Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 14

3298

1444 റമദാൻ 23

ഒന്നിച്ചു നിന്നെങ്കിൽ മാത്രമേ ഫാഷിസത്തെ തുരത്താനാവൂ

മൗലാനാ സയ്യിദ് അർശദ് മദനി/ മമ്മൂട്ടി അഞ്ചുകുന്ന്

ഇന്ത്യയിൽ ഏറ്റവും ജനസ്വാധീനമുള്ള മുസ്്ലിം നേതാക്കളിലൊരാളാണ് മൗലാനാ സയ്യിദ് അർശദ് മദനി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും മുന്നണിപ്പോരാളിയായിരുന്ന മൗലാനാ  സയ്യിദ് ഹുസൈൻ അഹ്്മദ് മദനിയുടെ പുത്രനായ അദ്ദേഹം  രാജ്യത്തെ ഏറ്റവും വലിയ മുസ്്ലിം ബഹുജന പ്രസ്ഥാനമായ ജംഇയ്യത്ത് ഉലമായേ ഹിന്ദിന്റെ അധ്യക്ഷനാണ്. വ്യത്യസ്ത മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന സയ്യിദ് അർശദ് മദനിയുമായി ദയൂബന്ദിലെ അദ്ദേഹത്തിന്റെ വസതിയിൽ മമ്മൂട്ടി അഞ്ചുകുന്ന് നടത്തിയ അഭിമുഖം.

 

 

ഇസ്്ലാമിനെതിരെ വലിയ തോതിലുള്ള പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്. എന്താണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നാണ് താങ്കൾ കരുതുന്നത്?

ഇസ്്ലാം വിരുദ്ധരാണ് ഇസ്്ലാമോഫോബിയ സൃഷ്ടിക്കുന്നത്. ഇസ്്ലാമിനെതിരെ ദുഷ്്പ്രചാരണം നടത്തിയിട്ടില്ലെങ്കിൽ ഇസ്്ലാമിക സന്ദേശം വ്യാപിക്കുമെന്ന ഭയമാണ് ഈ പ്രൊപഗണ്ടയുടെ അടിസ്ഥാനം. നമ്മൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കണ്ണോടിച്ചാൽ ഇതു കാണാം. അമേരിക്ക, ബ്രിട്ടൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഇസ്്ലാമിനെ ഏറെ വേഗത്തിലാണ് ആളുകൾ പുൽകുന്നത്. അതിൽ സ്ത്രീ-പുരുഷ ഭേദമില്ല. ഇസ്്ലാംവിരുദ്ധ പ്രചാരണം  ഇല്ലായിരുന്നെങ്കിൽ ഇതിന്റെ തോത് ഏതളവിൽ ആയിരിക്കുമെന്ന് ഇവർക്ക് നല്ല ബോധ്യമുണ്ട്. അതിനാൽ, ഇസ്്ലാമിനെ ആളുകൾ ഭയപ്പാടോടെ നോക്കിക്കാണണം എന്നവർ ആഗ്രഹിക്കുന്നു. അപ്പോൾ അതിനെ നേരിടേണ്ടത് യഥാർഥ ഇസ്്ലാമിനെ സ്വന്തം ജീവിതത്തിലൂടെ ആവിഷ്കരിച്ചുകൊണ്ട് കൂടിയാവണം എന്ന് നാമും തിരിച്ചറിയണം.

രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങൾ നാൾക്കു നാൾ മുസ്്ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രതികൂലമായി വരുന്നു. എങ്ങനെയാണ് ഇവിടെ ഇത്തരമൊരു  അവസ്ഥ രൂപപ്പെട്ടത്?

ഈ രാജ്യം അപകടകരമായ ഒരു സാഹചര്യത്തിലാണുള്ളത്. വെറുപ്പ് പ്രചരിപ്പിക്കുന്നവർ വലിയ തോതിൽ അതിൽ വിജയിച്ചിട്ടുണ്ട്. ഇത് കാലങ്ങളായുള്ള പരിശ്രമ ഫലമാണ്. ഇവിടെ കലാപങ്ങളും കുഴപ്പങ്ങളുമൊന്നും ഉണ്ടാകുന്നതല്ല, ഉണ്ടാക്കുന്നതാണ്; വ്യക്തമായ ആസൂത്രണത്തോടെ തന്നെ.
ഹിന്ദുത്വ ഐഡിയോളജി   ഗോൾവാൾക്കർ, സവർക്കർ എന്നിവരിലൂടെ കടന്നാണ് ഇന്നുള്ളവരിൽ എത്തിയത്. അതുകൊണ്ടുതന്നെ വലിയ ബുദ്ധി ഇതിനു പിന്നിലുണ്ട്. വിദ്വേഷ പ്രസ്താവനകളും ന്യൂനപക്ഷ വേട്ടയുമൊന്നും അവിചാരിതമായി സംഭവിക്കുന്നതല്ല.  എന്നാൽ അവർ ഭരണഘടന, രാഷ്ട്രം, ഗാന്ധിജി എന്നിത്യാദി കാര്യങ്ങളൊക്കെ സംസാരിക്കുകയും ചെയ്യുന്നു എന്നതാണ് വിരോധാഭാസം. തീർച്ചയായും ഹിന്ദുരാഷ്ട്രം എന്നത് അത്രയെളുപ്പം സംഭവിക്കുന്ന ഒന്നല്ല എന്ന് അവർക്ക് ബോധ്യമുണ്ട്. അതുകൊണ്ട് ഭരണഘടന നൽകുന്ന അവകാശങ്ങളെ പറ്റി നാം പറഞ്ഞുകൊണ്ടേയിരിക്കണം. വിദ്വേഷത്തിനെതിരെ മാനവികത പ്രചരിപ്പിക്കണം. വൈവിധ്യങ്ങളെ പറ്റി സംസാരിച്ചുകൊണ്ടിരിക്കണം.

