Prabodhanm Weekly

Pages

Search

2023 മെയ് 05

3300

1444 ശവ്വാൽ 14

അനന്തരസ്വത്ത് വിഭജനവും ഇസ്്ലാമിക കുടുംബ സംവിധാനവും

ഡോ. അബ്ദുല്‍ വാസിഅ്

ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സുവ്യക്തമായ സന്ദേശങ്ങളുമായി ദൂതന്മാരെ നിയോഗിച്ചതും, അവരുടെ മേല്‍ വേദഗ്രന്ഥവും ത്രാസും അവതരിപ്പിച്ചതും ജനങ്ങള്‍ നീതിയിലധിഷ്ഠിതമായ ജീവിതം  നയിക്കാനാണെന്ന് വിശുദ്ധ ഖുര്‍ആന്‍ (അൽ ഹദീദ്  25) പ്രഖ്യാപിച്ചിട്ടുണ്ട്. ഖുര്‍ആനിന്റെ വെളിച്ചത്തില്‍ മാനവസമൂഹത്തിന് സമർപ്പിക്കപ്പെട്ട ശരീഅത്ത് അഥവാ നിയമസംഹിത ഇമാം ഇബ്‌നുല്‍ ഖയ്യിം സൂചിപ്പിച്ച പോലെ, 'അവ മുഴുവനും നീതിയാണ്' എന്ന യാഥാർഥ്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് മേൽ സൂചിപ്പിച്ച പ്രഖ്യാപനം.
ഒരു സാമൂഹിക സംവിധാനത്തിന്റെ നിലനില്‍പിന് അനിവാര്യമായ ഏറ്റവും മികച്ച മൂല്യമായാണ് ഇസ്്ലാം നീതിയെ അവതരിപ്പിക്കുന്നത്. അതേസമയം സമത്വം സ്വയം ഒരു മൂല്യമല്ലെന്നും, സമത്വം നീതിയാവുമ്പോള്‍ മാത്രമേ അതിന് മൂല്യം കൈവരികയുള്ളൂ എന്നുമാണ് ഇസ്്ലാമിന്റെ നിരീക്ഷണം. അതിനാല്‍ തന്നെ ഒരു വിഷയത്തില്‍ സമത്വം നീതിയെ പ്രതിനിധാനം ചെയ്യുമ്പോള്‍ ഇസ്്ലാമതിനെ അംഗീകരിക്കുകയും, നീതിവിരുദ്ധമാവുമ്പോള്‍ നിരാകരിക്കുകയുമാണ് ചെയ്യുക. എല്ലാ രോഗികള്‍ക്കും ഒരേ മരുന്ന് ഒരേ അളവില്‍ നല്‍കുന്നതും, പരീക്ഷ എഴുതിയ വിദ്യാർഥികള്‍ക്കെല്ലാം എല്ലാ വിഷയങ്ങളിലും ഒരേ മാര്‍ക്ക് നല്‍കുന്നതും സമത്വമാണെങ്കിലും നീതിയല്ല എന്നതില്‍ രണ്ടഭിപ്രായമില്ലല്ലോ. ഒരേ വര്‍ഗത്തിനിടയില്‍ (രോഗികള്‍, വിദ്യാർഥികള്‍) സമത്വം കാണിക്കുകയെന്നത് ഭീകരമായ പ്രത്യാഘാതത്തിന് കാരണമാവുമെന്നർഥം.
