പി.പി കുഞ്ഞി മുഹമ്മദ്
മലപ്പുറം ജില്ലയിലെ തിരൂർ തലക്കടത്തൂരിൽ ഇസ്്ലാമിക പ്രസ്ഥാനം എന്നാൽ ഒരു കാലത്ത് പി.പി കുഞ്ഞിമുഹമ്മദ് സാഹിബ് (62 ) ആയിരുന്നു. എല്ലാ നിലക്കും അദ്ദേഹമായിരുന്നു പ്രസ്ഥാനത്തിന്റെ പ്രതിനിധാനം. ആളുകൾ ജമാഅത്തെ ഇസ്്ലാമിയിലേക്ക് കടന്നുവരാൻ ഭയപ്പെട്ടിരുന്ന കാലത്ത് അദ്ദേഹം സധൈര്യം പ്രസ്ഥാനത്തിന്റെ ഭാഗമായി. എസ്.ഐ.ഒ പ്രായത്തിലായിരിക്കെ തന്നെ ജമാഅത്തെ ഇസ്്ലാമി അംഗത്വവും IRW മെമ്പർഷിപ്പും എടുത്തിരുന്നു. ഇസ്്ലാമിക പ്രസ്ഥാനത്തിന് സമർപ്പിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്.
പിതാവായ പി.പി മമ്മി ഹാജി, മുസ്്ലിം ലീഗിന്റെ സമുന്നത നേതാവും ദീർഘ കാലം ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഇത്തരം ഒരു കുടുംബ സാഹചര്യത്തിൽനിന്നുള്ള ഒരാൾ അക്കാലത്ത് ജമാഅത്തെ ഇസ്്ലാമിയിലേക്ക് കടന്നുവരിക അത്ര എളുപ്പമായിരുന്നില്ല. തന്റെ ജീവിതത്തിൽ ഏറ്റവും സംഘർഷം അനുഭവിച്ചത്, താൻ ഉൾപ്പെടെയുള്ള പ്രവർത്തകർ, സ്വന്തം പിതാവിനെതിരിൽ പഞ്ചായത്തിൽ വോട്ട് ചെയ്യാൻ തീരുമാനിച്ചപ്പോഴായിരുന്നുവെന്ന് അദ്ദേഹം പിൽക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ വോട്ടിനായിരുന്നു ആ തെരഞ്ഞെടുപ്പിൽ ജയ-പരാജയങ്ങൾ തീരുമാനിക്കപ്പെട്ടത്. ഈ സാഹചര്യത്തിൽ ഒരു മകൻ എന്ന നിലക്ക് കുടുംബത്തിൽനിന്നും നാട്ടുകാരിൽനിന്നും ഉണ്ടായ പ്രതികരണങ്ങൾ അദ്ദേഹം ക്ഷമാപൂർവം നേരിട്ടു.
ആദർശത്തിൽ ഉറച്ചുനിൽക്കാൻ പി.പി കുഞ്ഞി മുഹമ്മദ് എല്ലായ്്പ്പോഴും ജാഗ്രത കാണിച്ചു. കുടുംബത്തിനും നാട്ടുകാർക്കും അദ്ദേഹം മാതൃകയായി. ദഅ്വ, ഇസ്വ്്ലാഹി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പലിശ രഹിത നിധി, പെയ്ൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ എൺപതുകളിൽ തന്നെ സജീവമായിരുന്നു. തലക്കടത്തൂർ മഹല്ല് മുശാവറാംഗം കൂടിയായിരുന്ന അദ്ദേഹം, മഹല്ലിലും പലിശ രഹിത വായ്പകൾ തുടങ്ങണമെന്ന നിർദേശം മുന്നോട്ടു വെച്ചു. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത പാലിച്ചിരുന്ന അദ്ദേഹം ആർഭാടങ്ങൾക്കും പൊങ്ങച്ചങ്ങൾക്കുമെതിരെ ശബ്ദിച്ചു.
പരന്ന വായന അവസാന കാലം വരെ തുടർന്നു. സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് രണ്ട് വർഷത്തോളം കിടപ്പിലായിരുന്നു.
ജമാഅത്തെ ഇസ്്ലാമി തലക്കടത്തൂർ പ്രാദേശിക അമീറായിരുന്നു. തിരൂർ, വൈലത്തൂർ, വളവന്നൂർ ഏരിയകളുടെ കൺവീനർ സ്ഥാനവും വഹിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രസ്ഥാനത്തിന് കീഴിലുള്ള വ്യത്യസ്ത ട്രസ്റ്റുകളിലും അംഗമായിരുന്നു.
ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ഇസ്മാഈൽ, മുഹമ്മദ് ഖുത്തുബ്. ജംഷീദ (അധ്യാപിക, എ.എം.എൽ.പി.എസ് ഓവുങ്ങൽ). മരുമക്കൾ: ഷാഹിദ്, (അധ്യാപകൻ, എ.എം.എൽ.പി.എസ് പറപ്പൂർ, ഇരിങ്ങല്ലൂർ ) തെസ്നി, ഫിദ.
എൻ. കോയക്കുട്ടി
വെസ്റ്റ് ചേന്ദമംഗല്ലൂർ ഹൽഖയിലെ സജീവ പ്രവർത്തകനും നാട്ടിലെ വികസന മേഖലയിലെ ശ്രദ്ധേയ സാന്നിധ്യവുമായിരുന്നു ഫെബ്രുവരി 11-ന് നമ്മെ വിട്ടു പിരിഞ്ഞ എൻ. കോയക്കുട്ടി സാഹിബ്. ആദ്യകാലത്ത് പൊറ്റശ്ശേരി അങ്ങാടിയിൽ കച്ചവടം ചെയ്തിരുന്നു. ഇടതുപക്ഷ ആശയ ധാരയിൽ ആകൃഷ്ടനായ അദ്ദേഹം ഒരു നല്ല കലാപ്രവർത്തകൻ കൂടിയായിരുന്നു.
റേഡിയോ മാത്രമുണ്ടായിരുന്ന കാലത്ത്, വാർത്തകൾ ഉറക്കെ നാട്ടുകാരെ കേൾപ്പിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പത്രങ്ങൾ ഒരു വരിപോലും വിടാതെ വായിക്കും. ഈ വായനാ ശീലമാണ് അദ്ദേഹത്തെ ഇസ്്ലാമിക സാഹിത്യങ്ങളിലെത്തിച്ചത്. പ്രസ്ഥാന പ്രവർത്തകനായിരുന്ന പറപ്പൊയിൽ അബ്ദുർറഹ്്മാൻ സാഹിബും ഈ വഴിമാറ്റത്തിന് കാരണമായിട്ടുണ്ട്.
എൻ.പി അബ്ദുൽ കരീം വെസ്റ്റ് ചേന്ദമംഗല്ലൂർ
മുഹമ്മദ് കുട്ടി ഇരിമ്പിളിയം
ഇരിമ്പിളിയം നീന്ത്രത്തൊടിയിൽ മുഹമ്മദ് കുട്ടി മാസ്റ്റർ, പ്രബോധനം വായനക്കാർക്ക് സുപരിചിതനായ കവി മുഹമ്മദ് കുട്ടി ഇരിമ്പിളിയം അല്ലാഹുവിലേക്ക് യാത്രയായി.
ഒറ്റച്ചിറകിൽ വേച്ചുവേച്ചിഴഞ്ഞ് തൂലിക ശരമാക്കി ഉണ്മയെത്തേടിയ, നരകത്തീയുലയിലൂതിയൂതി സ്വർഗ വാതിലിനു താക്കോൽ പണിയാൻ കെണിഞ്ഞ, നടുന്നത് വിളയും വരെ പിടപിടപ്പുമായി മനഃസ്വാസ്ഥ്യം കെട്ട, ജീവിതയാത്രയിൽ മനസ്സും വപുസ്സും ഒരേ സ്റ്റോപ്പിൽ ഇറങ്ങുന്നത് സ്വപ്നം കണ്ട, ചെകുത്താന്റെ അടയിരിപ്പു കുട്ടയിൽ ധരയ്ക്കു ലഭിക്കുന്ന കെട്ട മുട്ടകളെച്ചൊല്ലി വിലപിച്ച, മാലാഖമാരുടെ നെഞ്ചിൻ ചൂടിൽ വിരിഞ്ഞിറങ്ങിയ സമാധാനപ്പക്ഷിയെ ധരയ്ക്കെന്നാണിനി തിരികെക്കിട്ടുകെന്ന് മോഹം കൊണ്ട നന്മയുടെ കവിയായിരുന്നു അദ്ദേഹം.
ജമാഅത്ത് അംഗമായിരുന്ന അദ്ദേഹം തിരൂർക്കാട് ഇലാഹിയാ കോളേജിന്റെ സന്തതിയാണ്. നല്ലൊരു ചിത്രകാരനും കലാ സാഹിത്യ പ്രവർത്തകനുമായിരുന്നു.
പ്രബോധനത്തിൽ അമ്പതിലധികം കവിതകൾ പ്രസിദ്ധീകരിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, വാരാദ്യ മാധ്യമം, ആരാമം എന്നിവയിലും കവിതകൾ വെളിച്ചം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ 'നേർസാക്ഷ്യങ്ങൾ' കവിതാ സമാഹാരം ഈയിടെ പ്രബോധനം ചീഫ് എഡിറ്റർ ഡോ. കൂട്ടിൽ മുഹമ്മദലി പ്രകാശനം ചെയ്തിരുന്നു. അറബി / ഉർദു അധ്യാപകനായി പി.എസ്.സി നിയമനം ലഭിച്ച അദ്ദേഹം അറബിയാണ് തെരഞ്ഞെടുത്തത്.
