Prabodhanm Weekly

Pages

Search

2023 മെയ് 05

3300

1444 ശവ്വാൽ 14

അനന്തരാവകാശ നിയമത്തിലെ അടിസ്ഥാന തത്ത്വങ്ങൾ

ഇൽയാസ് മൗലവി

ഇസ്്ലാമിലെ അനന്തരാവകാശ നിയമങ്ങളെ സംബന്ധിച്ചു പറയുമ്പോൾ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള ചില സാങ്കേതിക തത്ത്വങ്ങള്‍ അറിഞ്ഞിരിക്കണം. അതിലെ നിയമവശങ്ങൾ ശരിക്ക് മനസ്സിലാക്കാന്‍ അത് വളരെ സഹായകമാവും.  ആദ്യം അവയെപ്പറ്റി ചിലത് സൂചിപ്പിക്കാം:
അനന്തരാവകാശ സംബന്ധമായ കാര്യങ്ങളില്‍ ‘പിതാവ്, മാതാവ്, മകന്‍, മകള്‍, സഹോദരന്‍, സഹോദരി, പിതൃവ്യന്‍, ഭര്‍ത്താവ്’ എന്നിങ്ങനെ പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് മരണപ്പെട്ട ആളുടെ പിതാവ്, മാതാവ്, മകന്‍…. ആണ്. അതുപോലെ, ‘പകുതി, ആറിലൊന്ന്, എട്ടിലൊന്ന്’ എന്ന് തുടങ്ങിയ ഓഹരികള്‍ കണക്കാക്കുന്നത് മരണപ്പെട്ട ആളുടെ ആകെ ധനത്തെ അടിസ്ഥാനമാക്കിയുമായിരിക്കും. ഉദാഹരണമായി മകള്‍ക്ക് പകുതിയും, ഭാര്യക്ക് എട്ടിലൊന്നും എന്ന് പറയുമ്പോള്‍ അതിന്റെ അര്‍ഥം മരണപ്പെട്ടവന്റെ ആകെ സ്വത്തില്‍നിന്ന് അവന്റെ മകള്‍ക്ക് അതിന്റെ പകുതിയും അവന്റെ ഭാര്യക്ക് അതിന്റെ എട്ടിലൊന്നും എന്നത്രെ.
അവകാശികളില്‍ രണ്ട് തരക്കാരുണ്ട്:
(1) നിശ്ചിത ഓഹരി കണക്കാക്കപ്പെട്ടവര്‍: ഇവര്‍ക്ക് أَصْحَابُ الْفُرُوضِ (നിശ്ചിത ഓഹരിക്കാര്‍) എന്ന് പറയുന്നു. ഇവരുടെ നിശ്ചിത ഓഹരിയില്‍ ഏറ്റക്കുറവ് വരികയില്ല.
(2) ഒരു ക്ലിപ്തമായ ഓഹരി നിശ്ചയിക്കപ്പെടാത്തവര്‍: ഇവര്‍ക്ക് الْعَصَبَاتُ (അസ്വബഃ) എന്ന് പറയുന്നു. നിശ്ചിത ഓഹരിക്കാര്‍ക്ക് കൊടുത്തുകഴിഞ്ഞശേഷം ബാക്കിയുണ്ടാകുന്നത് ഇവര്‍ക്കായിരിക്കും. നിശ്ചിത ഓഹരിക്കാര്‍ തീരെ ഇല്ലെങ്കില്‍ സ്വത്ത് മുഴുവനും ഇവര്‍ക്ക് ലഭിക്കുകയും ചെയ്യും. പുത്രന്‍, പൗത്രന്‍, പിതാവ്, സഹോദരന്‍, സഹോദര പുത്രന്‍, പിതൃവ്യന്‍, പിതൃവ്യപുത്രന്‍ എന്നിങ്ങനെ മരണപ്പെട്ടവനുമായി കുടുംബ ബന്ധത്തില്‍ കൂടുതല്‍ അടുത്തവരായിരിക്കും ഇവര്‍. ചില സന്ദര്‍ഭങ്ങളില്‍ ഇവരില്‍ ചിലര്‍ക്ക് ഒരു നിശ്ചിത ഓഹരി (فَرْض) ലഭിക്കുന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റു ഓഹരിക്കാരുടെ അവകാശങ്ങള്‍ കഴിച്ച് ബാക്കിയുണ്ടെങ്കില്‍ അതും കൂടി ലഭിച്ചെന്നുവരും. അഥവാ, ഒരാള്‍ക്ക് രണ്ട് നിലക്കുള്ള അവകാശവും ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള സന്ദര്‍ഭവും ഉണ്ടാവാമെന്ന് സാരം.
  
