ഇസ്്ലാമിലെ അനന്തരാവകാശ നിയമം സ്ത്രീ-പുരുഷ വിവേചനമുണ്ടോ?
മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ അനന്തരാവകാശത്തിലും സ്ത്രീയെ രണ്ടാം പൗരയായി മാത്രമേ ഇസ്്ലാം കാണുന്നുള്ളൂ എന്നാണ് വിമര്‍ശകരുടെ ആരോപണത്തിന്റെ കാതല്‍. സ്ത്രീയുടെ സ്വത്തോഹരി, പൗത്രന്റെ അവകാശം, സംരക്ഷണോത്തരവാദിത്വം ഏറ്റെടുക്കാത്ത ബന്ധുക്കള്‍ക്ക് സ്വത്തോഹരി നല്‍കുന്നതിലെ അനൗചിത്യം തുടങ്ങിയവയാണ് സാധാരണ കേള്‍ക്കുന്ന പ്രധാന ആരോപണങ്ങള്‍. ഈ മൂന്ന് ആരോപണങ്ങളെയും ഖുര്‍ആനിന്റെയും ഹദീസിന്റെയും ഇസ്്ലാമിക അധ്യാപനങ്ങളുടെയും വെളിച്ചത്തില്‍ വളരെ ചുരുക്കി വിശകലനം ചെയ്യുകയാണിവിടെ.
മൂന്ന് വിമര്‍ശനങ്ങള്‍; വസ്തുതകള്‍
1. സ്ത്രീയുടെ സ്വത്തവകാശം
ഇസ്്ലാമിലെ അനന്തരാവകാശത്തില്‍ സ്ത്രീയെ പാടേ അവഗണിച്ചുവെന്നും, അഥവാ നല്‍കുന്നുവെങ്കില്‍ തന്നെ അത് പുരുഷന് ലഭിക്കുന്നതിന്റെ പകുതിയേ നല്‍കുന്നുള്ളൂ എന്നുമാണ് ഈ വിമര്‍ശനത്തിന്റെ ചുരുക്കം.
വസ്തുതകള്‍
• അനന്തരസ്വത്തില്‍ പുരുഷന്നും സ്ത്രീക്കും ഓഹരി ലഭിക്കും എന്നത് ഖുര്‍ആന്‍ വളരെ ഖണ്ഡിതമായി പ്രഖ്യാപിച്ചതാണ്. അതില്‍ യാതൊരു മാറ്റവും വരുത്താന്‍ പാടില്ല.
• لِّلرِّجَالِ نَصِيبٞ مِّمَّا تَرَكَ ٱلۡوَٰلِدَانِ وَٱلۡأَقۡرَبُونَ وَلِلنِّسَآءِ نَصِيبٞ مِّمَّا تَرَكَ ٱلۡوَٰلِدَانِ وَٱلۡأَقۡرَبُونَ مِمَّا قَلَّ مِنۡهُ أَوۡ كَثُرَۚ نَصِيبٗا مَّفۡرُوضٗا
(മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്‍മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്. സ്വത്ത് കുറഞ്ഞതായാലും കൂടിയതായാലും ശരി. ഈ വിഹിതം അല്ലാഹുവിനാല്‍ നിർണിതമാകുന്നു - അന്നിസാഅ് 7).
• സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പൊതുവേ പുല്ലിംഗമായി മാത്രം കാര്യങ്ങള്‍ പറയുന്ന ഖുര്‍ആന്‍, അപൂർവം ചില സ്ഥലങ്ങളില്‍ മാത്രമാണ് സ്ത്രീകളുടെ കാര്യം പ്രത്യേകം എടുത്തുപറയുന്നത്. അത് അവയുടെ പ്രാധാന്യം കണക്കിലെടുത്താണ്.
• അനന്തരാവകാശത്തില്‍ സ്ത്രീയുടെ ഓഹരി നിശ്ചയിക്കുന്ന ഖുര്‍ആന്‍, അതില്‍ ജനങ്ങള്‍ അശ്രദ്ധരോ അലസരോ ആവാന്‍ ഒരു നിലക്കും അവസരം നല്‍കുന്നില്ല. സ്ത്രീയുടെ ഓഹരിയെ പ്രത്യേകം എടുത്തുപറയുന്നതിലൂടെ അവളുടെ ഓഹരി ഒരിക്കലും നഷ്ടപ്പെടാന്‍ ഇടയില്ലാത്ത വിധം സ്ഥാപിതമായി.
