Prabodhanm Weekly

Pages

Search

2023 മെയ് 26

3303

1444 ദുൽഖഅദ് 06

കർണാടക പ്രതിപക്ഷത്തിന് ആത്മവിശ്വാസം നൽകുന്ന വിജയം

എ. റശീദുദ്ദീൻ

കര്‍ണാടക തെരഞ്ഞെടുപ്പു ഫലങ്ങളെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതിനിര്‍ണായകമായ ഒരു ദിശാമാറ്റത്തിന്റെ തുടക്കമായി വിലയിരുത്താന്‍ കഴിയുമോ? ബി.ജെ.പിയുടെ ഹോള്‍സെയില്‍ വര്‍ഗീയതയുടെ മറുപക്ഷത്ത് എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന് മുഹബ്ബത്തിന്റെ റീട്ടെയില്‍ ഷോപ്പുകള്‍ തുറന്നു വെച്ച് ജയിക്കാനാവുമോ? പെട്ടെന്ന് ഒരു ഉത്തരം പറയുക എളുപ്പമല്ല. കര്‍ണാടകയില്‍ ബി.ജെ.പി തകര്‍ന്നടിഞ്ഞതിന്റെ കാരണം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയാണെന്ന് ഒരു ഒഴുക്കന്‍ വിലയിരുത്തലില്‍ പറയാം. രാഹുല്‍ ഗാന്ധിയുടെ യാത്ര കടന്നുപോയ 99 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജയിച്ചു കയറി എന്നത് വസ്തുതയുമാണ്. എന്നാല്‍, മതേതരത്വവും ഭരണഘടനാ തത്ത്വങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമായതെന്ന് വിശ്വസിക്കുന്നവരോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ. ബി.ജെ.പി തുറന്നുവെച്ച വിദ്വേഷ ചന്തയെ അല്ല രാഹുല്‍ അടച്ചു പൂട്ടിച്ചത്. ഭീതിയുടെയും അരാജകത്വത്തിന്റെയും ഹോള്‍സെയില്‍ മാര്‍ക്കറ്റിനാണ്, ഒപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ്സുണ്ടെന്ന് ബോധ്യപ്പെടുത്തി ജനങ്ങളെക്കൊണ്ട് താഴിടീച്ചത്.
പൊതുജനത്തിന് ഒന്നും സാധ്യമല്ലെന്ന ഭീതി അസ്ഥിമജ്ജകള്‍ വരെ പടര്‍ന്നുകയറിയ ഒരു രാജ്യത്ത് ഈ മാറ്റം അത്ര ചെറിയ ഒരു കാര്യമല്ല. മുഹബ്ബത്തിനെ കുറിച്ച ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കട്ടെ. പക്ഷേ, മതമൈത്രിയുടെ കുഞ്ഞിപ്പീടികകള്‍ തുറന്നു വെച്ച് ബാക്കിയുള്ള സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന് നേട്ടമുണ്ടാക്കാനാവുമെന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മൗഢ്യമാണ്. നേതാവും നയവും, താഴെത്തട്ടില്‍ എണ്ണയിട്ട യന്ത്രങ്ങളെപ്പോലെ പണിയെടുക്കാനുള്ള പ്രവര്‍ത്തകരും എല്ലാറ്റിനുമുപരി എതിരാളികളുടെ ദൗര്‍ബല്യങ്ങളും ഒരുമിച്ചു കൂടിയതാണ് തെരഞ്ഞെടുപ്പ് വിജയം. കര്‍ണാടകയില്‍ ഈ ഘടകങ്ങളെല്ലാം കോണ്‍ഗ്രസ്സിന് അനുകൂലമായി ഒത്തുചേര്‍ന്നിരുന്നു. പ്രാദേശിക നേതൃത്വങ്ങളുടെയോ രാഹുല്‍ ഗാന്ധിയുടെ തന്നെയുമോ കരുത്തില്‍  നാളെ കേരളത്തിലും, മൂന്നോ നാലോ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമൊക്കെ കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവ് ഉണ്ടായേക്കാം. പക്ഷേ, കോണ്‍ഗ്രസ്സിന്റെ വറുതിക്കാലം അവസാനിക്കുന്നതിന്റെ സൂചനയായി കര്‍ണാടകയിലെ വിജയത്തെ വ്യാഖ്യാനിക്കാറായിട്ടില്ല. 
