Prabodhanm Weekly

Pages

Search

2023 മെയ് 05

3300

1444 ശവ്വാൽ 14

അനന്തരാവകാശത്തിലെ കണക്കും യുക്തിരഹിത വാദങ്ങളും

ഇ.എൻ അബ്ദുൽ ഗഫ്ഫാർ

ഖുർആനിലെ കണക്കിൽ തെറ്റുണ്ടെന്ന് ആരോപിക്കാൻ അനന്തരാവകാശ നിയമത്തിലെ ചില കണക്കുകൾ നിരീശ്വര വാദികളും ലിബറലുകളും ഉന്നയിക്കാറുണ്ട്.  ഈ ആരോപണത്തിലെ യുക്തിരാഹിത്യവും  ഖുർആനിലെ പദപ്രയോഗങ്ങളുടെ സൂക്ഷ്മതയും വിശകലനം ചെയ്യുകയാണ് ഈ ലേഖനം.
നിരീശ്വര വാദികൾ ഉന്നയിക്കാറുള്ള ഒരു കണക്ക് പരിശോധിക്കാം: അനന്തരസ്വത്തായി 120 രൂപ ബാക്കിയാക്കി ഒരാൾ മരിച്ചു, അദ്ദേഹത്തിന് മൂന്ന് പെൺമക്കളും മാതാപിതാക്കളും ഭാര്യയുമുണ്ട്. ഇവിടെ പെൺമക്കൾക്ക് 2/3 (80) രൂപയും മാതാവിനും പിതാവിനും 1/6+1/6 (20+20=40) രൂപയും നൽകിയാൽ (120) രൂപ തീർന്നു. ഇനി ഭാര്യക്ക് നൽകാൻ1/8 അഥവാ 15 രൂപ കടം വാങ്ങേണ്ടി വരും. ഖുർആനിൽ പറയാത്ത കണക്കാണിതെങ്കിലും, ചിലരെ ഇത്തരം ചോദ്യങ്ങൾ സംശയത്തിലാക്കിയിട്ടുണ്ട്. 
ദായധന വിഭജനത്തിന് ഖുർആൻ സൂചന നൽകുന്ന ചില അടിസ്ഥാനങ്ങളുണ്ട്. സ്വത്തിൽ ഭാഗികമായാണ് വിഹിതം നൽകേണ്ടത്, ഉളളതാണ് വീതിക്കേണ്ടത്, വിഹിതത്തിൽ കുറവും കൂടുതലും സംഭവിക്കാം, കുറവിലും വിഹിതക്കണക്ക് പാലിക്കണം… ഇത്തരം അടിസ്ഥാനങ്ങളും, പ്രൈമറി ക്ലാസ്സിൽ പഠിക്കുന്നത് മാത്രമല്ല ഭിന്ന സംഖ്യാ കണക്ക് എന്നതും  പരിഗണിച്ചാൽ 71+18+18+13=120 എന്ന ഓഹരി വിഭജനത്തിൽ ലളിതമായി എത്തിച്ചേരാം. അജ്ഞതയും മറച്ചു വെക്കലും പരിഹാസോക്തിയും നിരീശ്വര വാദികളെ അതിൽനിന്ന് തടയുന്നു. 
ലളിതമായ ഒരു ഉദാഹരണം പറയാം: മൂന്ന് കുട്ടികൾ വല്യുപ്പയെ സന്ദർശിച്ചു. തിരികെ വരുന്ന സമയത്ത് വല്യുപ്പ മുതിർന്ന കുട്ടിയുടെ കൈയിൽ 100 രൂപ കൊടുത്തു. ഇതുപയോഗിച്ച് വല്ലതും വാങ്ങി കഴിക്കാം, ബാക്കി വരുന്നതിന്റെ പകുതി നിനക്കും കാൽ ഭാഗം വീതം ചെറിയ രണ്ട് കുട്ടികൾക്കും എടുക്കാം എന്ന് പറഞ്ഞു. 20 രൂപക്ക് പലഹാരവും മറ്റും വാങ്ങിക്കഴിച്ചു. ശേഷം ബാക്കി വരുന്ന 80 എങ്ങനെ വീതിക്കണം? മേൽ പറഞ്ഞ നിരീശ്വര വാദി പറയുന്നു: 100-ന്റെ പകുതി 50 മുതിർന്ന കുട്ടിക്ക്, മറ്റു രണ്ട് പേർക്കും കാൽ വീതം കൊടുക്കാൻ 25+25=50 വേണം. പക്ഷേ, ഇത് 80 മാത്രമേ ഉള്ളൂ. വല്യുപ്പ കുട്ടികളെ പറ്റിച്ചതാണ്. അല്ലെങ്കിൽ വല്യുപ്പാക്ക് കണക്കറിയില്ല. ഇതല്ലല്ലോ വല്യുപ്പ പറഞ്ഞത്, ബാക്കി വരുന്നത് വീതിക്കാനല്ലേ? അതിനാൽ, 40+20+20=80 ആണ് കണക്ക് എന്ന് ആരെങ്കിലും പറയഞ്ഞാൽ നിരീശ്വര വാദി പറയുന്നു, അത് മദ്റസയിൽ പഠിച്ചതിന്റെ കുഴപ്പമാണെന്ന്!
അനന്തരാവകാശ നിയമത്തിലെ ഇവിടെ ഉന്നയിക്കപ്പെട്ടതു പോലുള്ള അവസരങ്ങളിൽ സ്വത്ത് വിഹിതം നിർണയിക്കാനുള്ള കർമശാസ്ത്ര രീതിക്ക് ഔൽ എന്നാണ് പറയുക. വ്യക്തമായ ഭിന്നസംഖ്യാ കണക്കുകളാണത്. ഖലീഫാ ഉമറിന്റെ കാലം മുതൽ സംശയങ്ങൾക്ക് വകുപ്പില്ലാതെ ഔലനുസരിച്ച് അറിവുള്ളവർ അനന്തരസ്വത്ത് വീതിക്കുന്നു. ഔലിന്റെ അടിസ്ഥാനങ്ങൾ അറിയാതെ, ഖുർആൻ പറയുന്ന അനന്തരാവകാശ നിയമത്തിലെ അടിസ്ഥാനങ്ങൾ മറച്ചുവെച്ച്, ഖുർആനിലെ പദങ്ങൾക്ക് തെറ്റായ അർഥം പറഞ്ഞ്, ഏത് ക്രിയയും പ്രൈമറി ക്ലാസ്സിലെ  കണക്കുപയോഗിച്ച് മാത്രം പരിഹരിക്കണമെന്ന് വാശിപിടിച്ച്, ദുർവ്യാഖ്യാനങ്ങളിലൂടെ സംശയം ജനിപ്പിക്കാനുള്ള ശ്രമമാണ് നിരീശ്വര വാദികൾ നടത്തുന്നത്. ഇത് വ്യക്തമാകാൻ കണക്കും വ്യാകരണവും ഭാഷാ ശാസ്ത്രവും ഫിഖ്ഹും ഖുർആനിലെ പ്രയോഗങ്ങളും അൽപം വിശകലനം ചെയ്യുകയാണ് താഴെ: 