• മറ്റ് അനന്തരസ്വത്തുക്കളോടൊപ്പം സ്ത്രീകളെയും അനന്തരം എടുത്തിരുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ സ്ത്രീക്ക് ലഭിച്ച അത്യുന്നതമായ ആദരവായിരുന്നു അവള്‍ക്ക് അനുവദിച്ചുകിട്ടിയ സ്വത്തോഹരി. അതിലൂടെ അവളുടെ സാമൂഹിക സ്ഥാനം നിർണയിക്കപ്പെട്ടു. അവളെയും പുരുഷനെപ്പോലെ സമൂഹത്തിലെ ഒരു വ്യക്തിയായി പരിഗണിച്ചു.
• യുദ്ധത്തില്‍ പങ്കെടുക്കുന്ന അരോഗദൃഢഗാത്രരായ പുരുഷന്മാര്‍ മാത്രം അനന്തരാവകാശികളായി പരിഗണിക്കപ്പെട്ടിരുന്ന ഒരു വ്യവസ്ഥിതിയെ മുച്ചൂടും മാറ്റിപ്പണിത്, കുട്ടികളും സ്ത്രീകളും ഉൾപ്പെടെ പരേതന്റെ അടുത്ത ബന്ധുക്കള്‍ മുഴുവന്‍ അവകാശികളാവുന്ന പുതിയ നിയമനിർമാണമാണ് ഇതിലൂടെ ഖുര്‍ആന്‍ നടത്തുന്നത്.
• വിമര്‍ശനങ്ങളില്‍ ആരോപിക്കുന്നതുപോലെ, പുരുഷന്റെ പകുതിയല്ല സ്ത്രീയുടെ ഓഹരി. മറിച്ച്, لِلذَّكَرِ مِثْلُ حَظِّ الأُنْثَيَيْنِ (രണ്ട് സ്ത്രീകളുടെ ഓഹരി ഒരു പുരുഷന്) എന്നാണ് ഖുര്‍ആന്റെ പ്രയോഗം.
• ആ പ്രയോഗം തന്നെ സ്ത്രീയുടെ പദവിയെ അംഗീകരിക്കുകയും അവളെ ആദരിക്കുകയും ചെയ്യുകയാണ്. സ്ത്രീയുടെ ഓഹരിയാണ് മൊത്തം അനന്തരാവകാശ ഓഹരികളുടെ ആധാരമായ അളവുകോല്‍.
• സ്ത്രീയുടെ ഓഹരിയാണ് പല കേസുകളിലും പുരുഷന്മാരുടെ ഓഹരി നിശ്ചയിക്കുന്ന അളവുകോലായി വര്‍ത്തിക്കുന്നത്.
• അവകാശികളായ മിക്കവാറും എല്ലാ സ്ത്രീകള്‍ക്കും അവരുടെ ഓഹരി എത്രയാണെന്ന് ഖുര്‍ആന്‍ നിർണയിച്ചു.
• എന്നാല്‍ പുരുഷന്മാരില്‍ ചിലരുടെ ഓഹരി മാത്രമേ നിർണയിച്ചിട്ടുള്ളൂ.
• ബാക്കിയുള്ള പുരുഷ അവകാശികള്‍ക്ക്, മറ്റുള്ള നിര്‍ണിത ഓഹരി അവകാശികള്‍ക്ക് അവരുടെ ഓഹരി കൊടുത്ത ശേഷം ബാക്കിയാവുന്നതാണ് ലഭിക്കുക.
എന്നിട്ടും എന്തുകൊണ്ടാണ് ചില കേസുകളില്‍ പുരുഷന് അധികം ഓഹരിയും സ്ത്രീക്ക് കുറവ് ഓഹരിയും ലഭിക്കാന്‍ കാരണം എന്ന് പരിശോധിക്കാം:
1. സ്ത്രീയുടെ പൂർണ സംരക്ഷണം പുരുഷന്റെ ഉത്തരവാദിത്വം (قوّامة) ആണ്.
