തുർക്കിയയിലെ പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പുകൾ
തുർക്കിയയിൽ കഴിഞ്ഞ മെയ് പതിനാലിന് നടന്ന ആദ്യ ഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾക്കൊന്നും നിശ്ചിത ശതമാനം വോട്ട് വിഹിതം നേടാൻ കഴിയാത്തതിനാൽ മെയ് 28-ന് രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പ് നടക്കും. രണ്ട് പേരാണ് മത്സര രംഗത്തുണ്ടാവുക. നിലവിലെ പ്രസിഡന്റും പീപ്പ്ൾസ് അലയൻസിന്റെ സ്ഥാനാർഥിയുമായ റജബ് ത്വയ്യിബ് ഉർദുഗാനും, ആറ് പാർട്ടികൾ ചേർന്ന നാഷൻ അലയൻസിന്റെ കമാൽ കലിഗ്്ദാറും തമ്മിലാണ് രണ്ടാം റൗണ്ടിലെ മത്സരം. രണ്ടാം റൗണ്ടിൽ താൻ തികഞ്ഞ വിജയ പ്രതീക്ഷ പുലർത്തുന്നുവെന്ന് ഉർദുഗാൻ പറഞ്ഞു. ഒരിക്കലും നിരാശക്ക് വകയില്ലെന്ന് തന്റെ അണികളെ ഓർമിപ്പിക്കുകയാണ് കലിഗ്്ദാർ ചെയ്തത്. തന്റെ മീഡിയാ സെക്രട്ടറിയെ അദ്ദേഹം പുറത്താക്കുകയും ചെയ്തു. ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തുള്ളത് സിനാൻ ഒഗാൻ ആണ്. തന്റെ റോൾ വളരെ നിർണായകമാണെന്നും താൻ മത്സരിച്ചതു കൊണ്ടാണ് ഉർദുഗാന്ന് വിജയ പ്രഭാഷണം നടത്താൻ കഴിയാതെ വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുപക്ഷവും താനുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തുർക്കിയയുടെ നൂറ് വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിലേക്ക് നീളുന്നത്. ഉർദുഗാന്ന് 49.51 ശതമാനം വോട്ടാണ് ലഭിച്ചത്. കലിഗ്്ദാറിന് 44.88 ശതമാനം വോട്ടും. സിനാൻ ഒഗാന്ന് 5.17 ശതമാനവും മത്സരത്തിൽനിന്ന് പിൻമാറിയ മുഹർറം എൻജക്ക് 0.44 ശതമാനവും വോട്ട് ലഭിച്ചു. വോട്ടിംഗിലെ ജനപങ്കാളിത്തം തുർക്കിയക്കകത്ത് 88.92 ശതമാനവും തുർക്കിയക്ക് പുറത്ത് 52.69 ശതമാനവും ആണ്. അക് പാർട്ടിയുടെ പാർലമെന്റ് അംഗം അംറുല്ല എഷ്ലർ പറഞ്ഞത്, രണ്ടാം റൗണ്ടിൽ ഉർദുഗാന്ന് 52 ശതമാനം വോട്ടെങ്കിലും ലഭിക്കുമെന്നാണ്. ആദ്യ റൗണ്ട് വിശകലനം ചെയ്ത പ്രകാരമുള്ള കണക്കാണിത്.
600 അംഗ പാർലമെന്റിൽ അക് പാർട്ടി നേതൃത്വം കൊടുക്കുന്ന പീപ്പ്ൾസ് അലയൻസ് 322 സീറ്റുകൾ നേടി ഭൂരിപക്ഷം ഉറപ്പാക്കിയിട്ടുണ്ട്. കോവിഡാനന്തരമുള്ള സാമ്പത്തിക പ്രതിസന്ധികളും ഭൂകമ്പവും കാരണം ചില സീറ്റുകൾ അക് പാർട്ടിക്ക് നഷ്ടമായിട്ടുണ്ട്.
