Prabodhanm Weekly

Pages

Search

2024 ജനുവരി 05

3334

1445 ജമാദുൽ ആഖിർ 23

ഗസ്സയുടെ ഭാവി

വദ്ദാഹ് ഖൻഫർ / അബ്ദുർറഹ്്മാൻ

ഗസ്സക്ക് വേണ്ടി ശബ്ദിക്കുന്നത് അറബ് രാജ്യങ്ങളെക്കാൾ കൂടുതലായി ദക്ഷിണാഫ്രിക്കയാണ്, ലാറ്റിനമേരിക്കൻ രാജ്യങ്ങളാണ്. എന്തുകൊണ്ടാണിത്? 

ഞാൻ പറഞ്ഞല്ലോ, ഗസ്സ ഇപ്പോൾ അനുഭവിക്കുന്നതെന്തോ അതേ അനുഭവങ്ങളിലൂടെ കടന്നുപോയവരാണ് ഈ രാജ്യങ്ങളൊക്കെ. ഗസ്സയിലെ പോരാട്ടം അവരുടെ പോരാട്ടം തന്നെയാണ്. ഗസ്സ അവരെ പോരാട്ട വഴിയിലേക്ക് ഉണർത്തിക്കൊണ്ടുവന്നിരിക്കുന്നു. ഉദാഹരണത്തിന് ബ്രസീലിന്റെ കാര്യമെടുക്കാം. അവിടെ രണ്ട് ധാരകളുണ്ട്. ഒന്ന്, ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സിൽവ നേതൃത്വം നൽകുന്ന സോഷ്യലിസ്റ്റ്, ഇടതുപക്ഷ ധാര. എതിർപക്ഷത്തുള്ളത് രാജ്യത്തിന്റെ വിഭവങ്ങൾ കുത്തകയാക്കി വെച്ചിട്ടുള്ള വെള്ളക്കാരുടെ കോർപറേറ്റ് സ്ഥാപനങ്ങളാണ്. ബ്രസീലിലെ മുഖ്യധാരാ മീഡിയ അവരുടെ പിടിത്തത്തിലാണ്. ഗസ്സയിൽ ഇസ്രായേലിനൊപ്പം നിൽക്കുന്നവർ തന്നെയാണ് ബ്രസീലിലും മറുപക്ഷത്തുള്ളത് എന്നർഥം. മുൻ ബ്രസീലിയൻ പ്രസിഡന്റും തീവ്ര വലതുപക്ഷക്കാരനുമായിരുന്ന ബോൾസൊനാരോയുടെ ഭാര്യ കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങിയത് ഇസ്രായേലിന്റെ പതാക മുദ്രണം ചെയ്ത ടീഷർട്ട് ധരിച്ചുകൊണ്ടായിരുന്നു. ബോൾസൊനാരോയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലുടനീളം  ഇസ്രായേലി പതാക പാറിക്കളിക്കുന്നതും നിങ്ങൾക്ക് യുട്യൂബ് നോക്കിയാൽ കാണാം. അതേസമയം എതിർ സ്ഥാനാർഥി ലുല ഡ സിൽവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത് ഫലസ്ത്വീനി കഫിയ്യ കഴുത്തിൽ ചുറ്റിയാണ്. ഫലസ്ത്വീനിലും ബ്രസീലിലും നടക്കുന്നത് പാശ്ചാത്യ മൂലധന അധീശത്വത്തിനെതിരെയുള്ള ഒരേ പോരാട്ടമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞതു കൊണ്ടാണിത്.  ലാറ്റിനമേരിക്കയിലെ മറ്റു ഇടതുപക്ഷ ഭരണകൂടങ്ങളും ഗസ്സക്കൊപ്പം വീറോടെ നിൽക്കുന്നതും അതുകൊണ്ടാണ്. 