ദക്ഷിണേന്ത്യയില്‍ ബി.ജെ.പി കണ്ടെത്തിയ ഹിന്ദുത്വ പരീക്ഷണ ശാലയായിരുന്നു കര്‍ണാടക. മോദിക്കും ആദിത്യനാഥിനുമൊക്കെ ശേഷമുള്ള തലമുറയില്‍ ബി.ജെ.പിയെ നയിക്കാന്‍ യോഗ്യനായ ഒരൊന്നാന്തരം ഉരുപ്പടി കര്‍ണാടകയില്‍നിന്ന് പാര്‍ലമെന്റിലേക്ക് ജയിച്ചു കയറുന്നുമുണ്ട്. തേജസ്വി സൂര്യയുടെ ഈ സ്വാധീന മേഖലയില്‍ ബി.ജെ.പി തന്നെയാണ് ഇത്തവണയും മുന്നിട്ടുനിന്നതെന്ന് മറക്കരുത്. തീരദേശ മേഖലയിലും കോണ്‍ഗ്രസ് താഴേക്കു പോയി. 'കാര്‍പറ്റ് ബോംബിംഗി'നെ അനുസ്്മരിപ്പിക്കുന്ന രീതിയില്‍ ബി.ജെ.പിയുടെ ഹെലികോപ്റ്റര്‍ നേതാക്കള്‍ പറന്ന് നടന്ന് വിഷം തളിച്ചതിന്റെ നേട്ടം കൂടിയായിരുന്നു അത്. ഹിജാബ് നിരോധിച്ച്   2022 ഫെബ്രുവരിയില്‍ തുടക്കമിട്ട ബി.ജെ.പിയുടെ ഹിന്ദുത്വ പരീക്ഷണങ്ങള്‍ ഹലാലും ലൗ ജിഹാദും കേരള സ്‌റ്റോറിയും ടിപ്പുവിരോധവും മാംസഭക്ഷണ വിലക്കും മുസ്‌ലിം സംവരണ നിരോധവും എന്നു തുടങ്ങി വൃത്തികേടുകളുടെ ഒരു പർവതം തന്നെ ചുമലിലേറ്റിയാണ് വോട്ടു ചോദിച്ചത്.
പക്ഷേ, ബസവരാജ് ബൊമ്മെ എന്ന മുഖ്യമന്ത്രി നയിച്ച ഭരണമാണ് എല്ലാ ഹിന്ദുത്വ പ്രചാരണങ്ങളെയും നിഷ്ഫലമാക്കിയ പ്രധാന ഘടകമെന്ന് കോണ്‍ഗ്രസ് അടിവരയിട്ടു മനസ്സിലാക്കേണ്ടതുണ്ട്. ഇത്രയും നെറികെട്ട, അഴിമതിയില്‍ മുങ്ങിയ, ജനദ്രോഹികളുടെതായ ഒരു ഗവണ്‍മെന്റും ഇന്ത്യാ ചരിത്രത്തില്‍ മുമ്പെവിടെയും ഉണ്ടായിട്ടില്ല. ഹിന്ദുത്വം എന്ന ബി.ജെ.പി ആശയത്തില്‍ മുസ്‌ലിം വിരുദ്ധത മാത്രമല്ല ഉള്ളതെന്നും പൊതുജന വിരുദ്ധതയും രാഷ്ട്ര വിരുദ്ധതയും കുഞ്ചിപതി ദാസ്യവും അടക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഓരോ വോട്ടറും ഇത്തവണ തിരിച്ചറിയുന്നുണ്ടായിരുന്നു. മൃദു ഹിന്ദുത്വം കൊണ്ട് ബാലൻസ് ഒപ്പിക്കേണ്ട പതിവ് ദുരവസ്ഥ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നില്ല. ബി.ജെ.പിയുടെ എതിരാളികളായി നിന്നുകൊടുത്താല്‍ മാത്രം മതിയായിരുന്നു. 
