പ്രതീക്ഷയുടെ നിറവില്‍ പുതിയ അരുണോദയം
ഓരോ പ്രഭാതവും ജീവിതത്തെ നവീകരിക്കാനുള്ള സന്ദേശമായാണ് പൊട്ടിവിടരുന്നത്. കഴിഞ്ഞുപോയ ഇന്നലെയുടെ ക്ഷീണം തീര്‍ത്ത് മനുഷ്യര്‍ പുതിയ അരുണോദയത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന പ്രഭാതത്തില്‍ ഒരു ചോദ്യം ഉയരേണ്ടതുണ്ട്: ലോകത്തിന് പ്രയാണമധ്യെ എത്ര തവണ കാലിടറി? എത്ര പ്രാവശ്യം സ്വാര്‍ഥതയെ പുല്‍കി? എത്ര നീച കര്‍മങ്ങളാണ് ചെയ്തത്? വഴിയറിയാതെ വിഭ്രമിച്ചുനിന്ന നേരങ്ങളില്‍ ഒരിറ്റ് കനിവിനും ദയക്കും വേണ്ടി ഹൃദയം ദാഹിച്ചിരുന്നുവോ? ഇങ്ങനെയുള്ള നിരവധി ചിന്തകള്‍ക്ക് ചിറകുവെക്കുന്ന നിമിഷങ്ങളില്‍ ജീവിത നവീകരണ യത്‌നങ്ങള്‍ക്ക് തുടക്കം കുറിക്കാം. പ്രത്യാശയുടെയും ദൈവിക ഉതവിയുടെയും ഉണര്‍വിന്റെയും പ്രകാശ കിരണങ്ങളെ സാക്ഷിയാക്കി പുതിയ ഒരു ജീവിതം തുടങ്ങാം.
പുതിയ ജീവിതം പണിയാന്‍ ആഗ്രഹിക്കുന്നവരുടെ കാതുകളില്‍ മുഴങ്ങുന്ന ഒരു സ്‌നേഹ മന്ത്രമുണ്ട്. നബി പറഞ്ഞു: 'പാതിരാത്രി പിന്നിട്ടാല്‍, രാവിന്റെ അവസാന യാമങ്ങളില്‍ അല്ലാഹു സമീപാകാശത്തിലേക്ക് ഇറങ്ങി വന്ന് പറയും: ചോദിക്കുവിന്‍, നല്‍കപ്പെടും. പ്രാര്‍ഥിക്കുവിന്‍, ഉത്തരം ലഭിക്കും. പാപമോചനാര്‍ഥികളുണ്ടോ? പൊറുത്തുകൊടുക്കും. നേരം പുലരുവോളം ഈ മന്ത്രം മുഴങ്ങും. ആ നേരത്ത് അല്ലാഹുവിനെ ഓര്‍ക്കാന്‍ കഴിയുമെങ്കില്‍ അനുഗൃഹീതനാണ് നിങ്ങള്‍.'
രാത്രി മാഞ്ഞു പോവുകയും പകല്‍ സമാഗതമാവുകയും ചെയ്യുന്ന ധന്യമുഹൂര്‍ത്തമാണത്. ഭൂതകാലത്തിന്റെ അവശേഷിപ്പുകളില്‍ പാദമൂന്നി, ഭാവികാലത്തെ നിര്‍മിക്കാന്‍ കഴിയുന്ന അസുലഭ സന്ദര്‍ഭം. സമുദ്രത്തിലെ നുര പോലെ പാപത്തിന്റെ കൂനകള്‍ ഉണ്ടായാലും, തെറ്റുകളുടെ പെരുപ്പം നിങ്ങളെ തുറിച്ചു നോക്കിയാലും സത്യസന്ധമായ ഒരു തിരിച്ചുവരവിന് അവ തടസ്സമായിക്കൂടാ.
