"യുദ്ധത്തിന് ഒരു അവസരം നൽകൂ'
പൊതുവേ അറബ് വസന്ത വിപ്ലവങ്ങളോട്, സിറിയൻ വിപ്ലവത്തോട് പ്രത്യേകിച്ചും അമേരിക്ക സ്വീകരിച്ച നിലപാട് മനസ്സിലാവണമെങ്കിൽ 'യുദ്ധത്തിന് ഒരു അവസരം കൊടുക്കൂ' (Give War a Chance) എന്ന അവരുടെ സ്ട്രാറ്റജിയെക്കുറിച്ച് അറിവുണ്ടായിരിക്കണം. ഈയൊരു ആശയം രൂപപ്പെടുത്തിയത് 1999-ൽ അമേരിക്കൻ എഴുത്തുകാരനായ എഡ്വേഡ് ലുറ്റ്്വക്ക് (Edward Luttwak ) ആണ്. ജൂതനായ അമേരിക്കൻ സ്ട്രാറ്റജിക് ചിന്തകനാണ് അദ്ദേഹം. ജനിച്ചത് 1942 - ൽ റൊമാനിയയിൽ. വളർന്നത് ഇറ്റലിയിലും ഇംഗ്ലണ്ടിലുമായി. ഇസ്രായേൽ സൈന്യത്തിൽ ജോലി ചെയ്തിട്ടുണ്ട്. പിന്നെ അമേരിക്കയിലേക്ക് പോയി. അമേരിക്കൻ പ്രതിരോധ മന്ത്രാലയം, വിദേശ മന്ത്രാലയം, ദേശീയ സുരക്ഷാ സമിതി, സൈനിക ഉന്നതാധികാര സമിതി തുടങ്ങി മർമപ്രധാനമായ കേന്ദ്രങ്ങളുടെ ഉപദേഷ്ടാവായിരുന്നിട്ടുണ്ട്.
അമേരിക്കൻ സൈനിക നടപടികൾക്ക് മാർഗ നിർദേശമാകുന്ന തരത്തിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അതിലൊന്നാണ് 'സൈനിക അട്ടിമറി: ഒരു പ്രായോഗിക കൈപ്പുസ്തകം.' മൂന്നാം ലോക രാജ്യങ്ങളിൽ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം (സി. ഐ.എ) സൈനിക അട്ടിമറികൾ നടത്തുന്നത് ഈ പുസ്തകത്തെ വഴികാട്ടിയായി സ്വീകരിച്ചുകൊണ്ടാണ്. ഡാനിയൽ ഹൊറോവിറ്റ്സുമായി ചേർന്നെഴുതിയ 'ഇസ്രായേൽ സൈന്യം' ആണ് അത്തരത്തിലുള്ള മറ്റൊരു കൃതി. സ്ട്രാറ്റജി: ദ ലോജിക് ഓഫ് വാർ ആന്റ് പീസ്, ദ ഗ്രാന്റ് സ്ട്രാറ്റജി ഓഫ് റോമൻ എംപയർ തുടങ്ങി നിരവധി കൃതികളുണ്ട് സമാന സ്വഭാവത്തിൽ.
1999 ശരത്കാലത്ത് അമേരിക്കയിലെ 'ഫോറിൻ അഫയേഴ്സ്' മാഗസിനിൽ എഡ്വേഡ് ലുറ്റ്്വക്ക് ഒരു ലേഖനമെഴുതി. Give War a Chance എന്നായിരുന്നു അതിന്റെ തലക്കെട്ട്. മൂന്നാം ലോകത്ത് യുദ്ധം നിർത്തിവെക്കാനുള്ള ശ്രമങ്ങളിൽനിന്ന് അമേരിക്കയെ പോലെ നിർവാഹക ശേഷിയുള്ള ശക്തികൾ പിൻമാറണം എന്നായിരുന്നു അതിൽ വാദിച്ചിരുന്നത്! ലേഖനത്തിന്റെ തുടക്കത്തിൽ തന്നെ ലേഖകൻ തന്റെ 'രക്തപങ്കിലമായ' ദുഷ്ടലാക്ക് വെളിപ്പെടുത്തുന്നുണ്ട്. അതിങ്ങനെ: "യുദ്ധം സർവത്ര നാശമുണ്ടാക്കും, ശരി തന്നെ. പക്ഷേ, അതുകൊണ്ട് വലിയ നേട്ടവുമുണ്ട്. രാഷ്ട്രീയ സംഘർഷങ്ങൾ പരിഹരിക്കാൻ അതുകൊണ്ട് സാധിക്കും; അങ്ങനെ സമാധാനത്തിലെത്താനും. ഇത് സാധ്യമാവണമെങ്കിൽ ഇരു കക്ഷികളും തളരണം, അല്ലെങ്കിൽ ഒരു കക്ഷിക്ക് തകർപ്പൻ വിജയമുണ്ടാകണം. ഈ രണ്ട് അവസ്ഥയിലും യുദ്ധം തുടരണം, എങ്കിലത് സമാധാനത്തിൽ എത്തിച്ചേരും. ഹിംസ അതിന്റെ പാരമ്യത്തിലെത്തുമ്പോഴാണ് യുദ്ധത്തിന് സമാധാനം കൊണ്ടുവരാനാവുക." ചെറു സമൂഹങ്ങൾ തമ്മിലുള്ള യുദ്ധത്തെ അതിന്റെ 'സ്വാഭാവിക പൂർണത'യിൽ എത്തിച്ചേരാൻ സമ്മതിക്കാത്തതിന് ഐക്യരാഷ്ട്ര സഭയെ പഴിക്കുന്നുമുണ്ട് ലുറ്റ്്വക്ക്.