ഈ തലത്തില്‍നിന്നാണ് സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച ഇസ്്ലാമിക വീക്ഷണം രൂപപ്പെട്ടു വരുന്നത്. തീര്‍ത്തും വ്യത്യസ്തമായ പ്രകൃതവും വികാരങ്ങളും ശാരീരിക ഘടനയുമുള്ള ഇവര്‍ക്കിടയില്‍ എല്ലാ വിഷയങ്ങളിലും സമത്വം കാണിക്കുകയെന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്ന് ഇസ്്ലാം നിരീക്ഷിക്കുന്നു. അതേസമയം മേൽ പരാമര്‍ശിച്ച വ്യത്യാസങ്ങള്‍ സ്വാധീനിക്കാത്ത ഇടങ്ങളില്‍ ഇസ്്ലാം അവര്‍ക്കിടയില്‍ തുല്യത പുലര്‍ത്തുകയും ചെയ്തിരിക്കുന്നു. സമ്പാദിക്കല്‍, ചെലവഴിക്കല്‍, സല്‍ക്കര്‍മങ്ങള്‍, ആരാധനകള്‍, അവയുടെ പ്രതിഫലം ഇവയുമായി ബന്ധപ്പെട്ട ശരീഅത്ത് നിയമങ്ങളില്‍ മേൽ പരാമര്‍ശിച്ച സമത്വം കാണാവുന്നതാണ് (അൽ അഹ്‌സാബ്  35). എന്നാല്‍, പ്രകൃതിപരമായ വ്യതിരിക്തതകള്‍ സ്വാധീനിക്കുന്ന തലങ്ങളില്‍ വ്യത്യാസങ്ങൾ വരുത്തുകയും അവ പരിഗണിച്ച്  ഉത്തരവാദിത്വങ്ങളും അവകാശങ്ങളും സ്ത്രീ-പുരുഷന്മാര്‍ക്ക് നല്‍കുകയുമാണ് ഇസ്്ലാം ചെയ്തിട്ടുള്ളത്. ചുരുക്കത്തില്‍, ശരീഅത്ത് നിയമങ്ങളില്‍ കാണുന്ന സമത്വവും വിവേചനവും ഒരു പോലെ നീതിയാണെന്നും, അവയെ വിലയിരുത്തേണ്ടത് അവ നല്‍കപ്പെടുന്നവര്‍ക്കിടയിലെ വിവിധാർഥങ്ങളിലുള്ള അന്തരങ്ങളുടെ അടിസ്ഥാനത്തിലാണെന്നുമാണ് തിരിച്ചറിയേണ്ടത്.
അനന്തരാവകാശ നിയമമുൾപ്പെടെ നമ്മുടെ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ശരീഅത്ത് നിയമങ്ങളെ വിശകലനം ചെയ്യേണ്ടത് ഈ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ്. ഇസ്്ലാമിന്റെ സാമ്പത്തിക നയം അതിന്റെ കുടുംബ-സാമൂഹിക സംവിധാനത്തോടാണ് ചേർന്നുനില്‍ക്കുന്നത്. നേതൃത്വവും പൗരന്മാരും തമ്മിലുള്ള ഊഷ്മള ബന്ധമാണ് ഇസ്്ലാമിക സാമൂഹിക സംവിധാനത്തിന്റെ മര്‍മം. ഇരു വിഭാഗത്തിനും കൃത്യമായ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും ശരീഅത്ത് നിര്‍ണയിച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത സാമൂഹിക സംവിധാനത്തിന്റെ പ്രഥമ ശിലയാണ് ഇസ്്ലാമിലെ കുടുംബ ഘടന. കുടുംബ നാഥന്റെ നേതൃത്വത്തില്‍ കുടുംബാംഗങ്ങളുമായുള്ള ഊഷ്മള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരം ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചും, അവകാശങ്ങള്‍ വകവെച്ചു നല്‍കിയുമാണ് കുടുംബവ്യവസ്ഥ നിലനില്‍ക്കേണ്ടത്. പ്രസ്തുത ഘടനയില്‍ സാമ്പത്തിക ഉത്തരവാദിത്വം പൂര്‍ണാർഥത്തില്‍ പുരുഷന് ബാധകമാണ്. ഭൗതികമായ എല്ലാ അർഥങ്ങളിലും കുടുംബത്തെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും പ്രതിരോധിക്കുകയും ചെയ്യുകയെന്നത് പ്രസ്തുത നേതൃത്വത്തിന്റെ ബാധ്യതയാണ്. കുടുംബപരമായ തര്‍ബിയത്തിന് നേതൃത്വം നല്‍കേണ്ട, സന്താനങ്ങള്‍ക്കും മറ്റും ഇസ്്ലാമിക മൂല്യങ്ങള്‍ പകർന്നു നല്‍കേണ്ട സംസ്‌കരണ ദൗത്യമാണ് കുടുംബനാഥക്കുള്ളത് (അന്നിസാഅ്  34). മേല്‍പറഞ്ഞ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശാരീരികവും മാനസികവും വൈകാരികവുമായ കഴിവുകളും സവിശേഷതകളും അല്ലാഹു ഇരുവരിലും നിക്ഷേപിച്ചതായി കാണാവുന്നതാണ്. അതിന്റെ തന്നെ ഭാഗമാണ് പ്രസ്തുത ഉത്തരവാദിത്വം നിര്‍വഹിക്കാനുതകുന്ന വിധത്തില്‍ ഭൗതികമായ അവകാശങ്ങള്‍ വകവെച്ചു നല്‍കുകയെന്നത്. ചെലവഴിക്കാന്‍ ബാധ്യതയുള്ള പുരുഷന് ചില സന്ദര്‍ഭങ്ങളിലെങ്കിലും അനന്തരസ്വത്തില്‍ കൂടുതല്‍ ഓഹരി നല്‍കേണ്ടി വരുന്നതും അതിനാലാണ്. കുടുംബവുമായി ബന്ധപ്പെട്ട ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയ വിഷയങ്ങളില്‍ പുരുഷനെ മാറ്റിനിര്‍ത്തി സ്ത്രീയുടെ സാക്ഷ്യം മാത്രം സ്വീകരിക്കേണ്ടിവരുന്നതിന്റെ അടിസ്ഥാനവും ഇതു തന്നെയാണ്. ഇസ്്ലാമിക കര്‍മശാസ്ത്രം മുന്നോട്ടുവെക്കുന്ന സുപ്രധാനമായ തത്ത്വങ്ങളിലൊന്ന് 'അല്‍ഗുന്മു ബിൽ ഗുര്‍മി' അഥവാ 'ആനുകൂല്യങ്ങള്‍ അധിക ഭാരങ്ങളാണ്' എന്നതാണ്. ഉദാഹരണം: ഉടമസ്ഥരില്ലാത്ത കുഞ്ഞിന്റെ ചെലവ് (ഗുര്‍മ്) വഹിക്കേണ്ടത് ബൈത്തുല്‍ മാലില്‍നിന്നാണ്. ആ വ്യക്തി മരണപ്പെട്ടാല്‍ അനന്തര സ്വത്ത്(ഗുന്മ്) ബൈത്തുല്‍ മാലിനുള്ളതാണ്.
അനന്തരാവകാശവുമായി ബന്ധപ്പെട്ട എല്ലാ ഖുര്‍ആനിക വചനങ്ങളും വിശുദ്ധ ഖുര്‍ആന്‍ അന്നിസാഅ് എന്ന  അധ്യായത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അധ്യായ നാമം സൂചിപ്പിക്കുന്നതു പോലെ, ജാഹിലിയ്യാ കാലത്ത് നിഷേധിക്കപ്പെട്ട സ്ത്രീയവകാശങ്ങള്‍ തിരിച്ചുപിടിക്കുന്നതിനു വേണ്ടി അവതീര്‍ണമായ വചനങ്ങളാണിവയിലുള്ളത്. അന്നിസാഅ് അധ്യായത്തിന്റെ പ്രാരംഭം മുതല്‍ അവസാനം വരെ, സ്ത്രീകളുടെയും യത്തീമുകളു(അനാഥകള്‍)ടെയും അവകാശത്തെക്കുറിച്ച ചര്‍ച്ചയാണ് കാണാനാവുക. യത്തീമുകളുടെ ധനസംരക്ഷണം, ബഹുഭാര്യത്വം, വിവാഹ വേളയില്‍ വരന്‍ വധുവിന് നല്‍കേണ്ട മഹ്‌റ്, വിവേകമെത്തിയ അനാഥകള്‍ക്ക് അവരുടെ ധനം തിരിച്ചേല്‍പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ആദ്യ ആറ് ആയത്തുകളില്‍ അന്നിസാഅ് കൈകാര്യം ചെയ്തതായി കാണാം.
