നിർണായകമായത് പിന്നാക്ക അഹിന്ദ വോട്ടുകൾ
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിലെ വോട്ടർമാർക്ക് ചില പ്രത്യേകതകളുണ്ട്. ഭരിക്കുന്ന സർക്കാരിനെ പാഠം പഠിപ്പിക്കുന്ന കന്നഡിഗരുടെ ശൈലി കഴിഞ്ഞ 37 വർഷമായി മാറ്റമില്ലാതെ തുടരുകയാണ്. 1985-നു ശേഷം സംസ്ഥാനത്ത് ഒരു ഭരണകക്ഷിയും രണ്ടാമൂഴത്തിൽ അധികാരത്തിൽ വന്നിട്ടില്ല. സർക്കാരിനെ മാറ്റുന്ന പാരമ്പര്യം ജനം ഇക്കുറിയും തുടർന്നു. ജനവിധി അട്ടിമറിക്കുന്ന 'ഓപ്പറേഷൻ താമര'യിലൂടെ അധികാരത്തിലേറിയ ബി.ജെ.പി സർക്കാരിനെ താഴെയിറക്കിയ ജനഹിതം കോൺഗ്രസ്സിന് വ്യക്തമായ ഭൂരിപക്ഷം നൽകി. കോൺഗ്രസ് 135 സീറ്റുകൾ നേടുകയും ബി.ജെ.പി 66 സീറ്റിലേക്ക് ചുരുങ്ങുകയും ചെയ്തു.
ഭരിക്കുന്ന സർക്കാരുകൾക്ക് തുടർച്ചയായി ഏഴ് തെരഞ്ഞെടുപ്പുകളിൽ അധികാരം നഷ്ടപ്പെടുകയായിരുന്നു കർണാടകയിൽ. കാര്യക്ഷമമായി ഭരണം നടത്തിയവർ പോലും ഇതിൽ നിന്നൊഴിവായില്ല. 1990 മുതൽ മൂന്ന് പ്രധാന പാർട്ടികൾ മത്സരരംഗത്തുണ്ട്; ഒരു പാർട്ടിക്കും സ്ഥിരമായ ഭൂരിപക്ഷം നേടാനായിട്ടില്ല.
ജാതിസമവാക്യങ്ങൾ തെരഞ്ഞെടുപ്പ് ജയ-പരാജയങ്ങളിൽ നിർണായകമാകുന്ന കർണാടകയിൽ, സാമൂഹികമായി പ്രബലരായ ലിംഗായത്ത് സമുദായം 2011-ലെ സെൻസസ് പ്രകാരം 14 ശതമാനമാണ്. വൊക്കലിഗർ 12 ശതമാനവും ഒ.ബി.സികൾ 23 ശതമാനവും ദലിത് വിഭാഗം 17 ശതമാനവും മുസ്്ലിംകൾ 14 ശതമാനവും ആദിവാസികൾ 7 ശതമാനവും ആണ്. സംസ്ഥാനത്ത് ആദ്യമായി പ്രബല ജാതികളുടെ മേൽക്കോയ്മ തകർത്ത് അധികാരത്തിലെത്തിയത് മുൻ മുഖ്യമന്ത്രി ഡി. ദേവരാജ അരസുവാണ് (1972-1980). ലിംഗായത്തുകൾക്കും വൊക്കലിഗർക്കും പുറമെയുള്ള പിന്നാക്ക ജാതി ഭൂരിപക്ഷത്തെ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പിലെ കീഴ്്വഴക്കങ്ങൾ മാറ്റിയ ചരിത്രമുണ്ട് അദ്ദേഹത്തിന്.