അനന്തരാവകാശത്തിന്റെ ഘടകങ്ങൾ (أَرْكَانُ الْإِرْثِ)
അനന്തരാവകാശത്തിന്റെ ഘടകങ്ങൾ മൂന്നാകുന്നു:
1) الْمُوَرِّثُ - മരണപ്പെട്ട വ്യക്തി.
2) الْوَارِثُ - അനന്തരാവകാശി.
3) الْحَقُّ الْمَوْرُوثُ - മരണപ്പെട്ട വ്യക്തിയുടെ സ്വത്തുക്കൾ.
മരണപ്പെട്ടയാളുടെ സ്വത്ത് നാലു കാര്യങ്ങൾക്കായി വിനിയോഗിക്കേണ്ടതാണ്: 
1.  ഇസ്്ലാമിക നിയമമനുസരിച്ചുള്ള മരണാനന്തര ക്രിയയുടെ ചെലവുകള്‍.
2.  മരണപ്പെട്ട വ്യക്തി മറ്റുള്ളവർക്ക് കൊടുക്കാനുള്ള കടങ്ങള്‍ കൊടുത്തു വീട്ടൽ.
3.   മരണപ്പെട്ട വ്യക്തിയുടെ ഒസ്യത്ത് നിറവേറ്റൽ.
4.   ബാക്കി സ്വത്ത് അനന്തരാവകാശികള്‍ക്കിടയില്‍ അവരവരുടെ ഓഹരിയനുസരിച്ച് വിതരണം ചെയ്യൽ.

അനന്തരാവകാശം ലഭിക്കാനുള്ള 
നിബന്ധനകള്‍
1)  അനന്തരമെടുക്കുന്ന വ്യക്തിയുടെ മരണം സ്ഥിരീകരിക്കണം.
2) അനന്തരാവകാശി അനന്തരമെടുക്കുന്ന വ്യക്തിയുടെ മരണ ശേഷം ജീവിച്ചിരുന്നിരിക്കണം.
3)   മരണപ്പെട്ട വ്യക്തിയും അനന്തരാവകാശിയും തമ്മിൽ അനന്തരാവകാശം ലഭിക്കാനുള്ള ബന്ധം ഉണ്ടായിരിക്കണം. 

അനന്തരാവകാശത്തിന് അർഹരല്ലാതായിത്തീരുന്ന അവസ്ഥകള്‍
1)  അനന്തരാവകാശി അനന്തരമെടുക്കുന്ന വ്യക്തിയുടെ കൊലയാളിയാവുക.
2)  വ്യത്യസ്ത മതക്കാരാവുക.
3)  വിവാഹമോചനം.
4)  അടിമത്തം.

അനന്തരാവകാശികളുടെ തരം തിരിവും മുൻഗണനാക്രമവും
1)    നിശ്ചിത ഓഹരിക്കാർ  (أَصْحَابُ الْفُرُوضِ)
2/3, 1/2, 1/3, 1/4, 1/6, 1/8 എന്നിങ്ങനെ തങ്ങളുടെ ഓഹരികൾ നിർണയിക്കപ്പെട്ടിട്ടുള്ളവർ. 
2) ശിഷ്ട ഓഹരിക്കാർ  (الْعَصَبَةُ)
നിശ്ചിത ഓഹരിക്കാരുടെ ഓഹരികൾ കഴിച്ച് ബാക്കി ലഭിക്കുന്നവർ.
•   ഇവർ മാത്രമേ അനന്തരാവകാശികളായിട്ടുള്ളൂവെങ്കിൽ സ്വത്ത്‌ മുഴുവൻ ഇവർക്ക് ലഭിക്കുന്നതാണ്.
•   ഇവരോടൊപ്പം നിശ്ചിത ഓഹരിക്കാരുമുണ്ടെങ്കിൽ അവരുടെ ഓഹരികൾ കഴിച്ച് ബാക്കി ഇവർക്ക് ലഭിക്കുന്നതാണ്.
•   ഇനി, നിശ്ചിത ഓഹരിക്കാരുടേതു കഴിച്ച്  ബാക്കിയൊന്നുമില്ലെങ്കിൽ ഇവർക്ക് ഒന്നും ലഭിക്കുകയില്ല.
• എന്നാൽ, പിതാവിനും പുത്രനും  അനന്തരാവകാശം ലഭിക്കാത്ത ഒരവസ്ഥ ഉണ്ടാവുകയില്ല.

