വംശഹത്യയുടെയും വെറുപ്പിന്റെയും അന്തർദേശീയ കാഴ്ചകൾ
ലോകത്തിലെ 200 കോടിയോളം മുസ്‌ലിംകള്‍ വിശ്വാസത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണവും വിവേചനവും നേരിടുന്നുവെന്ന് പറഞ്ഞത് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസാണ്. ഇസ്‌ലാമോഫോബിയക്ക് എതിരായ ദിനാചരണ വേളയില്‍ യു.എന്‍ ആസ്ഥാനത്ത് നല്‍കിയ സന്ദേശത്തിലാണ് ഗുട്ടെറസ് ഇക്കാര്യം വ്യക്തമാക്കിയത്.
തുല്യതയില്ലാത്ത മുസ്‌ലിം വിദ്വേഷവും വംശഹത്യയുടെ നടുക്കുന്ന സംഭവ പരമ്പരകളും കണ്ടാണ് 2023 വിടവാങ്ങിയത്. സയണിസ്റ്റ് ഭീകരര്‍ ഗസ്സയില്‍ തുടര്‍ന്നുവരുന്ന കൂട്ടക്കൊലകള്‍ക്ക് മൂന്നു മാസമായിട്ടും ശമനമില്ല. കൊല്ലപ്പെട്ടവരുടെ എണ്ണം 21,000 പിന്നിട്ടു. അതില്‍ എഴുപത് ശതമാനവും കുഞ്ഞുങ്ങളും സ്ത്രീകളും. ഒരു നാടിനെയും അവിടത്തെ ജനങ്ങളെയും ബോംബിട്ട് നിഷ്ഠുരം കൊന്നിട്ടും തടയാനാവാതെ ലോകം ലജ്ജിച്ചു തലതാഴ്ത്തി നില്‍ക്കുന്നു.
മുസ്‌ലിംകള്‍ക്കെതിരായ വിവേചനം പഴക്കമുള്ള വിഷയമാണെങ്കിലും ഇസ്‌ലാമോഫോബിയയും മുസ്‌ലിം വിരോധവും വ്യാപകമായത് 9/11-നു ശേഷമാണ്. വംശീയ ചിന്തയും, പടിഞ്ഞാറന്‍ ലോകത്ത് ഇസ്‌ലാം പിടിമുറുക്കുകയാണെന്ന ആശങ്കയുമാണ് ഇസ്‌ലാമോഫോബിയക്ക് അടിസ്ഥാന കാരണം. ദുഷ്പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുമ്പോഴും ഇസ്‌ലാമിലേക്കുള്ള പാശ്ചാത്യരുടെ വന്‍ ഒഴുക്ക് വംശീയവാദികളെ അമ്പരപ്പിക്കുന്നു. വിശ്വാസത്തിന്റെ കരുത്തുമായി ജീവിക്കുന്ന ഫലസ്ത്വീൻ ജനതയുടെ മനോവീര്യമാണ് ഗസ്സ വംശഹത്യയുടെ കാലത്ത് പതിനായിരങ്ങളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്.
ഇസ്‌ലാമിനെതിരെ ലോകാടിസ്ഥാനത്തില്‍ വെറുപ്പ് പടര്‍ത്തുന്നത് തടയാനുള്ള നീക്കങ്ങളുടെ ഭാഗമായി മാര്‍ച്ച് 15 ഇസ്‌ലാമോഫോബിയക്ക് എതിരെയുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത് 2022 മാര്‍ച്ച് 17-നാണ്. 2019-ല്‍ ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളികളില്‍ ജുമുഅ പ്രാര്‍ഥനക്ക് തൊട്ടു മുമ്പുണ്ടായ ഭീകരാക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ട ദിവസമാണ് ഇസ്‌ലാം വെറുപ്പിനെ ചെറുക്കാനുള്ള ദിവസമായി തെരഞ്ഞെടുത്തത്. രാജ്യാന്തര ഇസ്‌ലാമിക കൂട്ടായ്മ(ഒ.ഐ.സി)യുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ പാകിസ്താന്‍ കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി 55 മുസ്‌ലിം രാജ്യങ്ങള്‍ വോട്ടു ചെയ്തു. റഷ്യയും ചൈനയുമായിരുന്നു പ്രമേയത്തിന്റെ സഹ സ്‌പോണ്‍സര്‍മാര്‍.
