Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 14

3298

1444 റമദാൻ 23

ആത്മവിചാരണയുടെ മുൻഗണനകൾ

ഹാമിദ് മഞ്ചേരി

ആത്മവിചാരണ, സ്വന്തത്തെ പ്രതിസ്ഥാനത്ത് നിർത്തി വിശ്വാസി ഉന്നയിക്കുന്ന മുനകൂർത്ത ചോദ്യങ്ങളാണ്. സ്വന്തത്തെ വിചാരണ നടത്തുകയും മരണാനന്തര ജീവിതത്തിനു വേണ്ടി കർമങ്ങളെ കാത്തുവെക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാൻ എന്ന് റസൂൽ (സ) പഠിപ്പിക്കുന്നുണ്ട്. ആത്മ വിചാരണയിലെ ആദ്യ പരിഗണനകളേതാണ്? ഇമാം ഇബ്്നുൽ ഖയ്യിം (റ) അതിനെക്കുറിച്ച് പറയുന്നുണ്ട്. 'ഫറാഇദുകളെ' പ്രതിയാണ് ആദ്യ പരിശോധന നടത്തേണ്ടത്. നമ്മുടെ ജീവിതത്തിൽ അല്ലാഹു കൽപിച്ച ചില നിർബന്ധങ്ങളുണ്ടല്ലോ, അവയിലെ ന്യൂനതകളെ നികത്തിയും പോരായ്മകളെ പരിഹരിച്ചും മുന്നോട്ട് പോവാനാണ് ഇമാം ഉപദേശിക്കുന്നത്. മനഃസാന്നിധ്യമില്ലാത്ത കേവല അംഗചലനങ്ങളായി നമസ്കാരങ്ങളും, ഈമാനും ഇഹ്തിസാബുമില്ലാത്ത നോമ്പുകളുമാണോ നമ്മുടേതെന്ന് സ്വയം വിചാരണ നടത്തുക.
രണ്ടാമത്തേത് വിലക്കുകളാണ്; അരുതെന്ന് അല്ലാഹു ഉണർത്തിയ കാര്യങ്ങൾ. ഇസ്തിഗ്ഫാറുകൊണ്ടും തൗബ കൊണ്ടും ഉരച്ച് കഴുകിക്കളയേണ്ട എത്ര കർമങ്ങളുണ്ട് നമ്മുടെ ജീവിതത്തിൽ? നാളെ അല്ലാഹുവിന്റെ സവിധത്തിൽ നമ്മുടെ സുകൃതങ്ങളെല്ലാം വികൃതമാവുന്നതിനെക്കുറിച്ചൊന്ന് സങ്കൽപിച്ചു നോക്കൂ! "ഇഹലോക ജീവിതത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളൊക്കെ പിഴച്ചു പോയവരാണവര്‍. അതോടൊപ്പം തങ്ങള്‍ ചെയ്യുന്നതെല്ലാം നല്ലതാണെന്ന് കരുതുന്നവരും" എന്നിങ്ങനെ അല്ലാഹു ഒരു കൂട്ടരെക്കുറിച്ച് പറയുന്നുണ്ടല്ലോ; ആരാണവർ? "തങ്ങളുടെ നാഥന്റെ വചനങ്ങളെയും അവനുമായി കണ്ടുമുട്ടുമെന്നതിനെയും കള്ളമാക്കി തള്ളിയവരാണവര്‍. അതിനാല്‍, അവരുടെ പ്രവര്‍ത്തനങ്ങള്‍ പാഴായിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നാം അവയ്ക്ക് ഒട്ടും പരിഗണന കല്‍പിക്കുകയില്ല." അല്ലാഹുവിന്റെ തുലാസിൽ കനമൊട്ടുമില്ലാതെയുള്ള കർമ ബാഹുല്യം കൊണ്ടെന്തു കാര്യം! അവസാന നാളിൽ 'തിഹാമ' പർവതത്തോളം വലുപ്പമുള്ള കർമങ്ങളുമായി കടന്നുവരുന്നൊരു