വിജയകാരണം തിരിച്ചറിയുന്നതില്‍ വരുന്ന വീഴ്ച പോലെ തന്നെയാണ് വിജയശിൽപികളെ അംഗീകരിക്കുന്നതിലുള്ള മടിയും. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് മറ്റാരെക്കാളും ഈ വിജയത്തിന്റെ യഥാര്‍ഥ ശിൽപികള്‍.  'മുഹബ്ബത്തിന്റെ കട' തുറന്ന കാര്യവും കുഞ്ചിപതികളെ ദരിദ്ര ജനവിഭാഗങ്ങള്‍ ആട്ടിയോടിച്ച കാര്യവുമാണ് രാഹുല്‍ ഗാന്ധി തന്റെ വാര്‍ത്താ സമ്മേളനത്തില്‍ എടുത്തുപറഞ്ഞത്. പക്ഷേ, ഭാരത് ജോഡോ യാത്ര നടക്കുന്ന കാലത്തായിരുന്നില്ലേ വെറുപ്പുൽപാദനത്തിന്റെ ഏറ്റവും വലിയ ഫാക്ടറിയായ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്? മുഹബ്ബത്തിന്റെ കടയിലേക്ക് അവിടെയാരും കയറിയിട്ടില്ല. സോണിയയും രാഹുലും പ്രിയങ്കയുമൊക്കെ കര്‍ണാടക വിജയത്തില്‍ അവരുടെതായ പങ്ക് സ്തുത്യര്‍ഹമായ രീതിയില്‍ വഹിച്ചതിനെ നിഷേധിക്കുകയല്ല. രാഹുല്‍ ഗാന്ധിയുടെ യാത്രയും രാജ്യത്തിന്റെ അവസ്ഥയെ കുറിച്ച പ്രചാരണവും എല്ലാറ്റിനുമുപരി അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മതേതരത്വവും കര്‍ണാടക തെരഞ്ഞെടുപ്പിനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. രാഹുലിനോട് ബി.ജെ.പി ചെയ്ത വൃത്തികേട് ജനങ്ങള്‍ സ്വന്തം നിലക്ക് വിലയിരുത്തിയിട്ടുമുണ്ട്. താന്‍ പേരെടുത്തു പറഞ്ഞ ഈ മോദികളെല്ലാം കള്ളന്‍മാരായത് എന്തുകൊണ്ടെന്ന ആ പ്രമാദമായ ചോദ്യവും അതെ തുടര്‍ന്നുണ്ടായ കേസുമൊക്കെ കര്‍ണാടകയിലായിരുന്നു രൂപം കൊണ്ടത്. അതെല്ലാം ഉണ്ടായിരിക്കെ തന്നെ, ജനങ്ങളെ അടിമുടി വെറുപ്പിച്ച ബി.ജെ.പി സര്‍ക്കാറിന്റെ അഴിമതിയും ഹിന്ദുസമൂഹത്തിനകത്ത് മണിപ്പൂര്‍ മാതൃകയില്‍ കളിച്ച കള്ളക്കളികളുമാണ് സിദ്ധരാമയ്യയും കൂട്ടരും വളരെ കൃത്യമായി വോട്ടാക്കി മാറ്റിയത്. ഹിന്ദുക്കളെ ഒപ്പം നിര്‍ത്താനുള്ള ബി.ജെ.പിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് സിദ്ധാന്തങ്ങള്‍ പരമ ദയനീയമായി പരാജയപ്പെട്ട സംസ്ഥാനമായിരുന്നു കര്‍ണാടക. കോണ്‍ഗ്രസ്സിന്റെ വോട്ടിംഗ് ശമാനത്തില്‍ ഏഴ് ശതമാനമാണ് ഇതുണ്ടാക്കിയ വര്‍ധനവ്. 
