Prabodhanm Weekly

Pages

Search

2023 മെയ് 05

3300

1444 ശവ്വാൽ 14

കുടുംബ- വ്യക്തി നിയമങ്ങളിലെ പരിഷ്‌കരണങ്ങള്‍

ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്

ഇസ്‌ലാമിന്റെ അനന്തരാവകാശ നിയമം ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്. ശരീഅത്ത് നിയമങ്ങളെ പൊതുവിലും അനന്തരാവകാശ നിയമത്തെ വിശേഷിച്ചും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങുവാഴുന്നു. എണ്‍പതുകളില്‍ ഇസ്‌ലാമിക ശരീഅത്തിനെതിരെ കച്ചമുറുക്കിയവരുടെ പിന്‍തലമുറക്കാര്‍ തന്നെയാണ്, ഇപ്പോള്‍ ഇസ്്ലാമിലെ പിന്തുടര്‍ച്ചാവകാശ നിയമത്തിനെതിരെയും ആദ്യ വെടിപൊട്ടിച്ചിരിക്കുന്നത്. ഇസ്്ലാമിലെ അന്തരാവകാശ നിയമം ആധുനിക സമത്വസങ്കൽപത്തിന് എതിരാണത്രെ. സ്ത്രീ-പുരുഷ വിഹിതത്തിലെ 'അസമത്വം' ഉയര്‍ത്തിക്കാട്ടി ഇസ് ലാമിലെ പിന്തുടര്‍ച്ചാവകാശ നിയമം മുമ്പും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 'പുരുഷന്റെ വിഹിതം രണ്ട് സ്ത്രീവിഹിതത്തിനു തുല്യമാകുന്നു' (ഖുർആന്‍ 4:11) എന്ന വിശുദ്ധ ഖുര്‍ആന്റെ സാര്‍വകാലിക പ്രഖ്യാപനമാണ് സ്ത്രീ-പുരുഷ തുല്യതക്കെതിരാണെന്നു വാദിക്കുന്നത്. അതിനാല്‍, അത് കാലോചിതമായി പരിഷ്‌കരിക്കണമെന്ന വാദവുമായാണ് ചിലര്‍ രംഗത്തുവന്നിരിക്കുന്നത്. ശരീഅത്ത് പരിഷ്‌കരണത്തിനു വേണ്ടി ഒരുവിഭാഗം വാദിക്കുമ്പോള്‍, ശരീഅത്ത് ദൈവപ്രോക്തമാകയാല്‍ ഒരു മാറ്റത്തിനും വിധേയമല്ലെന്ന മറുവാദവുമുണ്ട്. വിവാദത്തെ തുടര്‍ന്ന് നടന്ന ചാനല്‍ചര്‍ച്ചകളില്‍ ശരീഅത്ത് നിയമങ്ങളിലെ പരിഷ്‌കരണം ആവശ്യപ്പെടുന്നവര്‍ മുസ്്ലിം ലോകത്ത് അത്തരം കുറെയേറെ പരിഷ്‌കരണങ്ങള്‍ നടന്നതായും അവകാശപ്പെടുന്നു. ഏതായാലും, കേരളത്തിലെ മാധ്യമങ്ങള്‍ ഏറ്റെടുത്ത ഈ ചര്‍ച്ച, ഇസ്്ലാമിക ശരീഅത്തിനെ കുറിച്ച് പൊതുവായും പിന്തുടര്‍ച്ചാനിയമത്തെ കുറിച്ച് പ്രത്യേകമായും കൂടുതല്‍ പഠിക്കാനുള്ള അവസരങ്ങള്‍ ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നിട്ടിരിക്കുകയാണ്. 
പ്രസ്തുത വിഷയത്തില്‍, ആദ്യം ഉത്തരം ലഭിക്കേണ്ട ചോദ്യം ശരീഅത്ത് നിയമങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് മാറുമോ എന്നതാണ്.  മാറുമെങ്കില്‍, പരിഷ്‌കരണത്തിനു വിധേയമാകുന്ന നിയമങ്ങളില്‍ അനന്തരാവകാശ നിയമം ഉൾപ്പെടുമോ? ആധുനിക കാലത്ത് ശരീഅത്ത് നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവയേതാണ് തുടങ്ങിയ കാര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള അന്വേഷണമാണ് ഈ ലേഖനം.

