ചാതുർവർണ്യാഭാസത്തിന്റെ അളവും ആഴവും
അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് തിരശ്ശീല വീണു. വിധിനിർണയത്തിലെ അപാകതകൾ, അപ്പീലുകൾ തുടങ്ങിയ പതിവ് വിവാദങ്ങളല്ല, ഒരു ബ്രാഹ്മണനു ഗദ്‌ഗദകണ്ഠനായി കുശിനിപ്പടി ഇറങ്ങേണ്ടിവന്നു എന്നതാണ് ഇത്തവണത്തെ കലോത്സവത്തെ കാലുഷ്യോത്സവമാക്കിയത്. ഒരു ബ്രാഹ്മണനെ വേദനിപ്പിക്കണമെന്ന് വിചാരിക്കുന്നത് പോലും ‘ബ്രഹ്മഹത്യാപാപ’ത്തിനു ഹേതുവാകുമെന്നാണ് ശ്രുതികൾ പറയുന്നത്. ആയതിനാൽ കലശലായ 'ഭയം പിടികൂടി'യതിനാൽ ഇനി താൻ ഊട്ടുപുരയൊരുക്കാനില്ല എന്ന് പഴയിടം മോഹനൻ നമ്പൂതിരി വികാരാധീനനാകുമ്പോൾ 'സവർണ കേരളം' വേദനയാൽ വിഭ്രമപ്പെടുക സ്വാഭാവികമാണ്. പഴയിടത്തിന്റെ പടിയിറക്കം കശ്മീരി പണ്ഡിറ്റുകളുടെ കുടിയിറക്കവുമായിട്ടാണ് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി സമീകരിച്ചത് (സന്ദീപ് വാചസ്പതി - ഫേസ്ബുക്ക് പോസ്റ്റ്). "പഴയിടമല്ല പടിയിറങ്ങുന്നത് ഒരു സംസ്‌കാരമാണെന്നും, ഒരു രാജ്യത്തിന്റെ പൈതൃകം വളരെയെളുപ്പം തകർക്കാൻ കഴിയുന്നത് സംസ്‌കാരത്തെ തകർക്കുന്നതിലൂടെയാണെന്നും ആയതിനാൽ പഴയിടത്തോട് ഐക്യദാർഢ്യപ്പെട്ടു ഇനിമുതൽ താനൊരു 'ശുദ്ധ' സസ്യഭുക്കായിരിക്കുമെന്നും” രാമസിംഹൻ എന്ന എക്സ് അലി അക്ബറും കുറിച്ചു. 'കേരളാ താലിബാനിസത്തിന്റെ ഇരയാണ് പഴയിടം മോഹനൻ നമ്പൂതിരി' എന്ന് കുമ്മനവും ഫേസ്‌ബുക്കിൽ നിയന്ത്രണം വിട്ടു വികാരപ്പെട്ടു. ഇത്രമേൽ ‘ബ്രഹ്മഹത്യാപരമായ’ എന്തു ചെയ്തിയാണ് കലോത്സവത്തിൽ ഉണ്ടായത് എന്ന് പരിശോധിക്കുമ്പോഴാണ് മലയാളത്തിന്റെ മനഃസാക്ഷിയിൽ പതിഞ്ഞ ചാതുർവർണ്യാഭാസത്തിന്റെ അളവും ആഴവും ബോധ്യപ്പെടുക. ഇഷ്ടഭക്ഷണം കഴിച്ചതിന്റെ പേരിൽ ഒരു പ്രത്യേക സമുദായത്തിൽ പെട്ട മനുഷ്യർ തല്ല് കൊണ്ട് മരിച്ചിട്ടും ആർക്കും പേടി തോന്നാത്ത നാട്ടിലാണ് 'വെറും സാമ്പാറും തോരനും മതിയോ; ഇച്ചിരി ഇറച്ചിയും മീനും ആയിക്കൂടേ' എന്ന നിഷ്കളങ്ക ശങ്കയ്ക്ക് മുന്നിൽ നമ്പൂതിരി പേടിച്ചു പോയത്. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ ഭക്ഷ്യവിഷബാധയുടെ കാരണം മാംസ ഭക്ഷണമാണ് എന്ന് കൂടി പടിയിറങ്ങുമ്പോൾ പഴയിടം പറയുന്നുണ്ട്. കോഴിക്കോട് സ്‌കൂൾ കലോത്സവം തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് നാഗ്‌പൂരിലെത്തിയെ കേരളാ ടീം അംഗം നിദ ഫാത്തിമ എന്ന പത്തുവയസ്സുകാരി മരിച്ചത് 'പ്യൂർ' വെജിറ്റേറിയൻ ഭക്ഷ്യവിഷബാധയെ തുടർന്നായിരുന്നു. ആ ദയനീയ മരണത്തിന്റെ പേരിൽ, പക്ഷേ ഒരു സാംസ്കാരിക പട്ടേലരും മസാലദോശയുടെ നേരെ വെടിയുതിർത്തില്ല.
