അഗ്നിപർവത മുഖത്ത് ബുർഹാനും ഹമീദത്തിയും
ആധുനിക സുഡാന്റെ ചരിത്രം അപകടം പതിയിരിക്കുന്ന മണൽ ചുഴിയാണ്. 1956-ലാണ് ആ രാഷ്ട്രത്തിന് സ്വാതന്ത്ര്യം കിട്ടിയത്. രണ്ട് വർഷമേ കഴിഞ്ഞുള്ളൂ, ജനറൽ ഇബ്്റാഹീം അബ്ബൂദ് ആദ്യത്തെ സിവിൽ ഭരണത്തെ അട്ടിമറിച്ച് അധികാരം കൈക്കലാക്കുന്നു. 1964-ൽ ജനകീയ പ്രക്ഷോഭം അബ്ബൂദിനെ അട്ടിമറിക്കുന്നു. പിന്നെ ഭരണഘടനയെയും അതിന്റെ ആധാരങ്ങളെയും ചൊല്ലി സംഘടനകൾ തമ്മിൽ നീണ്ട പോര്. അധികാരത്തിനു വേണ്ടി കടിപിടി കൂടിയ സിവിൽ സംഘങ്ങളെ തള്ളിമാറ്റി സൈന്യം 1969-ൽ വീണ്ടും അധികാരം പിടിക്കുന്നു. പിന്നെ ദീർഘ കാലം ജഅ്ഫർ നുമൈരിയുടെ സൈനിക ഭരണമാണ്. 1985-ലെ ജനകീയ പ്രക്ഷോഭം നുമൈരിയെ പുറത്തെറിയുന്നു. രാഷ്ട്രീയ സംഘടനകളും സിവിൽ പ്രസ്ഥാനങ്ങളും, ഭൂതകാലത്തിൽ നിന്ന് തങ്ങൾ വേണ്ടുവോളം പഠിച്ചുവെന്നും ഇനി തെറ്റുകൾ ആവർത്തിക്കില്ലെന്നും ആണയിടുന്നു. പക്ഷേ, 1989-ൽ ഈയിടെ അന്തരിച്ച സ്വാദിഖുൽ മഹ്ദിയുടെ ഭരണത്തെ അട്ടിമറിച്ച് ജനറൽ ഉമറുൽ ബശീർ രാഷ്ട്രത്തെ വീണ്ടും സൈന്യത്തിന്റെ നുകത്തിന് കീഴിൽ കൊണ്ടുവരുന്നു. പിന്നെ കാണുന്നത് തെക്കൻ സുഡാൻ 'ത്വലാഖും' മേടിച്ച് പോകുന്നതാണ്. അങ്ങനെ സുഡാന്റെ അതിരുകൾ സ്വാതന്ത്ര്യം ലഭിച്ച കാലത്തുണ്ടായിരുന്നതിനെക്കാൾ ചുരുങ്ങി. ഉമറുൽ ബശീറും ഗുരുവായ ഹസൻ തുറാബിയും ഒന്നിച്ചായിരുന്നു തുടക്കത്തിൽ. പിന്നെ അവർ പിണങ്ങുന്നു, തമ്മിലടിക്കുന്നു. തന്നെ നീക്കാൻ ആർക്കും കഴിയില്ലെന്ന മിഥ്യാ ധാരണയിൽ ബശീർ കഴിയവെ 2019- ലെ ജനകീയ പ്രക്ഷോഭം അയാളെ കടപുഴക്കുന്നു.
ബശീറിനെ അട്ടിമറിക്കാൻ കൂട്ടുനിന്നവരാണ് ഇപ്പോൾ ഖർത്തൂമിനെ യുദ്ധക്കളമാക്കുന്ന അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ, മുഹമ്മദ് ഹംദാൻ ദഖ്ലൂ (ഹമീദത്തി) എന്നീ രണ്ട് ജനറൽമാരും. ഇരുവരെയും ഈ പദവികളിലേക്ക് ഉയർത്തിക്കൊണ്ടുവന്നതും ബശീർ തന്നെയായിരുന്നു. ബശീർ പുറത്താക്കപ്പെട്ടതിനു ശേഷമുള്ള ചർച്ച മുഴുവൻ ഒരു ഇടക്കാല സിവിൽ ഭരണകൂടത്തെക്കുറിച്ചായിരുന്നു. അങ്ങനെയൊന്ന് നിലവിൽ വരികയും ചെയ്തു. 2021-ൽ ഈ രണ്ട് ജനറൽമാരും ചേർന്ന് ആ സിവിൽ ഭരണകൂടത്തെ കുഴിച്ചുമൂടുകയാണ് ചെയ്തത്.