രാജ്യത്തിന്റെ ഭരണഘടന പോലും മാറ്റിമറിക്കാനുള്ള സാധ്യതയുള്ളപ്പോൾ എന്താണ് മുന്നിലുള്ള വഴി?

ഈ രാജ്യത്തെ മതേതര ഭരണഘടന സംരക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്നവരാണ് നാം. അതിനായി പരിശ്രമിക്കുന്നവരുമാണ്. ജംഇയ്യത്ത് ഉലമായേ ഹിന്ദ് അതിനു വേണ്ടിയാണ് നിലകൊള്ളുന്നത്.  ഇത് വെറും വാക്കല്ല. ഭരണഘടന നിലവിൽ വന്നതിൽ പോലും ജംഇയ്യത്തിന് പങ്കുണ്ട്. വിഭജനത്തിനു ശേഷം ഇതൊരു മതരാഷ്ട്രമായി മാറ്റാൻ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ, എന്റെ വന്ദ്യ പിതാവ് അടക്കമുള്ള ജംഇയ്യത്ത് നേതാക്കൾ ഈ ശ്രമം തിരിച്ചറിഞ്ഞു പ്രതിരോധിച്ചു. ഇവിടെ ഒരു മതേതര ഭരണഘടന നിലവിൽ വരേണ്ടതിന്റെ അനിവാര്യതയെ പറ്റി അവർ വേണ്ട ഇടങ്ങളിൽ സംസാരിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ നാം ഈ ഭരണഘടനയുടെ സംരക്ഷകർ കൂടിയാണ്. ആ ബോധ്യത്തോടെ തന്നെയാണ് ജംഇയ്യത്ത് പ്രവർത്തിക്കുന്നത്.

ഈ ധ്രുവീകരണ പ്രവർത്തനങ്ങൾ രാജ്യത്തെ എവിടെ എത്തിക്കുമെന്നാണ് താങ്കൾ ചിന്തിക്കുന്നത് ?

നമ്മുടെ രാജ്യത്തെ ഒരു രണ്ടാം വിഭജനത്തിലേക്ക് കൊണ്ടുപോകാൻ ചിലർ ലക്ഷ്യമിടുന്നുണ്ട്. എന്റെ പിതാവ് അടങ്ങുന്ന അന്നത്തെ ജംഇയ്യത്ത് ഉലമായുടെ നേതാക്കൾ വിഭജനത്തോട് ശക്തമായി വിയോജിച്ചവരായിരുന്നു. ആ നിലപാട് ശരിയായിരുന്നു എന്ന് ഇരു രാജ്യങ്ങളിലെയും വർത്തമാന കാല അവസ്ഥകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. അന്നത്തെ വിഭജനവും രണ്ടു മതങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. ഇന്നും അതു തന്നെയാണ് അവർ ലക്ഷ്യമിടുന്നത്. എന്നാൽ, നമുക്ക് ഭരണഘടനയിലും ഇവിടെയുള്ള മതേതര സമൂഹത്തിലും വിശ്വാസമുണ്ട്.  ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. അതങ്ങനെ തന്നെ നിലനിൽക്കും. ഹിന്ദുരാഷ്ട്രം എന്നത് എളുപ്പത്തിൽ സംഭവ്യമാകുന്ന ഒന്നല്ല. അവരതിനു നീക്കം തുടങ്ങിയെങ്കിലും  ശക്തമായ പ്രതിരോധമുണ്ടാകും. ഇവിടെയുള്ള ന്യൂനപക്ഷ സമുദായങ്ങളെ അങ്ങനെ തള്ളി മാറ്റാൻ കഴിയില്ല. നാം എല്ലാവരും കൂടിച്ചേരുമ്പോഴാണ്  ഇന്ത്യ എന്ന സങ്കൽപം പൂർണമാവുന്നത്. ഭരണഘടനയും നിയമ സംവിധാനവും അതിന്റെ മൂല്യങ്ങളോടു കൂടി ഇവിടെ നിലനിർത്തപ്പെടണം. അതിനാണ് നമ്മുടെ പോരാട്ടം. ഇതിൽ മുസ്്ലിംകൾ തനിച്ചുനിന്ന് സമരങ്ങൾ ചെയ്തതുകൊണ്ടോ ശബ്ദം ഉയർത്തിയതുകൊണ്ടോ കാര്യമില്ല. ഇത് ഈ രാജ്യത്തിന്റെ പ്രശ്നമാണ്, അതിന്റെ സ്ഥാപിത മൂല്യങ്ങളുമായും ഭരണഘടനയുമായുമെല്ലാം ബന്ധപ്പെട്ട വിഷയമാണ്. രാജ്യത്തെ വ്യത്യസ്ത വിഭാഗങ്ങളെ  ഒന്നിച്ചു ചേർത്തുകൊണ്ട്, എല്ലാവരും ചേർന്നു നിന്നുകൊണ്ടാണ് ഈ വിദ്വേഷ സംഹിതകളെ നേരിടേണ്ടത്. അതിന്റെ സമയം അവസാനിച്ചിട്ടില്ല..