മാറ്റമില്ലാത്ത അടിസ്ഥാനങ്ങളും
മാറുന്ന വിശദാംശങ്ങളും 
ശരീഅത്ത് നിയമങ്ങള്‍ കാലാനുസൃതം മാറുമോ എന്ന് ചോദിച്ചാല്‍, മാറുന്ന നിയമങ്ങളും ഒരിക്കലും മാറാത്ത സ്ഥായിയായ നിയമങ്ങളും അതിനുണ്ടെന്നാണ് ലളിതമായ ഉത്തരം. മതപരമോ മനുഷ്യ നിർമിതമോ ആയ നിയമവ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍, ഇസ്്ലാമിക ശരീഅത്തിന്റെ പ്രധാന സവിശേഷതയായി കാണാന്‍ കഴിയുക, അതിന്റെ മാറ്റമില്ലാത്ത അടിസ്ഥാനങ്ങളും മാറ്റത്തിനു വിധേയമാകുന്ന വിശദാംശങ്ങളുമാണ്. ഇസ്്ലാമിക ശരീഅത്തില്‍ സ്ഥല-കാല മാറ്റങ്ങള്‍ക്കനുസരിച്ച് മാറ്റത്തിനു വിധേയമാകുന്ന വശങ്ങളും (Variables), ഒരിക്കലും മാറ്റത്തിനു വിധേയമാകാത്ത സ്ഥായിയായ അടിസ്ഥാനങ്ങളും (Fundamentals) ഉണ്ട്. Unchanging Fundementals and Changing Variables, Eternal Fundamentals and Flexible Details ഇങ്ങനെ പല രീതിയില്‍ പണ്ഡിതന്‍മാര്‍ ആ സവിശേഷതയെ വ്യവഹരിക്കുന്നു. ഇസ്്ലാമിക ശരീഅത്തിന്റെ അടിസ്ഥാനങ്ങള്‍ ദൈവികമായതിനാല്‍ അവ എന്നെന്നും നിലനില്‍ക്കുന്നതും എല്ലാ പ്രദേശങ്ങളിലും പ്രസക്തവുമാണ്. എന്നാല്‍, മനുഷ്യജീവിതവുമായി ഈ തത്ത്വങ്ങളും നിയമങ്ങളും ബന്ധപ്പെടുന്ന അതിന്റെ ശാഖാപരമായ വശങ്ങളില്‍ മനുഷ്യന്റെ സ്ഥല-കാല സാഹചര്യങ്ങളുടെ തേട്ടങ്ങള്‍ക്കനുസരിച്ച് അതിന് പ്രായോഗികവും കാലികവുമായ രൂപങ്ങളുണ്ടാകും. അവയാകട്ടെ മാറ്റത്തിനു വിധേയമാകുന്നതുമാണ്. ദൈവിക വെളിപാടുകള്‍ക്കപ്പുറം, മനുഷ്യബുദ്ധി ഉപയോഗിച്ച് വിധികളിലേക്കും, നിലപാടുകളിലേക്കും സമീപനങ്ങളിലേക്കും എത്തുന്ന ഇജ്തിഹാദിന്റെ ഇടമാണത്.  
മനുഷ്യനില്‍ സ്ഥായിയായ ചില ഘടകങ്ങളും മാറിക്കൊണ്ടിരിക്കുന്ന ഘടകങ്ങളുമുണ്ട്. ഇസ്്ലാമിനുമുണ്ട് ഇതുപോലെ രണ്ട് വശങ്ങള്‍. സ്ഥിരമായതും, മാറ്റത്തിനും പരിഷ്‌കരണത്തിനും വിധേയമാകുന്ന വശങ്ങളും. ആറ് വിശ്വാസ കാര്യങ്ങളും അഞ്ച് അനുഷ്ഠാന കാര്യങ്ങളും ഒരിക്കലും മാറാത്ത ഇസ്്ലാമിന്റെ അടിസ്ഥാനങ്ങളാണ്. മാനവിക-ധാർമിക-സദാചാര മൂല്യങ്ങള്‍ക്കും മാറ്റം വരില്ല. സത്യവും ധർമവും നീതിയും കാരുണ്യവുമൊക്കെ എല്ലാ കാലത്തും