഖലയായി മാറുന്നു. ജീവിതത്തിന്റെ ലക്ഷ്യം നിർണയിച്ച് ഒരു വിഷൻ സെറ്റ് ചെയ്ത്, അതു തന്നെ മനസ്സില്‍ ആവർത്തിച്ചു കാണുക. അതുമായി ബന്ധപ്പെട്ടതു മാത്രം ചിന്തിക്കുക. ഫോക്കസ് ചെയ്യുക. നന്മയിലേക്ക് മനസ്സിനെ തിരിച്ചാല്‍ അത് കൈവരും; തിന്മയിലേക്കായാല്‍ അതും. l
Comments