Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 14

3298

1444 റമദാൻ 23

അവസാനത്തെ പത്ത് നാളുകൾ പ്രവാചകന് ഏറെ പ്രിയപ്പെട്ടതായിരുന്നു

ഡോ. ബിനോജ് നായർ

പടച്ചവന്റെ റെയ്ഞ്ചിലേക്ക് മടങ്ങാനുള്ള പുണ്യമാസം-2

 

ജീവിതത്തിൽ ഏറെ പ്രതിസന്ധി ഘട്ടങ്ങളെ നേരിടേണ്ടി വന്ന റസൂലുല്ലാഹ്‌ (സ) ശാരീരികവും മാനസികവുമായ തന്റെ എല്ലാ പീഡകൾക്കും പരിഹാരമാർഗമായി അവലംബിച്ചത് സ്രഷ്ടാവായ ദൈവത്തിന്റെ അപാരമായ സ്നേഹകാരുണ്യങ്ങളെയായിരുന്നു.  പിറന്ന മണ്ണ് വിട്ട് പലായനം ചെയ്യേണ്ടി വന്നതിന്റെ വേദന, തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ വേർപാട്, താൻ കാരുണ്യത്തോടെ ഇടപെട്ടവരിൽനിന്ന് അകാരണമായി ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങൾ തുടങ്ങിയ സർവ വേദനകൾക്കും നബി തിരുമേനി (സ) ആശ്വാസം കണ്ടെത്തിയത് അല്ലാഹുവിന്റെ ദിക്ർ ഒന്നിൽ മാത്രമാണ്.  ഇബാദത്തിന്റെ കാര്യത്തിൽ മുടക്കം വരുത്താതെ തന്നെ, പകൽ സമയത്ത്‌ ആളുകളുമായി സംവദിക്കാനും ഭരണകൃത്യങ്ങൾ നിർവഹിക്കാനും ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ ഇടപെടാനുമെല്ലാം സമയം കണ്ടെത്തിയിരുന്ന പ്രവാചകൻ രാത്രി  തഹജ്ജുദ് നമസ്കാരങ്ങളിൽ വ്യാപൃതനാവുമായിരുന്നു.
അല്ലാഹുവിനോടുള്ള കടപ്പാട് അഞ്ചു നേരം പോലും കൃത്യ സമയത്ത്‌ നിവർത്തിക്കാനാവാതെ കഷ്ടപ്പെടുന്ന മുസ്്ലിംകൾ ആരാധനാ ക്രമങ്ങൾ നിശ്ചയിക്കുന്നതിൽ പ്രവാചകൻ തങ്ങളോട് പുലർത്തിയ പരിഗണനയും ശ്രദ്ധയും പ്രത്യേകമായി സ്മരിക്കേണ്ടതുണ്ട്. പാലിക്കാൻ പ്രയാസമാം വിധം പ്രാർഥനകളുടെ സമയം ക്രമീകരിക്കുന്നത് വിശ്വാസികളുടെ ദൈനംദിന ജീവിത ബാധ്യതകൾക്ക് തടസ്സമാകും എന്ന് മറ്റാരെക്കാളും നന്നായി അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതിനാൽ തന്നെ റമദാൻ മാസത്തിൽ പള്ളിയിൽ തറാവീഹ് നമസ്കാരം തുടങ്ങി വെച്ച നബി തിരുമേനി (സ) ക്രമേണ അതിൽനിന്ന് പിന്മാറിയതായി ഹദീസ് ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ ദിവസം രണ്ടോ മൂന്നോ പേരുമായി തുടങ്ങിയ പ്രാർഥന രണ്ടാം രാത്രിയിൽ കൂടുതൽ ആളുകളെ ആകർഷിച്ചു. മൂന്നാം രാത്രി പള്ളി നിറഞ്ഞു കണ്ട റസൂൽ (സ), രാത്രി വൈകിയുള്ള പ്രാർഥന ക്രമേണ ഫർദായി മാറുമെന്ന ഭയത്താൽ ആ പതിവ് അവസാനിപ്പിക്കുകയായിരുന്നു. കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വത്തിൽനിന്നുള്ള ഒളിച്ചോട്ടമല്ല, മറിച്ച് അവ നിർവഹിച്ചുകൊണ്ടുള്ള ഇബാദത്താണ് ഇസ്്ലാം പ്രോത്സാഹിപ്പിക്കുന്നത് എന്നതിന് ഇതിലും നല്ല തെളിവ് വേറെന്ത് വേണം!