ഇസ്രായേലിന്റേത് പോലെയുള്ള വംശീയ ഭരണകൂടത്തിന്റെ (അപ്പാർത്തീഡ്) ഭീകര താണ്ഡവം ഏറെ അനുഭവിച്ചവരാണ് ദക്ഷിണാഫ്രിക്കക്കാരും. നെൽസൺ മണ്ടേല നേതൃത്വം നൽകിയ ആ സമൂഹത്തിന്, നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തെക്കുറിച്ച് കൃത്യമായ ധാരണകളുണ്ട്. ഇസ്രായേലിലേത് വംശീയ ഭരണകൂടമാണെന്ന് തങ്ങളുടെ അനുഭവങ്ങളിലൂടെ അവർക്കാണ് നന്നായി പറയാനാവുക. അവരത് ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. നോക്കൂ, കഴിഞ്ഞ ഒരു വർഷത്തിനകം പ്രമുഖ മനുഷ്യാവകാശ കൂട്ടായ്മകളായ ഹ്യൂമൻ റൈറ്റ്സ് വാച്ചും ആംനസ്റ്റി ഇന്റർനാഷ്നലും ഇസ്രായേലിലെ തന്നെ ബെയ്ത്ത് സാലിമും (B'Tselem) അതു പോലുള്ള മറ്റു സ്ഥാപനങ്ങളും അന്താരാഷ്ട്രീയമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ വെച്ച് ഇസ്രായേൽ വംശീയ രാഷ്ട്രമാണെന്ന് സമർഥിച്ചിട്ടുണ്ട്. അപ്പോൾ അന്താരാഷ്ട്ര നിയമങ്ങൾ വെച്ചായിരിക്കണം ലോക രാഷ്ട്രങ്ങൾ ഇസ്രായേലിനോടുള്ള നിലപാട് രൂപപ്പെടുത്തേണ്ടത്. പക്ഷേ, അങ്ങനെയൊന്നുമല്ല സംഭവിക്കുന്നത്. പറഞ്ഞുവന്നതിന്റെ ചുരുക്കം ഇതാണ്: ലോകത്ത് എല്ലായിടത്തും നടക്കുന്നത് ഒരേ പോരാട്ടമാണ്. ഒരു വശത്ത് അധികാരവും മൂലധനവും കൈയടക്കി വെച്ചിരിക്കുന്ന ശക്തികൾ. മറുവശത്ത് അതിനെ ചെറുക്കുകയും അതിനെതിരെ പോരാടുകയും ചെയ്യുന്ന സംഘങ്ങൾ. 

ഈ പോരാട്ടത്തിൽ സത്യം തുറന്നു പറയുന്ന മാധ്യമങ്ങളെ നിശ്ശബ്ദമാക്കാൻ അമേരിക്കയും ഇസ്രായേലും ശ്രമിക്കാറുണ്ട്. താങ്കൾ അൽ ജസീറ ചാനലിന്റെ തലപ്പത്ത് ഉണ്ടായിരുന്നപ്പോഴാണ് അമേരിക്കയുടെ അഫ്ഗാൻ - ഇറാഖ് അധിനിവേശങ്ങളുണ്ടാകുന്നത്. അന്നത്തെ അനുഭവങ്ങൾ വെച്ച് എന്താണ് പറയാനുള്ളത് ? 

