Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 14

3298

1444 റമദാൻ 23

റമദാനിലെ പള്ളികൾ

ജമാൽ ഇരിങ്ങൽ

നമ്മുടെ നാട്ടിലെ എല്ലാ പള്ളികളും റമദാനിൽ ഏറെ സജീവമാണ്. പുതിയ പെയിന്റടിച്ചും അറ്റകുറ്റപ്പണികൾ നടത്തിയും അലങ്കാര ബൾബുകൾ അണിഞ്ഞുമൊക്കെ പുണ്യമാസത്തെ വരവേൽക്കാൻ പള്ളികൾ നേരത്തെ തന്നെ ഒരുങ്ങിക്കഴിഞ്ഞു. പല പള്ളികളിലും പഴയ കാർപെറ്റുകൾ മാറ്റി പുതിയ കാർപെറ്റുകൾ വിരിക്കുന്നതും റമദാനോടനുബന്ധിച്ചാണ്. പണ്ട് കാലത്താണെങ്കിൽ ഹൗളുകൾ വൃത്തിയാക്കി തേച്ചു കഴുകുന്നതും പള്ളിക്കുളങ്ങൾ വറ്റിച്ച് വൃത്തിയാക്കുന്നതുമൊക്കെ നോമ്പിന് മുന്നോടിയായിട്ടായിരിക്കും. 'നനച്ചൂളി'  വീടുകളിൽ മാത്രമല്ല പള്ളികളിലും ഉണ്ടായിരുന്നു.
റമദാനിലെ രാത്രികളെ സജീവമാക്കുന്ന  ആരാധനയാണ് തറാവീഹ് നമസ്‌കാരം. കുട്ടികളും സ്‌ത്രീകളുമുൾപ്പെടെ ആബാലവൃദ്ധം ജനങ്ങൾ പള്ളികളിലേക്ക് ഈ പ്രാർഥനകളിൽ പങ്കു ചേരാൻ എത്തിച്ചേരുന്ന കാഴ്ച ഏറെ നയനാനന്ദകരമാണ്. മിക്ക പള്ളികളിലും റമദാനിൽ തറാവീഹ് നമസ്‌കാരത്തിന് മാത്രമായി നേതൃത്വം നൽകാൻ ഇമ്പമാർന്ന ശൈലിയിൽ ഖുർആൻ പാരായണം ചെയ്യുന്ന ഹാഫിളുകളെയും ഖാരിഉകളെയും നിയമിക്കും. ശ്രുതിമധുരമായി ഖുർആൻ പാരായണം ചെയ്യുന്ന ഇമാമുകളുള്ള പള്ളി നോക്കി അവിടങ്ങളിലേക്ക് നമസ്‌കരിക്കാൻ പോകുന്ന പതിവുണ്ട് ഇപ്പോൾ നാട്ടിലെങ്ങും. ചില പള്ളികളിൽ  അവസാനത്തെ പത്ത് ആയാൽ തറാവീഹ് നമസ്‌കാരത്തിന് പുറമെ പാതിരാത്രി വേറെ രാത്രിനമസ്കാരങ്ങളും ഉണ്ടാവും.
പണ്ടൊക്കെ റമദാനിൽ പള്ളിയിലെ നോമ്പുതുറയിൽ ഒരു കാരക്കയോ ഈത്തപ്പഴമോ മാത്രമായിരുന്നു വെള്ളത്തിന്റെ കൂടെ കിട്ടാറുണ്ടായിരുന്നത്. ഇന്ന് ആ അവസ്ഥയൊക്കെ മാറി. സുഭിക്ഷമായ നോമ്പുതുറകളാണ് ഓരോ പള്ളിയിലും ഒരുക്കുന്നത്. പലയിടത്തും പള്ളികളിലെ നോമ്പുതുറക്ക് വേണ്ടി പ്രത്യേകം കമ്മിറ്റികളുണ്ടാക്കാറുണ്ട്.
യാത്രക്കാർക്കും അതിഥിതൊഴിലാളികൾക്കുമൊക്കെ ഏറെ ആശ്വാസവുമാണ് ഈ നോമ്പുതുറകൾ. നാട്ടിൻപുറങ്ങളിൽ വരെ ഇന്ന് നിരവധി അതിഥിതൊഴിലാളികളാണല്ലോ കേരളത്തിലെവിടെയും.