എന്നാൽ, ഇന്ന് എത്ര മുസ്്ലിംകൾ ഫർദായ നമസ്കാരങ്ങളെങ്കിലും കൃത്യമായി ചെയ്യുന്നുണ്ട്? വീട്ടിലെ പണികളും ജോലിത്തിരക്കും ഷോപ്പിംഗും ഉല്ലാസയാത്രകളുമൊക്കെ കഴിഞ്ഞു മുടക്കമില്ലാതെ പ്രാർഥനക്ക് സമയം കണ്ടെത്താൻ മിക്കവർക്കും സാധിക്കാറില്ല. ജുമുഅ നമസ്കാരവും ഖുത്വ്്ബയുമെല്ലാം പള്ളിയിൽ മുറപോലെ നടക്കുമെങ്കിലും ജോലിത്തിരക്കിനും മറ്റ് 'അത്യാവശ്യങ്ങൾക്കും' ഇടയിൽ പള്ളിയിൽ പോകാൻ സമയം കണ്ടെത്താറുള്ളവർ എത്രയുണ്ട്! റമദാനിൽ മാത്രം ഏറയൊക്കെ നിർബന്ധബുദ്ധിയോടെ അല്ലാഹുവിന് മുന്നിൽ നടത്തുന്ന ആത്മസമർപ്പണം പക്ഷേ ശവ്വാലിലേക്ക് കടന്നാൽ പഴയ പടിയാവും.
റമദാനിലെ അവസാന പത്തു നാളുകൾ റസൂലി(സ)ന് ഏറെ പ്രിയപ്പെട്ടവയായിരുന്നു. മറ്റാരെക്കാളേറെ തന്റെ സകലതിനും ഉടമയായ നാഥനുമായുള്ള പാരസ്പര്യവും വിധേയത്വവുമാണ് ആ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ മനസ്സിനെ കൂടുതൽ ഭരിച്ചിരുന്നത്. തന്റെ ഹൃദയത്തെ അല്ലാഹുവിനോട് എത്രയേറെ അടുപ്പിക്കാനാവുമോ അത്രയും ചേർത്തുവെക്കാൻ പ്രവാചകൻ ആ നാളുകളിൽ നിഷ്‌ഠ പുലർത്തി. പടച്ചവനോടുള്ള ഇബാദത്തും ദിക്റുമായി റസൂലുല്ലാഹി (സ) കഴിച്ചുകൂട്ടിയിരുന്ന ആ നാളുകൾ അദ്ദേഹത്തിന്റെ പുതിയ കാലത്തെ അനുയായികൾ എങ്ങനെ ചെലവഴിക്കുന്നു എന്നറിയാൻ വീടിനടുത്തുള്ള ഷോപ്പിംഗ് മാളുകളിൽ ഏതെങ്കിലുമൊന്നിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മതിയാകും. പെരുന്നാളിനുള്ള ആർഭാടങ്ങൾക്ക് പൊലിമയേകാനായി, 'വമ്പിച്ച വിലക്കുറവ്' എന്നെഴുതി പ്രദർശിപ്പിച്ചിട്ടുള്ള ബോർഡുകൾക്ക് പിറകെ അലഞ്ഞുതിരിയുന്ന 'ദീനി'കളെ നിങ്ങൾക്ക് അവിടെ കാണാം. 
