2023 ഇന്ത്യയിൽ ഭീതിദമായ അനുഭവങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയുടെ പാര്‍ലമെന്റില്‍ ഒരു മുസ്‌ലിം ജനപ്രതിനിധിയെ ഭരണകക്ഷി അംഗങ്ങളിലൊരാള്‍ മുല്ലാ തീവ്രവാദി, ഭീകരന്‍, കൂട്ടിക്കൊടുപ്പുകാരന്‍, മുറിയൻ എന്നൊക്കെ വിശേഷിപ്പിക്കുകയും, അതു കേട്ടുകൊണ്ട് തൊട്ടടുത്ത സീറ്റുകളിലിരുന്ന മുൻ കേന്ദ്രമന്ത്രിയുള്‍പ്പെടെയുള്ള തലമുതിര്‍ന്ന ബി.ജെ.പി അംഗങ്ങള്‍ തലയറിഞ്ഞ് ചിരിക്കുകയും ആഹ്‌ളാദം പ്രകടിപ്പിക്കുകയും ചെയ്ത സംഭവമാണ് പോയ വര്‍ഷത്തെ ഇസ്‌ലാമോഫോബിയയുടെ ഏറ്റവും ഭീതിദമായ ഉദാഹരണം. മൊത്തം ബി.ജെ.പി അംഗങ്ങളും ഇതിനെ വെറുമൊരു തമാശയായി കണക്കിലെടുത്ത് ചിരിച്ചു തള്ളിയതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി അംഗം കൂടിയായ കുംവര്‍ ദാനിഷ് അലിയായിരുന്നു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ട ആ ഹതഭാഗ്യന്‍. ഈ സംഭവത്തെ ഒരു മാതൃകാ കേസ് എന്ന നിലയില്‍ എടുക്കുമ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ നിലവില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വംശവെറിയുടെ ഒട്ടുമിക്ക മുന്‍വിധികളും അതില്‍ അടങ്ങിയതായി കാണാനാവും.
ബഡുവ (കൂട്ടിക്കൊടുപ്പുകാരന്‍), കട്‌വ (മുറിയൻ), ആതംഗി മുല്ല (മുസ്‌ലിം ഭീകരന്‍) മുതലായ വാക്കുകള്‍ മുസ്‌ലിംകള്‍ക്കെതിരെ ഏതാണ്ടെല്ലാ സംഘ് പരിവാര്‍ പ്രൊഫൈലുകളും നിരന്തരമായി ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്നവയാണ്. സോഷ്യല്‍ മീഡിയയുടെ 'കമ്യൂണിറ്റി ഗൈഡ്‌ലൈന്‍' സൂക്ഷിപ്പുകാര്‍ക്ക് പരാതിയില്ലാത്ത ഈ വാക്കുകള്‍ക്ക് സംഘി സൈബറിടങ്ങളില്‍ തത്തുല്യമായ പ്രാദേശിക പര്യായങ്ങളും വാമൊഴി വഴക്കവും നിലനില്‍ക്കുന്നുണ്ട്. ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള, രമേഷ് ബിദൂരിയുടെ വാക്കുകളെ ഔപചാരികമായി സഭാരേഖകളില്‍നിന്ന് നീക്കം ചെയ്തുവെങ്കിലും ദാനിഷ് അലിക്കെതിരെയും പാര്‍ലമെന്റില്‍ പുതിയൊരു പരാതി ഉയരുകയാണ് പിന്നീട് സംഭവിച്ചത്. ബിദൂരി ഉപയോഗിച്ച വാക്കുകള്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പോലും അനിവാര്യമാകുന്ന സാഹചര്യം ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കുകയാണ് ഈ കൗണ്ടര്‍ പെറ്റീഷന്‍ ഫയലില്‍ സ്വീകരിക്കുക വഴി പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റി ചെയ്തത്. പാര്‍ലമെന്റ് രേഖകളിലോ സഭയുടെ ടെലിവിഷന്‍ ഫൂട്ടേജുകളിലോ ഒരു തെളിവും ദാനിഷ് അലിക്കെതിരെ ഉണ്ടായിരുന്നില്ല. മുമ്പൊരിക്കല്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് സ്മൃതി ഇറാനി പറഞ്ഞതുപോലുള്ള മറ്റൊരു നുണയായിരുന്നു അതും. ഇനി ഈ അധ്യായത്തിന്റെ അവസാന ഭാഗം എന്തായി എന്നല്ലേ? നവംബറില്‍ നടന്ന അസംബ്‌ളി തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ ബി.ജെ.പി പ്രചാരണച്ചുമതല ഏല്‍പ്പിച്ചത് ഇതേ രമേഷ് ബിദൂരിയെയാണ്. രാജസ്ഥാനില്‍ താരതമ്യേന നല്ല മുസ്‌ലിം വോട്ടര്‍മാരുള്ള ടോങ്കില്‍ ബിദൂരിയുടെ സാന്നിധ്യം പാര്‍ട്ടിക്ക് അനുകൂലമായ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തിയത്. ജനാധിപത്യ ഇന്ത്യ കണ്ട ഏറ്റവും വലിയ അശ്‌ളീലം ഒരു പാര്‍ട്ടിയുടെ വിജയത്തിന്റെ അടിസ്ഥാനമായി മാറിയെന്നര്‍ഥം.
