Prabodhanm Weekly

Pages

Search

2023 മെയ് 26

3303

1444 ദുൽഖഅദ് 06

മലബാര്‍ പ്രശ്‌നം പരിഹരിക്കുന്നുവെന്ന പ്രതീതി മാത്രം

നജാത്തുല്ല പറപ്പൂര്‍

മാറ്റിനിര്‍ത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന സാമൂഹിക വിഭാഗങ്ങളും ഭൂമിശാസ്ത്ര മേഖലകളും സൃഷ്ടിക്കപ്പെടുന്നുവെന്നത് എല്ലാ ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളും സാമൂഹിക വിഭാഗങ്ങളും അകമേ പേറുന്ന വൈരുധ്യമാണ്. ഈ ആന്തരിക വൈരുധ്യങ്ങള്‍, അപരിഹാര്യമായ രീതിയില്‍ തുടരുകയോ വിപുലപ്പെടുകയോ ചെയ്യുന്ന സംഘര്‍ഷങ്ങള്‍ക്കും സമസ്യകള്‍ക്കും കാരണമാവുന്നു. ആഗോള- ദേശീയ തലങ്ങളില്‍ ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങളുണ്ട്. അതിന്റെ തുടര്‍ച്ചയിലാണ് പല നിലക്കും കൊട്ടിഗ്്ഘോഷിക്കപ്പെടുന്ന കേരള മോഡലിനകത്തും അപരന്‍മാരും പാര്‍ശ്വവത്കൃതരും ഉണ്ടായിത്തീരുന്നത്.
രാജ്യത്തിന്റെ ഇതര മേഖലകളെ അപേക്ഷിച്ച് ചെറിയ ഭൂപ്രദേശവും ജനസംഖ്യയുമാണ് കേരളത്തിന്റെത്. ഇതിനകത്ത് മാറ്റിനിര്‍ത്തപ്പെടുന്ന ഭൂമേഖലയും സമൂഹവുമാണ് മലബാര്‍. ഒറ്റനോട്ടത്തില്‍ ഒരേകകമായി കേരളം അനുഭവപ്പെടുമെങ്കിലും സമതലത്തില്‍നിന്നും താഴെയാണ് മലബാര്‍. മലബാറിനെ വ്യവസ്ഥാപിതമായും ഇഞ്ചിഞ്ചായും കൊല ചെയ്യുന്ന സൈലന്റ് കില്ലറായി കേരളത്തിന്റെ പൊതു, സവര്‍ണ, ആഢ്യ മനോഭാവം പ്രവര്‍ത്തിക്കുന്നു. ഇക്കാര്യമിപ്പോള്‍ ഓര്‍ക്കാന്‍ കാരണം ഒരു അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കുന്നു എന്നതോടൊപ്പം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രണ്ട് കമ്മിറ്റി റിപ്പോര്‍ട്ടുകളിന്‍മേല്‍ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല എന്നതുകൂടിയാണ്.
ഒന്ന്, കേരളത്തിലെ ഹയർ സെക്കന്ററി പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍ പഠിച്ച്, ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിക്കപ്പെട്ട വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായുള്ള സമിതി റിപ്പോര്‍ട്ട്. സമയബന്ധിതമായി സമിതി സിറ്റിംഗുകള്‍ നടത്തി, ഇക്കഴിഞ്ഞ ഏപ്രില്‍ ആദ്യത്തില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി.
രണ്ട്, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിയോഗിക്കപ്പെട്ട, മുന്‍ വി. സി ശ്യാം പി. മേനോന്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമീഷന്‍. 2022 ആഗസ്റ്റ് 9-ന്  റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് സമര്‍പ്പിച്ചു.