അനന്തരാവകാശ നിയമങ്ങള്‍ വിവരിച്ച തൊട്ടുടനെ, സൂറ അന്നിസാഇല്‍ 34-ാം സൂക്തത്തിലൂടെ, ഇസ്്ലാമിക സമൂഹത്തിലെ ഭാര്യാഭര്‍തൃ ബന്ധവും ഉത്തരവാദിത്വവും വളരെ ലളിതമായി ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്:
ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعۡضَهُمۡ عَلَىٰ بَعۡضٖ وَبِمَآ أَنفَقُواْ مِنۡ أَمۡوَٰلِهِمۡۚ فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٞ لِّلۡغَيۡبِ بِمَا حَفِظَ ٱللَّهُۚ
(പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാര്‍ ആകുന്നു. അല്ലാഹു അവരില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരാക്കിയിട്ടുള്ളതുകൊണ്ടും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നത് കൊണ്ടുമാകുന്നു അത്. അതിനാല്‍, നല്ലവരായ വനിതകള്‍ അനുസരണശീലരാകുന്നു. പുരുഷന്മാരുടെ അഭാവത്തില്‍, അല്ലാഹുവിന്റെ മേല്‍നോട്ടത്തിലും സംരക്ഷണത്തിലും അവര്‍ ഭര്‍ത്താക്കന്മാരോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നവരുമാകുന്നു - അന്നിസാഅ് 34).
ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സംഘടനയുടെയോ കാര്യങ്ങള്‍ നല്ല നിലയ്ക്ക് കൊണ്ടുനടത്താനും മേല്‍നോട്ടം വഹിക്കാനും അതിനാവശ്യമായത് സജ്ജീകരിക്കാനും ഉത്തരവാദപ്പെട്ട ആള്‍ക്കാണ് അറബിയില്‍ 'ഖവ്വാം' അല്ലെങ്കില്‍ 'ഖയ്യിം' എന്നു പറയുന്നത്. കുടുംബത്തിലെ ഖവ്വാം ആണ് പുരുഷന്‍. സ്ത്രീവിഭാഗത്തിന് നല്‍കാത്തതോ താരതമ്യേന കുറച്ചു നല്‍കിയതോ ആയ ചില സവിശേഷതകളും യോഗ്യതകളും അല്ലാഹു പ്രകൃത്യാ പുരുഷവിഭാഗത്തിന് നല്‍കിയിരിക്കുന്നു. അതിനാല്‍, കുടുംബജീവിതത്തില്‍ നായകത്വപദവിക്കര്‍ഹന്‍ പുരുഷന്‍തന്നെയാകുന്നു. പുരുഷന്റെ മേല്‍നോട്ടത്തിനും സംരക്ഷണത്തിനും കീഴില്‍ അനുസരണത്തോടെ വര്‍ത്തിക്കാന്‍ പാകത്തിലാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടതുതന്നെ. പ്രകൃതിപരമായ ഈ യോഗ്യതാ വ്യത്യാസത്തെയാണ് ഇവിടെ 'ശ്രേഷ്ഠരാക്കി' (فضّل) എന്നതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. കൂടുതല്‍ മാന്യതയും മഹത്വവും അന്തസ്സും നല്‍കി എന്ന അര്‍ഥത്തിലല്ല ഈ പ്രയോഗം. അല്ലാഹു പുരുഷനെയാണ് സ്ത്രീയുടെ ഖവ്വാമത്ത്/ ഉത്തരവാദിത്വം ഏൽപിച്ചിരിക്കുന്നത്. അതിനുള്ള ന്യായം, അല്ലാഹു മനുഷ്യരില്‍ പുരുഷന് നൽകിയ സ്ഥാനവും ഉത്തരവാദിത്വവുമാണ്. പുരുഷന്‍ അവന്റെ സ്വത്തില്‍നിന്ന് സ്ത്രീക്ക് വേണ്ടി ചെലവഴിക്കേണ്ടത് അവന്റെ മേല്‍ അല്ലാഹു ചുമത്തിയ ബാധ്യതയാണ്. അതിന് കഴിയുന്നവനേ വിവാഹം കഴിക്കാന്‍ പാടുള്ളൂ എന്ന് നബി തിരുമേനി ഇതിനെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
يَا مَعْشَرَ الشَّبَابِ مَن اسْتَطَاعَ مِنْكُم الباَءَةَ فَلْيَتَزَوَّجْ
(യുവാക്കളേ, നിങ്ങളില്‍ ബാഅത്ത് എത്തിയവര്‍ വിവാഹം കഴിക്കട്ടെ). ഒരു കുടുംബം പോറ്റാനാവശ്യമായ ശാരീരിക, മാനസിക, സാമ്പത്തിക ശേഷിയാണ് 'ബാഅത്ത്'.