അന്താരാഷ്ട്ര വിഷയങ്ങളിൽ ഇഴയടുപ്പമുള്ള, 'പ്രായോഗി'കമായ ഒരു തിയറി അവതരിപ്പിക്കുകയാണ് ഇദ്ദേഹമെന്ന് ചിലർക്കെങ്കിലും തോന്നാം. സംഗതി അങ്ങനെയല്ല. തീർത്തും സയണിസ്റ്റ് പക്ഷപാതിത്വത്തിൽ അധിഷ്ഠിതമായ ഒന്നാണിത്. 'ചെറു സമൂഹങ്ങൾ' തമ്മിലുള്ള യുദ്ധം എന്നതുകൊണ്ട് എല്ലാ യുദ്ധങ്ങളും അങ്ങനെയല്ല എന്ന് സൂചിതമാകുന്നുണ്ട്. ചില യുദ്ധങ്ങൾ പെട്ടെന്ന് നിർത്തിവെപ്പിക്കേണ്ടി വരും. ഏതൊക്കെ യുദ്ധങ്ങളാണ് ചോര വാർന്ന് തളരുന്നതു വരെ തുടരേണ്ടത് എന്ന് ഇദ്ദേഹം നൽകുന്ന ഉദാഹരണങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവും. ലുറ്റ്്വക്കിന്റെ അഭിപ്രായത്തിൽ, 1948-ലെ അറബ്-ഇസ്രായേൽ യുദ്ധം ഒരിക്കലും നിർത്തിവെപ്പിക്കാൻ പാടില്ലായിരുന്നു; ഇസ്രായേലിന്റെ സമ്പൂർണ വിജയത്തിൽ അത് കലാശിക്കണമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തൊണ്ണൂറുകളിൽ ബോസ്നിയയിലെ യുദ്ധം നിർത്തിവെപ്പിച്ചതിനും ഇയാൾ അമേരിക്കയെ പഴി പറയുന്നുണ്ട്.
ഈ രക്തപങ്കില ലുറ്റ്്വക്കിയൻ തിയറിയാണ് അറബ് വസന്ത വിപ്ലവങ്ങളിലും പ്രയോഗിക്കപ്പെട്ടത്; പ്രത്യേകിച്ച് സിറിയൻ വിപ്ലവത്തിൽ. ബശ്ശാറുൽ അസദിനെതിരെ സൈനിക നടപടിക്കുള്ള ആലോചന നടന്നുകൊണ്ടിരിക്കെ ഇയാൾ 2013 ആഗസ്റ്റ് 24-ന് ന്യൂയോർക്ക് ടൈംസിൽ ഒരു ലേഖനമെഴുതി. സിറിയൻ വിപ്ലവത്തിൽ 'യുദ്ധത്തിന് ഒരു അവസരം നൽകൂ' തിയറി പ്രയോഗിക്കാനായിരുന്നു അതിലെ ആഹ്വാനം. യുദ്ധം തുടർന്നാൽ പോരാ, അത് ഭീകര നാശനഷ്ടങ്ങളുണ്ടാക്കി തന്നെ തുടരണം എന്നും എഴുതി. ആ യുദ്ധത്തിലെ ഇരകൾ മനുഷ്യരേ അല്ല എന്ന മട്ടിൽ. 'ഏത് വിഭാഗം ജയിച്ചാലും അമേരിക്ക തോൽക്കും' (Amrica Loses if Either Side Wins) എന്നായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. 'സിറിയയിലെ ഇരു പക്ഷവും ദീർഘകാലം യുദ്ധം ചെയ്ത് സ്വയം തളരുകയാണെങ്കിൽ അതായിരിക്കും അമേരിക്കൻ താൽപര്യങ്ങൾക്ക് ഏറെ ഗുണകരം.' പിന്നെ അമേരിക്കൻ നയനിർമാതാക്കാൾക്ക് ഒരു ഉപദേശവും: 'ബശ്ശാറിന്റെ സൈന്യം മുന്നേറുന്നു എന്നു കണ്ടാൽ നിങ്ങൾ വിമതർക്ക് ആയുധമെത്തിക്കണം. വിമതർ നേട്ടമുണ്ടാക്കുന്നു എന്നു കണ്ടാൽ അവർക്കുള്ള ആയുധ വിതരണം നിർത്തുകയും വേണം.' ഇതൊരാളുടെ കേവല ഉപദേശമായി തള്ളാൻ പറ്റില്ല. ഒബാമയുടെ കാലത്തും ട്രംപിന്റെ കാലത്തുമൊക്കെ ഇതു തന്നെയായിരുന്നു സിറിയയിൽ അമേരിക്കൻ സ്ട്രാറ്റജി.