ഈ രാജ്യത്തിന്റെ ഭാവിയെ പറ്റി ആശങ്കയുണ്ടോ?

ആശങ്കപ്പെടേണ്ടതുണ്ട് എന്നത് ശരിയാണ്. എന്നാൽ, നിരാശ ഒന്നിനും പരിഹാരമല്ല. പുതിയ രാഷ്ട്രീയ സാഹചര്യത്തെ കൃത്യമായി മനസ്സിലാക്കുക എന്നത് മുസ്്ലിം സമുദായത്തെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. വെറുപ്പിനെ വിവേകംകൊണ്ട് നേരിടലാണ് അഭികാമ്യം. വികാരംകൊണ്ട് നേരിട്ടാൽ നഷ്ടം മാത്രമേ ഉണ്ടാകൂ. ഈ രാജ്യത്തെ നിയമ സംവിധാനത്തെ മാനിച്ചുകൊണ്ട് മുന്നോട്ട് പോകണം. അങ്ങനെയേ നാം ഇതു വരെ മുന്നോട്ട് പോയിട്ടുള്ളൂ. നിരാശപ്പെടേണ്ട കാര്യമില്ല. നാം വിശ്വാസികളാണ്. ഈ രാജ്യത്ത് അനേകം പ്രതിസന്ധികളുണ്ടെങ്കിലും പ്രതീക്ഷയുടെ കണ്ണികൾ അറ്റുപോയിട്ടൊന്നുമില്ല.  ജംഇയ്യത്ത്  പ്രശ്നബാധിത പ്രദേശങ്ങളിലെല്ലാം  പ്രതിനിധികളെ അയച്ചു കാര്യങ്ങൾ വിശദമായി പഠിക്കാറുണ്ട്. ഇത്രയും കാലത്തെ അനുഭവങ്ങളിൽനിന്ന് മനസ്സിലായത്, വെറുപ്പിനെതിരെയും വിദ്വേഷത്തിനെതിരെയും ചിന്തിക്കുന്ന ധാരാളം മനുഷ്യർ ഉണ്ടെന്നു തന്നെയാണ്.
അതുകൊണ്ട് ഈ രാജ്യത്തെ ഇനിയും മതേതര സങ്കൽപത്തിലേക്ക്, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്ക്, യഥാവിധി നീതിനിർവഹിക്കപ്പെടുന്ന സ്ഥിതിയിലേക്ക് വീണ്ടെടുക്കാൻ പറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ. പക്ഷേ, നമ്മുടെ സമീപനം വിവേകപൂർണമായിരിക്കണം. അവർ വിരിക്കുന്ന വലയിൽ ചെന്നുചാടരുത്. അത്‌ ദോഷം ചെയ്യും.

ഇന്ത്യയിലെ മുസ്്ലിംകളുടെ പാരമ്പര്യത്തെയും  അസ്തിത്വത്തെയും പറ്റി ഉറച്ചു തന്നെ സംസാരിക്കേണ്ടതില്ലേ?

