Prabodhanm Weekly

Pages

Search

2023 മെയ് 26

3303

1444 ദുൽഖഅദ് 06

ബി.ജെ.പി മുക്ത ദക്ഷിണേന്ത്യ?

എ.ആർ

റിക്കാര്‍ഡ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയ കര്‍ണാടക സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയവും കോണ്‍ഗ്രസ്സിന്റെ വിജയവും പ്രതീക്ഷിക്കപ്പെട്ടതും പ്രവചിക്കപ്പെട്ടതും തന്നെ യായിരുന്നെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ദിവസങ്ങളോളം തമ്പടിച്ചു റാലികളും റോഡ്‌ ഷോകളും ക്ഷേത്ര സന്ദര്‍ശനങ്ങളും പൊടിപൊടിച്ചു നടത്തിയ അഭൂതപൂര്‍വമായ പ്രചാരണം, നിലവിലെ ദേശീയ സാഹചര്യത്തില്‍ കാവിപ്പടക്ക് ഭരണത്തുടര്‍ച്ച നേടിക്കൊടുക്കുമെന്ന അഭ്യൂഹത്തിന് വഴിയൊരുക്കിയിരുന്നതാണ്. 19 റാലികളിലും ആറ് റോഡ്‌ ഷോകളിലുമാണ് പൊതു ഖജനാവിന്റെ ചെലവില്‍ മോദി പങ്കെടുത്തത്. 16 റാലികളിലും 15 റോഡ്‌ ഷോകളിലും അമിത് ഷായും പങ്കെടുത്തു. ദേശീയാധ്യക്ഷന്‍ കെ.പി നഡ്ഡയും മോശമാക്കിയില്ല. 10 റാലികളിലും 16 റോഡ് ഷോകളിലും അങ്ങോരും പങ്കെടുത്തു. അതിതീവ്ര ഹിന്ദുത്വയുടെ പ്രതീകമായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താരപ്രചാരകനുമായി. അപ്രകാരം സംസ്ഥാന തല ക്രൗഡ്പുള്ളര്‍മാരുടെ കമ്മി ഒരു വിധത്തിലും താമരക്ക് വാട്ടമേല്‍പിക്കാതിരിക്കാന്‍ സര്‍വ പഴുതുകളുമടച്ചു ദക്ഷിണേന്ത്യയിലെ ഒരേയൊരു കാവിക്കോട്ട കൈവിടാതിരിക്കാൻ കഠിനാധ്വാനം ചെയ്തു, ദേശീയ നേതൃത്വം. നന്നെച്ചുരുങ്ങിയത് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ തന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പയറ്റിയ അതേ തന്ത്രം പയറ്റി കോണ്‍ഗ്രസ്, ജനതാ ദള്‍ ടിക്കറ്റുകളിൽ ജയിച്ചുകയറുന്ന എം.എല്‍.എമാരെ കോടികളൊഴുക്കി തട്ടിയെടുത്തു കൂറുമാറ്റി കൃത്രിമ ഭൂരിപക്ഷം സൃഷ്ടിക്കുന്ന ഇന്ദ്രജാലത്തിനും അണിയറയില്‍ ഉപജാപങ്ങളൊരുക്കി. പിറകെ വരുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ നിയമസഭാ ഇലക്്ഷനെയും 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും കര്‍ണാടകയിലെ ജയാപജയങ്ങള്‍ സ്വാധീനിക്കുമെന്ന തിരിച്ചറിവാണ്, ദക്ഷിണേന്ത്യയിലെ ഒരേയൊരു പിടിവള്ളി നഷ്ടപ്പെടാതിരിക്കാന്‍ സംഘ് പരിവാര്‍ നേതൃത്വത്തിനും സര്‍ക്കാരിനും പ്രേരണയായത്. സര്‍വോപരി, പിന്നിട്ട അഞ്ച് വര്‍ഷക്കാലത്തെ ഹിന്ദുത്വവാഴ്ച കര്‍ണാടകയിലെ ജനങ്ങളെ സംബന്ധിച്ചേടത്തോളം തീര്‍ത്തും നഷ്ടക്കച്ചവടമായിരുന്നുവെന്ന നഗ്നയാഥാര്‍ഥ്യവും അവഗണിക്കാനാവുമായിരുന്നില്ല. എല്ലാമായിട്ടും മെയ് 13 ശനിയാഴ്ച രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ സംഘ് പരിവാറിന്റെ മുഖം വാടിത്തുടങ്ങിയിരുന്നു. ഇടക്ക് ലീഡ് കോണ്‍ഗ്രസ്സിന്റേതിന് തുല്യമോ ഒരല്‍പം കൂടുതലോ ആയ അപൂര്‍വാവസരങ്ങളില്‍ ആശ്വാസത്തിന്റെ വീര്‍പ്പുയരുന്നുണ്ടായിരുന്നെങ്കിലും അതെല്ലാം അല്‍പായുസ്സാക്കിക്കൊണ്ട് 'കുടുംബ വാഴ്ചക്കാരുടെ' പാര്‍ട്ടി കുതിച്ചുയര്‍ന്നതാണ് പിന്നെ കണ്ടത്. അവസാന ഫലം പുറത്തുവരുമ്പോള്‍ ബി.