മുസ്‌ലിംകള്‍ക്കെതിരായ വിവേചനം (anti-Muslim discrimination), മുസ്‌ലിംകളോടുള്ള വെറുപ്പ് (anti-Muslim hatred) എന്നീ പദാവലികള്‍ ഉപയോഗിക്കാതെ ഇസ്‌ലാംവിരോധം (Islamophobia) എന്ന പദമാണ് ഒ.ഐ.സി പ്രമേയത്തില്‍ ഉപയോഗിച്ചത്. വ്യക്തികള്‍ക്ക് മതവിശ്വാസം മുറുകെപ്പിടിക്കാനും അതിനുവേണ്ടി വാദിക്കാനും സംവാദം നടത്താനുമുള്ള അവകാശത്തിന് ഊന്നല്‍ നല്‍കിയ പ്രമേയം, ഒരു പ്രത്യേക മതത്തിനെതിരെ വെറുപ്പ് ഉല്‍പാദിപ്പിക്കാനുള്ള നീക്കങ്ങള്‍ തടയണമെന്നാണ് ആവശ്യപ്പെട്ടത്.
എന്നാല്‍, പ്രമേയത്തിന് എതിരായി സംസാരിച്ചത് ഇന്ത്യയും ഫ്രാന്‍സുമായിരുന്നു. സ്വന്തം രാജ്യങ്ങളില്‍ പടര്‍ന്നുവരുന്ന ഇസ്‌ലാംവെറുപ്പിനെ തടയാന്‍ ഒരു ശ്രമവും നടത്താത്ത ഭരണകൂടങ്ങളുടെ പ്രതിനിധികള്‍ ഇസ്‌ലാമോഫോബിയക്ക് എതിരായ ദിനത്തെ അംഗീകരിക്കാതിരുന്നതില്‍ അല്‍ഭുതമില്ല. യൂറോപ്പില്‍ ഏറ്റവുമധികം മുസ്‌ലിംകളുള്ള ഫ്രാന്‍സ് ഇസ്‌ലാം വിരോധത്തെ ഘട്ടം ഘട്ടമായി സ്ഥാപനവൽക്കരിച്ച രാജ്യമാണ്. ഇമ്മാനുവല്‍ മാക്രോണ്‍ പ്രസിഡന്റ് പദവിയില്‍ വന്നതു മുതല്‍ മുസ്‌ലിംകളുടെ മതാനുഷ്ഠാനങ്ങള്‍ക്ക് എതിരെ കടുത്ത നിയമങ്ങള്‍ വന്നു. വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ സ്കാര്‍ഫും അബായയും ധരിക്കുന്നത് നിരോധിച്ച് ആഗസ്റ്റില്‍ ഉത്തരവിറങ്ങി. നിരോധം ന്യായീകരിക്കാനാവില്ലെന്നാണ് യു.എന്‍ മനുഷ്യാവകാശ ഹൈക്കമീഷണര്‍ മാര്‍ത ഹുര്‍താദോ പ്രസ്താവിച്ചത്. പ്രവാചകനെ അവഹേളിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രമോട്ട് ചെയ്ത രാജ്യമാണ് ഫ്രാന്‍സ്.
ഫ്രാന്‍സ് കൂടി അംഗമായ യൂറോപ്യന്‍ യൂനിയനും ഇസ്‌ലാമോഫോബിയ ദിനാചരണത്തെ എതിര്‍ത്തു. ഒരു മതത്തെ മാത്രം ഇതിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് ശരിയല്ലെന്നാണ് ഇ.യു പ്രസ്താവനയില്‍ പറഞ്ഞത്. അതേസമയം, ഇസ്‌ലാമോഫോബിയക്ക് എതിരായ ദിനത്തെ അമേരിക്ക സ്വാഗതം ചെയ്തു. കടുത്ത വിവേചനം നേരിടുന്ന മതവിഭാഗം മുസ്‌ലിംകളാണെന്നാണ് യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യു.എസ് സ്ഥാനപതി ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് ചൂണ്ടിക്കാട്ടിയത്.