തീർച്ചയായും, മറ്റുള്ളവരോടും നമ്മോട് തന്നെയും അത്‌ പറയേണ്ടതുണ്ട്.  രണ്ടു നൂറ്റാണ്ടുകളോളം ഈ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരാണ് ഇന്ത്യയിലെ മുസ്്ലിംകൾ. അവരെയാണ് ഇവിടെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ വേണ്ടി വിദ്വേഷം പടർത്തുന്നവരാണ് യഥാർഥ രാജ്യദ്രോഹികൾ. ചരിത്രം അറിയാത്തവരോ അത്‌ മറച്ചുപിടിക്കാൻ ശ്രമിക്കുന്നവരോ ആണ് ഇവിടെ തലപ്പത്തിരിക്കുന്നത്. മുസ്്ലിംകളുടെ കാര്യവും വ്യത്യസ്തമല്ല. മുസ്്ലിംകളുടെ പ്രൗഢമായ ചരിത്ര പാരമ്പര്യത്തെ പറ്റി അവർ തന്നെ അജ്ഞരാണ്. ഇന്ത്യയിൽ ആദ്യമായി ബ്രിട്ടീഷുകാർക്കെതിരെ ജിഹാദിന് ഫത്‌വ കുറിച്ചു നൽകിയ ഇമാം ഷാ അബ്ദുൽ അസീസ് ദഹ്്ലവിയുടെ ചരിത്രം എത്ര പേർക്കറിയാം! ദാറുൽ ഉലൂം ദയൂബന്ദ് കേന്ദ്രമായി നടന്ന സമരങ്ങളും നമ്മുടെ പൊതു ചരിത്രങ്ങളിൽ വായിക്കാൻ കഴിയില്ല.
1857-ലെ സമരത്തിൽ മാത്രമായി ആയിരക്കണക്കിന് മുസ്്ലിം പണ്ഡിതർ ജീവത്യാഗം ചെയ്തിട്ടുണ്ട്. ഇതൊന്നും നമ്മുടെ മതസ്ഥാപനങ്ങളിൽ പോലും പഠിപ്പിക്കുന്നില്ല.
പുതിയ തലമുറയെ ചരിത്രം പഠിപ്പിച്ചാൽ മാത്രമേ നമുക്ക് അഭിമാന ബോധത്തോടെ ജീവിക്കാൻ കഴിയൂ. ഒപ്പം ഇതര മതവിശ്വാസികളായ സുഹൃത്തുക്കൾക്കും ഈ സന്ദേശം എത്തിക്കണം. ഈ വെറുപ്പിന്റെ കാലത്ത് അത്‌ പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കാൻ സഹായിക്കും.

താങ്കൾ ദാറുൽ ഉലൂം ദയൂബന്ദ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്്ലാമിക കലാലയത്തിന്റെ  ഉന്നത സ്ഥാനത്തുള്ള വ്യക്തിയാണ്. മദ്റസകൾക്കെതിരെയുള്ള നീക്കങ്ങളെ പറ്റി എന്താണ് പറയാനുള്ളത്?

മത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (മദ്റസകളിൽ ) എന്താണ് നമ്മൾ പഠിപ്പിക്കുന്നത് എന്ന് എല്ലാവർക്കുമറിയാം. നാമത് മറച്ചുവെച്ചിട്ടില്ല.  എട്ട് നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യം  ആ വിദ്യാഭ്യാസ സമ്പ്രദായത്തിനുണ്ട്.  ദാറുൽ ഉലൂം ദയൂബന്ദിനെ പറ്റി വരെ ആരോപണങ്ങൾ പടച്ചുവിടുന്നുണ്ട്. ഇതിലൊന്നും സത്യത്തിന്റെ അംശമുണ്ടായിട്ടല്ല. പ്രൊപഗണ്ടയുടെ ഭാഗമാണിത്. ഇതിൽ വീണുപോയ നിഷ്കളങ്കരുണ്ട്. അവർക്ക് എപ്പോൾ വേണമെങ്കിലും വന്നു സംശയങ്ങൾ തീർക്കാവുന്ന തരത്തിലാണ് മദ്റസകൾ പ്രവർത്തിക്കുന്നത്. ഞാൻ ഇത്തരക്കാരോട് പറയാറുള്ളത്, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ദാറുൽ ഉലൂമിൽ വരാം. അവിടെയുള്ള ക്ലാസ്സുകൾ കാണാം. പങ്കെടുക്കാം. അവിടെ പഠിപ്പിക്കുന്ന മൂല്യങ്ങൾ മനസ്സിലാക്കാം. മദ്റസകളിൽ ജീവിത ഗന്ധിയായ മതനിയമങ്ങളാണ് പഠിപ്പിക്കുന്നത്. മനുഷ്യരെ സ്നേഹിക്കാനും സഹായിക്കാനുമാണ് ആ വിദ്യാഭ്യാസം പ്രേരണ നൽകുന്നത്.  ധാർമികബോധമുള്ള മനുഷ്യരെ സൃഷ്ടിക്കുക എന്നതാണ് മദ്റസകളുടെ ലക്ഷ്യം. 

മദ്റസകൾ സർക്കാർ നിയന്ത്രണത്തിലാക്കണം എന്ന  അജണ്ടയുണ്ട്. അത്‌ പ്രായോഗികമാണോ..?