മുസഫര്‍ നഗറില്‍ തൃപ്താ ത്യാഗി എന്ന അധ്യാപിക ഏഴു വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിയുടെ ചെകിട്ടത്തടിക്കാന്‍ ക്‌ളാസ്സിലെ ഹിന്ദു വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട സംഭവം ഇസ്‌ലാമോഫോബിയയുടെ നടുക്കുന്ന മറ്റൊരു ദൃശ്യമായിരുന്നു. ഈ സംഭവത്തിന് പിന്നീട് നല്‍കപ്പെട്ട വ്യാഖ്യാനങ്ങള്‍ എന്തായിരുന്നാലും സംഭവത്തില്‍ ഉള്‍പ്പെട്ട അധ്യാപികക്ക് ഇന്നത്തെ ഇന്ത്യയില്‍ തന്റെ ഉദ്ദേശ്യം മറ്റെന്തെങ്കിലും ആയിരുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെയാണ് നിവൃത്തിയില്ലാെത തൃപ്തക്കെതിരെ യു.പി പോലീസ് കേസെടുത്തത്. മുസ്‌ലിംവിരുദ്ധമായ എന്ത് നീക്കങ്ങളെയും അംഗീകരിക്കാന്‍ മനസ്സ് പാകപ്പെടുത്തിയ ഇന്ത്യയുടെ സാംസ്‌കാരിക പശ്ചാത്തലം ഈ സംഭവത്തെ ആഘോഷിക്കുകയാണ് ചെയ്തത്. ബി.ജെ.പി മുതല്‍ ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് നരേഷ് ടിക്കായത്ത് വരെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുടുംബത്തിന്റെ മേല്‍ സമ്മർദം ചെലുത്തുന്നതും രാജ്യം കണ്ടു. ക്‌ളാസ് മുറികളെ ചന്തയുടെ നിലവാരത്തിലേക്ക് വലിച്ചുതാഴ്ത്തി കുഞ്ഞു മനസ്സുകളെ പോലും വര്‍ഗീയവല്‍ക്കരിക്കുകയാണ് ഈ അധ്യാപിക ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ബി.ജെ.പി രാജ്യത്ത് പടര്‍ത്തിയ വിദ്വേഷ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ഗുജറാത്തിലെ സ്‌കൂളില്‍ മെട്രിക്കുലേഷന്‍ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ അര്‍സ്‌നാ ബാനു എന്ന മുസ്‌ലിം പെണ്‍കുട്ടിക്ക് സമ്മാനം നല്‍കാതെ രണ്ടാം സ്ഥാനം നേടിയ കുട്ടിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആദരിച്ചത് വലിയ വിവാദമായി. പ്രധാനമന്ത്രിയുടെ ജന്‍മനാടായ മെഹ്‌സാനയിലായിരുന്നു ഈ സ്‌കൂള്‍ എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. ഇസ്‌ലാമോഫോബിയക്കെതിരെ എന്തെങ്കിലുമൊരു സന്ദേശം പ്രധാനമന്ത്രിക്ക് നല്‍കാനാവുമായിരുന്ന ഈ സംഭവം അദ്ദേഹത്തിന്റെ ഓഫീസ് അറിഞ്ഞതായേ ഭാവിച്ചില്ല.
