പാപങ്ങൾ പരസ്യപ്പെടുത്തരുത്
عَنْ أَبِي هُرَيْرَة رَضِيَ الله عَنْهُ قَالَ: سَمِعْتُ رَسُولَ الله صَلَّى اللهُ عَلَيْهِ وَسَلّمَ يَقُولُ : ” كُلُّ أُمَّتِي مُعَافًى إلَّا المُجَاهِرِينَ، وإنَّ مِنَ المُجَاهَرَةِ أنْ يَعْمَلَ الرَّجُلُ باللَّيْلِ عَمَلًا، ثُمَّ يُصْبِحَ وَقَدْ سَتَرَهُ اللَّهُ عَلَيْهِ، فَيَقُولَ: يا فُلانُ، عَمِلْتُ البارِحَةَ كَذا وكَذا، وقدْ باتَ يَسْتُرُهُ رَبُّهُ، ويُصْبِحُ يَكْشِفُ سِتْرَ اللَّهِ عنْهُ “ (البخاري)
അബൂഹുറയ്റ (റ)യിൽ നിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: ''എന്റെ സമുദായത്തിലെ സകലരും അല്ലാഹുവിന്റെ മാപ്പിനർഹരാണ്, പാപങ്ങൾ പരസ്യമാക്കുന്നവർ ഒഴികെ. ഒരാൾ രാത്രി ഒരു കർമം ചെയ്യുന്നു. അല്ലാഹു അത് മറച്ചു വെച്ചു. പ്രഭാതമായപ്പോൾ അവൻ പറഞ്ഞു: ''സുഹൃത്തേ, ഞാനിന്നലെ ഇന്നയിന്ന പാപങ്ങളെല്ലാം ചെയ്തു.''
അവന്റെ റബ്ബ് രാത്രിയത് മറച്ചു വെച്ചു. പകലായപ്പോൾ അവൻ സ്വയം അല്ലാഹു വെച്ച
ആ മറ നീക്കം ചെയ്തു" (ബുഖാരി).
ചെയ്ത തിന്മയെ പരസ്യമാക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ ഹദീസ്. എന്റെ സമൂഹത്തിലെ എല്ലാവരും മാപ്പിനും വിട്ടുവീഴ്ചക്കും അർഹരാണ് എന്ന് പ്രഖ്യാപിച്ച ഉടനെ إلَّا المُجاهِرِينَ (പാപങ്ങൾ പരസ്യമാക്കുന്നവർ ഒഴികെ) എന്ന് പറയുന്നു. പരസ്യമായി പാപങ്ങൾ പ്രവർത്തിക്കുകയും പിന്നീടത് ആളുകൾക്കിടയിൽ യാതൊരു ലജ്ജയുമില്ലാതെ പ്രചരിപ്പിക്കുകയും ചെയ്യുന്ന തെമ്മാടിക്കാണ് 'മുജാഹിർ' എന്ന് പറയുക. ഇത്തരക്കാർ മാപ്പിനർഹരല്ല.
പിന്നീട് ഒരാളെ ചൂണ്ടിക്കാണിക്കുന്നു: അയാൾ രാത്രി ഒരു തെറ്റ് ചെയ്തു. അല്ലാഹു അത് മറച്ചു വെച്ചു. പക്ഷേ, പ്രഭാതമായപ്പോഴേക്കും തന്റെ കൂട്ടുകാരോട് താൻ ചെയ്ത ആ പാപം അവൻ അഭിമാനത്തോടെയും ആവേശത്തോടെയും വിളിച്ചു പറയുന്നു. അധർമങ്ങൾ അവന് അലങ്കാരമാണ്. തിന്മകളിലാണ് അവൻ സായൂജ്യമടയുന്നത്. ഇത്തരം നിലപാടുള്ളവരെ അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്നില്ല എന്നാണ് ഹദീസിന്റെ കാതൽ.
അറിഞ്ഞോ അറിയാതെയോ തെറ്റിൽ വീണവർ അതിനെ സ്വകാര്യതയിൽ സൂക്ഷിക്കണം. ദുഃഖത്തോടെയും വ്യസനത്തോടെയും അല്ലാഹുവിനോട് മാപ്പിരക്കണം. പകരമത് പരസ്യപ്പെടുത്തി പ്രചരിപ്പിക്കുന്നത് അല്ലാഹുവിനോടുള്ള ധിക്കാരമാണ്.
തിന്മക്ക് പ്രചാരം നൽകുക എന്നത് അത് പ്രവർത്തിക്കുന്നതിന് തുല്യമാണ്. ആരെങ്കിലും ഇസ്്ലാമിൽ ചീത്ത ചര്യ പടർത്തിയാൽ പുനരുത്ഥാന ദിനം വരെ അതിന്റെയും അത് പകർത്തിയവരുടെയും ഭാരം വഹിക്കേണ്ടി വരുമെന്ന് നബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് (മുസ്്ലിം).
ഇബ്്നു ഹജരിൽ ഹൈതമി (റ) എഴുതി: "തെറ്റുകളെ പരസ്യമാക്കുന്ന പ്രവണതയെ കടുത്ത ഭാഷയിൽ അധിക്ഷേപിക്കുന്ന ഹദീസാണിത്. അത് മറച്ചുവെക്കുന്നവരെ വാഴ്ത്തുകയും ചെയ്യുന്നു. സ്വയം മറച്ചുവെക്കാൻ തീരുമാനിച്ചവരുടെ പാപങ്ങൾ മാത്രമേ അല്ലാഹു മറച്ചു വെക്കുകയുള്ളൂ.