കൂട്ടരുണ്ട്, നബി(സ)യുടെ അനുചരരെപ്പോലെ രാത്രി നമസ്കാരം പോലും നിർവഹിച്ചിരുന്നവർ. പക്ഷേ, അവരുടെ കർമങ്ങളെല്ലാം അല്ലാഹു തവിടുപൊടിയാക്കുമത്രെ! അത്തരക്കാരുടെ വിശേഷണങ്ങൾ റസൂൽ (സ) പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: "സ്വകാര്യതയിൽ അല്ലാഹുവിന്റെ വിലക്കുകളെ മറികടക്കുന്നവരാണവർ." സൽക്കർമങ്ങളിലൂടെയും കൂടി പരിഹരിക്കേണ്ടതാണ് ആവർത്തിച്ചു വന്നുപോയ സ്്ഖലിതങ്ങൾ. "നിങ്ങൾ തിന്മയെ തുടർന്ന് നന്മ ചെയ്യുക, അത് ആ തിന്മയെ മായ്്ചുകളയും" എന്ന്  റസൂൽ (സ) പഠിപ്പിക്കുന്നുണ്ടല്ലോ. ചെറുതും വലുതുമായ, രഹസ്യവും പരസ്യവുമായ, അറിഞ്ഞും അറിയാതെയും ചെയ്ത പാപങ്ങളെയൊക്കെ ഓരോന്നായെടുത്ത് അല്ലാഹുവോട് ഏറ്റു പറയണം. ചെയ്ത തെറ്റുകളെയോർത്ത് കരഞ്ഞ് കലങ്ങിയ കണ്ണുകളെ അല്ലാഹുവിന്റെ നരകമെങ്ങനെ സ്പർശിക്കാനാണ്!
മൂന്നാമതായി ഇമാം ഇബ്്നുൽ ഖയ്യിം പറയുന്നത് അശ്രദ്ധ (ഗഫ്‌ലത്ത്) യെക്കുറിച്ചാണ്. "ജനങ്ങളിൽ അധിക പേരും നമ്മുടെ ആയാത്തുകളെക്കുറിച്ച് അശ്രദ്ധരാണ്" എന്ന് അല്ലാഹു പറയുന്നുണ്ടല്ലോ. മറ്റൊരിടത്ത്, "ജനത്തിന് വിചാരണാ സമയം അടുത്തെത്തിയിരിക്കുന്നു. അവരോ അശ്രദ്ധയാൽ പുറം തിരിഞ്ഞിരിക്കുകയാണ്" എന്നാണ് അല്ലാഹു പറയുന്നത്. ദിക്റാണ് (അല്ലാഹുവിനെക്കുറിച്ച സ്മരണ) അശ്രദ്ധ ഇല്ലാതാക്കാനുള്ള പ്രഥമ പടി. അല്ലാഹു പറയുന്നു: "നീ നിന്റെ നാഥനെ രാവിലെയും വൈകുന്നേരവും മനസ്സില്‍ സ്മരിക്കുക. അത് വിനയത്തോടെയും ഭയത്തോടെയുമാവണം, വാക്കുകള്‍ ഉറക്കെയാവാതെയും. നീ അതില്‍ അശ്രദ്ധ കാണിക്കുന്നവനാകരുത്." ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് മൗലാനാ മൗദൂദി എഴുതുന്നു: "നിങ്ങള്‍ അശ്രദ്ധരെപ്പോലെ വര്‍ത്തിക്കരുതെന്ന് ഓര്‍മിപ്പിക്കുകയാണിവിടെ ചെയ്യുന്നത്. ലോകത്ത് എന്തെല്ലാം തിന്മകള്‍ വ്യാപിച്ചിട്ടുണ്ടെങ്കിലും, മനുഷ്യന്റെ കര്‍മധര്‍മങ്ങളില്‍ എന്തൊക്കെ വൈകല്യം സംഭവിച്ചിട്ടുണ്ടെങ്കിലും അതിന്റെയെല്ലാം മൂലകാരണം മനുഷ്യന്‍ ചില യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കുന്നതാണ്. അവന്‍ ദൈവത്തിന്റെ സൃഷ്ടിയും