Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 14

3298

1444 റമദാൻ 23

നമസ്കാരത്തിലെ ഖുർആൻ പാരായണം

ഡോ. മുഹമ്മദ് പാണ്ടിക്കാട്

عَنْ أَبِي هُرَيْرَة  قال: قال رسول الله صلى الله عليه وسلم:   أَيُحِبُّ أحَدُكُمْ إذا رَجَعَ إلى أهْلِهِ أنْ يَجِدَ فِيهِ ثَلاثَ خَلِفاتٍ عِظَامٍ سِمَانٍ؟ قُلْنا: نَعَمْ، قالَ: فَثَلاثُ آياتٍ يَقْرَأُ بِهِنَّ أحَدُكُمْ فِي صَلاتِهِ، خَيْرٌ له مِن ثَلاثِ خَلِفاتٍ عِظَامٍ سِمَانٍ (مسلم).

 

അബൂ ഹുറയ്റ(റ)യിൽ നിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) ചോദിച്ചു: "നിങ്ങളിലാരെങ്കിലും വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ അവിടെ മൂന്ന് ഗർഭിണികളായ ഒട്ടകങ്ങളെ കാണുന്നത് ഇഷ്ടപ്പെടുന്നുണ്ടോ?" ഞങ്ങൾ പറഞ്ഞു: "അതെ."  നബി(സ) പറഞ്ഞു: "നിങ്ങളിലൊരാൾ നമസ്കാരത്തിൽ പാരായണം ചെയ്യുന്ന മൂന്ന് ആയത്തുകൾ  തടിച്ച് കൊഴുത്ത ഗർഭിണികളായ മൂന്ന് ഒട്ടകത്തെക്കാൾ നിങ്ങൾക്കുത്തമമാണ്'' (മുസ്്ലിം).

 