ജാതി സമവാക്യങ്ങളില്‍ എവിടെയാണ് ബി.ജെ.പിക്ക് പിഴച്ചത് എന്നല്ലേ? ഹൈന്ദവ മഠങ്ങള്‍ക്ക് പദ്ധതികള്‍ അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ ഫണ്ടിന്റെ 30 ശതമാനം കൈക്കൂലി ചോദിച്ച സംഭവം ലിംഗായത്ത് മഠാധിപതി ദിംഗലേശ്വര്‍ സ്വാമി നേരിട്ട് വെളിപ്പെടുത്തിയതാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഗ്രാമീണ വികസന വകുപ്പ് മന്ത്രി കെ.എം ഈശ്വരപ്പയുടെ രാജിയിലേക്ക് നയിച്ച സന്തോഷ് പാട്ടീല്‍ എന്ന കോണ്‍ട്രാക്ടറുടെ ആത്മഹത്യയും ബി.ജെ.പി സര്‍ക്കാറിന്റെ കൈക്കൂലി ഇടപാടുകളെ സംസ്ഥാനത്ത് ചര്‍ച്ചയാക്കി. പാട്ടീല്‍ തന്റെ ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചത് പദ്ധതികളില്‍ ഈശ്വരപ്പ ഈടാക്കുന്ന 40 ശതമാനം കൈക്കൂലിയെ കുറിച്ചാണ്. 78 സീറ്റുകളില്‍ നിര്‍ണായക സ്വാധീനമുള്ള, സംസ്ഥാനത്തെ ജനസംഖ്യയില്‍ 17 ശതമാനമുള്ള ലിംഗായത്തുകള്‍ ബി.ജെ.പിയില്‍ നിന്ന് അകലാന്‍ ഇടയാക്കിയ സംഭവങ്ങളായിരുന്നു ഇത്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ അടക്കമുള്ള ഈ സമുദായത്തിലെ പ്രബല നേതാക്കള്‍ പിന്നീടുള്ള ദിവസങ്ങളില്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസ്സില്‍ ചേക്കേറി. രണ്ട് വര്‍ഷം മുമ്പെ മുഖ്യമന്ത്രി പദവിയില്‍നിന്ന് നീക്കിയ ലിംഗായത്ത് നേതാവ് ബി.എസ് യെദ്യൂരപ്പയുടെ കാല് പിടിക്കാന്‍ ഒടുവില്‍ അമിത് ഷാ നേരിട്ട് കര്‍ണാടകയിലെത്തി. മുസ്‌ലിംകള്‍ക്കുള്ള 4 ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കി അത് ലിംഗായത്തുകള്‍ക്കും വൊക്കലിഗകള്‍ക്കും നല്‍കാന്‍ ബൊമ്മെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടു പോലും ഫലമുണ്ടായില്ല. ലിംഗായത്തുകളുടെ 78 സീറ്റുകളില്‍ 54-ലും കോണ്‍ഗ്രസ്സാണ് ജയിച്ചു കയറിയത്. 
ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന വിദ്വേഷ ചരിത്രം ഇതാദ്യമായി ബി.ജെ.പിക്ക് തിരിച്ചടിയായി മാറുന്നതിനും കര്‍ണാടക തെരഞ്ഞെടുപ്പ് സാക്ഷിയായി. ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നീ വൊക്കലിഗ യുവാക്കളാണ് ടിപ്പുവിനെ വധിച്ചതെന്ന  പുതിയ വാദം ബി.ജെ.പി മുന്നോട്ടുവെച്ചത് അതുവഴി സമുദായത്തെ സ്വാധീനിക്കാനാവുമെന്ന പ്രതീക്ഷയോടെയാണ്. പക്ഷേ, ടിപ്പുവിനെ ധീരദേശാഭിമാനിയായി അംഗീകരിക്കുന്ന വൊക്കലിഗ  സമുദായത്തെ ബ്രിട്ടീഷ് പാദസേവകരും മുസ്‌ലിം വിരുദ്ധരുമായി ചിത്രീകരിക്കുകയാണ് ബി.ജെ.പി ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ആദിചിഞ്ചനഗിരി മഠാധിപതി സ്വാമി നിർമലാനന്ദാനന്ദ ഈ കള്ളക്കഥയെ തള്ളിപ്പറഞ്ഞു. പഴയ മൈസൂര്‍ മേഖലയില്‍ നേട്ടമുണ്ടാക്കാനാവുമെന്ന ബി.ജെ.പി പ്രതീക്ഷ തകര്‍ന്നടിയുകയായിരുന്നു ഇതോടെ. 2018-ല്‍ പഴയ മൈസൂര്‍ മേഖലയില്‍നിന്ന് 11 സീറ്റുകള്‍ നേടിയ ബി.ജെ.പി 6-ലേക്കും ജെ.ഡി.എസ് 14-ലേക്കും താഴ്ന്നു. 2018-ല്‍ ബാംഗ്‌ളൂര്‍ ഒഴികെയുള്ള 9 വൊക്കലിഗ ജില്ലകളില്‍ 28 സീറ്റുകള്‍ നേടിയ ജനതാ ദള്‍ സെക്കുലറും 20 സീറ്റ് നേടിയ കോണ്‍ഗ്രസും തമ്മിലാണ് ഇക്കുറിയും പോരാട്ടം നടന്നത്. സിദ്ധരാമയ്യക്കെതിരെ കഴിഞ്ഞ തവണ നിലനിന്ന ജനരോഷം ഈ മേഖലയില്‍ കാണാനുണ്ടായിരുന്നില്ല. 17 സീറ്റാണ് കോണ്‍ഗ്രസ് അധികം നേടിയത്. സംഘ് പരിവാറിന് പുറത്തെ മനുഷ്യര്‍ക്കിടയില്‍ ടിപ്പുവിരോധം അത്രയെളുപ്പം ചെലവാക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പിയെ ഓർമപ്പെടുത്തുന്നതാണ് പഴയ മൈസൂര്‍ മേഖലയിലെ ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍.
കെട്ട ഭരണം തന്നെയാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. കൈയില്‍ പൂത്ത പണമുണ്ടെങ്കില്‍ തോറ്റ തെരഞ്ഞെടുപ്പുകള്‍ പോലും ജയിക്കാനാവുമെന്നും അവര്‍ അഹങ്കരിച്ചു. അഞ്ചു വര്‍ഷത്തെ പട്ടിണിയും കഷ്ടപ്പാടുമല്ല, തെരഞ്ഞെടുപ്പു ദിവസം വിജൃംഭിക്കുന്ന ദേശസ്‌നേഹമാണ് വോട്ടെടുപ്പില്‍ നിര്‍ണായകമാവുകയെന്ന് തെറ്റിദ്ധരിച്ചു. 2018 അവസാനത്തിലും പുതുവര്‍ഷത്തിന്റെ ആദ്യസമയങ്ങളിലും നരേന്ദ്ര മോദിക്കായി ഇന്ത്യ കരുതിവെച്ച തിരിച്ചടിയെ പുല്‍വാമ സംഭവത്തിലൂടെയായിരുന്നല്ലോ ബി.ജെ.