   ശേഷമാണ് അനന്തരസ്വത്ത് വിഭജനത്തെക്കുറിച്ച ഖുര്‍ആനിക ചര്‍ച്ച ആരംഭിക്കുന്നത്. അനന്തരസ്വത്ത് വിഭജനം -മുസ്്ലിം പൊതുജനം തെറ്റിദ്ധരിച്ചതു പോലെ- കേവലം മൂന്ന് ആയത്തുകളില്‍ പരിമിതമല്ല. അവയ്ക്ക് മുമ്പുള്ള നാല് വചനങ്ങള്‍ ഉൾപ്പെടെ ഏഴ് ആയത്തുകള്‍ മുന്നോട്ടുവെക്കുന്ന കൃത്യവും വ്യക്തവുമായ വീക്ഷണമാണ് വിശുദ്ധ ഖുര്‍ആന്‍ അനന്തരസ്വത്തിന്റെ കാര്യത്തില്‍ സമർപ്പിക്കുന്നത്. മുതിര്‍ന്ന പുരുഷന്മാര്‍ മാത്രം അനന്തരമെടുത്തിരുന്ന കാലത്ത്, അനന്തരസ്വത്ത് എത്ര ചെറുതോ വലുതോ ആണെങ്കില്‍ പോലും പുരുഷനെപ്പോലെ സ്ത്രീക്കും അവയില്‍ അനിവാര്യമായ പങ്കുണ്ടെന്ന പ്രഖ്യാപനമാണ് ഖുര്‍ആന്‍ അധ്യായത്തിന്റെ ആമുഖമായി നടത്തിയത്. അതുമായി ബന്ധപ്പെട്ട അവതരണ പശ്ചാത്തലം ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലുണ്ട്.  അനന്തരാവകാശികളുടെ വിഹിതം നിര്‍ണയിക്കുന്നതിന് മുമ്പ് പാലിക്കേണ്ട നിയമങ്ങളിലേക്കാണ് പിന്നീട് ഖുര്‍ആന്‍ ശ്രദ്ധ ക്ഷണിക്കുന്നത്. അനന്തരാവകാശികള്‍ പ്രഥമമായി ചെയ്യേണ്ടത് നിലവിലെ കുടുംബ സാഹചര്യം വിലയിരുത്തുകയാണ്. അടുത്ത ബന്ധുക്കളോ അനാഥകളോ അഗതികളോ ആയ ദുര്‍ബലര്‍ തങ്ങളുടെ കുടുംബ ഘടനയിലുണ്ടെങ്കില്‍ ആദ്യം അവരുടെ ആവശ്യം പൂര്‍ത്തീകരിക്കുകയാണ് വേണ്ടത് (അന്നിസാഅ്  8). അനാഥനായ/ അനാഥയായ പേരക്കുട്ടിയെ ഉദാഹരണമായെടുക്കാം. വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച അടുത്ത ബന്ധു, അനാഥ, അഗതി തുടങ്ങിയ എല്ലാ വിശേഷണവും ആ പേരക്കുട്ടിയില്‍ ചേർന്നുവരുന്ന സാഹചര്യത്തില്‍ അവരെ സ്വയം പര്യാപ്തരാക്കുകയാണ് പ്രഥമമായി വേണ്ടതെന്ന് ഖുര്‍ആന്‍ പറയുന്നു. തങ്ങള്‍ക്ക് ശേഷം തങ്ങളുടെ മക്കള്‍ ഗതികെട്ട് ജീവിക്കേണ്ടി വരുമോയെന്ന ആശങ്കയില്ലാത്തവരില്ല. അതിനുള്ള പരിഹാരം തങ്ങള്‍ക്ക് കീഴിലുള്ള അനാഥകളുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയാണെന്ന് ശേഷം ഖുര്‍ആന്‍ താക്കീത് നല്‍കുകയും ചെയ്യുന്നു (അന്നിസാഅ്  9). അനാഥകളുടെ ഓഹരി അന്യായമായി ഭുജിക്കുന്നവര്‍ പരലോകത്ത് നരകത്തീയില്‍ വെന്തുരുകുമെന്ന താക്കീത് കൂടി ശേഷം അല്ലാഹു നല്‍കുന്നുണ്ട് (അന്നിസാഅ്  10).
തുടര്‍ച്ചയായ നാല് ആയത്തുകളില്‍ സ്ത്രീകളുടെയും അനാഥകളുടെയും ഓഹരിയെക്കുറിച്ച്, ഉദ്ബോധനത്തിന്റെയും താക്കീതിന്റെയും സ്വരത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കല്‍പനകള്‍ നല്‍കിയിരിക്കുന്നു. അനന്തരസ്വത്തില്‍ അവര്‍ക്ക് ഓഹരിയുണ്ടെന്നും, ആദ്യം നല്‍കേണ്ടത് അവര്‍ക്കാണെന്നും വ്യക്തമാക്കുന്നുണ്ട്. അവരുടെ ഓഹരി അളന്ന് മുറിച്ച് പരാമര്‍ശിച്ചില്ല എന്നത്, ഓഹരിയില്ല എന്നതിനെയല്ല, മറിച്ച് കണക്കുകൾക്കപ്പുറം സാഹചര്യം പരിശോധിച്ച് അവര്‍ക്കാവശ്യമായത്ര നല്‍കുകയാണ് വേണ്ടത് എന്നതിനെയാണ് കുറിക്കുന്നത്.