ദല്‍ഹിയിലെ സ്‌കൂളുകളിലൊന്നില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ 'ലാല്‍ചൗക്ക് പെ ഗോലി മാരോ, ദേശ് കെ ഗദ്ദാരോം കോ' എന്ന 'പ്രാര്‍ഥനാ'ഗീതം പാടുന്ന വിദ്യാര്‍ഥിനിക്ക് ടീച്ചര്‍ മൈക്ക് ശരിയായി പിടിച്ചുകൊടുക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു. വേറെയും നാല് സ്‌കൂളുകളില്‍ നിന്നു കൂടി കശ്മീരികളെ വളരെ മോശമായ ഭാഷയില്‍ ചിത്രീകരിക്കുന്ന ഈ പ്രാര്‍ഥനാ ഗാനം ആലപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ദല്‍ഹി കലാപത്തിന് വഴിയൊരുക്കിയ അനുരാഗ് ഠാക്കൂര്‍ എന്ന കേന്ദ്രമന്ത്രിയുടെ ആഹ്വാനമായി ആരോപിക്കപ്പെടുന്ന വാചകമാണ് ഈ ഗാനത്തില്‍ ഉപയോഗിച്ചതെന്നത് ശ്രദ്ധിക്കുക. ഇത് നിന്റെ രാജ്യമല്ലെന്നും പാകിസ്താനിലേക്ക് പോയിക്കൊള്ളണമെന്നുമാണ് കര്‍ണാടകയില്‍ ശിവമൊഗ്ഗയിലെ സ്‌കൂളില്‍ അധ്യാപിക 5-ാം ക്‌ളാസ്സില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടത്. ദല്‍ഹിയിലെ കൈലാഷ് നഗറിലും സമാനമായ രീതിയില്‍, മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശമില്ലെന്നും സ്വാതന്ത്ര്യ സമരത്തിന് നിങ്ങളാരും ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്നും ഒരു ടീച്ചര്‍ കുറ്റപ്പെടുത്തി. ഹേമ ഗുലാത്തി എന്ന ഈ അധ്യാപിക കഅ്ബയെയും വിശുദ്ധ ഖുര്‍ആനെയുമൊക്കെ ക്‌ളാസ് റൂമില്‍ പരസ്യമായി അധിക്ഷേപിച്ചതായും റിപ്പോര്‍ട്ടുണ്ട്. യു.പിയില്‍ ബഹ്‌റായിച്ചിലെ ഗുരുകൃപാ സ്‌കൂളില്‍ ഇസ്‌ലാമിനെയും ഭീകരതയെയും ബന്ധപ്പെടുത്തുന്ന ചോദ്യം പരീക്ഷക്ക് ഉള്‍പ്പെടുത്തുകയും വിവരം പുറത്തുവന്നപ്പോള്‍ മാപ്പു പറയുകയും ചെയ്തത് മറ്റൊരു ഉദാഹരണം.
സഹര്‍ഷയിലെ സ്‌കൂളില്‍ ഒരു മുസ്‌ലിം വിദ്യാര്‍ഥിനിയെ സ്‌കൂള്‍ മാനേജറുടെ മകന് ബലാല്‍സംഗം ചെയ്യാനുള്ള സൗകര്യമൊരുക്കാനായി സ്റ്റാഫ് റൂമില്‍ ലൈറ്റ് ഓഫാക്കി പൂട്ടിയിട്ട് റൂമിന് പുറത്ത് കാവല്‍ നില്‍ക്കാറുണ്ടായിരുന്ന ടീച്ചറെ കുറിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അവര്‍ പിന്നീട് ഹിന്ദു ദുര്‍ഗാ വാഹിനിയുടെ യോഗത്തില്‍ പങ്കെടുക്കുന്ന ദൃശ്യവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. അധ്യാപകരുടെ സര്‍വീസ് ട്രെയിനിംഗുകള്‍ എന്ന പേരില്‍ ബി.ജെ.പി സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന പേക്കൂത്തുകള്‍ ഇന്ത്യയിലെ വിദ്യാലയങ്ങളെ എങ്ങനെയൊക്കെ മാറ്റിയെടുക്കുന്നു എന്ന് അടിവരയിടുന്ന ഏതാനും റിപ്പോര്‍ട്ടുകള്‍ മാത്രമാണിവ.
കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ കൊന്നുകളയുന്നതാണ് അവര്‍ ഭാവിയില്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളുടെ ഭാഗമാകാതിരിക്കാന്‍ നല്ലതെന്ന ഇസ്രായേല്‍ ഭരണകൂട നിലപാടിനെ ഓർമിപ്പിക്കുകയാണ് ബി.ജെ.പി സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ നടക്കുന്ന ഈ അപമാനവീകരണ വിദ്യാഭ്യാസം. ദല്‍ഹിയിലെ സ്വകാര്യ നഴ്‌സറി സ്‌കൂളുകളില്‍ അപേക്ഷ സമര്‍പ്പിച്ച മുസ്‌ലിം കുഞ്ഞുങ്ങളില്‍ 3 ശതമാനത്തിന് മാത്രമാണ് പോയ വര്‍ഷം അഡ്മിഷന്‍ ലഭിച്ചതെന്ന റിപ്പോര്‍ട്ട് ഇതോടൊപ്പം ചേര്‍ത്തുവെക്കുക. വംശഹത്യക്ക് അടിത്തറയാവുന്ന എല്ലാ ഘടകങ്ങളെയും ബി.ജെ.പി ആസൂത്രിതമായി പ്രോല്‍സാഹിപ്പിക്കുന്നതാണ് കാണാനുള്ളത്.
2022-ല്‍ ഹിന്ദി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു പരസ്യത്തില്‍, കഴുത്തില്‍ കഫിയ്യ ചുറ്റിയ യുവാവ് പെട്രോള്‍ ബോംബ് എറിയുന്ന ഫോട്ടോയും അതിന്റെ അടിക്കുറിപ്പില്‍ 2017-നു മുമ്പുള്ള യു.പിയിലെ സാമൂഹിക അന്തരീക്ഷവുമായി ബന്ധപ്പെടുത്തുന്ന ചില വാചകങ്ങളും ഉണ്ടായിരുന്നു. യു.പിയില്‍ ബി.ജെ.പി അധികാരമേറ്റ 2017-നു ശേഷം യുവാവ് കൈ കൂപ്പി മാപ്പു പറയുന്നതായിരുന്നു പരസ്യത്തിെല രണ്ടാമത്തെ ഫോട്ടോ. ആദിത്യനാഥിന് വിജയമൊരുക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ പരസ്യമായിരുന്നു ഇത്. മുസ്‌ലിം എന്ന വാക്ക് നേര്‍ക്കുനേരെ ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. സ്വാഭാവികമായും ഒരു നടപടിയും ഉണ്ടായില്ല. പക്ഷേ, ഈ പരസ്യത്തിലൂടെ എന്താണ് ആദിത്യനാഥ് സര്‍ക്കാര്‍ ഉദ്ദേശിച്ചതെന്നത് വ്യക്തമായിരുന്നു. മാധ്യമങ്ങളില്‍ മാത്രമല്ല, സിനിമകളിലും ഹിന്ദുത്വയുടെ അതിപ്രസരം സൃഷ്ടിക്കുന്ന ഇസ്‌ലാമോഫോബിയക്കു നേരെ അധികാരികള്‍ കണ്ണടക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്.
പോയ വർഷത്തെ ഏറ്റവും മികച്ച സിനിമക്കുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് ലഭിച്ചത് 'കശ്മീര്‍ ഫയല്‍സ്' എന്ന പ്രോപഗണ്ട സിനിമക്കാണ്. 'കേരളാ സ്‌റ്റോറി' എന്ന അറുവഷളന്‍ വര്‍ഗീയ സിനിമ കാണാന്‍ പ്രധാനമന്ത്രിയാണ് നേരിട്ട് ജനങ്ങളെ ആഹ്വാനം ചെയ്തത്. ബി.ജെ.പി സംസ്ഥാനങ്ങളില്‍ ഈ സിനിമക്ക് നികുതിയിളവും ലഭിച്ചു. മോദി അധികാരത്തിലേറിയതിനു ശേഷം ബോളിവുഡില്‍നിന്ന് ഇതുവരെ 37 മുസ്‌ലിം വിരുദ്ധ സിനിമകളാണ് തിയേറ്ററുകളില്‍ എത്തിയത്. 2023-ല്‍ മാത്രം മുസ്‌ലിംകളെ മോശമായി ചിത്രീകരിക്കുന്ന ആറ് സിനിമകള്‍ പുറത്തുവന്നു. 2024-ല്‍ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി 20 സിനിമകള്‍ കൂടി പുറത്തുവരുമെന്നാണ് കേള്‍ക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കിട്ടുന്ന മുറക്ക് ഇവയും തിയേറ്ററുകളിലെത്തും.