മദ്റസകൾക്ക് സർക്കാർ സഹായം ആവശ്യമില്ല.  അതുകൊണ്ടുതന്നെ സർക്കാർ ഇടപെടലുകളും നിയന്ത്രണവും ഒരു പരിധിക്കപ്പുറം പാടില്ല.  മതം പഠിപ്പിക്കാനും പ്രചരിപ്പിക്കാനും നമുക്ക് ഭരണഘടന അനുവാദം നൽകിയതാണ്. അതുകൊണ്ടുതന്നെ മദ്റസകൾ തികച്ചും സ്വതന്ത്രമായ സംവിധാനമാണ്. അത്‌ ഗവണ്മെന്റിൽ അഫിലിയേറ്റ് ചെയ്യേണ്ട കാര്യമില്ല. ധന സഹായത്തിന്റെ ആവശ്യവുമില്ല. മദ്റസകളും പള്ളികളും വിശ്വാസികളായ സാധാരണക്കാരുടെ പണം കൊണ്ടാണ് നടന്നുപോരുന്നത്. ഏറ്റവും താഴെക്കിടയിലുള്ള തൊഴിലെടുക്കുന്നവർ മുതൽ അതിലേക്ക് തങ്ങൾക്ക് കഴിയുന്നത് നൽകിവരുന്നു. ഇങ്ങനെയാണ് ഇന്ത്യയിൽ മത സ്ഥാപനങ്ങൾ നടന്നുപോരുന്നത്. ഇതെല്ലാം സുതാര്യമാണ്. നിയമ വിരുദ്ധമായ എന്തെങ്കിലും ഇതിൽ എവിടെയെങ്കിലുമുണ്ടെങ്കിൽ അത്‌ പരിശോധിക്കാനും നടപടിയെടുക്കാനും ഭരണകൂടത്തിന് അധികാരമുണ്ട്. അതിനു നാം എതിര് നിൽക്കുന്നില്ല.

മദ്റസകളിൽ  മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകേണ്ടതല്ലേ?

തീർച്ചയായും മദ്റസകളിൽ ആധുനിക വിദ്യാഭ്യാസ കരിക്കുലം കൂടി പഠിപ്പിക്കേണ്ടതുണ്ട്. കാലോചിതമായി പഠന രീതികൾ പരിഷ്കരിക്കപ്പെടണം. അത്തരം നീക്കങ്ങൾ പലയിടത്തും ആരംഭിച്ചുകഴിഞ്ഞു. അതിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നു.

നമ്മുടെ പെൺകുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കേണ്ടതല്ലേ, എന്താണ് ഈ വിഷയത്തിലുള്ള നിലപാട്?

സ്ത്രീ വിദ്യാഭ്യാസം എതിർക്കപ്പെടേണ്ടതല്ല. പുതിയ തലമുറകളെ വാർത്തെടുക്കുന്നതിൽ സ്ത്രീകളുടെ പങ്ക് ഏറെ വലുതാണ്. സ്ത്രീകൾ അറിവുള്ളവരാകുക എന്നത് സമൂഹത്തിന്റെ പുരോഗതിയുടെ അടയാളമാണ്. എന്നാൽ, ഇസ്്ലാം നിഷ്കർഷിച്ച നിബന്ധനകൾ ഇവിടെ ബാധകമാണ്. ആധുനിക സംസ്കാരത്തോട്‌ മുസ്്ലിംകൾ രാജിയാവാൻ പാടില്ല.  ഹിജാബ്, പർദ എന്നിവ നിലനിർത്തപ്പെടണം.  ഇസ്്ലാം വിരോധിച്ച തരത്തിലുള്ള സ്ത്രീ-പുരുഷ സങ്കലനം ഉണ്ടാവരുത്.  ഇത് സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ബാധകമാണ്. മത മൂല്യങ്ങൾ പാലിച്ചുകൊണ്ടുതന്നെ വിദ്യാഭ്യാസം ചെയ്യാനുള്ള സൗകര്യങ്ങൾ ധാരാളം ഇവിടെയുണ്ട്. മത വിദ്യാഭ്യാസവും ആധുനിക വിദ്യാഭ്യാസവും എല്ലാവർക്കും ലഭിക്കണം എന്നു തന്നെയാണ് നമ്മുടെ കാഴ്ചപ്പാട്.  പലപ്പോഴും ഈ വിഷയത്തിൽ എന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തിന് നാം എതിരല്ല എന്ന് മാത്രമല്ല, അനുകൂലവുമാണ്.

ഓം എന്നതും അല്ലാഹു എന്നതും ഒന്നാണ് എന്ന താങ്കളുടെ വിവാദപരമായ പരാമർശമുണ്ടല്ലോ. അതിന്റെ പശ്ചാത്തലം ഒന്ന് വിവരിക്കാമോ?

ഈ രാജ്യം ഒരുമയോടെയും ഇവിടെയുള്ള മനുഷ്യർ പരസ്പര ധാരണയോടെയും മുന്നോട്ട് പോയാൽ മാത്രമേ നമുക്ക് രക്ഷയുള്ളൂ. അതിനെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള ചർച്ചകളും നിരീക്ഷണങ്ങളുമാണ് പങ്ക് വെക്കേണ്ടത്. അത്‌ നമ്മുടെ സാംസ്കാരിക ഭൂമികയുടെ പ്രൗഢി വർധിപ്പിക്കുകയേ ഉള്ളൂ.  നമ്മുടെ വിശ്വാസമനുസരിച്ച് അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി അറേബ്യയിലാണ് നിയുക്തനായത്. എന്നാൽ, ആദ്യ പ്രവാചകനും ആദിമ മനുഷ്യനുമായ ആദം ഇന്ത്യൻ മണ്ണിലേക്കാണ് സ്വർഗത്തിൽനിന്ന് ഇറക്കപ്പെട്ടത് എന്ന ബലപ്പെട്ട അഭിപ്രായങ്ങളുണ്ട്. അങ്ങനെ നോക്കിയാൽ ഹൈന്ദവ വേദങ്ങളിൽ ആദിമ മനുഷ്യനായി പറയുന്ന മനു  ആദം ആയിരിക്കാനും അദ്ദേഹം ആരാധിച്ച, ഓം എന്ന് പരാമർശിക്കപ്പെട്ട ശക്തി ഏകദൈവം ആയിരിക്കാനും സാധ്യതയുണ്ട്. ഇത് കൊണ്ടെത്തിക്കുന്നത്  നമ്മുടെയെല്ലാം സ്രഷ്ടാവും ആരാധ്യനുമെല്ലാം ഏകനാണ് എന്ന സന്ദേശത്തിലേക്കാണ്. ഇത് ഐക്യത്തിന്റെ സന്ദേശമാണ്, ഭിന്നിപ്പിന്റേതല്ല. മറ്റു താത്പര്യങ്ങൾ ഉള്ളവരാണ് ഇത് വിവാദമാക്കുന്നത് എന്നാണ് മനസ്സിലാകുന്നത്.