ജെ.പിയുടെ ഇരട്ടിയിലധികം സീറ്റുകള്‍ സ്വന്തമാക്കിക്കൊണ്ട് രാഹുല്‍-പ്രിയങ്ക കൂട്ടുകെട്ട് വിജയ വെന്നിക്കൊടി പറപ്പിക്കുന്നതാണ് കാണാനായത്. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 135, ബി.ജെ.പി 66, ജനതാ ദള്‍(എസ്) 19, മറ്റുള്ളവര്‍ 4 എന്നിങ്ങനെയാണ് ഒടുവിലത്തെ കക്ഷിനില. വോട്ട് വിഹിതമാവട്ടെ മുന്‍ തെരഞ്ഞെടുപ്പില്‍ 38.14 ശതമാനമുണ്ടായിരുന്ന കോണ്‍ഗ്രസ് 43.09 ശതമാനമാക്കി ഉയര്‍ത്തിയപ്പോള്‍ ബി.ജെ.പിയുടേത് 37.35-ല്‍നിന്ന് 35.82 ആയി താഴ്ന്നു. 18.03 ശതമാനം നേടിയിരുന്ന ജനതാ ദള്‍ 13.30 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
കോണ്‍ഗ്രസ്സിനെ മിക്കപ്പോഴും പ്രതിരോധത്തിലാക്കിയിരുന്ന ഗ്രൂപ്പിസവും കുതികാല്‍വെട്ടും അധികാര മത്സരവും താല്‍ക്കാലികമായെങ്കിലും ഒതുക്കി, കെ.പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാര്‍ എന്ന സമര്‍ഥനായ സംഘാടകനും ജനപിന്തുണ തെളിയിച്ച മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും സഹകരിച്ചു കളരിയിലിറങ്ങിയതും, ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്ന ദേശീയ സമസ്യകളില്‍ ചുറ്റിപ്പിണയാതെ സംസ്ഥാനത്തെ ജനങ്ങളുടെ മൗലിക പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും, ബി.ജെ.പി മുഖ്യന്‍ ബൊമ്മെയുടെ അഴിമതി പ്രധാന ചര്‍ച്ചാ വിഷയമാക്കിയതും, പാര്‍ട്ടിയുടെ എക്കാലത്തെയും പശ്ചാത്തല ശക്തി ന്യൂനപക്ഷങ്ങളാണെന്ന സത്യം ഉള്‍ക്കൊണ്ട് ഹിജാബ്, സംവരണം പോലുള്ള വിഷയങ്ങളില്‍ അനുകൂല സമീപനം സ്വീകരിച്ചതും ബുദ്ധിപൂര്‍വമായ നീക്കങ്ങളായിരുന്നു. മറിച്ച്, പ്രധാനമന്ത്രി മോദിയും അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അതിവൈകാരികമായി ഹിന്ദുത്വ ഇഷ്യൂസില്‍ പ്രചാരണം ഊന്നിയത് ഹിന്ദുഭൂരിപക്ഷത്തെ സ്വാധീനിച്ചില്ല. തങ്ങള്‍ എടുത്തുകളഞ്ഞ നാല് ശതമാനം മുസ്്ലിം സംവരണം വൊക്കലിഗ-ലിംഗായത്ത് ജാതികള്‍ക്കായി പങ്ക് വെച്ചതിൽ വിപരീത ഫലമാണുണ്ടായതും. അതേസമയം മുസ്്ലിംകളുടെ നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുനല്‍കിയ കോണ്‍ഗ്രസ് ഒപ്പം രണ്ട് പ്രധാന ജാതികളുടെ സംവരണം കൂട്ടുമെന്നു കൂടി വാഗ്ദാനം ചെയ്തപ്പോള്‍ ബി.ജെ.പിക്ക് മുതലെടുപ്പ് അസാധ്യമായി. പി.എഫ്.