ചിന്തോദ്ദീപകമായ പ്രബന്ധങ്ങള്‍
ഇരുനൂറിലേറെ പേജുകളില്‍ പതിനെട്ട് അധ്യായങ്ങളുണ്ട് ഹൈദറലി ശാന്തപുരം എഴുതിയ സന്മാര്‍ഗ രേഖകള്‍ എന്ന കൃതിയില്‍. എല്ലാം പഠനാര്‍ഹം.
തഫ്ഹീമുല്‍ ഖുര്‍ആനെന്ന തഫ്‌സീറിന്റെ ചരിത്രം, അതിന്റെ പ്രാസ്ഥാനിക സ്വഭാവം, മറ്റു സവിശേഷതകള്‍ എന്നിവ മൂന്ന് അധ്യായങ്ങളില്‍ വിവരിച്ചിരിക്കുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ വീണ്ടും വീണ്ടും വായിക്കേണ്ടതുണ്ടെന്ന ഉള്‍പ്രേരണ ഉണ്ടാക്കുന്നതാണ് ഈ മൂന്ന് അധ്യായങ്ങളും.
പ്രശ്്നസങ്കീര്‍ണതകളിലും പ്രതിസന്ധി ഘട്ടങ്ങളിലും വിശുദ്ധ ഖുര്‍ആനിന്റെ തണലില്‍ അഭയം കണ്ടെത്താനുള്ള ഉള്‍പ്രേരണ പ്രദാനം ചെയ്യുന്നതാണ് ശഹീദ് സയ്യിദ് ഖുത്വ്്ബിന്റെ ഫീ ളിലാലില്‍ ഖുര്‍ആനെ പറ്റിയുള്ള ഉപന്യാസം.
അന്ത്യനാളിന്റെ ചെറിയ അടയാളങ്ങള്‍ എന്നതാണ് മറ്റൊരു അധ്യായം. പതിനാല് ശതകത്തിലേറക്കാലം മുമ്പ് വഹ്്യിന്റെ ഉള്‍ക്കാഴ്ചയോടെ അന്ത്യപ്രവാചകന്‍ നടത്തിയ ദീര്‍ഘദര്‍ശനങ്ങള്‍ വായിക്കുമ്പോള്‍ ലഭിക്കുന്ന ഉള്‍ക്കാഴ്ചയും തിരിച്ചറിവും വല്ലാത്ത അനുഭവമാണ്. ഇരുപത്തൊമ്പത് ചെറിയ അടയാളങ്ങള്‍ അത്രയും ഉപശീര്‍ഷകങ്ങളിലായി ചിന്തോദ്ദീപകമായ ശൈലിയില്‍ വിവരിച്ചിട്ടുണ്ട്. നാല്‍പത്തിയൊന്ന് നബിവചനങ്ങള്‍ വായനക്കാരന്റെ ചിന്തക്കും മനനത്തിനുമായി ഉദ്ധരിച്ചിട്ടുമുണ്ട്.
ഖുര്‍ആനിലെ കുടുംബസങ്കല്‍പം എന്ന അധ്യായം പെട്ടെന്ന് വായിച്ചു തള്ളേണ്ട ഒന്നല്ല. അമ്പതോളം ഖുര്‍ആന്‍ സൂക്തങ്ങളാണ് ഇവ്വിഷയകമായി ഉദ്ധരിച്ചിട്ടുള്ളത്.
ഹജ്ജ് സംബന്ധമായ മൂന്ന് അധ്യായങ്ങളും, 'വ്രതം ഖുര്‍ആനില്‍' എന്ന അധ്യായവും ഏതൊരു സത്യവിശ്വാസിക്കും തന്റെ അനുഷ്ഠാനത്തിന്റെ തികവും മികവും വര്‍ധിപ്പിക്കാനുതകും.
കരയുന്ന പ്രവാചകന്‍ എന്ന അധ്യായം നബിയില്‍ അമാനുഷികത ആരോപിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. നബി എന്ന പച്ചമനുഷ്യന്റെ വിചാര-വികാരങ്ങളെയും പ്രതികരണങ്ങളെയും നാം തിരിച്ചറിയുന്നു. മനുഷ്യര്‍ക്കാണല്ലോ നബി മാതൃകയാവുന്നത്.
ശൂറ (കൂടിയാലോചന)യെ പറ്റിയുള്ള രണ്ടു വീക്ഷണങ്ങളെ വിശകലനം ചെയ്യുന്ന ഉപന്യാസം ഇസ്്‌ലാമിക കൂട്ടായ്മയിലും സംഘടനയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉപകാരപ്പെടും.
ചുരുക്കത്തില്‍, സാധാരണക്കാര്‍ക്കും പണ്ഡിതന്മാര്‍ക്കുമെല്ലാം ഉപകരിക്കുന്ന നല്ലൊരു പുസ്തകമാണിത്. l
Comments