പി അട്ടിമറിച്ചത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഹിന്ദുത്വവും രാജ്യസ്‌നേഹവും പുരട്ടി വോട്ടര്‍മാരുടെ നേര്‍ക്ക് തൊടുക്കുന്ന ബി.ജെ.പിയുടെ അസ്ത്രങ്ങള്‍ക്ക് പക്ഷേ, പഴയ മൂര്‍ച്ച കര്‍ണാടകയില്‍ കാണാനുണ്ടായിരുന്നില്ല. ഗോദി മാധ്യമങ്ങള്‍ എത്ര കണ്ട് മറച്ചുപിടിച്ചാലും പുല്‍വാമയും ചൈനയും അദാനിയുമൊക്കെ ജനങ്ങളിലേക്ക് എത്തുന്നുണ്ട്. അടുത്ത വര്‍ഷം ഒരുപക്ഷേ, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാവുമായിരിക്കാം. മോദിയുടെ പുതിയ കൊട്ടാരവും പാര്‍ലമെന്റുമൊക്കെ അതും ദേശീയ മാഹാത്മ്യങ്ങളായി അവതരിപ്പിക്കപ്പെടുമായിരിക്കാം. 'ദീപസ്തംഭം മഹാശ്ചര്യം' മട്ടിലുള്ള സുഖിപ്പിക്കല്‍ അവസാനിപ്പിച്ച് ജനത്തിന് എന്തു നല്‍കിയെന്ന ചോദ്യം കോണ്‍ഗ്രസും പ്രതിപക്ഷ സംഘടനകളും ചോദിച്ചാല്‍ അവര്‍ക്ക് നല്ലത്. ജീവല്‍ പ്രശ്‌നങ്ങളെ കുറിച്ച യഥാര്‍ഥ ചര്‍ച്ചയിലേക്ക് ഇന്ത്യയിലെ വോട്ടര്‍മാര്‍ നടന്നുതുടങ്ങിയാല്‍ ഒരു കാര്യം ഉറപ്പാണ്: ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും മോദി എട്ടു നിലയില്‍ പൊട്ടും. ആ പ്രതിസന്ധിയിലേക്ക് മോദി നടന്നടുക്കുന്തോറും അദ്ദേഹത്തിലുള്ള സകല തിന്‍മകളും, കര്‍ണാടകയില്‍ കണ്ടതുപോലെ പത്തിവിടര്‍ത്തി ആടിയെന്നിരിക്കും. തോല്‍ക്കുന്ന മോദി എടുത്തുപയറ്റുന്ന കപട ദേശീയതയെ കൊമ്പിന് പിടിച്ച് എതിരിടുകയേ നിവൃത്തിയുള്ളൂ.
നരേന്ദ്ര മോദി യുഗത്തിന്റെ മരണമണി മുഴങ്ങുന്നുവെന്ന് ഇന്ത്യയിലെ ഒരു മാധ്യമവും വോട്ടര്‍മാരോടു പറയില്ല. പക്ഷേ, മോദി കാലഘട്ടം അതിന്റെ സ്വാഭാവികമായ തകര്‍ച്ചയിലേക്ക് അടുത്തുവരികയാണ്. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം അകത്തുനിന്നും പുറത്തുനിന്നും മുറുകിവരുന്ന ഈ കുരുക്കില്‍നിന്ന് തലയൂരാനുള്ള അവസരമായിരുന്നു കര്‍ണാടക തെരഞ്ഞെടുപ്പ്. പ്രത്യേകിച്ച്, വികസന പ്രതിഛായയൊന്നും അവകാശപ്പെടാനില്ലാതിരുന്ന കര്‍ണാടകയില്‍ ഗുജറാത്തിലെ പഴയ അസംബ്ലി തെരഞ്ഞെടുപ്പുകളെ ഓർമിപ്പിക്കുന്ന രീതിയില്‍ പച്ച വര്‍ഗീയതയാണ് മോദി പ്രസംഗിച്ചത്. പാഞ്ചും പച്ചീസിന്റെയും സ്ഥാനത്ത് ദ്വയാര്‍ഥ സൂചകമായി മുസ്‌ലിം സംവരണം പ്രത്യക്ഷപ്പെട്ടു. ഒപ്പം കേരള സ്‌റ്റോറിയും ജയ് ബജ്‌റംഗ് ബലിയും. സമൂഹത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന സംഘടനകള്‍ക്കെതിരെ എടുക്കാന്‍ പോകുന്ന നടപടികളുടെ കൂട്ടത്തില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക ബജ്‌റംഗ് ദളിനെ പരാമര്‍ശിച്ചത് ചൂണ്ടിക്കാട്ടി അത് ഹനുമാനെതിരെ നടത്താന്‍ പോകുന്ന നീക്കമായി പ്രധാനമന്ത്രി ചിത്രീകരിച്ചു. കോണ്‍ഗ്രസ്സിന് അധികാരം കിട്ടിയാല്‍ കര്‍ണാടക ഇന്ത്യയില്‍ നിന്ന് വേറിട്ടു പോകുമെന്ന് ദുസ്സൂചന നല്‍കി. ഒരു കൂതറ സിനിമയെ ഏറ്റുപിടിച്ച് കേരളത്തെ പൈശാചികവല്‍ക്കരിക്കാന്‍ കൂട്ടു നിന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഈ റിസ്‌കിന് മോദി രണ്ടും കൽപിച്ച് രംഗത്തിറങ്ങിയത് എന്തിനായിരുന്നു? കര്‍ണാടകയില്‍ ബി.ജെ.പിയാണ് ജയിച്ചതെങ്കില്‍ ഇന്ത്യാ ചരിത്രം കണ്ട ഏറ്റവും അപകടകരമായ ദേശീയ മാനം ഈ തെരഞ്ഞെടുപ്പിന് കൈവരുമായിരുന്നു എന്നതാണ് ഈ ചോദ്യത്തിന്റെ ഉത്തരം. മോദാനിക്കഥയും ബി.ബി.സി - ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകളുമൊക്കെ കര്‍ണാടകയിലെ ജനസമ്മതി ഉയര്‍ത്തിക്കാട്ടി നരേന്ദ്ര മോദി പുറംകാലു കൊണ്ട് തൊഴിച്ചെറിഞ്ഞേനെ. താന്‍ പറയുകയും ചെയ്യുകയും ചെയ്യുന്നതാണ് ദേശീയത എന്ന് അടിവരയിട്ടേനെ.
കര്‍ണാടക വിജയത്തിന്റെ അലയൊലികള്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് പടരുന്നതിനെ ചെറുക്കാനാണ് ഇനിയുള്ള ദിവസങ്ങളില്‍ ബി.ജെ.പി ശ്രമിക്കുക. 2023 നവംബറില്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ അസംബ്ലി - പാര്‍ലമെന്റ് മണ്ഡലങ്ങളാണ് നിര്‍ണായകമായി മാറുക. കര്‍ണാടകയിലെ ഓളം കോണ്‍ഗ്രസ് നിലനിര്‍ത്തിയാല്‍ 2024-ലെ പൊതു തെരഞ്ഞെടുപ്പിന്റെ ചിത്രം മാറും. ഏകദേശം 200 മുതല്‍ 220 വരെ പാര്‍ലമെന്റ് മണ്ഡലങ്ങളാണ് ഇന്ത്യയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേരെ ഏറ്റുമുട്ടുന്നവ. തെലങ്കാനയിലെ ത്രികോണ മല്‍സരത്തില്‍ ടി.ആര്‍.എസ് കൂടി കക്ഷി ചേരാനുണ്ടാവും. ബി.ജെ.പിയെ ഒറ്റക്ക് തോൽപിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിവുണ്ടെന്ന് ജനത്തെ ബോധ്യപ്പെടുത്താനായതാണ് കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പാഠം. പക്ഷേ, ബി.ജെ.