മുകളില്‍ സൂചിപ്പിച്ച നിശ്ശബ്ദ കൊലയാളിയെ ഏറക്കാലം മലബാറിലെ ജനതയോ കേരളമോ  തിരിച്ചറിഞ്ഞിരുന്നില്ല. അതായത്, 2007 ജൂലൈ നാല് വരെ. അന്ന്, കോഴിക്കോട്, ആഴ്ചവട്ടം സ്‌കൂളില്‍ പ്രവേശനോല്‍സവത്തോടനുബന്ധിച്ച് മന്ത്രി എം.എ ബേബി നയിച്ച ഘോഷയാത്രയ്ക്ക് മുന്നിലേക്ക്, എസ്.ഐ.ഒ പ്രവര്‍ത്തകര്‍ മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എടുത്തുചാടുന്നു. ചാനല്‍ കാമറകളുടെ സാന്നിധ്യം വിഷയത്തെ തൽസമയം ജനങ്ങളിലേക്കെത്തിച്ചു. കേരളത്തില്‍ ഇത്തരത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ അസന്തുലിതത്വം നിലനില്‍ക്കുന്നു എന്നംഗീകരിക്കാന്‍ പൊതുസമൂഹം അന്ന് തയാറായിരുന്നില്ല. കേരള മോഡലിന്റെ ആഘോഷപ്പകിട്ടിലായിരുന്നു കേരളം. പഠനത്തിന്റെ വെളിച്ചത്തില്‍ വസ്തുതകള്‍ പുറത്തുവന്നപ്പോള്‍, പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ ഭീകരമായ വിവേചനത്തിന് വിധേയമാകുന്നുണ്ടെന്ന് പൊതുജനത്തിനും മാധ്യമങ്ങള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കുമെല്ലാം ബോധ്യമായി. വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല, വികസനത്തിന്റെ എല്ലാ അടരുകളിലും അടിസ്ഥാനങ്ങളിലും ഈ അസന്തുലിതത്വം നിലനില്‍ക്കുന്നുവെന്നും കണ്ടെത്തി.
മലബാറിന്റെ ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ട പിന്നാക്കാവസ്ഥയെ സംബന്ധിച്ച സാക്ഷരത കേരളം നേടിയെങ്കിലും പരിഹരിക്കുന്നതിനാവശ്യമായ ഭരണപരമായ നടപടികള്‍ ഉണ്ടാവുന്നില്ല എന്നതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് നേരത്തെ പറഞ്ഞ രണ്ട് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍.
2022-ലെ കണക്കനുസരിച്ച് 4,21,694 പേര്‍ പത്താം തരം പൂര്‍ത്തിയാക്കി. ഇവര്‍ക്കായി 3,06,150 പ്ലസ്‌ വണ്‍ സീറ്റുകളാണ് കേരളത്തിലുള്ളത്. വി.എച്ച്.എസ്. ഇ, ഐ.ടി.ഐ, പോളി ടെക്‌നിക് സീറ്റുകള്‍ കൂടി ചേര്‍ത്തുവെച്ചാല്‍ 3,78,791 വരും. 42,903 സീറ്റിന്റെ കുറുവുണ്ട്. ഇത് കേരളത്തിന്റെ മൊത്തത്തിലുള്ള കണക്കാണ്. തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ 18,060 സീറ്റുകള്‍ (ഹയർ സെക്കന്ററി, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളി ടെക്‌നിക് ഉള്‍പ്പെടെ) ആളില്ലാതെ കിടക്കുകയും മലബാറില്‍ 60,963 വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കാതിരിക്കുകയും ചെയ്യുമെന്നര്‍ഥം.