ഖുർആനിൽ പറയാത്ത കണക്ക് 
സൂറത്തുന്നിസാഇലെ 11, 12, 176 എന്നീ മൂന്ന് ആയത്തുകളിലാണ് അനന്തരാവകാശ സ്വത്തിന്റെ വിഹിതങ്ങൾ പറയുന്നത്. വിവിധ അവകാശികൾ ഒരുമിച്ച് വരുമ്പോൾ സ്വത്ത് വിഹിതം വെക്കുന്നത് പറയുന്ന കണക്കുകളും അതിലുണ്ട്. പക്ഷേ, അതിലെവിടെയും നിരീശ്വര വാദികൾ പറയുന്ന ഈ കണക്കില്ല; അഥവാ മൂന്ന് പെൺമക്കളും മാതാപിതാക്കളും ഭാര്യയും അനന്തരാവകാശികളായി വരുമ്പോൾ, മൊത്തം സ്വത്തിന്റെ ഇത്ര ഭാഗം വീതം ഓരോരുത്തർക്ക് നൽകാൻ പറയുന്ന ആയത്ത് സൂറത്തുന്നിസാഇലോ ഖുർആനിലോ ഇല്ല. അതുകൊണ്ട്, ഖുർആനിൽ കണക്കിൽ തെറ്റുണ്ടെന്ന് തെളിയിക്കാൻ നിരീശ്വര വാദികൾ വേറെ കണക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു, ഈ ഇല്ലാ കണക്ക് ഒട്ടുമേ മതിയാകില്ല. 

അനന്തരാവകാശത്തിലെ ഭിന്നസംഖ്യകൾ
വ്യക്തമായ ഏഴ് ഭിന്ന സംഖ്യകളാണ് അനന്തരാവകാശ സ്വത്തിന്റെ വിഹിതങ്ങൾ നിർണയിക്കാൻ സൂറത്തുന്നിസാഇലെ ആയത്തുകൾ പറയുന്നത്. 1/1, 1/2, 1/4, 1/8, 2/3, 1/3, 1/6 എന്നിവയാണ് ആ ഭിന്നസംഖ്യകൾ. 
ഇവക്കിടയിൽ വ്യക്തമായ ഒരു ക്രമമുണ്ട്. 1/1, 1/2, 1/4, 1/8 എന്നീ ഭിന്നസംഖ്യകളിൽ ഓരോന്നും അതിന് മുമ്പിലുള്ള സംഖ്യയുടെ പകുതിയാണ്.
അപ്രകാരം തന്നെ 2/3, 1/3, 1/6 എന്നീ ഭിന്നസംഖ്യകളിലും ഓരോന്നും മുമ്പിലുള്ളതിന്റെ പകുതിയാണ്.
മേൽ പറഞ്ഞ ഭിന്നസംഖ്യകൾക്കിടയിൽ വിശദമായ അനേകം ഭിന്നസംഖ്യകൾ വേറെയും ഉണ്ട്. ഓരോ അനന്തരാവകാശിക്കും യഥാർഥത്തിൽ കിട്ടിയ സ്വത്ത് എത്ര എന്ന് കണക്കാക്കിയാൽ പലപ്പോഴും അത്തരം ഒരു ഭിന്നസംഖ്യയാകും ലഭിക്കുക. 