ഓം, മനു എന്നതൊക്കെ ഹൈന്ദവ വിശ്വാസ പ്രമാണങ്ങളിൽ  ഉള്ള കാര്യങ്ങളല്ലേ, അതെങ്ങനെയാണ് മുസ്്ലിംകളുമായി ബന്ധപ്പെടുന്നത്?

ഇത് രണ്ടു മതങ്ങൾ എന്ന തരത്തിൽ അല്ല ഞാൻ പറയുന്നത്. ഓം എന്നത് ഈശ്വരൻ എന്ന അർഥത്തിലാണ് ഞാൻ പരാമർശിച്ചത്. ഓം എന്നത് ഒരു ശബ്ദത്തെ പറ്റിയല്ല, അദൃശ്യമായ ഒന്നിനെ പറ്റിയാണ് സൂചിപ്പിക്കുന്നത്. മതത്തിനപ്പുറം ഉള്ള ദൈവ വിശ്വാസത്തെ പറ്റിയാണ് ഞാൻ സംസാരിച്ചത്. ആദിമ മനുഷ്യർ, അവരെ എന്ത് പേരിട്ടു വിളിച്ചാലും ശരി അവർ ആരാധിച്ചിരുന്നത് ഏക ദൈവത്തെയാണ്. ആദം എന്നാണ് മുസ്്ലിംകൾ ആദിമ മനുഷ്യനെ വിളിക്കുന്ന പേര്. ആദമിന്റെ സന്തതികളെ നാം ആദ്മി എന്നും വിളിക്കുന്നു. വേദങ്ങളിൽ ആദിമ മനുഷ്യനായി പറയുന്നത് മനുവിനെയാണ്. ഇത് പറയുമ്പോൾ ആളുകൾ തെറ്റിദ്ധരിക്കും,  മനുസ്മൃതി എഴുതിയ മനുവാണെന്ന്. അത്‌ രണ്ടും രണ്ടു പേരാണ്. ഞാൻ പറയുന്ന മനു വേദങ്ങളിൽ മനുഷ്യ പിതാവ് എന്ന തരത്തിൽ പറഞ്ഞ വ്യക്തിയാണ്. ആ മനുവിന്റെ മക്കളെയാണ് മനുഷ്യൻ, മാനവൻ എന്നൊക്കെ പറയുന്നത്.
ഏകദൈവ വിശ്വാസം വേദങ്ങളിൽ പലയിടത്തായി പറയുന്നുണ്ട്. അതിനാൽ തന്നെ ഇന്ത്യയുടെ പാരമ്പര്യം അടങ്ങുന്നത് ഏകദൈവ വിശ്വാസത്തിലേക്കാണ് എന്നാണ് എന്റെ വീക്ഷണം.

സമകാലിക ഇന്ത്യയിൽ മുസ്്ലിംകളുടെ പ്രായോഗിക നിലപാട് എന്തായിരിക്കണം?  മുൻഗണനാ ക്രമം മാറേണ്ടതുണ്ടോ?