ശിഷ്ട ഓഹരിക്കാരെ മൂന്നായി തരം തിരിക്കാം
1) സ്വയം ശിഷ്ട ഓഹരിക്കാരായവർ (عَصَبَة بِالنَّفْسِ).
ഭർത്താവും മാതാവൊത്ത സഹോദരനും ഒഴികെയുള്ള പുരുഷ അനന്തരാവകാശികളാണ് സ്വയം ശിഷ്ട ഓഹരിക്കാരാവുന്നവർ.
2)  മറ്റു അനന്തരാവകാശികളെക്കൊണ്ട് ശിഷ്ട ഓഹരിക്കാരാവുന്നവർ (عَصَبَة بِالْغَيْرِ).

ഇപ്രകാരം ശിഷ്ട ഓഹരിക്കാരാവുന്നവർ നാലാണ്
a) ഒരു പുത്രി അല്ലെങ്കിൽ ഒന്നിലധികം പുത്രിമാർ, പുത്രനെ അല്ലെങ്കിൽ പുത്രന്മാരെക്കൊണ്ട്. 
b) പുത്രന്റെ ഒരു പുത്രി അല്ലെങ്കിൽ ഒന്നിലധികം പുത്രന്റെ പുത്രിമാർ, പുത്രന്റെ പുത്രനെ അല്ലെങ്കിൽ പുത്രന്റെ പുത്രന്മാരെക്കൊണ്ട്.
c) ഒരു നേർ സഹോദരി അല്ലെങ്കിൽ ഒന്നിലധികം  നേർ സഹോദരിമാർ, ഒരു നേർ സഹോദരൻ അല്ലെങ്കിൽ ഒന്നിലധികം  നേർ സഹോദരന്മാരെക്കൊണ്ട്.
d) ഒരു പിതാവൊത്ത സഹോദരി അല്ലെങ്കിൽ ഒന്നിലധികം പിതാവൊത്ത സഹോദരിമാർ, ഒരു പിതാവൊത്ത സഹോദരൻ അല്ലെങ്കിൽ ഒന്നിലധികം  പിതാവൊത്ത സഹോദരന്മാരെക്കൊണ്ട്.
3) മറ്റൊരനന്തരാവകാശിയുടെ കൂടെ ശിഷ്ട ഓഹരിക്കാരാവുന്നവർ  (عَصَبَة مَعَ الْغَيْرِ).

