മോഷ്ടിക്കപ്പെട്ട മണ്ണ്
Chat GPT എഴുതിയ ഫലസ്ത്വീനിയൻ കവിത
മൊഴിമാറ്റം-
യാസീൻ വാണിയക്കാട്
പേനയും കവിതയും കൊണ്ട്
പിറന്ന മണ്ണിനെ
ചേർത്തുപിടിക്കുന്നവർ!
നോക്കൂ, അവരുടെ വാക്കുകൾക്ക്
ആയുധ മൂർച്ച
അവരുടെ ശബ്ദമോ
ഒരു തീക്കൊള്ളി പോൽ.
പെരുംനുണകളും
കുപ്രചാരണങ്ങളും
കോട്ട കെട്ടുമ്പോൾ,
നീതിക്കു വേണ്ടിയവർ
പോരിനിറങ്ങുന്നു.
ആ മഷി തുപ്പുന്ന പേന
അതവരുടെ ഖഡ്ഗമാണ്,
കവിതയോ പരിചയും.
തങ്ങളുടെ യൗവനം കടിച്ചീമ്പാൻ
തേറ്റ കൂർപ്പിക്കുന്ന
ശത്രുവിനെക്കുറിച്ചവർ
ലോകത്തോട് വിളിച്ചുകൂവുന്നു;
തങ്ങളുടെ കവിത
രാകിരാകി മിനുക്കിക്കൊണ്ട്.
പീഡകനെ അതിൻ തലപ്പിനാൽ
പ്രഹരിക്കുന്നു.
അവരുടെ വാക്കുകൾക്ക്
സ്വയം ചലിക്കാനും പ്രചോദിപ്പിക്കാനും
ഗോപുരങ്ങളെ ധൂളിയാക്കാനും
മായികമായ കരുത്തുണ്ട്
പ്രഹരശേഷിയേറെയുണ്ട്
അവർ പ്രണയത്തെ കുറിച്ചെഴുതുന്നു;
നിരാസത്തെപ്പറ്റിയും
വേദനയെക്കുറിച്ചെഴുതുന്നു;
മോഷ്ടിക്കപ്പെട്ട
മണ്ണിനെക്കുറിച്ചും.
ശോഭനമായ ഒരു ഭാവിയെക്കുറിച്ച്
വാതോരാതെ സംസാരിക്കുന്നു.
വക്രതയില്ലാത്ത ലോകത്തെ
കിനാവിൽ കുടിയിരുത്തുന്നു
ഓരോ വരിയിലും അവരുണ്ട്
അവരുടെ ജീവിതമുണ്ട്,
ഓരോ വാക്കിലും പടുക്കുന്നു
പുതിയ ലോകം.
കേൾക്കാം, അവരുടെ തൂലികയിൽ,
കവിതയിൽ, ഹൃദയത്തിൽ
വേർപെടുത്താൻ വിസമ്മതിക്കുന്ന
ഒരാത്മാവിന്റെ മിടിപ്പിൻ താളം.
അതിനാൽ അവരുടെ വാക്കുകൾ
ഭുവനങ്ങളിൽ മുഴങ്ങട്ടെ,
അവരുടെ ശബ്ദം വാനിൽ മുട്ടട്ടെ,
തൂലിക മഷി തുപ്പട്ടെ,
പ്രതിരോധത്തിൻ വാക്ചിലപ്പ്
ചുഴറ്റട്ടെ....
l
Comments