ജനവിരുദ്ധ ശക്തികൾ അധികാരം വാഴുന്ന ഈ മേഖലയിൽ അമേരിക്ക നടപ്പിൽ വരുത്തുന്ന പുതിയ സ്ട്രാറ്റജിയൊന്നുമല്ല ഇത്. ഈ സ്ട്രാറ്റജി അവതരിപ്പിച്ച ആദ്യത്തെയാളുമല്ല ലുറ്റ്്വക്ക്. മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹെൻറി കിസ്സിഞ്ജർ അവതരിപ്പിച്ചിരുന്ന 'ഉൻമൂലന സിദ്ധാന്ത'വും മറ്റൊന്നായിരുന്നില്ല. ഇറാൻ- ഇറാഖ് യുദ്ധത്തിലും അമേരിക്കയുടെ നയം ഇതു തന്നെയായിരുന്നു. യുദ്ധത്തെ സംബന്ധിച്ച കിസ്സിഞ്ജറുടെ വാക്കുകൾ ഇങ്ങനെയാണ്: "ഇറാൻ- ഇറാഖ് യുദ്ധത്തിൽ അമേരിക്കൻ താൽപര്യങ്ങൾ മികച്ച രീതിയിൽ സംരക്ഷിക്കപ്പെടുക ഇരു പക്ഷവും തോൽക്കുമ്പോഴാണ്"( ലോസ് ആഞ്ചൽ ടൈംസ്, 1986, ഫെബ്രുവരി 16). യുദ്ധത്തിന് ഒരവസരം നൽകൂ എന്നതിന്റെ മറ്റൊരു പതിപ്പാണിത്. പശ്ചിമേഷ്യയിലെ 'അമേരിക്കൻ താൽപര്യം' എന്നതുകൊണ്ട് ഉദ്ദേശ്യം സയണിസ്റ്റ് ദുരാഗ്രഹങ്ങൾ എന്നതിലപ്പുറം മറ്റൊന്നുമല്ല എന്നും മനസ്സിലാക്കണം.
എൺപതുകളിൽ അമേരിക്ക ചെയ്തിരുന്നത് എന്താണ്? പരസ്യമായി ഇറാഖിന് ആയുധങ്ങൾ നൽകും. രഹസ്യമായി ഇറാന്നും ആയുധമെത്തിക്കും (ഇറാൻ- കോൺട്രാ ഇടപാട് ഓർക്കുക). ഇരു പക്ഷത്തെയും രക്തത്തിൽ മുക്കിക്കൊല്ലുക എന്ന തന്ത്രം തന്നെയാണ് ഇവിടെയും പയറ്റിയത്. കിസ്സിഞ്ജർ കണക്കുകൂട്ടിയതു പോലെ ഇരു പക്ഷത്തിനും വൻ നാശനഷ്ടങ്ങളുണ്ടാക്കിയാണ് ഇറാൻ- ഇറാഖ് യുദ്ധം അവസാനിച്ചത്. യുദ്ധാനന്തരം ഇരു ഭരണകൂടങ്ങളും നടത്തിയ വിജയാഹ്ലാദ പ്രകടനങ്ങളെ മണ്ടത്തരം എന്നല്ലാതെ മറ്റെന്താണ് പറയുക! ഇരു നാടുകളിലെയും എത്ര യുവാക്കളാണ് അകാലത്തിൽ കൊഴിഞ്ഞു വീണത്. അറബ് /പേർഷ്യൻ, ശീഈ/ സുന്നീ വിഭാഗീയത അതിന്റെ പാരമ്യത്തിലെത്തിയതും ഇതിന്റെ ഫലമായിട്ടാണ്.
