Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 14

3298

1444 റമദാൻ 23

പ്രകാശത്തിലേക്കുള്ള വഴിദൂരങ്ങളിൽ പതിഞ്ഞ പാദമുദ്രകൾ

യാസീൻ വാണിയക്കാട്

കലയോരോന്നിനും മനുഷ്യമനസ്സിനെ ആകർഷിക്കാനുള്ള അപാരമായ സിദ്ധിയുണ്ട്. കലാപരമായ ആവിഷ്കാരങ്ങൾ ഇന്ന്, എന്നും മനുഷ്യനെ മായികമായ  അദൃശ്യവലയങ്ങളിൽ കുടുക്കിയിടുന്നുണ്ട്. മാനവികം എന്നതു പോലെത്തന്നെ അമാനവികമായ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കുമുള്ള ടൂളായി, ആധുനികത ഇന്ന് കലയെ രാസപരിണാമങ്ങൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നു.
പറഞ്ഞുവരുന്നത് ആസ്ത്രേലിയയിലെ 'യുറേക്ക ബ്രിഗേഡ്' എന്ന ബാൻഡിനെക്കുറിച്ചും, മ്യൂസിക്ക് എന്ന കലയെ മാനവിക വിരുദ്ധമായി ഉപയോഗിച്ച തീവ്രവലതുപക്ഷ ഗ്രൂപ്പായ യുനൈറ്റഡ് പാട്രിയറ്റ്സ് ഫ്രന്റിന്റെ (United Patriots Front) മുന്നണിപ്പോരാളിയായ ഷെർമൻ ബർഗെസ് എന്ന വ്യക്തിയെക്കുറിച്ചുമാണ്.
യുറേക്ക ബ്രിഗേഡ് എന്ന മെറ്റൽ ബാൻഡിലെ അംഗമായിരുന്നു ഈയടുത്ത കാലം വരെ ബർഗെസ്. മുസ്്ലിം പള്ളികൾ അഗ്നിക്കിരയാക്കാൻ പ്രേരിപ്പിക്കുന്ന, കലാപത്തെ പ്രോത്സാഹിപ്പിക്കുന്ന വരികൾ ചിട്ടപ്പെടുത്തി, മനുഷ്യമനസ്സിലേക്ക് വിഷം പ്രസരണം ചെയ്യാൻ മ്യൂസിക് എന്ന ജനപ്രിയ കലയെ കൂട്ടുപിടിച്ച ഓസീസുകാരൻ. തീവ്ര വലതുപക്ഷ, ഇസ്്ലാം വിരുദ്ധരുടെ മനസ്സിൽ യുറേക്ക ബ്രിഗേഡ് ജ്വലിച്ചുനിന്നതും ആ ഒറ്റ കാരണം കൊണ്ടുതന്നെയാണ്.
വെറുപ്പിന്റെ ഉച്ചിയിൽ നിൽക്കെ, ബർഗെസ് ഒരിക്കൽ ഇസ്്ലാമിനെയും മുസ്്ലിംകളെയും ക്യാൻസറിനോട് ഉപമിക്കുകയുണ്ടായി. യൂറോപ്പിലെ ഇസ്‌ലാമിന്റെ വളർച്ച ഏതു വിധേനയും തടയുകയാണ് തന്റെ ജീവിത ദൗത്യമെന്ന് പ്രഖ്യാപിച്ച ബെർഗസ്, സ്വയം പ്രഖ്യാപിത നവ-നാസികളായ ബ്ലെയർ കോട്രെൽ, നീൽ എറിക്സൺ എന്നിവരോടൊപ്പം കൈകോർത്ത് ഡസൻ കണക്കിന് ഇസ്‌ലാം വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു. അതിലൊന്നായിരുന്നു വിക്ടോറിയയിലെ ബെൻഡിഗോയിൽ മസ്ജിദ് നിർമാണത്തിനെതിരെ 2015-ൽ നടന്ന ഇസ്‌ലാം വിരുദ്ധ പ്രക്ഷോഭം.