2. സ്ത്രീ-പുരുഷന്മാരുടെ സാമ്പത്തിക ബാധ്യതകളും അവകാശങ്ങളും വളരെ വ്യത്യസ്തമാണ്.
സ്ത്രീക്ക് അവളുടെ ഏത് ജീവിത ഘട്ടത്തിലും, മകളോ ഭാര്യയോ മാതാവോ സഹോദരിയോ എന്നിങ്ങനെ ഏത് നിലയിലും, പുരുഷനില്‍നിന്ന് ചെലവ് ലഭിക്കുന്നു. സ്വന്തമായി ജോലിയോ കച്ചവടമോ നടത്തി സമ്പാദിക്കുന്നത് മുഴുവന്‍ അവള്‍ക്ക് സ്വന്തമാണ്. അപ്പോഴും അവളുടെ ചെലവിനുള്ള ഉത്തരവാദിത്വം അവളുടെ വലിയ്യ് ആയ പുരുഷനില്‍ തന്നെയാണ്. സ്ത്രീക്ക് വിവാഹസമയത്ത് മഹ്്ര്‍ ലഭിക്കുന്നു. അനന്തരസ്വത്തില്‍ ഓഹരിയും ലഭിക്കുന്നു.
പുരുഷനാവട്ടെ, അവന്‍ പ്രായപൂര്‍ത്തിയാവുന്നതോടെ സ്വന്തം കാര്യം നോക്കാന്‍ ബാധ്യസ്ഥനായിത്തീരുന്നു. അവന്‍ അധ്വാനിച്ച് ഉണ്ടാക്കുന്നത് അവനു മാത്രം ആസ്വദിക്കാനുള്ളതല്ല. അവന്റെ ചെലവില്‍ കഴിയുന്നവര്‍ക്കു വേണ്ടി ചെലവഴിക്കാന്‍ നിര്‍ബന്ധിതനാണ്. അതില്‍ വീഴ്ച വരുത്തിയാല്‍ ഇവിടെ അവനെതിരില്‍ നിയമനടപടികള്‍ സ്വീകരിക്കപ്പെടും. പരലോകത്ത് അതിന് അല്ലാഹുവിനോട് മറുപടിയും പറയണം. വിവാഹപ്രായമെത്തിയാല്‍, അവന്‍ പുതുതായി വരുന്ന കുടുംബത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മുഴുവന്‍ കണ്ടെത്തണം. വധുവിന് അവള്‍ ഡിമാന്‍ഡ് ചെയ്യുന്ന മഹ്്ര്‍ നൽകണം. ജനിക്കുന്ന കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കണം. എന്തെങ്കിലും കാരണവശാല്‍ അവര്‍ വേര്‍പിരിഞ്ഞാല്‍ പോലും ആ കുട്ടികളുടെ ചെലവ്, ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തി എത്തുന്നതു വരെയും, പെണ്‍കുട്ടികള്‍ വിവാഹം ചെയ്തു അയക്കപ്പെടുന്നത് വരെയും അയാളുടെ ചുമലില്‍ തന്നെയാണ്. വേർപിരിഞ്ഞ സമയത്ത് മുലകുടിക്കുന്ന കുട്ടിയുണ്ടെങ്കില്‍, അതിന് മുലകൊടുക്കുന്നതിനുള്ള കൂലി പോലും ചോദിക്കാന്‍ ഭാര്യക്ക് അവകാശമുണ്ട്.
ഭാര്യാസന്താനങ്ങളുടെ ചെലവുകള്‍ മാത്രമല്ല ഒരു പുരുഷന്റെ ഉത്തരവാദിത്വമായി വരുന്നത്. മാതാപിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നിവരുടെ ഉത്തരവാദിത്വവും പലപ്പോഴും ഏറ്റെടുക്കേണ്ടി വരുന്നു. ഒരു സാമൂഹിക ജീവി എന്ന നിലയില്‍ സാമൂഹികമായ കുറെയേറെ ചെലവുകള്‍ വേറെയും വരുന്നു. നാടും സര്‍ക്കാരുമായി ബന്ധപ്പെട്ട ചെലവുകള്‍ വരുന്നു. അങ്ങനെ തന്റെ സമ്പാദ്യം മുഴുവനുമോ ഏറിയ പങ്കോ ചെലവായിപ്പോവുകയാണ് ചെയ്യുന്നത്. അങ്ങനെ പുരുഷന്‍ ചെലവാക്കുന്നതിന്റെ ഗുണഭോക്താക്കള്‍ മിക്കവാറും സ്ത്രീകളായിരിക്കുകയും ചെയ്യും. എന്നാല്‍, സ്ത്രീ ഒരു സന്ദര്‍ഭത്തിലും അങ്ങനെ ഒരു ബാധ്യത ഏല്‍ക്കേണ്ടി വരുന്നില്ല.