വർഷങ്ങളായി കുഞ്ഞുമക്കൾക്ക് 'ശുദ്ധ' വെജിറ്റേറിയൻ ഭക്ഷണം നല്കിക്കൊണ്ടിരുന്ന 'ശുദ്ധ' ബ്രാഹ്മണനെ ജാത്യാധിക്ഷേപം നടത്തി പടിയിറക്കുന്നു എന്ന മട്ടിൽ കുളം കലക്കി മീൻ പിടിക്കാനുള്ള പരിവാർ യജ്ഞങ്ങൾക്കിടയിൽ മർമപ്രധാനമായ ചില കാര്യങ്ങൾ കലങ്ങിപ്പോവുകയാണ് ചെയ്യുന്നത്. അടുക്കളയിൽ അവിചാരിതമായി അവതരിച്ച ഒരു 'സാധു' നമ്പൂതിരിയല്ല, 2005 മുതൽ കലോത്സവ അടുക്കളയിലെ സ്ഥിരസാന്നിധ്യമായ, 16 വര്‍ഷത്തെ പാചക കോണ്‍ട്രാക്റ്റ് നേടിയെടുത്ത പഴയിടം മോഹനൻ നമ്പൂതിരി. പഴയിടത്തിനു മുമ്പ് ഇരുപത് വർഷത്തോളം എം.എസ് കൃഷ്ണയ്യർ എന്ന അമ്പിസ്വാമി ആയിരുന്നു സ്‌കൂൾ കലോത്സവങ്ങളിൽ ഊണൊരുക്കിയിരുന്നത്. ബ്രാഹ്മണർ പാകം ചെയ്താലേ ഭക്ഷണം 'ശുദ്ധ'മാവുകയുള്ളൂ എന്ന നവോത്ഥാനപൂർവ ചിന്ത ഇന്നും നിലനിൽക്കുന്നതു കൊണ്ടാണ് സ്ഥിരമായി പട്ടർക്ക് തന്നെ ടെൻഡർ കിട്ടുന്നത്. ഭക്ഷണം താഴ്ന്ന ജാതിക്കാർ തൊട്ട് അശുദ്ധമാവാതിരിക്കാൻ വേണ്ടിയാണ് 'പാചക ബ്രാഹ്മണ്യം' തന്നെ ഉണ്ടായത്. വെജിറ്റേറിയൻ ഭക്ഷണം എന്നല്ല, 'പ്യൂർ വെജിറ്റേറിയൻ' എന്നാണ് ഭാഷയിലെ പ്രയോഗം തന്നെ. തീൻ മേശയിലെ ഈ പ്യൂരിറ്റാനിസത്തിന്റെ പേരാണ് സവർണ ജാതീയത.
കലഹം തുടങ്ങിവെച്ചത് ഇടത് - ലിബറൽ പു.ക.സകളും ഏറ്റുപിടിച്ചത് പരിവാർ നരസിംഹങ്ങളും ആണെങ്കിലും പതിവ് പോലെ വിഷയത്തിൽ ഒരു തലത്തിലും കക്ഷിയല്ലാതിരുന്ന ഒരു പ്രത്യേക സമുദായത്തിനെതിരെയാണ് നേരത്തെ സെറ്റ് ചെയ്തു വെച്ച 'ടൂഡൂ ലിസ്റ്റിന്റെ' അലാറം മുഴങ്ങിയത്. അതായത് വെജിറ്റേറിയൻ ശുദ്ധമാണ്; നോൺ- വെജ് അശുദ്ധവും. നോൺ-വെജിന്റെ പര്യായമാണ് 'ഹലാൽ' അഥവാ കുഴിമന്തി. ആയതിനാൽ ‘സമാജത്തിന്റെ വംശവിശുദ്ധി’ തകർക്കാൻ വേണ്ടി 'ജിഹാദി' ഭീകരർ ഒരുക്കുന്ന കുഴിമന്തികളിൽ നിന്ന് അവരെ രക്ഷിക്കാൻ 'ഹിന്ദു' ഉണരണം എന്നതാണ് ഉരുട്ടിയുണ്ടാക്കിയ നരേറ്റീവ് ('കലോത്സവങ്ങളില്‍ ഹലാൽ ഭക്ഷണം നൽകാൻ തീരുമാനിച്ചാല്‍ തടയും' -ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു – മാധ്യമം 9/1/2023). കലോത്സവ അടുക്കളയിൽ ഹിന്ദുത്വ സാമ്പാർ തിളച്ചുകൊണ്ടിരിക്കുമ്പോൾ എത്ര സമർഥമായാണ് അതിൽ വിഷം കലർത്തി ഒരു സമുദായത്തിന്റെ മൂക്കിൽ പഞ്ഞി വെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് എന്ന് സംഭവഗതികളുടെ നാൾവഴികൾ പരിശോധിച്ചാൽ മനസ്സിലാവും. നോൺവെജ് കഴിക്കുന്നവർക്കും അതിൽ താൽപര്യമില്ലാത്തവർക്കും കഴിക്കാവുന്നതാണ് വെജിറ്റേറിയൻ വിഭവങ്ങൾ എന്നും ഊട്ടുപുരയെ വിഭാഗീയതയുടെ ഇടം ആക്കരുതെന്നും പറഞ്ഞത് ലീഗ് നേതാവ് കെ.പി.