റമദാനും ആഹാരവും തമ്മിലുള്ള ബന്ധം പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ. പുണ്യമാസത്തിന്റെ വരവോടെ തന്നെ മിക്ക മുസ്്ലിം ഭവനങ്ങളിലും പാചകോത്സവങ്ങളും ഭക്ഷണമേളകളും അതിഥിസൽക്കാരവും  വന്നു നിറയുകയായി. റമദാൻ എന്ന് കേൾക്കുമ്പോഴേ ശരാശരി മുസ്്ലിമിന്റെയും അമുസ്്ലിമിന്റെയും മനസ്സിലേക്ക് വരുന്ന ചിത്രം നിറഞ്ഞു കവിയുന്ന ഭക്ഷണം നിരത്തിവെച്ചിട്ടുള്ള ഇഫ്്ത്വാർ വിരുന്നുകൾ തന്നെ. ഭക്ഷണവും പാനീയവും വർജിക്കുക എന്ന തത്ത്വത്തിൽ ഊന്നിയിട്ടുള്ള റമദാൻ മാസം അതേ ഭക്ഷണത്തിന്റെ പേരിലുള്ള ആഘോഷമായി മാറുന്നത് വിരോധാഭാസമോ അതോ വെറും ആഭാസമോ എന്ന് ചിന്തിക്കേണ്ടതാണ്. 
ത്യാഗമനോഭാവവും ആത്മനിയന്ത്രണവും വളർത്തിയെടുക്കേണ്ട അവസരമെന്ന നിലക്കാണ് ആഹാരവും വെള്ളവും ഒരു നിശ്ചിത സമയത്തേക്ക് ഒഴിവാക്കുക എന്ന കർമം ഇസ്്ലാമിന്റെ തന്നെ അഞ്ച് വിശ്വാസ സ്തംഭങ്ങളിൽ ഒന്നായി മാറിയത്. നോമ്പ് എന്ന പേരിൽ നാട്ടിൽ അറിയപ്പെടുന്ന ഈ ത്യാഗകർമം മുസ്്ലിംകൾക്ക് അവനവനിലേക്ക് മടങ്ങാനുള്ള ഒരവസരമാണ്. ബാക്കിയുള്ള പതിനൊന്ന് മാസവും ബാഹ്യമായ ആകർഷണങ്ങളുടെയും പ്രലോഭനങ്ങളുടെയും കെട്ടുപാടുകളിൽ കുടുങ്ങിക്കിടക്കുന്ന മുസ്്ലിംകൾക്ക് സ്രഷ്ടാവിനെ സാക്ഷിയാക്കിയുള്ള ആത്മപരിശോധനക്കും ആത്മശുദ്ധീകരണത്തിനുമുള്ള മാസമാണ് റമദാൻ എന്ന് പറയുന്നതിൽ തെറ്റില്ല.
പഴയ അറേബ്യയിലെ ആളുകൾ യുദ്ധത്തിന് കുതിരകളെ ഒരുക്കുന്നതിന്റെ ഭാഗമായി കൊടും ചൂടിൽ ഭക്ഷണവും വെള്ളവും വർജിക്കാൻ അവയെ പരിശീലിപ്പിക്കുന്ന പ്രക്രിയക്ക് സ്വൗമ്  എന്ന് പ്രയോഗിച്ചിരുന്നു.  ഒട്ടകങ്ങളെക്കാൾ വേഗമുള്ള കുതിരക്ക് ദീർഘനേരം കൊടും ചൂടിൽ കാര്യശേഷിയോടെ യുദ്ധത്തിൽ ഇടപെടാനാവില്ല എന്ന കുറവ് പരിഹരിക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം.  മനുഷ്യനെ അവന്റെ സഹജമായ ആസക്തികളിൽനിന്നും പ്രലോഭനങ്ങളിൽനിന്നും മോചിപ്പിച്ച് സൃഷ്ടിയുടെ നിയോഗമായ ജീവിതമൂല്യങ്ങളിലും ത്യാഗസന്നദ്ധതയിലും ശ്രദ്ധയുറപ്പിച്ച്, അവന്റെയുള്ളിലെ നിഷേധവിചാരങ്ങളോടും വികാരങ്ങളോടുമുള്ള ജിഹാദിന് തയാറാക്കുക എന്ന റമദാനിന്റെ കാതൽ വെളിവാക്കാൻ ഇതിനെക്കാൾ മികച്ച പ്രയോഗം മറ്റെന്താണുള്ളത്? അല്ലാഹുവിന്റെ യുദ്ധക്കുതിരകളായ ഓരോ വിശ്വാസിയിലും ലക്ഷ്യബോധമുണ്ടാക്കി കാര്യശേഷി വർധിപ്പിക്കാൻ അവൻ കണ്ടെത്തിയ മാർഗം എത്ര സമർഥം എന്ന് എങ്ങനെ അത്ഭുതം കൂറാതിരിക്കാനാവും. സുബ്ഹാനല്ലാഹ്!