എല്ലാ ദേശത്തെയും ഉന്നത മൂല്യങ്ങള്‍ തന്നെ. പൊതുവേ, ആരാധനാനുഷ്ഠാന കർമങ്ങള്‍ (Devotional) സ്ഥായിയായതും മനുഷ്യരുമായി ബന്ധപ്പെട്ട ഇടപാടുകള്‍ (മുആമലാത്ത്) പരിഷ്‌കരണ സ്വഭാവമുള്ളതുമാണ്. എന്നാല്‍, ഖുര്‍ആന്‍ ഖണ്ഡിത പ്രമാണങ്ങളായി വിധികള്‍ നല്‍കിയിട്ടുള്ള ഇസ്്ലാമിലെ (ഹുദൂദ്) ശിക്ഷാനിയമങ്ങളും, അനന്തരാവകാശ നിയമങ്ങളും മാറ്റമില്ലാതെ എല്ലാ കാലത്തേക്കുമുള്ള സ്ഥിരമായ കൽപനകളായാണ് മുസ്്ലിം ലോകം കണ്ടുവരുന്നത്. സ്ഥല-കാല മാറ്റങ്ങള്‍ക്കനുസരിച്ച് മാറുന്ന വിധികളല്ല അവ. 
ശരീഅത്ത് നിയമങ്ങളുടെ ഉദ്ദേശ്യലക്ഷ്യം മാനവ കുലത്തിന്റെ ക്ഷേമവും ഐശ്വര്യവുമാണ്. അതിന്റെ നിയമങ്ങള്‍ ഒന്നുകില്‍ ഭൗതികമോ അല്ലെങ്കില്‍ ആത്മീയമോ ആയ നന്മ മനുഷ്യന് പ്രദാനം ചെയ്യാനുദ്ദേശിച്ചുള്ളവയായിരിക്കും. ആ അർഥത്തില്‍ അനന്തരാവകാശ നിയമമടക്കമുള്ള ശരീഅത്തിന്റെ വിധികള്‍ മനുഷ്യക്ഷേമത്തിനാണ്. അല്ലാഹു ഉദ്ദേശിച്ച മുഴുവന്‍ നന്മകളും അതിലൂടെ ലഭ്യമാവണം. എന്നാല്‍, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ സ്ഥല-കാലങ്ങള്‍ക്കനുസരിച്ച് മാറും. ഇത്തരം സാഹചര്യങ്ങളില്‍ ജഡികമായ നിയമവ്യവസ്ഥ മനുഷ്യന്റെ ജീവിതപുരോഗതിക്ക് വിഘാതമായി നില്‍ക്കും. കാലാനുസൃതമായി അത് അപ്‌ഡേറ്റ് ചെയ്യേണ്ടതായി വരും. എന്നാല്‍, അടിസ്ഥാനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും അതുമായി സമരസപ്പെടാനുമുള്ള ശേഷി ഇസ്്ലാമിക ശരീഅത്തിനുണ്ട്. ശരീഅത്തിന്റെ ഈയൊരു പ്രത്യേകതയെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഉസ്വൂലീ പണ്ഡിതന്‍മാര്‍, സ്ഥല-കാല സാഹചര്യങ്ങളുടെ മാറ്റമനുസരിച്ച് ഫത്‌വ മാറും എന്ന തത്ത്വം ആവിഷ്‌കരിക്കുന്നത്. അഥവാ, സ്ഥല-കാല സാഹചര്യങ്ങളുടെ മാറ്റം ശരീഅത്ത് വിധികളുടെ മാറ്റത്തിലേക്ക് നയിക്കും. എന്നാല്‍, വിശുദ്ധ ഖുര്‍ആന്‍ ഖണ്ഡിതമായി അനുശാസിച്ചിട്ടുള്ള അടിസ്ഥാനങ്ങളിലല്ല ഈ മാറ്റങ്ങള്‍ പ്രകടമാവുക. മറിച്ച്, ഖുര്‍ആനിലും തിരുസുന്നത്തിലും നേര്‍ക്കു നേരെ പരാമര്‍ശിച്ചിട്ടില്ലാത്ത ഇജ്തിഹാദീ വിഷയങ്ങളിലാണ് ഈ മാറ്റങ്ങളുണ്ടാവുക. 