വലതുപക്ഷ തീവ്രവാദിയും മുസ്‌ലിം വിരുദ്ധതയുടെ പ്രചാരകനുമായ ഡാനിഷ് രാഷ്ട്രീയ നേതാവ് റാസ്മസ് പാലുദാന്‍ ജനുവരി 21-ന് സ്റ്റോക്ക്‌ഹോമിലെയും ജനുവരി 27-ന് കോപ്പന്‍ഹേഗിലെയും ടര്‍ക്കിഷ് എംബസികള്‍ക്ക് പുറത്ത് വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചാണ് യൂറോപ്പിലെ ഇസ്‌ലാമോഫോബിയക്ക് തുടക്കമിട്ടത്. മാല്‍മോ, നോര്‍കോപിംഗ്, ജോന്‍കോപിംഗ് എന്നിവിടങ്ങളില്‍ ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ ഇയാള്‍ ഖുര്‍ആന്‍ കത്തിക്കല്‍ തുടര്‍ന്നു. സ്വീഡിഷ് പോലീസിന്റെ പൂര്‍ണ സംരക്ഷണത്തിലായിരുന്നു റാസ്മസിന്റെ ചെയ്തി. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഈ നീചകൃത്യത്തെ പിന്തുണക്കുകയാണ് യൂറോപ്പിലെ പ്രമുഖ നേതാക്കള്‍ ചെയ്തത്.
ജൂണ്‍ 28-ന് സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ പ്രധാന പള്ളിക്കു മുന്നില്‍ ഇറാഖി വംശജന്‍ സല്‍വാന്‍ മൂമീക പോലീസ് സംരക്ഷണത്തില്‍ ഖുര്‍ആന്‍ കത്തിച്ചപ്പോള്‍ അതിന് പ്രോല്‍സാഹനം നല്‍കുകയായിരുന്നു സ്വീഡിഷ് ഭരണകൂടം. ബലി പെരുന്നാള്‍ ദിനത്തില്‍ നടന്ന ഈ അവഹേളനത്തിനെതിരെ മുസ്‌ലിം ലോകം ഒറ്റക്കെട്ടായി രംഗത്തുവന്നു. ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ മുസ്‌ലിം രാജ്യങ്ങള്‍ യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി 28 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, കോസ്റ്റാറിക്ക, മോണ്ടിനെഗ്രോ എന്നിവ ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ എതിര്‍ക്കുകയായിരുന്നു.
ഇസ്‌ലാമോഫോബിയക്ക് എതിരെയുള്ള ദിനാചരണത്തെ അകമഴിഞ്ഞ് പിന്തുണച്ച അമേരിക്ക, ഖുര്‍ആന്‍ കത്തിക്കുന്നതിനെ അപലപിക്കുന്ന പ്രമേയത്തെ എതിര്‍ത്ത് ഇരട്ടത്താപ്പ് കാട്ടി. അഭിപ്രായ സ്വാതന്ത്ര്യത്തോട് ഏറ്റുമുട്ടുന്നതുകൊണ്ടാണ് പ്രമേയത്തെ എതിര്‍ത്തതെന്നാണ് ഇവരുടെ വിശദീകരണം. ജൂത മതത്തെ വിമര്‍ശിക്കുന്നത് സെമിറ്റിക് വിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് നിയമമുണ്ടാക്കിയവരാണ് ഈ നിലപാട് സ്വീകരിച്ചത് എന്നതാണ് പരിഹാസ്യം. ഫ്രീ സ്പീച്ചും ഹെയ്റ്റ് സ്പീച്ചും രണ്ടാണെന്ന വസ്തുതയും അവര്‍ വിസ്മരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്ക് ഏര്‍പ്പെടുത്തണമെന്നോ പരിധി വെക്കണമെന്നോ അല്ല, ഖുര്‍ആന്‍ കത്തിക്കല്‍ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടവരുത്തരുതെന്ന് മാത്രമാണ് പ്രമേയം ആവശ്യപ്പെട്ടത്.
തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധ ഫ്രീഡം പാര്‍ട്ടി നെതര്‍ലാന്റ്‌സിലെ തെരഞ്ഞെടുപ്പില്‍ വലിയ ഒറ്റക്കക്ഷിയായി മാറിയത് യൂറോപ്പിനെ ഞെട്ടിച്ചു. കടുത്ത മുസ്‌ലിം വിരുദ്ധനും വംശീയ ഭ്രാന്തനുമായ ഗീര്‍ത് വില്‍ഡേഴ്‌സിന്റെ പാര്‍ട്ടി 150 സീറ്റുകളുള്ള പാര്‍ലമെന്റില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകളെയും (24 സീറ്റുകള്‍) ഇടതുപക്ഷ ലേബര്‍-ഗ്രീന്‍ സഖ്യത്തെയും (25 സീറ്റുകള്‍) പിന്തള്ളി 37 സീറ്റുകളിൽ വിജയിച്ചു. സിറിയ ഉള്‍പ്പെടെയുള്ള മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെ വിലക്കാനും ഖുര്‍ആന്‍ നിരോധിക്കാനും ആവശ്യപ്പെട്ട് പതിനേഴ് വര്‍ഷമായി സജീവമായി രംഗത്തുണ്ട് വില്‍ഡേഴ്‌സിന്റെ പാര്‍ട്ടി.
പള്ളികള്‍ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചാണ് ഇയാളുടെ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കുന്നതില്‍ വില്‍ഡേഴ്‌സ് വിജയിച്ചാല്‍ പശ്ചിമ യൂറോപ്പില്‍ രണ്ടാമത്തെ വലതുപക്ഷ സര്‍ക്കാറിന് വഴിയൊരുങ്ങും. ഇതിനു മുമ്പ് ഓസ്ട്രിയയിലാണ് വലതുപക്ഷ ഫ്രീഡം പാര്‍ട്ടി സഖ്യത്തിലൂടെ അധികാരത്തിലെത്തിയത്. ഫ്രാന്‍സിലും ബെല്‍ജിയത്തിലും തീവ്ര വലതുപക്ഷം പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ഹംഗറിയില്‍ പത്തു വര്‍ഷത്തിലേറെയായി വലതുപക്ഷ പാര്‍ട്ടി അധികാരത്തിലുണ്ട്. പോളണ്ടില്‍ 2015-ല്‍ അധികാരത്തിലേറിയെങ്കിലും 2019-ല്‍ പരാജയപ്പെട്ടത് മാത്രമാണ് ആശ്വാസം.
ഗസ്സയില്‍ ഫലസ്ത്വീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിവരുന്ന നിഷ്ഠുര യുദ്ധം കാരണം കഴിഞ്ഞ മൂന്നു മാസം യൂറോപ്പിലും അമേരിക്കയിലും ഓഷ്യാനയിലും മുസ്‌ലിം വിരുദ്ധ കുറ്റകൃത്യങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലണ്ടനില്‍ മാത്രം മുസ്‌ലിംകള്‍ക്കെതിരായ കുറ്റങ്ങളില്‍ 140 ശതമാനം വര്‍ധനവുണ്ടായി. ഒാക്‌സ്ഫഡില്‍ പള്ളിക്കെതിരെ ഇസ്രായേലി അനുകൂലികളുടെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായി. മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ നവംബര്‍ ഒന്നു മുതല്‍ 30 വരെ ഇസ്‌ലാമോഫോബിയക്ക് എതിരെ ബോധവല്‍ക്കരണ മാസമായി ആചരിക്കുകയുണ്ടായി. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ 2023 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് വിദ്വേഷ കുറ്റകൃത്യങ്ങളില്‍ അഞ്ചില്‍ രണ്ടും മുസ്‌ലിംകളെ ഉന്നം വെച്ചുള്ളതായിരുന്നു.