കൊണ്ടോട്ടി തടത്തിൽ പറമ്പ് ജി.എൽ.പി സ്കൂൾ, നിറമരുതൂർ ജി.യു.പി സ്കൂൾ, പെരുമ്പറമ്പ് ജി.എൽ.പി സ്കൂൾ, നടുവട്ടം ജി.എൽ.പി സ്കൂൾ, ചെലൂർ ജി.എൽ.പി സ്കൂൾ, മങ്കേരി ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ജോലി ചെയ്തു. മൂന്നര വയസ്സിൽ ഇടതു കൈക്ക് പോളിയോ ബാധിച്ച അദ്ദേഹത്തെ നിരവധി അസുഖങ്ങൾ അലട്ടിയിരുന്നു. എന്നാൽ വലതു കൈക്ക് നാഥൻ വലിയ ശക്തിയും കഴിവും നൽകി അനുഗ്രഹിച്ചു. സമ്മേളന ചുമരെഴുത്തും, ബോർഡ്, ബാനർ എഴുത്തും എടുത്തു പറയേണ്ടതാണ്.
ഭാര്യ: തിത്തുമ്മു (റിട്ട: അധ്യാപിക). മക്കൾ: പരേതയായ ഷാഹിദ, സാജിദ. മരുമകൻ: ഷാജഹാൻ മണ്ണാർക്കാട്.
ഷാഫി ഇരിമ്പിളിയം
കൂരി ഷറഫലി
മക്കരപ്പറമ്പ കൂരി ഷറഫലി കഴിഞ്ഞ ജനുവരി പതിനേഴിനാണ് അല്ലാഹുവിലേക്ക് യാത്രയായത്. ജീവിതത്തിന്റെ നന്മ വസന്തങ്ങൾ നിറഞ്ഞുനിൽക്കുന്ന സമയത്ത് തന്നെ നാഥനെ കണ്ടുമുട്ടണമെന്നായിരുന്നു വിധി. മുപ്പത് വയസ്സ് പൂർത്തിയായി വിദ്യാർഥി പ്രസ്ഥാനത്തോട് വിടപറയുന്ന അന്ന് കൂട്ടുകാർ ഒരുക്കിയ സ്നേഹവിരുന്നിൽ പങ്കെടുക്കുന്നതിന് പകരം അന്ത്യ യാത്രക്കുള്ള മുന്നൊരുക്കത്തിന്റെ അവസാന രാത്രിയായിരുന്നല്ലോ അത്. വിദ്യാഭ്യാസം പൂർത്തിയാക്കി ഐ.ടി എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ച്, പ്രിയപ്പെട്ട ഫിദയെ ജീവിത സഖിയായി സ്വീകരിച്ച് ജീവിതത്തിന്റെ മനോഹര സ്വപ്നങ്ങളിലേക്ക് നടന്നടുക്കുമ്പോഴാണ് മാരക രോഗം വിരുന്നിനെത്തിയത്. സ്നേഹനിധികളായ മാതാ പിതാക്കളുടെയും സഹോദരങ്ങളുടെയും നിതാന്ത ജാഗ്രതയോടെയുള്ള പരിചരണവും പ്രാർഥനയും ഏറ്റുവാങ്ങി, പ്രിയപ്പെട്ടവൾ അതീവ സങ്കടത്തോടെ ചൊല്ലിക്കൊടുത്ത ദിവ്യ വചനങ്ങൾ ഉച്ചരിച്ചാണ് പ്രിയ സഹോദരൻ വിടവാങ്ങിയത്.
ജീവിതത്തിന്റെ ബാല്യയുവത്വങ്ങൾ പൂർണമായും ദൈവിക മാർഗത്തിൽ സമർപ്പിക്കാൻ ഭാഗ്യം ലഭിച്ച അദ്ദേഹത്തിന്റെ ഹ്രസ്വ ജീവിതം തന്റെ കൂട്ടുകാർക്കെല്ലാം പ്രചോദനമായിരുന്നു. സൗമ്യ ഭാവം, സമയ നിഷ്ഠ, ഏറ്റെടുത്ത പ്രവർത്തനങ്ങളിലെ പൂർണത ഇവയൊക്കെയും അദ്ദേഹത്തിന്റെ അടയാളപ്പെടുത്തലുകളാണ്.
സജീവ പ്രസ്ഥാന കുടുംബത്തിലെ അംഗമാണ്. പിതാവ് മുഹമ്മദ് അലി. മാതാവ്: പി. റസിയ.
സഹോദരങ്ങൾ: ശബീർ അലി, ശംസാദ് അലി.
കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ
Comments