ഇവർ രണ്ടു വിഭാഗമാണ്‌
a)  ഒന്നോ അതിലധികമോ നേർ സഹോദരിമാർ, ഒന്നോ അതിലധികമോ  പുത്രിമാരോടോ പുത്രന്റെ പുത്രിമാരോടോ ഒപ്പം.
b) ഒന്നോ അതിലധികമോ പിതാവൊത്ത സഹോദരിമാർ, ഒന്നോ അതിലധികമോ പുത്രിമാരോടോ  പുത്രന്റെ പുത്രിമാരോടോ ഒപ്പം.
(അതായത്, നേർ അല്ലെങ്കിൽ പിതാവൊത്ത സഹോദരിമാർ, പുത്രിമാരുടെ അല്ലെങ്കിൽ പുത്രന്റെ പുത്രിമാരുടെ സാന്നിധ്യത്തിൽ സഹോദരനെപ്പോലെ അസ്വബക്കാരിയാവുകയും സഹോദരൻ തടയുന്നവരെ തടയുകയും ചെയ്യും).
3) ചാർച്ചക്കാർ (ذَوُو الْأَرْحَامِ)
ഇവ്വിഷയകമായ ഏറ്റവും ശാസ്ത്രീയവും നീതിയിലധിഷ്ഠിതവുമായ നിയമമാണ് ഖുര്‍ആന്‍ നൽകുന്നത് എന്നതാണ് സത്യം. അനന്തരാവകാശത്തെ വിശദീകരിക്കുന്നത് സൂറഃ അന്നിസാഇലെ 11, 12, 176  സൂക്തങ്ങളാണ്. അതുപ്രകാരം അനന്തരാവകാശ നിയമങ്ങളുടെ പ്രധാന വിവരങ്ങൾ സംക്ഷിപ്തമായി താഴെ കൊടുക്കുന്നു:
1. ഒരാളുടെ സ്വത്തില്‍ അയാളുടെ ജീവിതകാലത്ത് അയാള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും യാതൊരവകാശവുമില്ല.
2. അയാളുടെ ജീവിതകാലത്ത് മരിച്ചുപോയ പിന്തുടര്‍ച്ചക്കാര്‍ക്ക് അയാളുടെ അനന്തരസ്വത്തില്‍ അവകാശമൊന്നുമില്ല. (അനന്തര സ്വത്ത് രൂപപ്പെടുന്നതുതന്നെ അയാള്‍ മരിക്കുന്നതോടുകൂടിയാണല്ലോ. അതിനുമുമ്പ് അത് അയാളുടെ സ്വത്ത് മാത്രമാണ്. അനന്തരസ്വത്തല്ല).
3. അയാളുടെ മരണസമയത്ത് ജീവിച്ചിരിക്കുന്ന പിന്തുടര്‍ച്ചക്കാര്‍ക്ക് മാത്രമേ അനന്തരസ്വത്തില്‍ അവകാശമുണ്ടാവുകയുള്ളൂ.
4. അനന്തരാവകാശത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് അടുത്ത ബന്ധുത്വമാണ്. വിവാഹബന്ധവും രക്തബന്ധവും ഇതില്‍ ഉള്‍പ്പെടുന്നു.
5. അയാളുടെ അടുത്ത ബന്ധുക്കള്‍ അതേ താവഴിയിലെ അകന്ന ബന്ധുക്കളുടെ അവകാശം തടയും (മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, പുത്രപുത്രിമാര്‍ എന്നിവരാണ് അടുത്ത ബന്ധുക്കള്‍. ഇവരുടെ സാന്നിധ്യത്തില്‍ അതേ താവഴിയിലുള്ള മറ്റാരും അവകാശികളായിത്തീരുകയില്ല).
6. വ്യക്തിയുടെ സാമ്പത്തികാവസ്ഥയോ അവശതയോ അല്ല, മരിച്ചയാളുമായുള്ള ബന്ധത്തിന്റെ സ്വഭാവമാണ് ദായധന വിഭജനത്തിലെ അംഗീകൃത മാനദണ്ഡം.
7. മരിച്ചയാളുടെ ബന്ധുക്കളായി ഏറ്റവും അടുത്ത കണ്ണികളില്ലെങ്കില്‍ അവകാശം തൊട്ടടുത്ത കണ്ണികളിലേക്ക് നീങ്ങുന്നു. പിതാവില്ലെങ്കില്‍ പിതാമഹനും പുത്രനില്ലെങ്കില്‍ പൗത്രനും പിന്തുടര്‍ച്ചാവകാശം ലഭിക്കുന്നത് ഇതുകൊണ്ടാണ്.
"മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്‌. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്‌. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു" (സൂറഃ അന്നിസാഅ്  7).
ഇസ്്ലാമിക നിയമപ്രകാരം, ജീവിച്ചിരിക്കുന്ന ഒരാളുടെ സ്വത്ത് മറ്റാർക്കും അവകാശപ്പെട്ടതല്ല. എന്നാൽ, അയാൾ മരണപ്പെടുന്നതോടെ അയാളുടെ സ്വത്തുക്കൾ തന്റെ ചില ബന്ധുക്കളുടേതാകുന്നു. ഇങ്ങനെ അവകാശികളാകുന്ന ബന്ധുക്കൾ ആരെല്ലാമാണെന്നും, അവരിൽ ആരുടെയെല്ലാം സാന്നിധ്യത്തിൽ ആർക്കെല്ലാം അനന്തരാവകാശം ലഭിക്കുമെന്നും, ആരുടെയെല്ലാം സാന്നിധ്യത്തിൽ അത് തടയപ്പെടുമെന്നും, ഓരോരുത്തരുടെയും ഓഹരികൾ ഏത് അനുപാതത്തിലാണെന്നും വിവരിക്കുന്ന വിജ്ഞാന ശാഖയാണ് ഇൽമുൽ ഫറാഇദ് (عِلْمُ الْفَرَائِضِ).
ഇന്നിന്നവരുടെ ഓഹരി ഇന്നിന്നപ്രകാരം, ഇന്നിന്നവര്‍ക്ക് കൂടുതല്‍, മറ്റവര്‍ക്ക് കുറവ് എന്നൊക്കെ നിശ്ചയിച്ചത് അല്ലാഹുവാണ്. അതില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും അധികാരവും അവകാശവുമില്ല. അത് യുക്തമായിരിക്കുകയുമില്ല. കാരണം, എല്ലാ കാര്യവും അറിയുന്ന സർവജ്ഞനും, എല്ലാ യുക്തി രഹസ്യങ്ങളും അറിയുന്ന അഗാധജ്ഞനും അവനാണ് എന്നുള്ളതു തന്നെ. അതെ, '(فَرِيضَةً مِنَ اللَّهِ) (അല്ലാഹുവിങ്കല്‍നിന്നുള്ള ഓഹരി നിര്‍ണയം!). നിശ്ചയമായും, അവന്‍ സർവജ്ഞനും അഗാധജ്ഞനുമാകുന്നു.'
   
