Prabodhanm Weekly

Pages

Search

2023 മെയ് 05

3300

1444 ശവ്വാൽ 14

റമദാനിൽ പതിവാക്കിയ കർമങ്ങൾ തുടരണം

ഡോ. മുഹമ്മദ് പാണ്ടിക്കാട്

عَنْ ‌عَلْقَمَة قَالَ: قُلتُ لِعَائِشَةَ رَضِيَ اللَّهُ عَنْهَا: ''هلْ كانَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ يَخْتَصُّ مِنَ الأيَّامِ شيئًا ؟ ''  قالَتْ:  "لَا، كانَ عَمَلُهُ دِيمَةً، وأَيُّكُمْ يُطِيقُ ما كانَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ يُطِيقُ؟!''  (البخاري)

 

അൽഖമ (റ) പറഞ്ഞു. ഞാൻ ആഇശ (റ)യോട് ചോദിച്ചു: "അല്ലാഹുവിന്റെ റസൂൽ ഏതെങ്കിലും ദിനങ്ങളെ  പുണ്യങ്ങൾക്കായി പ്രത്യേകമാക്കാറുണ്ടോ?"  അവർ പറഞ്ഞു: '' ഇല്ല; തിരുദൂതരുടെ കർമങ്ങളധികവും പതിവായി ചെയ്യുന്നവയായിരുന്നു. അല്ലാഹുവിന്റെ റസൂലിന് 
സാധിക്കുന്നത്ര നിങ്ങളിൽ ആർക്കാണ് സാധിക്കുക ?" (ബുഖാരി)

 