ഒക്ടോബറില്‍ അമേരിക്കയിലെ ഇല്ലിനോയിയില്‍ ആറു വയസ്സുകാരനായ ഫലസ്ത്വീനി ബാലന്‍ വാദിയ അല്‍ ഫയ്യൂമിനെ കുത്തിക്കൊല്ലുകയും അവന്റെ മാതാവ് ഹനാന്‍ ശഹീനെ ഗുരുതരമായി പരിക്കേല്‍പിക്കുകയും ചെയ്തത് 71-കാരനായ അവരുടെ വീട്ടുടമ ജോസഫ് സൂബയായിരുന്നു. ഫയ്യൂമിന്റെ ദേഹത്ത് 26 തവണയാണ് അക്രമി കുത്തിയത്. ഇതേ മാസമാണ് പാകിസ്താന്‍കാരിയായ ശിശുരോഗ വിദഗ്ധ ഡോ. തലത്ത് ജീഹാന്‍ ഖാനെ (52) ഹൂസ്റ്റണിലെ അപാർട്ട്മെന്റിന്റെ പുറത്ത് ഇരിക്കുമ്പോള്‍ ഇരുപത്തിനാലുകാരനായ അക്രമി കുത്തിക്കൊന്നത്.
ആഴ്ചകള്‍ക്ക് ശേഷം വെര്‍മണ്ടിലെ ബര്‍ലിംഗ്ടണില്‍ ഫലസ്ത്വീന്‍ വിദ്യാര്‍ഥികളായ ഹിശാം അവര്‍താനി, കിനാന്‍ അബ്ദുല്‍ ഹമീദ്, തഹ്‌സീന്‍ അഹ് മദ് എന്നിവരെ ഒരു അമേരിക്കന്‍ വംശജന്‍ വെടിവെച്ചു പരിക്കേല്‍പിച്ചു. ഇവര്‍ ഇംഗ്ലീഷിനൊപ്പം അറബിയും സംസാരിച്ചതും രണ്ടു പേര്‍ കഫിയ ധരിച്ചതുമാണ് പ്രകോപനത്തിന് കാരണമായത്. ഹിശാമിന് നെഞ്ചിനു താഴെ ചലനശേഷി നഷ്ടപ്പെട്ടു. ഒക്ടോബര്‍ ഏഴിനും ഡിസംബര്‍ രണ്ടിനുമിടയില്‍ മാത്രം ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട് 2171 പരാതികള്‍ ലഭിച്ചതായി കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സ് (കെയര്‍) റിപ്പോര്‍ട്ട് ചെയ്യുന്നു. 2022-ല്‍ ഇതേ കാലയളവില്‍ ഉണ്ടായതിനെക്കാള്‍ 172 ശതമാനം വര്‍ധന! കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കയിലെ എഫ്.ബി.ഐ ഒന്നര കോടിയോളം മനുഷ്യരുടെ വിവരങ്ങള്‍ ചോര്‍ത്തിവരികയാണെന്ന് ഈയിടെ വെളിപ്പെടുകയുണ്ടായി. ഇവരിലേറെയും അറബ്, മുസ്‌ലിം പേരുകാരാണ്. ഏഴു വയസ്സുകാര്‍ വരെ ലിസ്റ്റിലുണ്ട്. 2500 മുസ്‌ലിം പള്ളികളം നിരീക്ഷണത്തിലാണ്. ഇതിനെതിരെ കെയര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
അമേരിക്കയില്‍ 9/11-നു ശേഷം വ്യാപകമായ മുസ്‌ലിം വിരുദ്ധ കുറ്റകൃത്യങ്ങള്‍ 2015-17-ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ കാലത്ത് ശക്തിപ്പെടുകയുണ്ടായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മുസ്‌ലിംകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും വിവേചനങ്ങളും 2023-ല്‍ വര്‍ധിച്ചതായി എഫ്.ബി.ഐ ഒക്ടോബറില്‍ പുറത്തുവിട്ട വിദ്വേഷ കുറ്റങ്ങളുടെ വാര്‍ഷിക പട്ടികയില്‍ പറയുന്നു. സയണിസ്റ്റ് പ്രേമത്തില്‍ ട്രംപിനെ കടത്തിവെട്ടിയ ജോ ബൈഡന്‍ മുയലിനൊപ്പം ഓടുകയും വേട്ടനായ്‌ക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന നിലപാടാണ് കൈക്കൊണ്ടത്. അമേരിക്കയില്‍ ഇസ്‌ലാമോഫോബിയ ഉണ്ടെന്നും അത് തടയാന്‍ പ്രചാരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ച ബൈഡന്‍ ഫലസ്ത്വീനിലെ മുസ്‌ലിം വംശഹത്യക്ക് പരസ്യ പിന്തുണ നല്‍കി കാപട്യം വെളിവാക്കി. നെതന്യാഹുവെന്ന യുദ്ധക്കുറ്റവാളിയോട് ചേര്‍ത്ത് 'ജനൊസൈഡ് ജോ' എന്ന വിളിപ്പേരു കൂടി കിട്ടിയിരിക്കുന്നു യു.എസ് പ്രസിഡന്റിന്.