വ്യക്തി-കുടുംബ നിയമങ്ങളിലെ
പരിഷ്‌കരണങ്ങള്‍ 
ശരീഅത്ത് നിയമങ്ങളിലെ പരിഷ്‌കരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്, ശരീഅത്ത് നിയമങ്ങളെ പൂർണമായും പൊളിച്ചെഴുതുകയല്ല. മുകളില്‍ സൂചിപ്പിച്ചപോലെ, സ്ഥല-കാല മാറ്റങ്ങള്‍ക്കനുസൃതമായി ഇജ്തിഹാദീ വിഷയങ്ങളിലുള്ള മാറ്റങ്ങളാണ്. ആ അർഥത്തില്‍, തുര്‍ക്കിയ, ഈജിപ്ത്, തുനീഷ്യ, അവിഭക്ത ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ വ്യക്തി-കുടുംബ-വൈവാഹിക-പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. മുസ്്ലിം ലോകത്തെ വ്യക്തിനിയമങ്ങളില്‍ ആദ്യ പരിഷ്‌കരണ സംരംഭമായി അറിയപ്പെടുന്നത് 1917-ൽ ക്രോഡീകരിക്കപ്പെട്ട The Ottoman Law of Family Rights (OLFR) ആണ്. യൂറോപ്യന്‍ സ്വാധീനത്താല്‍ സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡായി നിർമിക്കപ്പെട്ട ഒന്നാണെന്ന ആക്ഷേപം അതിനെക്കുറിച്ചുണ്ട്. എന്നിരുന്നാലും, പുതിയ കോഡിഫിക്കേഷന്‍ വഴി ഉണ്ടായ പരിഷ്‌കരിക്കപ്പെട്ട പല നിയമങ്ങളും ഇസ്്ലാമിക ശരീഅത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ നിരാകരിക്കുന്നവയായിരുന്നില്ല എന്നതാണ് സത്യം. ഇജ്തിഹാദീപരമായ, പരിവര്‍ത്തനോന്‍മുഖമായ നിയമങ്ങളായിരുന്നു അവ. എന്നാല്‍, ആധുനികത കൊണ്ടുവന്ന പല പുതിയ ആശയങ്ങളും ജീവിതരീതികളുമാണ് ശരീഅത്ത് നിയമങ്ങളുടെ പരിഷ്‌കരണത്തിലേക്ക് നയിച്ചത്.  
1956-ല്‍ തുനീഷ്യയില്‍ നടപ്പാക്കിയ Tunisian Law of Personal Status പുരുഷന് ഒന്നില്‍ കൂടുതല്‍ വിവാഹം ചെയ്യുന്നത് കുറ്റകൃത്യമായി പ്രഖ്യാപിക്കുന്നതായിരുന്നു. നാല് വരെ വിവാഹം ചെയ്യാമെന്ന ശരീഅത്തിലെ ഉപാധികളോടെയുള്ള അനുമതി, പുരുഷന് ഇക്കാര്യത്തില്‍ നീതിപുലര്‍ത്തുക തീര്‍ത്തും അസാധ്യമായ കാര്യമാണെന്ന് ലോ കമ്മിറ്റി അംഗങ്ങള്‍ വ്യാഖ്യാനിച്ചു. എന്നാല്‍ ഖുര്‍ആന്റെ പ്രത്യക്ഷമായ അനുവാദത്തെ പരിഗണിക്കാതെ, അതില്‍ സൂചിപ്പിച്ച ഉപാധി പാലിക്കാന്‍ കഴിയില്ലെന്ന് വ്യാഖ്യാനിച്ച് നിയമനിർമാണം നടത്തിയത് വ്യാപകമായ എതിര്‍പ്പുകള്‍ക്ക് കാരണമായി. ബഹുഭാര്യത്വം കുറച്ചുകൊണ്ടുവരാന്‍ നിരവധി നിയമനിര്‍മാണങ്ങള്‍ ഈജിപ്തില്‍ 1920-കള്‍ മുതല്‍ ഉണ്ടായിട്ടുണ്ട്. 1960-കള്‍ മുതല്‍ ഈജിപ്തില്‍ കോടതിയുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ രണ്ടാം വിവാഹം സാധ്യമാവുകയുള്ളൂ. 1917-ല്‍ OLFR പ്രകാരം, ഭര്‍ത്താവ്, ആദ്യഭാര്യയുടെ അനുവാദമില്ലാതെ രണ്ടാം വിവാഹം ചെയ്താല്‍, ആദ്യഭാര്യയ്ക്ക് വിവാഹമോചനം നേടാനുള്ള അവകാശം വിവാഹഉടമ്പടിയില്‍ തന്നെ വകവെച്ചു നല്‍കുന്നതായിരുന്നു.  
