Prabodhanm Weekly

Pages

Search

2023 മെയ് 26

3303

1444 ദുൽഖഅദ് 06

തുർക്കിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ദിശാസൂചനകൾ

എഡിറ്റർ

ആധുനിക തുർക്കിയയുടെ നൂറ് വർഷത്തെ ചരിത്രത്തിൽ ഏറ്റവും വിധിനിർണായകം എന്ന് വിശേഷിപ്പിക്കപ്പെട്ട ആ രാജ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ ജയിക്കാൻ വേണ്ട ഭൂരിപക്ഷം മത്സരിച്ച മൂന്ന് സ്ഥാനാർഥികൾക്കും നേടാനായില്ല. നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ 49.51 ശതമാനം വോട്ട് നേടി ജയത്തിന്റെ വക്കോളമെത്തി. ആദ്യ റൗണ്ടിൽ തന്നെ ഉർദുഗാനെക്കാൾ 7- 8 ശതമാനം വോട്ട് അധികം നേടി ജയിക്കുമെന്ന് പാശ്ചാത്യ മീഡിയ ഒന്നടങ്കം കൊട്ടിപ്പാടിയ കമാൽ കലിഗ്്ദാറിന് 44.88 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. മൂന്നാമത്തെ സ്ഥാനാർഥി സിനാൻ ഒഗാൻ 5.17 ശതമാനം വോട്ട് നേടിയില്ലായിരുന്നെങ്കിൽ ഉർദുഗാൻ തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമായിരുന്നു എന്ന കാര്യത്തിൽ, നുണകൾ മാത്രം കൂവിക്കൊണ്ടിരുന്ന പാശ്ചാത്യ മാധ്യമങ്ങൾക്കുമില്ല ഇപ്പോൾ സംശയം. തങ്ങളുടെ വരുതിയിൽ നിൽക്കാതെ സ്വന്തമായ സൗഹൃദ വലയങ്ങളും സഖ്യങ്ങളും സ്ട്രാറ്റജികളും വികസിപ്പിച്ചുകൊണ്ടിരുന്ന ഉർദുഗാനെ ഏത് വിധേനയും പുറത്താക്കുക എന്ന ഒറ്റ അജണ്ടയേ പാശ്ചാത്യ രാഷ്ട്ര നേതാക്കൾക്കും അവർക്ക് ഓശാന പാടുന്ന അവിടത്തെ മുഖ്യധാരാ മാധ്യമങ്ങൾക്കും ഉണ്ടായിരുന്നുള്ളൂ. ഇതിനുള്ള പണി വർഷങ്ങളായി അവർ നടത്തിവരുന്നുണ്ട്. ഉർദുഗാൻ യുഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരുന്ന തുർക്കിയ കറൻസി ലീറയെ പല കോണുകളിൽനിന്ന് അവർ കടന്നാക്രമിച്ചു. പിടിച്ചുനിൽക്കാനാവാതെ ലീറ വലിയ മൂല്യത്തകർച്ച നേരിട്ടു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും നിയന്ത്രണാതീതമായി. ഉർദുഗാന്റെ ജനസമ്മതിയിൽ വലിയ പ്രഹരമേൽപിക്കാൻ ഈ നീക്കത്തിന് കഴിഞ്ഞു. പലതരം പ്രതിസന്ധികൾ ഒന്നിച്ചു വന്നിട്ടും ഉർദുഗാൻ മികച്ച പ്രകടനം കാഴ്ചവെച്ചത് പാശ്ചാത്യ രാഷ്ട്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. ഉർദുഗാൻ തോറ്റത് തന്നെ എന്ന് കവർ സ്റ്റോറി മെനഞ്ഞ 'ദി ഇക്കണോമിസ്റ്റ്' പോലുള്ള പത്രങ്ങൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. അത്തരം (നുണ) കവർ സ്റ്റോറികൾ കൊണ്ട് ഒലിച്ചുപോവുന്നതല്ല തുർക്കിയയുടെ ഐഡന്റിറ്റി എന്നായിരുന്നു ഉർദുഗാന്റെ പ്രതികരണം.