ഇസ്്ലാമിലെ അനന്തരാവകാശ നിയമങ്ങൾ ചർച്ചയാവുമ്പോൾ
ഇസ്്ലാം സമർപ്പിക്കുന്ന അനന്തരാവകാശ നിയമ സംഹിത കുറ്റമറ്റതും നീതിപൂർവകവുമാണ്. വിശദാംശങ്ങളോടെ അത്ര കൃത്യതയും വ്യക്തതയുമുള്ള മറ്റൊരു നിയമ സംവിധാനം ആത്മീയ ദർശനങ്ങളിലാവട്ടെ, ഭൗതിക ദർശനങ്ങളിലാവട്ടെ കാണാൻ കഴിയില്ല. അനന്തരാവകാശവുമായി ബന്ധപ്പെട്ടതെല്ലാം ഖുർആനിലോ ഹദീസുകളിലോ വന്നിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. മനുഷ്യൻ യുക്തിവിചാരത്തിലൂടെ കണ്ടെത്തേണ്ടതല്ല ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നാണ് അതിന്റെ അർഥം. പ്രപഞ്ച സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവാണ് ഈ നിയമങ്ങൾ ആവിഷ്കരിച്ചത് എന്നതിനാൽ വ്യക്തി എന്ന നിലക്കും സാമൂഹിക ജീവി എന്ന നിലക്കും ആ നിയമങ്ങൾ ആത്യന്തികമായി മനുഷ്യന്റെ ക്ഷേമവും അഭിവൃദ്ധിയും ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്. എന്നുവെച്ച് ഈ ഓരോ നിയമത്തിന്റെയും കൃത്യമായ യുക്തി നമുക്ക് പിടി കിട്ടിക്കൊള്ളണമെന്നില്ല. നാം മനസ്സിലാക്കിയതാണ് അതിന്റെ ശരിയായ യുക്തി എന്നും പറയാൻ കഴിയില്ല. നിയമത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ പുതിയ അർഥ തലങ്ങളിലേക്ക് എത്തിച്ചേരാനും കഴിയും.
ഏതായാലും ഇസ്്ലാമിലെ അനന്തരാവകാശ നിയമം അതുവരെ ലോകത്ത് നിലവിലുണ്ടായിരുന്ന അനന്തരാവകാശ ചട്ടങ്ങളെ പല തരത്തിൽ തിരുത്തുന്നുണ്ട്. മരിച്ചയാളുടെ എല്ലാ സ്വത്തും വീതം വെക്കരുത് എന്നതാണ് അതിലൊന്ന്. മരിച്ചയാളുടെ ആഭരണങ്ങളും അയാൾക്ക് പ്രിയപ്പെട്ട വസ്തുക്കളും ശവക്കല്ലറയിൽ വെക്കുന്ന പതിവുണ്ടായിരുന്നു. അത്തരം സകല ദുരാചാരങ്ങളെയും ഇസ്്ലാം തിരുത്തി. കട ബാധ്യതകളും വസ്വിയ്യത്തും കഴിച്ചുള്ള മുഴുവൻ സ്വത്തുക്കളും അനന്തരാവകാശികൾക്ക് നൽകി. അടുത്ത ബന്ധുക്കളാരാണോ അവർക്ക് അവകാശപ്പെട്ടതാണ് അനന്തരസ്വത്ത് എന്നതാണ് ഇസ്്ലാം മുന്നോട്ടുവെക്കുന്ന മറ്റൊരു തത്ത്വം. ഈ കുടുംബാംഗങ്ങൾ പുരുഷനാണോ, സ്ത്രീയാണോ, ശിശുവാണോ, വൃദ്ധനാണോ എന്നൊന്നും നോക്കാതെ കൃത്യമായ വിഹിതം അവന് / അവൾക്ക് ലഭിച്ചിരിക്കും. ഇസ്്ലാമിലെ അനന്തരാവകാശ നിയമത്തിന്റെ മറ്റൊരു പ്രത്യേകത, അനന്തരസ്വത്ത് കിട്ടുന്ന ഓരോ വ്യക്തിക്കും അതിൽ പൂർണ ഉടമസ്ഥത ഉണ്ടായിരിക്കും എന്നതാണ്. കൂട്ടു കുടുംബ സമ്പ്രദായത്തിൽ വ്യക്തിക്ക് സ്വത്ത് കിട്ടുമെങ്കിലും അത് വിൽക്കാനോ കൈമാറാനോ ഉള്ള അവകാശം ലഭിച്ചുകൊള്ളണമെന്നില്ല.
കുടുംബത്തിനകത്ത് വ്യക്തികളുടെ അവകാശബാധ്യതകളുമായി ബന്ധിപ്പിച്ചാണ് ഇസ്്ലാമിൽ അനന്തരസ്വത്ത് വിഹിത നിർണയം ഉണ്ടായിരിക്കുന്നത്. ഒരാൾക്ക് ഓഹരി വിഹിതം കൂടുതലുണ്ടെങ്കിൽ അതിനനുസരിച്ച് അയാൾക്ക് ബാധ്യതകളും കൂടുതലുണ്ടാവും. അവകാശബാധ്യതകൾ വ്യക്തമായി നിർണയിക്കപ്പെട്ട ഇസ്്ലാമിന്റെ ഈ കുടുംബ സംവിധാനത്തിനകത്താണ് അനന്തരാവകാശ നിയമങ്ങളും ഉള്ളത്. അവയെ ആ കുടുംബ ഘടനയിൽ നിന്ന് അടർത്തിമാറ്റി, ഇത് അന്യായമല്ലേ എന്ന് ചോദിക്കുന്നതാണ് അന്യായം. നിർഭാഗ്യവശാൽ അങ്ങനെയൊരു പ്രവണത ഇപ്പോൾ തല പൊക്കിത്തുടങ്ങിയിട്ടുണ്ട്. ലിബറൽ ചിന്താഗതിക്ക് അടിപ്പെട്ട ഇക്കൂട്ടർ നേർക്കുനേരെ ഇസ്്ലാമിനെയോ ശരീഅത്തിനെയോ ആക്രമിക്കാതെ, മുസ്്ലിം വ്യക്തിനിയമം പരിഷ്കരിക്കാത്തതാണ് പ്രശ്നം എന്നാണ് പുറമേക്ക് പറയുക. യഥാർഥത്തിൽ അവർ കടന്നാക്രമിക്കുന്നതാകട്ടെ ഖുർആനിലെ പ്രഖ്യാപിത അനന്തരാവകാശ നിയമങ്ങളെയും. ഈ ചതിക്കുഴി തിരിച്ചറിയാതെ പലരും അതിൽ വീണുപോകുന്നു. അവർക്ക് വിഷയമറിയില്ല എന്നതാണ് കാരണം. അതിനാലാണ് വിഷയത്തിന്റെ നാനാ ഭാഗങ്ങൾ സ്പർശിക്കുന്ന സ്പെഷ്യൽ പതിപ്പായി ഈ ലക്കം പ്രബോധനം ഞങ്ങൾ വായനക്കാർക്ക് സമർപ്പിക്കുന്നത്. പ്രഗത്ഭരാണ് ഇതിൽ അണിനിരക്കുന്നത്. എതിരാളികൾ കാലങ്ങളായി ഈ വിഷയത്തിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടികൾ ഈ ലക്കത്തിൽ വായിക്കാം. l
Comments