''പ്രവാചകരേ, പറഞ്ഞുകൊടുക്കുക: സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം, അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനാകുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു. നിങ്ങളുടെ രക്ഷിതാവിലേക്ക് തിരിച്ചുവരുവിന്‍. അവന്ന് കീഴ്‌പ്പെട്ടവരാകുവിന്‍'' (അസ്സുമര്‍ 53,52).
ഖുദ്‌സിയായ ഹദീസില്‍ അല്ലാഹു പറയുന്നുണ്ട്: ''മനുഷ്യപുത്രാ, നീ എന്നോട് പ്രാര്‍ഥിക്കുകയും പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യുന്ന കാലമത്രയും നിന്റെ പാപങ്ങളൊക്കെ ഞാന്‍ പൊറുക്കും. ഞാന്‍ അവ പ്രശ്‌നമാക്കില്ല. നിന്റെ പാപകര്‍മങ്ങള്‍ ആകാശം മുട്ടെ വളര്‍ന്നാലും നീ പാപമോചനത്തിനു വേണ്ടി യാചിച്ചാല്‍, നിനക്ക് സര്‍വ പാപങ്ങളും ഞാന്‍ പൊറുത്തുതരും. ഞാനത് പ്രശ്‌നമാക്കില്ല. എന്നില്‍ പങ്ക് ചേര്‍ക്കാത്ത നിലയില്‍ ഭൂമി നിറയെ പാപങ്ങളുമായി നീ എന്നെ കണ്ടുമുട്ടിയാലും ഭുവനം നിറയുന്ന മഗ്ഫിറത്തുമായി ഞാന്‍ നിന്നെ സ്വീകരിക്കും'' (തിര്‍മിദി).
ഇതും ഇതുപോലുള്ള നിരവധി നബിവചനങ്ങൾ അല്ലാഹുവിലേക്കുള്ള പ്രയാണത്തിന് മടിച്ചുനില്‍ക്കുന്ന ഹൃദയങ്ങളെ പ്രചോദിപ്പിക്കുന്നവയും സുഷുപ്തിയില്‍ മയങ്ങിയ മനസ്സുകളെ ഉണര്‍ത്തുന്നവയുമാണ്; അപഥ സഞ്ചാരം നടത്തിയ ഗതകാലത്തോട് വിടചൊല്ലി പുതിയ ഒരു ജീവിതം സമാരംഭിക്കാന്‍ കരുത്ത് പകരുന്നതാണ്. പ്രതീക്ഷയുടെ ചിറകുകളിലേറി ദൈവസന്നിധിയിലേക്ക് പറന്നുയരാന്‍ പിന്നെയും മനുഷ്യന്‍ മടിച്ചു നില്‍ക്കുന്നതെന്തിനാണ്?
ഈ തണുത്തുറഞ്ഞ മനോഭാവത്തിന് കാരണം, അല്ലാഹുവിനെക്കുറിച്ചും അവന്‍ നല്‍കിയ ദീനിനെക്കുറിച്ചുമുള്ള അജ്ഞതയാണ്. എന്നാല്‍, അല്ലാഹുവിനെക്കാള്‍ ആര്‍ദ്രതയും വാത്സല്യവും നിറഞ്ഞൊഴുകുന്ന ശക്തി ഏതുണ്ട്? അവന്റെ ആര്‍ദ്രതയും വാത്സല്യവും ഏതെങ്കിലും ക്ഷണിക താല്‍പര്യത്തെ മുന്‍നിര്‍ത്തിയല്ല. അവന്റെ വിശുദ്ധ സ്വത്വത്തിന്റെയും അത്യുദാത്തമായ പരിപൂര്‍ണതയുടെയും അടയാളമാണവ.