'നുശൂസി' (ഭര്‍ത്താവിനോടുള്ള അനുസരണക്കേട്) ന് യൂറോപ്യന്‍ നിയമങ്ങളുടെ വെളിച്ചത്തില്‍ നല്‍കപ്പെട്ട നിര്‍വചനങ്ങളും കുടുംബനിയമങ്ങളിലെ പരിഷ്‌കരണമായി വിലയിരുത്തപ്പെടുന്നു. ആധുനികപൂര്‍വ ഫിഖ്ഹില്‍ 'നുശൂസ്' എന്നത് പൊതുവെ കിടപ്പറയിലെ അനുസരണക്കേടില്‍ പരിമിതമായിരുന്നുവെങ്കില്‍, സ്ത്രീയുടെ മറ്റു ഉത്തരവാദിത്വങ്ങളിലെ വീഴ്ചയും പരിഷ്‌കരിക്കപ്പെട്ട നിയമത്തില്‍ 'നുശൂസ്' ആയി പരിഗണിക്കപ്പെട്ടു. കുടുംബനാഥന്‍ എന്ന നിലയില്‍ സ്ത്രീ ഭര്‍ത്താവിനെ ആദരിച്ചില്ലെങ്കില്‍ അതും അനുസരണക്കേടിന്റെ പരിധിയില്‍ വരുമെന്ന് അള്‍ജീരിയയിലെ മുസ്്ലിം വ്യക്തിനിയമത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. മൊറോക്കോയില്‍ ഒരുപടി കൂടി കടന്ന്, ഭര്‍ത്താവിന്റെ മാതാപിതാക്കളെ ആദരിക്കുന്നതില്‍ വരുന്ന വീഴ്ചയും 'നുശൂസി'ന്റെ പരിധിയില്‍ പെടുമായിരുന്നു. 
ഭര്‍ത്താവ് കുടുംബകാര്യമന്വേഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, സ്ത്രീക്ക് ഒരു വര്‍ഷം കഴിയുന്നതോടെ ഭര്‍ത്താവിനെ ഖുല്‍അ് ചെയ്യാം എന്നതായിരുന്നു പ്രീമോഡേണ്‍ കാലത്തെ ഫിഖ്ഹ്. എന്നാല്‍, OLFR ലെ 116-ാം ആര്‍ട്ടിക്കിള്‍ അതില്‍ ഒരു ഭേദഗതി വരുത്തി. അതുപ്രകാരം, സ്ത്രീക്ക് ഭര്‍ത്താവിനെ ഖുല്‍അ് ചെയ്യണമെങ്കില്‍, ചെലവിന് നല്‍കാതിരിക്കുന്ന അവസ്ഥ ഒരു വര്‍ഷം പോരാ; നാലു വര്‍ഷം വേണമെന്നായി. പെണ്‍കുട്ടിയുടെയും പുരുഷന്റെയും വിവാഹപ്രായം ഉയര്‍ത്തുന്നതിലും പല കാലങ്ങളില്‍ നിയമം പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്.
ചുരുക്കത്തില്‍, OLFR-ല്‍ മുസ് ലിം വ്യക്തിനിയമത്തിലെ പരിഷ്‌കരണങ്ങളധികവും സ്ത്രീകളുടെ അവകാശങ്ങളെ വെട്ടിക്കുറക്കുന്നതായിരുന്നു. ഒരാളെയോ അയാളുടെ കുടുംബത്തെയോ മാത്രം ബാധിക്കാവുന്ന വിഷയങ്ങളില്‍, സ്റ്റേറ്റിന്റെ കൂടി നിയന്ത്രണത്തിലും നിരീക്ഷണത്തിലും ആകും വിധം നിയമങ്ങളെ പരിഷ്‌കരിച്ചുവെന്നതായിരുന്നു അതിന്റെ പ്രത്യേകത. 
യൂറോപ്യന്‍ സമ്പര്‍ക്കത്തിനു മുന്‍പുള്ള ഫിഖ്ഹില്‍, പുരുഷന്‍ കുടുംബത്തിലെ അധികാരകേന്ദ്രമായി പരിഗണിക്കപ്പെട്ടിരുന്നില്ല. വ്യക്തിപരവും സാമ്പത്തികവുമായ കാര്യങ്ങളില്‍ മുസ്്ലിം സ്ത്രീ കൂടുതല്‍ സ്വതന്ത്രയും അവകാശങ്ങളുള്ളവളുമായിരുന്നു. ഭാര്യയുടെ സമ്പത്തിന് മേല്‍ ഭര്‍ത്താവിന് നിയമപരമായി ഒരവകാശവുമുണ്ടായിരുന്നില്ല. ഭര്‍ത്താവ് തന്റെ മാതാപിതാക്കളെ എങ്ങനെ ബഹുമാനിക്കുന്നുവോ അതിലപ്പുറം ഭര്‍ത്താവിന്റെ മാതാപിതാക്കളെ ബഹുമാനിക്കേണ്ട അധിക ബാധ്യതയും സ്ത്രീക്കുണ്ടായിരുന്നില്ല. യൂറോപ്യന്‍ കോളനിവല്‍ക്കരണത്തെ തുടര്‍ന്ന് മുസ്്ലിം നിയമങ്ങളിലുണ്ടായ പരിഷ്‌കരണത്തിന്റെ പൊതുസ്വഭാവം, അത് പുരുഷകേന്ദ്രീകൃതവും വിവാഹത്തെ തുടര്‍ന്നുള്ള സ്ത്രീകളുടെ സ്വത്തവകാശം അവര്‍ക്ക് വകവെച്ചു നല്‍കാന്‍ മടികാണിക്കുന്നതുമായിരുന്നുവെന്ന് വാഇല്‍ ഹല്ലാഖ് നിരീക്ഷിക്കുന്നുണ്ട്. മുസ്്ലിം നാടുകളിലെ  ഈദൃശ നിയമ പരിഷ്‌കരണത്തിന് അവലംബമായ French Civil Code-ന്റെ സ്വാധീനം മൂലമാണ് ഈ നിയമങ്ങള്‍ പുരുഷകേന്ദ്രീകൃതമായത്.