നോമ്പിന്റെ സാത്വിക ഗുണങ്ങൾക്ക് പുറമെ ശാരീരികവും മാനസികവുമായി അത് മനുഷ്യരിൽ വരുത്തുന്ന ഗുണഫലങ്ങളും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളവയാണ്. സ്വീഡനിലെ ഉപ്‌സല സർവകലാശാലക്ക് കീഴിലുള്ള മെഡിക്കൽ സ്‍കൂളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, അമിതഭാരം ഒഴിവാക്കുന്നതിന് പുറമെ ക്യാൻസർ, ഇൻസുലിൻ നിരാകരണം വഴിയുണ്ടാകുന്ന പ്രമേഹം, ഹൃദയധമനികളെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയെയെല്ലാം പ്രതിരോധിക്കാൻ റമദാനിലെ നോമ്പ് അനുഷ്ഠിച്ചവർക്ക് സാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇതിനെക്കാളെല്ലാം മഹത്തരമാണ് ലോകം നേരിടുന്ന ഏറ്റവും ഭീകര പ്രശ്നമായ പട്ടിണി നിർമാർജനത്തിൽ നോമ്പ് കാലത്ത്‌ മുസ്്ലിംകൾ നൽകുന്ന പുണ്യ സകാത്തിനുള്ള പങ്ക്. ലോക ബാങ്കിന്റെ കണക്ക് പ്രകാരം റമദാൻ മാസത്തിൽ മാത്രം ലോകമെമ്പാടും ഓരോ വർഷവും സമാഹരിക്കപ്പെടുന്ന സകാത്ത്‌ ധനശേഖരണത്തിന്റെ വലുപ്പം 600 മില്യൻ ഡോളർ വരും. 2021-ലെ റമദാനിൽ മാത്രം തങ്ങൾക്ക് സഹായമെത്തിക്കാൻ സാധിച്ചത് 1.2 മില്യൻ പട്ടിണിപ്പാവങ്ങൾക്കാണെന്ന് ഐക്യരാഷ്ട്ര സഭയുടെ United Nations High Commissioner for Refugees പ്രസ്താവിച്ചിട്ടുണ്ട്. പതിമൂന്ന് രാഷ്ട്രങ്ങളിൽ എല്ലാം നഷ്‌ടമായ 6,87,000 കുടുംബങ്ങൾക്ക് ഏതാണ്ട് 23.6 മില്യൻ ഡോളർ സഹായമാണ് ഇവർക്ക് എത്തിക്കാനായത്. ഇത് കൂടാതെ മുസ്്ലിംകൾ വർഷം മുഴുവൻ നൽകുന്ന സ്വദഖ ധനശേഖരണത്തിലൂടെ കിട്ടുന്ന ഏകദേശം 11.7 മില്യൻ ഡോളർ വഴി ആശ്വാസം നേടുന്ന ആറ് ലക്ഷത്തോളം കുടുംബങ്ങളുടെ കണക്ക് വേറെയും. 