മനുഷ്യനെ ദൈവം സൃഷ്ടിച്ചത് അവനെ നിന്ദിക്കാനല്ല; പ്രപഞ്ചത്തിന്റെ നായകത്വപദവിയില്‍ അവനെ അവരോധിക്കാനാണ്. അവന്റെ പദവി ഇകഴ്ത്താനോ അവനെ താഴ്ത്തിക്കെട്ടാനോ അല്ല. അല്ലാഹു തന്റെ നിലപാട് വ്യക്തമാക്കി: ''നാം നിങ്ങളെ ഭൂമിയില്‍ അധികാരത്തോടു കൂടി വസിപ്പിക്കുകയും അതില്‍ ജീവിത വിഭവങ്ങള്‍ ഒരുക്കിത്തരികയും ചെയ്തു. പക്ഷേ, നിങ്ങൾ തുച്ഛമായേ നന്ദി കാണിക്കുന്നുള്ളൂ. നാം നിങ്ങളുടെ സൃഷ്ടി ആരംഭിച്ചു. പിന്നീട് നിങ്ങള്‍ക്ക് ആകാരം നല്‍കി. എന്നിട്ട് മലക്കുകളോട് പറഞ്ഞു: 'ആദമിന് പ്രണാമം ചെയ്യുക.' ഈ ആജ്ഞാനുസാരം സകലരും പ്രണാമം ചെയ്തു. പക്ഷേ, ഇബ്്ലീസ് പ്രണമിച്ചവരുടെ ഗണത്തില്‍ പെട്ടില്ല'' (അല്‍ അഅ്‌റാഫ് 10,11).
അക്രമവും അനീതിയുമില്ലാത്ത ആശയസംഹിതയുടെ ആസ്പദങ്ങളില്‍ നീതിയുടെയും സത്യത്തിന്റെയും അധീശത്വം പുലരുന്ന ലോകത്തിന്റെ നിര്‍മിതിയാണ് മതത്തിന്റെ ലക്ഷ്യം. ജനങ്ങള്‍ക്കിടയിലെ ബന്ധങ്ങളും പെരുമാറ്റ രീതികളും ഈ അടിസ്ഥാനങ്ങളിലൂന്നി നിര്‍ണയിക്കുകയും നിര്‍വചിക്കുകയും ചെയ്യുകയാണ് മതം.
ശരീരത്തിന് ആഹാരമെന്നതു പോലെ മനുഷ്യന്റെ നിലനില്‍പിനും സന്തോഷപൂര്‍ണമായ ജീവിതത്തിനും അനിവാര്യ ഉപാധിയാണ് മതം. മക്കളുടെ അഹിതകരമായ പെരുമാറ്റത്തില്‍ മനംനൊന്ത് സങ്കടപ്പെടുന്ന മാതാപിതാക്കള്‍ക്കൊപ്പമാണ് അല്ലാഹുവും മതനിയമങ്ങളും. മര്‍ദകന്റെ നിഷ്ഠുര കൃത്യങ്ങള്‍ക്കിരയാവുന്ന മര്‍ദിതനോടൊപ്പമാണ് ദൈവം. ജീവനും സ്വത്തും അഭിമാനവും ക്ഷതപ്പെട്ട് കണ്ണീര്‍ക്കടലില്‍ നാള്‍കഴിക്കുന്ന ഇരകള്‍ക്കൊപ്പമാണ് അല്ലാഹു. ഇത്തരം അധ്യാപനങ്ങള്‍ ക്രൂരവും കിരാതവുമാണോ? കാരുണ്യത്തിന്റെയും നന്മയുടെയും നിദര്‍ശനമല്ലേ അവ?
നന്മയുടെയും മൂല്യങ്ങളുടെയും നിറവില്‍ ജീവിതം സുസാധ്യമാക്കുന്ന ഇത്തരം അനുശാസനകള്‍ക്ക് പുറമെ ലളിതമായ ചില ആരാധനാ കര്‍മങ്ങളും നിര്‍ദേശിക്കപ്പെടുന്നത് സ്തുതികളും സങ്കീര്‍ത്തനവും അവയ്ക്ക് അര്‍ഹനായ ദൈവത്തിന് സമര്‍പ്പിക്കാനാണ്. ഇവയുടെ ഉത്സാഹഭരിതമായ നിർവഹണമാണോ ക്ലേശപൂര്‍വമായ അനുഷ്ഠാനമായി നിങ്ങള്‍ വിലയിരുത്തുന്നത്?