ഈ പ്രതിസന്ധി കേരളത്തിന്റെ ശ്രദ്ധയില്‍ വന്നതിനു ശേഷം അഞ്ച് വര്‍ഷം യു.ഡി.എഫും പത്ത് വര്‍ഷത്തിലധികം എല്‍.ഡി.എഫും കേരളം ഭരിക്കുകയുണ്ടായി. വിഷയത്തെ ക്രിയാത്മകമായി സമീപിച്ച പി. കെ അബ്ദുര്‍റബ്ബ് വിദ്യാഭ്യാസ മന്ത്രിയായ യു.ഡി.എഫ് സര്‍ക്കാര്‍ പുതുതായി 86,700 സീറ്റുകള്‍ അനുവദിച്ചു. രാഷ്ട്രീയവും സാമുദായികവുമായ കാരണങ്ങളാല്‍ പ്രശ്‌നത്തോട് പൂര്‍ണമായി നീതി പുലര്‍ത്താന്‍ യു.ഡി.എഫിന് സാധിച്ചില്ല. മലബാറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിച്ചതെങ്കിലും 65,200 സീറ്റുകള്‍ പാലക്കാട് മുതല്‍ കാസർകോട് വരെയുള്ള ജില്ലകളില്‍ നല്‍കിയപ്പോള്‍ 21,500 സീറ്റുകള്‍ ഇതര ജില്ലകളിലേക്ക് അനാവശ്യമായി നല്‍കാന്‍ നിര്‍ബന്ധിതരായി.
ഹയർ സെക്കന്ററി വിഷയത്തില്‍ വടക്കന്‍ ജില്ലകളെ ഇടതുപക്ഷം പരിഗണിക്കുന്നില്ല. സമർദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിധേയമായി ഓരോ വര്‍ഷത്തേക്കുമായി താല്‍ക്കാലിക ബാച്ചുകളും അനുവദിക്കുന്നു. ഹയർ സെക്കന്ററി പ്രവേശനത്തില്‍ കേരളത്തിലെ മൊത്തം കണക്കെടുത്ത് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു, സ്‌കൂളുകളോ ബാച്ചുകളോ അനുവദിക്കേണ്ടതില്ല എന്ന നിലപാടാണ് ഇടതു സര്‍ക്കാറിന്. തെറ്റായ കണക്കുകള്‍ ഇതിനായി അവതരിപ്പിച്ചു. 2022-ല്‍ പത്താം തരം ഫലം വന്നയുടനെ എല്ലാവര്‍ക്കും ഉന്നത പഠനത്തിന് അവസരമൊരുക്കുമെന്ന് പതിവുപോലെ വിദ്യാഭ്യാസ മന്ത്രി. 2022 ഡിസംബര്‍ 21-ന്, എല്ലാവര്‍ക്കും പ്രവേശനം സാധ്യമായെന്നും, സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്ത് കൂടുതല്‍ സൗകര്യമൊരുക്കിയെന്നും, സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിലും അറിയിച്ചു. കണക്കുകള്‍ ശരിയായിരുന്നില്ല. പ്രശ്‌നം പരിഹരിക്കപ്പെട്ടതുമില്ല. ഓപ്പണ്‍ സ്‌കൂളില്‍ (സ്‌കോൾ കേരള) അഡ്്മിഷന്‍ നേടിയവര്‍ മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതലായിരുന്നു. റഗുലര്‍ പഠനത്തിന് അവസരം ലഭിക്കാത്തവരാണല്ലോ ഓപ്പണ്‍ സ്‌കൂള്‍ തെരഞ്ഞെടുക്കുക. മെഡിക്കല്‍/എഞ്ചിനീയറിംഗ് മല്‍സരപരീക്ഷക്ക് സ്വകാര്യ സ്ഥാപനങ്ങളിലെത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്തതതിനാലാണ് സ്‌കോള്‍ കേരളയില്‍ എണ്ണം കൂടാന്‍ കാരണമെന്നായിരുന്നു വിശദീകരണം. എന്നാല്‍, സയന്‍സ് വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരളയില്‍ നാമമാത്രമാണ്. മലപ്പുറത്ത് 16,000-ത്തിലധികവും, കോഴിക്കോടും പാലക്കാടും പതിനായിരത്തിലധികവും വീതം വിദ്യാര്‍ഥികള്‍ക്ക് ഇക്കഴിഞ്ഞ അധ്യയന വര്‍ഷം പ്ലസ്‌വണ്‍ പ്രവേശനം ലഭിച്ചിട്ടില്ല.
