ക്രിസ്ത്യൻ അനന്തരാവകാശവും മേരി റോയ് കേസിലെ വിധിയും
ക്രിസ്ത്യാനികൾക്ക് നിയമമില്ല എന്നാണ് സങ്കൽപം. മറ്റു മനുഷ്യരെല്ലാം ദൈവത്തിന്റെ അടിമകളായിരിക്കെ തങ്ങൾ ദൈവത്തിന്റെ പുത്രന്മാരാണെന്നാണ് അവരുടെ വാദം. ഖുർആനും അതെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട് (ഖുർആൻ 5:18). ദൈവപുത്രൻ തങ്ങളെ അടിമത്തത്തിൽനിന്ന് വിമോചിപ്പിച്ച് പുത്രത്വത്തിലേക്ക് ഉയർത്തി എന്നാണ് സങ്കൽപിക്കുന്നത്. പുത്രന് നിയമം ബാധകമല്ല, അടിമക്ക് നിയമം ബാധകമാണ്- ഇതാണ് അവരുടെ വിശ്വാസം.
എന്നാൽ ഈ സങ്കൽപം ഒരിക്കലും പ്രായോഗികമല്ലല്ലോ. അതിനാൽ, ഓരോ ദേശത്തിനും കാലത്തിനുമനുസരിച്ച് അതത് കാല-ദേശങ്ങളിൽ മനുഷ്യർ ഉണ്ടാക്കിയ നിയമങ്ങൾക്ക് അവർ വിധേയരായി. ദൈവം മോശയിലൂടെ നൽകിയ നിയമങ്ങൾ അനുധാവനം ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു. എങ്കിലും തങ്ങൾക്ക് അനുഗുണമാകുന്ന നിയമങ്ങൾ മോശയുടെ നിയമത്തിൽ നിന്ന് എടുക്കുകയും ചെയ്തു. പെൺമക്കൾക്ക് അനന്തരാവകാശ സ്വത്തിൽ പങ്കില്ല എന്നുള്ള നിയമം ക്രിസ്തുമതത്തിൽ പ്രാബല്യത്തിൽ വരുന്നത് അങ്ങനെയാണ്.
അതിനെതിരെ കേസ് വന്നപ്പോഴാണ് മേരി റോയിക്ക് അനുകൂലമായി വിധി വരികയും പെൺമക്കൾക്ക് പിതാവിന്റെ സ്വത്തിൽ അവകാശമുണ്ടെന്ന് സ്ഥാപിതമാവുകയും ചെയ്തത്. അതുവരെ സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ, പിതൃസ്വത്തിൽ സഹോദരന് അവകാശപ്പെട്ടതിന്റെ നാലിലൊന്ന് ഭാഗമോ, അയ്യായിരം രൂപയോ ഏതാണ് കുറവ് അത് മാത്രമായിരുന്നു സ്ത്രീയുടെ അവകാശം. 1916-ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെയാണ് മേരി റോയ് പോരാടിയത്. ആ നിയമം അസാധുവാണെന്ന് ഈ കേസിൽ 1986-ൽ സുപ്രീം കോടതി വിധിക്കുകയും ചെയ്തു. വിൽപത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമെന്ന വിധി അക്കാലത്ത് വലിയ പ്രകമ്പനം സൃഷ്ടിച്ചു.
മേരി റോയിക്ക് ഇന്ത്യൻ സുപ്രീം കോടതിയിൽ നിന്ന് ലഭിച്ച വിധിയിലൂടെ മാത്രമാണ്, ക്രിസ്ത്യൻ സ്ത്രീക്ക് പിതാവിന്റെ അനന്തരാവകാശം ലഭിച്ചത്; അതും ഇന്ത്യയിലെ ക്രിസ്ത്യൻ സ്ത്രീകൾക്കു മാത്രം.
മേരി റോയിയുടെ കേസ് വിജയത്തിലേക്ക് എത്തുന്നു എന്നറിഞ്ഞപ്പോൾ ഒരു ബിഷപ്പ് മേരി റോയിയോട് തന്നെ പറഞ്ഞത് ഇപ്രകാരമാണ് : ''നീ അങ്ങനെ ചെയ്യരുത്. നീ ഈ സമുദായത്തെ തന്നെ നിരാശയിലാഴ്ത്തുകയാണ് ചെയ്യുന്നത്.''
ഇസ്്ലാമിലെ ത്വലാഖിന്റെ വിശദാംശങ്ങൾ നന്നായറിഞ്ഞ ഒരു ക്രൈസ്തവ പുരോഹിതൻ, ഇതാണ് ഇസ്്ലാമിലെ ത്വലാഖ് എങ്കിൽ ഇതുതന്നെയാണ് ഞങ്ങൾ അച്ചന്മാർ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ത്വലാഖിന്റെ മൂന്നു ഘട്ടങ്ങളെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പറയുകയുണ്ടായി. ഇസ്്ലാം മുന്നോട്ടുവെക്കുന്ന അനന്തരാവകാശ നിയമങ്ങൾ പിന്തുടർന്നാൽ മാത്രമേ നീതിയുക്തമായ അനന്തരാവകാശ വിതരണം സാധ്യമാകൂ എന്ന് റോബർട്ട് ഡിക്സൺ ക്രേനിനെ പോലുള്ള സാമൂഹികശാസ്ത്ര വിശാരദന്മാർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. l
Comments