കുടുംബത്തിലെ പുരുഷന്മാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന അപൂർവം ചില കേസുകളില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സാമാന്യവല്‍ക്കരിക്കുന്നത് ശരിയല്ല. അങ്ങനെയുള്ള കേസുകളില്‍ സംരക്ഷണോത്തരവാദിത്വം ഏറ്റെടുപ്പിക്കാനുള്ള നിയമവഴികള്‍ തേടുകയാണ് വേണ്ടത്. അങ്ങനെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത കേസുകളില്‍ അവരുടെ സംരക്ഷണം സര്‍ക്കാരോ, അല്ലെങ്കില്‍ മുസ്്ലിം സമൂഹം ഒരു സാമൂഹിക ഉത്തരവാദിത്വം എന്ന നിലക്കോ ഏറ്റെടുക്കേണ്ടതാണ്. അതിനാണ് സോഷ്യല്‍ സെക്യൂരിറ്റി, സോഷ്യല്‍ ഇന്‍ഷുറന്‍സ്, തകാഫുല്‍ ഇജ്തിമാഈ, സാമൂഹിക സുരക്ഷ എന്നൊക്കെ പറയുക. അപ്പോഴും കുടുംബത്തില്‍ സാമ്പത്തിക ശേഷിയുള്ള മറ്റു സ്ത്രീകള്‍ ഇവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാവുന്നില്ല. മാതാപിതാക്കളുടെ കാര്യത്തില്‍ പോലും അവര്‍ക്ക് ചെലവ് നൽകാന്‍ സ്ത്രീ, അവള്‍ മകള്‍ ആണെങ്കില്‍ പോലും ബാധ്യസ്ഥയല്ല. കുടുംബത്തിലെ പുരുഷന്മാരാണ് ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്.
ഈ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ യാതൊരു വിഷമവും മനസ്താപവും തോന്നാത്ത മാനസിക പ്രകൃതിയിലാണ് പുരുഷന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വിശ്വാസിയാണെങ്കിലും അല്ലെങ്കിലും പുരുഷന്‍ ഈ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നു. അത്യപൂർവം കാണുന്ന വിപരീതങ്ങള്‍ നിയമാനുസൃതമായി പരിഹരിക്കേണ്ടതാണ്. ഒരു പുരുഷന്റെ സംരക്ഷണം ലഭിക്കണം എന്ന പ്രകൃതിയിലാണ് സ്ത്രീയുടെ സൃഷ്ടിപ്പും; അപൂർവം ചിലര്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നുവെങ്കിലും.
3. ഓഹരി ലഭിക്കുന്ന എല്ലാ കേസുകളിലും പുരുഷന്റെ പകുതിയല്ല സ്ത്രീക്ക് ലഭിക്കുന്ന ഓഹരി.
എല്ലാ കേസുകളിലും സ്ത്രീയുടെ ഇരട്ടി പുരുഷന് ലഭിക്കും (പുരുഷന്റെ പകുതിയേ സ്ത്രീക്ക് ലഭിക്കൂ) എന്ന വാദം അടിസ്ഥാന രഹിതമാണ്.
• ഒരേ പദവിയില്‍ സ്ത്രീ-പുരുഷന്‍മാര്‍ വരുന്ന കേസുകളില്‍, സ്ത്രീയുടെ ഇരട്ടി പുരുഷന് ലഭിക്കുന്ന കേസുകള്‍ 4 എണ്ണം മാത്രമാണ്:
1. മകനും മകളും അവകാശിയായി വരുന്ന കേസുകളില്‍ 2 പെണ്ണിന്റെ ഓഹരി ഒരു ആണിന് എന്ന അനുപാതമാണ് സ്വീകരിക്കുക.