കഴിഞ്ഞ കുറേ മാസങ്ങളായി സൈന്യവും ജനങ്ങളും തമ്മിലായിരുന്നു സംഘട്ടനം. ഇപ്പോഴത് സൈന്യവും 'സൈന്യ'വും തമ്മിലായിരിക്കുന്നു. 'പരമോന്നത ഭരണ കൗൺസിൽ' ചെയർമാൻ ബുർഹാനും ഡെപ്യൂട്ടി ചെയർമാൻ ഹമീദത്തിയും തമ്മിലുള്ള ഭിന്നത ഏതാനും ആഴ്ചകളായി വളരെ രൂക്ഷമായിരുന്നു. ദേശീയ സൈന്യത്തിന്റെ നേതൃത്വം ബുർഹാന്നും, റാപ്പിഡ് സപ്പോർട്ട് ഫോഴ്സസി(ഖുവാത്തുദ്ദഅ്മിസ്സരീഅ്)ന്റെ ചുമതല ഹമീദത്തിക്കും ആണ്. ഈ റാപ്പിഡ് സപ്പോർട്ട് ഒരു അർധ സൈനിക വിഭാഗമാണ്. അതിന് 'നിയമാനുസൃതത്വം' ഉണ്ട്. അത്ര പെട്ടെന്ന് അതിനെ ദേശീയ സൈന്യത്തിൽ ലയിപ്പിക്കാനൊന്നും പറ്റില്ല. ഹമീദത്തി സുഡാന്റെ ദാർഫൂർ മേഖലയിൽ നിന്നുള്ളയാളാണ്. അവിടെ ഭീകര താണ്ഡവം നടത്തിയ ജൻജവീദ് (കുതിരപ്പുറത്തെ പിശാച് എന്നാണത്രെ ഈ വാക്കിന്റെ അർഥം) മിലീഷ്യയുടെ തലവനായിരുന്നയാളാണ്. പക്ഷേ, അയാളെ അധികാര സ്ഥാനത്തു നിന്ന് നീക്കാൻ പ്രയാസമാണെന്ന് പറയുന്നത് ഇതുകൊണ്ടൊന്നുമല്ല; രാജ്യത്തിനകത്തും പുറത്തും അയാൾക്ക് പലതരം ബന്ധങ്ങളുണ്ട് എന്നതിനാലാണ്. കഴിഞ്ഞ ഏപ്രിൽ 15-ന്, മനസ്സിൽ ഒളിപ്പിച്ചുവെച്ചത് വെടിയുതിർക്കലുകളായി പുറത്ത് ചാടി. മുൻ കാലത്ത് സുഹൃത്തുക്കളും പങ്കാളികളുമായിരുന്നവർ കടുത്ത ശത്രുക്കളായി രംഗപ്രവേശം ചെയ്തു. എല്ലാ രാജ്യങ്ങളും തങ്ങളുടെ പൗരൻമാരെ സുഡാനിൽനിന്ന് ഒഴിപ്പിക്കുകയാണ്. സാഹചര്യം അതീവ ഗുരുതരവും ഭീതിജനകവുമാണെന്നർഥം. ഈ പ്രതികാരാഗ്നിയിൽ കത്തിയെരിയുക ഒരു പക്ഷേ, സുഡാൻ മാത്രമായിരിക്കില്ല. തൊട്ടടുത്ത ഏഴ് രാജ്യങ്ങളെങ്കിലും ആഭ്യന്തരമായി ഇതുപോലെ ശിഥിലമാണ്. അവിടങ്ങളിലേക്കും തീ പടരാം.
സുഡാനിൽ ഒരു ഭാഗത്ത് 'സൈന്യങ്ങൾ'. പിന്നെ വെറുപ്പുൽപാദകരും പലതരം താൽപര്യങ്ങൾ വെച്ചു പുലർത്തുന്നവരുമായ കൂട്ടങ്ങൾ. പുതിയ മിലീഷ്യകൾ ഉണ്ടാക്കേണ്ട കാര്യമില്ല. എല്ലാം നേരത്തെ തന്നെ അവിടെയുണ്ട്. ശൈഥില്യം മുതലെടുക്കാനായി അൽ ഖാഇദ, ദാഇശ് ഭീകര ഗ്രൂപ്പുകളും എത്തിയേക്കാം. പക്ഷേ, രണ്ടും കൽപിച്ച മട്ടിലാണ് ജനറൽമാരുടെ നീക്കം. യുദ്ധം നിർത്താൻ തന്റെ മയ്യിത്തെടുക്കണം എന്നാണ് ബുർഹാൻ പറയുന്നത്. ഹമീദത്തിയും അതേ സ്വരത്തിൽ സംസാരിക്കുന്നു. ഒന്നുകിൽ പ്രസിഡന്റിന്റെ കൊട്ടാരം പിടിക്കും; അല്ലെങ്കിൽ ഖബ്റിലേക്ക് പോകും! അഗ്നിപർവത മുഖത്ത് തന്നെയാണ് ഈ രണ്ട് പേരും സുഡാനെ കൊണ്ടെത്തിച്ചിരിക്കുന്നത്. അതിനാൽ, യുദ്ധം നിർത്തിക്കാൻ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം. യുദ്ധം നിർത്തേണ്ടത് അവരുടെ കൂടി ആവശ്യമാണ്. തീ രാജ്യം മുഴുവൻ ആളിപ്പടർന്നാൽ പിന്നെ അണക്കൽ പ്രയാസകരമാകും. l
(ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അശ്ശർഖുൽ ഔസത്വ് പത്രത്തിന്റെ എഡിറ്ററാണ് ലേഖകൻ)
Comments