ലുറ്റ്്വക്ക് കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുമ്പോൾ, നയതന്ത്രത്തിൽ വിരുതനായ കിസ്സിഞ്ജർ ഒന്നു മയപ്പെടുത്തി പറയുന്നു എന്നേയുള്ളൂ. രണ്ടാളും പറയുന്നത് ഒന്നുതന്നെ. സിറിയൻ പ്രശ്നത്തിൽ ലുറ്റ്്വക്കിന്റെ തിയറി ഇങ്ങനെയാണ്: റഷ്യ, ഇറാൻ, ലബ്നാനിലെ ഹിസ്ബുല്ല, തീവ്ര (ജിഹാദി ) സലഫികൾ, അമേരിക്കൻ വിധേയത്വത്തിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന പുതിയ തുർക്കിയ ഇങ്ങനെ അമേരിക്കയുടെ പ്രതിയോഗികളെല്ലാം ഒത്തുചേരുന്ന ഗോദയാണ് സിറിയ. ഇവരെ തമ്മിലടിപ്പിക്കണം. ചോര വാർന്ന് അവർ സ്വയം ദുർബലരാവട്ടെ. ഈ തമ്മിലടിക്ക് ഇന്ധനം പകരുകയല്ലാതെ മറ്റൊന്നും സിറിയയിൽ അമേരിക്കക്ക് ചെയ്യാനില്ല. എൺപതുകളിൽ ഇറാൻ-ഇറാഖ് യുദ്ധത്തിൽ എന്തു സംഭവിച്ചുവോ അതു തന്നെ ഇവിടെയും സംഭവിക്കണം. ഇറാനെ നേരിടാനാണെന്ന് പറഞ്ഞാൽ അമേരിക്കക്ക് ഒപ്പം നിൽക്കുന്ന അയൽ രാഷ്ട്രങ്ങൾ യുദ്ധത്തിന്റെ ചെലവും വഹിച്ചോളും. യഥാർഥത്തിൽ ആ അറബ് അയൽ രാഷ്ട്രങ്ങൾ ഭയപ്പെടുന്നത് ഇറാനെക്കാളേറെ സിറിയൻ വിപ്ലവത്തെയാണെങ്കിലും.
സിറിയൻ പ്രതിപക്ഷം ബശ്ശാർ എന്ന സ്വേഛാധിപതിയെ പുറത്താക്കാൻ ജീവാർപ്പണം നടത്തിക്കൊണ്ടിരുന്നപ്പോൾ, 'യുദ്ധത്തിന് ഒരു അവസരം നൽകൂ' എന്ന തിയറി പ്രകാരം അമേരിക്കൻ - സയണിസ്റ്റ് നയനിർമാതാക്കൾ വിപ്ലത്തെ എങ്ങനെ രക്തത്തിൽ കുളിപ്പിക്കാം എന്നാണ് ആലോചിച്ചുകൊണ്ടിരുന്നത്. അവിടെ ജയിച്ചവനോ തോറ്റവനോ ഉണ്ടാകാൻ പാടില്ല. സിറിയൻ വിപ്ലവത്തെ പിന്തുണച്ചവർ വരെ ഈ അമേരിക്കൻ കെണിയിൽ കുടുങ്ങിപ്പോയി എന്നതാണ് വാസ്തവം. ഇതിൽ അപവാദമെന്ന് പറയാവുന്നത് തുർക്കിയയുടെ നിലപാട് മാത്രമാണ്. സിറിയൻ മണ്ണിൽ വെച്ച് തുർക്കിയയെ ഇറാനുമായി ഏറ്റുമുട്ടിക്കാനുള്ള ശ്രമത്തെ, പാശ്ചാത്യ രാഷ്ട്രങ്ങളുടെ ദുഷ്ടലാക്കിനെ കുറിച്ചും കാപട്യത്തെക്കുറിച്ചും നന്നായറിവുള്ള തുർക്കിയ നേതൃത്വം വിഫലമാക്കി. l
(2018-ൽ എഴുതിയ ലേഖനം. റഷ്യ - യുക്രെയ്ൻ പോലുള്ള സംഘർഷങ്ങളിൽ അമേരിക്കയുടെ യഥാർഥ നിലപാട് എന്താണെന്ന് വ്യക്തമാക്കിത്തരുന്നുണ്ട് ഈ നിരീക്ഷണം)
Comments