മുഖ്യധാരാ മാധ്യമങ്ങൾക്ക് അവയുടേതായ ഒരു പ്രവർത്തന രീതിയുണ്ട്. അത് അധികാരം കൈയാളുന്ന മൂലധന ശക്തികൾ രൂപപ്പെടുത്തിയതാണ്. അതിൽ നിന്ന് മാറി ഏതെങ്കിലും മാധ്യമം സ്വന്തമായി ആഖ്യാനമുണ്ടാക്കാൻ ശ്രമിച്ചാൽ പ്രശ്നമാകും. സാമ്പത്തിക മേഖലയിലും നിങ്ങൾക്കിത് കാണാനാവും. മൂലധന ശക്തികൾ ഇവിടെ ഒരു സിസ്റ്റം ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതിൽനിന്ന് ഭിന്നമായ ഒരു രീതി സ്വീകരിക്കാൻ ശ്രമിച്ചാൽ അവരത് വെച്ചുപൊറുപ്പിക്കില്ല. ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടുപോന്ന ഈ ധാരയിൽനിന്ന് പുറത്തുകടക്കുകയായിരുന്നു അൽ ജസീറ. നേരത്തെ സൂചിപ്പിച്ച മുഖ്യധാരാ മാധ്യമപ്രവർത്തനം എന്നു പറയുന്നത്, പാശ്ചാത്യ ലിബറൽ ധാരണകളെയും ആശയങ്ങളെയും സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ്. ഭൂമിയുടെ ദക്ഷിണ മേഖലക്ക് അഥവാ ഗ്ലോബൽ സൗത്തിന് അവിടെ ഇടമില്ല. ദക്ഷിണ ഭാഗത്തുള്ള മീഡിയയും പാശ്ചാത്യ നിയന്ത്രണത്തിൽ തന്നെയാണല്ലോ. ഇറാഖ് യുദ്ധമൊക്കെ നടക്കുന്ന കാലത്ത് സോഷ്യൽ മീഡിയ ദുർബലവും പരിമിതവുമാണ്. അതിന്റെ പ്രയോജനം വലിയ തോതിൽ ലഭിച്ചുതുടങ്ങിയത് അറബ് വസന്ത പ്രക്ഷോഭ കാലത്താണ്. ഇന്ന് സോഷ്യൽ മീഡിയ വളരെയേറെ ശക്തിയാർജിച്ചിരിക്കുന്നു. മുഖ്യധാരാ മീഡിയാ ആഖ്യാനങ്ങളെ അത് ദുർബലപ്പെടുത്തുകയും നിർവീര്യമാക്കുകയും ചെയ്യുന്നു. നേരത്തെ മൂലധന ശക്തികൾ അൽ ജസീറ സംപ്രേഷണം തടസ്സപ്പെടുത്തിയതു പോലെ ഇന്ന് തടസ്സപ്പെടുത്തിയതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഗസ്സയിലുള്ളവർ അവരുടെ മൊബൈൽ കാമറകളിൽ സംഭവങ്ങളൊക്കെ പിടിച്ചെടുക്കുന്നുണ്ട്. അവ സംപ്രേഷണം ചെയ്യാൻ നിരവധി പ്രാദേശിക ജനകീയ യൂട്യൂബ് ചാനലുകളുമുണ്ട്. 

ഇറാഖ് യുദ്ധകാലത്തൊക്കെ അമേരിക്ക പല രീതിയിൽ അൽ ജസീറ സംപ്രേഷണത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്. കാരണം, ഇറാഖിലെ ജനകീയ ചെറുത്തുനിൽപ്പിനെക്കുറിച്ച് സത്യസന്ധമായ വാർത്ത കൊടുത്തുകൊണ്ടിരുന്നത് അൽ ജസീറ മാത്രമായിരുന്നു. അൽ ജസീറ ഏതെങ്കിലും പക്ഷം ചേർന്നുകൊണ്ടല്ല റിപ്പോർട്ടുകൾ കൊടുത്തിരുന്നത്. വസ്തുനിഷ്ഠമായിട്ടായിരുന്നു. ഇന്നും അതിൽ മാറ്റമില്ല. ഫലസ്ത്വീനികളുടെ യാതനകൾ ലോകത്തിന് മുമ്പിൽ കൊണ്ടുവരുമ്പോൾ തന്നെ, ഇസ്രായേൽ സൈനിക വക്താവിന്റെ പത്രസമ്മേളനങ്ങളും മറ്റും അൽ ജസീറ പൂർണമായി കൊടുക്കുന്നുണ്ടല്ലോ. മാധ്യമ ധർമം നിർവഹിക്കുന്നതിൽ അത് വീഴ്ചവരുത്തുന്നില്ല. അമേരിക്കയിലെയോ ഇസ്രായേലിലെയോ മാധ്യമങ്ങൾ ഈ ധർമം നിർവഹിക്കുന്നില്ല. അവർ ഒരു പക്ഷം മാത്രം കേൾക്കുന്നു. 