പ്രശ്‌നത്തെ സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നു എന്ന് തോന്നിപ്പിക്കുന്നതായിരുന്നു കാര്‍ത്തികേയന്‍ നായര്‍ സമിതിയെ നിയോഗിച്ച തീരുമാനം. പക്ഷേ, സമിതിയുടെ പഠന മേഖലകള്‍ നിര്‍ണയിച്ചതില്‍ തന്നെ സര്‍ക്കാറിന്റെ താല്‍പര്യക്കുറവും മുന്‍വിധിയും പ്രകടമായിരുന്നു. ഹൈസ്‌കൂളുകളെ ഉയര്‍ത്തി ഹയർ സെക്കന്ററി സ്‌കൂളുകള്‍ സ്ഥാപിക്കേണ്ടതുണ്ടോ, അധിക ബാച്ചുകള്‍ അനുവദിക്കേണ്ടതുണ്ടോ, വിദ്യാര്‍ഥികള്‍ കുറഞ്ഞ ബാച്ചുകള്‍ ഉണ്ടെങ്കില്‍ എന്തു നടപടി സ്വീകരിക്കണം, താൽക്കാലിക ബാച്ചുകള്‍ അനുവദിച്ചിടത്ത് എന്തു തുടര്‍നടപടി സ്വീകരിക്കണം, അധ്യാപക തസ്തിക, കോഴ്‌സ് കോമ്പിനേഷന്‍ എന്നിവയായിരുന്നു സമിതിയുടെ പഠനവിഷയങ്ങള്‍. സ്‌കൂള്‍ പ്രവേശനത്തിനായി രക്ഷിതാക്കളും വിദ്യാര്‍ഥികളും മലബാറില്‍ നെട്ടോട്ടമോടുമ്പോള്‍ സീറ്റുകള്‍ ആവശ്യമുണ്ടോ എന്ന ചോദ്യം അപഹാസ്യമാണല്ലോ. 50-ലധികം വിദ്യാര്‍ഥികള്‍ ക്ലാസില്‍ പാടില്ല, മലപ്പുറം അടക്കമുള്ള ജില്ലകളില്‍ ബാച്ചുകള്‍ മതിയാവുന്നില്ല, സീറ്റ് വിതരണത്തില്‍ അസന്തുലിതത്വമുണ്ട്, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വിദ്യാര്‍ഥികള്‍ കുറവുള്ള ബാച്ചുകള്‍ ഇതര ജില്ലകളിലേക്ക് പുനര്‍വിന്യസിക്കണം എന്നെല്ലാം സമിതി കണ്ടെത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് കമ്മിറ്റി ശിപാര്‍ശകളിന്‍മേല്‍ അനുകൂല തീരുമാനമെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
  ശ്യാം പി. മേനോന്‍ കമീഷന്‍ റിപ്പോര്‍ട്ടിലും, മലബാറില്‍ കൂടുതല്‍ കോളേജുകള്‍ വേണമെന്നും ഓരോ കോഴ്‌സിലും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ആ നിലക്കുള്ള നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. താല്‍ക്കാലികമായി സീറ്റുകള്‍ വര്‍ധിപ്പിച്ചും, സമിതികളെയും കമീഷനുകളെയും നിയമിച്ചും മലബാറിന് വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത മറികടക്കാന്‍ കാര്യമായിട്ടെന്തോ ചെയ്യുന്നു എന്ന പ്രതീതി സൃഷ്ടിക്കുക മാത്രമാണ് സര്‍ക്കാറുകള്‍ ചെയ്യുന്നത്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 51-59
ടി.കെ ഉബൈദ്‌

ഹദീസ്‌

പാപങ്ങൾ പരസ്യപ്പെടുത്തരുത്
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