ഐയോടൊപ്പം ബജ്‌റംഗ് ദളിനെക്കൂടി നിരോധിക്കുമെന്ന കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനത്തിന്മേല്‍ കയറിപ്പിടിച്ച് ഹനുമാന്‍ ഭക്തരെ ഇളക്കിവിടാന്‍ കാവിപ്പട ആവുംവിധം ശ്രമിച്ചെങ്കിലും മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനുള്ള കുതന്ത്രത്തെ യഥോചിതം ചെറുത്ത് തോല്‍പിക്കാൻ ശിവകുമാര്‍ ടീമിനായി. ചുരുക്കത്തില്‍, വംശീയ-വര്‍ഗീയ മുതലെടുപ്പിന്റെ എല്ലാ സാധ്യതകളെയും പ്രതിരോധിച്ചതോടൊപ്പം ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരത്തിലൂന്നിയ പ്രചാരണതന്ത്രം ആവിഷ്‌കരിച്ചതാണ് വോട്ട് വിഹിതവും സീറ്റ് വിഹിതവും ഒരുപോലെ വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ്സിനെ തുണച്ചത്. അതേസമയം രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്ര വന്‍ ജനകീയ പങ്കാളിത്തത്തോടെ കര്‍ണാടകയിലൂടെ കടന്നുപോയതും മുതൽക്കൂട്ടായി. ഈ നേട്ടം കളഞ്ഞുകുളിക്കാതിരിക്കാനുള്ള വിവേകവും ദീര്‍ഘദൃഷ്ടിയും നേതാക്കളും അണികളും പ്രദര്‍ശിപ്പിച്ചാല്‍ വരാനിരിക്കുന്ന നിയമസഭ-ലോക്‌സഭ തെരഞ്ഞെടുപ്പുകളെ കോണ്‍ഗ്രസ്സിന് ആത്മവിശ്വാസത്തോടെ നേരിടാനാവും.
എന്നാല്‍, സുപ്രധാനമായ ഒരു ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ചിലര്‍ അവകാശപ്പെടുന്നപോലെ ദക്ഷിണേന്ത്യ ബി.ജെ.പി മുക്തമാവുമോ? കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ ഭാരതീയ ജനതാ പാര്‍ട്ടി കരുത്തുറ്റ ഒരു പ്രതിപക്ഷം പോലുമല്ല. ചില നിയമസഭകളില്‍ പാര്‍ട്ടിക്ക് പ്രാതിനിധ്യമേ ഇല്ല. ഒരേയൊരു പ്രതീക്ഷയായ കര്‍ണാടകയും കൈവിട്ടതോടെ ദക്ഷിണേന്ത്യ ബി.ജെ.പിയുടെ ശവക്കല്ലറയാവാന്‍ പോവുകയാണോ? ഇതേ ചോദ്യത്തിന്റെ തന്നെ അനുബന്ധ ചോദ്യമാണ്, 'ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍' എന്ന സംഘ് പരിവാര്‍ സമവാക്യം ഉത്തരേന്ത്യയില്‍ മാത്രം ക്ലച്ച് പിടിക്കാനിടയുള്ള അജണ്ടയായി കലാശിക്കുമോ? ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാനം പോലും ഹിന്ദിയെ സ്വാഗതം ചെയ്യുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പിക്കുന്നില്ലെങ്കില്‍ ആ ഭാഷ പഠിക്കാന്‍ സൗത്തിന്ത്യയില്‍ തലമുറകളെ കിട്ടില്ല. തെലുങ്ക്, തമിഴ്, കന്നട, മലയാളം എന്നീ പ്രാദേശിക ഭാഷകളും ഇംഗ്ലീഷുമാണ് ദക്ഷിണേന്ത്യയില്‍ സ്വീകാര്യത നേടിയ ഭാഷാ ഫോര്‍മുല. ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ കടുത്ത ചെറുത്ത് നില്‍പ് നിലനില്‍ക്കുന്നുണ്ട് താനും. രാജ്യത്തെ ഹിന്ദു ഭൂരിപക്ഷം സാംസ്‌കാരികമായും ആചാരപരമായും കൊണ്ടു നടക്കുന്ന ഹിന്ദുധര്‍മം വി.ഡി സവര്‍ക്കറും എം.എസ് ഗോള്‍വാൾക്കറും ശ്യാമ പ്രസാദ് മുഖര്‍ജിയുമൊന്നും വിളയിച്ചെടുത്ത ഹിന്ദുത്വമല്ല. ആത്മീയവും ആധ്യാത്മികവും ദാര്‍ശനികവുമായ ഉള്ളടക്കമുള്ള സനാതന ധര്‍മമാണ് സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും ദയാനന്ദ സരസ്വതിയും അതുപോലുള്ളവരും അവതരിപ്പിച്ചതും പ്രചരിപ്പിച്ചതും. ആര്‍.എസ്.എസ് അവതരിപ്പിക്കുന്ന ഹിന്ദുത്വത്തിനാവട്ടെ ആത്മീയമോ ധാര്‍മികമോ ആയ ഉള്ളടക്കമേ ഇല്ല. പകരം ഭ്രാന്തവും രണോത്സുകവുമായ ഉന്മാദ ദേശീയതയാണ് അവര്‍ സര്‍വശക്തിയും ഉപയോഗിച്ച് അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ആ ഹിന്ദുത്വത്തിന് ഭാവിയില്ലെന്ന് തന്നെയാണ് തെളിയുന്നത്. യു.