പി വിരുദ്ധത അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ശക്തമായി പ്രതിഫലിച്ച എത്രയോ അവസരങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷ കാലയളവില്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പിലും വോട്ടര്‍മാര്‍ മോദിക്കൊപ്പമാണ് നിന്നത്. വാജ്‌പേയി കാലത്ത് അസംബ്ലികളില്‍ ജയിച്ചതിന്റെ ആവശേത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടത്തി 'ഫീല്‍ഗുഡ്' ഘടകം വയറ്റത്തടിച്ച ഓർമ ബി.ജെ.പിക്കുമുണ്ട്. 2019-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് പോലും കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ കരിങ്കാലിപ്പണിയെടുത്ത് മറുകണ്ടം ചാടിയപ്പോഴാണ് ശിവരാജ് സിംഗ് ചൗഹാന് ഭരണം കിട്ടിയത്. തെലങ്കാനയിലെ വോട്ടര്‍മാര്‍ ടി.ആര്‍.എസിനെയാണ് സംസ്ഥാനഭരണം ഏൽപിച്ചത്, ഒഡീഷയില്‍ നവീന്‍ പട്‌നായിക്കിനെയും. അവിടെയൊന്നും പാര്‍ലമെന്റിലേക്ക് പക്ഷേ, പ്രാദേശിക പാര്‍ട്ടികളെയോ കോണ്‍ഗ്രസ്സിനെയോ അല്ല വോട്ടര്‍മാര്‍ തെരഞ്ഞെടുത്തത്. സമീപകാലത്തെ ഇന്ത്യന്‍ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ അതിലെല്ലാം ഈയൊരു പ്രത്യേകത കാണാനാവും. ന്യൂ ദല്‍ഹി മാറുന്നതും സംസ്ഥാനങ്ങള്‍ മാറുന്നതും ഒരേ വികാരമനുസരിച്ചല്ല എന്നര്‍ഥം.
ഭരണ പരാജയവും പുല്‍വാമയും മുതല്‍ ചൈനയുടെ കൈയേറ്റം വരെയുള്ള വിഷയങ്ങള്‍ സുരക്ഷാ വീഴ്ചയായി അവതരിപ്പിക്കാന്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിക്കേണ്ടിയിരിക്കുന്നു. തോല്‍വി ഉറപ്പാകുമ്പോള്‍ മോദി പയറ്റാനിടയുള്ള അടുത്ത 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്തായിരിക്കാമെന്ന് മുന്‍കൂട്ടി കണ്ട് അതിനോടുള്ള പ്രതികരണവും പ്രതിപക്ഷത്തുള്ള സംഘടനകള്‍ ഗൃഹപാഠം ചെയ്യേണ്ടിയിരിക്കുന്നു. സത്യപാല്‍ മാലിക് പറഞ്ഞ കാര്യങ്ങള്‍ അന്നും ചില ഒറ്റപ്പെട്ട മാധ്യമങ്ങള്‍ ചര്‍ച്ചക്കു വെച്ചതല്ലേ? രാജ്യസുരക്ഷയെന്ന ഉമ്മാക്കി കാട്ടി ബി.ജെ.പി പേടിപ്പിക്കാന്‍ വരുമ്പോള്‍ തിരിച്ചടിക്കാന്‍ പ്രതിപക്ഷം മടിച്ചുനിന്നതിന്റെ കൂടി ഭാഗമാണ് 2019-ല്‍ അവര്‍ ചോദിച്ചുവാങ്ങിയ പരാജയം. നോട്ട് ദ പോയന്റ്, കപട ദേശീയതയാണ് വിഷയം. രാജ്യദ്രോഹമാണ് മോദി ബ്രാന്‍ഡിന്റെ യഥാര്‍ഥ മുഖം. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 51-59
ടി.കെ ഉബൈദ്‌

ഹദീസ്‌

പാപങ്ങൾ പരസ്യപ്പെടുത്തരുത്
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