ഖുർആനിലെ നിയമ നിർദേശങ്ങളും ഔലും
നിയമ നിർദേശങ്ങളുടെ അടിസ്ഥാനങ്ങളാണ് ഖുർആൻ അവതരിപ്പിക്കുന്നത്. അതിനാൽ, മൂന്ന് പെൺമക്കളും മാതാപിതാക്കളും ഭാര്യയും അനന്തരാവകാശികളായി വരുമ്പോൾ ഓരോരുത്തർക്കും ലഭിക്കേണ്ട വിഹിതം എത്രയാണെന്ന് ഖുർആനിൽ നേരിട്ടും വ്യക്തമായും വിശദമായും പറഞ്ഞിട്ടില്ല. അതിന് പകരമായി, ഖുർആനിലും ഹദീസിലും വ്യക്തമായും വിശദമായും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളിൽ വിധി കണ്ടെത്താൻ ഇസ്്ലാമിക കർമശാസ്ത്രം വ്യക്തവും നിർണിതവുമായ മാർഗം പഠിപ്പിക്കുകയാണ് ചെയ്യുന്നത്. 
ഖുർആനിലെ സൂചനകളും അടിസ്ഥാന നിർദേശങ്ങളും പ്രവാചക ചര്യയും കൂടിയാലോചനയും ജ്ഞാനികളുടെ ഏകാഭിപ്രായവും താരതമ്യ പഠനവും മറ്റു തെളിവുകളും പഠനവിധേയമാക്കിയാണ് നിയമങ്ങളുടെയും വിധികളുടെയും വിശദാംശങ്ങൾ കണ്ടെത്തുന്നത്. സൂക്ഷ്്മമായ തെളിവുകളെക്കുറിച്ച് വ്യക്തമായ അറിവുള്ളവർക്കാണ് അവ കണ്ടെത്താനാവുക. 
സാങ്കേതികമായി  മുജ്തഹിദുകളുടെ ഇജ്തിഹാദും ഖിയാസും, അതുവഴി ഉണ്ടായി വരുന്ന ഇജ്മാഉം മറ്റു തെളിവുകളുമാണ് ആ ജ്ഞാന മാർഗം. അങ്ങനെ വിധി പറയപ്പെട്ട ഒരു വിഷയമാണ് ഔൽ. ഈ നിയമം ലളിതമാണെങ്കിലും അതിന്റെ അടിസ്ഥാനങ്ങൾ മനസ്സിലാക്കാൻ അൽപം വിശദീകരണം ആവശ്യമാണ്. 