നോമ്പ് കാലം മറ്റു പല കാര്യങ്ങളിലും എന്നപോലെ ഭക്ഷണകാര്യത്തിലും റസൂലുല്ലാഹി(സ)ക്ക് സമർപ്പണത്തിന്റെയും പരിത്യാഗത്തിന്റെയുമായിരുന്നു എന്ന് ഹദീസുകളിൽനിന്ന് മനസ്സിലാക്കാം. മഗ്‌രിബിന് മുമ്പായി മൂന്ന് ഈത്തപ്പഴം ഭക്ഷിച്ചുകൊണ്ടാണ് അദ്ദേഹം നോമ്പ് തുറന്നിരുന്നത് എന്ന് അനസി(റ)ന്റെ വിവരണത്തിൽ കാണാം. ഈത്തപ്പഴം ഇല്ലെങ്കിൽ മൂന്ന് കവിൾ വെള്ളം കുടിച്ച ശേഷം മഗ്‌രിബിന് പള്ളിയിലേക്ക് പോവുകയായിരുന്നു പതിവത്രെ. നിസ്സാരവും എളുപ്പത്തിൽ ലഭിക്കുന്നതുമായ, ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയ ആഹാരമാണ് ഇഫ്‌ത്വാറിന് അദ്ദേഹം കഴിക്കാറുണ്ടായിരുന്നത്.
പ്രവാചകചര്യകൾ കഴിയാവുന്നത്ര പാലിക്കപ്പെടേണ്ട സുന്നത്തായി കരുതുന്നവരാണല്ലോ  മുസ്്ലിം സമൂഹം. ഇക്കാലത്തെ ചില മുസ്്ലിം ഭവനങ്ങളിലെയെങ്കിലും നോമ്പുതുറ മഹാമഹങ്ങൾ കണ്ടാൽ അവർ മറ്റേതോ പ്രവാചകന്റെ അനുയായികളാണെന്ന് കരുതിപ്പോവും. അനാവശ്യമായ സൽക്കാരങ്ങളും ആർഭാടപൂർണമായ ഭക്ഷണവിപ്ലവങ്ങളുമെല്ലാം മിക്കവരും നടത്തുന്നത് ഒഴിഞ്ഞവയറുമായി ഒരു നേരത്തെ അന്നത്തിനായി കണ്ണീരൊഴുക്കുന്ന, ഖുർആനിൽ 'മിസ്കീൻ' എന്ന് വിശേഷിപ്പിച്ചിട്ടുള്ള പട്ടിണിപ്പാവങ്ങൾക്കു വേണ്ടിയല്ല എന്നതാണ്, അല്ലാഹുവിന്റെ കണ്ണുകളിൽ അത്തരം പ്രഹസനങ്ങളെ കുറ്റകരമാക്കുന്നത്. ഇത്തിരി ഭക്ഷണമോ ഒരു തുള്ളി വെള്ളമോ പാഴാക്കരുതെന്നും പാത്രത്തിലെ അവസാന വറ്റിനും ഒഴിഞ്ഞ ഒരു വയറിന്റെ വിശപ്പ് മാറ്റാനുള്ള ശക്തിയുണ്ടെന്നും നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയിൽനിന്ന് പഠിച്ച ഉദാത്ത സമുദായം ഇന്ന് വിശപ്പില്ലാത്തവരെ ഭക്ഷണം കൊണ്ട് തൃപ്തിപ്പെടുത്താൻ പെടുന്ന പാട് കാണുമ്പോൾ റമദാനിന് ഭക്ഷണമേളയെന്നും തീറ്റമത്സരമെന്നുമൊക്കെ അർഥമുണ്ടോ എന്ന് മറ്റു സമുദായങ്ങൾ ചിന്തിച്ചു പോയാൽ അവരെ പഴിക്കാനാവില്ല. നിരന്തരം ഇസ്്ലാമിനെ വക്രീകരിക്കാനും പൈശാചികമായി ചിത്രീകരിക്കാനും തക്കം പാർത്തിരിക്കുന്നവർക്ക് അതിനുള്ള സുവർണാവസരം ഒരുക്കിക്കൊടുക്കാൻ മാത്രമേ മുസ്്ലിംകളുടെ ഈവിധം നിരുത്തരവാദപരമായ പെരുമാറ്റം ഉപകരിക്കൂ. 
