പോരാട്ടങ്ങളുടെ കാവ്യങ്ങളിൽ വിലാപങ്ങൾ തിരയരുത്
കരീം യൂനുസ്... യുവത്വത്തിന്റെ എല്ലാ ചടുലതയും പോരാട്ടവീര്യവുമുള്ള ഫലസ്്ത്വീൻ യുവാവ്. ഇന്നിപ്പോൾ അയാൾ വാർധക്യവുമായി കരാറിലായിരിക്കുന്നു. ഇസ്രായേൽ ജയിലഴികൾക്കുള്ളിലെ നാല് പതിറ്റാണ്ട് നീളുന്ന പീഡാനുഭവങ്ങൾക്കുപോലും, സ്വന്തം നാടിന്റെ രക്തം മണക്കാത്ത ഒരു പുലരിയുടെ ഉദയത്തിനു വേണ്ടി അയാൾ കാണുന്ന കിനാവുകളെ പരിക്കേൽപിക്കാനോ വിഛേദിച്ചുകളയാനോ ആയില്ല. ഹൃദയത്തിൽ വേരാഴ്ത്തിയ ഒലീവ് ചില്ലകൾക്ക് അയാളുടെ അതേ പ്രായം! അതേ ഇളംപച്ച! അതേ പോരാട്ടാഭിമുഖ്യം!
പാഠശാലയിൽ നിന്നാണ് കരീം യൂനുസിനെ ഇസ്രായേൽ സൈന്യം പിടികൂടുന്നത്, 1983 ൽ. പ്രായം ഇരുപത്തിയാറാണ്ടിന്റെ തീക്ഷ്ണത. ഗൊലാൻ കുന്നുകളിൽ വെച്ച് ഒരു ഇസ്രായേലി ഭടനെ പോരാട്ടത്തിലൂടെ വധിച്ചു എന്ന കുറ്റമാരോപിച്ചായിരുന്നു അറസ്റ്റ്. ജയിൽ മോചിതനാകുമ്പോൾ, അദ്ദേഹത്തെ ഇന്നേവരെ ഒരു നോക്ക് കണ്ടിട്ടില്ലാത്ത ഒരു നാടിന്റെ ബാല്യകൗമാരങ്ങളുടെ നിര തന്നെയുണ്ടായിരുന്നു കരഘോഷം മുഴക്കി വരവേൽക്കാൻ. 'അഹ്്ലൻ വ സഹ് ലൻ.' സൈപ്രസും പൈൻമരങ്ങളും അത്തിച്ചില്ലകളും അതുതന്നെയല്ലേ ആവർത്തിച്ചിട്ടുണ്ടാവുക, അഹ്്ലൻ വ സഹ്്ലൻ!
അയാളുടെ മുഖത്ത് കണ്ണീർചാലൊഴുകിയ ഒരു കല പോലുമില്ല. അല്ലേലും, പോരാട്ടങ്ങളുടെ കാവ്യങ്ങൾ വിരിയുന്ന ഒരു നാടിന്റെ ജനതതിയിൽ വിലാപങ്ങളുടെ കാവ്യം തിരയാൻ നിൽക്കരുത്. മഹ്്മൂദ് ദർവീശിന്റെയും ഫദ്്വ തൗഖാന്റെയും മുരീദ് അൽ ബർഗൂസിയുടെയും കവിതകളിൽ വിലാപങ്ങളെ തിരയാൻ നിന്നാൽ നാം കഷ്ടപ്പെട്ടുപോകും. തിരയുമ്പോൾ പോരാട്ടങ്ങളെ തിരയുക, ചോരയിൽ കിളിർക്കുന്ന ഒലീവുകളെ തിരയുക, വെടിപ്പുക മൂടിയ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും രക്തസാക്ഷ്യം കിനാവു കാണുന്നവരെ തിരയുക, മുദ്രാവാക്യം മുഴക്കുന്ന ഫലസ്്ത്വീൻ കുരുന്നുകളെ തിരയുക, അവരെ അണിയിച്ചൊരുക്കി യാത്രയാക്കുന്ന ഉമ്മമാരെ മാത്രം തിരയുക.
ഇപ്പോൾ, അറുപത്തിയാറ് പിന്നിട്ട കരീം യൂനുസ് ആറ് പിന്നിടാത്ത കൊച്ചുകുട്ടികളെപ്പോലെ തേങ്ങിക്കരയുന്നത് നമുക്ക് കാണാനാവുന്നുണ്ട്. അതു പക്ഷേ, ഉമ്മയുടെ ഓർമകളുടെ പിന്നാമ്പുറത്തിരുന്നാണെന്ന് മാത്രം. ആ ഖബ്റിനരികിലെത്തുമ്പോൾ ആർക്കാണ് കണ്ണുനീർ പൊഴിക്കാതിരിക്കാനാവുക. സജലങ്ങളായ മിഴികളെയും അധരം നനയുന്ന പ്രാർഥനാ വചസ്സുകളെയുമല്ലാതെ മറ്റെന്താണ് ഒരു ഉമ്മയുടെ ഖബ്ർ പ്രതീക്ഷിക്കുന്നുണ്ടാവുക. ആ കണ്ണുനീർ ആറടിയോളം ഊർന്നിറങ്ങിയിട്ടുണ്ടാവണം. അതിനു വേണ്ടിയാകണം അദ്ദേഹത്തെ അനുഗമിച്ചവർ ഒരു ആശ്വാസവചനം പോലും ഉരുവിടാതെ ആവോളം കരയാൻ അനുവദിച്ചിട്ടുണ്ടാവുക. നമ്മുടെ മൈലാഞ്ചിക്കമ്പ് പോലെ ഖബ്റിന് കൂട്ടുനിൽക്കുന്ന ഏതോ ഒരു ഫലസ്്ത്വീനിയൻ ചെടിക്കമ്പ് എല്ലാറ്റിനും സാക്ഷിയായി മൂകമായി ഇങ്ങനെ നിന്നിട്ടുണ്ടാവുക!
1948-ലെ നക്ബ കാലഘട്ടത്തിൽ സയണിസ്റ്റ് അധിനിവേശം നടന്ന പടിഞ്ഞാറൻ ഫലസ്്ത്വീനിലെ വാദി ആറയാണ് കരീം യൂനുസിന്റെ ജന്മദേശം. ജനുവരി അഞ്ചിന് അദ്ദേഹം ജയിൽമോചിതനാകുമ്പോൾ ലോകത്തെ ഏറ്റവും ദീർഘമേറിയ ജയിൽവാസമനുഭവിച്ച വ്യക്തി എന്ന നിലയിൽ അദ്ദേഹം ലോകമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. പക്ഷേ, ഫലസ്്ത്വീനികളെ സംബന്ധിച്ചേടത്തോളം അദ്ദേഹം പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും അനുകരണീയ മാതൃകയായിരുന്നു.
'മീൻ
മുക്കുവന്റെ വലയിലും
കൂടെ കൊണ്ടുപോകും
കടൽമണം'
ഫലസ്്ത്വീനിയൻ കവി മുരീദ് അൽ ബർഗൂസിയുടെ വരികൾ പോലെ, കരീം യൂനുസ് എന്ന പോരാളി സയണിസ്റ്റ് തടവറയിലും ചേർത്തുപിടിച്ചിട്ടുണ്ടാകും, ഫലസ്്ത്വീൻ മണം. l
Comments