ഔലും അനന്തരാവകാശ നിയമവും 
മൂന്ന് ആയത്തുകളിലായി വിവിധ ഗ്രൂപ്പുകളായാണ് ഖുർആൻ അനന്തരാവകാശികളുടെ വിഹിതങ്ങൾ പറഞ്ഞിരിക്കുന്നത്. ഈ വിവിധ ഗ്രൂപ്പുകളിൽ പെട്ട ചില അനന്തരാവകാശികൾ ഒരുമിച്ചുവരുന്നത് കാരണമായി, കണക്ക് കൂട്ടലിന്റെ ഒരു ഘട്ടത്തിൽ, കണക്ക് കൂട്ടൽ പൂർത്തിയാകുന്നതിന് മുമ്പ് ഭിന്ന സംഖ്യയുടെ ഛേദം അംശത്തെക്കാൾ കൂടുതലായേക്കാം.  തുലാസിന്റെ രണ്ട് ഭാഗവും സമമാകാത്ത അവസ്ഥക്കാണ് عَالَ الْمِيزَان എന്ന് പറയുക. ഖുർആൻ പറഞ്ഞ പ്രകാരം നീതിപൂർവകമായി അനന്തരസ്വത്ത് വീതിക്കുന്നത് പൂർത്തിയാക്കാൻ അംശവും ഛേദവും സമമാക്കേണ്ടതുണ്ട്. അംശമായി വരുന്ന സംഖ്യ തന്നെ ഛേദമാക്കി മാറ്റി ദായധനം വീതിക്കാനുള്ള  കർമശാസ്ത്ര രീതിയാണ് ഔൽ.
ഔൽ എന്ന പദത്തിന്റെ പല രൂപങ്ങൾ ഖുർആനിലുണ്ട്. അനന്തരാവകാശ നിയമം പഠിപ്പിക്കുന്ന സൂറതുന്നിസാഇലെ മൂന്നാമത്തെ ആയത്ത് പറയുന്നു: ذَلِكَ أَدْنَى أَلاّ  تَعُولُوا  (നിങ്ങൾ അനീതി ചെയ്യാതിരിക്കാൻ ഏറ്റവും നല്ലത് അതാണ്). അനീതി ചെയ്യാതിരിക്കുക എന്നാണ് ഇവിടെ لَا تَعُولُواْ എന്നതിന്റെ അർഥം. ദാരിദ്ര്യം, കുറവ്, ആവശ്യം തുടങ്ങിയ അർഥങ്ങളും ഔൽ എന്ന പദത്തിനുണ്ട്. സൂറത്തുദ്ദുഹായിൽ وَوَجَدَكَ عَائِلًا فَأَغْنَىٰ (നിന്നെ ദരിദ്രനായി കണ്ടപ്പോള്‍ അവന്‍ നിന്നെ സമ്പന്നനാക്കിയില്ലേ?) എന്ന ചോദ്യത്തിൽ ഈ അർഥമാണുള്ളത്.
അഥവാ, വിവിധ ഗ്രൂപ്പുകളിൽ പെട്ട അനന്തരാവകാശികൾ ഒരുമിച്ചു വരുമ്പോൾ ഉണ്ടാകുന്ന കുറവും ദാരിദ്ര്യവും പരിഹരിക്കാൻ ഖുർആൻ സൂചിപ്പിക്കുന്ന നീതിപൂർവകമായ ഭിന്നസംഖ്യാ കണക്കിലെ മാർഗമാണ് ഔൽ. ഔൽ നിയമം അനുസരിച്ച് അനന്തരസ്വത്ത് വിഭജിക്കേണ്ട സന്ദർഭം ആദ്യമായി വന്നത് ഖലീഫാ ഉമറിന്റെ  കാലത്താണ്, നബിയുടെയോ ആദ്യ ഖലീഫയുടെയോ കാലത്ത് അങ്ങനെ ഒരു വിഷയം ഉയർന്നുവന്നില്ല. അങ്ങനെ വന്ന ആദ്യസന്ദർഭത്തിൽ തന്നെ സ്വഹാബിമാർ കൂടിയാലോചിച്ച് നടപ്പാക്കിയതാണ് ഔൽ. പ്രമുഖ ഫഖീഹ് കൂടിയായ സൈദുബ്്നു സാബിത് മുന്നോട്ടുവെച്ച, അബ്ബാസുബ്്നു അബ്ദിൽ മുത്ത്വലിബും അലിയും പിന്താങ്ങിയ,  ഫുഖഹാക്കൾ പിന്തുടർന്നു വരുന്ന നിയമമാണ് ഔൽ. ഇത് ഖുർആനിൽ പറഞ്ഞ അനന്തരാവകാശ നിയമത്തിലെ അടിസ്ഥാനങ്ങളും വിഹിതങ്ങളും പാലിക്കുന്നു.