ശീതീകരിച്ച മുറിയിൽനിന്ന് വിലകൂടിയ വാഹനത്തിലേക്കും അവിടെനിന്ന് സമൃദ്ധിയുടെ ഭക്ഷണശാലകളിലേക്കും പിന്നീട് പരവതാനി വിരിച്ച ഷോപ്പിംഗ് മാളുകളിലേക്കും നീളുന്ന പുണ്യമാസത്തിന്റെ ആഘോഷങ്ങൾ ഇന്നത്തെ 'മാതൃകാ ഖൗമി'നെ അടുപ്പിക്കുന്നത് അല്ലാഹുവിന്റെ റഹ്്മത്തിലേക്കല്ല, മറിച്ച് ഇബ്്ലീസിന്റെ ളുലുമാത്തിലേക്കാവും.
മനസ്സാകുന്ന കുതിരയെ സ്വയം ശുദ്ധീകരിച്ച്  ഭൗതിക പ്രലോഭനങ്ങളുമായുള്ള വിശുദ്ധ യുദ്ധത്തിന് തയാറാക്കുന്ന സ്വൗമ് എന്ന സ്വന്തത്തോടുള്ള  ജിഹാദിന് ഓരോ മുസൽമാനും ഒരുങ്ങേണ്ട മാസമാണ് റമദാൻ. അടുത്ത റമദാൻ വരെ നീളുന്ന ആത്മശുദ്ധിയുടെ നീണ്ട പോരാട്ടത്തിനായി പായാൻ വെമ്പുന്ന യാഗാശ്വത്തിന് തഖ്‌വയുടെ കടിഞ്ഞാണിടാൻ പരിശ്രമത്തിനൊപ്പം പുണ്യമാസത്തിലെ ഇഖ്‌ലാസ്വോടെയുള്ള ഇബാദത്തിന് വലിയ സ്ഥാനമുണ്ട്. എന്നാൽ, പതിനൊന്ന് മാസത്തെ കഠിനമായ യാത്രയ്‌ക്കൊരുങ്ങേണ്ട റമദാനിൽ മാത്രം ആരാധനയും പരിശ്രമവും ഒതുങ്ങിപ്പോവുന്ന ദുഃഖകരമായ കാഴ്ചയാണ് പൊതുവെ ഇപ്പോൾ ചുറ്റും കാണാനാവുന്നത്.
റമദാനിൽ മാത്രം നിറയുന്ന മസ്ജിദുകളും കോരിച്ചൊരിയുന്ന ദാനധർമങ്ങളും വഴിഞ്ഞൊഴുകുന്ന അന്നദാനവുമെല്ലാം ശവ്വാലിന്റെ വരവോടെ സുഖമുള്ള ഓർമകൾ മാത്രമായി മാറുന്നു. അതായത്, ഒരു മാസത്തെ പ്രയത്നത്താൽ യുദ്ധത്തിനൊരുക്കിയ കുതിരയെ അടുത്ത മാസത്തിൽ പഴയ പടി അലഞ്ഞുതിരിയാൻ വിടുന്ന കൊടിയ അപരാധമല്ലേ മഹാഭൂരിപക്ഷം മുഅ്മിനുകളും അവനവനോട് തന്നെ ചെയ്യുന്നത്? മാത്രമോ, തന്റെ സൃഷ്ടിപ്പുകളുടെ പൂർണ സമർപ്പണത്തിന്റെ ചൈതന്യം വർഷമാകെ ആവശ്യപ്പെടുന്ന അല്ലാഹുവിന് അത് നിരസിക്കുക കൂടിയാണല്ലോ തങ്ങൾ ചെയ്യുന്നത് എന്നത് ഓരോ മുസൽമാന്റെയും ഈമാനിനെയാണ് പ്രതിക്കൂട്ടിലാക്കുന്നത്. l
(അവസാനിച്ചു)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 17-21
ടി.കെ ഉബൈദ്‌

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്