അടിമയുമാണ്, അല്ലാഹുവാണ് അവന്റെ ഒരേയൊരു യജമാനന്‍, മനുഷ്യനെ ഭൂമുഖത്ത് അയച്ചത് പരീക്ഷണാര്‍ഥമാണ്, ഐഹിക ജീവിതം അവസാനിച്ചുകഴിഞ്ഞാല്‍ അവന്‍ ദൈവത്തിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടതുണ്ട്--ഇവയാണ് യാഥാര്‍ഥ്യങ്ങള്‍. സ്വയം നേര്‍മാര്‍ഗത്തില്‍ നിലകൊള്ളാനും ലോകത്തെ അതിലേക്ക് നയിക്കാനും തീരുമാനിച്ചിട്ടുള്ള ഏവരും ഈ യാഥാര്‍ഥ്യം വിസ്മരിച്ചുപോകാതിരിക്കാന്‍ സദാ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ടാണ് നമസ്‌കാരത്തെയും 'ദിക്‌റി'നെയും നിരന്തരമായ ദൈവധ്യാനത്തെയും കുറിച്ച് തുടരെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നത്."
"അല്ലാഹുവിന് നൽകേണ്ടുന്ന ഗൗരവം നിങ്ങൾ നൽകുന്നില്ലേ?" ഖുർആൻ ചോദിക്കുന്നു. ആദരവേറ്റം അർഹിക്കുന്നവൻ അവനാണെന്നാണ് ഖുർആൻ തുടരെ ഉണർത്തിക്കൊണ്ടിരിക്കുന്നത്. ഇപ്രകാരം ഓർമകളിൽ അല്ലാഹുവിന്റെ സാന്നിധ്യം കുറയുന്നുണ്ടോ എന്നത് ആത്മവിചാരണയിലെ പ്രധാന വിഷയമാവുകയാണ്.
പിന്നീട് നാവ് സംസാരിച്ചതിനെക്കുറിച്ചും, കാലുകൾ നടന്നതിനെക്കുറിച്ചും, കാതുകൾ കേട്ടതിനെക്കുറിച്ചുമൊക്കെ ആത്മവിചാരണ നടത്തണം. എന്തിന് ചെയ്തു എന്നതും, എങ്ങനെ ചെയ്തു എന്നതും പര്യാലോചിക്കണം. ഇതിൽ ഒന്നാമത്തേത് ആത്മാർഥതയെക്കുറിച്ച ചോദ്യമാണെങ്കിൽ രണ്ടാമത്തേത് അതിന്റെ തുടർ നടപടിയെക്കുറിച്ച ചോദ്യമാണ്... എന്നിങ്ങനെയെല്ലാം ഇമാം കൂട്ടിച്ചേർക്കുന്നുണ്ട്. "അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിനെയെല്ലാം നാം വിചാരണ ചെയ്യും " എന്ന് അല്ലാഹു പറയുമ്പോൾ, അവന്റെ വിചാരണക്ക് മുമ്പ് ആത്മവിചാരണ ചെയ്ത് നമുക്ക് ഒരുങ്ങിയിരിക്കാം. ഇന്നലെകളെക്കാൾ ഇന്നിനെയും, ഇന്നിനെക്കാൾ നാളെകളെയും മനോഹരമാക്കാം. അല്ലാഹുവിന്റെ അളവറ്റ കാരുണ്യത്തിന് പാത്രമാവാൻ പ്രാർഥിക്കാം. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 44 അദ്ദുഖാൻ സൂക്തം 17-21
ടി.കെ ഉബൈദ്‌

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്

ഹദീസ്‌

നമസ്കാരത്തിലെ ഖുർആൻ പാരായണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്