ഭർത്താവും രണ്ട് സഹോദരിമാരും ചേർന്നുവന്നതാണ് ഔലിൽ ആദ്യമായി ഉയർന്നുവന്ന കണക്ക്.  ഈ കണക്ക് ഖുർആൻ നേരിട്ട് പറഞ്ഞിട്ടില്ല. ഏത് വിഷയത്തിലും തീർപ്പ് കൽപിക്കാൻ സ്വീകരിക്കേണ്ട നാല് അടിസ്ഥാനങ്ങൾ സൂറത്തുന്നിസാഇൽ 59-ാം ആയത്ത് പറയുന്നുണ്ട്: ''അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിക്കുക, ദൂതനെയും അനുസരിക്കുക, നിങ്ങളിലെ കൈകാര്യ കർത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില്‍ തമ്മില്‍ തർക്കമുണ്ടായാല്‍ അതിനെ അല്ലാഹുവിങ്കലേക്കും ദൂതനിലേക്കും മടക്കുക; നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും യഥാർഥത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇതാണ് ഏറ്റവും ശരിയായ മാർഗം.'' അനന്തര ഫലം പരിഗണിക്കുമ്പോഴും ഇതുതന്നെയാണ് ഏറ്റം നല്ലത്. ഖലീഫമാരുടെയും മുജ്തഹിദുകളുടെയും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിധിതീർപ്പുകളെ അംഗീകരിക്കുന്നത് കൈകാര്യ കർത്താക്കളെ അനുസരിക്കലാണ്. അല്ലാഹുവിങ്കലേക്കും ദൂതനിലേക്കും മടക്കുവിന്‍ എന്ന് പറയുന്നത്, ഖുർആനും ഹദീസും നേരിട്ട് വിധി പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളിൽ,  ഖുർആനിലും ഹദീസിലും പറഞ്ഞിട്ടുള്ള സൂക്ഷ്മമായ തെളിവുകളുടെയും തത്ത്വങ്ങളുടെയും അടിസ്ഥാനത്തിൽ വിധി കണ്ടെത്തലാണ്. ആഴത്തിലുള്ള അറിവ് ഇതിന് ആവശ്യമാണ്. 
ഭർത്താവിനും സഹോദരിമാർക്കും ഉള്ള വിഹിതം മറ്റുള്ളവരുടെ കൂടെ പറയപ്പെട്ടിട്ടുണ്ട്. പക്ഷേ, അവ ചേർത്തുവെച്ച് ഭിന്നസംഖ്യാ കണക്കിലൂടെ ക്രിയ ചെയ്യുമ്പോൾ ( 3/6+ 4/6= 7/6 ) എന്ന് വരുന്നു; അഥവാ, അംശം (7) ഛേദം (6). ഉള്ളതാണ് വീതിക്കേണ്ടത് എന്ന തത്ത്വം പാലിക്കാൻ ഇവിടെ അംശവും ഛേദവും തുല്യമാക്കേണ്ടതുണ്ട്. അതിന് പല രീതികൾ സ്വീകരിക്കാം. അത് ഏതെന്ന് അനന്തരാവകാശ വിഷയത്തിലെ ആയത്തുകൾ പറയുന്ന അടിസ്ഥാനങ്ങളിൽനിന്ന് മനസ്സിലാക്കാം. ഖുർആൻ പല വാക്കുകളിലൂടെ സൂചിപ്പിച്ച അടിസ്ഥാനങ്ങൾ പ്രയോഗവൽക്കരിക്കുകയാണ് ഔൽ നിയമം.
വിഹിതങ്ങളുടെ കണക്കു കൂട്ടലുകൾ നടത്തുമ്പോൾ 2,3,4,8 എന്നീ ഛേദങ്ങളിൽ ഔൽ വരില്ല. 6, 12, 24 എന്നീ മൂന്ന് ഛേദങ്ങളിലാണ് ചില സന്ദർഭങ്ങളിൽ ഔൽ വരിക. ഇവയിൽ 24 മാറുന്നത് 27-ലേക്ക് മാത്രമാണ്. 6 മാറി 7, 8, 9, 10 എന്നിവയാകാം. 12 മാറി 13, 15, 17 എന്നിവയുമാകാം. 