എ മജീദാണ് (മീഡിയാ വൺ വെബ് ഡെസ്ക് 9-1-2023). അതേസമയം, സവർണ അടുപ്പിൽ വെറുപ്പിന്റെ വിറക് വെച്ച് മണ്ണെണ്ണയൊഴിക്കുകയും പിന്നെയത് ഊതിക്കത്തിക്കുകയും ചെയ്തത് അടുക്കളയുടെ 'ഇടത്തും' 'വലത്തും' നിന്ന കൈസഹായികളായിരുന്നു. "ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്മണൻ കേരളത്തിൽ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണ്" എന്ന് പറഞ്ഞുകൊണ്ട് പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ആണ് ആദ്യമായി തിളയ്ക്കുന്ന സാമ്പാറിലേക്ക് പുളിയും മുളകും ചേർക്കുന്നത്. "തുണിയലക്കുന്ന, നിലമുഴുന്ന, വിറകു വെട്ടുന്ന, കല്ലുടക്കുന്ന, ചെരിപ്പു കുത്തുന്ന നമ്പൂതിരിമാർ വന്നു നവോത്ഥാനം പൂത്തുലയട്ടെ" (അശോകൻ ചരുവിൽ - ഫേസ്ബുക്ക് പോസ്റ്റ്) എന്നായിരുന്നു പു.ക.സ വിളംബരം. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' വന്ന നമ്പൂതിരിയെ അടുക്കളയിലേക്ക് തന്നെ തിരിച്ചുനടത്തുന്ന നവനവോത്ഥാനം! അടുത്ത സ്‌കൂൾ കലോത്സവം മുതൽ നോൺ-വെജ് നൽകുന്ന കാര്യം ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയുടെ പ്രതികരണവും വന്നു. യഥാർഥത്തിൽ ഭക്ഷണത്തിലെ സസ്യ - മാംസ വേർതിരിവിൽ ഇസ്‌ലാം ഒരിക്കലും ഒരു കക്ഷിയല്ല. കഴിക്കുന്ന ഭക്ഷണം ഇറച്ചി ആയാലും പച്ചക്കറി ആയാലും ശുദ്ധവും അനുവദനീയവും (ഹലാലും ത്വയ്യിബും) ആവണമെന്ന് മാത്രമേ ഇസ്്ലാമിൽ നിബന്ധനയുള്ളൂ.
അടുക്കളയിൽ പഴയിടത്തിന്റെ 'സാത്വിക' കറിക്കൂട്ടുകൾ അരിഞ്ഞു തുടങ്ങുന്നതിന് മുമ്പ് മറ്റൊരു വശത്ത് കലോത്സവ വേദിയിൽ 'കഫിയ' ധരിച്ച സ്വാഗത ഗാനം 'സംഘി നൃത്ത'ത്തിന്റെ അകമ്പടിയോടെ ഭീകര ദൃശ്യം തീർക്കുന്നുണ്ടായിരുന്നു. ആ വിഷയം പക്ഷേ,അന്തിച്ചർച്ചാ അവതാരങ്ങളുടെയും 'പു.ക.സ ബുജി' കളുടെയും പരിഗണനയിൽ വല്ലാതെയൊന്നും വന്നില്ല. അതിനെതിരെ ചെറുതായൊന്നു പ്രതികരിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ 'ജമാഅത്തെ ഇസ്‌ലാമിയുടെ ഏജൻറ്' (മനോരമ ഓൺലൈൻ 10/1/2023) എന്നാണ് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ വിശേഷിപ്പിച്ചത്. കോഴിക്കോടിന്റെ മഹിതമായ പാരമ്പര്യം ഇഴചേർത്ത് മത സൗഹാർദവും മാനുഷികതയും ഊന്നിപ്പറയുന്ന സ്വാഗത ഗാനത്തോടൊപ്പം ഒരുക്കിയ ദൃശ്യാവിഷ്‍കാരത്തിലാണ് 'മുസ്‌ലിം ഭീകരൻ' കടന്നുവരുന്നത്. സർക്കാർ നിയന്ത്രണത്തിൽ നടക്കുന്ന വലിയ കലോത്സവത്തിൽ 'മുസ്‌ലിം ഭീകരൻ' കടന്നു വന്നു അതിനെ ഒരു 'കൊലോത്സവ'മാക്കുമ്പോഴും പഴയിടത്തിന്റെ ഊട്ടുപുരയ്ക്ക് ഇടത് - വലത് - ലിബറൽ പോരാളികൾ കാവലിരുന്നു! l
Comments