മനുഷ്യവര്‍ഗത്തിന് മുഴുവന്‍ എളുപ്പവും ലാളിത്യവും ഉദാരതയും വിട്ടുവീഴ്ചയും അന്തസ്സും മാത്രമാണ് അല്ലാഹു ആഗ്രഹിക്കുന്നത് എന്നതാണ് നേര്. പക്ഷേ, ദൈവം വരച്ച വഴികളിലൂടെ ചരിക്കാന്‍ മനുഷ്യന്‍ വിസമ്മതിക്കുകയാണ്. ശരീരേഛകളും കാമനകളും അവരെ ശരിയായ പാതയില്‍നിന്നകറ്റുകയും നാശത്തിന്റെ ഗര്‍ത്തങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തുകയുമാണ്. ഈ അപഭ്രംശങ്ങള്‍ക്കെല്ലാം ശേഷവും സ്‌നേഹമസൃണമായ വിശ്വാസത്തിന്റെ വിളി വീണ്ടും വരുന്നു. നിങ്ങളുടെ തിരിച്ചുവരവ് ദൈവത്തിന് എത്രമാത്രം സന്തോഷദായകമാണെന്ന് പ്രവാചകന്‍ ഒരു ഉപമയിലൂടെ വിവരിക്കുന്നുണ്ട്:
'വിജനമായ മരുഭൂമിയിലൂടെ ഒട്ടകപ്പുറത്തേറി സഞ്ചരിക്കുകയാണ് അയാള്‍. ഒട്ടകത്തെ മേയാന്‍ വിട്ട് അയാള്‍ മരത്തണലില്‍ വിശ്രമിക്കാന്‍ കിടന്നു. ഉണര്‍ന്നു നോക്കിയപ്പോള്‍ തന്റെ സര്‍വസ്വമായ ഒട്ടകത്തെ കാണാനില്ല. അതിന്റെ പുറത്താണ് തന്റെ ഭക്ഷണവും വെള്ളവും വസ്ത്രവുമൊക്കെ. കുറെ നേരം മരുഭൂമിയുടെ വിരിമാറിലൂടെ അയാള്‍ തന്റെ ഒട്ടകത്തെ തേടി അലഞ്ഞു. പരവശനും ക്ഷീണിതനും നിരാശനുമായ അയാള്‍ ആത്മഗതം ചെയ്തു: 'ഇനി മരിക്കുകയാണ് നല്ലത്; എല്ലാം നഷ്ടപ്പെട്ടല്ലോ.' അങ്ങനെ മരിക്കാനുറച്ച് തന്റെ കൈ തലക്ക് താഴെ വെച്ച് അന്ത്യനിദ്രക്ക് ഒരുങ്ങി അയാള്‍. അങ്ങനെ ഒന്നുറങ്ങി എഴുന്നേറ്റു നോക്കിയപ്പോള്‍, കൈവിട്ടുപോയി എന്ന് താന്‍ കരുതിയ ഒട്ടകം അതാ തനിക്ക് മുന്നില്‍ നില്‍ക്കുന്നു! ഒട്ടകത്തിന്റെ ഉടമക്കുണ്ടായ അനിര്‍വചനീയമായ ആ സന്തോഷമാണ്, തന്റെ ദാസന്‍ സ്വര്‍ഗപാതയിലേക്ക് തിരിച്ചുവരുമ്പോള്‍ അല്ലാഹുവിന് ഉണ്ടാവുക' (ബുഖാരി).