ഔലും ഖുർആനിലെ സൂചനകളും
ഔലും അനന്തരാവകാശ നിയമവുമായി ബന്ധപ്പെട്ട ആയത്തുകളിൽ ചില അടിസ്ഥാന സൂചനകളുണ്ട്: 
1. അനന്തരാവകാശ നിയമസംബന്ധിയായ ഖുർആനിലെ പല പ്രയോഗങ്ങളും അടിസ്ഥാനപരമാണ്. അവയിൽ പല ചോദ്യങ്ങൾക്കും മറുപടിയുണ്ട്. സൂറത്തുന്നിസാഇലെ ആദ്യഭാഗം, സമ്പത്ത് അവകാശപ്പെട്ടവർക്ക് 'നൽകാൻ' (آتوا) പറയുന്നതാണ്. ശേഷം അനന്തരാവകാശ നിയമങ്ങൾ പ്രത്യേകമായി പറഞ്ഞുതുടങ്ങുന്നത് 7-ാമത്തെ ആയത്തിലാണ്. ഈ സൂറത്തിലും 7-ാമത്തെ ആയത്തിലും പറഞ്ഞ സൂചനകളും അടിസ്ഥാനങ്ങളും അനന്തരസ്വത്ത് വിഹിതം വെക്കുന്നതിൽ ഉടനീളം പാലിക്കേണ്ടതുണ്ട്. 
2.  لِّلرِّجَالِ نَصيِبٌ مِّمَّا تَرَكَ..وَلِلنِّسَاء نَصِيبٌ مِّمَّا تَرَكَ (അനന്തരസ്വത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും നിർണിത വിഹിതമുണ്ട്). അല്ലാഹു നിശ്ചയിച്ച വിഹിതങ്ങൾ മാറ്റാൻ ജാഹിലിയ്യാ കാലത്തെ സ്ത്രീ/പുരുഷ, ശക്തർ/ ദുർബലർ വാദമോ മറ്റു ന്യായവാദങ്ങളോ കൊണ്ടുവരരുത്. نَصيِبٌ അഥവാ 'വിഹിതം പാലിക്കുക' എന്നത് അടിസ്ഥാനപരമായ കാര്യമാണ്. نَصِيبًا  مَّفْرُوضًا എന്നു പറഞ്ഞാണ്  7-ാം ആയത്ത് അവസാനിക്കുന്നത്. അനന്തരസ്വത്ത് വിഭജനത്തിൽ 'വിഹിതം' പാലിക്കണമെന്നത് ഫർദാണ്. വിഭജനത്തിനിടയിൽ ഒരാൾക്ക് അവകാശപ്പെട്ട വിഹിതം എടുത്ത് മറ്റൊരാൾക്ക് നൽകാൻ പാടില്ല. നിശ്ചിത 'വിഹിതം' അർഹിക്കുന്ന ഒരാളുടേത് മൊത്തം ദായധനത്തിൽനിന്ന് ആദ്യം മാറ്റിവെക്കുന്നത് മറ്റുള്ളവരുടെ വിഹിതം കുറയാൻ കാരണമാകും.  
3. അനന്തരാവകാശ വിഭജനത്തിൽ ആവർത്തിച്ച് ഉപയോഗിച്ച രണ്ട് പദങ്ങളാണ് مِمَّا تَرَكَ ,مَا تَرَكَ എന്നിവ. ഉപേക്ഷിച്ചത് എന്ന് ഇവക്ക് മൊത്തമായി അർഥം പറയാം. 
مِمَّا تَرَكَ-യിൽ مِمَّا എന്നത് من + ما എന്നീ രണ്ട് പദങ്ങൾ ചേർന്നതാണ്. 7-ാമത്തെ ആയത്തിൽ ദായധനം കൈകാര്യം ചെയ്യുന്ന വിഷയം പറഞ്ഞുതുടങ്ങുന്നത് مِمَّا تَرَكَ പറഞ്ഞുകൊണ്ടാണ്. ഈ ആയത്തിൽ രണ്ട് തവണ مِمَّا تَرَكَ ആവർത്തിക്കുന്നു. അധിക സ്ഥലങ്ങളിലും مِمَّا تَرَكَ-യാണ് ഉപയോഗിച്ചിരിക്കുന്നത്. വിഹിതങ്ങൾ പറയുന്ന 11, 12, 176 എന്നീ മൂന്ന് ആയത്തുകളിലും مَا تَرَكَ ഓരോ തവണ വന്നിട്ടുണ്ട്. 
ഔൽ നിയമവും ഖുർആനുമായുള്ള ബന്ധം മനസ്സിലാകാൻ مَا تَرَكَ ,مِمَّا تَرَكَ എന്നീ വാക്കുകളുടെ ആശയങ്ങൾ സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്, വേർതിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. 
എ.  مَا تَرَكَ-യുടെ ഒരു ആശയം 'ഉപേക്ഷിച്ച ഒന്ന്' എന്നതാണ്. മരണസമയത്ത് ഒരാളുടെ ഉടമസ്ഥതയിലുള്ള സമ്പത്തെല്ലാം ഈ 1-ൽ പെടും. 'വിഹിതം' നിർണയിച്ചതും അല്ലാത്തതുമായ അവകാശികൾക്ക് നൽകുന്ന എല്ലാം കൂട്ടിച്ചേർത്താൽ അവസാനം ഈ '1' എന്ന ഉത്തരം ലഭിക്കണം. ഈ ഒന്ന് പല രൂപത്തിൽ ഭാഗിക്കാം;  ഒരു ഭാഗം കുറക്കാം, മറ്റൊരു ഭാഗം വിഹിതം വെച്ച് ഭിന്നസംഖ്യകളാക്കാം. എങ്ങനെ ഭാഗിച്ചാലും അവസാനം ചേർത്ത് ഒന്ന് ആക്കിയില്ലെങ്കിൽ പുറമെ നിന്ന് കൂട്ടേണ്ടി വരും. അത് പാടില്ല, വിഭജിക്കേണ്ടത് 'ഉപേക്ഷിച്ച ഒന്ന്' മാത്രമാണെന്ന് ഖുർആൻ പഠിപ്പിക്കുന്നു. എളുപ്പം മനസ്സിലാവുന്ന ഇക്കാര്യം ഖുർആൻ അന്നിസാഅ്  അധ്യായത്തിൽ തന്നെ അനന്തരാവകാശ വിഭജനത്തിന്റെ അടിസ്ഥാനമായി പറഞ്ഞിരിക്കുന്നു.   