അൽ ജസീറയുടെ ഗസ്സയിലെ പ്രതിനിധി വാഇൽ ദഹ്ദൂഹിന്റെ മാധ്യമ പ്രതിബദ്ധത നോക്കൂ. അദ്ദേഹത്തിന്റെ മകനുൾപ്പെടെ അടുത്ത കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടയുടനെ വാർത്ത റിപ്പോർട്ട് ചെയ്യാനായി അദ്ദേഹം കാമറക്ക് മുമ്പിൽ വരികയാണ്. മനുഷ്യനെന്ന നിലക്ക് അത്യന്തം വികാരവിക്ഷുബ്ധനായിരിക്കുന്ന ഈ ഘട്ടത്തിൽ സംയമനം പാലിക്കുക എന്നത് വളരെ പ്രയാസകരമാണ്. അപ്പോഴും എത്ര സമചിത്തതയോടെയാണ് അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നത്! ഈയൊരു മാധ്യമ സംസ്കാരമാണ് അൽ ജസീറ അതിന്റെ സന്തതികളെ പഠിപ്പിക്കുന്നത്. പ്രതിബദ്ധതയും പ്രഫഷനലിസവും ഇവിടെ ഒത്തുചേരുന്നു. 

ഗസ്സയുടെ ഭാവി എങ്ങനെ രൂപപ്പെടുമെന്നാണ് താങ്കൾ കരുതുന്നത്? 

ഇസ്രായേലിന് അതിന്റെ സൈനിക ലക്ഷ്യങ്ങളൊന്നും നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞിരുന്നെങ്കിൽ അവരുടെ സൈനികനടപടികൾ ഇത്രമാത്രം ബീഭത്സമാവുമായിരുന്നില്ല. ആശുപത്രികളും സ്കൂളുകളും അഭയാർഥി ക്യാമ്പുകളും തകർത്തു, ആയിരക്കണക്കിന് സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നു... ഇതേ അവർക്ക് 'നേട്ട'മായി പറയാനുള്ളൂ. ഇസ്രായേലിന്റെ പ്രതിഛായയെ വലിയ തോതിൽ കളങ്കപ്പെടുത്താനേ അത് ഉപകരിച്ചുള്ളൂ. ആ നിലക്ക് ഇസ്രായേലിനിത് കനത്ത പരാജയമാണ്. നിരപരാധികൾ ദിവസവും ഗസ്സയിൽ കൂട്ടക്കൊലക്കിരയാവുന്നു എന്നത് നമ്മെയെല്ലാം വല്ലാതെ മുറിപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സ്ട്രാറ്റജിക് വീക്ഷണകോണിലൂടെ നോക്കിക്കാണുമ്പോൾ, ഇസ്രായേൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ചെയ്തുവെച്ചിരിക്കുന്നത് എന്ന് വ്യക്തമാവും. ഇസ്രായേൽ സമചിത്തതയോടെ പെരുമാറും എന്നിനി അതിനെക്കുറിച്ച് ആരും വിചാരിക്കുമെന്ന് തോന്നുന്നില്ല. അത്രക്ക് ഭീകരമാണ് അതിന്റെ സൈനിക ഓപറേഷനുകൾ. സൈനിക ലക്ഷ്യങ്ങളൊന്നും നേടിയില്ല എന്നു പറഞ്ഞല്ലോ.