എന്നിരുന്നാലും ഇപ്പോഴും വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്ക് പരമ്പരാഗതമായി തെരഞ്ഞെടുപ്പിൽ വലിയ തോതിൽ പ്രാമുഖ്യം ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സവർണ സമുദായങ്ങളുടെ പോലെ തന്നെ ജനസംഖ്യാ അനുപാതത്തെക്കാളും വളരെ ഉയർന്നതാണ് ഈ സമുദായങ്ങളുടെ അധികാര പങ്കാളിത്തം.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായുള്ള കർണാടകയുടെ അധികാര രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ ജനഹിതത്തിലെ അസ്ഥിരത ബോധ്യപ്പെടും. 1985-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി 139 സീറ്റുകൾ നേടി രണ്ടാമൂഴത്തിലും അധികാരത്തിലെത്തിയിരുന്നു. ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 65 സീറ്റുകളാണ് നേടിയത്. അഞ്ചുവർഷത്തിനു ശേഷം 1989-ൽ വീരേന്ദ്ര പാട്ടീലിന്റെ നേതൃത്വത്തിൽ 178 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് അധികാരത്തിലെത്തി. അന്ന് ജനതാ ദൾ 24 സീറ്റുകൾ നേടി. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ 1994-ൽ എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാ ദൾ 115 സീറ്റുകൾ നേടി. ബി.ജെ.പി 40 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 34 സീറ്റുകൾ മാത്രമാണ് കിട്ടിയത്. ദേവഗൗഡ മുഖ്യമന്ത്രിയായി.
1999-ൽ കോൺഗ്രസ് 132 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തി; എസ്.എം കൃഷ്ണ മുഖ്യമന്ത്രിയായി. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിനെക്കാൾ നാല് സീറ്റുകൾ അധികം നേടി ബി.ജെ.പി 44 സീറ്റുകൾ ഉറപ്പിച്ചു. ജനതാ ദൾ പിളർന്ന് 'ജനതാ ദൾ സെക്കുലർ' (ജെ.ഡി.എസ്) രൂപവത്കരിക്കപ്പെടുകയും അവർ 10 സീറ്റുകൾ നേടുകയും ചെയ്തു.
2004-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഭൂരിപക്ഷം ലഭിച്ചില്ല. 65 സീറ്റുകൾ നേടിയ കോൺഗ്രസ് 58 സീറ്റുകൾ നേടിയ ജെ.ഡി.എസുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ചു. സീറ്റ് ഗണ്യമായി വർധിപ്പിച്ച് ജെ.ഡി.എസ് കരുത്താർജിച്ചു. ധരംസിംഗ് മുഖ്യമന്ത്രിയാവുകയും, അന്ന് ജെ.ഡി.എസിന്റെ സംസ്ഥാന അധ്യക്ഷനായിരുന്ന സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. ബി.ജെ.പി ആ തെരഞ്ഞെടുപ്പിൽ നേടിയത് 79 സീറ്റുകളാണ്.
2006-ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ അഹിന്ദ (ന്യൂനപക്ഷ, പിന്നാക്ക, ദലിത്) വിഭാഗത്തിന്റെ ഒരു പൊതു സാമൂഹിക വേദി രൂപപ്പെട്ടു. അക്കാരണം കൊണ്ടുതന്നെ സിദ്ധരാമയ്യ ജെ.ഡി.എസിൽനിന്ന് പുറത്താക്കപ്പെട്ടു. ഒപ്പം ദേവഗൗഡയുടെ മകൻ എച്ച്.ഡി കുമാര സ്വാമി അതേവർഷം കോൺഗ്രസ്സിന് നൽകിവന്നിരുന്ന പിന്തുണ പിൻവലിച്ച് 20-20 മാസത്തെ കരാറിൽ ബി.ജെ.പിയുടെ യെദ്യൂരപ്പയുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ചു. 2008-ൽ ഇരുപത് മാസത്തെ കരാർ പ്രകാരം അധികാരം ഒഴിയാൻ കുമാര സ്വാമി തയാറാകാതെ വന്നതോടെ സർക്കാർ വീണു. 2008-ലെ തെരഞ്ഞെടുപ്പ് ഫലങ്ങളിലും ചാഞ്ചാട്ടമുണ്ടായി. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി 110 സീറ്റുകൾ നേടി. ഓപ്പറേഷൻ താമര നടത്തി യെദ്യൂരപ്പ മുഖ്യമന്ത്രിയായി. ഈ ഘട്ടത്തിലാണ് സോണിയ ഗാന്ധി സിദ്ധരാമയ്യയെ കോൺഗ്രസ്സിലേക്ക് കൊണ്ടുവരുന്നത്.