പി, മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, ഹരിയാന പോലുള്ള സംസ്ഥാനങ്ങളില്‍ ഒരുവേള ഹിന്ദുത്വം പിടിമുറുക്കിയെന്ന് വരും. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കെ, ജനം ടി.വി സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന യു.പിയിലെ നഗരസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒരു ചൂണ്ടുപലകയാവാം. 
അയോധ്യ, ഝാന്‍സി, ബറേലി, വൃന്ദാവന്‍, മുറാദാബാദ്, സഹാറന്‍പൂര്‍, പ്രയാഗ് രാജ് (അലഹാബാദ്), അലീഗഢ്, ഷാജഹാന്‍പൂര്‍, ഗാസിയാബാദ്, ആഗ്ര, ലഖ്നൗ, കാണ്‍പൂര്‍, മീറത്ത്, ഫിറോസാബാദ്, വാരാണസി, ഗോരഖ്പൂര്‍ എന്നിവയിലൊന്നില്‍പോലും ബി.ജെ.പി ഇതരര്‍ മേയറായില്ല. മൊത്തം 1420 കോര്‍പറേറ്റുമാരില്‍ 813 പേരും ബി.ജെ.പിക്കാരാണ്. രണ്ടാം സ്ഥാനത്തുള്ള എസ്.പിക്ക് 191 പേരെ മാത്രമാണ് ജയം തുണച്ചത്. നഗരസഭകളില്‍ പലതിലും മുസ്്ലിം ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായിരിക്കെയാണ് ബി.ജെ.പിയുടെ ഏകപക്ഷീയ വിജയം. ഒരു വശത്ത് മതേതര വോട്ടുകളുടെ ശൈഥില്യവും മറുവശത്ത് നിരന്തരമായ പീഡനാനുഭവങ്ങളില്‍ ചകിതരായ ന്യൂനപക്ഷത്തിന്റെ അടിയറവുമാവാം ഹിന്ദുത്വ തേരോട്ടത്തിന്റെ വിജയ രഹസ്യം. ശക്തവും സംഘടിതവും വിശ്വസനീയവുമായ മതേതര പ്രതിരോധത്തിന്റെ അഭാവത്തില്‍ ഈ അവസ്ഥക്ക് മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. 2024-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വം ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിത്വം യോഗി ആദിത്യനാഥിന്റെതായിരിക്കാനുള്ള സാധ്യതയും നിരാകരിക്കാനാവില്ല.
ഇവ്വിധം വടക്കും തെക്കും തമ്മില്‍ ജനവിധിയില്‍ പ്രതിഫലിക്കാവുന്ന പ്രകടമായ അന്തരത്തെ ഫെഡറലിസത്തിന്റെ അന്തകരും കടുകിട അയവില്ലാത്ത കേന്ദ്രീകരണത്തിന്റെ വക്താക്കളുമായ കാവിപ്പട എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. ഈ കേന്ദ്രീകരണ ത്വര രാജ്യത്തെ ശൈഥില്യത്തിലേക്കല്ലേ ചെന്നെത്തിക്കുക എന്ന് സഗൗരവം ചിന്തിക്കേണ്ടത് സംഘ് പരിവാര്‍ മസ്തിഷ്‌കങ്ങള്‍ തന്നെയാണ്; മറ്റാരുമല്ല. രാജ്യത്തെ മൊത്തമായി സഹസ്രാബ്ദങ്ങള്‍ക്ക് പിന്നിലേക്ക് തിരിച്ചുകൊണ്ടു പോവാന്‍ തത്രപ്പെടുമ്പോള്‍ പുരാതന കാലത്തെ ആര്യ-ദ്രാവിഡ വൈരുധ്യവും പുനര്‍ജനിക്കുക സ്വാഭാവിക പരിണതിയാണെന്നോര്‍ക്കണം. ഇപ്പോള്‍ തന്നെ കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിശേഷിപ്പിച്ചത് ശ്രദ്ധേയമാണ്; ദ്രാവിഡരുടെ വിജയം എന്ന്! l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 51-59
ടി.കെ ഉബൈദ്‌

ഹദീസ്‌

പാപങ്ങൾ പരസ്യപ്പെടുത്തരുത്
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