അനന്തരാവകാശ നിയമം മാറ്റാമോ?
ഇസ്്ലാമിക ശരീഅത്തില്‍ ഒരിക്കലും മാറ്റത്തിനോ പുനരാലോചനക്കോ വ്യാഖ്യാനങ്ങള്‍ക്കോ പഴുതില്ലാത്ത വിധത്തിലുള്ള നസ്സ്വുകളുണ്ട്. അവയെപ്പറ്റി ഖത്വ്ഇയ്യായ നസ്സ്വുകള്‍ എന്നാണ് പറയുക. ഇത്തരം നസ്സ്വുകൾ എപ്രകാരമാണോ ഉള്ളത് അപ്രകാരം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ്  മുസ്്ലിമിന്റെ ബാധ്യത. അവയുടെ യുക്തി പിടികിട്ടട്ടെ, കിട്ടാതിരിക്കട്ടെ അതപ്പടി അംഗീകരിച്ചേ മതിയാകൂ.
അനന്തരാവകാശവുമായി വന്നിട്ടുള്ള നിയമങ്ങളില്‍ ഓരോ അവകാശിയുടെയും വിഹിതം നിര്‍ണയിക്കപ്പെട്ടത് ഈ ഗണത്തില്‍ പെടുന്നു. 1/2, 1/3, 1/4, 1/6, 1/8, 2/3 എന്നീ വിഹിതങ്ങളുടെ യുക്തി യഥാർഥത്തില്‍ അല്ലാഹുവിനു മാത്രമേ അറിയൂ. ഇതൊരിക്കലും മനുഷ്യ ബുദ്ധിക്ക് ചിന്തിച്ച് കണ്ടെത്താന്‍ കഴിയുന്നതല്ല. തന്റെ സൃഷ്ടികളോട് ഏറെ കാരുണ്യമുള്ള സ്രഷ്ടാവ് അവരുടെ നന്മയും ക്ഷേമവും ഉറപ്പുവരുത്തുന്ന വിധികളേ നല്‍കുകയുള്ളൂ എന്ന മൗലിക വിശ്വാസം ഓരോ മുസ്്ലിമിനും ഉണ്ടായിരിക്കേണ്ടതാണ്.
ഇവിടെ മനസ്സിലാക്കിയിരിക്കേണ്ട മറ്റൊരു കാര്യം, ആരാണ് സമ്പത്തിന്റെ ഉടമ എന്നുള്ളതാണ്. അല്ലാഹുവാണ് എന്നാണ് ഇസ്്ലാം നല്‍കുന്ന ഉത്തരം.  ആരും ഈ ലോകത്ത് വരുമ്പോള്‍ ഒന്നും കൊണ്ടുവരുന്നില്ലല്ലോ.
അല്ലാഹുവിന്റെ സമ്പത്ത് അല്ലാഹു തല്‍ക്കാലം കൈകാര്യം ചെയ്യാന്‍ ഒരാള്‍ക്ക് അനുവാദം നല്‍കുക മാത്രമാണ്. ആ അനുവാദം അയാള്‍ മരണപ്പെടുന്നതോടെ റദ്ദാവുകയും തുടര്‍ന്ന് യഥാർഥ ഉടമയായ അല്ലാഹുവിലേക്ക് അതിന്റെ തീരുമാനം നീങ്ങുകയും ചെയ്യുന്നു. പ്രസ്തുത മുതല്‍ ഇനി ആര്‍ക്ക് കൊടുക്കണമെന്നും, എത്രയാണ് കൊടുക്കേണ്ടതെന്നും തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം യഥാർഥ ഉടമയായ അല്ലാഹുവിനാണ്. ആ അല്ലാഹുവാണ് മേല്‍പറഞ്ഞ പ്രകാരം ആരൊക്കെ അവകാശികളായിത്തീരുമെന്നും, ആര്‍ക്കൊക്കെ എത്ര വീതം ഓഹരി ലഭിക്കുമെന്നുമെല്ലാം തീരുമാനിച്ചിട്ടുള്ളതും നിശ്ചയിച്ചിട്ടുള്ളതും. അതില്‍ കൈകടത്തുന്നത് പടച്ചവന്റെ അധികാരത്തില്‍ കൈകടത്തലാണ്.