ഇന്ത്യയിലെ വെറുപ്പ് പ്രചാരണം നിരീക്ഷിക്കുന്ന അമേരിക്കന്‍ സംഘടനയായ 'ഹിന്ദുത്വ വാച്ച്' പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്, 2023-ന്റെ ആദ്യ പകുതിയില്‍ മാത്രം രാജ്യത്ത് 225 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു എന്നാണ്. ഐക്യരാഷ്ട്ര സഭയുടെ നിര്‍വചനം അടിസ്ഥാനമാക്കിയാണ് മതം, രാജ്യം, വംശം, ഗോത്രം, വര്‍ണം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ ഹിന്ദുത്വ വാച്ച് പരിശോധിച്ചത്. 255-ല്‍ 205 കേസുകളും, അതായത് 80 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ശിവസേനാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ചെലവില്‍ മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് അതിരൂക്ഷമായ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ നടന്നത്. ബി.ജെ.പിയുടെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അയോധ്യയിലേക്ക് പോയി പങ്കെടുത്ത റാലിയില്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഭാവിയിലും അങ്ങനെ തന്നെ ആയിരിക്കുമെന്നും ഭീഷണിയുടെ സ്വരത്തില്‍ ഓർമിപ്പിച്ചു. നരേന്ദ്ര മോദിയുടെ പിന്‍ഗാമിയാവാന്‍ ആര്‍.എസ്.എസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന നേതാക്കളിലൊരാളാണ് ഫട്‌നാവിസ് എന്നോര്‍ക്കുക. അതിന്റെ അലയൊലികളായിരുന്നു സംസ്ഥാനത്ത് കേട്ടുകൊണ്ടിരുന്നത്. 'ഒന്നുകില്‍ നിങ്ങള്‍ക്ക് പാകിസ്താന്‍ അല്ലെങ്കില്‍ കബര്‍സ്ഥാന്‍' എന്ന വിഭജനകാല മുദ്രാവാക്യം ഉയര്‍ത്തിയും, മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തുമാണ് മഹാരാഷ്ട്രയില്‍ 'ജന്‍ ആക്രോശ് മാര്‍ച്ചുകള്‍' എന്ന പേരില്‍ മുസ്‌ലിം വിരുദ്ധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. മുതിര്‍ന്ന നേതാവ് കിരിത്ത് സോമയ്യയും ബി.ജെ.പി എം.പി ഗോപാല്‍ ഷെട്ടിയുമൊക്കെ ഈ റാലികളുടെ ഭാഗമായിരുന്നു. മഹാരാഷ്ട്രയിലെ പര്‍ഭനിയില്‍ നിന്ന് 2022 മാര്‍ച്ചില്‍ തുടക്കമിട്ട ആക്രോശ് റാലികള്‍ ഇതിനകം 50-ലേറെ നഗരങ്ങളിലൂടെ കടന്നുപോയി. ഇതേ പര്‍ഭനിയിലെ ഒരു മുസ്‌ലിം ഹെഡ് മാസ്റ്ററെ കൊണ്ട് റിപ്പബ്‌ളിക് ദിനോഘോഷ വേളയില്‍ നിര്‍ബന്ധിച്ച് പൂജ ചെയ്യിച്ചതും ഇക്കൂട്ടത്തില്‍ ചേര്‍ത്തുപറയാവുന്ന വാര്‍ത്തയാണ്. സ്വന്തം ഗവണ്‍മെന്റുകള്‍ നടപ്പാക്കിവരുന്നതോ നടപ്പാക്കാന്‍ നിഷ്പ്രയാസം കഴിയുന്നതോ ആയ ആവശ്യങ്ങളാണ് ആളെക്കൂട്ടി തെരുവില്‍ ഉന്നയിക്കുന്നത്. മുസ്‌ലിംകള്‍ക്കെതിരെ പൊതുവികാരം സൃഷ്ടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് വ്യക്തം.
ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ കഴിവിന്റെ പരമാവധി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ആദിത്യനാഥ് സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ നിരോധനമാണ് അതില്‍ ഒടുവിലത്തേത്. ഗ്യാന്‍വാപി മസ്ജിദ് പൊളിച്ച് ക്ഷേത്രമാക്കാന്‍ ആവശ്യപ്പെട്ട് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം റാലികള്‍ നടക്കുന്നു. മദ്റസകൾ മിക്കവയും അടച്ചു പൂട്ടലിന്റെ വക്കത്താണ്. എത്രയോ പതിറ്റാണ്ടുകളായി സര്‍ക്കാര്‍ നല്‍കിപ്പോന്ന ഗ്രാന്റുകള്‍ നിര്‍ത്തലാക്കുക മാത്രമല്ല, സര്‍ക്കാരേതര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്റസകള്‍ക്ക് പണം വരുന്ന വഴികള്‍ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെയും ആദിത്യനാഥ് നിയോഗിച്ചുകഴിഞ്ഞു. ഋഷികേശ്, ഹരിദ്വാര്‍, ഡറാഡൂണ്‍ തുടങ്ങിയ പ്രദേശങ്ങളില്‍ എണ്ണമറ്റ മുസ്‌ലിം ദര്‍ഗകളാണ് ഇടിച്ചുനിരത്തിയത്. കാണ്‍പൂരില്‍ രാംജി തിവാരി നടത്തിയ റാലിയില്‍ മുസ്‌ലിംകളോട് പാകിസ്താനിലേക്കോ ബംഗ്‌ളാദേശിലേക്കോ മാറിത്താമസിക്കാന്‍ ആവശ്യമുയര്‍ന്നു. 600 മദ്റസകളാണ് അസമില്‍ അടച്ചുപൂട്ടിയത്. ശേഷിച്ചവയും ഉടനെ പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത ബിശ്വാസ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ പൊതുബോധത്തിന് ഇതൊന്നും ഒരു വിഷയമേ ആയിട്ടില്ല.
ട്രെയിന്‍ യാത്രക്കാരായ മൂന്ന് മുസ്‌ലിംകളെ പേരു ചോദിച്ച് ഉറപ്പുവരുത്തി വെടിവെച്ചു കൊന്ന ചേതന്‍ സിംഗ് എന്ന റെയില്‍വേ സംരക്ഷണ സേനയിലെ കോണ്‍സ്റ്റബിളിനെ കേസില്‍നിന്ന് രക്ഷിച്ചെടുക്കാനുള്ള നീക്കങ്ങളാണ് തകൃതിയായി നടക്കുന്നത്. നരേന്ദ്ര മോദിക്കും ആദിത്യനാഥിനും ജയ് വിളിച്ചതിനു ശേഷമായിരുന്നു ഈ കൊലപാതകം. ഇതെങ്ങാനും മറിച്ചായിരുന്നു സംഭവിച്ചിരുന്നതെങ്കിൽ രാജ്യം കത്തുമായിരുന്നില്ലേ? എന്നാല്‍, അതിശയകരമായ വിധം ഈ വിഷയത്തില്‍ പൊതുബോധം ചേതന്‍ സിംഗിനൊപ്പമാണ്. അയാള്‍ക്ക് മാനസിക രോഗമായിരുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ ലിങ്കുകള്‍ക്ക് താഴെ വരുന്ന കമന്റുകളില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകളെ തെറിവിളിച്ചുകൊണ്ടുള്ളവയാണ്.
ഒറീസയിലെ ബാലസോറില്‍ നടന്ന റെയില്‍വേ അപകടത്തിന് ഉത്തരവാദിയായ സ്ഥലത്തെ സ്‌റ്റേഷന്‍ മാസ്റ്റര്‍ മുസ്‌ലിം ആണെന്നാണ് ആദ്യം ചില സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ പ്രചരിപ്പിച്ചത്. ആ വാര്‍ത്തകള്‍ക്ക് ലഭിച്ച സ്വീകാര്യത ശ്രദ്ധിക്കുക. ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് വന്നപ്പോള്‍ വെള്ളിയാഴ്ചയുമായി സംഭവത്തെ ബന്ധപ്പെടുത്താനായി പിന്നീടുള്ള ശ്രമം. ദുരന്തം നടന്ന സ്ഥലത്തെ ദൃശ്യങ്ങളില്‍ കാണുന്ന 'മസ്ജിദി'ന് ഈ അപകടവുമായി ബന്ധം ഉണ്ടായേക്കാമെന്ന വാട്ട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റി സിദ്ധാന്തവുമായി 'റാന്‍ഡം സേന' എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ രംഗത്തു വന്നപ്പോള്‍ നിരവധി ബി.ജെ.പി പ്രമുഖരടക്കം അത് ഏറ്റുപിടിച്ചു. മിനിറ്റുകള്‍ക്കകം നാല് ദശലക്ഷമാണ് ഈ ദുഷിപ്പ് വാര്‍ത്തക്ക് ലഭിച്ച കാഴ്ചക്കാരുടെ എണ്ണം. 4500 പേര്‍ അത് റീ ട്വീറ്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍, ബാലസോറിലെ ഹരേകൃഷ്ണ ക്ഷേത്രത്തിന്റെ ഫോട്ടോയാണ് മസ്ജിദിന്റേതായി ചിത്രീകരിക്കപ്പെട്ടത്. മുസ്‌ലിംകളുമായി ഏത് ദുരന്തത്തെയും ബന്ധപ്പെടുത്താന്‍ തക്കം പാര്‍ത്തുനില്‍ക്കുന്ന വലിയൊരു ജനസമൂഹം ഇന്ത്യയിലുണ്ടെന്ന തിരിച്ചറിവിനെക്കാള്‍ അപകടമായിരുന്നു, അങ്ങനെ ചെയ്താല്‍ ജനരോഷത്തെ വളരെ എളുപ്പത്തില്‍ വഴിതിരിച്ചു വിടാനാവുമെന്ന രാഷ്ട്രീയക്കാരുടെ ഉറച്ച ബോധ്യം.