ഗണിതശാസ്ത്രത്തിലെ മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, വീതിച്ച് നൽകിയ എല്ലാ വിഹിതങ്ങളും കൂട്ടിയാൽ 100% എന്ന ഉത്തരം കിട്ടണം, അതിനുള്ള ഗണിതശാസ്ത്ര രീതികൾ ഉപയോഗിക്കണം. ഇത് അനന്തരാവകാശ നിയമത്തിലെ അടിസ്ഥാനമാണ്. ഈ അടിസ്ഥാനത്തിന്റെ ഭാഗമായി ഗണിതശാസ്ത്രം ഉപയോഗിച്ചുള്ള കൂട്ടിക്കിഴിക്കലിന്റെ ഒരു ഘട്ടത്തിൽ '100%-ന്' മുകളിൽ പോയാൽ അവകാശങ്ങളെല്ലാം പാലിച്ച് '100%-ലേക്ക്' തിരികെ കൊണ്ടുവരണം. എങ്കിലേ ഖുർആൻ പറഞ്ഞ അനന്തരാവകാശ നിയമം നടപ്പാക്കാനാകൂ. ഇത് പാലിക്കാനുള്ള ഒരു ഗണിതരീതിയാണ് ഔൽ. ഭിന്നസംഖ്യകൾ കൂട്ടിക്കിഴിക്കുന്ന കണക്കിലെ രീതിയുടെ വിശദാംശങ്ങൾ ഉപയോഗിച്ച് സ്വഹാബിമാരും ഫുഖഹാക്കളും ഈ ഖുർആനിക നിയമം പാലിച്ചു.
ബി. ഉപേക്ഷിച്ചത് എന്ന അർഥമുള്ള مَا تَرَكَയുടെ മറ്റൊരു ആശയം, മരണം സംഭവിച്ചതോടെ ഉപേക്ഷിച്ചത് എന്നതാണ്. മരണവും മരണത്തോടെ സംഭവിക്കുന്ന ഉപേക്ഷിക്കലും കൈമാറ്റവുമാണ് ഈ ആശയത്തിൽ പ്രധാനം. മരണത്തോടെ മാത്രം സംഭവിക്കേണ്ടുന്ന ഈ ഉപേക്ഷിക്കലും ഉടമസ്ഥാവകാശ കൈമാറ്റവുമാണ് അന്നിസാഅ് 11, 12, 176 ആയത്തുകളിൽ പെൺമക്കൾ, ഭർത്താവ്, 'കലാല'സഹോദരി എന്നിവരുടെ അവകാശങ്ങളെക്കുറിച്ച് പറഞ്ഞ  مَا تَرَكَ സൂചിപ്പിക്കുന്നത്.
മരിച്ചയാൾ ഉപേക്ഷിച്ചത് എന്ന ഈ അർഥം തഫ്്സീറുകൾ വ്യക്തമാക്കുന്നുണ്ട്. ജലാലൈനി, ദുററുൽ മൻസൂർ എന്നിവ ما ترك الميت എന്ന് വിശദീകരിച്ചത് കാണാം. തഫ്്സീർ അബീ സഈദിൽ  ما ترك أي: المتوفى എന്ന് പറയുന്നു. തഫ്്സീറുൽ കശ്ശാഫ്   والضميرفي ترك للميت എന്ന് വ്യക്തമാക്കുന്നു. 
ഭാഷാപരമായി,  ഉപേക്ഷിക്കപ്പെട്ട മൊത്തം ധനം എന്ന അർഥവും مَا تَرَكَ  എന്ന പദത്തിന് ഉണ്ടെങ്കിലും മേൽ പറഞ്ഞ മൂന്ന് ഇടങ്ങളിൽ ഈ അർഥം പറയുന്നത് മേൽ പറഞ്ഞ തഫ്്സീറുകൾക്കും അനന്തരാവകാശ നിയമത്തിനും എതിരാണ്. കാരണം, പല കാരണങ്ങളാൽ ദായധനത്തിൽ കുറവ് വിഹിതം കണക്കാക്കുന്നതിന് മുമ്പ് തന്നെ കുറവ് വരുന്നുണ്ട്, വിഹിതങ്ങളുടെ ആധിക്യം കാരണമായും കുറവ് വരുന്നു. അങ്ങനെ വിഹിതം അർഹിക്കുന്ന ആർക്കെങ്കിലും മൊത്തം ധനത്തിന്റെ വിഹിതം കണക്കാക്കി നൽകുക എന്നത് അപ്രായോഗികമായി മാറുന്നു. അതിനാൽ, അത്തരത്തിലുള്ള അവകാശങ്ങൾ കഴിച്ച് ബാക്കിയുള്ളത് മാത്രമേ വിഹിതങ്ങളായി വിഭജിക്കാൻ കഴിയൂ. അവ താഴെ വ്യക്തമാക്കാം.
സി. مَا تَرَكَ , مِّمَّا تَرَكَ  -യിൽ مِنْ കൂട്ടിച്ചേർത്തപ്പോൾ കൂടിച്ചേർന്ന അധിക ആശയം, അനന്തരാവകാശ നിയമത്തിൽ പാലിക്കേണ്ട സുപ്രധാനമായ അടിസ്ഥാനമാണ്. ആമുഖമായി പറഞ്ഞ ഈ അടിസ്ഥാനം പാലിച്ചുകൊണ്ടു വേണം തുടർന്ന് വരുന്ന നിർദേശങ്ങൾ മനസ്സിലാക്കാൻ. 
ഭാഷാപരമായി مِنْ എന്നത്  ഇവിടെ تَبْعِيض എന്ന ആശയം ഉൾക്കൊള്ളുന്നു. كلّ എന്നാൽ മുഴുവൻ, بعض എന്നാൽ ഭാഗം.  
അഥവാ, മരണത്തോടെ വിട്ടേച്ചു പോയ സ്വത്ത് മുഴുവനായെടുത്ത് ആർക്കെങ്കിലും ഇന്ന വിഹിതം (نَصِيب) പൂർണമായി നൽകണം എന്ന് ഖുർആൻ പറയുന്നില്ല. മറിച്ച്, പല കാരണങ്ങളാൽ പലതും കുറച്ച് ബാക്കി വരുന്നതാണ് വിഹിതം അർഹിക്കുന്നവർക്ക് ലഭിക്കുക.