2013-ലെ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് 122 മണ്ഡലങ്ങളിൽ വിജയിച്ച് അധികാരത്തിലേറുകയും സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുകയും ചെയ്തു. 40 മണ്ഡലങ്ങളിൽ ജെ.ഡി.എസ് വിജയിച്ചു. ബി.ജെ.പി 40 സീറ്റിലേക്ക് ചുരുങ്ങി. ആ തെരഞ്ഞെടുപ്പിൽ കർണാടക ജനതാപക്ഷ പാർട്ടി (കെ.ജെ.പി)യിൽനിന്ന് മത്സരിച്ച ബി.എസ്.യെദ്യൂരപ്പ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി. തുടർഭരണം ഉണ്ടാവുമെന്ന് കരുതിയിരുന്നെങ്കിലും തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ പ്രമുഖ മേൽജാതി നേതാക്കൾ പിന്നാക്ക വിഭാഗക്കാരനായ സിദ്ധരാമയ്യക്കെതിരെ ഒന്നിച്ച് ഭരണ തുടർച്ച ഇല്ലാതാക്കി.
2013-ലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ഞെട്ടിപ്പോയ ബി.ജെ.പി നേതാക്കൾ യെദ്യൂരപ്പയെ ബി.ജെ.പിയിലേക്ക് തിരികെ കൊണ്ടുവന്നു. 2018-ലെ തെരഞ്ഞെടുപ്പിൽ 104 സീറ്റുകളാണ് ബി.ജെ.പി നേടിയത്. കൂടുതൽ സീറ്റുകൾ നേടിയതിനാൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിക്കാൻ ഗവർണർ അനുമതി നൽകി. ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ, സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ വന്നതോടെ രണ്ടു ദിവസത്തിനു ശേഷം രാജിവെക്കേണ്ടിവന്നു. 80 മണ്ഡലങ്ങളിൽ വിജയിച്ച കോൺഗ്രസ് 37 മണ്ഡലങ്ങളിൽ വിജയിച്ച ജെ.ഡി.എസുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ചു. എച്ച്.ഡി കുമാര സ്വാമി വീണ്ടും മുഖ്യമന്ത്രിയായി. എന്നാൽ, 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാരിൽ ഭിന്നതയുണ്ടായി. ഓപ്പറേഷൻ താമരയിലൂടെ 17 എം.എൽ.എമാർ കൂറുമാറി, സർക്കാരിനെ താഴെയിറക്കി. രാഷ്ട്രീയ ചതുരംഗത്തിൽ ബി.എസ് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. 2021-ൽ യെദ്യൂരപ്പയെ താഴെയിറക്കുകയും പിൻഗാമി ബസവരാജ ബൊമ്മെയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു.
2023 തെരഞ്ഞെടുപ്പ് യഥാർഥത്തിൽ സിദ്ധരാമയ്യയും മോദിയും തമ്മിലെ മത്സരമായാണ് മാറിയത്. ഇത്തവണത്തെ വിജയമാണ് കോൺഗ്രസ്സിന്റെ ആധികാരിക വിജയമെന്ന് പലരും വിശേഷിപ്പിക്കുന്നു. കാരണം, എതിർപാർട്ടിയിലെ പിളർപ്പ് മുതലെടുത്താണ് മുൻ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയം കൊയ്്തിരുന്നത്. ഉദാഹരണത്തിന്, 1989-ൽ ജനതാ പാർട്ടിക്കുള്ളിലെ ആശയക്കുഴപ്പം കോൺഗ്രസ് പാർട്ടിയെ അധികാരത്തിലെത്തിച്ചു. 1994-ൽ ജനതാ പാർട്ടി പിളർന്നു. 2013-ൽ ബി.ജെ.പി, കെ.ജെ.പി, ബി.എസ്.ആർ പാർട്ടികളായി ബി.ജെ.പി പിരിയുകയും കോൺഗ്രസ് വിജയിക്കുകയും ചെയ്തു. എന്നാൽ, ഇത്തവണ ബി.ജെ.പിയിൽ മുഖ്യമന്ത്രി മാറിയെങ്കിലും പാർട്ടി പിളർന്നിട്ടില്ല. ഭരണകക്ഷിക്കെതിരെ തരംഗം സൃഷ്ടിച്ച് തന്നെയാണ് കോൺഗ്രസ് ഇത്തവണ വിജയം നേടിയത്.
2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ കോൺഗ്രസ് തുടർച്ചയായി പരാജയം ഏറ്റുവാങ്ങുകയായിരുന്നു. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ഒരവസരവും കോൺഗ്രസ് നഷ്ടപ്പെടുത്തിയില്ല. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഉയർത്തിയ 40 ശതമാനം കമീഷൻ ആരോപണം കോൺഗ്രസ്സിന് അനുകൂലമായ വിധിയെഴുത്തിൽ വലിയ പങ്ക് വഹിച്ചു. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഒരുമയാണ് വിജയത്തിന്റെ മറ്റൊരു പ്രധാന ഘടകം.