81 സംസ്ഥാനങ്ങളിൽ 51-ലും ഭൂരിപക്ഷം നേടിയത് ഉർദുഗാൻ തന്നെയായിരുന്നു. 30 സംസ്ഥാനങ്ങളിൽ കലിഗ്്ദാറും മുന്നിലെത്തി. പക്ഷേ, ജയിക്കാനാവശ്യമായ 50+1 ഉർദുഗാന്ന് ലഭിക്കാതിരുന്നത് സംസ്ഥാനങ്ങളിലെ ജനസംഖ്യാ വ്യത്യാസങ്ങൾ കാരണമായിരുന്നു. കലിഗ്്ദാർ മുന്നിലെത്തിയ അങ്കാറയും ഇസ്തംബൂളുമൊക്കെയാണ് ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ.
പാർലമെന്റിൽ അക് പാർട്ടി നേതൃത്വം നൽകുന്ന പീപ്പ്ൾസ് അലയൻസിൽ നാഷനലിസ്റ്റ് മൂവ്മെന്റ് പാർട്ടി, ഗ്രേറ്റ് യൂനിറ്റി പാർട്ടി, ന്യൂ വെൽഫെയർ പാർട്ടി എന്നിവയാണ് ഘടക കക്ഷികൾ. പാർലമെന്റിൽ അക് പാർട്ടിക്ക് മാത്രം 267 സീറ്റുണ്ട്. 169 സീറ്റ് മാത്രമാണ് മുഖ്യ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പ്ൾസ് പാർട്ടിക്കുള്ളത്. ഇതിൽനിന്നുതന്നെ ചില സീറ്റുകൾ ചെറുകക്ഷികളായ സആദ, ഫ്യൂച്ചർ, ഡമോക്രസി ആന്റ് പ്രോഗ്രസ് തുടങ്ങിയവക്ക് വീതിച്ച് നൽകേണ്ടതായും വരും. കാരണം, മുഖ്യ പ്രതിപക്ഷം ഉൾപ്പെട്ട നാഷൻ അലയൻസിന്റെ ഭാഗമാണ് ഈ കക്ഷികൾ. ഗ്രീൻ ലെഫ്റ്റ് പാർട്ടിക്ക് 61 സീറ്റും നാഷനലിസ്റ്റ് പാർട്ടിക്ക് 50-ഉം ഗുഡ് പാർട്ടിക്ക് 44-ഉം സീറ്റുകൾ ലഭിച്ചിട്ടുണ്ട്.
ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത, പ്രസിഡന്റായി ഉർദുഗാനെ പിന്തുണക്കാത്ത നല്ലൊരു വിഭാഗം വോട്ടർമാർ അദ്ദേഹം നേതൃത്വം നൽകുന്ന പീപ്പ്ൾസ് അലയൻസിനെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പിന്തുണച്ചിട്ടുണ്ട് എന്നതാണ്. പ്രമുഖ നഗരങ്ങളായ അങ്കാറയിലും ഇസ്തംബൂളിലും ഉർദുഗാൻ പിറകിലായപ്പോൾ, അദ്ദേഹത്തിന്റെ മുന്നണിയാണ് അവിടങ്ങളിലെ ഭൂരിപക്ഷം പാർലമെന്റ് സീറ്റുകളും നേടിയത്. ഭൂകമ്പ ബാധിത പതിനൊന്ന് സംസ്ഥാനങ്ങളിൽ എട്ടെണ്ണവും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉർദുഗാനോടൊപ്പമായിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇവയിൽ പത്തും അക് പാർട്ടിയോടൊപ്പമായിരുന്നു. കുർദ് പ്രവിശ്യയായ ദിയാർ ബക്ർ മാത്രമാണ് ഉർദുഗാന്നും മുന്നണിക്കുമെതിരെ ഒരുപോലെ വോട്ട് ചെയ്ത ഏക ഭൂകമ്പബാധിത പ്രദേശം. l (അവലംബം : അൽ ജസീറ)
Comments