ദയാപരനായ ദൈവത്തിന്റെ സ്‌നേഹസാന്ദ്രമായ തലോടലല്ലേ മനുഷ്യന്നാവശ്യം? തന്റെ ചാരത്തേക്ക് ഓടിയണയുന്ന കുഞ്ഞിനെ തലോടി ചേര്‍ത്ത് പിടിക്കുന്ന മാതാവിന്റെ മനസ്സല്ലേ ദൈവത്തില്‍ നാം കാണേണ്ടത്?
വരണ്ടു വിണ്ടുകീറി ഊഷരമായ മണ്ണിലേക്ക് പെയ്തിറങ്ങുന്ന മഴ, സസ്യശ്യാമള കോമളമായ ഉദ്യാനമാക്കി മാറ്റുന്നില്ലേ ഭൂമിയെ? ജീവിതം പുതുക്കിപ്പണിയുമ്പോള്‍ സംഭവിക്കുന്ന സമഗ്ര മാറ്റവും ഇതുതന്നെ.
ജീവിത നവീകരണമെന്നാല്‍, ദുഃസ്വഭാവങ്ങളുടെയും നീച കര്‍മങ്ങളുടെയും മധ്യത്തിലേക്ക് കുറെ സദുദ്ദേശ്യങ്ങളും സത്കർമങ്ങളും സന്നിവേശിപ്പിക്കുകയെന്നല്ല. ഈ രീതി സ്തുത്യര്‍ഹമായ ഒരു ഭാവിക്ക് ഉതകില്ല. കല്ലുപോലെ കടുത്ത ഹൃദയങ്ങളെ തരളിതമാക്കാൻ നന്മനിറഞ്ഞ കര്‍മങ്ങളുടെ വെള്ളം തളിക്കണം. കൊടുക്കുന്ന കൈകളിലെ വിരലുകള്‍ക്കേ അയവുണ്ടാകൂ.
തന്റെ തിരുനോട്ടം ലഭിക്കാത്ത ഭാഗ്യഹീനരെക്കുറിച്ച് അല്ലാഹു പറയുന്നു: "സത്യത്തില്‍നിന്ന് പിന്മാറിപ്പോവുകയും അല്‍പം മാത്രം നല്‍കിയിട്ട് മുടക്കുകയും ചെയ്ത ആ മനുഷ്യനെ പ്രവാചകന്‍ കണ്ടില്ലയോ? അവന്റെ പക്കല്‍ അതിഭൗതിക ജ്ഞാനമുണ്ടോ? അങ്ങനെ അവന്‍ യാഥാര്‍ഥ്യം ദര്‍ശിച്ചുകൊണ്ടിരിക്കുകയാണോ?'' (അന്നജ്മ് 33-35).
ദൈവത്തില്‍നിന്നുള്ള അകല്‍ച്ച കയ്പുറ്റ കനികളേ ഉല്‍പാദിപ്പിക്കുകയുള്ളൂ. സിദ്ധിയും സാധനയും കരുത്തും സൗന്ദര്യവും അറിവുമെല്ലാം ശാപനിമിത്തമായി ഭവിക്കുന്നത് ദൈവികാനുഗ്രഹത്തിന്റെ അഭാവത്താലാണ്. അവന്റെ ആശീര്‍വാദം സൗഭാഗ്യപൂര്‍ണമായ ജീവിതത്തിന് അനിവാര്യമാണ്. ദൈവത്തിന്റെ സവിധത്തിലാണ് ജീവിത വിജയം. അതാണ് അല്ലാഹു ഉണര്‍ത്തിയത്. ''അതിനാല്‍ അല്ലാഹുവിലേക്ക് ഓടി വരുവിൻ. ഞാന്‍ അവങ്കല്‍നിന്ന് നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു.'' (അദ്ദാരിയാത്ത് 50) l
(ജദ്ദിദ് ഹയാത്തക്)
വിവ: പി.കെ ജമാല്‍
Comments