പിന്തുടര്‍ച്ചാവകാശ നിയമങ്ങളിലെ
പരിഷ്‌കരണങ്ങള്‍ 
തഖയ്യുര്‍, തല്‍ഫീഖ് (selection, amalgamation) രീതികള്‍ അവലംബിച്ചുകൊണ്ടാണ് അനന്തരാവകാശ നിയമരംഗത്തെ പരിഷ്‌കരണങ്ങള്‍ ഏറിയ പങ്കും നടന്നത്. സ്വന്തം മദ്ഹബിലെ ഏറ്റവും ദുര്‍ബലമായ അഭിപ്രായവും മറ്റു മദ്ഹബുകളുടെ അഭിപ്രായങ്ങളും സംയോജിപ്പിച്ച് പുതിയ അഭിപ്രായം സ്വീകരിക്കുന്നതിനാണ് തഖയ്യുര്‍ എന്നു പറയുന്നത്.
പിതാവ് മരണപ്പെട്ട ഒരു മകള്‍ക്ക്, പിതൃസഹോദരന്‍ ഉണ്ടെങ്കില്‍, മകള്‍ക്കും പിതൃസഹോദരനും തുല്യമായി വീതിക്കണമെന്നാണ് പൊതുവില്‍ സുന്നികള്‍ക്കിടയിലെ നിയമം. എന്നാല്‍ ഇസ്്നാ അശരികള്‍ക്കിടയില്‍, ആ സ്വത്തിന്റെ അവകാശി മകളാണ്. ഇസ്‌നാ അശരികളായ ശീഇകളുടെ ഈ രീതി തഖയ്യുറിലൂടെ സ്വീകരിച്ച് സുന്നികളും ഇത് ഇന്ന് പിന്‍പറ്റുന്നു. ഇറാഖില്‍ സുന്നികളും കുര്‍ദുകളുമുള്‍പ്പെടുന്ന ഭൂരിപക്ഷം പേരും ഈ നിയമം പിന്തുടരുന്നു. 
മുഹമ്മദ് ശഹ്‌രൂരിനെപ്പോലെ, മോഡേണിസത്തില്‍ ആകൃഷ്ടരായ ചിന്തകര്‍ വിശുദ്ധ ഖുര്‍ആന്റെ (4: 11) വാക്യത്തിന് മറ്റൊരു വ്യാഖ്യാനമാണ് നല്‍കിയത്. ശഹ്്രൂരിന്റെ കാഴ്ചപ്പാടില്‍, പുരുഷന്റെയും സ്ത്രീയുടെയും ഓഹരിയുടെ ഏറ്റവും ഉയര്‍ന്ന അളവും ഏറ്റവും കുറഞ്ഞ അളവും പ്രഖ്യാപിച്ചിരിക്കുകയാണ് ഈ സൂക്തത്തിലൂടെ അല്ലാഹു. കുടുംബനാഥന്‍ ആരാണെങ്കിലും സ്ത്രീയുടെ വിഹിതം ഇവിടെ ഖുര്‍ആന്‍ പറഞ്ഞതില്‍നിന്ന് ഒട്ടും കുറഞ്ഞു പോകരുത്. പുരുഷവിഹിതം, ഖുര്‍ആന്‍ പറഞ്ഞ അളവില്‍നിന്ന് അല്‍പം പോലും കൂടാനും പാടില്ല. അതുപ്രകാരം, സ്ത്രീവിഹിതം ഏതു സാഹചര്യത്തിലും 33.33 ശതമാനത്തില്‍നിന്ന് കുറയാനോ പുരുഷവിഹിതം 66.6 ശതമാനം വിഹിതത്തില്‍നിന്ന് കൂടാനോ പാടില്ല. അതിനാല്‍, സ്ത്രീക്ക് 40 %-വും പുരുഷന് 60%-വും അനന്തരസ്വത്തില്‍ ഓഹരി നല്‍കുക. അതാകുമ്പോള്‍, അല്ലാഹു പുരുഷ ഓഹരിക്ക് നിശ്ചയിച്ച ഉയര്‍ന്ന പരിധിയും സ്ത്രീ ഓഹരിക്ക് നിശ്ചയിച്ച താഴ്ന്ന പരിധിയും ലംഘിക്കപ്പെടുകയില്ല. എന്നാല്‍ ശഹ്്രൂരിന്റെ അഭിപ്രായം മുന്‍നിര്‍ത്തി, ലോകത്ത് ഒരിടത്തും ശരീഅത്ത് നിയമം പരിഷ്‌കരിക്കപ്പെട്ടതായി അറിയില്ല. പ്രസ്തുത സൂക്തത്തിന്റെ ഒറ്റപ്പെട്ട വ്യാഖ്യാനമായി അത് കരുതപ്പെട്ടു. 
1946-ല്‍ ഈജിപ്തില്‍ നിലവില്‍വന്ന Egyptian Law of Testamentary Disposition(ELTD)-ഉം അനന്തര സ്വത്തിന്റെ വിഭജനത്തിലെ നിയമപരിഷ്‌കരണമായിരുന്നു. അക്കാലത്ത് ജീവിച്ചിരുന്ന നാല് മദ്ഹബിന്റെയും പ്രമുഖ പണ്ഡിതന്‍മാരുടെ ഇജ്മാഇല്‍ ആയിരുന്നു ഈ പരിഷ്‌കരണങ്ങളൊക്കെ. ഇതുപ്രകാരം, അനന്തരാവകാശികള്‍ക്ക് ഒസ്യത്തിലൂടെ സ്വത്ത് കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ലെന്നും സ്വത്തിന്റെ മൂന്നില്‍ ഒന്ന് മാത്രമേ ഒസ്യത്തിന് പരിഗണിക്കാന്‍ പാടുള്ളൂവെന്നും, അനന്തരാവകാശത്തിലൂടെ സ്വത്ത് ലഭിക്കുന്നവരെ പിന്നെ ഒസ്യത്തില്‍ പരിഗണിക്കരുത് എന്നുമുള്ള നിയമങ്ങള്‍ ELTD വഴി വന്നതാണ്. 