ബി.ജെ.പിയുടെ മുസ്‌ലിംവിരുദ്ധ കാമ്പയിൻ മുസ്‌ലിം വോട്ടുകളെ കോൺഗ്രസ്സിലേക്ക് കൂടുതൽ ആകർഷിക്കാൻ നിമിത്തമായി. പോപുലർ ഫ്രണ്ടിന്റെ നിരോധനം നിമിത്തം എസ്.ഡി.പി.ഐ ഇത്തവണ കാര്യമായ പ്രവർത്തനം നടത്തിയിരുന്നില്ല. 85 ശതമാനം മുസ്‌ലിം വോട്ടുകൾ കോൺഗ്രസ്സിലേക്ക് മടങ്ങി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദലിത്- പിന്നാക്ക വിഭാഗങ്ങളും വൻ തോതിൽ കോൺഗ്രസ്സിന് വോട്ട് ചെയ്തു. ഈ വോട്ടുകൾ കോൺഗ്രസ്സിലേക്ക് തിരിച്ചു കൊണ്ടുവന്നതിൽ സിദ്ധരാമയ്യക്ക് വലിയ പങ്കുണ്ട്. ജെ.ഡി.എസിനെ മുസ്‌ലിം സമൂഹം പൂർണമായും കൈയൊഴിയുന്ന കാഴ്ചക്കും ഈ തെരഞ്ഞെടുപ്പ് സാക്ഷിയായി.
കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള മത്സരം എന്നതിനെക്കാളുപരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിദ്ധരാമയ്യയും തമ്മിലുള്ള മത്സരമായാണ് ഇരു പാർട്ടികളും ഇതിനെ ചിത്രീകരിച്ചത്. സിദ്ധരാമയ്യയെ പരാജയപ്പെടുത്താൻ ബി.ജെ.പി കിണഞ്ഞു ശ്രമിച്ചു. പ്രചാരണങ്ങളിലെ പ്രസംഗങ്ങളിലുടനീളം മോദിയെ സിദ്ധരാമയ്യയും ലക്ഷ്യമിട്ടിരുന്നു. ആർ.എസ്.എസ്സിനെ നേർക്കുനേർ ഉന്നംവെച്ച് പ്രസംഗിച്ച ഏക കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ തന്നെയായിരുന്നു.
തോറ്റു, പക്ഷേ ഇല്ലാതായിട്ടില്ല
കർണാടകയിൽ ബി.ജെ.പി തോറ്റു. പക്ഷേ, 'ഫാഷിസം' ഇല്ലാതായി എന്ന് അതിനർഥമില്ല. കണക്കുകൾ അത് അക്കമിട്ടു പറയുന്നുണ്ട്. 2018-ൽ 36.2 ശതമാനം വോട്ട് നേടിയ ബി.ജെ. പി ഈ തെരഞ്ഞെടുപ്പിൽ 36 ശതമാനം വോട്ട് നേടിയെന്നതിനർഥം അവരുടെ അടിസ്ഥാന വോട്ടുകൾ ഇപ്പോഴും അവരുടെ കൂടെ തന്നെയുണ്ട് എന്നാണ്. കോൺഗ്രസ്സിന്റെ വോട്ട് വിഹിതം 38-ൽ നിന്ന് 43 ശതമാനത്തിലേക്ക് എത്തിയത് ജെ.ഡി.എസിൽ നിന്നാണ്. മുഖ്യധാരാ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതു പോലെ അത് ലിംഗായത്ത് വോട്ടുകൾ കോൺഗ്രസ്സിലേക്ക് വന്നതു കൊണ്ടല്ല; ന്യൂനപക്ഷ-പിന്നാക്ക-ദലിത് വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന അഹിന്ദ വോട്ടുകൾ വൻ തോതിൽ വന്നതുകൊണ്ടാണ്. കോൺഗ്രസ്സിന് ലഭിച്ച 135 സീറ്റുകളിൽ 55 സീറ്റുകളിലും മുസ്്ലിം വോട്ടുകൾ വളരെ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 115 സീറ്റുകളിൽ ദലിത് വോട്ടുകളും നിർണായകമായി. ചെറിയ ശതമാനം ലിംഗായത്ത്, വൊക്കലിഗ വോട്ടുകൾ കോൺഗ്രസ്സിലേക്ക് വന്നിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്.