തെക്കൻ ജില്ലകളിലെ ചില പള്ളികളിൽ നോമ്പുതുറക്ക് കഞ്ഞിയാണ് ഉണ്ടാവുക. വിവിധ രുചിഭേദങ്ങളാൽ സമ്പന്നമായ ഈ കഞ്ഞിപ്പകർച്ചകൾ തെക്കൻ ജില്ലകളിലെ മുസ്‌ലിം പാരമ്പര്യത്തിന്റെ പ്രൗഢി കൂടി വിളിച്ചറിയിക്കുന്നുണ്ട്. അപൂർവമായി മലബാറിലെ ചില പള്ളികളിലും നോമ്പുതുറയോടു കൂടി കഞ്ഞി വിതരണം ചെയ്യാറുണ്ട്.
പള്ളികളിലെ നോമ്പുതുറകൾ ഓരോ ദിവസം ഓരോ വ്യക്തികൾ ഏറ്റെടുക്കുകയോ അല്ലെങ്കിൽ നാട്ടിലെ ക്ലബ്ബുകളും കൂട്ടായ്മകളും ഏറ്റെടുക്കുകയോ ചെയ്യുന്ന പതിവുകളും ഉണ്ട്. ചിലയിടത്തൊക്കെ ചില വ്യക്തികൾ തന്നെ റമദാൻ മാസം മുഴുവൻ നോമ്പുതുറയുടെ ചെലവുകൾ ഏറ്റെടുക്കുന്നുമുണ്ട്.
പള്ളിയില്‍ ഇഅ്തികാഫ് (ഭജനമിരിക്കല്‍)എല്ലാ കാലത്തും സുന്നത്താണെങ്കിലും (ഐച്ഛിക കർമം) റമദാനിന്റെ അവസാനത്തെ പത്തില്‍ അതിന് കൂടുതൽ പ്രതിഫലം ലഭിക്കുമെന്ന് നബിചര്യയിൽനിന്ന് വ്യക്തമാവുന്നുണ്ട്. ജുമുഅ നമസ്‌കാരം നടക്കുന്ന പള്ളികളിലാണ് സാധാരണയായി വിശ്വാസികൾ ഭജനമിരിക്കാറുള്ളത്. നോമ്പുകാരന് നഷ്ടപ്പെട്ടുപോയേക്കാവുന്ന ഹൃദയസാന്നിധ്യം, മനഃശാന്തി, മനോവീര്യം, ദേഹിയെയും ദേഹത്തെയും പൂർണമായി ദൈവത്തിനു സമർപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ ഈ ആരാധനയിലൂടെ വിശ്വാസികൾക്ക് നേടിയെടുക്കാൻ സാധിക്കും. മാത്രമല്ല, സൽക്കർമങ്ങൾക്ക് ആയിരം മാസത്തെക്കാൾ പുണ്യം ലഭിക്കുന്ന 'ലൈലത്തുൽ ഖദ്റും' അവസാനത്തെ പത്ത് ദിവസങ്ങളിലാണ് സംഭവിക്കുക എന്നാണ് പ്രമാണങ്ങൾ പറയുന്നത്. ഈ പുണ്യം കരസ്ഥമാക്കുക എന്ന ലക്ഷ്യവും ഈ ആരാധനയുടെ പിറകിലുണ്ട്.  ഈ ദിവസങ്ങളിൽ പൂർണമായി പള്ളിയിൽ കഴിച്ചുകൂട്ടുന്നവരും രാത്രി മാത്രം കഴിച്ചുകൂട്ടുന്നവരും ഉണ്ട്. ഈ ദിവസങ്ങളിൽ പള്ളിയിൽ തങ്ങുന്നവർക്ക് ഭക്ഷണമുൾപ്പെടെയുള്ള എല്ലാ സൗകര്യവും അവിടങ്ങളിൽ ലഭ്യവുമാണ്. നോമ്പ് പിടിക്കാനുള്ള അത്താഴവും ഉറങ്ങാനുള്ള സൗകര്യവുമൊക്കെ ഇതിലുൾപ്പെടും. കൂടാതെ രാത്രികളെ കൂടുതൽ ഭക്തിനിർഭരമാക്കാൻ ആവശ്യമായ പഠനക്ലാസുകളും ഉദ്ബോധനങ്ങളും ഉണ്ടായിരിക്കും.
റമദാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ  അറിവുത്സവങ്ങളുടെ വേദികൾ കൂടിയായി മാറുന്നു പള്ളികൾ. ഒരു നാടിന്റെയും ജനതയുടെയും  ഭാഗധേയം നിർണയിക്കുന്നതിൽ അതിപ്രധാന പങ്കുവഹിക്കുന്നവയാണ്  പ്രഭാഷണങ്ങളും ക്ലാസ്സുകളും. പണ്ടൊക്കെ റമദാനിലെ പ്രഭാഷണങ്ങൾ പൊതുവിൽ 'ഉറുദി' എന്നാണ് അറിയപ്പെട്ടിരുന്നത്.  വിവിധ ദേശങ്ങളിൽനിന്ന് വരുന്ന കുഞ്ഞു പ്രഭാഷകർ അറിവിന്റെ വാതിലുകൾ സാധാരണക്കാരന് മുന്നിൽ തുറന്നിടുന്ന ഉറുദികൾ  ഒരു സാംസ്‌കാരിക പൈതൃകം കൂടിയായിരുന്നു. കേരളത്തിലെ  പ്രഗത്ഭരായ പല പ്രഭാഷകരും ഈ മേഖലയിലേക്ക് കടന്നുവന്നത് ഉറുദികളിലൂടെയാണ്.  ളുഹ്ർ, അസ്വ്്ർ, തറാവീഹ് നമസ്‌കാരങ്ങൾക്ക് ശേഷമാണ് സാധാരണയായി റമദാനിലെ ഉറുദികൾ ഉണ്ടാവുക.
ഇന്ന് ഉറുദിക്കാരുടെ വരവ് കുറയുന്നുണ്ടെങ്കിലും പള്ളികൾ  കേന്ദ്രീകരിച്ച് നടക്കുന്ന  വിജ്ഞാന സദസ്സുകളുടെ എണ്ണവും വണ്ണവും കൂടിവരികയാണ്. ഗഹനമായ ആധുനിക വിഷയങ്ങൾ മുതൽ കർമശാസ്ത്രം, തജ്‌വീദ്, ഹദീസ് പഠനം, ആരോഗ്യ ക്ലാസ്സുകൾ എന്നിവയും നടന്നുവരുന്നു. സാധാരണയായി ഇത്തരം പരിപാടികൾ ളുഹ്ർ, തറാവീഹ് നമസ്‌കാരങ്ങൾക്ക് ശേഷമാണ് കൂടുതലായും നടന്നുവരുന്നത്. ഞായറാഴ്ചകളിൽ പത്ത് മണിക്കും പഠനക്ലാസ്സുകൾ നടക്കും. പ്രഗത്ഭരായ പണ്ഡിതന്മാർ തന്നെയാണ്  ഈ പരിപാടികൾക്ക്  നേതൃത്വം നൽകുക. സാധാരണക്കാർക്ക് ഇസ്‌ലാമിനെ കുറിച്ച സംശയങ്ങൾ നീക്കാനും പല വിഷയങ്ങളും പഠിക്കാനും ഇതിലൂടെ സാധിക്കുന്നു.
ഖുർആൻ, ഹദീസ്, ചരിത്രം തുടങ്ങിയവയെ അധികരിച്ചു വിവിധ മത്സര പരീക്ഷകളും റമദാനോടനുബന്ധിച്ച് പള്ളികൾ കേന്ദ്രീകരിച്ചു നടത്തിവരാറുണ്ട്.
വിവിധ സഹോദര മതവിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗഹൃദ സംഗമങ്ങളും കേരളത്തിലെ പള്ളികളിൽ നടന്നുവരുന്നുണ്ട്, റമദാനിലും പെരുന്നാളുകളിലും. പള്ളികളിലെ സമൂഹ ഇഫ്്്ത്വാർ സംഗമങ്ങൾ മാനവിക ഐക്യത്തെയും മതാനുയായികൾ തമ്മിലുള്ള സാഹോദര്യത്തെയും ഊട്ടിയുറപ്പിക്കുമെന്നതിൽ സംശയമില്ല. വെറുപ്പ് ഉൽപാദിപ്പിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന വർത്തമാന സാഹചര്യത്തിൽ പള്ളികളിൽ നടക്കുന്ന ഈ പൊതു സംഗമങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. എല്ലാവർക്കും പറയാനുള്ളത് പറയാനും പരസ്പരം അറിയാനും അടുക്കാനുമൊക്കെ ഈ വേദികൾ കാരണമായിത്തീരുന്നു. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 17-21
ടി.കെ ഉബൈദ്‌

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്