തുനീഷ്യയിലെ പുതിയ നിയമം
അനന്തരാവകാശ സ്വത്തില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം വേണമെന്ന മുറവിളികള്‍ ആധുനിക കാലത്ത് ആരംഭിക്കുന്നത് തുനീഷ്യയില്‍ നിന്നാണ്. 2018-ല്‍ അത്തരമൊരു നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് തുനീഷ്യന്‍ പാര്‍ലമെന്റ് ആലോചിച്ചു. 2017 ആഗസ്റ്റില്‍ അന്നത്തെ തുനീഷ്യന്‍ പ്രസിഡന്റ്, ബാജി ഖായിദ് സബ്‌സി, Commitee on Individual Rights and Equality എന്ന പേരില്‍ രാജ്യത്തെ ജനങ്ങളുടെ വ്യക്തിഗത അവകാശങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചു. 2018 ജൂണ്‍ 1-ന് ഈ കമ്മിറ്റി, പൗരന്‍മാരുടെ അവകാശങ്ങളില്‍ പരിഷ്‌കരണം ആവശ്യപ്പെടുന്ന 235 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കമ്മിറ്റിയുടെ ശിപാര്‍ശ പരിഗണിച്ച് രാജ്യത്ത് നിലവിലുള്ള 1956 വ്യക്തി നിയമങ്ങൾ പരിഷ്‌കരിക്കുകയും ചെയ്തു. ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു അനന്തരസ്വത്തില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം വേണമെന്നത്. മുല്ലപ്പൂ വിപ്ലവാനന്തരം, 2014-ല്‍ നിലവില്‍ വന്ന ഭരണഘടനപ്രകാരം അത്തരമൊരു നിയമം പാസാക്കിയെടുക്കണമെങ്കില്‍, പാര്‍ലമെന്റിനകത്ത് അത് ചര്‍ച്ച ചെയ്യുകയും വോട്ടിനിടുകയും ചെയ്യണമായിരുന്നു. എന്നാല്‍, ആ വര്‍ഷം പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെയും പൊതുജനങ്ങളുടെയും എതിര്‍പ്പ് പരിഗണിച്ച് ആ നിയമം പാസായില്ല. 52% സ്ത്രീകളും 75% പുരുഷന്‍മാരും ഇസ്്ലാമിക അനന്തരാവകാശ നിയമത്തിനെതിരായുള്ള പരിഷ്‌കരണത്തെ എതിര്‍ത്തുവെന്നാണ് ഒരു റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ പണ്ഡിതന്‍മാരും അന്നഹ്ദ പോലുള്ള സംഘടനകളും ഈ പരിഷ്‌കരണത്തെ എതിര്‍ത്തിട്ടുണ്ട്. എതിര്‍പ്പ് ശക്തമായപ്പോള്‍, സ്വത്തില്‍ തുല്യാവകാശം സ്വീകരിക്കാനോ ഖുര്‍ആന്‍ നിര്‍ദേശിച്ച പ്രകാരം, പുരുഷവിഹിതത്തിന്റെ പാതി സ്വീകരിക്കാനോ സ്ത്രീക്ക് അനുവാദം നല്‍കുന്ന രീതിയിലാണ് നിയമം ഇപ്പോള്‍ രാജ്യത്ത് പ്രാബല്യത്തിലുള്ളത്.