ഇവയെല്ലാം പരാമര്‍ശിച്ചതിന് ശേഷമാണ് അനന്തരസ്വത്ത് ഖുര്‍ആന്‍ കണക്ക് പറഞ്ഞ അവകാശികള്‍ക്കിടയില്‍ വീതം വെക്കേണ്ടത്. ഓരോരുത്തരുടെയും അവകാശങ്ങള്‍ നിര്‍ണയിച്ച ഖുര്‍ആന്‍, ഇവ നല്‍കേണ്ടത് കടവും വസ്വിയ്യത്തും പൂര്‍ത്തീകരിച്ചതിനു ശേഷമാണ് എന്നു കൂടി ഉണര്‍ത്തുന്നുണ്ട്.
കുടുംബ ഘടനയില്‍ ഏതെങ്കിലും ഒരു വ്യക്തി ദുര്‍ബലനായി ഒറ്റപ്പെട്ട് പോവാതിരിക്കാന്‍ ശരീഅത്ത് ഏർപ്പെടുത്തിയ ഉപകരണങ്ങളിലൊന്നാണ് വസ്വിയ്യത്ത്. അനന്തരാവകാശം നിര്‍ണയിക്കപ്പെടാത്ത, വ്യക്തിയുടെ ദാരിദ്ര്യം/ കഷ്ടപ്പാട് ഇങ്ങനെ വസ്വിയ്യത്ത് മുഖേന പരിഹരിക്കാവുന്നതാണ്. പ്രസ്തുത പ്രശ്‌നം അനുഭവിക്കുന്നത് അനന്തരാവകാശികളിലൊരാളാണെങ്കില്‍ നീതിക്ക് പോറലേല്‍ക്കാത്ത വിധത്തില്‍ 'ഹിബ' അഥവാ ഇഷ്ടദാനത്തിലൂടെ അതിനെയും മറികടക്കാം. അതേസമയം അനന്തരാവകാശികള്‍ക്ക് പോറലേല്‍ക്കുന്ന വിധത്തില്‍ മൂന്നിലൊന്നിനെക്കാള്‍ കൂടുതല്‍ വസ്വിയ്യത്ത് ചെയ്യുകയോ, ധാരാളമായി ദാനം നടത്തുകയോ ചെയ്യുന്നത് ശരീഅത്തിനും അത് താല്‍പര്യപ്പെടുന്ന നീതിക്കും വിരുദ്ധമാണ്.
   അനന്തരസ്വത്ത് വിഭജനത്തിലെ കണക്കുകളിലേക്ക് കടന്നാല്‍ പ്രാരംഭത്തിൽ പരാമർശിച്ചതു പോലെ 'ചിലയിടങ്ങളില്‍' പുരുഷന്മാര്‍ക്ക് സ്ത്രീകളെക്കാള്‍ കൂടുതല്‍ ഓഹരി കാണാം. ശരീഅത്ത് അവനെയേല്‍പിച്ച ബാധ്യതകള്‍ പൂര്‍ത്തീകരിക്കാനുള്ള ഒരു കൈത്താങ്ങ് മാത്രമാണത്. സ്ത്രീയുടെ സമ്പാദ്യങ്ങള്‍ (ശമ്പളം, അനന്തരവിഹിതം, മഹ്‌റ് തുടങ്ങിയ) ഏതൊരു സാഹചര്യത്തിലും കുടുംബപരമായ ചെലവിന് ഉപയോഗിക്കാനുള്ള ബാധ്യത അവര്‍ക്കില്ല. അതേസമയം തന്റെ കുടുംബ ഘടനയില്‍ ജീവിക്കുന്ന സ്ത്രീകളുടെ (ഭാര്യ, മകള്‍, ഉമ്മ, സഹോദരി) സാമ്പത്തിക ബാധ്യതകള്‍ പൂര്‍ത്തീകരിക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനുമാണ്.