ഹദീസിലെ പ്രധാന പാഠങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:
- നമസ്കാരത്തിലെ ഖുർആൻ പാരായണത്തിന് അത്യധികം പ്രാധാന്യമുണ്ട്.
- ഭൗതിക ലോകത്തെ എത്ര വിലപ്പെട്ട ധനവും പാരത്രിക പ്രതിഫലത്തെ അപേക്ഷിച്ച് നിസ്സാരമാണ്.
-കാര്യങ്ങളെ പരസ്പരം താരതമ്യം ചെയ്ത് പുണ്യങ്ങൾക്ക് പ്രചോദനം നൽകുന്ന ശൈലി പ്രബോധനത്തിൽ സ്വീകരിക്കാം.
- ഉപമകളിലൂടെയും ചിത്രീകരണങ്ങളിലൂടെയും ആശയങ്ങൾ കൂടുതൽ ആകർഷകമായി അവതരിപ്പിക്കുന്ന രീതി നബി (സ) സ്വീകരിക്കാറുണ്ടായിരുന്നു.
നമസ്കാരത്തിലുള്ള ഖുർആൻ പാരായണം ഏറെ പുണ്യമുള്ളതാണ്. നമസ്കാരത്തിന് പുറത്തുള്ള പാരായണത്തെക്കാൾ അതിന് പ്രതിഫലമുണ്ട്.
വിശുദ്ധ ഖുർആൻ നമസ്കാരത്തിന് തന്നെ ഖുർആൻ എന്ന് വിളിച്ചതായി കാണാം:
أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمْسِ إِلَىٰ غَسَقِ ٱلَّيْلِ وَقُرْءَانَ ٱلْفَجْرِ ۖ إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًۭا
(സൂര്യന്‍ തെറ്റുന്നതു മുതല്‍ രാവ് ഇരുളും വരെ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; ഖുര്‍ആന്‍ പാരായണം ചെയ്തുള്ള പ്രഭാത നമസ്‌കാരവും. തീര്‍ച്ചയായും പ്രഭാത പ്രാര്‍ഥനയിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാണ് - 17: 78).
ഇമാം നവവി (റ) പറഞ്ഞു: ''നമസ്കാരത്തിൽ ഖുർആൻ പാരായണം ദീർഘിപ്പിക്കുന്നതാണ് സുജൂദും റുകൂഉം മറ്റുള്ളവയും ദീർഘിപ്പിക്കുന്നതിനെക്കാൾ ഉത്തമം. റക്അത്തുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെക്കാളും അത് തന്നെയാണ് കൂടുതൽ പ്രതിഫലാർഹം" (അൽ മജ്മൂഅ്).
രാത്രി തഹജ്ജുദ് നമസ്കാരം  ദീർഘിപ്പിക്കുന്നതിന് പ്രവാചകജീവിതത്തിൽ ധാരാളം മാതൃകകൾ കാണാം. ഹുദൈഫ (റ) പറയുന്നു: "ഒരിക്കൽ ഞാൻ നബി(സ)യുടെ കൂടെ നമസ്കരിച്ചു. നബി (സ) അൽ ബഖറ തുടങ്ങി. നൂറാവുമ്പോൾ റുകൂഅ് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചു. വീണ്ടും തുടർന്നു. ഞാൻ സ്വയം പറഞ്ഞു: 'അൽ ബഖറ മുഴുവനാക്കിയാൽ ആദ്യ റക്അത്ത് അവസാനിപ്പിക്കുമായിരിക്കും.' പക്ഷേ, പാരായണം വീണ്ടും തുടർന്നു. അധ്യായം ആലു ഇംറാൻ മുഴുവനാക്കി. പിന്നെ അന്നിസാഅ്. എല്ലാം സാവകാശമാണ് പാരായണം ചെയ്തിരുന്നത്. തസ്ബീഹുള്ള വാക്യമോതിയാൽ തസ്ബീഹ് ചൊല്ലും. ചോദിക്കേണ്ടിടത്ത് ചോദിക്കും. അഭയം വേണ്ടിടത്ത് അഭയം തേടും. പിന്നെ റുകൂഅ് ചെയ്തു.  َسُبْحَانَ رَبِّيَ العَظِيم ചൊല്ലാൻ തുടങ്ങി. നിർത്തം പോലെത്തന്നെയായിരുന്നു റുകൂഉം. പിന്നെ ُسَمِعَ اللهُ لِمَنْ حَمِدَه ചൊല്ലി. റുകൂഇന്റെ അത്ര തന്നെ ദീർഘ നേരം ഇവിടെയും നിന്നു. പിന്നെ സുജൂദ് ചെയ്തു. سُبْحِانَ رَبِّي الأَعْلَى  ചൊല്ലി. ഇഅ്തിദാലിന്റെ അത്രതന്നെ സുജൂദും നിർവഹിച്ചു" (മുസ്്ലിം).
ഇപ്രകാരം ധാരാളം ദീർഘിപ്പിച്ചാണ് നബി (സ) രാത്രി നമസ്കാരം നിർവഹിച്ചിരുന്നത്. അബ്ദുല്ലാഹിബ്്നു മസ്ഊദ് (റ) പറയുന്നു: "ഞാൻ നബി (സ) യുടെ കൂടെ ഒരു രാത്രി  നമസ്കരിച്ചു. എനിക്ക് തെറ്റായ തോന്നലുണ്ടാവുന്നത് വരെ പ്രവാചകൻ  പാരായണം ചെയ്തുകൊണ്ടേയിരുന്നു."
കൂട്ടുകാർ ചോദിച്ചു: "എന്തായിരുന്നു താങ്കൾ അന്നേരം വിചാരിച്ചത് ? "
അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ റസൂലിനെ അവിടെ നിർത്തി ഇരുന്നാലോ എന്ന്" (ബുഖാരി, മുസ്്ലിം).
അതേസമയം, ജമാഅത്ത് നമസ്കാരത്തിന് ഇമാമാവുന്നവർ  ദീർഘമായി പാരായണം ചെയ്യുന്നത് നബി (സ) പ്രോൽസാഹിപ്പിച്ചിരുന്നില്ല. ഒരു ഹദീസിൽ ഇപ്രകാരം കാണാം: "നിങ്ങൾ ജനങ്ങളുടെ ഇമാമാണെങ്കിൽ നമസ്്കാരം ലഘുവാക്കുക. കാരണം, അവരിൽ ദുർബലനും രോഗിയും വാർധക്യത്തിലെത്തിയവരും ഉണ്ടായേക്കാം. എന്നാൽ, നിങ്ങൾ ഒറ്റക്ക് നമസ്കരിക്കുകയാണെങ്കിൽ ഇഷ്ടമുള്ളത്ര ദീർഘിപ്പിക്കുക"(ബുഖാരി, മുസ്്ലിം).
ഇമാമായിരിക്കെ അൽ ബഖറ പാരായണം ചെയ്ത മുആദി(റ)നോട് റസൂൽ (സ) أَفَتَّانٌ أنْتَ؟  (താങ്കൾ കുഴപ്പക്കാരനാവുകയാണോ?) എന്ന് ചോദിച്ച സംഭവം ഇമാം ബുഖാരിയും മറ്റും നിവേദനം ചെയ്യുന്നുണ്ട്.
 റമദാനിലെ തറാവീഹ് നമസ്കാരത്തിൽ നിർണിത അധ്യായങ്ങൾ ആവർത്തിക്കുന്നതിനെക്കാൾ പുണ്യം റമദാൻ പൂർണമാവുന്നതോടെ ഖുർആൻ മുഴുവനും പാരായണം ചെയ്യലാണെന്നാണ് ശാഫിഈ മദ്ഹബിന്റെ വീക്ഷണം.
മുസ്വ്്ഹഫിലുള്ള  അധ്യായങ്ങളുടെ ക്രമം പാലിക്കണം.
ഓരോ ദിനവും ഒരു  ജുസുവെങ്കിലും ഓതണം.
(ഇആനതുത്ത്വാലിബീൻ അലാ ഹല്ലി അൽഫാളി ഫത്ഹിൽ മുഈൻ)
ഇമാം നമസ്കാരം ലഘുവാക്കണം എന്ന റസൂലി(സ)ന്റെ കൽപന തീരെ ചെറുതാക്കണം എന്ന അർഥത്തിലല്ല. മഅ്മൂമുകൾക്ക് കൂടുതൽ പ്രയാസമുണ്ടാക്കുന്ന രീതിയിൽ ദീർഘിപ്പിക്കരുത് എന്നാണതിന്റെ ഉദ്ദേശ്യം.
ഫർദ് നമസ്കാരങ്ങളിൽ പാരായണം ചെയ്യാനായി  നബി (സ) നിർദേശിച്ച സൂറത്തുകൾ പാരായണം ചെയ്യാം. മുഫസ്സൽ അധ്യായങ്ങളാണ് നബി (സ) നിർബന്ധ നമസ്കാരങ്ങളിൽ പാരായണം ചെയ്തിരുന്നത്. അൽ ഹുജുറാത്ത് മുതൽ അന്നാസ് വരെയുള്ള അധ്യായങ്ങളെയാണ് അൽ മുഫസ്സൽ (ദൈർഘ്യം കുറഞ്ഞ വാക്യങ്ങളുള്ളവ) എന്ന് പറയുന്നത്.
നബി(സ) ഫജ്റിലും ളുഹ്റിലും അധികവും തിവാലുൽ മുഫസ്സൽ ആയ സൂറത്തുകളിലൊന്നാണ് ഓതിയിരുന്നത്. അഥവാ, അൽ ഹുജുറാത്ത്   മുതൽ അബസ വരെയുള്ള അധ്യായങ്ങൾ. അസ്വ്്റിലും മഗ്്രിബിലും ഖിസാറുൽ മുഫസ്സൽ അധ്യായങ്ങളായിരുന്നു. അദ്ദുഹാ മുതൽ അന്നാസ്  വരെയുള്ളതാണ് ഖിസാറുൽ മുഫസ്സൽ.
ഇശാഇൽ വസത്വുൽ മുഫസ്സലിൽപ്പെട്ട ഏതെങ്കിലും അധ്യായങ്ങളും.  അബസ മുതൽ അദ്ദുഹാ വരെയുള്ളതാണ് വസത്വുൽ മുഫസ്സൽ.
    തിരുദൂതർ എപ്രകാരമാണ് നമസ്കാരം ലഘുവാക്കിയതെന്ന് ഇമാം നസാഇയും മറ്റും നിവേദനം ചെയ്ത അബ്ദുല്ലാഹിബ്്നു ഉമറി(റ)ന്റെ ഹദീസിലുണ്ട്.
അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ റസൂൽ (സ) ഞങ്ങളോട് നമസ്കാരം ലഘുവാക്കാൻ കൽപിക്കും. തുടർന്ന് അധ്യായം അസ്സ്വാഫ്ഫാത്ത് പാരായണം ചെയ്ത് ഞങ്ങൾക്ക് ഇമാമായി നമസ്കരിക്കും. ഇതായിരുന്നു നബി (സ) ഉദ്ദേശിച്ച ലഘൂകരണം'' (സാദുൽ മആദ്  1/213-214).
   നബി(സ)യുടെ  നിർബന്ധ നമസ്കാരങ്ങളിലെ ഖുർആൻ പാരായണത്തെക്കുറിച്ച് ശൈഖ് അൽബാനി എഴുതി:
"നബി (സ) ഫാതിഹക്ക് ശേഷം മറ്റുള്ള സൂറത്തുകൾ പാരായണം ചെയ്തിരുന്നു. ചിലപ്പോൾ നീട്ടിയോതും. ചിലപ്പോൾ ചെറുതാക്കും. യാത്രയോ ചുമയോ രോഗമോ കുട്ടികളുടെ കരച്ചിലോ തടസ്സമുണ്ടാക്കുമ്പോഴാണ് പാരായണം ലഘൂകരിച്ചിരുന്നത്" (സ്വിഫതു സ്വലാതിന്നബി). l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 17-21
ടി.കെ ഉബൈദ്‌

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്