ഈ വിഹിതം കണക്കാക്കുന്നതിന് മുമ്പ് പലതും ദായധനത്തിൽ നിന്ന് കുറക്കേണ്ടതുണ്ട്. മരണാനന്തര കർമങ്ങളുടെ ചെലവുകൾ ഇതിൽ പെടുന്നു. അപ്രകാരം  8-ാം ആയത്തിൽ അനന്തരാവകാശ വീതംവെപ്പിൽ സന്നിഹിതരാകുന്നവർക്ക് അന്നദാനം നൽകാൻ പറയുന്നു ( وَإِذَا حَضَرَ الْقِسْمَةَ أُوْلُواْ الْقُرْبَى وَالْيَتَامَى وَالْمَسَاكِينُ فَارْزُقُوهُم مِّنْهُ). ഈ അന്നദാനത്തിലൂടെയും വിട്ടേച്ചു പോയ സ്വത്ത് 100 ശതമാനത്തെക്കാളും കുറവായി. കടം വീട്ടാൻ കാശെടുക്കുമ്പോൾ മരണപ്പെട്ട ആളുടെ ബാങ്ക് ബാലൻസ് വീണ്ടും താഴേക്ക് പോകുന്നു. വിട്ടേച്ചു പോയ സ്വത്തിൽനിന്ന് വസ്വിയ്യത്തും കൊടുത്തു തീർക്കുമ്പോൾ പിന്നെ മൂന്നിൽ രണ്ടൊക്കെ ആയേക്കാം. 
മുകളിൽ പറഞ്ഞതു പോലെ പല പാറ്റേണിൽ പെട്ട അനന്തരാവകാശികൾ ഒരുമിച്ചു ചേരുന്നത് കാരണമായും അനന്തരസ്വത്തിൽ കുറവ് വരുന്നു. പക്ഷേ, 'വിഹിതം' നിർണയിക്കപ്പെട്ടവരുടെ അവകാശങ്ങളിൽ അല്ലാഹു നിർണയിച്ച 'വിഹിതം' പാലിക്കണം. അതിനാൽ, ഓരോരുത്തർക്കും നിർണയിക്കപ്പെട്ട വിഹിതം പാലിച്ചുകൊണ്ടാണ് ദായധന വിതരണത്തിൽ ഈ കുറവ് വരുത്തേണ്ടത്. 
ഇത് പാലിക്കാൻ, കണക്കുകൂട്ടുന്ന ആളുടെ ഗണിതശാസ്ത്ര പരിജ്ഞാനമനുസരിച്ച് ഔലോ കാൽക്കുലേറ്ററോ എക്സൽ ഷീറ്റോ ശതമാനക്കണക്കോ ഉപയോഗിക്കാവുന്നതാണ്. പക്ഷേ, അനുയോജ്യമാംവിധം കണക്ക് കൂട്ടൽ പൂർത്തിയാക്കണം. അതിന് മൊത്തമായി ما ترك-യിൽ എത്തിക്കണം.
ഭിന്നസംഖ്യകളുടെ ക്രിയയിൽ അംശം ഛേദത്തെക്കാൾ വലുതായാൽ എന്ത് ചെയ്യണം എന്നതും ഗണിതശാസ്ത്രത്തിന്റെ ഭാഗമാണ്. ശതമാനക്കണക്കിൽ നൂറ് ശതമാനത്തിന് മുകളിൽ പോയ കണക്ക് നൂറ് ശതമാനത്തിലേക്ക് തിരികെ കൊണ്ടു വരുന്നതൊക്കെ എക്സൽ ഷീറ്റിൽ ചെയ്യാൻ ഒരു നിമിഷം ആവശ്യമില്ല. 
പ്രൈമറി ക്ലാസ്സിൽ പഠിച്ച കണക്ക് മാത്രമേ അനന്തരാവകാശക്രിയ ചെയ്യാൻ തങ്ങൾ ഉപയോഗിക്കൂ എന്ന വാശിയാണ് നിരീശ്വര വാദികൾക്ക് വിനയാകുന്നത്.  തങ്ങൾ പഠിച്ച ആധുനിക കണക്കും നിരീശ്വര ചിന്തയുമൊക്കെ ഖുർആനിനും ഫിഖ്ഹിനും വിരുദ്ധമായി അടിസ്ഥാനങ്ങളില്ലാതെ ഉപയോഗിക്കുന്നതും ചിലരെ വഴിതെറ്റിക്കുന്നുണ്ട്.
4. مِّمَّا قَلَّ مِنْهُ أَوْ كَثُرَ نَصِيبًا مَّفْرُوضًا (അതിൽ നിന്ന് കുറഞ്ഞതും കൂടിയതും ആയ ഭാഗത്തിലും ഫർദാക്കപ്പെട്ടിരിക്കുന്ന 'വിഹിതം'....). കുറയുന്നതിലും കൂടുന്നതിലും നിർണിത വിഹിതം അത് നിശ്ചയിച്ചിടത്ത് പാലിക്കണം. വിഹിതം പാലിച്ച് മാത്രം കൂട്ടലും കുറക്കലുമാണ് ഔലും റദ്ദും. 
മുകളിൽ പറഞ്ഞ അടിസ്ഥാനങ്ങളിൽ ചിലത് കണക്കിലൂടെ ഭാഗികമായി വ്യക്തമാക്കുന്ന ടേബ്ൾ താഴെ കൊടുക്കുന്നു. ആദ്യമായി ഔലനുസരിച്ച് വീതിക്കുന്നത് വ്യക്തമാക്കാം. തുടർന്ന് ദായധനത്തെ ഏകകമായി (1) കണക്കാക്കി വിഭജിക്കുന്നതും, 100% ആക്കി വിഭജിക്കുന്നതും കാണാം.

 

 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 30-33
ടി.കെ ഉബൈദ്‌

ഹദീസ്‌

റമദാനിൽ പതിവാക്കിയ കർമങ്ങൾ തുടരണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്