30,000 ഫോളോവേഴ്സുള്ള തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇസ്‌ലാമിനെ താറടിക്കുന്ന, അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും വീഡിയോകൾ പതിവായി പോസ്റ്റ് ചെയ്തിരുന്ന ഷെർമൻ ബെർഗസിന്റെ സോഷ്യൽ മീഡിയ ചുവരുകള്‍, പെട്ടെന്നൊരു പുലരിയിൽ വിശുദ്ധിയുടെ ഹിമകണങ്ങൾ തുള്ളിയിടാൻ തുടങ്ങി. അവിടെ പ്രത്യാശയുടെ, ആത്മീയതയുടെ മഴച്ചാറ്റൽ ചരിഞ്ഞും ചാഞ്ഞും വീശി: പടിഞ്ഞാറ് വഴിപിഴച്ചിരിക്കുന്നു. അതീവ വിഷാദങ്ങളിൽ ഉഴലുന്ന പാശ്ചാത്യ സമൂഹം അതിനെ മറികടക്കാൻ മദ്യം, മയക്കുമരുന്ന്, ലൈഗിംകാഭാസം തുടങ്ങിയ മ്ലേച്ഛതകളെ കൂട്ടുപിടിച്ചിരിക്കുന്നു. ഇസ്്ലാം നിങ്ങളെ അതിൽ നിന്നെല്ലാം മോചിപ്പിച്ച് പ്രത്യാശാനിർഭരതയുള്ള വ്യക്തിത്വത്തിലേക്ക് സ്ഫുടം ചെയ്യുന്നു.
ഇതെന്ത് മറിമായം! ആക്രോശത്തിന്റെയും അലർച്ചയുടെയും വെറുപ്പിന്റെയും പ്രകമ്പനങ്ങൾ മാറ്റൊലി തീർത്ത ചുവരുകളിൽ സ്നേഹത്തിന്റെ, അനുരാഗത്തിന്റെ ഗീതികൾ! തന്റെ ഇസ്‌ലാം ആശ്ലേഷത്തെക്കുറിച്ച കൊച്ചുകൊച്ചു വർത്തമാനങ്ങൾ! പ്രകാശത്തിലേക്കുള്ള വഴിദൂരങ്ങളിൽ പതിഞ്ഞ പാദമുദ്രകൾ! കാഴ്ചപ്പാടുകൾ മാറാൻ ആഴമുള്ള ഒരു സ്പർശം മതി എന്ന് ബെർഗെസിന്റെ ജീവിതം അടിവരയിടുന്നു.
മുസ്്ലിം ഫ്രീഡം മൂവ്‌മെന്റ് നേതാവ് യുസ്‌റ റോസുമായുള്ള ബർഗെസിന്റെ കൂടിക്കാഴ്ചയാണ് ചിന്താപരമായ ഔന്നത്യത്തിലേക്കും ഇസ്‌ലാമിനെക്കുറിച്ച കൃത്യമായ കാഴ്ചപ്പാടിലേക്കും വഴിനടത്താൻ  നിമിത്തമായത്. ഇസ്്ലാം ആശ്ലേഷാനന്തരം  സ്വവർഗരതിയെ തിന്മ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് എൽ.ജി.ബി.ടി.ക്യു വീക്ഷണങ്ങളെ അദ്ദേഹം നേരിട്ടത്. അലർച്ചകൾ കേട്ടുശീലിച്ച ഫോളോവേഴ്സിന്, പിന്നീടങ്ങോട്ട് വിശുദ്ധിയുടെ ഓരോ ക്്സ്പർശവും അലോസരമായി അനുഭവപ്പെട്ടു തുടങ്ങി.
ഇരുണ്ട ഉലകങ്ങളിൽനിന്ന് തെളിഞ്ഞ ഉലകങ്ങളിലേക്കുള്ള ബെർഗെസിന്റെ വഴിമാറി നടത്തം ഇസ്‌ലാമോഫോബിക് സമൂഹത്തിന്റെ മുഖത്തേറ്റ കടന്നൽ കുത്തായിരുന്നു. ഇന്ന്, കംഗാരുക്കൾ തന്റെ ഉദരസഞ്ചിയിൽ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുന്ന പോലെ ഷെർമൻ ബെർഗെസ് ഇസ്‌ലാമിക ജീവിതമൂല്യങ്ങളെ ചേർത്തുപിടിക്കുന്നു. ലിബറലിസത്തിന്റെ നെറികേടുകൾക്കെതിരെ നിരന്തരം വാക്കുതിർക്കുന്നു. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 17-21
ടി.കെ ഉബൈദ്‌

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്