എല്ലാ തെരഞ്ഞെടുപ്പുകളിലും ഇതുപോലെ ലിംഗായത്ത്, വൊക്കലിഗ വോട്ടുകള്‍ക്ക് പ്രാമുഖ്യം കൽപിച്ചു ആ സമുദായങ്ങളുടെ വോട്ട് വിഹിതത്തെ വിജയത്തിന്റെ നിർണായക ശക്തിയായി ഉയര്‍ത്തിക്കാണിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമം നടത്താറുണ്ട്. ആ സമുദായങ്ങളില്‍ പെട്ട മുഖ്യമന്ത്രിയെ അധികാരത്തിലേറ്റാന്‍ അത്തരം ആഖ്യാനങ്ങള്‍ സഹായിക്കുന്നു. അഹിന്ദ വോട്ടുകള്‍ ഏകോപിപ്പിച്ച് സിദ്ധരാമയ്യയെന്ന പിന്നാക്ക ജാതിക്കാരന്‍ മുഖ്യമന്ത്രിയായ ചരിത്രഘട്ടം അതിന് ശക്തമായ മറു ആഖ്യാനം കൊണ്ടുവരികയാണ് ചെയ്തത്. മാധ്യമങ്ങളുടെ ആ ആഖ്യാനതന്ത്രം ഇത്തവണയും പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ് ഡി.കെ ശിവകുമാറിനെ നായകനാക്കിക്കൊണ്ടുള്ള വാര്‍ത്താ-വിശകലനങ്ങളുണ്ടാകുന്നത്. കോണ്‍ഗ്രസ്സിലേക്ക് വോട്ടുകള്‍ അടുപ്പിക്കുന്നതില്‍ പ്രധാന ചാലകശക്തിയായത് സിദ്ധരാമയ്യ തന്നെയാണ്.
ഗ്രാമപ്രദേശങ്ങളിലെ മോദി ഭക്തർ അല്ലാത്ത സാധാരണക്കാർ ഇത്തവണ കോൺഗ്രസ്സിന് വോട്ട് ചെയ്തിട്ടുണ്ട്. മോദിയുടെ ആഗോളതലത്തിലുള്ള ‘പെരുമ’ കാണിച്ചും സംവരണതോത് കൂട്ടിയും കുറച്ചും വോട്ട് നേടാമെന്ന് കരുതിയ ബി.ജെ.പിക്ക് തെറ്റി. കോവിഡ് സമയത്ത് വീട്ടിൽ അടച്ചിരുന്ന എം.എൽ.എമാർ എല്ലാവരും പരാജയം ഏറ്റുവാങ്ങി. 2018-ൽ ബി.ജെ.പി വിലയ്ക്ക് വാങ്ങിയ ജനപ്രതിനിധികളും തോൽവിയറിഞ്ഞു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾക്ക് സംവരണം മാത്രം വാഗ്ദാനം നൽകുന്ന സർക്കാരിനെക്കൊണ്ട് എന്തു കാര്യം? ആ വിടവിൽ പത്ത് കിലോ സൗജന്യ അരി, സ്ത്രീകൾക്ക് 2000 രൂപ വീതം ധനസഹായം, തൊഴിലില്ലാത്ത അഭ്യസ്തവിദ്യർക്ക് 3000 രൂപ വീതം, സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങൾ കൊണ്ട് കോൺഗ്രസ് നല്ല പ്രകടനം കാഴ്്ചവെച്ചു.
കർണാടകയുടെ രാഷ്ട്രീയപരിസരം കേരളവുമായി തട്ടിച്ചുനോക്കാനാവില്ല. കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ വന്നവർ ഇത്തവണ കാവിയണിഞ്ഞു വരും. തിരിച്ചും മറിച്ചും വരും. ആർ.എസ്.എസ്സുകാരനായിരുന്ന ബി.ജെ.പി മുഖ്യനായിരുന്ന ജഗദീഷ് ഷെട്ടാർ ഇത്തവണ കോൺഗ്രസ്സിനൊപ്പമാണ് മത്സരിച്ചതെന്ന് ഓർക്കുക. l
Comments