ഇസ്‌ലാമോഫോബിയ പരത്താനായി ഗോദി മീഡിയ ബോധപൂർവം പണിയെടുക്കുന്നുണ്ട്. ഹിന്ദുത്വ ഭരണകൂടങ്ങളുടെ പ്രതിഛായ തകരുന്ന ഒന്നും എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെടരുതെന്ന് ഉറപ്പുവരുത്തുമ്പോള്‍ തന്നെയാണ് മറുഭാഗത്ത് മുസ്‌ലിംകളെ കുറിച്ച നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ ചാനലുകള്‍ ഒന്നിനൊന്ന് മല്‍സരിക്കുന്നത്. വെറുപ്പു പടര്‍ത്തുന്ന 14 ടി.വി അവതാരകരെ ബഹിഷ്‌കരിക്കുമെന്ന് ഇന്‍ഡ്യാ സഖ്യം പരസ്യമായി പറഞ്ഞിട്ടും നിലപാടുകളില്‍ മാറ്റംവരുത്താന്‍ അവരില്‍ ഒരാള്‍ പോലും തയാറായിട്ടില്ല. മോദിക്കെതിരെയോ ആദിത്യനാഥിനെതിരെയോ ഒരക്ഷരവും മിണ്ടരുതെന്ന കീഴ്‌വഴക്കമാണ് ചാനലുകള്‍ അനുസരിക്കുന്നത്. ദിമന്‍പുരയില്‍ ചരക്കുവണ്ടി പാളം തെറ്റിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മുഖ്യമന്ത്രി ആദിത്യനാഥിനെ അപമാനിച്ചുവെന്ന് ആരോപിച്ച് അമിത് ശർമ എന്ന റിപ്പോര്‍ട്ടറെ അറസ്റ്റ് െചയ്ത് തല്ലിച്ചതക്കുകയും അദ്ദേഹത്തിന്റെ വായില്‍ യു.പി പോലീസ് മൂത്രമൊഴിക്കുകയും ചെയ്ത സംഭവം ഉദാഹരണം. ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ കള്ളക്കേസില്‍ കുടുക്കിയത് സുപ്രീം കോടതി ഇടപെട്ട് വിട്ടയച്ചുവെങ്കിലും അദ്ദേഹത്തിനെതിരെ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയാണ് യു.പി സര്‍ക്കാര്‍. കര്‍ണാടക സര്‍ക്കാറിന്റെ വാഹനവായ്പാ സബ്‌സിഡി മുസ്‌ലിംകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്ന് ആരോപിച്ച് ആജ് തക് ചാനലില്‍ ചര്‍ച്ച സംഘടിപ്പിച്ച സുധീര്‍ ചൗധരിക്കെതിരെ ബംഗളൂരുവില്‍ എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും പാര്‍ട്ടിയുടെ ഈ ചാവേറിന്റെ അറസ്റ്റിനെതിരെയാണ് ബി.ജെ.പിയുടെ എം.പി തേജസ്വി സൂര്യ. മറുഭാഗത്ത് ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ചാനലുകള്‍ക്ക് നരേന്ദ്ര മോദിയുടെ അകമഴിഞ്ഞ സഹായവും ലഭിക്കുന്നുണ്ട്. യെസ് ബാങ്കില്‍നിന്ന് 8400 കോടി വായ്പയെടുത്ത ബി.ജെപിയുടെ മുന്‍ എം.പിയും സീ ന്യൂസ് ഉടമയുമായ സുഭാഷ് ചന്ദ്രക്ക് വായ്പാ തുകയില്‍നിന്ന് 6900 കോടിയുടെ ഇളവാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതായത്, 80 ശതമാനവും തിരിച്ചടക്കേണ്ടതില്ലാത്ത സൗജന്യ വായ്പ!!