ആശുപത്രികൾക്ക് മേൽ നിരന്തരം ബോംബിടുക... ആലോചിച്ചു നോക്കൂ, എന്തൊരു മാനക്കേടാണ്! ഈ ഇസ്രായേൽ സൈന്യം 1967-ലെ യുദ്ധത്തിൽ മൂന്ന് അറബ് രാഷ്ട്രങ്ങളെയാണ് എതിരിട്ടത്. ആറ് ദിവസത്തിനകം ഈ മൂന്ന് സൈന്യങ്ങളെയും ഇസ്രായേൽ പരാജയപ്പെടുത്തി. ഈ മൂന്ന് രാജ്യങ്ങളിൽനിന്നായി ഇസ്രായേൽ പിടിച്ചെടുത്ത ഭൂമിയുടെ വിസ്തീർണം അന്ന് ഇസ്രായേലിന് ഉണ്ടായിരുന്ന ഭൂമിയുടെ മൂന്ന് ഇരട്ടിയായിരുന്നു. അറുനൂറ് ഇസ്രായേലി പട്ടാളക്കാർക്ക് മാത്രമാണ് ജീവഹാനി സംഭവിച്ചത്. ഇന്ന് മുന്നൂറിൽപരം ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള, പതിനേഴ് വർഷമായി കടുത്ത ഉപരോധത്തിൽ കഴിയുന്ന ഒരു ചെറിയ ഭൂപ്രദേശത്തോടാണ് ഇസ്രായേൽ യുദ്ധം ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ ശാക്തിക ബലാബലത്തിൽ ഇസ്രായേലിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അമേരിക്കയും ഇസ്രായേലും യുദ്ധ ലക്ഷ്യങ്ങളെക്കുറിച്ച് മാത്രമല്ല, ഹമാസാനന്തര ഗസ്സയിലെ ഭരണ സംവിധാനത്തെപ്പറ്റി വരെ സംസാരിക്കുന്നുണ്ടെങ്കിലും ചെറുത്തുനിൽപ്പിനെ ഏതെങ്കിലും തരത്തിൽ തളർത്താൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഇതു വരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴും ചെറുത്തുനിൽപ്പ് സംഘങ്ങൾക്ക് ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിക്കാനാവുന്നുണ്ട്. 

എനിക്ക് തോന്നുന്നത്, ഇസ്രായേൽ ഇതുവരെ പ്രഖ്യാപിച്ച ലക്ഷ്യങ്ങളിൽനിന്ന് ക്രമേണ താഴോട്ട് ഇറങ്ങി വന്ന് ചെറിയതെന്തെങ്കിലും നേടിയാൽ തന്നെ അവർ തൃപ്തരാവുമെന്നാണ്. വലിയ അബദ്ധം കാണിക്കുകയോ യുദ്ധത്തിന് അയൽപക്കങ്ങളിലേക്ക് അപ്രതീക്ഷിത വിപുലനം ഉണ്ടാവുകയോ ചെയ്താൽ ഇതിന് മാറ്റമുണ്ടാവും. ഉദാഹരണത്തിന്, തെക്കൻ ലബനാനിൽനിന്ന് വിക്ഷേപിക്കുന്ന റോക്കറ്റുകൾ ഇസ്രയേലിൽ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയാൽ യുദ്ധഗതി മാറും. ഏതായാലും ഇപ്പോൾ ഒരു പ്രവചനം അസാധ്യമാണ്. 

ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ, 2011-ൽ ഉണ്ടായ അറബ് വസന്ത വിപ്ലവങ്ങളെക്കാൾ തീക്ഷ്ണമായ ജനകീയ പ്രക്ഷോഭങ്ങൾ അറബ് ലോകത്ത് സംഭവിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?

 അറബ് സമൂഹങ്ങൾ അകത്ത് സൂക്ഷിക്കുന്ന വിപ്ലവോർജം പുറത്ത് ചാടുമെന്നതിൽ എനിക്ക് സംശയമില്ല. അത് എങ്ങനെയായിരിക്കും എന്നു പറയാൻ കഴിയില്ല.  1948-ൽ നക്ബ സംഭവിച്ചതു മുതൽ അറബ് ലോകത്ത് ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടുണ്ട്. രാജഭരണങ്ങൾ പലതും കടപുഴകിയത് അങ്ങനെയാണ്. തൊള്ളായിരത്തി അറുപത്തിയേഴിന് ശേഷവും അത് ആവർത്തിച്ചു. പിന്നെ അൽ അഖ്സ്വാ ഇൻതിഫാദയുണ്ടായി. എന്തൊക്കെപ്പറഞ്ഞാലും പരാജയത്തിന് മുന്നിൽ അടങ്ങിയൊതുങ്ങുന്നവരല്ല അറബ് സമൂഹങ്ങൾ. പരാജയവുമായി ഒത്തുപോകാൻ അവർക്ക് കഴിയില്ല.