മുസ്്ലിം സമുദായത്തിന് ഏറ്റവും അനിവാര്യമായി വേണ്ടത് വിദ്യാഭ്യാസം തന്നെയാണ്. കുട്ടികളെ നല്ല രീതിയിൽ വിദ്യാഭ്യാസം ചെയ്യിക്കണം. ഉന്നത നിലകളിൽ അവർ എത്തണം. കലാപങ്ങൾ തളർത്തിയാലും തളരരുത്. അര റൊട്ടി ഭക്ഷിച്ചാണെങ്കിലും,  ഇനി പട്ടിണിയാണെങ്കിൽ പോലും കുട്ടികളെ നാം വിദ്യാഭ്യാസം ചെയ്യിക്കണം.  വിദ്യാഭ്യാസംകൊണ്ട് ഇതര മേഖലകളിൽ പുരോഗതി സാധ്യമാകും. മുസ്്ലിംകൾ ഉൾപ്പെടെ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമായാൽ ഇവിടെ വെറുപ്പിന്റെ അജണ്ടക്ക് നിലനിൽപില്ല എന്നവർക്ക് നന്നായി അറിയാം. അതിനാൽ തന്നെ അതിനെതിരെ അവർ ജാഗരൂകരായിരിക്കും . അത് തിരിച്ചറിഞ്ഞു  വിദ്യാഭ്യാസ- ശാക്തീകരണ യജ്ഞങ്ങളുമായി നമുക്ക് മുന്നോട്ട് പോവേണ്ടതുണ്ട്. മുസ്്ലിംകൾ തന്നെ മുൻകൈയെടുത്ത് വിദ്യാലയങ്ങൾ സ്ഥാപിക്കണം. എല്ലാവർക്കും വിദ്യാഭ്യാസം നൽകണം.  ദയൂബന്ദിൽ തന്നെ ഈ മാറ്റം ദൃശ്യമാണ്. അവിടെ ബി. എഡ് കോളേജ്, ഡിഗ്രി കോളേജ്, പെൺകുട്ടികൾക്കുള്ള ഐ.ടി.ഐ എന്നിവയൊക്കെ വന്നുകഴിഞ്ഞു.
മറ്റൊന്ന്,  സഹജീവികളെ സേവിക്കുന്നതിന് ഊന്നൽ കൊടുക്കണം എന്നതാണ്. അതിൽ സമുദായം ഒട്ടും പിന്നിലല്ല. ജാതി-മത ഭേദമന്യേ മനുഷ്യരുടെ ആവശ്യങ്ങൾ പൂർത്തീകരിച്ചു കൊടുക്കണം. ഭക്ഷണം, വസ്ത്രം, പാർപ്പിടം, മറ്റ് അടിയന്തര ആവശ്യങ്ങൾക്കൊന്നും നമ്മുടെ മുന്നിൽ ആരും പ്രയാസപ്പെടാൻ പാടില്ല. ജംഇയ്യത്ത് ഉലമായേ ഹിന്ദ് ഈ രംഗത്ത് വലിയ സേവനം നിർവഹിക്കുന്നുണ്ട്. കലാപ ബാധിത പ്രദേശങ്ങളിലും, പ്രകൃതി ദുരന്തങ്ങൾ ബാധിച്ച ഇടങ്ങളിലുമെല്ലാം നമ്മുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമാണ്. 2018-ൽ കേരളത്തിൽ നടന്ന പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ജംഇയ്യത്ത് വലിയ തോതിൽ സഹായം നൽകിയിരുന്നു. വയനാട്ടിൽ  മുപ്പതിനടുത്ത് വീടുകൾ ജംഇയ്യത്ത് നിർമിച്ചുനൽകുകയുണ്ടായി.

ആർ.എസ്.എസ് തലവനുമായി താങ്കളുടെ കൂടിക്കാഴ്ച ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്തായിരുന്നു അതിന്റെ പശ്ചാത്തലം?

മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച്ച നടന്നത് ആൾക്കൂട്ട കൊലപാതകം അധികരിച്ച സാഹചര്യത്തിലായിരുന്നു. അവരുടെ മുന്നിൽ പോയി ഈ പ്രവണതക്ക് എതിരെ ശക്തമായ പ്രതിഷേധം അറിയിക്കുകയാണ് ചെയ്തത്.  കോടതി ഇതിനെതിരെ നിയമ നിർമാണം നടത്താൻ ഗവൺമെന്റിനോട് നിർദേശം നൽകിയിട്ടുണ്ട്, അവർ അത്‌ പരിഗണിച്ചില്ല- ഇതായിരുന്നു ആ കൂടിക്കാഴ്ചയുടെ സാഹചര്യം. മുഖാമുഖം പറയേണ്ട കാര്യങ്ങൾ മുഖാമുഖം തന്നെ പറയേണ്ടതുണ്ട്. നാം ന്യായമായ കാര്യമാണ് സംസാരിക്കുന്നത്. ചർച്ചകളെയും കൂടിക്കാഴ്ചകളെയും മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല.  നമ്മുടെ ശബ്ദം ഉയർത്താൻ കഴിയുന്ന ഇടങ്ങളിൽ ശക്തമായി അത്‌ ഉയർത്തുക തന്നെ വേണം.  പരസ്പര വിശ്വാസത്തെ പറ്റിയും രാജ്യ പുരോഗതിയെ പറ്റിയുമൊക്കെ നിങ്ങൾ പറയുന്ന വാക്കുകളിൽ ആത്മാർഥത വേണമെന്നാണ് ഞാൻ മോഹൻ ഭാഗവതിനോട് പറഞ്ഞത്.  മുസ്്ലിംകളോട് മാത്രമല്ല, ദലിതരോടും ക്രൈസ്തവരോടും കൂടിയാണ് ഇവിടെ നിങ്ങൾ അനീതി ചെയ്യുന്നത് എന്നും ഞാൻ തുറന്നു പറഞ്ഞു.  അവർ അതിനെ എങ്ങനെ കണക്കിലെടുത്തു എന്നതല്ല, നമ്മൾ അത്‌ ശക്തമായി സംസാരിച്ചു എന്നതാണ് പ്രധാനം.  അനിവാര്യമായ കൂടിക്കാഴ്ചകൾ ആവാം എന്ന് തന്നെയാണ് നമ്മുടെ നിലപാട്.   മുസ്്ലിംകൾക്കു വേണ്ടി മാത്രമല്ല, രാജ്യത്തിനു വേണ്ടി തന്നെയാണ് നാം സംസാരിക്കുന്നത്.