പാകിസ്താന്‍ വിരുദ്ധത എന്നത് ഇന്ത്യയില്‍ മുസ്‌ലിം വിദ്വേഷത്തിന്റെ അപരനാമമായാണ് മാറുന്നത്. ഇസ്‌ലാമോഫോബിയ പടര്‍ത്താനുള്ള ഏറ്റവും വലിയ സാധ്യതകളിലൊന്നായി ഇത്രയും കാലം ക്രിക്കറ്റിനെയാണ് ഉപയോഗപ്പെടുത്തിയതെങ്കില്‍ സ്‌പോര്‍ട്‌സിന്റെ മറ്റു മേഖലകളിലേക്കും അത് കടന്നുതുടങ്ങി. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയുടെ അമ്മയോട് ഫൈനലില്‍ പരാജയപ്പെട്ട പാകിസ്താന്‍ താരത്തെ കുറിച്ചായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നത്. പാകിസ്താനെ പരാജയപ്പെടുത്തിയതിനെ രാജ്യസ്‌നേഹവുമായി കുട്ടിക്കെട്ടിയുള്ള ഉത്തരമാണ് സ്വാഭാവികമായും ചോദ്യമുന്നയിച്ച റിപ്പോര്‍ട്ടര്‍ ആഗ്രഹിച്ചതെന്ന് അതിന്റെ ദുസ്സൂചന പരിേശാധിച്ചാല്‍ വ്യക്തം. ഐ.സി.സി ക്രിക്കറ്റ് ടൂര്‍ണമെന്റ് നടന്ന സ്‌റ്റേഡിയങ്ങളില്‍ പാകിസ്താന്‍ താരങ്ങള്‍ മാത്രമല്ല, ആ രാജ്യത്തുനിന്ന് കളി കാണാനെത്തിയ കാണികള്‍ പോലും അപമാനിക്കപ്പെട്ടു. 'അതിഥി ദേവോ ഭവ' വാചകത്തിലും 'രാക്ഷസോ ഭവ' പ്രവൃത്തിയിലുമായി ചുരുങ്ങി. അവരുടെ രാജ്യത്തിന് ഇന്ത്യയില്‍ ജയ് വിളിക്കരുതെന്ന് പാകിസ്താന്‍കാരായ കാണികളോട് ഒരു പോലീസുകാരന്‍ ഉത്തരവിടുവോളം കാര്യങ്ങളെത്തി. ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമി ഒരൊറ്റ ക്യാച്ച് വിട്ട് അടുത്ത വിക്കറ്റ് എടുക്കുന്നതിനിടയിലുള്ള പത്ത് മിനിറ്റില്‍ രാജ്യത്തെ മുഴുവന്‍ ഇസ്‌ലാമോഫോബുകളും ഉറഞ്ഞുതുള്ളി. മറുഭാഗത്ത് ആത്മവഞ്ചനയുടെയും പരവഞ്ചനയുടെയും പ്രതീകമായിരുന്നു ചില ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യാ-പാക് ക്രിക്കറ്റ് കളി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി എം.പിയും മുന്‍ ഇന്റർനാഷണല്‍ താരവുമായ ഗൗതം ഗംഭീര്‍ ഐ.സി.സി ടൂര്‍ണമെന്റിന്റെ കമന്ററി ബോക്‌സില്‍ ഇരുന്നത് പാകിസ്താന്‍ മുന്‍ ബൗളര്‍ വസീം അക്രമിനൊപ്പമായിരുന്നു. ജന മനസ്സുകളിലേക്ക് പാകിസ്താന്‍ വിരുദ്ധതയുടെ മറവില്‍ ഇസ്‌ലാമോഫോബിയ വാരിവിതറുകയും തനിക്ക് പണം വാരാന്‍ നേരത്തെ ഛർദിച്ച വൃത്തികേടുകള്‍ വാരിവിഴുങ്ങുകയും ചെയ്യുന്ന പരിഹാസ്യമായ കാഴ്ചയായിരുന്നു അത്. l
Comments