സര്‍വജ്ഞനായ അല്ലാഹുവിന്റെ യുക്തി എന്തെന്ന് തിരിച്ചറിയാത്ത അല്‍പജ്ഞനായ മനുഷ്യന്‍ ഇവിടെ അവന്റെ അല്‍പബുദ്ധികൊണ്ട് കണ്ടെത്തുന്ന യുക്തിവെച്ച് അല്ലാഹുവിന്റെ നിയമത്തെ പുനര്‍വായന നടത്തുന്നത് നിസ്സാരമായി തള്ളാൻ പറ്റില്ല.
ഓരോരുത്തര്‍ക്കും നിശ്ചയിക്കപ്പെട്ട വിഹിതത്തിന്റെ പിന്നില്‍ അല്ലാഹുവിന് തീര്‍ച്ചയായും ചില യുക്തികളും ലക്ഷ്യങ്ങളുമൊക്കെയുണ്ടാകും. പൊതുവില്‍ അതിലെല്ലാം അവരുടെ ഗുണമാണ് ഉദ്ദേശിച്ചിട്ടുള്ളത് എന്ന് പറയാമെന്നല്ലാതെ, ഓരോരുത്തരുടെയും വിഹിതം വെവ്വേറെ എടുത്ത് ഇന്നിന്ന കാരണമാണ്, ന്യായമാണ്, യുക്തിയാണ് എന്നൊക്കെ അറുത്തുമുറിച്ച് പറയുന്നത് വങ്കത്തമാണ്.
ഒരു പിതാവ് മരണപ്പെട്ട് രണ്ട് ആണ്‍മക്കള്‍ മാത്രമേ അവകാശികളായുള്ളൂവെങ്കില്‍ രണ്ടുപേര്‍ക്കും തുല്യമായ വിഹിതമാണ് ലഭിക്കുക. ഒരുവന്‍ പിതാവിന് വേണ്ടി കഷ്ടപ്പെടുകയും മരണം വരെ സാമ്പത്തികമായും ശാരീരികമായും ത്യാഗം സഹിച്ച് പരിചരിക്കുകയും ചെയ്തിട്ടുണ്ടാകാം, മറ്റെ മകന്‍ ധൂര്‍ത്തടിച്ച് വിലസി നടന്നിട്ടുണ്ടാവാം. ഇവിടെ മര്യാദയില്ലാത്ത ധൂര്‍ത്തനായ പുത്രന് സ്വത്തിൽ അവകാശമില്ലെന്ന് വെക്കാനോ, അവന് ഓഹരിയില്ലെന്ന് വിധിക്കാനോ ആർക്കും അധികാരമില്ല.
അനന്തരാവകാശ നിയമത്തിന്റെ കാര്യത്തിൽ ഓരോന്നിന്റെയും യുക്തി ഇന്നതു മാത്രമാണെന്ന് ഖണ്ഡിതമായി പറയാന്‍ സാധ്യമല്ല.
അതിനാല്‍ നമസ്കാരത്തിന്റെ റക്അത്തുകള്‍, അനന്തരാവകാശ വിഹിതങ്ങള്‍, 100 അടി, 80 അടി എന്നീ ശിക്ഷാവിധികള്‍, ഇദ്ദാ കാലത്തിന്റെ കണക്ക് തുടങ്ങിയവയുടെ യുക്തി തേടിപ്പോകാതിരിക്കുക. അവ ദൈവ നിശ്ചിതങ്ങൾ എന്ന നിലക്ക് അംഗീകരിക്കുകയാണ് വേണ്ടത്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 30-33
ടി.കെ ഉബൈദ്‌

ഹദീസ്‌

റമദാനിൽ പതിവാക്കിയ കർമങ്ങൾ തുടരണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്