അറബ് ലോകത്തെ ഭരണാധികാരികൾ ഇപ്പോൾ ഒരു കാര്യം ചെയ്യുന്നത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അവർ തങ്ങളുടെ സമൂഹങ്ങളുമായി സന്ധിചെയ്തു ഒത്തുതീർപ്പിലെത്തണം. ഫലസ്ത്വീൻ പ്രശ്നത്തോട്, സ്വന്തം ജനതയോട് തന്നെ അവർ സ്വീകരിച്ചുവരുന്ന നയങ്ങൾ പുനഃപരിശോധിക്കണം. കഴിഞ്ഞതൊക്കെ മറക്കാനും പൊറുക്കാനും അറബ് സമൂഹങ്ങൾ തയാറാണ്. സ്വന്തം സമൂഹങ്ങളുമായി അറബ് ഭരണാധികാരികൾ പുതിയ രാഷ്ടീയ - സാമൂഹിക സമവാക്യങ്ങൾ രൂപപ്പെടുത്തേണ്ട സന്ദർഭമാണിത്; അത് സംഭവിക്കുമെന്ന് എനിക്ക് പ്രതീക്ഷയില്ലെങ്കിലും.

ഓരോ യുദ്ധവും എന്താണ് ബാക്കി വെക്കുന്നത് എന്ന് ആലോചിക്കണം. ഒന്നാം ഇറാഖ് യുദ്ധത്തിന് ശേഷം അൽ ഖാഇദ പ്രത്യക്ഷപ്പെടുന്നു. രണ്ടാം ഇറാഖ് യുദ്ധത്തിന് ശേഷം ഐ.എസ് രംഗത്ത് വരുന്നു. പിന്നെ അറബ് വസന്ത പ്രക്ഷോഭങ്ങൾ. ഇതൊക്കെ പല രീതിയിലും, ക്രിയാത്മകമായും നിഷേധാത്മകമായും, അറബ് സമൂഹങ്ങളിൽനിന്ന് ഉൽഭൂതമാവുന്ന ഊർജ പ്രവാഹങ്ങളാണ്. ചിലപ്പോഴവ സമാധാനപരമാവും; ചിലപ്പോൾ ഹിംസാത്മകവും. 

പലരും പറയാറുണ്ടല്ലോ, ഗസ്സക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ കൂടുതലും യൂറോപ്യൻ രാജ്യങ്ങളിലാണ്, അറബ് ലോകത്തല്ല എന്ന്. ഞാൻ അവരോട് പറയുന്നു, ഞങ്ങൾ അറബികൾ ഓർമകൾ സൂക്ഷിക്കുന്നവരാണ്. ആ ഓർമകൾ അവസരം കാത്തു നിൽക്കുകയാണ്. യഥാസമയം അത് അഗ്നിപർവതം പോലെ പൊട്ടും. അറബ് വസന്തം പൊട്ടിപ്പുറപ്പെട്ടത് നിങ്ങൾ കണ്ടില്ലേ? ആരും ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഭരണകൂടങ്ങളെ കടപുഴക്കിയ ആ പ്രക്ഷോഭമുണ്ടാകുന്നത്. സകല സുരക്ഷാ-രഹസ്യാന്വേഷണ വിഭാഗങ്ങളും അമ്പരന്ന് നിന്നു. അതെ, അറബ് സമൂഹം എല്ലാം ഓർമയിൽ പാത്തുവെക്കുകയാണ്. യഥാസമയം ആ ഊർജപ്രവാഹമുണ്ടാവും. അത് ഇസ് ലാമിക സമൂഹത്തിന് അതിന്റെ അന്തസ്സും ശക്തിയും തിരിച്ചുപിടിക്കാനുള്ള ഒരു ബൃഹദ് പദ്ധതിയായി മാറട്ടെ എന്ന് ഞാൻ ആശിക്കുകയാണ്. 

അടുത്തൊരു ഘട്ടത്തിൽ ത്വൂഫാനുൽ അഖ്സ്വായിൽ പൊതുജന പങ്കാളിത്തം ഉണ്ടാവുമെന്ന് കരുതുന്നുണ്ടോ? 