2. സഹോദരനും സഹോദരിയും ഉള്ള കേസുകളില്‍ ഇതേ രീതിയാണ് സ്വീകരിക്കുക.
3. പരേതന് അവകാശികളായി മാതാപിതാക്കള്‍ മാത്രമുള്ള കേസുകളില്‍ മാതാവിന് ലഭിക്കുന്നതിന്റെ ഇരട്ടിയാണ് പിതാവിന് ലഭിക്കുക. (പരേതന് അവകാശികളായി മാതാപിതാക്കളും മക്കളും ഉണ്ടെങ്കില്‍ മാതാപിതാക്കള്‍ രണ്ടുപേര്‍ക്കും തുല്യ ഓഹരിയാണ് ലഭിക്കുക).
4. ഭാര്യയുടെ ഇരട്ടിയാണ് ഭര്‍ത്താവിന് ഓഹരി ലഭിക്കുക.
കുറെ കേസുകളില്‍ ഒരേ സ്ഥാനത്തുള്ള പുരുഷന്റെ അത്ര തന്നെ ഓഹരി സ്ത്രീക്കും ലഭിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ട്.
ഉദാഹരണത്തിന്, മാതാവൊത്ത സഹോദരങ്ങള്‍ ഒന്നിലധികം ഉണ്ടെങ്കില്‍, അവര്‍ ആണായാലും പെണ്ണായാലും, മൊത്തം അനന്തര സ്വത്തിന്റെ മൂന്നിലൊന്ന് അവര്‍ക്കിടയില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ തുല്യമായി വീതിക്കുകയാണ് ചെയ്യുക.
സ്ത്രീകളുടെ ഓഹരി നിര്‍ണിതമായതിനാല്‍ അവര്‍ക്ക് ഓഹരി നഷ്ടപ്പെടാതിരിക്കുകയും, എന്നാല്‍ പുരുഷന്റെ ഓഹരി നിര്‍ണിതമല്ലാത്ത കേസുകളില്‍ ചിലപ്പോഴെങ്കിലും അവര്‍ക്ക് ഓഹരി സ്ത്രീയെക്കാള്‍ കുറവായിരിക്കുകയും ചെയ്യാറുണ്ട്.
ഉദാഹരണത്തിന്, ഒരാള്‍ മരണപ്പെട്ടപ്പോള്‍ അവകാശികളായി 2 പെണ്‍മക്കളും, നേരത്തെ മരണപ്പെട്ട മകന്റെ ഒരു മകളും ഒരു മകനുമാണ് ഉള്ളതെങ്കില്‍ (എല്ലാവരും മക്കള്‍ എന്ന ഗണത്തിലാണ് വരുന്നത്), ഓരോ മകള്‍ക്കും മൊത്തം സ്വത്തിന്റെ മൂന്നിലൊന്ന് വീതവും, ബാക്കിയുള്ള മൂന്നിലൊന്ന് മൂന്നാക്കി 1 ഓഹരി മകന്റെ മകള്‍ക്കും, 2 ഓഹരികള്‍ മകന്റെ മകനുമാണ് ലഭിക്കുക.
ചില കേസുകളിലെങ്കിലും പുരുഷന്‍ അവകാശിയാണെങ്കിൽ പോലും, ഓഹരി ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്.
ഉദാഹരണത്തിന്, പരേതന് ഒരു മകളും ഒരു സഹോദരിയും ഒരു പിതൃസഹോദരനുമാണ് ഉള്ളതെങ്കില്‍, ഓഹരി നിർണയിച്ചിട്ടുള്ള മകള്‍ക്ക് പകുതി സ്വത്തും, സഹോദരിക്ക് പകുതി സ്വത്തും നല്‍കിക്കഴിഞ്ഞാല്‍, നിര്‍ണിത ഓഹരിക്കാരനല്ലാത്ത അവകാശിയായ പിതൃസഹോദരന് ഓഹരി ലഭിക്കില്ല.
ഇനി, പുരുഷന്റെ ഓഹരി മുഴുവന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെലവാക്കി തീര്‍ന്നുപോകുന്നുവെങ്കില്‍, സ്ത്രീയുടേത് അവളുടെ കൈയില്‍, സകാത്ത്, സർക്കാര്‍ ടാക്സുകള്‍ ഒഴികെ മറ്റൊരു ബാധ്യതയും വരാതെ അവശേഷിക്കും. l
(തുടരും)
Comments