മാത്രമല്ല, അനന്തരാവകാശ വിഭജനത്തില്‍ പുരുഷനായി എന്നതുകൊണ്ട് മാത്രം സ്ത്രീയെക്കാള്‍ കൂടുതല്‍ ഓഹരി ലഭിക്കുന്ന സാഹചര്യം ശരീഅത്ത് ഒരിക്കലും സൃഷ്ടിച്ചിട്ടില്ല. പരേതയുടെ ഭര്‍ത്താവിനെക്കാള്‍ പെണ്‍മക്കള്‍ അനന്തരമെടുക്കുന്ന സന്ദർഭങ്ങളും കാണാവുന്നതാണ്. പരേതനായ വ്യക്തിക്ക് മകളും ഉപ്പയും ഉമ്മയും മാത്രമുള്ള സാഹചര്യത്തില്‍ ഉപ്പക്ക് ആറിലൊന്ന് ലഭിക്കുമ്പോള്‍ മകള്‍ക്ക് സ്വത്തിന്റെ പകുതി ലഭിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു. ചുരുക്കത്തില്‍, പുരുഷനായി എന്നതുകൊണ്ട് അനന്തരസ്വത്തില്‍ കൂടുതല്‍ ഓഹരി ലഭിക്കുന്ന സാഹചര്യമില്ല. മറിച്ച്, ഏറ്റവും ഇളം തലമുറയിലേക്ക് കടന്നുവരുമ്പോള്‍ ഉത്തരവാദിത്വങ്ങളും ബാധ്യതകളും മുന്‍നിര്‍ത്തി 'ആനുകൂല്യങ്ങള്‍ അധിക ഭാരങ്ങളാണ്'  എന്ന കര്‍മശാസ്ത്ര തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ ആണ്‍മക്കള്‍ക്ക് പെണ്‍മക്കളുടെ ഇരട്ടി നല്‍കുകയാണ് ചെയ്യുന്നത്.
   ഇത്രയും സന്തുലിതവും കുറ്റമറ്റതുമായ നിയമങ്ങളാണ് ഇസ്്ലാമിക ശരീഅത്ത് അനന്തരാവകാശവുമായി ബന്ധപ്പെട്ട് മാനവ സമൂഹത്തിന് സമ്മാനിച്ചിട്ടുള്ളത്. ശരീഅത്ത് നിയമങ്ങളുടെ ആത്മാവ് അവ സമർപ്പിക്കുന്ന കേവലം കല്‍പനകളോ നിരോധങ്ങളോ കണക്കുകളോ അല്ല. മറിച്ച്, അവ പ്രയോഗവല്‍ക്കരിക്കുന്നിടത്ത് പുലര്‍ത്തേണ്ട ദൈവഭക്തിയും സൂക്ഷ്മതയുമാണ്. ഇവ മാറ്റിവെച്ചുകൊണ്ടുള്ള നിയമപാലനത്തിന് ശരീഅത്തില്‍ പ്രസക്തിയില്ലാത്തത് അതിനാലാണ്.
സമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ദാരിദ്ര്യം നിര്‍മാർജനം ചെയ്യുന്നതിന് ശരീഅത്ത് നിരവധി മാര്‍ഗങ്ങള്‍ അവലംബിച്ചിട്ടുണ്ട്. നിര്‍ബന്ധ ദാനം (സകാത്ത്), ഐഛിക ദാനം (സ്വദഖ), വഖ്ഫ് തുടങ്ങിയ മറ്റു മാര്‍ഗങ്ങളും ഇസ്്ലാം ആവിഷ്‌കരിച്ചിട്ടുണ്ട്. അനന്തരസ്വത്ത് വിഭജനം എന്നത് പ്രസ്തുത മാര്‍ഗത്തിലെ ഏറ്റവും ചെറിയ ഒരു സംവിധാനം മാത്രമാണ്. ഇവയെല്ലാം പരസ്പരം ചേർന്നുനിന്ന് പ്രവര്‍ത്തിക്കുന്നതു വഴി സാക്ഷാത്കൃതമാവുന്ന സാമ്പത്തിക സന്തുലിതത്വമാണ് ഇസ്്ലാം സ്വപ്‌നം കാണുന്നത്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 30-33
ടി.കെ ഉബൈദ്‌

ഹദീസ്‌

റമദാനിൽ പതിവാക്കിയ കർമങ്ങൾ തുടരണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്