  രാഷ്ട്രീയമായും, മാധ്യമങ്ങളിലൂടെയും ജനം ഇപ്പോൾ തന്നെ ഈ ചെറുത്തുനിൽപ്പിന്റെ ഭാഗമാണല്ലോ. ഫലസ്ത്വീൻ പ്രശ്നം കുഴിച്ചുമൂടാൻ പലരും യവനികക്ക് പിറകിൽ കരുക്കൾ നീക്കുന്നുണ്ടെന്നത് ശരിയാണെങ്കിലും ത്വൂഫാനുൽ അഖ്സ്വായോടെ സംഭവിച്ചത് എന്താണെന്ന് നോക്കൂ. ഫലസ്ത്വീൻ പ്രശ്നത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതിരുന്ന പുതിയ തലമുറ ആ വിഷയം ആഴത്തിൽ പഠിച്ചു. ഇന്ന് പഴയ തലമുറയെക്കാൾ അവബോധം ആ വിഷയത്തിൽ പുതിയ തലമുറക്കുണ്ട്. ആഴ്ചകളായി ലോകമെങ്ങും ഈ അനൗപചാരിക പഠന - അധ്യയന പ്രക്രിയ നടന്നുവരികയാണ്. അതായത്, മുമ്പെങ്ങുമില്ലാത്ത അവബോധമാണ് ഫലസ്ത്വീൻ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. ഇസ്രായേലിന്റെ ആദ്യ പ്രധാനമന്ത്രി ബെൻഗുറിയോൺ പറഞ്ഞതായി ഒരു രാഷ്ട്രീയ നിരീക്ഷകൻ ഉദ്ധരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ബെൻഗുറിയോൺ പറഞ്ഞത് ഇതാണ്: 'ഫലസ്ത്വീനികൾ അവരുടെ ഓർമകൾ സൂക്ഷിക്കുന്നുണ്ടോ എന്നു നോക്കണം. അവരെക്കുറിച്ച് ഞാൻ ഭയപ്പെടുന്ന ഏക സംഗതി അതാണ്.' ഇന്ന് ഫലസ്ത്വീനികൾ മാത്രമല്ല, ലോകം മുഴുവൻ ആ ഓർമയിലേക്ക് വന്നിരിക്കുകയാണ്. ഫലസ്ത്വീനിലെ ഓരോ നഗരവും തെരുവും, തൊള്ളായിരത്തി നാൽപ്പത്തെട്ടും തൊള്ളായിരത്തി അറുപത്തേഴുമെല്ലാം ഇന്ന് ഫലസ്ത്വീനികളല്ലാത്തവർക്കും നന്നായിട്ടറിയാം. ഇത് അസാധാരണ നേട്ടമാണ്. 

ഇനി എന്താണ് ചെയ്യേണ്ടത് ?

ഈ അവബോധത്തെ കർമ പരിപാടിയായി ആവിഷ്കരിക്കുക. ഫലസ്ത്വീനികളല്ലാത്ത യുവാക്കളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. യുവ സമൂഹം സഹായിക്കാൻ സൻമനസ്സുള്ളവരാണ്. ഇന്നത്തെ യുവശക്തിയാണ് നാളെ ലോകത്തെ നിയന്ത്രിക്കുന്ന ശക്തി. ഇന്നത്തെ യുവാക്കളാണ് നാളത്തെ പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, കമ്പനി മേധാവികൾ ..... അവരെ ഒപ്പം കൂട്ടാനാകണം. അതിനാലാണ് നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഒരു ആഗോള പ്രസ്ഥാനം ആരംഭിക്കേണ്ട സമയമാണിതെന്ന് ഞാൻ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. സംഘടനകൾ, സ്ഥാപനങ്ങൾ, സാഹിത്യകാരൻമാർ, സാംസ്കാരിക പ്രവർത്തകർ, സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന വിമോചനപ്പോരാളികൾ - ഇങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗമാളുകളും അതിൽ പങ്കാളികളാണ്. എല്ലാവർക്കും ഒറ്റ ലക്ഷ്യം, ഒറ്റ താൽപര്യം: രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളിലെല്ലാം പിടിമുറുക്കിയിരിക്കുന്ന പാശ്ചാത്യ അധീശത്വത്തിന് അന്ത്യം കുറിക്കുക. l
(അവസാനിച്ചു)

Comments