തിന്മകളെ പരത്താൻ തീരുമാനിക്കുന്നവർ അല്ലാഹുവിനെ പ്രകോപിപ്പിക്കുന്നു. അതോടെ അല്ലാഹു ആ തെറ്റിന്റെ തിരശ്ശീല നീക്കുന്നു" (ഹാകിം).
സമൂഹത്തിൽ തെറ്റായ വിചാര വികാരങ്ങൾ പരക്കാനിടയാക്കുന്നവ പരസ്യപ്പെടുത്തരുത്.
കിടപ്പറ രഹസ്യങ്ങൾ അന്യരോട് പങ്ക് വെക്കുന്നതിനെ പ്രവാചകൻ ശക്തമായി വിലക്കിയത് അതുകൊണ്ടാണ്. ''തന്റെ പ്രിയതമയുമായി ഇഴുകിക്കഴിഞ്ഞ ശേഷം അവളുടെ രഹസ്യങ്ങൾ പുറത്ത് പറയുന്നവന്നാണ്, പുനരുത്ഥാന ദിനത്തിൽ അല്ലാഹുവിന്റെയടുക്കൽ ജനങ്ങളിൽ ഏറ്റവും നീച പദവിയുള്ളത്" (മുസ്‌ലിം).
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം: തിന്മകളെ നാവ് കൊണ്ട് പരസ്യപ്പെടുത്തുന്ന (المجاهرة) തിനെയാണ് അല്ലാഹുവിന്റെ റസൂൽ വിലക്കിയത്. പുതിയ കാലത്ത് ഇതിനെക്കാൾ അപകടകരമായ മുജാഹറത്തിന്റെ രൂപങ്ങളാണുള്ളത്. വിവിധ മാർഗങ്ങളും ശൈലികളും ഇതിനായി ഉപയോഗപ്പെടുത്തുന്നു.
ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ തിന്മയുടെ പ്രചാരണങ്ങൾ നടക്കുന്നു. വാട്സാപ്പ്, ഫേസ് ബുക്ക് തുടങ്ങിയ നവ സാമൂഹിക മാധ്യമങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തുന്നു. നാവ് കൊണ്ട് പറഞ്ഞുപരത്തുന്നതിനെക്കാൾ ഹൃദയങ്ങളിൽ ശക്തമായ സ്വാധീനമുണ്ടാക്കുന്നവയാണവ.
സമൂഹമനസ്സിനെ മലീമസമാക്കാനും കലഹങ്ങളും കുഴപ്പങ്ങളും പടർത്താനും നവ മാധ്യമങ്ങളിലൂടെ വേഗത്തിൽ സാധിക്കും. കാരണം, തിന്മകളെ ഒരേ സമയം കണ്ണ് കൊണ്ടും കാത് കൊണ്ടും ആസ്വദിപ്പിക്കാൻ ഇവക്കാവുന്നു.
നന്മയുടെയും ഭക്തിയുടെയും അടിത്തറകളിൽ പടുത്തുയർത്തിയ സമൂഹമുണ്ടാവണമെന്നാണ് വിശുദ്ധ ഖുർആൻ ആഗ്രഹിക്കുന്നത്. സമൂഹത്തിൽ അശ്ലീലം പ്രചരിക്കുന്നതില്‍ കൗതുകം കാട്ടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും നോവുറ്റ ശിക്ഷയുണ്ടെന്ന് അത് മുന്നറിയിപ്പ് നൽകുന്നു (24 :19).
വ്യക്തികൾ തങ്ങളിൽനിന്ന് സംഭവിച്ച അബദ്ധങ്ങൾ അന്യരിൽനിന്ന് മറച്ചുവെക്കുകയാണ് വേണ്ടത്.
ഇമാം ശാഫിഈ (റ) പാടി:
إِذا المَرءُ أَفشى سِرَّهُ بِلِسانِهِ
وَلامَ عَليهِ غَيرَهُ فَهُوَ أَحمَقُ
إِذا ضاقَ صَدرُ المَرءِ عَن سِرِّ نَفسِهِ
فَصَدرُ الَّذي يُستَودَعُ السِرَّ أَضيَقُ
(ഒരാൾ തന്റെ രഹസ്യത്തെ നാവ് കൊണ്ട് പരസ്യമാക്കുകയും പിന്നീട് മറ്റുള്ളവർ അതിന്റെ പേരിൽ അവനെ അധിക്ഷേപിക്കുകയും ചെയ്യുന്നുവെങ്കിൽ അവൻ വിഡ്ഢിയാണ്.
സ്വന്തം ഹൃദയത്തിൽ രഹസ്യങ്ങൾ സൂക്ഷിക്കാൻ ശേഷിയില്ലാത്തവൻ അറിയുക: നീ രഹസ്യങ്ങൾ ആരിലേക്കാണോ നിക്ഷേപിക്കുന്നത് അവൻ നിന്നെക്കാൾ ഇക്കാര്യത്തിൽ അശക്തനാണ്" (ദീവാൻ). l
Comments