ഒക്ടോബര്‍ ഏഴിനുശേഷം മാത്രം ആസ്‌ത്രേലിയയില്‍ 133 ഇസ്‌ലാമോഫോബിക് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുസ്‌ലിംകളെയും ഫലസ്ത്വീനികളെയും ഒന്നടങ്കം ഹമാസുമായി ബന്ധിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്രചാരണങ്ങളാണ് ന്യൂസിലാന്റില്‍ അരങ്ങേറിയത്. പള്ളികള്‍ തകര്‍ക്കാനുള്ള ആഹ്വാനം വരെ ഉണ്ടായതായി ഫെഡറേഷന്‍ ഓഫ് ഇസ്‌ലാമിക് അസോസിയേഷന്‍ ഓഫ് ന്യൂസിലാന്റ് ചെയര്‍മാന്‍ അബ്ദുറസാഖ് വ്യക്തമാക്കി.
പള്ളികള്‍, ഇമാമുമാര്‍, മുസ്‌ലിം സംഘടനാ നേതാക്കള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ നെതര്‍ലാന്റ്‌സിലെ പത്ത് മുനിസിപ്പാലിറ്റികള്‍ രഹസ്യമായി ശേഖരിച്ചത് പുറത്തുവന്നത് ഈയിടെയാണ്. ഡച്ച് സുരക്ഷാ, ഭീകര വിരുദ്ധ ഏജന്‍സിയാണ് ഇതിന് സാമ്പത്തിക സഹായം നല്‍കിയത്. മുസ്‌ലിം വിരുദ്ധ വികാരം സമീപ കാലത്ത് ജര്‍മനിയില്‍ ശക്തിപ്പെട്ടുവെന്ന് സമ്മതിച്ചത് ആഭ്യന്തര മന്ത്രി നാന്‍സി ഫീസറാണ്. അമ്പത്തിയഞ്ചു ലക്ഷമാണ് ജര്‍മനിയിലെ മുസ്‌ലിം ജനസംഖ്യ. ദിനേന തങ്ങള്‍ വിവേചനം അനുഭവിക്കുകയാണെന്നാണ് അവരില്‍ വലിയൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. വലതുപക്ഷ വംശീയവാദികള്‍ ഉല്‍പാദിപ്പിക്കുന്ന മുസ്‌ലിം വെറുപ്പിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മുന്‍ പ്രസിഡന്റ് ക്രിസ്ത്യന്‍ വുള്‍ഫ് ഗവണ്‍മെന്റിനെ ഓര്‍മിപ്പിക്കുകയുണ്ടായി.
ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ സിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗുര്‍, തുർക്കിഷ് മുസ്‌ലിംകള്‍ക്കെതിരെ കമ്യൂണിസ്റ്റ് ഭരണകൂടം നടത്തിവരുന്ന അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടരുന്നു. സിന്‍ജിയാങില്‍ മാത്രമല്ല നിംഗ്‌സിയ, ഗാന്‍സു പ്രവിശ്യകളിലും നിരവധി പള്ളികള്‍ തകര്‍ത്തു. പ്രമുഖ ഉയിഗുര്‍ പണ്ഡിതയും ഗവേഷകയുമായ റാഹില്‍ ദാവൂദിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. ചൈനയുമായുള്ള വാണിജ്യ, സൈനിക ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കാതിരിക്കാന്‍ മുസ്‌ലിം രാജ്യങ്ങള്‍ പോലും ഉയിഗൂറിലെ വേട്ടക്കെതിരെ ശബ്ദിക്കുന്നില്ല.
മ്യാന്‍മറിലെ അറാകാന്‍ സ്‌റ്റേറ്റില്‍ 2012-ല്‍ തുടങ്ങിയ റോഹിംഗ്യ വംശഹത്യ കഴിഞ്ഞ വര്‍ഷവും തുടര്‍ന്നു. പരസ്യമായ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം നല്‍കിയ ബുദ്ധ സന്യാസി വിരാതുവിനെ ദേശീയ അവാര്‍ഡ് നല്‍കി ആദരിക്കുകയാണ് പട്ടാള ഭരണകൂടം ചെയ്തത്. ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷിക വേളയിലായിരുന്നു, രാഷ്ട്രത്തിന്റെ ഉന്നമനത്തിന് മികച്ച സേവനം അര്‍പ്പിക്കുന്നവര്‍ക്ക് നല്‍കുന്ന 'തിരി പ്യാഞ്ചി' അവാര്‍ഡ് വിരാതുവിന് സമ്മാനിച്ചത്. 'ബുദ്ധിസ്റ്റ് ഭീകരതയുടെ മുഖം' എന്ന തലക്കെട്ടില്‍ 2013-ല്‍ അമേരിക്കയിലെ ടൈം വാരിക ഇയാളെക്കുറിച്ച് കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. ബംഗ്ലാദേശിലെ റോഹിംഗ്യകളുടെ അഭയാര്‍ഥി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 11 സായുധ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടങ്ങളിലും നിരവധി പേര്‍ കൊല്ലപ്പെടുന്നുണ്ട്. ഈ വര്‍ഷം നാല്‍പതോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ മരണസംഖ്യ 129 ആയി ഉയര്‍ന്നിട്ടുണ്ട്.
ഗവണ്‍മെന്റിന്റെ ഔദ്യോഗിക നിലപാടല്ലെങ്കിലും ഇസ്രായേലിന്റെ ഗസ്സ വംശഹത്യക്ക് പിന്തുണ നല്‍കുന്ന രാജ്യങ്ങളിലൊന്ന് ബുദ്ധമത വിശ്വാസികള്‍ ഭൂരിപക്ഷമുള്ള തായ്‌ലന്റാണ്. ഫലസ്ത്വീനികള്‍ക്ക് പകരം തായ്‌ലന്റില്‍നിന്നുള്ള തൊഴിലാളികളെ ഇസ്രായേല്‍ റിക്രൂട്ട് ചെയ്തതു മുതലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബാന്ധവം ശക്തിപ്പെട്ടത്. ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അതിശക്തമായ വിദ്വേഷ പ്രചാരണമാണ് തായ്‌ലന്റില്‍ നടക്കുന്നത്. ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ഹമാസ് വക്താക്കളായി മുദ്രകുത്തുന്നു. ഫലസ്ത്വീനികള്‍ മുസ്‌ലിംകളായതുകൊണ്ടാണ് തായ് മുസ്‌ലിംകള്‍ അവരെ പിന്തുണക്കുന്നതെന്നാണ് ആക്ഷേപം. ഹമാസ് ഓപറേഷനില്‍ തായ് വംശജര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍, ഫലസ്ത്വീനികളെ പിന്തുണക്കുന്നവരെ പൗരന്മാരായി കണക്കാക്കാനാവില്ലെന്ന ഭീഷണിയും ഉയർന്നിട്ടുണ്ട്. l
Comments