പരിഷ്‌കരണങ്ങളോടുള്ള നിലപാട്
മുസ്്ലിം ലോകത്തുണ്ടായ ശരീഅത്ത് നിയമ പരിഷ്‌കരണങ്ങളില്‍ സ്വീകാര്യമായവയും അല്ലാത്തവയുമുണ്ട്. സമൂഹത്തില്‍ പുതിയ സാഹചര്യങ്ങളും പ്രശ്‌നങ്ങളും ഉടലെടുക്കുമ്പോള്‍ അവയോടുള്ള വിശ്വാസിയുടെ സമീപനം രൂപപ്പെടുത്താനുള്ള മെക്കാനിസം ഈ ദീനിന്റെ തന്നെ ഭാഗമാണ്. അതാണ് ഇജ്തിഹാദ്. വിവിധ കാലഘട്ടങ്ങളിലെ പണ്ഡിതന്‍മാര്‍ ഇജ്തിഹാദിലൂടെ എത്തിയ മതവിധികളും സമീപനങ്ങളും നിലപാടുകളുമൊക്കെ സ്ഥല-കാല സാഹചര്യങ്ങളുടെ തേട്ടങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശരീഅത്തിന്റെ വികസനോന്‍മുഖതയെ കുറിക്കുന്നു. മേല്‍ സൂചിപ്പിച്ച ശരീഅത്തിന്റെ മാറ്റത്തിന്റെ വശമാണത്. പണ്ഡിതന്‍മാരുടെ അത്തരം ഇജ്തിഹാദുകളെ മുസ്്ലിം ലോകം എന്നും അംഗീകരിച്ചുപോന്നിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് മുസ്്ലിം ലോകത്ത് പൊതുവില്‍ ഉണ്ടായ കുടുംബ-വ്യക്തിനിയമങ്ങളിലെ പരിഷ്‌കരണം, ജനങ്ങള്‍ക്ക് അനുയോജ്യവും കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് ഏറെ അടുത്തു നില്‍ക്കുന്നതുമായ നിയമങ്ങള്‍ കൊണ്ടുവരാനാണ് എന്ന് ശൈഖ് അബൂ സഹ്്റ നിരീക്ഷിക്കുന്നുണ്ട്. അതിനു വേണ്ടി പ്രമുഖ നാല് മദ്ഹബുകളില്‍ നിന്ന് നിര്‍ധാരണം ചെയ്ത് നിയമങ്ങള്‍ എടുത്തു. 1915-ല്‍ ഈജിപ്തില്‍ അങ്ങനെ ഒരു പരിഷ്‌കരണം കൊണ്ടുവരുമ്പോള്‍, ആ നിയമ പരിഷ്‌കരണ കമ്മിറ്റിയില്‍ നാല് മദ്ഹബുകളെയും പ്രതിനിധാനം ചെയ്യുന്ന പണ്ഡിതന്‍മാരുണ്ടായിരുന്നു. പ്രീ മോഡേണ്‍ ഫിഖ്ഹില്‍ നിന്ന് വ്യത്യസ്തമായി, എല്ലാ മദ്ഹബുകളുടെയും പ്രമുഖ പണ്ഡിതന്‍മാരുടെ അറിവോടും സമ്മതത്തോടും കൂടിയുള്ള ഇത്തരം പരിഷ്‌കരണങ്ങളാണ് മുസ്്ലിം ലോകം സ്വീകരിച്ച സര്‍വാംഗീകൃതമായ ശരീഅത്ത് നിയമങ്ങള്‍. 
മുസ്്ലിം ലോകം സ്വീകരിക്കാത്ത പരിഷ്‌കരണ നടപടികളും മുസ്്ലിം നാടുകളില്‍ ഉണ്ടായിട്ടുണ്ട്. മുസ്്ലിം ഭരണാധികാരികള്‍ നടപ്പാക്കുന്ന എല്ലാ നിയമങ്ങളും ശരീഅത്തിലെ നിയമാനുസൃത പരിഷ്‌കരണമായി വിലയിരുത്തുന്നത് ശരിയല്ല. ശരീഅത്തിന്റെ സ്ഥായിയായ അടിസ്ഥാനങ്ങളെയും മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത നിയമങ്ങളെയും തകിടംമറിക്കാനുള്ള ശ്രമങ്ങളും പരിഷ്‌കരണത്തിന്റെ പേരില്‍ മുസ്്ലിം നാടുകളില്‍ അരങ്ങേറിയിട്ടുണ്ട്. കോളനിവല്‍ക്കരണത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ മൂല്യസങ്കൽപങ്ങളാല്‍ സ്വാധീനിക്കപ്പെട്ട് നിരവധി പരിഷ്‌കരണങ്ങള്‍ക്ക് മുസ്്ലിം ലോകം സാക്ഷിയായി. പടിഞ്ഞാറിനെ അന്ധമായി അനുകരിക്കാന്‍ തുനിഞ്ഞ ഭരണാധികാരികളുടെ അത്തരം 'പരിഷ്‌കരണങ്ങള്‍' മുസ്്ലിം ലോകത്തിന്റെ വലിയ എതിര്‍പ്പുകള്‍ക്കിടയില്‍ അടിച്ചേൽപിക്കപ്പെടുകയായിരുന്നു. ബാങ്ക്, ഹിജാബ്, താടി പോലുള്ള മുസ്്ലിം ചിഹ്നങ്ങളെ നിരോധിച്ച ഭരണാധികാരികള്‍ ഉണ്ടായിരുന്നു. പൗരന്‍മാരുടെ ആരോഗ്യസംരക്ഷണം പറഞ്ഞ്, റമദാനില്‍ വ്രതമെടുക്കുന്നതിനെ പരസ്യമായി നിരുത്സാഹപ്പെടുത്തിയ ഭരണാധികാരികളും കഴിഞ്ഞുപോയിട്ടുണ്ട്. ആ നടപടികളൊക്കെയും അവരെ സംബന്ധിച്ചേടത്തോളം, പരിഷ്‌കരണങ്ങളാ (reforms) യിരുന്നു. പക്ഷേ, അവയൊന്നും മുസ്്ലിം ലോകം സ്വീകരിച്ച ഇസ്്ലാമിക നിയമ പരിഷ്‌കരണങ്ങളായി ഗണിക്കാന്‍ കഴിയുന്നതല്ല. യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ക്ക് ദാസ്യവേല ചെയ്തിരുന്ന മുസ്‌ലിം ഭരണാധികാരികളുടെ ഇത്തരം പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ ഇസ്്ലാമിക ലോകത്തെ പണ്ഡിതന്‍മാരും മുസ്്ലിം ജനസാമാന്യവും എതിര്‍ത്ത ചരിത്രമാണുള്ളത്. അള്‍ട്രാ സെക്യുലറിസത്തെ ഒരിക്കല്‍കൂടി ആശ്ലേഷിക്കാന്‍ ശ്രമിക്കുന്ന, തുനീഷ്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഈ പുതിയ നിയമവും അതുപോലെ ഒന്നു മാത്രമാണ്. l

References:
Wael B Hallaq- Shariah: Theory, Practice and Transformations, (Cambridge: Cambridge University Press, 2014)
Wael B. Hallaq- A History of Islamic Legal Theories: An Introduction to Sunni Usul al-Fiqh, (Cambridge: Cambridge University Press, 1997)
Ahmad Souaiaia- Hope Springs Eternal, Reforming Inheritance Law in Islamic Society 
Nazir Khan- Woman in Islamic Law: Examining Five Prevalent Myth, Yaqeen Institute for Islamic Research 
ഇമാം മുഹമ്മദ് അബൂ സഹ്‌റ- അല്‍ അഹ്്വാലുശ്ശഖ്സ്വിയ്യ, (കൈറോ: ദാറുല്‍ ഫിക്്രില്‍ അറബി, 1957)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 30-33
ടി.കെ ഉബൈദ്‌

ഹദീസ്‌

റമദാനിൽ പതിവാക്കിയ കർമങ്ങൾ തുടരണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്