അല്ലാഹുവും റസൂലും നിശ്ചയിച്ച മഹത്വങ്ങളും പ്രാധാന്യങ്ങളുമല്ലാതെ മറ്റൊന്നും ഒരു ദിനത്തിനുമില്ല, ആരാധനാനുഷ്ഠാനങ്ങൾക്കും സത്കർമങ്ങൾക്കുമുള്ള കവാടങ്ങൾ എപ്പോഴും വിശ്വാസികളുടെ മുന്നിൽ തുറന്നിട്ടിരിക്കുന്നു എന്നെല്ലാമാണ് ഹദീസ് നൽകുന്ന പാഠങ്ങൾ.
 പരിമിതമാണെങ്കിലും പതിവായി ചെയ്യുന്ന പുണ്യങ്ങൾക്കാണ് അല്ലാഹുവിന്റെയടുക്കൽ ഏറെ മഹത്വമുള്ളത്. സത്കർമങ്ങൾക്കായി ഏതെങ്കിലും മാസത്തിലെ ദിനങ്ങളെ മാത്രം  പ്രത്യേകമാക്കാറുണ്ടോ എന്ന ചോദ്യത്തിന് നിഷേധരൂപത്തിലായിരുന്നു ആഇശ(റ)യുടെ മറുപടി.
ശരീഅത്ത് പ്രത്യേകം പദവി നൽകിയ മാസങ്ങളും ദിനങ്ങളും ഇതിന്റെ വിവക്ഷയിൽ വരില്ലെന്ന് പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്.
നബി(സ)യുടെ ആരാധനാനുഷ്ഠാനങ്ങളധികവും പതിവായി ചെയ്യുന്നതായിരുന്നു. ഇടിയും മിന്നലുമില്ലാതെ ശാന്തമായി, ഇടമുറിയാതെ വർഷിക്കുന്ന മഴക്കാണ്  الدِّيمةُ എന്ന് പറയുക.  പ്രവാചകന്റെ ഇബാദത്തുകൾ തോരാതെ പെയ്യുന്ന ചാറ്റൽ മഴപോലെയായിരുന്നു. കുറച്ചാണെങ്കിലും അത് പതിവായി ചെയ്തിരുന്നു എന്ന് സാരം. മറ്റുള്ളവർക്ക് സാധിക്കാത്ത ഇബാദത്തുകൾ നിർവഹിക്കാൻ നബി (സ) ക്ക് കഴിയുമായിരുന്നു എന്നും ആഇശ (റ) സൂചിപ്പിക്കുന്നു.
അതായത്, വേണമെങ്കിൽ ധാരാളം പുണ്യ പ്രവൃത്തികൾ ഒന്നിച്ച് ഒരേസമയം നിർവഹിക്കാൻ പ്രവാചകന് കഴിയുമായിരുന്നു. എങ്കിലും എന്നെന്നും നിർവഹിക്കാനാവുന്നവ ചെയ്യുക എന്ന നിലപാടാണ് ഐച്ഛിക വിഷയങ്ങളിൽ നബി(സ) സ്വീകരിച്ചത്.
റമദാനിന് ശേഷം വിശ്രമം എന്നതിന് ഇസ്്ലാമിൽ അടിത്തറയില്ല. ഖുർആൻ പാരായണം, ജമാഅത്ത് നമസ്കാരം, ദാന ധർമങ്ങൾ, രാത്രി നമസ്കാരം, ദിക്ർ-ദുആകൾ   തുടങ്ങിയവയൊന്നും റമദാനിൽ മാത്രം സംഭവിക്കേണ്ടവയല്ല; എല്ലാ കാലത്തേക്കുമായി അല്ലാഹു നിശ്ചയിച്ചതാണ്. റമദാനിൽ അവക്ക് കൂടുതൽ പ്രതിഫലമുണ്ടെന്ന് മാത്രം.
ഇമാം അഹ്്മദി(റ)നോട് ഒരാൾ ചോദിച്ചു: ''എപ്പോഴാണ് ഒരു വിശ്വാസി വിശ്രമത്തിന്റെ രുചി നുകരുക? "
അദ്ദേഹം പറഞ്ഞു: ''അവന്റെ കാൽപ്പാദങ്ങൾ സ്വർഗത്തിൽ പതിക്കുമ്പോൾ" (അൽ മഖ്സ്വദുൽ അർശദ്).
വിശുദ്ധ ഖുർആൻ പറഞ്ഞു: "ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ അതിലടിയുറച്ചു നില്‍ക്കുകയും ചെയ്തവരുടെ അടുത്ത് തീര്‍ച്ചയായും മലക്കുകളിറങ്ങിവന്ന് ഇങ്ങനെ പറയും: നിങ്ങള്‍ ഭയപ്പെടേണ്ട, ദുഃഖിക്കേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗത്തെ സംബന്ധിച്ച ശുഭവാര്‍ത്തയില്‍ സന്തുഷ്ടരാവുക'' (41:30). ഒരിക്കല്‍ മിമ്പറില്‍വെച്ച് ഈ സൂക്തം ഉദ്ധരിച്ച് ഹ. ഉമര്‍(റ) പറഞ്ഞു:  ''അല്ലാഹുവാണ് സത്യം,  എന്റെ റബ്ബ് അല്ലാഹുവാണ് എന്ന ആദര്‍ശത്തില്‍ നിലകൊള്ളുന്നവര്‍ അല്ലാഹുവിനെ അനുസരിക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നവരാകുന്നു. അവര്‍ കുറുക്കന്മാരെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരിക്കുകയില്ല'' (ഇബ്‌നു ജരീര്‍).
ഇമാം ശാഫിഈ (റ) പറഞ്ഞു: "മനുഷ്യത്വമുള്ള ഒരാൾക്ക് വിശ്രമത്തിന്റെ രുചി അറിയാനാവില്ല. ഭൗതിക ലോകത്ത് അവനെപ്പോഴും കഠിനാധ്വാനത്തിലും ക്ലേശത്തിലുമായിരിക്കും. അവൻ അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ" (www.islamweb.net).
പതിവാക്കിയ പുണ്യകർമത്തെ അകാരണമായി ഉപേക്ഷിക്കുന്നതിനെതിരെ നബി(സ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അംറുബ്്നുൽ ആസ്വിന്റെ മകൻ അബ്ദുല്ല(റ)യോട് നബി പറഞ്ഞു:
يا عَبْدَ اللَّهِ، لا تَكُنْ مِثْلَ فُلانٍ؛ كانَ يَقُومُ اللَّيْلَ، فَتَرَكَ قِيَامَ اللَّيْلِ
'' അബ്ദുല്ലാ.. നീ  ഒരാളെപ്പോലെയാവരുത്. അദ്ദേഹം രാത്രി നമസ്കാരം നിർവഹിക്കുന്നവനായിരുന്നു. പിന്നീടത് ഉപേക്ഷിച്ചു'' (ബുഖാരി). l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 30-33
ടി.കെ ഉബൈദ്‌

ഹദീസ്‌

റമദാനിൽ പതിവാക്കിയ കർമങ്ങൾ തുടരണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്