ജംഇയ്യത്തിന്റെ നിയമ പോരാട്ടങ്ങളെക്കുറിച്ച് പറയാമോ?

രാജ്യത്ത് ധാരാളം നിരപരാധികൾ ജയിലിലടക്കപ്പെട്ടിട്ടുണ്ട്. ജംഇയ്യത്ത് പ്രവർത്തിക്കുന്ന ഒരു പ്രധാന മേഖല അതാണ്. ജംഇയ്യത്തിന്റെ ലീഗൽ സെൽ നിരവധി നിയമ പോരാട്ടങ്ങൾ നടത്തുന്നുണ്ട്. 2007-ലാണ് ലീഗൽ സെൽ നിലവിൽ വന്നത്. നൂറു കണക്കിന് കേസുകൾ നാം നേരിട്ട് നടത്തുന്നുണ്ട്. എത്രയോ പേരെ മോചിപ്പിക്കാൻ സാധിച്ചു. ഒട്ടേറെ വ്യാജ കഥകൾ പൊളിഞ്ഞിട്ടുണ്ട്. നീതി ലഭിക്കുന്നുണ്ട്; വളരെ വൈകിയാണെങ്കിലും.
പക്ഷേ, നിരപരാധികൾ തുറുങ്കിലടക്കപ്പെടുമ്പോൾ അവരുടെ ആ നഷ്ടമായ സമയത്തിനും അനുഭവിച്ച ശാരീരിക-മാനസിക പീഡനങ്ങൾക്കും ആര് ഉത്തരം പറയും? അതിന് പരിഹാരം എന്താണ് എന്ന ചോദ്യം ബാക്കിയാണ്. തീർച്ചയായും ജംഇയ്യത്ത് നിയമ പോരാട്ടം തുടരുന്നുണ്ട്.  നിരവധി കുടുംബങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അവരുടെ പ്രാർഥന വിഫലമാവുകയില്ല എന്ന വിശ്വാസത്തോടെയാണ് ഞങ്ങളുടെ പ്രവർത്തനം.  ഇപ്പോൾ 700-ലേറെ കേസുകൾ കീഴ്കോടതികളിലും 400-ലേറെ കേസുകൾ സുപ്രീം കോടതിയിലും ജംഇയ്യത്ത് നടത്തിവരുന്നു...

കേരളത്തെ പറ്റി എന്താണ് താങ്കളുടെ വിലയിരുത്തൽ? മലയാളി സമൂഹത്തോട് എന്താണ് താങ്കൾക്ക് പറയാനുള്ളത്?

കേരളം തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമുള്ള നാടാണ്. അവിടെ വെറുപ്പിന്റെ രാഷ്ട്രീയം വലിയ തോതിൽ വേര് പിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിലപാടുകളെ തുലനം ചെയ്യാൻ സാധിക്കില്ല. ഇന്ത്യ വൈവിധ്യം നിറഞ്ഞ ഒരു നാടാണ് എന്നതിനാൽ തന്നെ വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത നിലപാടുകളാണ് നാം കൈക്കൊള്ളേണ്ടത്.  താരതമ്യം അത്ര ശരിയായിക്കൊള്ളണമെന്നില്ല. ഓരോ ഇടത്തെയും സാഹചര്യങ്ങളും അവസ്ഥകളും വ്യത്യസ്തമാണ്. നമ്മുടെ നിലപാടുകളിലെ ശരി-തെറ്റുകൾ ഒരേ അളവുകോൽ വെച്ച് അളക്കാൻ കഴിയില്ല. മുസ്്ലിം സമൂഹത്തിന്റെ സാമൂഹിക സാഹചര്യങ്ങളും കേരളത്തിൽ വ്യത്യസ്തമാണ്. വെറുപ്പ് അധികം പ്രസരിക്കാത്തതു കൊണ്ട് ഇതര സമുദായങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസത്തിനും സൗഹൃദത്തിനും കോട്ടം തട്ടാത്ത ഇടമാണ് കേരളം. അത്‌ നിലനിർത്തിപ്പോവലാണ് നിങ്ങളുടെ ബാധ്യത. മനുഷ്യർ തമ്മിൽ സ്നേഹത്തോടെ വർത്തിക്കുമ്പോഴാണ് വെറുപ്പിന്റെ ശക്തികൾ നിരായുധരാവുക. കേരളീയർക്ക് അത്‌ എളുപ്പത്തിൽ സാധിക്കും. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 17-21
ടി.കെ ഉബൈദ്‌

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്