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയ ശതമാനം തികക്കാനായില്ലെങ്കിലും ഉർദുഗാന്റെ അക് പാർട്ടി നേതൃത്വം നൽകുന്ന ജനകീയ മുന്നണി പാർലമെന്റിൽ 322 സീറ്റുകളോടെ  കേവല ഭൂരിപക്ഷം നേടിയിരിക്കുകയാണ്. അക് പാർട്ടിക്ക് മാത്രം 267 സീറ്റുണ്ട്. അതേസമയം മുഖ്യ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പ്ൾസ് പാർട്ടിക്ക് 169 സീറ്റുകളേ ഉള്ളൂ. എന്നു മാത്രമല്ല, ഉർദുഗാനുമായി തെറ്റിപ്പിരിഞ്ഞ ദാവൂദ് ഓഗ്്ലു, അലി ബാബ ജാൻ എന്നിവരുണ്ടാക്കിയ പാർട്ടികൾക്കും, ഇവരുടെയൊക്കെ മാതൃ സംഘടനയായ സആദ പാർട്ടിക്കും പത്തിരുപത് സീറ്റുകളെങ്കിലും വിട്ടുനൽകാൻ റിപ്പബ്ലിക്കൻ പാർട്ടിക്കാർ നിർബന്ധിതരുമാണ്. ഇവരെല്ലാം സഖ്യം ചേർന്നാണല്ലോ മത്സരിച്ചത്. ഈ മൂന്ന് പാർട്ടികൾക്കും ഒന്നിച്ച് ഒരു ശതമാനത്തിന്റെ പിന്തുണ പോലും ഇല്ലെന്നതും വ്യക്തമായതാണ്. തുർക്കിയയിൽ ഒരു പാർട്ടി ഒറ്റക്ക് മത്സരിച്ചാൽ മൊത്തം ഏഴ് ശതമാനം വോട്ട് നേടിയാലേ പാർലമെന്റിൽ പ്രാതിനിധ്യമുണ്ടാവൂ. എന്നാൽ, അര ശതമാനം പോലും വോട്ട് വിഹിതം ഇല്ലാത്ത ഈർക്കിൽ പാർട്ടികൾക്ക് തങ്ങളുടെ സീറ്റുകൾ വീതം വെക്കേണ്ടി വന്നതിലുള്ള കലിപ്പിലാണ് റിപ്പബ്ലിക്കൻ പാർട്ടിക്കാർ. ഇതൊക്കെ അടുത്ത തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ മെയ് 28-നകം പാശ്ചാത്യരുടെ വക ഒരു 'സർജിക്കൽ സ്ട്രൈക്ക്' തന്നെ ഉർദുഗാൻ പ്രതീക്ഷിക്കുന്നുണ്ടാവണം. തന്റെ പാർട്ടി ജയിക്കുന്നേടത്ത് താൻ തോൽക്കുന്നത് എന്തുകൊണ്ട് എന്നും അദ്ദേഹം ചിന്തിക്കേണ്ടി വരും. ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ കുറവും രണ്ടാം തലമുറ നേതാക്കളെ വളർത്തിക്കൊണ്ടുവരുന്നതിലെ വീഴ്ചയും അദ്ദേഹം നേരിടുന്ന വിമർശനങ്ങളാണ്. പിഴവുകൾ തിരുത്തി മുന്നോട്ടു പോകുന്ന പക്ഷം ജനം ഒപ്പമുണ്ടാവുമെന്ന സൂചനയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പും നൽകുന്നത്.  l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 51-59
ടി.കെ ഉബൈദ്‌

ഹദീസ്‌

പാപങ്ങൾ പരസ്യപ്പെടുത്തരുത്
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